ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

5 November 2021

ശ്രീരാമൻ ലക്ഷ്മണനുപദേശിച്ചുകൊടുത്ത ക്രിയാമാർഗ്ഗവും പുരുഷാർത്ഥവും എന്താണ്?

ശ്രീരാമൻ ലക്ഷ്മണനുപദേശിച്ചുകൊടുത്ത ക്രിയാമാർഗ്ഗവും പുരുഷാർത്ഥവും എന്താണ്?

ബാലിയുടെ മരണശേഷം ശ്രീരാമൻറെ ആജ്ഞയനുസരിച്ച് ബാലിയുടെ ജഡത്തെ സമസ്ത രാജോചിതമായ ഉപചാരത്തോടെ ഭേരി, ദുന്ദുഭി തുടങ്ങിയ വാദ്യഘോഷങ്ങളുടെ അകമ്പടിയോടെ, ബ്രാഹ്മണർ, മന്ത്രിമാർ, കുലപതികളായ വാനരന്മാർ, പുരവാസികൾ, താര, സുഗ്രീവൻ തുടങ്ങിവരുടെ സാന്നിദ്ധ്യത്തിൽ  ബാലിയുടെ പുത്രൻ അംഗദനെക്കൊണ്ട് തൻറെ പിതാവിൻറെ ശേഷക്രിയാദികളെല്ലാം നടത്തിച്ചു. 

സ്‌നാദികളെല്ലാം കഴിഞ്ഞ് സുഗ്രീവൻ മന്ത്രിമാരോടൊത്ത് ശ്രീരാമ സന്നിധിയിലെത്തി അദ്ദേഹത്തിൻറെ ചരണങ്ങളിൽ പ്രണമിച്ചു. ''ലക്ഷ്മണനെപ്പോലെ ഞാനും അങ്ങയുടെ ചരണകമലങ്ങളെ സദാ സേവിച്ചുകഴിഞ്ഞുകൊള്ളാൻ അനുവദിക്കണം'' എന്നഭ്യർത്ഥിച്ചു. അപ്പോൾ രാമദേവൻ ചിരിച്ചുകൊണ്ടു പറഞ്ഞു,

''നീതന്നെ ഞാനതിന്നില്ലൊരു സംശയം 
പ്രീതനായ് പോയാലുമാശു മമാജ്ഞയാ 
രാജ്യാധിപത്യം നിനക്കു തന്നേനിനി-
പ്പൂജ്യനായ് ചെന്നഭിഷേകം കഴിക്ക നീ.''

വർഷകാലമായതിനാൽ നിത്യസുഖത്തൊടും ദാരാത്മജൈസ്സമം (ഭാര്യയോടും മക്കളോടും കൂടി) പുരത്തിൽ വസിച്ചുകൊൾക എന്നനുഗ്രഹിച്ച്‌ സുഗ്രീവനെ മന്ത്രിമാരോടൊപ്പം മടക്കിയയച്ചു. എന്നിട്ട് ലക്ഷ്മണനെക്കൊണ്ട് സുഗ്രീവനെ രാജാവായും, അംഗദനെ  യുവരാജാവായും അഭിഷേകം ചെയ്യിപ്പിച്ചു. ശ്രീരാമൻ രാജ്യാഭിഷേകത്തിനുവേണ്ടി കിഷ്കിന്ധയിലെ രാജസന്നിധിയിൽ പോയില്ല. അതിനു കാരണം പതിന്നാലു വർഷത്തോളം യാതൊരു നഗരത്തിലും പ്രവേശിക്കാൻ പാടില്ല എന്ന വ്യവസ്ഥ  പരിപാലിക്കാൻ വേണ്ടിയായിരുന്നു. കാര്യനിർവ്വഹണ ശേഷം സുഗ്രീവൻറെ ആദരം നേടി ലക്ഷ്മണൻ രഘുനാഥൻറെ അടുത്തുചെന്ന് സേവനത്തിൽ തയ്യാറായി.

