കേനോപനിഷത്ത് പഠനം - 3
ഒന്നാം ഖണ്ഡം - ബ്രഹ്മജ്ഞാനം
”അന്യദേവ തദ്വിദിതാദഥോ
അവിദിതാദധി
ഇതി ശുശ്രുമ പൂര്‍വ്വേഷാം
യേ നസ്തദ്വ്യാചചക്ഷീരേ.” (4)
‘ബ്രഹ്മം’ അറിയപ്പെട്ടതില്‍ നിന്നും അറിയപ്പെടാത്തതില്‍ നിന്നും ഭിന്നമായിട്ടുള്ളതാണെന്നാണ് അതിനെപ്പറ്റി വ്യാഖ്യാനിച്ചുതന്ന ആചാര്യന്‍മാരില്‍ നിന്നും ഞങ്ങള്‍ കേട്ടിട്ടുള്ളത് എന്നര്‍ത്ഥം.
അറിവ് അധ്യാത്മികവും ഭൗതികവുമായി രണ്ടാണ്. അധ്യാത്മികമായ അറിവിന് ജ്ഞാനമെന്നും ഭൗതികമായ അറിവിന് വിജ്ഞാനമെന്നും പറയുന്നു. ഇത്തരം അറിവുകള്‍ക്കും ഇനി അറിയപ്പെടാനുള്ളതായ അറിവുകള്‍ക്കും അപ്പുറത്താണ് ബ്രഹ്മജ്ഞാനം.
”വേദാന്തിനോങ്കനിര്‍വചനീയമേകം
യം ”ബ്രഹ്മ” ശബ്‌ദേന വിനിര്‍ദിശന്തി”
എന്ന് അഭിജ്ഞമതം. വേദാന്തികള്‍ പോലും അനിര്‍വ്വചനീയം എന്ന് പറയുന്നു ബ്രഹ്മത്തെ. ഇത് അണുവിനേക്കാള്‍ അണുവും മഹത്തായതിനേക്കാള്‍ (വലുത്) മഹത്തുമാണ് എന്നും മനസ്സുകൊണ്ട് സങ്കല്‍പ്പിക്കാന്‍ പോലും സാധിക്കാത്തതാണ് എന്നും വേദാന്തം തന്നെ വ്യക്തമാക്കുന്നു.
”യതോ വാചാ നിവര്‍ത്തന്തേ
അപ്രാപ്യമനസാ സഹ:” (തൈത്തിരീയം 2.9)
എന്ന് വ്യക്തം. സാകാരനായും (അവതാരം) നിരാകാരനായും (ചൈതന്യം) അറിയപ്പെടുന്ന ബ്രഹ്മതത്ത്വത്തെ പൂര്‍ണ്ണമായി തിരിച്ചറിയുക അസാധ്യമാണ്.
അവതാരങ്ങളെപ്പറ്റി ചിന്തിക്കുമ്പോള്‍ പോലും അവ്യക്തതയാല്‍ ഒന്നുകില്‍ വിശ്വാസരഹിതമായോ അല്ലെങ്കില്‍ അന്ധവിശ്വാസമായോ മാറാന്‍ കാരണമിതാണ്. അതുപോലെ ”ഞാന്‍ ഈശ്വരന്റെ അവതാരമാണ്” എന്ന് സ്വയം പ്രഖ്യാപിച്ചുകൊണ്ട് കപട വേഷധാരികളായി പല കാലങ്ങളിലും പലരും പ്രത്യക്ഷപ്പെടാന്‍ കാരണവും ബ്രഹ്മത്തെക്കുറിച്ചുള്ള നമ്മുടെ അജ്ഞതയാണ്. ഈ പ്രകൃതിയിലെ സകല പരിണാമങ്ങള്‍ക്കും വൃദ്ധിക്ഷയങ്ങള്‍ക്കും അന്തര്യാമിയായ ബ്രഹ്മ ചൈതന്യത്തിന്റെ പ്രവര്‍ത്തനമാണ് കാരണം. ”ഞാന്‍ ഇത്രകാലം ഇന്ന രീതിയില്‍ ജീവിക്കും” എന്നോ ”ഞാന്‍ ഇന്ന രൂപത്തില്‍, ഇന്നവര്‍ണ്ണത്തില്‍, ഇന്ന സമയത്ത്, ഇന്ന ദിക്കില്‍ ജനിക്കുമെന്നോ ”എന്റെ മാറ്റം (അന്ത്യം) ഇന്ന സമയത്ത് ഇന്ന ഇടത്തായിരിക്കുമെന്നോ മുന്‍കൂട്ടി വ്യക്തമാക്കാന്‍ സാധാരണക്കാര്‍ക്ക് സാധിക്കില്ല. മറിച്ച് അവതാരങ്ങളില്‍ പൂര്‍ണ്ണതയുള്ള വ്യക്തിക്ക് സാധിച്ചെന്നുവരും. കാരണം പൂര്‍ണ്ണ അവതാരം ബ്രഹ്മം തന്നെയാണ്.
