സൂര്യാസ്തമയത്തിനു ശേഷം സഞ്ചാരികള്‍ പോകുവാന്‍ ഭയക്കുന്ന ക്ഷേത്രം!!
ചരിത്രവും വിശ്വാസങ്ങളും വേണ്ടുവോളം ഇടകലര്‍ന്നു നില്ക്കുന്ന ഒരു കൂട്ടം ക്ഷേത്രങ്ങളും പരിസരവും! പക്ഷേ, പറഞ്ഞു കേള്‍ക്കുന്ന കഥകളധികവും ഇവിടെ ഭയപ്പെടുത്തുന്നവയാണ്. ക്ഷേത്രത്തിന്റെ പ്രശാന്തതയോയും പവിത്രതയോടും ഒരു തരത്തിലും ചേര്‍ന്നു പോകാത്ത തരത്തില്‍ ഭയപ്പെടുത്തുന്ന കാര്യങ്ങളാണ് ഈ നാടിന്റെ പ്രത്യേകത. പറഞ്ഞു വരുന്നത് രാജസ്ഥാനിലെ ഒരു ക്ഷേത്രത്തെക്കുറിച്ചാണ്
യഥാര്‍ത്ഥത്തില്‍ ഒന്നല്ല, അഞ്ച് ക്ഷേത്രങ്ങള്‍ ചേര്‍ന്ന കിരാഡു ക്ഷേത്രസമൂഹം. സാധാരണ ക്ഷേത്രമെന്നും ചരിത്രമെന്നും കേള്‍ക്കുമ്പോള്‍ എത്തിച്ചേരുന്ന സഞ്ചാരികള്‍ പോലും പലപ്പോഴും ഇവിടം ഒഴിവാക്കുകയാണ് പതിവെന്ന് ഇവിടെയെത്തിയ ആളുകളുടെ എണ്ണം കാണുമ്പോള്‍ അറിയാം... എന്നാല്‍ യാത്രകളില്‍ അല്പം ത്രില്ലും വ്യത്യസ്തതയും വേണ്ടവര്‍ കേട്ടും അന്വേഷിച്ചും ഇവിടെ എത്തുക തന്നെ ചെയ്യും. ഒരേ സമയം അത്ഭുതപ്പെടുത്തുകയും അതുപോലെ ഭയപ്പെടുത്തുകയും ചെയ്യുന്ന കിരാഡുവിന്റെ വിശേഷങ്ങളിലേക്ക്!!
രാജസ്ഥാനിലെ താര് മരുഭൂമിയില്‍ സ്ഥിതി ചെയ്യുന്ന പുരാതന ക്ഷേത്രങ്ങളുടെ ഒരു കൂട്ടമാണ് കിരാഡു ക്ഷേത്രങ്ങള്‍ എന്നറിയപ്പെടുന്നത്. ബാര്‍മെറില്‍ നിന്നും 39 കിലോമീറ്റര്‍ അകലെയുള്ള ഹാഥ്മാ ഗ്രാമത്തില്‍ സ്ഥിതി ചെയ്യുന്ന അഞ്ചു ക്ഷേത്രങ്ങളാണിത്. പതിനൊന്നാം നൂറ്റാണ്ടിനും 12-ാം നൂറ്റാണ്ടിനും ഇടയില്‍ നിര്‍മ്മിക്കപ്പെട്ട ഈ ക്ഷേത്രങ്ങള്‍ വിശ്വാസത്തിനുമപ്പുറം ചരിത്രവുമായി ഏറെ ബന്ധപ്പെട്ടു കിടക്കുന്നു
പ്രാചീന ലിഖിതങ്ങളില്‍ കിരാഡ് കൂപ എന്നറിയപ്പെട്ടിരുന്ന ഹാഥ്മ പന്വാരാ രാജാക്കന്മാരുടെ തലസ്ഥാനം ആയിരുന്നു ഈ പ്രദേശം എന്നാണ് കരുതപ്പെടുന്നത്. അഞ്ചു ക്ഷേത്രങ്ങളില്‍ വച്ച് സോമേശ്വരക്ഷേത്രമാണ് ഏറ്റവും വലിയത്. ഈ ശിവക്ഷേത്രം പതിനൊന്നാം നൂറ്റാണ്ടില്‍ പണി കഴിപ്പിക്കപ്പെട്ടതാണ്.11-ാം നൂറ്റാണ്ടിനു മുന്‍പായി ഇവിടെ നിരവധി ചെറിയ രാജവംശങ്ങൾ ഭരണം നടത്തിയിരുന്നുയ. ഇവരെയെല്ലാം നിയന്ത്രിച്ചിരുന്നത് ചാലൂക്യ ഭരണാധികാരികള്‍ ആയിരുന്നു. 1140 കളിൽ ചൗലൂക്യ ഭരണാധികാരികളായ ജയസിംഹ സിദ്ധരാജന്റെയും കുമാരപാലയുടെയും പ്രീതി നേടിയ പരമര വിഭാഗത്തിലെ സോമശ്വര രാജാവ് ഇവിടുത്തെ മറ്റൊരു ഭരണാധികാരിയായി ഉയര്‍ന്നു വന്നു,
