രാമായണമാസാചരണം
ചന്ദസ്സ്:-
ബ്രഹ്മാ ഋഷി:
ഗായത്രീ ച്ഛന്ദ:
ശ്രീരാമോ ദേവതാ
മൂലമന്ത്രം :-
ഓം രാം രാമായ നമ:
ധ്യനശ്ലോകം :-
കാളാം ഭോധര കാന്തികന്തമനിശം
വീരാസനാദ്ധ്യാസിനം
മുദ്രാം ജ്ഞാനമയീം ദധാനപരം
ഹസ്താംബുജം ജാനുനി,
സീതാംപാർശ്വഗതാം സരോരുഹ കരാം
വിദ്യുന്നിഭാം രാഘവം
പശ്യന്തം മുകുടാം ഗദാദി വിവിധാ-
കല്പോ ജ്വലാംഗം ഭജേ !
രാമ ഗായത്രി :-
ഓം ദശരഥായ വിദ്മഹേ
സീതാ വല്ലഭായ ധീമഹി
തന്നോ : രാമ പ്രചോദയാത് .
വീണ്ടും വന്നിരിക്കുന്നു മറ്റൊരു പുണ്യകർക്കിടകം...
മലയാളികൾ വിട്ടൊഴിഞ്ഞ, ഉപേക്ഷിച്ച നന്മയുടെ കര്‍ക്കടകം, ഇതാ എത്തിയിരിക്കുന്നു.
കൃഷി മാത്രം ഉപജീവനമായിരുന്ന ഒരു കാലഘട്ടത്തില്‍ കര്‍ക്കടക മാസം കഷ്ടതയുടേയും ദാരിദ്ര്യത്തിന്റേയും മാസമായിരുന്നു. ‘പഞ്ഞകര്‍ക്കടകം’ കടന്ന് ചിങ്ങപ്പുലരിയെ വരവേല്‍ക്കാന്‍ മനസ്സും ശരീരവും സജ്ജമാക്കാന്‍ ഔഷധസേവയും ഈശ്വരനാമജപവും കൊണ്ട് ധന്യമാക്കപ്പെടുന്ന ദിവസങ്ങള്‍.! മഴ പെയ്ത് തണുത്ത മണ്ണില്‍നിന്നും പൊട്ടിമുളയ്ക്കുന്ന കശുവണ്ടി കുരുപ്പുകള്‍, ഇത്തിരികുഞ്ഞന്‍ വിത്തുകള്‍….! പാടവരമ്പത്ത് തവളക്കൂട്ടങ്ങളുടെ വിടുവായ്ത്താരികള്‍, ഓരോ പിടി മണ്ണിനും കുട ചൂടിക്കാന്‍ വെമ്പുന്ന വെണ്‍കൂണുകള്‍; മഴയില്‍ കുളിച്ച് ഈറനണിഞ്ഞ് നില്ക്കുന്ന വള്ളിപ്പടര്‍പ്പുകള്‍… വൃക്ഷത്തളിരുകള്‍…! ഒരു കുഞ്ഞിന്റെ ചിരിയുടെ നിഷ്കളങ്കതയാണ് എന്നും കര്‍ക്കടക മാസത്തിന്. മീനം-മേട മാസത്തിലെ കടുത്ത വേനലിന്റെ ആധിക്യത്തില്‍ കാര്‍ഷിക വിളകള്‍ക്ക് നാശം സംഭവിക്കുമ്പോള്‍ കര്‍ക്കടകത്തിലെ പട്ടിണി മാറ്റാന്‍ ചക്കയും മാങ്ങയും അമ്പഴങ്ങയും ഇരുമ്പന്‍പുളിയുമെല്ലാം ഉണക്കിയും ഉപ്പിലിട്ടും അമ്മമാര്‍ സൂക്ഷിച്ച് വയ്ക്കും. പ്രകൃതിയുടെ മാറ്റത്തിനൊപ്പം സര്‍വജീവജാലങ്ങളും ചുവട് വയ്ക്കും. ഉറുമ്പും എലിയും അണ്ണാറക്കണ്ണനും കിളികളുമെല്ലാം വേനല്‍ക്കാലത്ത് സ്വരുക്കൂട്ടിവച്ച ഭക്ഷണശേഖരത്തിന്റെ കലവറ തുറക്കും.
ഇങ്ങനെ ചില കര്‍ക്കട കാഴ്ചകളിലേക്ക് വീണ്ടും ഒരിക്കല്‍ക്കൂടി.