ഇവിടെ ഒരുകാര്യം നാമറിയണം. ബ്രഹ്മ ശക്തിയാല്‍ ചലിക്കുന്ന, വികാസ സങ്കോചങ്ങള്‍ സാധ്യമാവുന്ന പ്രാണങ്ങളുടെ കരുത്താണ് സാധാരണ ജീവജാലങ്ങള്‍ക്കുള്ളത്. പഞ്ചപ്രാണങ്ങളും പഞ്ചഉപപ്രാണങ്ങളും വൃക്ഷലതാദികളിലോ പക്ഷിമൃഗാദികളിലോ ഇല്ല. മനുഷ്യനിലാണ് ദശപ്രാണസഞ്ചയമുള്ളത്. ഈ ദശപ്രാണങ്ങള്‍ക്കുപരിയായി ആത്മന്റെ ചതുഷ്പാദങ്ങളില്‍ തുരീയചൈതന്യം എപ്പോഴും മനുഷ്യന് പ്രസ്ഫുടമല്ലതാനും. ജാഗ്രത്തും സ്വപ്നവും സുഷുപ്തിയും തുരീയവും ശക്തമായി സദാ സര്‍വ്വഥാ നിലനില്‍ക്കുന്ന മനുഷ്യന്‍ കേവലമനുഷ്യനില്‍ നിന്ന് ഉപരി പൂര്‍ണ്ണാവതാരമാണ്. ബോധം, ഉപബോധം, അവബോധം എന്നിവയില്‍ ഉപരി ‘അതിബോധം’ ഉണ്ടെങ്കിലേ ‘തുരീയ’ശക്തി ഉന്‍മിഷിത്താവൂ. ചിലരില്‍ ചിലപ്പോള്‍ അതിബോധ ശക്തിപ്രവാഹത്താല്‍ ‘തുരീയന്‍’ പ്രവര്‍ത്തനക്ഷമമാകും. പ്രപഞ്ചത്തിലെ വിശ്വന്‍, തൈജസന്‍, പ്രാജ്ഞന്‍, തുരീയന്‍ എന്ന ചതുര്‍തലവും വ്യക്തിയില്‍ പ്രവര്‍ത്തനക്ഷമമാവുന്നു എന്നര്‍ത്ഥം. ഇവര്‍ അംശാവതാരങ്ങളാണ്. ”ഞാന്‍ ആരാണ്?” എന്ന അന്വേഷണം അപ്പോഴാണ് ആരംഭിക്കുക. ആദിശങ്കരനെ ആനുഷംഗികമായി ഇവിടെ പരാമര്‍ശിക്കാതെ വയ്യ: ശങ്കരന്റെ നിര്‍വ്വാണഷഡ്ഗം ഒന്ന് വിലയിരുത്തുക:
”മനോ ബുദ്ധ്യഹങ്കാര
ചിത്താനി നാ ഹം
ന ച ശ്രോത്രജിഹ്വേ
ന ച ഘ്രാണ നേത്രേ
ന ച വ്യോമഭൂമിര്‍ന്ന തേജോ ന വായു
ചിദാനന്ദ രൂപ: ശിവോഹം ശിവോഹം.”