എന്തൊക്കെയായാലും അക്കാലത്ത് ഇവിടെ 108 ക്ഷേത്രങ്ങള്‍ ഉണ്ടായിരുന്നുവെന്നാണ് വിശ്വാസം
മറ്റു ചില ചരിത്രങ്ങള്‍ അനുസരിച്ച് കിരാഡു വിഭാഗത്തില്‍ പെട്ടവരാണ് ഈ ക്ഷേത്രങ്ങള്ഡ നിര്‍മ്മിച്ചത് എന്നാണ് പറയപ്പെടുന്നത്. ഇതു കൂടാകെ ചാലൂക്യ രാജാക്കന്മാരാണ് ഈ ക്ഷേത്രങ്ങള്‍ നിര്‍മ്മിച്ചതെന്നും അവകാശപ്പെടുന്ന ചരിത്രകാരന്മാരും ഉണ്ട്. എന്തു തന്നെയായാലും നിലവില്‍ ഇവിടെ അഞ്ച് ക്ഷേത്രങ്ങള്‍ മാത്രമേ കാണുവാന്‍ സാധിക്കു. ബാക്കി ക്ഷേത്രങ്ങളുടെ അവശിഷ്ടങ്ങളും മറ്റും പ്രദേശത്തിന്റെ പല ഭാഗങ്ങളിലായുണ്ട്
ഇന്ന് ഇവിടെ അവശേഷിച്ചിരിക്കുന്ന ക്ഷേത്രങ്ങളില്‍ ഏറ്റവും പ്രസിദ്ധവും പ്രധാനപ്പെട്ടതുമായത് സോമേശ്വര ക്ഷേത്രമാണ്. പതിനൊന്നാം നൂറ്റാണ്ടില്‍ പണികഴിപ്പിക്കപ്പെട്ട ഈ ക്ഷേത്രം ഇവിടുത്തെ ക്ഷേത്രങ്ങളില്‍ ഏറ്റവും വലുതും കൂടിയാണ്. നിര്‍മ്മാണത്തില്‍ വളരെയധികം പ്രത്യേകതകളും സവിശേഷതകളും സോമേശ്വര ക്ഷേത്രത്തില്‍ കണ്ടെത്തുവാന്‍ സാധിക്കും. ശ്രീകോവില്‍ പ്രതിഷ്ഠിച്ചിരിക്കുന്നത് അധോമുഖമായി കൊത്തിയ ഒരു താമരപ്പൂവിന്മേലാണ്. ശില്പങ്ങളും ഗോപുരങ്ങളം താഴികക്കുടങ്ങളും ഈ ക്ഷേത്രത്തിന്റെ ഭംഗി വര്‍ധിപ്പിക്കുന്നു
കാലാകാലങ്ങളായി ക്ഷേത്രത്തെ സംബന്ധിക്കുന്ന പല വിശ്വാസങ്ങളും പേടിപ്പിക്കുന്ന കഥകളും ഇവിടെയുണ്ട്. മിക്കപ്പോഴും സൂര്യനസ്തമിച്ചു കഴിഞ്ഞാല്‍ ഇവിടെ നില്ക്കുവാന് ആളുകള്‍ താല്പര്യപ്പെടാറില്ല... ഇവിടുള്ളവര്‍ അതിനെ പ്രോത്സാഹിപ്പിക്കാറുമില്ല. ഇതിനു കാരണം ഇവിടുത്തെ ചില കഥകള്‍ തന്നെയാണ്
ഒരിക്കല്‍ ഇവിടം ഭരിച്ചിരുന്ന പാര്‍മര രാജവംശത്തിലെ സോമേശ്വര രാജാവ് രാജ്യത്തിന്റെ അഭിവൃദ്ധിക്കും ഐശ്വര്യത്തിനുമായി ഒരു സന്യാസിയെ ഇവിടേക്ക് ക്ഷണിക്കുകയുണ്ടായി.
