ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

7 July 2020

ലഘുയോഗവാസിഷ്ഠം - 01

ലഘുയോഗവാസിഷ്ഠം - 01

വൈരാഗ്യപ്രകരണം

വൈരാഗ്യപ്രകരണമാണ് ലഘുയോഗവാസിഷ്ഠത്തില്‍ ആദ്യത്തേത്. ആകൃതികൊണ്ട് ഈ പ്രഥമപ്രകരണത്തെ മൂന്നു ഘടകങ്ങളാക്കിത്തിരിക്ക‍ാം; വൈരോഗ്യോല്‍പ്പത്തിവര്‍ണ്ണനം, ജഗല്‍ദോഷപ്രകാശനം, വൈരാഗ്യവര്‍ണ്ണനം ഇങ്ങനെ. ആദ്യത്തില്‍ അപരിച്ഛിന്നസച്ചിദാനന്ദപരിപൂര്‍ണ്ണമായ കൈവല്യസ്വരൂപത്തെ വണങ്ങി ഗ്രന്ഥം ആരംഭിക്കുന്നു. അത്യന്തമൂഢനോ പരമജ്ഞാനിയോ അല്ലാത്ത മദ്ധ്യവര്‍ത്തിയായ സാധകനാണ് – അതായതു ബദ്ധനായ ജിജ്ഞാസുവാണ് – ഈ മോക്ഷശാസ്ത്രത്തിന്നധികാരിയെന്നും സമര്‍ത്ഥിച്ചുകൊണ്ടാണ് ഗ്രന്ഥാരംഭം. അത്യന്തമൂഢനും പരമജ്ഞാനിയും ശാസ്ത്രത്തിന്നധികാരിയല്ല. അത്യന്തമൂഢനും ശാസ്ത്രം പ്രയോജനപ്പെടാന്‍ പോവുന്നില്ല. പരമജ്ഞാനിക്കാവട്ടെ, ആവശ്യവുമില്ല. അതിനാല്‍ ആ രണ്ടുവര്‍ഗ്ഗത്തിലും പെടാത്ത മദ്ധ്യവര്‍ത്തിയാണ് ശാസ്ത്രത്തിന്നധികാരി.

വൈരോഗ്യോല്‍പ്പത്തിവര്‍ണ്ണനം

വാല്മീകിയും ഭരദ്വാജനും തമ്മിലുള്ള സംവാദരൂപേണയാണ് പ്രതിപാദനം. ജിജ്ഞാസുവും, ജ്ഞാനത്തിന് ഉത്തമാധികാരിയുമായ ഭരദ്വാജന്‍ ഒരിക്കല്‍ മഹാത്മാവയ വാല്മീകിമഹര്‍ഷിയെ സമീപിച്ചു നമസ്ക്കരിച്ചു, സംസാരബന്ധത്തില്‍ നിന്നു രക്ഷപ്പെടാന്‍ പറ്റുന്ന പരമജ്ഞാനത്തെ ഉപദേശിച്ചാല്‍ക്കൊള്ളാമെന്ന് അപേക്ഷിച്ചു. ഏതൊരു ജ്ഞാനംകൊണ്ടാണോ പണ്ടു ശ്രീരാമചന്ദ്രന്‍ മുക്തനായത്, അതേ ജ്ഞാനത്തെ തനിക്കും ഉപദേശിച്ചാല്‍ കൊള്ളാമെന്ന് അപേക്ഷിച്ചു. അവിടെവെച്ച് പ്രതിപാദനം ആരംഭിക്കുന്നു. ആദ്യംതന്നെ നിരപാധികമായ ആത്മജ്ഞാനത്തിന്റെ മഹിമയെയും, വിവേകമുള്ള മനുഷ്യജന്മത്തെ കിട്ടീട്ടും അതിനെ പ്രാപിക്കാത്തവന്റെ മൂഢതയെയും, എന്ന് ചൂണ്ടിക്കാണിച്ചുകൊണ്ടാണ് വിഷയത്തില്‍ പ്രവേശിക്കുന്നത്.

