ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

17 November 2021

ഓംങ്കാരധ്യാനവും അതിന്റെ ഗുണങ്ങളും

ഓംങ്കാരധ്യാനവും അതിന്റെ ഗുണങ്ങളും

ധ്യാനത്തിൽ ആഴ്ന്നിറങ്ങുന്നവർക്ക്‌ മരണഭയമുണ്ടാകുകയില്ല. സമ്പത്ത് പ്രശസ്തി അംഗീകാരം ഇവയുടെ നഷ്ട്ടത്തേക്കുറിച്ചുള്ള ദുഃഖവും മരണഭയത്താൽ തന്നെയാണ് ഉണ്ടാകുന്നത്. എന്നാൽ ധ്യാനം ഇതിനെ നേരിടുന്നു. ധ്യാനനിരതൻ ആകുമ്പോൾ ഇത്തരം ചിന്തകൾ എല്ലാം നിശ്ചലമാകുന്നു. ആത്മീയ ജീവിതം നയിക്കാൻ ഏല്ലാം ഉപേക്ഷിച്ചു ഈ ലോകത്തിൽ നിന്നും ഓടി ഒളിക്കേണ്ട കാര്യമൊന്നും ഇല്ല. ഇവിടെ തന്നെ നിന്ന് സ്വന്തം മനസ്സിലെ കെട്ടുപാടുകൾ ഇല്ലാതാക്കുകയാണ് ആദ്യം വേണ്ടത്. ഏല്ലാം ത്യജിച്ചവർ കേമൻമാരാകണം എന്നുമില്ല. അവർ നമ്മെക്കാൾ മോഹികളും ആകാം. അറിയാത്തതു എന്തോ നേടാൻ വേണ്ടി അവർ കിണഞ്ഞു പരിശ്രമിക്കുന്നു എന്ന് മാത്രം. മറ്റൊന്നിനുമായി ശ്രമിക്കാതെ സഹജമായി ഇരിക്കുകയാണ് ധ്യാനാവസ്ഥയിൽ വേണ്ടത്. എന്താണോ നാം നേടാൻ ശ്രമിക്കുന്നത് അത് വളരെ ലളിതവും നിഷ്കളങ്കവും ശുദ്ധവുമാണ് എന്ന തിരിച്ചറിവാണ് ഉണ്ടാകേണ്ടത്. നാം തേടുന്നത് എന്താണോ അത് നമ്മുടെ ഉള്ളിൽ തന്നെ ആണുള്ളത്. മറ്റെവിടെയും തിരഞ്ഞു പോകേണ്ടതില്ല. നമ്മുടെ ഉള്ളിൽ നിലനിൽക്കുന്ന രണ്ടു കാര്യങ്ങളാണ് ശബ്ദവും കാഴ്ചയും. മനസ്സിലുള്ള എല്ലാ ചിത്രങ്ങളെയും കാഴ്ചകളെയും മാറ്റിയാൽ പിന്നെയവിടെ ലോകമില്ല. എല്ലാ ശബ്ദങ്ങളെയും നീക്കം ചെയ്‌താൽ പിന്നെ അവിടെ ദുഃഖവുമില്ല. എല്ലാ കാഴ്ചകളും പിൻവലിയുമ്പോൾ എല്ലാ രൂപങ്ങളും മറയുന്നു. നാമവും രൂപവും ഈ ആപേക്ഷിക ലോകത്തെ മാത്രം സംബന്ധിക്കുന്നതാണ്. ശബ്ദവും വെളിച്ചവും നീക്കുന്നതോടെ സൂക്ഷ്മ ശരീരത്തിനു മരണം സംഭവിക്കുന്നു. ആ അവസ്ഥയിൽ എല്ലാവരും "ഓം" കാരത്തെ അനുഭവിക്കുന്നു. ധ്യാനത്തിൽ മുഴുകി യിരിക്കുമ്പോൾ ഉള്ളിൽ മുഴങ്ങുന്ന ശബ്മാണ് ഓം. മരണം നമുക്ക് നൽകുന്നതും ഈ ശബ്ദം തന്നെയാണ്. ജനനത്തിനു മുൻപും മരണ ശേഷവും നാം ആ ശബ്ദത്തിൽ വിലയം പ്രാപിക്കുന്നു. നമുക്ക് ആവശ്യമുള്ളതെല്ലാം ഓംകാരത്തിലൂടെ ലഭിക്കുന്നു. ആഗ്രഹപൂർത്തി ഉണ്ടാവുകയും ചെയ്യുന്നു. നാം പറയുന്നതെല്ലാം "ഓം" കാരത്തിൽ അടങ്ങിയിരിക്കുന്നു. ആരുടെ ഹൃദയത്തിൽ ആണോ ഓംകാരം മുഴങ്ങുന്നതു അവർ അനുഗ്രഹീതരാകുന്നു. ഹൃദയം കമ്പനം കൊള്ളുമ്പോൾ ബോധം പ്രാപഞ്ചിക ബോധത്തിൽ ലയിക്കുന്നു. ഓംകാരത്തിൽ പ്രപഞ്ചം പ്രതിധ്വനിക്കുന്നു. അങ്ങനെ സ്വന്തം മനസും പ്രാപഞ്ചിക ധ്വനിയും ഒന്നായിതീരുന്നു. എന്നാൽ സ്ഥൂലത്തിൽ കുടുങ്ങി കിടക്കുന്നത് കൊണ്ട് ഇത് തിരിച്ചറിയാൻ നമുക്ക് സാധിക്കുന്നില്ല. സ്ഥൂലരൂപമായ മനസ്സിൽ നാമ രൂപങ്ങൾ ആസക്തി വിരക്തി തെറ്റ് ശരി ഇഷ്ടം ഇവയെല്ലാം നിറഞ്ഞിരിക്കുന്നു. ഇവയെ പുറത്താക്കാൻ മരണത്തിനു പോലുംകഴിയാതെ വരികയും ഇവയെ ബഹിഷ്കരിക്കാൻ വീണ്ടും ജന്മം എടുക്കേണ്ടി വരികയും ചെയ്യുന്നു.അതിനാൽ നമുക്കും ആരംഭിക്കാം ധ്യാനത്തിന്റെ മാർഗ്ഗം. സൂക്ഷ്മ ശരീരത്തെ ഇല്ലാണ്ടാക്കാൻ ധ്യാനത്തിനേ കഴിയൂ.ഓംങ്കാരങ്ങളുടെ കമ്പനങ്ങളിൽ ശബ്ദവും ഓംങ്കാരങ്ങളുടെ നിശബ്ദതയിൽ രൂപവും ഇല്ലാണ്ടാകുന്നു. അങ്ങനെ നമരൂപങ്ങളും കമ്പനങ്ങളും ഇല്ലാണ്ടാകുമ്പോൾ ഉണ്ടാകുന്ന ശൂന്യതതയിൽനിന്നും ഉണരുന്ന അനഹത ധ്വനിയിൽ നാം വിലയം പ്രാപിക്കും. നാം അപ്പോൾ മറ്റൊരു ലോകത്ത് എത്തപ്പെടും തിരിച്ചുള്ള യാത്ര ആനന്ദത്തിന്റേതായി മാറും. ഒരിക്കലും തിരിച്ചുപോകാൻ ആഗ്രഹിക്കാത്ത ആനന്ദത്തിന്റെ ആ ലോകം നമ്മൾ കീഴടക്കും. ബുദ്ധിക്ക് നിർവചിക്കാൻ കഴിയാത്ത ആനന്ദത്തിന്റെ ലോകത്തേക്കുള്ള യാത്രയാണ് ഓരോ ധ്യാനവും നമ്മെ പഠിപ്പിക്കുന്നത്.

