ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

28 July 2021

രാവണന്റെ 18 ശാപങ്ങൾ

രാവണന്റെ 18 ശാപങ്ങൾ

കമ്പരാമായണത്തിലെ വിഭീഷണന്റെ ഉപദേശമധ്യേ അദ്ദേഹമാണ് രാവണന് സിദ്ധിച്ചിട്ടുള്ള ആപൽബീജങ്ങളായ 18 ഘോരാശാപങ്ങളെക്കുറിച്ചു കഥിക്കുന്നത് . അതിനു പരിഹാരവും വിഭീഷണൻ പറയുകയുണ്ടായി പക്ഷെ രാവണൻ ഇത് സ്വീകരിച്ചില്ല. അവയെ കുറിച്ച് ഒന്ന് നോക്കാം..

1. നളകൂബര ശാപം
🔥●●●ॐ▬▬▬࿗▬▬▬ॐ●●●🔥
നമ്മുടെയൊക്കെ ജ്യേഷ്ഠനായ കുബേരദേവന്റെ പുത്രനായ നളകൂബരന്റെ ധർമ്മപത്നിയായ രംഭാദേവിയെ അവിടുന്നു ഒരു യാത്രയ്ക്കിടയിൽ കടന്നുപിടിച്ചു ബലാൽ കാമപൂർത്തി വരുത്തുകയുണ്ടായി . ആ സമയം അങ്ങയുടെ കൂടി പുത്രതുല്യനായ നളകൂബരദേവൻ "നിന്റെ പത്തു തലയും ഏഴേഴായി പൊട്ടിത്തെറിച്ച് നീ മരിക്കുമെന്ന്" -ഹൃദയവേദനയോടെ അങ്ങയെ ശപിച്ചു .

2. വേദവതീ ശാപം
🔥●●●ॐ▬▬▬࿗▬▬▬ॐ●●●🔥
കുശധ്വജൻ എന്ന വിപ്രമുനിയുടെ ഏക മകളായ വേദവതി ബ്രഹ്മചര്യത്തോടെ വിഷ്ണുവിനെ പതിയായി ലഭിക്കുവാൻ തപസ്സു ചെയ്യവേ , അവളെ അങ്ങ് ബലാൽ പിടികൂടി വലിച്ചിഴച്ചു . അപ്പോൾ അവൾ , "നീയും നിന്റെ കുടുംബവും ഞാൻ കാരണം , എന്റെ പതിയാകുന്ന വിഷ്ണുവിനാൽ നാശമടയട്ടേ" -എന്ന് അങ്ങയെ ഘോരമായി ശപിച്ചു . ഇപ്പോൾ അങ്ങ് ഇവിടെ കൊണ്ടുവന്നിരിക്കുന്ന സീത ആ പഴയ വേദവതിയുടെ പുനർജന്മമാണ്‌ രാജാവേ .

3. ബ്രാഹ്മണശാപം
🔥●●●ॐ▬▬▬࿗▬▬▬ॐ●●●🔥
പരമശിവൻ അങ്ങേയ്ക്കു സമ്മാനമായി തന്ന ത്രിപുരസുന്ദരീ വിഗ്രഹം പ്രതിഷ്ഠിക്കാൻ അങ്ങ് ഒരു ബ്രാഹ്മണനെ ക്ഷണിച്ചിരുന്നു . അദ്ദേഹം വരാൻ കുറച്ചു താമസിച്ചു പോയതിനു , അങ്ങ് അദ്ദേഹത്തെ മർദ്ദിച്ച് അവശനാക്കി ഏഴു ദിവസം പച്ചവെള്ളം പോലും കൊടുക്കാതെ തടവിലിട്ടു . അതിനു അദ്ദേഹം " നിന്നെയും ഒരു മനുഷ്യൻ കര -ചരണങ്ങൾ ബന്ധിച്ച് ഏഴു ദിവസം കാരാഗൃഹത്തിൽ പൂട്ടിയിടട്ടെ "-എന്ന് ശപിച്ചു .