ദ്രഷ്ടാവായ തന്നില്‍ നിന്ന് അന്യമായി ഒരു ദൃശ്യമില്ലെന്നു ബോദ്ധ്യം വന്നു പ്രജ്ഞദൃശ്യങ്ങളെ വിട്ടു തന്നില്‍ത്തന്നെ അടങ്ങുന്നില്ലെങ്കില്‍ എത്രായിരം കല്പങ്ങള്‍കൊണ്ടും ഒരാള്‍ക്കു ജ്ഞാനമുണ്ടാവാന്‍ പോവുന്നില്ല. വാസനാവികാസം കൊണ്ടാണ് തന്നില്‍നിന്ന് അന്യങ്ങളായ ദൃശ്യങ്ങളുണ്ടായി എന്നും മറ്റുമുള്ള ഭ്രമമുണ്ടായിത്തീരുന്നത്. വാസനാവികാസത്തെ അടക്കി ദൃശ്യത്തില്‍നിന്ന് പ്രജ്ഞയെ വലിച്ചെടുത്ത് ലക്ഷ്യമായ ആത്മാവില്‍ ലയിപ്പിക്കല്‍ തന്നെ മോക്ഷം. സദ്വാസനയെന്നും, ദുര്‍വ്വാസനയെന്നും രണ്ടായിപ്പറഞ്ഞുവരുന്നു. കട്ടികൂടിയ അജ്ഞാനത്തോടും ഘനീഭ്രതാഹങ്കാരവൃത്തിയോടും കൂടി ആയിരക്കണക്കിന് പുനര്‍ജ്ജന്മത്തിനു കാരണമായ വാസനയെ ദുര്‍വ്വാസനയെന്നും പറയുന്നു. അത് ജീവനെ നാനാതത്തിലുള്ള ദുരന്തയാതനകളില്‍ക്കൂടി പുതിയ ജന്മങ്ങളിലേയ്ക്കും, അനുഭവങ്ങളിലേയ്ക്കും നയിക്കുന്നു. പുനര്‍ജ്ജന്മകാരണങ്ങളായ വാസനാബീജങ്ങള്‍ നിശ്ശേഷം നശിച്ച്, കേവലം ദേഹധാരണത്തിന്നുമാത്രം അല്പമായി നിലനില്‍ക്കുന്ന ശുദ്ധവാസനയെ സദ്വാസനയെന്നും പറയുന്നു. അറിയേണ്ടതിനെ അറിഞ്ഞ് അജ്ഞാനത്തെ അടക്കി പ്രാരബ്ധഭൂക്തിക്കുവേണ്ടി മാത്രം ശരീരധാരണത്തെ നിലനിര്‍ത്തിക്കൊണ്ടിരിക്കുന്ന സദ്വാസന പുനര്‍ജ്ജന്മത്തിനു കാരണമാവുന്നില്ല. അതിനാല്‍ ആദ്യംതന്നെ ഒരാള്‍ വാസനയെ നന്നാക്കാന്‍ ശ്രമിക്കണം എന്നു പറഞ്ഞുകൊണ്ടാണ് വിഷയത്തിലേയ്ക്ക് പ്രവേശിക്കുന്നത്.

ദശരഥപുത്രനായ ഭഗവാന്‍ ശ്രീരാമചന്ദ്രന്‍ വിദ്യാഭ്യാസാനന്തരം ഗുരുഗൃഹത്തില്‍നിന്നു സ്വഗൃഹത്തിലേയ്ക്കു മടങ്ങിവന്നശേഷം കുറച്ചുദിവസം ഗൃഹത്തില്‍ കഴിച്ചുകൂട്ടി. അപ്പോഴും സദ്വാസനാവികാസത്താല്‍ രാജഭോഗങ്ങളിലോ മറ്റു ലോകവിഷയങ്ങളിലോ രമിക്കാന്‍ കഴിഞ്ഞില്ല. ആത്മജ്ഞാനതൃഷ്ണകൊണ്ട് ആര്‍ത്തനായിരുന്നുതാനും. ഭൗതികവിദ്യാഭ്യാസം എത്രതന്നെ ഉണ്ടായലും ജിജ്ഞാസുവായ ഒരാളെ ത‌ൃപ്തിപ്പെടുത്താന്‍ പര്യപ്തമല്ല. ദൃശ്യങ്ങള്‍ക്കും കര്‍മ്മങ്ങള്‍ക്കും കേവലം സാക്ഷിമാത്രനായ ആത്മവുമായി യാതൊരു സംബന്ധവുമില്ലാത്തതും, മൂന്നുകാലത്തും ഇല്ലാത്തവയായ ദൃശ്യപദാര്‍ത്ഥങ്ങളെമാത്രം അവലംബിച്ചുകൊണ്ടുള്ളതുമായ ഭൗതികവിദ്യാഭ്യാസംകൊണ്ട് ആത്മാന്വേഷകനും, ജിജ്ഞാസുവുമായ ഒരാള്‍ക്കെങ്ങനെ തൃപ്തിപ്പെടാന്‍ കഴിയും? അതിനാല്‍ മിക്കവാറും അസ്വസ്ഥനായിക്കൊണ്ടുതന്നെ ഏതാനും ദിവസങ്ങള്‍ കഴിച്ചുകൂട്ടി, അനന്തരം ഗുരുജനങ്ങളുടെ അനുവാദത്തോടുകൂടി തീര്‍ത്ഥയാത്രയ്ക്കു പുറപ്പെട്ടു. മുഖ്യങ്ങളായ എല്ലാ പുണ്യക്ഷേത്രങ്ങളെയും തീര്‍ത്ഥങ്ങളെയും ദര്‍ശിച്ചു. ഭക്തിയോടുകൂടി അവയെയൊക്കെ സേവിക്കുകയും ഉപാസിക്കുകയും ചെയ്തു. കുറെ ദിവസം കഴിഞ്ഞു മടങ്ങിവന്നു. ഗൃഹത്തില്‍തന്നെ അസ്വസ്ഥനായിരിപ്പായി. ദിവസംപ്രതി അസ്വാസ്ഥ്യംകൂടിക്കൂടിവന്നു. ക്രമേണ ഭൗതികവിഷയങ്ങളൊന്നിലും യാതൊരു ചിന്തയുമല്ലെന്നു മാത്രമല്ല. അവയെ കഠിനമായിവെറുക്കാന്‍കൂടിതുടങ്ങി. അക്കാലത്തായിരുന്നു വിശ്വാമിത്രമഹര്‍ഷി തന്റെ യാഗസംരക്ഷണത്തിനുവേണ്ടി രാമലക്ഷമണന്മാരെ കൂട്ടിക്കൊണ്ടുപോവാന്‍ അയോദ്ധ്യയിലേയ്ക്കുവന്നത്.

