രാമായണ മാസത്തിന് മുമ്പ് ചില രാമ ചിന്തകൾ !, ഒപ്പം രാമായണത്തെ കുറിച്ചുള്ള ആരോപണങ്ങളും. അവയിലെ അടുത്ത ആരോപണത്തിനുള്ള മറുപടിയാണിത്.
ആരോപണം : ശ്രീരാമൻ വനവാസത്തിനു പോകുന്നതിന് മുന്നേയും അതിനു ശേഷവും മാംസാഹാരം കഴിച്ചിരുന്നു..
ഉത്തരം : ഈ ശ്ലോക ഭാഗം ഉദ്ദരിച്ചല്ലേ വനവാസകാലത്ത് ശ്രീരാമചന്ദ്രാദികൾ മാംസാഹാരം കഴിചിരുന്നു എന്ന് വാദിക്കുന്നത്?
തൗ തത്ര ഹത്വാ ചതുര: മഹാ മ്രിഗാൻ
വരാഹം റിഷ്യം പ്രിസതം മഹാ രുരും
ആദായ മേധ്യം ത്വരിതം ബുഭുക്സിതൗ
വാസായ കാലെ യയാതുർ വനപതിം:
ഇതിന്റെ ഇംഗ്ലീഷ് പരിഭാഷ ഇങ്ങനെ..
Having hunted there four deer, namely Varaaha, Rishya, Prisata; and Mahaaruru (the four principal species of deer) and taking quickly the portions that were pure, being hungry as they were, Rama and Lakshmana reached a tree to take rest in the evening.
ഇതിന് മറുപടി പറയുന്നതിന് മുന്നേ, ചില കാര്യങ്ങൾ കൂടി സൂചിപ്പിക്കാനുണ്ട്. അത് രാമായണത്തിലെ പ്രക്ഷിപ്ത ഭാഗത്തെ കുറിച്ചാണ്. പ്രക്ഷിപ്തം എന്നാൽ കൂട്ടിച്ചേർക്കലുകൾ.വാത്മീകി രാമായണത്തിൽ ഇപ്പോഴുള്ള ഉത്തരകാണ്ഡം പൂര്ണമായും പ്രക്ഷിപ്തം ആണെന്നും, മാത്രമല്ല വാത്മീകി എഴുതിയ രാമായണത്തിനുള്ളിൽ പോലും പല ഭാഗത്തും കൂട്ടി ചേർക്കലുകൾ നടന്നിട്ടുണ്ടെന്നുമാണ് പണ്ഡിതരുടെ അഭിപ്രായം. അങ്ങനെ കൂട്ടി ചേർക്കൽ നടന്നിട്ടുള്ള ഒരു ശ്ലോക ഭാഗമായിരിക്കണം മുകളിൽ കൊടുത്തിരിക്കുന്നത്.
എങ്ങനെയാണ് കൂട്ടി ചേർക്കൽ നടന്നതായി മനസിലാകുന്നത്?
ഒരു രചനയുടെ മൊത്തത്തിലുള്ള ഒഴുക്കിനെയോ, ഘടനയെയോ, ആശയത്തെയോ, കഥാപാത്രത്തിന്റെ സ്വഭാവത്തെയോ ഖണ്ഡിക്കുന്ന വിധത്തിലുള്ള ഭാഗം ഉണ്ടെങ്കിൽ അതിനെ പ്രക്ഷിപ്തമായി കണക്കാവുന്നതാണ്. അങ്ങനെയെങ്കിൽ ഈ ശ്ലോകം പ്രക്ഷിപ്തം ആണെന്ന് എങ്ങനെ തെളിയിക്കും എന്ന് ചോദിക്കുക ആണെങ്കിൽ ഉത്തരം ഇതാണ്.
രാമൻ വനവാസത്തിനായി പോകുന്നത്, അച്ഛൻ കൊടുത്ത വാക്ക് പാലിക്കുന്നതിനാണ്. രാജ ഭോഗമായുള്ളതെല്ലാം ഉപേക്ഷിച്ച് (ഭക്ഷണം, വസ്ത്രം, ദാസ ദാസിമാർ എന്നിവരുല്പ്പെടെ) , ഫല മൂലാദികളും കാട്ടു ചോലയിലെ ജലവും തേനുകളും (മധു) മാത്രം കഴിച്ചു പതിനാലു വര്ഷം വനവാസം ചെയ്യുമെന്ന്, പോകുന്നതിന് മുന്പ് രാമൻ വ്യക്തമാക്കുന്നുണ്ട്. അങ്ങനെ വാക്ക് കൊടുത്ത, വാക്കിന് വില കല്പ്പിക്കുന്ന ശ്രീരാമൻ ഒരിക്കലും വനവാസത്തിനിടക്ക്, അതും വനവാസം തുടങ്ങിയ സമയത്ത് തന്നെ മാംസം കഴിക്കില്ലെന്ന് നിശ്ചയം. കാരണം വനവാസത്തിനായി വനത്തിലേക്ക് കടക്കുന്ന സമയത്ത് വനവാസി രാജാവായ ഗുഹൻ കൊണ്ട് കൊടുത്ത രാജകീയ ഭക്ഷണം നിഷേധിച്ചു കൊണ്ട് ശ്രീരാമൻ ഒരിക്കൽ കൂടി തന്റെ പ്രതിജ്ഞയെ കുറിച്ച് പറയുന്നുമുണ്ട്.
വനവാസ സമയത്ത് വളരെ വ്യക്തമായി തന്നെ ശ്രീരാമൻ ഇങ്ങനെ പറയുന്നു.