സന്യാസിയുടെ പ്രാര്‍ത്ഥനകളുടെയും പൂജകളുടെയും ഫലമായി രാജ്യം പഴയതുപോലെ ഐശ്വര്യ സമൃദ്ധമായി മാറി. എന്നാല്‍ അപ്പോഴേയ്ക്കും എല്ലാവരും സന്യാസിയെ മറന്നു തങ്ങളുടെ ജീവിതത്തിന്റെ തിരക്കുകളിലേക്ക് മടങ്ങിപ്പോയി. അപ്പോഴും സന്യാസിയെ സംരക്ഷിച്ചത് ഇവിടുത്തെ ഒരു ചുമട്ടുകാരന്റെ ഭാര്യയാണ്. രാജ്യം തന്നോട് കാണിച്ച നന്ദികേടില് കോപിഷ്ഠനായ സന്യാസി അവിടുത്തെ മനുഷ്യത്വമില്ലാത്ത ജനങ്ങള്‍ ഇല്ലാതായി പോകട്ടെ എന്നു ശപിച്ചു. കൂടാതെ അവിടെ ഉള്ളവര്‍ കല്ലായിതീരും എന്നും ശപിച്ചു. തന്നെ ശുശ്രൂഷിച്ച ചുമട്ടുകാരന്റെ ഭാര്യയെ മാത്രം അദ്ദേഹം ശാപത്തില്‍ നിന്നും ഒഴിവാക്കിയിരുന്നു. തിരിഞ്ഞുനോക്കാതെ ഗ്രാമാതിര്‍ത്തി വൈകുന്നേരത്തിനു മുന്‍പേ കടക്കണമെന്ന് അയാള്‍ അവരോട് ആവശ്യപ്പെട്ടു
അദ്ദേഹത്തിന്റെ ശാപത്തെത്തുടര്‍ന്ന് അവിടെയുള്ള എല്ലാം, മനുഷ്യരടക്കം കല്ലായി മാറി. തിരിഞ്ഞു നോക്കാതെ പോയ ചുമട്ടുകാരന്റെ ഭാര്യ ഗ്രാമാതിര്‍ത്തി എത്തിയപ്പോള്‍ ആകാംക്ഷ കൊണ്ട് തിരിഞ്ഞു നോക്കുകയുണ്ടായി. ഉടനെ അവിടെത്തന്നെ അവരും കല്ലായി മാറി. ഗ്രാമത്തിന്റെ അതിര്‍ത്തിയില്‍ തിരിഞ്ഞു നോക്കുന്ന നിലയിലുള്ള കല്പ്രതിമ ഈ സ്ത്രീയുടേതാണത്രെ. ഇന്നും ഈ ഗ്രാമത്തിന് സന്യാസിയുടെ ശാപം ഉണ്ടെന്നാണ് വിശ്വസിക്കപ്പെടുന്നത്
രസകരമായ കൊത്തുപണികളും പുരാണങ്ങളിലെ കഥാസന്ദര്‍ഭങ്ങളുമെല്ലാം ഇവിടെ ചുവരില്‍ കാണുവാന്‍ സാധിക്കും. സങ്കീര്‍ണ്ണവും വൈവിധ്യ പൂര്‍ണ്ണവുമായ രീതിയിലാണ് ഇവിടുതതെ കൊത്തുപണികള്‍ ഉള്ളത്. ഇവിടുത്തെ ഈ ക്ഷേത്രാവശിഷ്ടങ്ങള്‍ നിങ്ങള്‍ക്ക് പോയികാണാം....എന്നാല്‍ സൂര്യാസ്തമയത്തിനു ശേഷം ഇവിടെ നില്‍ക്കരുത് കാരണം നിഴല്‍ മാഞ്ഞാല്‍ പ്രേതങ്ങള്‍ ഇവിടെ ഇറങ്ങും. !! എന്നാണത്രെ ഇവിടുള്ളവര്‍ പറയുന്നത്
No comments:
Post a Comment