വിശ്വമിത്രമഹര്‍ഷിയോടൊപ്പം അയയ്ക്കുന്നതിനു രാമലക്ഷ്മണന്മാരെ കൂട്ടിക്കൊണ്ടുവരാന്‍ ഭൃത്യന്മാരോടു പറഞ്ഞപ്പോഴാണ് ശ്രീരാമചന്ദ്രന്റെ തല്ക്കാലത്തെ തീവ്രവൈരാഗ്യത്തിന്റെയും അസ്വാസ്ഥ്യത്തിന്റെയും സ്വഭാവം അവര്‍ മഹാരാജാവിനെ അറിയിച്ചത്. രാജസഭയില്‍വച്ചു ഭൃത്യന്മാര്‍ രാമചന്ദ്രന്റെ തല്ക്കാലസ്ഥിതിയെ വിവരിച്ചു പറഞ്ഞപ്പോള്‍ വിശ്വാമിത്രവസിഷ്ഠാദികള്‍ക്കു കാര്യം മനസ്സിലായി. ആത്മബോധമുണ്ടായിട്ടും വിശ്രാന്തി കിട്ടീട്ടില്ലാത്തതാണ് കുമാരന്റെ അസ്വാസ്ഥ്യകാരണമെന്നവര്‍ക്കു ബോധ്യമായി. അതിനാല്‍ വേഗം കൂട്ടിക്കൊണ്ടുവരാന്‍ അവരും നിര്‍ദേശിച്ചു. ക്രമേണ സഭയിലേയ്ക്കാനയിക്കപ്പെട്ട രാജാകുമാരന്മാര്‍ ഗുരുജനങ്ങളെ വന്ദിച്ച് ഉപവിഷ്ടന്മാരായി. ഇതോടെ ജ്ഞാനോപദേശത്തിന്നുള്ള രംഗം സജ്ജമായി.

ബ്രഹ്മനിഷ്ഠന്മാരും, ജ്ഞാനികളും, ജിഞ്ജാസുക്കളുമായ അസംഖ്യം സജ്ജനങ്ങള്‍ നിറഞ്ഞ ഒരു വലിയസഭ; ബ്രഹ്മപുത്രനും ജ്ഞാനസ്വരൂപനുമായ വസിഷ്ഠനാകുന്ന ഉപദേഷ്ടാവ്, തീവ്രവൈരാഗ്യത്താലും ജ്ഞാനതൃവാറും ജ്ഞാനസമ്പന്നനുമായ ശ്രീരാമചന്ദ്രന്‍, പൃച്ഛകന്‍ അല്ലെങ്കില്‍ ശ്രോതാവ് – ഇതാണ് രംഗസജ്ജീകരണം, ഇങ്ങനെയുള്ള രംഗത്തിലാണ് ആത്മജ്ഞാനത്തെ പ്രതിപാദിക്കേണ്ടത്. വേദാന്തോപദേശത്തിന് ഏറ്റവും പറ്റിയ ഒരു രംഗത്തിന്റെ ആവിഷ്കരണമാണാദ്യം ഉണ്ടാവേണ്ടിയിരിക്കുന്നത്. ഉത്തമനായ വക്താവും ഉത്തമനായ ശ്രോതവും കൂടിച്ചേര്‍ന്ന് ഉത്തമമായ രംഗത്തില്‍വെച്ചു നടക്കുന്ന ചോദ്യോത്തരസ്വരൂപമായ ജ്ഞാനപ്രതിപാദനം ഒരിക്കലും വിഫലമാവാന്‍ പോവുന്നില്ല. ഇവയില്‍ ഏതെങ്കിലും ചിലതിന്റെ കുറവുകൊണ്ടാണ് മിക്കപ്പോഴും ജ്ഞാനം പ്രതിപാദിക്കപ്പെട്ടാലും വേണ്ടത്ര സഫലമാവാത്തത്.