ഓംങ്കാരധ്യാനം
🔥🔥🔥🔥
01] നട്ടെല്ല് നിവർത്തി ധ്യാനസനത്തിലേക്ക് വരിക.

02] കൈകൾ ചിന്മുദ്രയിൽ 

03] അൽപസമയം നമ്മുടെ ശ്വാസ ഗതിയെ നിരീക്ഷിക്കുക. ശ്വാസത്തിന്റെ ദൈർഘ്യം വർധിപ്പിച്ച് മനസ്സിനെ ശാന്തമാക്കുക.

04] ഓംങ്കാരം 9 ആവർത്തി ശബ്ദത്തിൽ ഉച്ചരിക്കുക അതിന്റെ കമ്പനങ്ങളെ അറിയുക.

05] വീണ്ടും 9 ആവർത്തി ഓംങ്കാരം ഉച്ചരിക്കുക, ഓരോ അവർത്തിക്ക് ശേഷവും ഉള്ള നിശബ്ദതയെ ആസ്വദിച്ച് നിശബ്ദമായി ശ്വാസം എടുത്തുവിടുക

06] വീണ്ടും 9 ആവർത്തി ഓംങ്കാരം ഉച്ചരിക്കുക, ഓരോ അവർത്തിക്ക് ശേഷവും ദീർഘമായി ശ്വാസം എടുത്തുവിടുമ്പോൾ മനസ്സിൽ ഓംങ്കാരം ഉച്ചരിക്കുക അതിന്റെ കമ്പനങ്ങളെ അറിയുക.

07] വീണ്ടും 9 ആവർത്തി മനസ്സിൽ ഓംങ്കാരം ഉച്ചരിക്കുക. ഓരോ ഓംകാരത്തിന്റെ ഇടവേളകളിൽ ഉള്ള നിശബ്ദതയെ അറിയുക

08]ഇടവേളകളുടെ ദൈർഘ്യം വർധിപ്പിക്കുക

09] ആ നിശബ്ദതയിൽ വിലയം പ്രാപിക്കുക.

10] ഒരു ശാന്തി മന്ത്രത്തോടെ സവധാനത്തിൽ തിരിച്ചു വരിക. ഈ ഭൗതിക ലോകത്തെ തിരിച്ചറിയുക.

No comments:

Post a Comment