4. നന്ദികേശ്വര ശാപം
🔥●●●ॐ▬▬▬࿗▬▬▬ॐ●●●🔥
അങ്ങ് ഒരിക്കൽ കൈലാസ പാർശ്വത്തിൽ വച്ച് നന്ദിദേവനെ "കുരങ്ങാ" എന്ന് വിളിച്ചു അപമാനിച്ചു . അപ്പോൾ നിന്റെയും "നഗരിയുടെയും കുടുംബത്തിന്റെയും നാശം കുരങ്ങന്മാരാൽ തന്നെ സംഭവിക്കുമെന്ന്" അങ്ങയെ ശപിച്ചു . ഇപ്പോൾ ഇവിടെ വന്നിരിക്കുന്ന കുരങ്ങന്മാർ അങ്ങേയ്ക്കു നാശമുണ്ടാക്കുമെന്നാണ് എനിക്ക് തോന്നുന്നത് . നന്ദിയുടെ ശാപമനുസരിച്ചു വന്നവരാണവർ .

5. വസിഷ്ഠ ശാപം
🔥●●●ॐ▬▬▬࿗▬▬▬ॐ●●●🔥
വേദശാസ്ത്രങ്ങൾ പഠിപ്പിക്കാൻ ക്ഷണിക്കപ്പെട്ട വസിഷ്ഠമുനി അങ്ങയുടെ ആജ്ഞ നിരാകരിച്ചു . അപ്പോൾ , കുപിതനായ അവിടുന്ന് അദ്ദേഹത്തെ പിടിച്ചുകെട്ടി തടവിലിട്ടു . അപ്പോൾ സൂര്യകുലരാജാവായ കുവലാശ്വൻ അദ്ദേഹത്തെ രക്ഷിക്കുകയുണ്ടായല്ലോ . അപ്പോൾ ആ ഋഷി "സൂര്യകുലജാതരിൽ നിന്നും നിനക്കും നിന്റെ വംശത്തിനും നാശമുണ്ടാകട്ടെയെന്നു അങ്ങയെ ശപിച്ചു ". ഇപ്പോൾ നമ്മുടെ ശത്രുവായി വന്നിരിക്കുന്ന രാമൻ സൂര്യകുല രാജാവാണ് .

6. അഷ്ടാവക്ര ശാപം
🔥●●●ॐ▬▬▬࿗▬▬▬ॐ●●●🔥
അങ്ങ് ഒരിക്കൽ ശ്‌ളേഷ്മാതകത്തിൽ വച്ച് അഷ്ടാവക്രനെ കണ്ടു . അദ്ദേഹത്തിൻറെ ശരീരത്തിലെ എട്ടു വളവുകളും കണ്ടു , " ഹായ് സുന്ദരാ , നിന്റെ വളവുകൾ ഞാൻ മാറ്റിത്തരാം "-എന്ന് പറഞ്ഞുകൊണ്ട് അദ്ദേഹത്തെ ചവുട്ടി വീഴ്ത്തി . തെറിച്ചു വീണു വേദനയാൽ കരഞ്ഞ അദ്ദേഹത്തെ അങ്ങ് വീണ്ടും അപമാനിച്ചു . അപ്പോൾ അദ്ദേഹം , " നിരപരാധിയായ എന്നെ ഇങ്ങനെ ചെയ്തതുകൊണ്ട് , നിന്നെയും ചപല കപികൾ പാദാദികേശം ചവുട്ടി ഞെരിച്ച് ചതച്ചുവിടും " എന്ന് അങ്ങയെ ശപിച്ചു .

7. ദത്താത്രേയ ശാപം
🔥●●●ॐ▬▬▬࿗▬▬▬ॐ●●●🔥
ഗുരുവിനു അഭിഷേകം ചെയ്യാൻ തയ്യാറാക്കിയ തീർത്ഥ കുംഭം അങ്ങ് ദത്താത്രേയനിൽ നിന്നും പിടിച്ചു വാങ്ങി സ്വയം അഭിഷേകം ചെയ്യുകയുണ്ടായല്ലോ . അപ്പോൾ ദത്താത്രേയൻ "നിന്റെ ശിരസ്സ് വാനരന്മാർ ചവുട്ടി അശുദ്ധമാക്കട്ടെ" -എന്ന് ശപിച്ചതോർക്കുന്നില്ലേ .

8. ദ്വൈപായന ശാപം
🔥●●●ॐ▬▬▬࿗▬▬▬ॐ●●●🔥
സ്വന്തം സഹോദരിയെ കണ്മുന്നിൽ വച്ച് ഉപരോധക്രിയ നടത്തി അധരാദ്യവയവങ്ങൾ മുറിപ്പെടുത്തിയപ്പോൾ ദ്വൈപായനൻ എന്ന ബ്രാഹ്മണൻ, "നിന്റെ സോദരിയെ ഒരു മനുഷ്യൻ അംഗഭംഗപ്പെടുത്തുമെന്നും , നിന്റെ ഭാര്യയെ വാനരന്മാർ മാനഭംഗപ്പെടുത്തുമെന്നും"- അങ്ങയെ ശപിച്ചിട്ടുണ്ട് .