ജഗദ്ദോഷപ്രതിപാദനം

അനന്തരം ജഗദ്ദോഷപ്രതിപാദനമാണാദ്യം തന്നെ നടക്കുന്നത്. രാമചന്ദ്രനെക്കൊണ്ടുതന്നെയാണ് അതു പറയിക്കുന്നത്. ശിഷ്യന്റെ വൈരാഗ്യത്തെയും സംസാരത്തിലുള്ള വെറുപ്പിനെയും പ്രകാശിപ്പിക്കാന്‍വേണ്ടിയാണിങ്ങനെ ചെയ്യുന്നത്. വൈരാഗ്യമില്ലാത്തൊരാള്‍ക്ക് എത്രതന്നെ ശാസ്ത്രാഭ്യാസമോ ജിജ്ഞാസയോ ഉണ്ടായിട്ടും വിശേഷിച്ചു പ്രയോജനമൊന്നുമില്ല. സംസാരത്തില്‍നിന്നു നിവര്‍ത്തിക്കാതെ ആരും മുക്തനാവാന്‍പോവുന്നില്ല. വൈരാഗ്യംകൊണ്ടു മാത്രമേ സംസാരത്തില്‍നിന്നു നിവര്‍ത്തിക്കാനും പറ്റൂ. അതിനാല്‍ ശാസ്ത്രഭ്യാസംകൊണ്ടും സജ്ജനസംസര്‍ഗ്ഗംകൊണ്ടുമൊക്കെ ഒരാള്‍ക്കാദ്യം വൈരാഗ്യത്തില്‍ ദൃഢതയുണ്ടായിത്തീരുകയാണ് വേണ്ടത്. ദൃഷ്ടമായ ഈ ജഗത്തോ അതില്‍ വ്യാപരിച്ചുകൊണ്ടിരിക്കുന്ന ഈ ശരീരമോ തന്നെ സുഖിപ്പിക്കാനോ അല്ലെങ്കില്‍ ദുഃഖത്തില്‍നിന്നു നിവര്‍ത്തിപ്പിക്കാന്‍പോലുമോ പര്യപ്തമല്ല. നേരെമറിച്ച് അവയാണ് തന്റെ ദുഃഖത്തിനും ക്ലേശത്തിനും ഏകഹേതുവെന്നും ഒരാള്‍ക്കു ബോദ്ധ്യം വരണം. അതു വരാതിരിക്കുംകാലത്തോളം ശാസ്ത്രജ്ഞാനം കൊണ്ടുകൂടി പ്രയോജനമില്ല. ഈ പരമാര്‍ത്ഥം തികച്ചും ധരിച്ചിരിക്കുന്നു ശ്രീരാമചന്ദ്രനെന്നും അതിനാല്‍ തീവ്രവൈരാഗ്യത്തെ സമ്പാദിച്ചു ജ്ഞാനാഗ്രഹണത്തിന് ഉത്തമാധികാരിയായിരുന്നു അദ്ദേഹമെന്നും വ്യക്തമാക്കുന്നു ശ്രീരാമചന്ദ്രന്റെ ജഗന്മിതഥ്യാത്വാദി പ്രതിപാദനത്തില്‍ക്കൂടെ. ഇങ്ങനെ ഉത്തമാധികാരികളായവര്‍ക്കു വളരെ വേഗത്തില്‍ ജ്ഞാനം പ്രയോജനപ്പെടുന്നു. അല്ലാത്തവര്‍ക്കും കാലദൈര്‍ഘ്യവും വന്നുചേരുന്നു. ദുഃഖത്തിനും അസ്വാസ്ഥ്യത്തിനും കാരണമെന്താണെന്നു ചോദിച്ചപ്പോള്‍ രാമന്‍ പറകയാണ്.