ശ്രീരാമലക്ഷ്ണന്മാർ വർഷകാലമായ ചാതുർമാസത്തിൽ പ്രവർഷണപർവ്വതത്തിലെ കൊടുമുടിയിൽ ഒരു വിശാലമായ ഗുഹയിൽ പ്രവേശിച്ചു. അവിടെ അടുത്തുതന്നെ ധാരാളം കന്ദമൂല ഫലങ്ങലും ശുദ്ധജല സരോവരങ്ങളും ലഭ്യമായിരുന്നു. അവിടെവച്ച്  ലക്ഷ്മണൻ രാമനോടു മോക്ഷ പദത്തിനായുള്ള ക്രിയാമാർഗ്ഗങ്ങളും പുരുഷാർത്ഥവും ഉപദേശിച്ചുകൊടുക്കുവാൻ അഭ്യർത്ഥിച്ചു.

എന്താണ് ക്രിയാമാർഗ്ഗം? 

''കേൾക്ക നീയെങ്കിൽ മൽപൂജാവിധാനത്തി-
നോർക്കിലവസാനമില്ലെന്നറിക നീ 
എങ്കിലും ചൊല്ലുവനൊട്ടു സംക്ഷേപിച്ചു 
നിങ്കലുള്ളോരു വാത്സല്യം മുഴുക്കയാൽ.''

ഭക്തിയോടെ ഗുരുവിൻറെ ഉപദേശപ്രകാരം പ്രഭാതത്തിൽ മന്ത്രങ്ങൾ ഉച്ചരിച്ചു കൊണ്ട് ശരീരത്തിൽ വിധിയാം വണ്ണം മണ്ണുതേച്ചു കുളിക്കണം. പിന്നെ താന്ത്രിക വൈദിക പ്രകാരം സന്ധ്യാ വന്ദനാദികൾചെയ്യണം. ഗുരുനാഥനിൽ ഭഗവത് ഭാവന ചേർത്ത്‌ അദ്ദേഹത്തെ പൂജിക്കാം. ശിലാരൂപത്തിലാണ് ഭാവനയെങ്കിൽ അഭിഷേകം ചെയ്യണം. പ്രതിമാരൂപമാണെങ്കിൽ തുടച്ചുവൃത്തിയാക്കി പുഷ്‌പാദികൾ കൊണ്ടലങ്കരിക്കണം.  പിന്നെ പൂജാദ്രവ്യങ്ങൾ കൊണ്ട് പൂജിക്കാം. അഗ്നിയിലാണ് പൂജ ചെയ്യേണ്ടതെങ്കിൽ ആഹുതിമൂലവും, സൂര്യനിലാണ് വേണ്ടതെങ്കിൽ വേദിയിൽ സൂര്യൻറെ ആകൃതി നിർമ്മിച്ചും പൂജിക്കാം. പൂജചെയ്യുന്ന ആൾ കുശ (ദർഭ), മൃഗചർമ്മം, വസ്ത്രം ഇവവിരിച്ച് ഇടതുഭാഗത്ത് കലശവും വലതുഭാഗത്ത് പൂജാദ്രവ്യങ്ങളുംവച്ച് ഉപദേവന് അഭിമുഖമായിട്ടു വേണം പൂജചെയ്യാൻ. നാമ മന്ത്രങ്ങളുച്ചരിച്ച് ന്യാസം (മന്ത്രത്തിൻറെ ഭാഗങ്ങളെ ശരീരത്തിൻറെ ഓരോ ഭാഗത്തേക്കും സങ്കൽപ്പിക്കുന്ന സമ്പ്രദായം) ചെയ്യണം. ഹൃദയകമലത്തിൽ ജീവനാമമുള്ള ഭഗവാൻറെകലയെ ധ്യാനി ക്കണം. കൂടാതെ നീരാജനം (അഞ്ചുതിരിയിട്ട ആരതി), ധൂപം, ദീപം അങ്ങനെ പലവിധത്തിലുള്ള നൈവേദ്യങ്ങളാൽ ദശാവരണപൂജാവിധിയാലും അർച്ചിക്കണം. പിന്നെ ബലിനൽകി നമസ്കരിച്ച് ഹോമം സമാപിക്കണം. അതിനുശേഷം പ്രതിമയിൽ ആവാഹിച്ച ജീവകലയെ "അത് എന്നിൽത്തന്നെ പ്രവേശിച്ചിരിക്കുന്നു" എന്ന ഭാവത്തോടെ പാദത്തിൽ വീണു നമസ്കരിച്ചിട്ട് എണീൽക്കുക. ഇത് പുരുഷസൂക്തംകൊണ്ടുമാകാം. (വൈദിക സാഹിത്യത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഒരുസൂക്തമാണ് പുരുഷസൂക്തം. വിരാട്പുരുഷ വർണ്ണനയാണ്  ഇതിലെ പ്രതിപാദ്യം.) പിന്നെ വക്ത്രവാസം (വായ്ക്കു വാസനയുണ്ടാകുന്ന) നാഗവല്ലീദലാദി (താംബൂലം) യും നൽകി നൃത്തം, ഗാനം, സ്തുതിപാഠം തുടങ്ങിയവ ചെയ്യാം.