9. മാണ്ഡവ്യ ശാപം
🔥●●●ॐ▬▬▬࿗▬▬▬ॐ●●●🔥
അങ്ങ് മണ്ഡോദരിയുമൊന്നിച്ച് വിനോദസഞ്ചാരം ചെയ്യുമ്പോൾ മാണ്ഡവ്യൻ എന്ന മഹർഷി അങ്ങയെ കണ്ടിട്ട് വന്ദിച്ചില്ല എന്ന കാരണത്താൽ അദ്ദേഹത്തെ നിർദ്ദയമായി അങ്ങ് മർദ്ദിക്കുകയുണ്ടായി . അപ്പോൾ ആ മുനി , " നിന്നെയും ഒരു വാനരവീരൻ ഇതുപോലെ മർദ്ദിക്കും " എന്ന് അങ്ങയെ ശപിച്ചു .

10. അത്രി ശാപം
🔥●●●ॐ▬▬▬࿗▬▬▬ॐ●●●🔥
അത്രി മുനിയുടെ ധർമ്മപത്നിയെ അങ്ങ് അദ്ദേഹത്തിൻറെ മുന്നിലിട്ട് തലമുടിക്ക് പിടിച്ച് വലിച്ചിഴയ്ക്കുകയുണ്ടായല്ലോ . അപ്പോൾ , " നിന്റെ പത്നിയേയും വാനരന്മാർ വസ്ത്രമഴിച്ച് മുടിപിടിച്ച് വലിച്ച് നിന്റെ കൺമുന്നിലിട്ടു അപമാനിക്കും " എന്ന് മുനി അങ്ങയെ ശപിച്ചു .

11. നാരദ ശാപം
🔥●●●ॐ▬▬▬࿗▬▬▬ॐ●●●🔥
ഓംകാരത്തിന്റെ അർത്ഥം പറഞ്ഞുകൊടുക്കാത്തതിന് നാരദമുനിയുടെ നാക്ക് മുറിക്കുമെന്നു അങ്ങ് ഒരിക്കൽ അദ്ദേഹത്തെ ഭീഷണിപ്പെടുത്തി . അപ്പോൾ , " നിന്റെ പത്തു തലയും മനുഷ്യൻ മുറിച്ചു കളയുമെന്ന്"- നാരദൻ അങ്ങയെ ശപിച്ചിട്ടുണ്ട് .

12. ഋതുവർമ്മ ശാപം
🔥●●●ॐ▬▬▬࿗▬▬▬ॐ●●●🔥
മാരുതവനത്തിൽ വച്ച് വാനപ്രസ്ഥനായി വസിച്ച ഋതുവർമ്മന്റെ പത്നിയായ മദനമഞ്ജരിയെ അങ്ങ് ഒരിക്കൽ ബലാൽസംഗം ചെയ്‌തല്ലോ . അപ്പോൾ, "നീ മനുഷ്യനാൽ കൊല്ലപ്പെടും" - എന്ന് ഋതുവർമ്മൻ അങ്ങയെ ശപിച്ചു .

13. മൗൽഗല്യ ശാപം
🔥●●●ॐ▬▬▬࿗▬▬▬ॐ●●●🔥
കദംബവനവാസിയായ മൗൽഗല്യ മഹർഷി ഒരിക്കൽ യോഗദണ്ഡിൽ പിടലി താങ്ങിയിരിക്കുമ്പോൾ അങ്ങ് അവിടെയെത്തി അദ്ദേഹത്തിൻറെ യോഗദണ്ഡ് ചന്ദ്രഹാസം കൊണ്ട് വെട്ടി മുറിച്ചു . മുനി മലർന്നടിച്ചു വീണു . അപ്പോൾ ആ മുനി , " എടാ നീചാ , നിന്റെ ചന്ദ്രഹാസം ഇനി ഒരിടത്തും ഫലിക്കുകയില്ല " -എന്ന് അങ്ങയെ ശപിച്ചിട്ടുണ്ട് .