“ഈ ലോകത്തില്‍ ദുഃഖിക്കാനല്ലാതെ മറ്റെന്തിനാണവസരമുള്ളത്? ജനിക്കുമ്പോഴും മരിക്കുമ്പോഴും ദുഃഖം, ജീവിതത്തില്‍ ഓരോ നിമിഷവും ദുഃഖംതന്നെ. കാരണങ്ങള്‍ പലതാണ്. കാരണങ്ങള്‍ എന്തൊക്കെയായാലും കാര്യം ദുഃഖം ഒന്നുമാത്രം. ഇത് ഒരാള്‍ക്കോ ഒരു കാലത്തോ സംഭവിക്കുന്ന അവസ്ഥയല്ല. എല്ലാ കാലത്തും എല്ലാവരുടേയും അവസ്ഥതന്നെ. അന്തകന്റെ നായാട്ടിന്നുള്ള സ്ഥലമാണ് സംസാരമെന്നും പറയ‍ാം. അന്തകനില്‍നിന്നു രക്ഷപ്പെടുത്തി ശരീരത്തെ നിലനിര്‍ത്താന്‍ ഓരോരുത്തരും ആഗ്രഹിക്കുകയും, അതിനുവേണ്ടി അനവരതം പരിശ്രമിക്കുകയും ചെയ്തുകൊണ്ടിരിക്കുന്നു. എന്നാല്‍ ഒരാള്‍പോലും വിടാതെ അന്തകനാല്‍ ആക്രമിക്കപ്പെടുകയും ചെയ്യുന്നു. അവിവേകിയായ ബാലന്‍ നിഴലിനെപ്പിടിക്കാന്‍ പായുംപോലെയാണ് വിഷയപദാര്‍ത്ഥങ്ങളുടെ പിന്നാലെയുള്ള ഓട്ടം. ഏതെങ്കിലും ഒരു വിഷയം എപ്പോഴെങ്കിലും ഒരാളെ സുഖിപ്പിച്ചിട്ടുണ്ടെങ്കില്‍ തരക്കേടില്ല; അതില്ലെന്നുമാത്രമല്ല എപ്പോഴും ദുഃഖിപ്പിക്കുന്നുണ്ടെന്നതാനും. പദാര്‍ത്ഥങ്ങളുണ്ടായാല്‍ ഉണ്ടായിട്ടുള്ള ദുഃഖം, ഇല്ലെങ്കില്‍ ഇല്ലാഞ്ഞിട്ടുള്ള ദുഃഖം. നശിച്ചാല്‍ നശിച്ചിട്ടുള്ള ദുഃഖം. നശിക്കുന്നതുവരെ നശിക്കാത്തതുകൊണ്ടുള്ള ദുഃഖം. എന്നു വേണ്ട സംസാരത്തില്‍ ഓരോരുത്തരും അനവരതം ദുഃഖത്തെ മാത്രം മാറിമാറി അനുഭവിക്കുന്നു, അങ്ങനെയുള്ള പ്രപഞ്ചത്തില്‍ സുഖിക്കാനാണ് ഓരോരുത്തരുടെയും പരിശ്രമം. എത്രയൊക്കെ പരിശ്രമിച്ചാലും സുഖംമാത്രം ആര്‍ക്കും കിട്ടുന്നുമില്ല. കാമിനീകാഞ്ചനങ്ങളും, രമ്യങ്ങളായ ഹര്‍മ്മ്യങ്ങളും, വിശിഷ്ടങ്ങളായ ശയ്യാദ്യുപകരണങ്ങളും എല്ലാമുണ്ടായാലും ചപലനായ ബാലനെപ്പോലെ ചിത്തം സംതൃപ്തിപ്പെടുകയോ സമാധാനമായിരിക്കുകയോ ചെയ്യുന്നില്ല. പിന്നെ എന്തൊക്കെയുണ്ടായിട്ടെന്തു കാര്യം? അതിനാല്‍ വിവേകിയായ ഒരാള്‍ ഒരു നിമിഷം പോലും സംസാരത്തില്‍ നില്കാനിഷ്ടപ്പെടുന്നില്ല. എന്നിരിക്കെ ഒരാള്‍ക്കെങ്ങിനെയാണിതില്‍ സ്വസ്ഥനായും തൃപ്തനായും കഴിയാന്‍ സാധിക്കുന്നത്?”