എന്ന ഒന്നാമത്തെ ശ്ലോകം നോക്കുക: മനസ്സ്, ബുദ്ധി, അഹങ്കാരം, ചിത്തം എന്നിവയൊന്നും ‘ഞാന്‍’ അല്ല എന്ന് ശങ്കരന്‍. ചെവി, വായ, മൂക്ക്, കണ്ണ് എന്നീ ഇന്ദ്രിയങ്ങളും ‘ഞാന്‍’ അല്ല. ആകാശം, ഭൂമി, അഗ്നി, വായു ഇവയൊന്നും ‘ഞാന്‍’ അല്ല എന്നര്‍ത്ഥം. ശരീരം, ഇന്ദ്രിയങ്ങള്‍, അന്തരിന്ദ്രിയം, പഞ്ചഭൂതങ്ങള്‍ ഇവയ്‌ക്കൊന്നും ആത്മനുമായി യാതൊരു ബന്ധവുമില്ല എന്നും ആനന്ദ സ്വരൂപമായ ശിവനാണ് താനെന്നും വ്യക്തമാക്കുന്നു ആചാര്യര്‍.
സാധാരണരായ നാം ”ഞാന്‍ പോകുന്നു” എന്ന് പറയുമ്പോള്‍ ശരീരം ഇവിടെ നിന്ന് പോകുന്നു എന്നേ അര്‍ത്ഥമുള്ളൂ. എന്നാല്‍പ്പോലും മരണപ്പെട്ട ഒരാളെപ്പറ്റി ”അയാള്‍ പോയെടാ” എന്ന് പറഞ്ഞാല്‍ ശരീരംപോയി എന്നല്ലതാനും. അപ്പോള്‍ ശാസ്ത്രബോധമുണ്ട് എന്നഭിമാനിക്കുന്ന മനുഷ്യന്‍ തന്നെ പറയുന്നു: ”ഞാന്‍ ഈ കാണുന്നതൊന്നുമല്ല” എന്ന്.
”ന ച പ്രാണ സംജ്ഞോന വൈ പഞ്ചവായു:
ന വാ സപ്ത ധാതുര്‍ ന വാ പഞ്ചകോശ:
ന വാക് പാണിപാദം നചോപസ്ഥപായു:
ചിദാനന്ദരൂപ: ശിവോഹം ശിവോഹം.” (2)
തുടര്‍ന്ന് ശങ്കരന്‍ ആത്മനെ വ്യക്തമാക്കുന്നത് രസകരമായാണ്. പഞ്ചപ്രാണങ്ങള്‍, സപ്തധാതുക്കള്‍, പഞ്ചകോശങ്ങള്‍, കര്‍മ്മേന്ദ്രിയങ്ങള്‍ എന്നിവയൊന്നും ആത്മനല്ല തന്നെ.
”ന മേ ദ്വേഷ രാഗൗ ന മേ ലോഭ മോഹൗ
മദോ നൈവ മേ നൈവ മാത്സര്യ ഭാവ:
ന ധര്‍മ്മോ ന ചാര്‍ത്ഥോ നകാമോ ന മോക്ഷ:
ചിദാനന്ദ രൂപ: ശിവോഹം ശിവോഹം.” (3)
ആത്മനെ രാഗദ്വേഷലോഭമോഹാദികളോ പുരുഷാര്‍ത്ഥങ്ങളോ ബാധിക്കുന്നില്ല.
”ന പുണ്യം ന പാപം ന സൗഖ്യം ന ദുഃഖം
ന മന്ത്രോ ന തീര്‍ത്ഥോ ന വേദാ ന യജ്ഞ:
അഹം ഭോജനം നൈവ ഭോജ്യം ന ഭോക്താ:
ചിദാനന്ദരൂപ: ശിവോഹം ശിവോഹം.” (4)
പുണ്യപാപങ്ങളോ, സുഖദുഃഖങ്ങളോ മന്ത്രമോ തീര്‍ത്ഥമോ വേദങ്ങളോ യജ്ഞമോ ആത്മനെ ബാധിക്കുന്നില്ല. ഭുജിക്കുന്നത് ആത്മനല്ല, ആത്മനുവേണ്ടിയുമല്ല എന്നും പറയുന്നു.