"കാലേകുളിക്കവേണം ദേഹശുദ്ധയേ
മൂലമറിഞ്ഞു സന്ധ്യാവന്ദനാദിയാം
നിത്യകർമ്മം ചെയ്തു പിന്നെ സ്വകർമ്മണാ
ശുദ്ധർത്ഥമായ് ചെയ്ക സങ്കൽപ്പമാദിയെ
ആചാര്യനായതു ഞാനെന്നു കൽപ്പിച്ചു
പൂജിക്ക ഭക്തിയോടെ ദിവസംപ്രതി
സ്നാപനംചെയ്ക ശിലായാം പ്രതിമാസു
ശോഭനാർത്ഥം ചെയ്കവേണം പ്രമാർജ്ജനം (തുടച്ചു വൃത്തിയാക്കൽ)
ഗന്ധപുഷ്പാദ്യങ്ങൾകൊണ്ട് പൂജിപ്പവൻ
ചിന്തിച്ചതൊക്കെ ലഭിക്കുമറിക നീ
മുഖ്യപ്രതിമാദികളിലലങ്കാരമൊക്കെ പ്രസാദമെനിക്കെന്നറിക നീ."

എന്താണ് പുരുഷാർത്ഥങ്ങൾ?

മനുഷ്യജീവിതം ശ്രേയസ്കരമാക്കുന്നതിന് നിശ്ചയിച്ചിരുന്ന നാലു ജീവിതമാർഗ്ഗങ്ങളാണ്  പുരുഷാർത്ഥങ്ങൾ എന്നറിയപ്പെടുന്നത്.  ''പുർഷാർത്ഥചതുഷ്ടയം'' എന്ന പേരിലും ഇത് അറിയ പ്പെടുന്നുണ്ട്. ധർമ്മം, അർത്ഥം, കാമം, മോക്ഷം എന്നീ നാലെണ്ണമാണവ.