എന്നിങ്ങനെയായിരുന്നു ശ്രീരാമചന്ദ്രന്റെ വാക്കുകളുടെ ഏതാണു ചുരുങ്ങിയ രൂപം, കാമിനീകാഞ്ചനങ്ങളുടേയും, ശരീരത്തിന്റേയും, ശരീരധര്‍മ്മങ്ങളുടേയും, പ്രപഞ്ചത്തിന്റെ ഒട്ടാകെത്തന്നെയും ദുഃഖാത്മകതയേയും, മിത്ഥ്യാത്വത്തേയും വ്യക്തമായുപദേശിച്ചുകൊണ്ടും, അവയില്‍ തനിക്കുള്ള അത്യന്തതീവ്രമായ വൈരാഗ്യത്തെ പ്രകാശിച്ചുകൊണ്ടുമുള്ള കമാരന്റെ വാക്കു സദസ്സിലുള്ള ജനങ്ങളെ മാത്രമല്ല, ആകാശത്തു നില്ക്കുന്ന സിദ്ധഗണങ്ങളേയും, ദേവന്മാരേയുംകൂടി അതിശയിപ്പിച്ചു. അവര്‍ അത്ഭുതപരതന്ത്രന്മാരായി ശ്രീരാമചന്ദ്രനെ വാഴ്ത്തി സ്തുതിക്കുകയും പുഷ്പം വര്‍ഷിക്കുകയും ചെയ്തു. ജഗത്തിലുള്ള നാനാപദാര്‍ത്ഥങ്ങളിലും അനുഭവങ്ങളിലും അത്യന്താസക്തന്മാരായി അവയെ കിട്ടാനുള്ള ബദ്ധപ്പാടോടെ ഓരോരുത്തരും പാഞ്ഞു നടന്നുകൊണ്ടിരിക്കേ ഇപ്രകാരമുള്ള അമൃതായമാനങ്ങളായ വൈരാഗ്യവാക്കുകള്‍ ആരുടെ മുഖത്തുനിന്നു കേള്‍ക്കും? പദാര്‍ഥങ്ങളും അനുഭവങ്ങളും കിട്ടിയതുപോരെന്നുള്ള ആവലാതിയാണോരോരുത്തര്‍ക്കുമുള്ളത്. അപ്പോള്‍ അവയില്‍ നിന്നു വിട്ടുപോരാത്തതുകൊണ്ടുള്ള ആവലാതി ആരെയാണത്ഭുതപ്പെടുത്താത്തത്? ബുദ്ധിമാനും വിവേകിയുമായ ഒരാള്‍ ഇപ്രകാരം വിവേചനം ചെയ്തു സത്യത്തെ അറിഞ്ഞു മിത്ഥ്യയായ ജഗത്തില്‍ നിന്നു വിരക്തനാവണം. എങ്കിലേ സമാധാനത്തിനും സംതൃപ്തിക്കും അവകാശമുള്ളൂ.

വൈരാഗ്യവര്‍ണ്ണനം

ശ്രീരാമചന്ദ്രന്റെ വാക്കിനെക്കേട്ട സഭാവാസികളെല്ല‍ാം ആശ്ചര്യംകൊണ്ടു സ്തബ്ധന്മാരായി ഒന്നും മിണ്ടാതിരുന്നു. അപ്പോള്‍ വിശ്വാമിത്രന്‍ പറഞ്ഞു. രാമന്‍ അറിയേണ്ടതെല്ല‍ാം അറിഞ്ഞിരിക്കുന്നു. പക്ഷെ ലക്ഷ്യവസ്തുവില്‍ വിശ്രാന്തിയെ പ്രാപിച്ചിട്ടില്ലെന്നേ ഉള്ളൂ. ശ്രീശുകനും പണ്ട് ഇതേ നിലയാണ് വന്നുചേര്‍ന്നത്. അറിയേണ്ടതെല്ല‍ാം അറിഞ്ഞിട്ടുണ്ടായിരുന്നു. എങ്കിലും വിശ്രാന്തി കിട്ടാതെ അസ്വസ്ഥനായിരുന്നു. ഇപ്രകാരമുള്ള വിശ്വാമിത്രവാക്യം കേട്ട ശ്രീരാമചന്ദ്രന്‍ ശുകവൃത്താന്തം കേട്ടാല്‍ കൊള്ളാമെന്ന ആശയത്തെ പ്രദര്‍ശിപ്പിച്ചു. വിശ്വാമിത്രമഹര്‍ഷി ആ ചരിത്രം പറഞ്ഞുകൊടുക്കുകയും ചെയ്തു.