അദ്യപ്രഭൃതി ഭൂമൗ തു ശയിഷ്യേ/ഹം തൃണേഷു വാ:
ഫലമൂലാശനോ നിത്യം ജടാചീരാണി നിത്യം.
ഇനി മുതൽ ഞാൻ എല്ലായ്പ്പൊഴും കായ്കനികൾ ഭുജിക്കുന്നവനായി, ജടകളും മരവുരിയും ധരിക്കുന്നവനായി ദർഭകളിലോ നിലത്തോ ശയിപ്പാൻ പോകുന്നു. (അയോദ്ധ്യാകാണ്ഡം സർഗ്ഗം 88 - ശ്ലോകം 26)
ശ്രീരാമൻ സീതയോടും വനത്തിലെ ജീവിതമെങ്ങനെയായിരിക്കുമെന്ന് സൂചിപ്പിക്കുന്നുണ്ട് . (ആരണ്യകാണ്ഡം സർഗ്ഗം 94 ശ്ലോകം 27)
ഇമം തു കാലം വനിതേ വിജഹ്രിവാം
സ്ത്വയാ ച സീതേ സഹ ലക്ഷ്മണേന ച:
രതിം പ്രപത്സ്യെ കുലധർമ്മവർദ്ധനീം
സതാം പഥി സ്വർന്നിയമൈ പരൈ: സ്ഥിത:
പ്രാണപ്രിയേ സീതേ, ഉത്കൃഷ്ടങ്ങളായ സ്വന്തം നിയമങ്ങളോടും കൂടി വലിയവരുടെ അനുഷ്ഠാനത്തിൽ അവസ്ഥിതനായ ഞാൻ ഈ വിധിച്ച കാലത്തെ നിന്നോടും ലക്ഷ്മണനോടും കൂടി വസിച്ച് കൊണ്ട് സത്യപരിപാലനമെന്ന കുലധർമത്തെ വർദ്ധിപ്പിക്കുന്നതായ ആനന്ദത്തെ പ്രാപിക്കുന്നുണ്ട്.
ഇങ്ങനെയനവധി ഉദാഹരണങ്ങൾ കാണിക്കുവാൻ കഴിയും, ശ്രീരാമചന്ദ്രന്റെ വനവാസകാലത്തെ ഭക്ഷണാദികളെ കുറിച്ച്.
ഇനി അഥവാ, ശ്രീരാമൻ വനവാസത്തിനിടക്ക് മാസം കഴിച്ചു എന്ന് തന്നെ വയ്ക്കുക. അപ്പോഴും ആദ്യത്തെ ശ്ലോകത്തിൽ പറഞ്ഞിരിക്കുന്നത് അസംഭവ്യം തന്നെ. എന്ത് കൊണ്ടെന്നാൽ, വനവാസത്തിന്റെ ഒരു സന്ധ്യയിൽ ആണ് രാമ ലക്ഷ്മണന്മാർ മൃഗങ്ങളെ കൊന്നതായി പറയുന്നത്. ഏതൊക്കെ മൃഗത്തിനെയാണ് കൊന്നത്, എത്രയെണ്ണത്തെ ?
നാല് ദുഷ്ട മൃഗങ്ങൾ, വരാഹം എന്ന പന്നി, (മുകളിലെ സായിപ്പിന്റെ പരിഭാഷയിൽ വരാഹം എന്നതിനെ മാൻ എന്നാണ് തര്ജ്ജമ ചെയ്തിരിക്കുന്നത് എന്ന് ശ്രദ്ധിക്കുമല്ലോ? വരാഹം ഏത് നാട്ടിലെ മാനാണോ ആവോ? ) ഋശ്യം, പൂഷതം എന്നീ മാനുകളേയും രുരു എന്ന വലിയ മാനിനേയും കൊന്നു.
ഈ ശ്ലോകം പ്രക്ഷിപ്തം എന്നതിന്റെ ഒരു കാരണം ഈ വേട്ടയാടലാണ്. രാമനും ലക്ഷ്മണനും സീതയ്ക്കും രാത്രിയിൽ കഴിക്കുന്നതിനായി ഇത്രയും മൃഗങ്ങളെ കൊല്ലുമോ? (കാട്ടിൽ ശീതീകരണോപാധികൾ ഒന്നുമില്ലാത്തത് കൊണ്ട് കൂടുതൽ ദിവസം സൂക്ഷിച്ചു വയ്ക്കാനും സാധിക്കില്ല). ഒരു ദിവസത്തേക്ക് ഇത്രയും എണ്ണത്തെ വേട്ടയാടിയാൽ പതിനാലു വര്ഷം പോലും വേണ്ട കാട്ടിലെ മൃഗങ്ങൾ എല്ലാം തീര്ന്നു പോകാൻ. അപ്പോൾ ഇങ്ങനെ ഒരു വിഡ്ഢിത്തം രാമൻ ചെയ്യുമോ? അതിനാൽ തന്നെ യുക്തിപരമായി ചിന്തിച്ചാൽ തീര്ച്ചയായും ഈ ശ്ലോകം രാമന്റെ വനവാസത്തെ ഇകഴ്ത്തിക്കാനിക്കുവാനായി പിന്നീട് എഴുതി ചേർത്ത ഭാഗം തന്നെയാണെന്ന് മനസിലാക്കാം.
അത് കൊണ്ട് ഈ ശ്ലോകമോ മറ്റു ശ്ലോകവോ വച്ച് രാമൻ "വനവാസത്തിലും" മാംസം കഴിച്ചിരുന്നു എന്ന് സ്ഥാപിക്കുവാൻ കഴിയില്ല. വനവാസത്തിൽ മാംസം കഴിച്ചിട്ടില്ല എന്നുള്ളത് സ്പഷ്ടം.
No comments:
Post a Comment