14. ബ്രാഹ്മണീജന ശാപം
🔥●●●ॐ▬▬▬࿗▬▬▬ॐ●●●🔥
സമുദ്രസ്നാനത്തിന് എത്തിയ ഏതാനും ബ്രാഹ്മണയുവതികൾ അവരുടെ അമ്മമാരുടെ മുന്നിൽ വച്ച് അങ്ങയാൽ മാനഭംഗത്തിനിരയായി . അപ്പോൾ ആ മാതാക്കൾ , " നിന്റെ കുടുംബിനിയേയും നിന്റെ കണ്മുന്നിൽ വച്ച് ഇതുപോലെ ചപല കപികൾ അപമാനിക്കും " -എന്നും അങ്ങയെ ശപിച്ചു .

15. അഗ്നി ശാപം
🔥●●●ॐ▬▬▬࿗▬▬▬ॐ●●●🔥
അഗ്നിയുടെ മുന്നിൽ വച്ച് അദ്ദേഹത്തിൻറെ പത്നിയായ സ്വാഹാദേവിയെ അങ്ങ് ബലാത്സംഗം ചെയ്തല്ലോ . അപ്പോൾ , " നീ നോക്കിയിരിക്കെ നിന്റെ പത്നിയെ കുരങ്ങന്മാർ ബലാത്സംഗം ചെയ്യും "-എന്ന് അഗ്നിദേവൻ അങ്ങയെ ശപിച്ചു .

16. അനരണ്യ ശാപം
🔥●●●ॐ▬▬▬࿗▬▬▬ॐ●●●🔥
സൂര്യവംശജനായ അനരണ്യൻ എന്ന രാജർഷിയെ അങ്ങ് ഒരിക്കൽ യുദ്ധത്തിന് വിളിച്ചു . വൃദ്ധനായ അദ്ദേഹത്തിന് യുദ്ധത്തിൽ താല്പര്യമില്ലാതിരുന്നിട്ടും അങ്ങയോടു അദ്ദേഹം പൊരുതി . തോല്വിപറ്റിയ അദ്ദേഹം അങ്ങയോടു സന്ധി ചെയ്യാനൊരുങ്ങുകയും , കരഞ്ഞുകൊണ്ട് "സഹായിക്കണം" എന്ന് പറയുകയും ചെയ്തില്ലേ . പക്ഷെ അങ്ങ് അദ്ദേഹത്തെ നെഞ്ചിലിടിച്ച് കൊന്നപ്പോൾ , അദ്ദേഹം - "എന്റെ വംശത്തിൽ ജനിച്ച ഒരു രാജകുമാരന്റെ അസ്ത്രങ്ങളാൽ നിന്റെ പത്തുശിരസ്സുകളുമറ്റു നീ മരിക്കും "-എന്ന് കരഞ്ഞുകൊണ്ട് മരണവാക്കായി അങ്ങയെ ശപിച്ചു .

17. ബൃഹസ്പതീ ശാപം
🔥●●●ॐ▬▬▬࿗▬▬▬ॐ●●●🔥
അങ്ങ് സ്വർഗ്ഗവിജയം കഴിഞ്ഞു വരുമ്പോൾ ബൃഹസ്പതിയുടെ മകളായ സുലേഖാദേവിയെ അങ്ങ് അദ്ദേഹത്തിൻറെ മുന്നിലിട്ട് ബലാൽക്കാരം ചെയ്തുവല്ലോ . അപ്പോൾ , " കാമബാണമേറ്റ് മദിക്കുന്ന നീ രാമബാണമേറ്റ് മരിക്കും "-എന്ന് ബൃഹസ്പതി അങ്ങയെ ശപിച്ചിട്ടുണ്ട് .

18. ബ്രഹ്മദേവ ശാപം
🔥●●●ॐ▬▬▬࿗▬▬▬ॐ●●●🔥
ബ്രഹ്‌മാവിന്റെ മാനസപുത്രിയായ പുഞ്ജികാദേവിയെ ഒരിക്കൽ അങ്ങ് അപമാനിക്കാൻ തുടങ്ങിയപ്പോൾ , "സമ്മതമില്ലാത്തവളെ തൊട്ടാൽ നിന്റെ തല പത്തും പൊട്ടിത്തെറിച്ചുപോകും "- എന്ന് ബ്രഹ്മദേവൻ അങ്ങയെ ശപിച്ചു .

No comments:

Post a Comment