ന മേ മൃത്യുശങ്കാ ന മേ ജാതിഭേദ:
പിതാ നൈവ മേ നൈവ മാതാ ന ജന്മ:
ന ബന്ധുര്‍ ന മിത്രം ഗുരുര്‍ നൈവ ശിഷ്യ:
ചിദാനന്ദരൂപ: ശിവോഹം ശിവോഹം” (5)
മരണഭയം ആത്മനില്ല, ജാതിവ്യത്യാസവുമില്ല. അച്ഛനമ്മമാരോ ബന്ധുമിത്രാദികളോ ഗുരുശിഷ്യരോ ഇല്ലാത്ത ശിവതത്ത്വമാണത്.
”അഹം നിര്‍വ്വികല്‌പോ നിരാകാരരൂപോ
വിഭുത്വാച്ച സര്‍വ്വത്ര സര്‍വ്വേന്ദ്രിയാണാം
ന ചാസംഗതം നൈവ മുക്തിര്‍ ന മേയ
ചിദാനന്ദരൂപ: ശിവോഹം ശിവോഹം”(6)
യഥാര്‍ത്ഥത്തില്‍ ‘ഞാന്‍’ നിരാകാര നിര്‍വ്വികല്പമായ ചൈതന്യമാണ്. എല്ലാ ഇന്ദ്രിയങ്ങള്‍ക്കും ഉപരിയായി, മുക്തിക്കും അപ്പുറത്താണത്. അത് നിത്യമായ മംഗളം മാത്രമാണ്.
ഈ ബ്രഹ്മ തത്ത്വമാണ് ഇവിടെ ഉപനിഷത്ത്കാരന്‍ ചര്‍ച്ച ചെയ്യുന്നത്. പ്രപഞ്ചം വിവിധമായിക്കാണുമ്പോഴും ഈ വൈവിധ്യത്തിന് നിദാനമായ ഏകാത്മ തത്ത്വമാണ് അദ്വൈത ചിന്ത. ഈ സത്യം തിരിച്ചറിയലാണ് യഥാര്‍ത്ഥ അറിവ്.
”യദ്‌വാചാനഭ്യുദിതം യേന വാഗഭ്യുദ്യതേ
തദേവ ബ്രഹ്മത്വം വിദ്ധി നേദം –
യദിദമുപാസതേ.” (5)
വാഗിന്ദ്രിയത്തിന് വിഷയമല്ലാത്തതും എന്നാല്‍ വാക്കിനെ പ്രവര്‍ത്തിപ്പിക്കുന്നതുമായ ആ ചൈതന്യമാണ് ബ്രഹ്മം. ഉപാധി ഭേദത്തോടുകൂടി തന്നില്‍ നിന്നന്യമായി ഉപാസിക്കപ്പെടുന്നതൊന്നും ബ്രഹ്മമല്ല.
ഇന്ദ്രിയങ്ങളൊന്നും നിത്യങ്ങളല്ല, അവ കേവലം ഉപകരണങ്ങള്‍ മാത്രമാണ്. വാഗിന്ദ്രിയത്തില്‍ നിന്നുതിരുന്നവാക്കും നിത്യമല്ല. വാക്കിനുപോലും കാരണമാവുന്ന ഒരു ചൈതന്യമുണ്ട്.
”യോ വാചാ മന്തരായമയതി” – എന്ന് ബൃഹദാരണ്യകം വ്യക്തമാക്കുന്നു. വചനത്തിന് ലഭ്യമാകുന്ന ശക്തി മാത്രമാണ് നിത്യം. സഗുണമായും നിര്‍ഗുണമായും ഉപാസിക്കപ്പെടുന്ന രൂപങ്ങളൊന്നും ബ്രഹ്മമല്ല. അവയ്‌ക്കെല്ലാം അന്തര്യാമിയായിട്ടുള്ള ചൈതന്യമാണ് ബ്രഹ്മം.
”യന്മനസാ ന മനുതേ യേനാഹുര്‍മനോമതം
തദേവ ബ്രഹ്മ ത്വം വിദ്ധിനേദം യദിദമുപാസതേ.” (6)
മനസ്സുകൊണ്ട് യാതൊന്നിനെ അറിയാന്‍ കഴിയുന്നില്ലയോ അതാണ് ബ്രഹ്മം. മനസ്സിന് പലതും അറിയാന്‍ കഴിയുന്നത് ഈ ബ്രഹ്മ ചൈതന്യത്താലാണ്. ‘ഇതാണ് ബ്രഹ്മം’ എന്ന് വിചാരിച്ച് തന്നില്‍ നിന്ന് അന്യമായി എന്തിനെ കല്‍പ്പിച്ചാലും അത് ബ്രഹ്മമാവില്ല.