ധർമ്മം

ധരിക്കുക എന്നർത്ഥമുള്ള 'ധ്രു' ധാതുവിൽ നിന്നാണു ധർമ്മശബ്ദം ഉണ്ടാകുന്നത്. സകല പ്രജകളെയും ധരിച്ചു കൊണ്ടുപോകുന്നതാണ് ധർമ്മം എന്നു വ്യാസൻ നിർവചനം നൽകിയിരിക്കുന്നു (ധാരണാദ്ധർമ്മ  ഇത്യാഹു, ധർമ്മോ ധാരയതി പ്രജാ:). കടമ അഥവാ കർത്തവ്യം എന്ന അർത്ഥത്തിലാണു ധർമ്മം സാധാരണ പ്രയോഗിച്ചു വരുന്നത്. 'ചോദനാ ലക്ഷണോർത്ഥേ ധർമ്മ:' എന്നു ജൈമിനിമഹർഷി ധർമ്മത്തെ നിർവചിക്കുന്നു. എന്തുചെയ്യണമെന്നും എന്തുചെയ്യരുതെന്നും വേദങ്ങളിൽ ധർമ്മതത്വത്തെയും അത് അനുഷ്ഠിക്കേണ്ടതാണെന്ന അനുശാസനത്തെയും ഉൾക്കൊള്ളുന്ന അനേകം കഥകൾ കാണാം. ധർമ്മങ്ങൾ ‘'സാമാന്യ'’ മെന്നും ‘'വിശേഷ’' മെന്നും രണ്ടുതരത്തിലുണ്ട്. എല്ലാവരും അനുഷ്ഠിക്കേണ്ടതു സാമാന്യവും, വർണ്ണാശ്രമ വ്യവസ്ഥയ്ക്കനുസരിച്ച്‌ 
അനുഷ്ഠിക്കേണ്ടതിനെ വിശേഷമെന്നും അറിയപ്പെടുന്നു. സത്യം, ദാനം, അഹിംസ, ആസ്തേയം (അപഹരിക്കാ തിരിക്കൽ), അപരിഗ്രഹം (ആവശ്യത്തിൽകവിഞ്ഞ് സ്വീകരിക്കാതിരിക്കുക), ബ്രഹ്മചര്യം, അനസൂയത, ക്ഷമ, ശൌചം എന്നിവയാണു സാമാന്യധർമ്മങ്ങൾ. ധർമ്മത്തെ രക്ഷിക്കുന്നവനെ ധർമ്മം രക്ഷിക്കും എന്നു മഹാ ഭാരതം ഉദ്ഘോഷിക്കുന്നു. ധർമ്മാർത്ഥകാമമോക്ഷങ്ങളെപ്പറ്റി ലോകത്തുള്ള സർവ്വകാര്യങ്ങളും തൻറെ കൃതിയിൽ ഉണ്ടെന്നു വ്യാസൻ  സാക്ഷ്യപ്പെടുത്തുന്നു. ധർമ്മതത്വം വളരെ രഹസ്യമാണെന്നു മഹാഭാരത പ്രസ്താവമുണ്ട് (ധർമ്മസ്യ തത്വം നിഹിതം ഗുഹായാം) 

അർത്ഥം

ധനം മുതലായ സുഖഭോഗവസ്തുക്കൾ എന്ന അർത്ഥത്തിലാണ് ഈ പദം വ്യവഹ രിക്കപ്പെട്ടിട്ടുള്ളത്. ധർമ്മനിഷ്ഠമായി നേടുന്ന ധനമാണു ലക്ഷ്യമാക്കിയിട്ടുള്ളത്. കൌടില്യൻ തുടങ്ങിയ ആചാര്യന്മാർ പരമ പ്രാധാന്യം കൽപ്പിച്ചിട്ടുള്ളത് അർത്ഥത്തിനാണ്. ധർമ്മനിഷ്o വെടിഞ്ഞും പണം നേടണമെന്നല്ല അവർ പറഞ്ഞ തിൻറെ അർത്ഥം. ധർമ്മ സംരക്ഷണത്തിനു പോലും ധനം ആവശ്യമാണെന്ന സൂചനയാണ് അതിലുള്ളത്.

കാമം

ആഗ്രഹം എന്ന അർത്ഥത്തിൽ ഈപദം പ്രയോഗിക്കുന്നെങ്കിലും ഇഹലോക ജീവിതത്തിൽ അനുഭവി ക്കുന്ന ശാസ്ത്രസമ്മതമായ സുഖം എന്നാണർത്ഥം. ധർമ്മനിഷ്oമായി നേടുന്ന ധനംകൊണ്ട് ധർമ്മവിധിക്കനുസ രിച്ചുള്ള ഭൌതിക സുഖങ്ങൾ ആഗ്രഹിക്കുന്നതിനെ ഭാരതീയർ നിരുത്സാഹപ്പെടുത്തിയിരുന്നില്ല.

മോക്ഷം

ഇതാണ് ജീവിതത്തിൻറെ പരമലക്ഷ്യം. മോചനം എന്നോ സ്വാതന്ത്ര്യം എന്നോ സാധാരണ അർത്ഥ വിവക്ഷയുള്ള ഈ പദത്തിന് കൂടുതൽ വിപുലമായ അർത്ഥം കൽപ്പിക്കപ്പെട്ടിട്ടുണ്ട്. ദേഹബദ്ധനായ ദേഹിയുടെ (ആത്മാവിൻറെ) മോചനം എന്ന അർത്ഥമാണ് വേദാന്തികൾ നൽകിയിരിക്കുന്നത്.

No comments:

Post a Comment