കുളി കഴിഞ്ഞ് വന്നാല്‍ സ്ത്രീകള്‍ ദശപുഷ്പം ചൂടണം. കൃഷ്ണക്രാന്തി, കറുക, മുയല്‍ച്ചെവിയന്‍, തിരുതാളി, ചെറൂള, നിലപ്പന, കയ്യോന്നി, പൂവാംകുറുന്തല്‍, മുക്കുറ്റി, വള്ളിയുഴിഞ്ഞ എന്നിങ്ങനെ പത്ത് ഔഷധപുഷ്പങ്ങള്‍ ഓരോന്നും ഓരോ ദിവസവും എന്നാണ് കണക്ക്. കൂടുതലായും നമ്പൂതിരി ഇല്ലങ്ങളിലും നായര്‍ തറവാടുകളിലുമാണ് ഈ ആചാരം നിലനിന്നിരുന്നത്.
കൊടിയാഴ്ചകളായ ചൊവ്വ, വെള്ളി, ഞായര്‍ ദിവസങ്ങളില്‍ ഇലക്കറി കഴിക്കണം എന്നത് ഒരു പഴയ നിഷ്ഠയാണ്. താള്, തകര, പയറ്, ഉഴുന്ന്, മത്തന്‍, കുമ്പളം, ചീര, തഴുതാമ, തുടിപ്പന്‍, പൊന്നാരിയില എന്നിങ്ങനെ പത്തിലക്കറികള്‍ കര്‍ക്കിടകത്തില്‍ ജീവകനഷ്ടം പരിഹരിക്കുന്നതിന് ഉത്തമമാകുന്നു. എന്നാല്‍ മുരിങ്ങയില കര്‍ക്കിടകത്തില്‍ നിഷിദ്ധമത്രെ. പത്തിലയുടെ ഗുണവും നല്കുന്ന താള് അതിവിശേഷമെന്ന് കരുതപ്പെടുന്നു. ചേര്‍ത്തല മരുത്തോര്‍വട്ടം ധന്വന്തരി ക്ഷേത്രത്തില്‍ കര്‍ക്കിടക മാസത്തില്‍ നല്കുന്ന താള് കറി പ്രസാദം അതിവിശേഷമാണ്.
മുക്കുറ്റി, കൃഷ്ണക്രാന്തി, പൂവാംകുറുന്തല്‍, മുയല്‍ച്ചെവിയന്‍, നിലംപാല, നിലപ്പന, വള്ളിയുഴിഞ്ഞ എന്നിങ്ങനെയുള്ള ഇരുപത്തിയെട്ടില്‍പ്പരം ഔഷധച്ചെടികള്‍ സമൂഹലം അരച്ചെടുത്ത നീരില്‍ പച്ചരി തിളപ്പിച്ച് തേങ്ങാപ്പാലും ജീരകവും ഇന്തുപ്പും ചേര്‍ത്ത് തയ്യാറാക്കുന്ന മരുന്ന് കഞ്ഞിയുടെ മാതൃസ്പര്‍ശം അറിയാത്ത മലയാളിയുണ്ടാവില്ല. ചിലയിടങ്ങളില്‍ ഉലുവാകഞ്ഞിയും മറ്റു ചിലയിടങ്ങളില്‍ കുറുന്തോട്ടിവേര്, ജീരകം, പഴുക്കപ്ലാവിലഞെട്ട് ഇവആട്ടിന്‍പാല്‍ ചേര്‍ത്ത് തിളപ്പിച്ച് ഞവരഅരിയില്‍ കഞ്ഞി വയ്ക്കുന്ന രീതിയുമുണ്ട്. സര്‍വ്വരോഗശമനത്തിനും പോഷകശോഷണത്തിനും ജീവനഷ്ടത്തിനും പരിഹാരമാണ് ഔഷധകഞ്ഞി. ഉഴിച്ചിലും പിഴിച്ചിലും ഞവരക്കിഴിയുമൊക്കെയായി നൂറ്റാണ്ടുകളുടെ പഴക്കമുണ്ട് ആയുര്‍വേദസുഖ ചികിത്സയ്ക്ക്. ശരീരത്തിന്റെ ദുര്‍മേദസ് അകറ്റുന്നതിനും പേശികളുടെയും ഞരമ്പുകളുടെയും പുഷ്ടിയ്ക്കും ശരിയായ രക്തചംക്രമണത്തിനും കര്‍ക്കിടക സുഖ ചികിത്സ സഹായകമാകും.
പത്ത് മഴ, പത്ത് വെയില്, പത്ത് മഞ്ഞ് അങ്ങനെയാണ് കര്‍ക്കിടകമാസം പൂര്‍ത്തിയാകുന്നത്. മഴകൊണ്ട് ക്ലേശിക്കുമ്പോല്‍ വീണ് കിട്ടുന്ന പത്ത് വെയില് മനസ്സിനും ശരീരത്തിനും നല്‍കുന്നത് വലിയ ആശ്വാസമാണ്. അതുകൊണ്ട് തന്നെയാവണം പത്തുണക്ക് (പത്ത് വെയില്) നാട്ടുചൊല്ലായി മാറിയത്.
കര്‍ക്കിടകച്ചൊല്ലുകള്‍
1. കര്‍ക്കിടകം കഴിഞ്ഞാല്‍ ദുര്‍ഘടം കഴിഞ്ഞു.