മനസ്സാണ് ഇന്ദ്രിയങ്ങള്‍ക്ക് പ്രേരണ. കാമ- സങ്കല്‍പ്പ, നിശ്ചയങ്ങളെല്ലാം മനസ്സും ബുദ്ധിയും ചേരുന്ന അന്തഃകരണ വൃത്തിയാണ്. ഈ അന്തഃകരണത്തിനും സ്വന്തമായി ശക്തി ഇല്ല. അതുകൊണ്ട് മനസ്സിന്, ബുദ്ധിക്ക് അറിയാവുന്നതല്ല ‘ബ്രഹ്മം’. ഉപാസനയില്‍ ശബ്ദ സ്പര്‍ശ രസ രൂപ ഗന്ധങ്ങളെല്ലാം ഉണ്ട്. അവയൊന്നും ബ്രഹ്മമല്ല.
”നേതി നേതി” – എന്നതാണ് വേദാന്തത്തിന്റെ അവസാന വാക്ക് എന്ന് വേദാന്തികള്‍ ഓര്‍മ്മിപ്പിക്കുന്നതോര്‍ക്കുക. അത്യന്താധുനികമായി എന്തൊക്കെ നാം കണ്ടെത്തിയാലും പ്രപഞ്ച രഹസ്യത്തിന് പിന്നിലെ തത്ത്വം അജ്ഞേയമായിരിക്കും. അപ്പോഴും അങ്ങനെ ഒന്നുണ്ട് എന്ന് ചിന്തിക്കാതിരിക്കാന്‍ ആര്‍ക്കും കഴിയില്ല. ”നിരീശ്വര” ചിന്തപോലും നിലനില്‍ക്കുന്നത് ‘ഈശ്വര’ എന്ന ചിന്തയിലും വാക്കിലുമല്ലെ?
”യച്ചക്ഷുഷാ ന പശ്യതി
യേന ചക്ഷൂംഷി പശ്യതി
തദേവ ബ്രഹ്മ ത്വം വിദ്ധി
നേദം യദിദമുപാസതേ.” (7)
കണ്ണ്‌കൊണ്ട് കാണാന്‍ കഴിയാത്തതും, കാണാന്‍ കാരണമായി കണ്ണിനെ സഹായിക്കുന്നതും ആയ ചൈതന്യം ‘ബ്രഹ്മ’മെന്ന് അറിയുക. തന്നില്‍ നിന്ന് അന്യമായിക്കണ്ട് ഏതൊന്നിനെ ഉപാസിച്ചാലും അത് ബ്രഹ്മമല്ല.
നമ്മുടെ കണ്ണുകളാണ് കാണാന്‍ നമ്മെ സഹായിക്കുന്നത്. പക്ഷെ കണ്ണുകള്‍ ഉണ്ടായാല്‍ മാത്രം കാണില്ല, ‘കാഴ്ച’ എന്നത് കണ്ണല്ല. കാണാനുള്ള ശക്തിയാണ്. ജീവന്‍ ഉണ്ട് എങ്കില്‍ കാഴ്ചയുണ്ടാവണമെന്നില്ല. കാണാനുള്ള ശക്തി കണ്ണിലേക്ക് പ്രസരിക്കണം. ജീവ ഘടകങ്ങളിലൂടെ (പ്രാണങ്ങള്‍) അത് കിട്ടുന്നു. പക്ഷെ പ്രാണങ്ങള്‍ പത്തും വേണ്ടത്ര ഓരോ ശരീരത്തിലും നിലനില്‍ക്കാന്‍ മറ്റേതോ ശക്തി അവയ്ക്ക് പിന്നിലുണ്ടാവണം അതാണ് ആത്യന്തികമായ ചൈതന്യം, ഇതാണ് ‘ബ്രഹ്മം.’