വ്യാസപുത്രനായ ശുകന്‍ ചെറുപ്പത്തില്‍ത്തന്നെ സംസാരത്തിന്റെ വിവിധവശങ്ങളെക്കുറിച്ചു വീണ്ടും വീണ്ടും വിസ്താരം ചെയ്തുകൊണ്ടിരുന്നു. അതിന്റെ ഫലമായി വിവേകമുദിച്ചു. ജഗത്തു മിഥ്യയാണെന്നും ആത്മാവുമാത്രമാണ് സത്യമെന്നും ബോദ്ധ്യമായി, തീവ്രവൈരാഗ്യം കൊണ്ടു സംസാരത്തില്‍ നിന്നു നിവൃത്തനായി. എങ്കിലും ആത്മാവില്‍ പൂര്‍ണ്ണവിശ്രാന്തി കിട്ടിയിട്ടില്ല. മറ്റാരും പറഞ്ഞുതരാതെ തന്നെത്താന്‍ തനിക്കുണ്ടായ ഈ ജ്ഞാനം സത്യമാണോ എന്ന ചിന്തയാണ് ആ മഹാത്മാവിനെ അലട്ടിയിരുന്നത്. അതിനാല്‍ സത്യത്തെ അറിഞ്ഞിട്ടും അറിയാത്തവനെപ്പലെ മൂഢനും‌ സംശയാലുവും ദുഃഖിയുമായിരുന്നു. ഒരിക്കല്‍ തന്റെ പിതാവായ ബാദരായണമഹര്‍ഷിയെ സമീപിച്ചു സത്യത്തെ ഉപദേശിച്ചാല്‍ കൊള്ളാമെന്നപക്ഷേച്ചു. അദ്ദേഹം ഉപദേശിക്കുകയും ചെയ്തു. എന്നാല്‍ താന്‍ വിവേകംകൊണ്ട് തന്നത്താനറിഞ്ഞതും പിതാവുപദേശിച്ചതും ഒന്നുതന്നെ എന്നു വന്നപ്പോള്‍ പിന്നേയും സമ്പൂര്‍ണ്ണവിശ്വാസം വന്നില്ല. പിതാവുപദേശിച്ച തത്വത്തെ താന്‍ പണ്ടുതന്നെ തന്റെ വിവേകം കൊണ്ടറിഞ്ഞിട്ടുണ്ടെന്നും അതിനാല്‍ ഇതുതന്നെയാണോ പരമമായ സത്യം; അഥവാ ഇനിയും വല്ലതുമുണ്ടോ? എന്നിങ്ങനെ സംശയബുദ്ധിയോടെ വീണ്ടും ചോദിച്ചപ്പോള്‍ വ്യാസമഹര്‍ഷിക്കു കാര്യം മനസ്സിലായി. കാര്യം മനസ്സിലായിട്ടുണ്ടെങ്കിലും വിശ്വാസം വന്നിട്ടില്ല. അതു താന്‍ പറഞ്ഞാല്‍ വിശ്വസിക്കാന്‍ വിഷമവുമാണ്. അതുകൊണ്ട് മറ്റൊരെക്കൊണ്ടങ്കിലും ഉല്‍ബോധിപ്പിക്കായിരിക്കും വിശ്വാസം ഉറയ്ക്കാന്‍ നല്ലതെന്നു കരുതി “എനിക്കിത്രമാത്രമേ ബ്രഹ്മതത്വത്തെക്കുറിച്ചറിയാന്‍ കഴിഞഞിട്ടുള്ളു. മിഥിലാരാജ്യത്തില്‍ ജനകനെന്നൊരു രാജാവുണ്ട്. അദ്ദേഹത്തെ സമീപിച്ചാല്‍ സംശയം തീര്‍ത്തുതരുമെന്ന്” പറഞ്ഞു. ഉടനെത്തന്നെ ശുകന്‍ മിഥിലയിലേയ്ക്കു യാത്രയായി. സര്‍വ്വജ്ഞനായ മൈഥിലന്‍ വിവരമറിഞ്ഞു ശുകന്റെ വൈരാഗ്യത്തെ പരീക്ഷിക്കാന്‍ തീര്‍ച്ചപ്പെടുത്തി. പരീക്ഷിച്ചു ബോദ്ധ്യപ്പെടുകയും ചെയ്തു.