2. കര്‍ക്കിടകത്തില്‍ പത്തില തിന്നണം.
3. കര്‍ക്കിടകത്തില്‍ പട്ടിണി കിടന്നത് പുത്തരി കഴിഞ്ഞാല്‍ മറക്കരുത്.
4. കര്‍ക്കിടക ചേന കട്ടെങ്കിലും തിന്നണം.
5. കര്‍ക്കിടകത്തില്‍ പത്തുണക്കുണ്ട്
6. കര്‍ക്കിടകത്തില്‍ മര്‍ക്കിട മുഷ്ടി വേണ്ട
ഇങ്ങനെ കര്‍ക്കിടകത്തിന്റെ നന്മ തിന്മകള് വിളിച്ചോതുന്ന ഒട്ടേറെ പഴഞ്ചൊല്ലുകള്‍ നമുക്കുണ്ട്.
കര്‍ക്കിടകത്തിന്റെ പുണ്യമാണ് നാലമ്പല ദര്‍ശനം. തൃപ്രയാര്‍ ശ്രീരാമസ്വാമി ക്ഷേത്രം, കൂടല്‍മാണിക്യം ഭരതക്ഷേത്രം, തിരുമൂഴിക്കുളം, ലക്ഷ്മണപെരുമാള്‍ ക്ഷേത്രം, പായമ്മല്‍ ശത്രുഘ്നസ്വാമിക്ഷേത്രം ഇവയാണ് നാലമ്പലങ്ങള്‍. ദ്വാപരയുഗത്തില്‍ ഭഗവാന് ശ്രീകൃഷ്ണന് പൂജിച്ച വിഗ്രഹങ്ങളാണ് ഇവയെന്നും കാലാന്തരത്തില്‍ കടലെടുത്ത വിഗ്രഹങ്ങള്‍ മുക്കുവര്‍ക്ക് ലഭിച്ചുവെന്നും അവരത് അയിരൂര്‍ കോവിലകം മന്ത്രിയായിരുന്ന വാക്കയില്‍ കൈമളെ ഏല്‍പ്പിക്കുകയും അദ്ദേഹം പ്രശ്നം വയ്പ്പിച്ച് പണി കഴിപ്പിച്ചതാണ് നാലമ്പലങ്ങളെന്നും കരുതപ്പെടുന്നു. കര്‍ക്കിടകമാസത്തില്‍ നാലമ്പലങ്ങളും ഒരു ദിവസം ദര്‍ശിച്ചാല്‍ സുകൃതം ലഭിക്കുമെന്ന വിശ്വാസം മുന്‍കാലങ്ങളേക്കാള്‍ ഇന്ന് ബലപ്പെട്ടുകഴിഞ്ഞു.
കര്‍ക്കിടകം ജ്യേഷ്ഠഭഗവതിയുടെയും ചിങ്ങം ലക്ഷ്മിദേവിയുടെയും മാസമെന്നാണ് ഹൈന്ദവവിശ്വാസം. കര്‍ക്കിടക മാസത്തിലെ അവസാന ദിവസം ഗൃഹത്തിലെ അഴുക്കും പൊടിയും ചിലന്തിവലകളുമെല്ലാം അടിച്ചു തൂത്തുവാരി പടിക്കുപുറത്ത് കൊണ്ടുപോയിക്കളഞ്ഞ് ചാണകവെള്ളവും മഞ്ഞള്‍ അരച്ചതും ചേര്‍ത്തിളക്കി ഗൃഹവും പരിസരവും തളിച്ച് ശുദ്ധിവരുത്തും. (പണ്ട് തറകളില്‍ ചാണകവും ഉമിയും ചേര്‍ത്ത് മെഴുകുമായിരുന്നു) ജ്യേഷ്ഠയെ പുറത്താക്കി ലക്ഷ്മിദേവിയെ സ്വീകരിക്കുവാന്‍ ചിങ്ങപ്പുലരിയില്‍ ഓരോ ഗൃഹവും സജ്ജമാകും. കര്ക്കിടകത്തിന് വറുതിയുടെ മുഖം എന്നേ നഷ്ടമായിരിക്കുന്നു. ഭക്തിയും യുക്തിയും പ്രകൃതിയെ തൊട്ടറിഞ്ഞ ആചാരങ്ങളുംകൊണ്ട് സമ്പന്നമാണ് ഈ മാസം. തിന്മകളെ ത്യജിച്ച് നന്മയിലേക്കുള്ള പുനര്‍ജീവനമാണ് ഓരോ കര്‍ക്കിടകവും. വീണ്ടും തിരിമുറിയാത്ത മഴയും ഇടമുറിയാത്ത രാമനാമജപവുംകൊണ്ട് മുഖരിതമാകുന്ന ഒരു കര്‍ക്കിടകം കൂടി പിറന്നിരിക്കുന്നു.
No comments:
Post a Comment