ഇവിടെ നിര്‍ഗ്ഗുണ പരാതത്ത്വത്തെയാണ് വേദാന്തം ഉപാസിക്കാന്‍ പറയുന്നത്. എന്നാല്‍ സഗുണോപാസനയിലൂടെ മാത്രമേ നിര്‍ഗ്ഗുണ തത്ത്വത്തിലെത്താന്‍ സാധിക്കൂ എന്നതാണ് സാധാരണ തത്ത്വം എന്ന് ഓര്‍ക്കുക.
”യച്രേ്ഛാത്രേണ ന ശൃണോതി
യേന ശ്രോത്രമിദം ശ്രുതം
തദേവ ബ്രഹ്മത്വം വിദ്ധി
നേദം യദിദമുപാസതേ.” (8)
ചെവികൊണ്ട് കേള്‍ക്കാന്‍ കഴിയാത്തതും ചെവിക്ക് കേള്‍ക്കാന്‍ കഴിവുനല്‍കുന്നതുമായ ചൈതന്യമാണ് ‘ബ്രഹ്മം.’ ഉപാധിസഹിതമായി ആത്മാവില്‍ നിന്ന് അന്യമായി ഉപാസിക്കപ്പെടുന്നതൊന്നും ബ്രഹ്മമല്ല.
ചെവിക്ക് കേള്‍ക്കാവുന്ന ഒരു തലമുണ്ട്, അതിനിപ്പുറവും ആ ഉച്ചസ്ഥായി ശബ്ദവീചിക്ക് അപ്പുറവും ചെവി വെറുതെയാണ്. ഇങ്ങനെ യാതൊന്ന് കേള്‍ക്കരുത് എന്നോ, കേള്‍ക്കണം എന്നോ ചെവിക്ക് നിശ്ചിതമായൊരുതലം സ്വയമേവ നല്‍കിയിരിക്കുന്ന ‘കേള്‍വി’യെന്ന ശക്തിയെ അതിന് നിയോഗിച്ചിരിക്കുന്ന ഒരു ശക്തി വിശേഷമുണ്ട്. അതാണ് ‘ബ്രഹ്മം’. അതിനെയാണ് തിരിച്ചറിഞ്ഞ് ഉപാസിക്കേണ്ടത്. തന്റെ ശക്തിയായിരിക്കുന്ന ‘കേള്‍വി’ യെ കേള്‍ക്കാന്‍ കാത് അശക്തനാണ്. കാരണം ഉള്ളത് കാതോ കാതിന്റെ കേള്‍വിയോ അല്ല, അതിനപ്പുറം കേള്‍വിയെ കേള്‍ക്കാനായി കാതില്‍ നിയോഗിച്ച ശക്തിയാണ് എന്നതാണ്.
”ഏകമേവ അദ്വിതീയം പരം” – എന്ന് വേദാന്തം തന്നെ മറ്റൊരിടത്ത് ഇത് പറയുന്നു. ഏകമാത്രമാണ് ബ്രഹ്മം, അതില്‍ നിന്നാണ് ഈ കാണുന്ന ‘ദൃശ്യപ്രപഞ്ചം’ ഉണ്ടായിരിക്കുന്നത്. അതുകൊണ്ട് തന്നെ കാണപ്പെടുന്ന (ദൃശ്യ) പ്രപഞ്ചം മാറ്റപ്പെടുന്നതും, ഒരിക്കല്‍ ഇല്ലാതിരുന്നതും പിന്നീടൊരിക്കല്‍ ഇല്ലാതാവുന്നതുമാണ്. അതിനാല്‍ ആചാര്യ ശങ്കരന്‍ പറയുന്നു: ”ബ്രഹ്മം സത്, ജഗന്‍ മിഥ്യാ” – എന്ന്. അതിനര്‍ത്ഥം ഈ കാണുന്നത് ”ഇല്ല” എന്നല്ല, ശാശ്വതമായത് അവയെ അവയാക്കി നിര്‍ത്തുന്ന ചൈതന്യമാണ് എന്നാണ്.
”യത് പ്രാണേന ന പ്രാണീതി
യേന പ്രാണഃ പ്രണീയതേ
തദേവ ബ്രഹ്മത്വം വിദ്ധി
നേദം യദിദമുപാസതേ.” (9)
പ്രാണന് തിരിച്ചറിയാന്‍ കഴിയാത്തതും, ചേഷ്ടയുള്ളതാക്കാന്‍ പറ്റാത്തതും എന്നാല്‍ പ്രാണവായുവിന്റെ പ്രവര്‍ത്തനത്തിന് കാരണമായിരിക്കുന്നതുമായ ചൈതന്യമാണ് ‘ബ്രഹ്മം’ എന്നറിയണം. പ്രാണനാല്‍പ്പോലും ഉപാധി സഹിതമായി ആത്മനില്‍ നിന്ന് അന്യമായി ഉപാസിക്കപ്പെടുന്നതൊന്നും തന്നെ ബ്രഹ്മമല്ല.
പ്രാണങ്ങള്‍ പത്താണ്. അതില്‍ വ്യാനന്‍, ഉദാനന്‍, സമാനന്‍, അപാനന്‍, പ്രാണന്‍ എന്നിവയും കൃകലന്‍, കൂര്‍മ്മന്‍, നാഗന്‍, ദേവദത്തന്‍, ധനഞ്ജയന്‍ എന്നീ ഉപ പ്രാണങ്ങളും വരുന്നു. ഇവയ്ക്ക് പോലും ബ്രഹ്മത്തെ തിരിച്ചറിയില്ല. എന്നാല്‍ പ്രാണവായുവിന്റെ പ്രവര്‍ത്തനം ബ്രഹ്മ ചൈതന്യമുള്ള കാലത്തുമാത്രമായിരിക്കും. അതിനാല്‍ കേവല ഭൗതികമായ ഒരു ഉപാസനയും ബ്രഹ്മോപാസനയാവുന്നില്ല.
നിരാകാരമായ പരബ്രഹ്മത്തെ സാകാരമായ യാതൊരുമാര്‍ഗ്ഗത്തില്‍ ഉപാസിച്ചാലും അത് ബ്രഹ്മത്തെയറിയാന്‍ പര്യാപ്തമാവില്ല എന്ന് ചുരുക്കം. സഗുണോപാസനാവിധിയായി പ്രതിഷ്ഠകളുടെ, വിഗ്രഹങ്ങളുടെ സഹായത്തോടെ ഉപാസിക്കുന്ന വിധി നമുക്കിടയിലുണ്ട്. ക്ഷേത്രാരാധനാ രീതികള്‍ അതാണ്. എന്നാല്‍ നേരിട്ട് ബ്രഹ്മത്തെ അറിയാന്‍ ക്ഷേത്രോപാസന വഴിയാവില്ല എന്ന് ചുരുക്കം. ഉപാസനയും സാധനയും തപസ്സുമെല്ലാം നിര്‍ഗ്ഗുണോപാസനാരീതികളാണ്. അവയ്ക്കും ബ്രഹ്മത്തെ സാക്ഷാത്ക്കരിക്കാന്‍ സാധിക്കില്ലെന്നര്‍ത്ഥം.
ഇവിടെ നാം തിരിച്ചറിയേണ്ടത് ആരാധനാരീതികളിലൂടെയൊന്നും ബ്രഹ്മ തത്വസാക്ഷാത്ക്കാരം സാധ്യമാവില്ല എന്നാണ്. സാക്ഷാത്ക്കാരത്തിനുള്ള മാര്‍ഗ്ഗം മാത്രമായി ഇവ കണക്കിലാക്കാമെന്ന് മാത്രം.
കര്‍മ്മേന്ദ്രിയങ്ങള്‍, ജ്ഞാനേന്ദ്രിയങ്ങള്‍, അന്തഃകരണം, പ്രാണന്‍ ഇവയെല്ലാം ബാഹ്യലോകവുമായാണ് ബന്ധപ്പെട്ടിരിക്കുന്നത്. ഇന്ദ്രിയങ്ങള്‍ക്കും മനസ്സിനും ബുദ്ധിക്കും എത്രതന്നെ വികാസം സിദ്ധിച്ചാലും ആത്മതത്ത്വം അറിയാന്‍ കഴിയില്ല. വൃത്തികള്‍ അടങ്ങി അന്തര്‍മുഖമാവുകയാണ് വേണ്ടത്, അതിന് ശമദമാദികളാണാവശ്യം.
(തുടരും)
No comments:
Post a Comment