ബ്രഹ്മജ്ഞാനം വിലപിടിച്ച ഒരു വസ്തുവാണ്. തികച്ചും അര്‍ഹതയുണ്ടെന്നു ബോദ്ധ്യംവന്ന ഒരാള്‍ക്കുമാത്രമേ അനുഭവരസികനായ ഗുരു അതിനെ കൊടുകയുള്ളു. സംസാരവിഷയങ്ങളിലുള്ള തീവ്രവൈരാഗ്യമാണ് മുഖ്യമായ അര്‍ഹത. വിഷയേഛ്ഛുവായ ഒരാള്‍ക്കു ബ്രഹ്മവി‍ജ്ഞാനം കിട്ടാന്‍ പോവുന്നില്ല. അഥവാ കിട്ടിയാലും – രാവണന്നു സീതയെ കിട്ടിയപോലെ – പ്രയോജനപ്പെടാനും പോവുന്നില്ല. അതിനാല്‍ ശിഷ്യന്റെ വൈരാഗ്യാദിഗുണങ്ങളെ പരീക്ഷിച്ചറിയല്‍ ഗുരുവിന്റെ ഒരു കൃത്യമായിട്ടുകൂടിയാണ് ഈ വിഷയത്തില്‍ കണക്കാക്കിവരാറ്. ജനകന്‍ ശുകനെ എല്ലാ വിഷയങ്ങളില്‍ നിന്നും അകറ്റിയും അടുപ്പിച്ചും നോക്കി രണ്ടു ഭാവത്തിലും ഭേദം കണ്ടില്ല. കുറെ ദിവസം അരമനയ്ക്കു പുറത്തു യാതൊരു വിഷയങ്ങളും കിട്ടാന്‍ വയ്യാത്ത തോതില്‍ നിര്‍ത്തി. പിന്നെ സര്‍വ്വ വിഷയസമ്പന്നമായ അരമനയ്ക്കുള്ളില്‍ അന്തഃപുരസ്ത്രീകളെകൊണ്ടു പല പ്രകാരത്തില്‍ ശുശ്രൂഷിപ്പിച്ചു നോക്കി. പ്രസ്തുത രണ്ടു സമയത്തും തുല്യഭാവമല്ലാതെ യാതൊരു ഭേദഭാവും ശുകനില്‍ കണ്ടില്ല. വിഷയങ്ങളെ കിട്ടാത്തപ്പോള്‍ പരിഭ്രമമോ, ആവലാതിയോ കണ്ടില്ല. ധാരാളം കിട്ടിയപ്പോള്‍ സന്തോഷവും കണ്ടില്ല. വിഷയങ്ങളോ, ശരീരധര്‍മ്മങ്ങളെയോ പറ്റി ചിന്തയേ ഇല്ലെന്നതിന്റെ തെളിവാണല്ലോ അത്. അതുതന്നെയാണ് വൈരാഗ്യത്തിന്റെയും ലക്ഷണം. അത്യന്തവിരക്തനും അതുകാരണത്താല്‍ ബ്രഹ്മജ്ഞാനത്തിനു തികച്ചും പാത്രവുമാണ് ശുകനെന്നു ബോദ്ധ്യമായി. ഇത്രയും ബോദ്ധ്യപ്പെട്ടതിനു ശേഷമാണ് തന്റെ സമീപത്തേയ്ക്കാനയിപ്പിച്ചത്. സര്‍വ്വോല്‍കൃഷ്ടമായ ബ്രഹമജ്ഞാനത്തെ അദ്ദേഹത്തിനു ഉപദേശിക്കുകയും ചെയ്തു. അപ്പോഴും ശുകന്‍ തന്റെ സംശയത്തെ വ്യക്തമാക്കി.

പറയപ്പെട്ട ഈ തത്വം പണ്ടുതന്നെ താന്‍ വിവേകം കൊണ്ടറിഞ്ഞിട്ടുണ്ട്. പിന്നീട് അച്ഛനോടു ചോദിച്ചപ്പോള്‍ ബാദരായണമഹര്‍ഷി പറഞ്ഞതും ഇതുതന്നെ. ഇപ്പോള്‍ അങ്ങു പറഞ്ഞതും അതുതന്നെ. അതിനാല്‍ പരമസത്യം ഇതുതന്നെയാണോ എന്നാണ് ശുകന്റെ സംശയം. ജനകരാജാവ് അതിനു മറുപടി പറഞ്ഞുകൊടുത്ത് സമാധാനിപ്പിച്ചു. ആദ്യംതന്നെ ഗുരുമുഖേനയല്ലാതെ തന്നത്താന്‍ ഗ്രഹിക്കാനിട വന്നതുകൊണ്ടാണ് ഈ സംശയം നേരിട്ടത്. ഗ്രഹിക്കപ്പെട്ടതു പരമസത്യമായാലും തന്റെ അപൂര്‍ണ്ണതകൊണ്ട് അതു ശരിയാണോ എന്ന സംശയം ഉണ്ടായിത്തീരുന്നതു സ്വഭാവികമാണ്. അതു സാരമില്ല. പരമതത്വം അങ്ങു ഗ്രഹിച്ചതുതന്നെ, അതിനെ സാക്ഷാല്‍ക്കരിക്കാന്‍ ശ്രമിക്കൂ. എന്നിങ്ങനെ ജനകരാജാവു സംശയത്തെ തീര്‍ത്തുകൊടുത്തു. അതോടെ ഉല്‍ബുദ്ധനും ചരിതാര്‍ത്ഥനുമായ ശുകന്‍ പിന്നീടു നിര്‍വ്വകല്പസമാധിയില്‍ വളരെക്കാലം ഇരുന്നു. പിന്നീടു സമാധിയില്‍ നിന്നുണന്നപ്പോള്‍ ആത്മാവില്‍ സമ്പൂര്‍ണ്ണവിശ്രാന്തിയും അവസ്ഥിതിയും കിട്ടീട്ടുണ്ടായിരുന്നു.

ഇതുപോലെയാണ് രാമചന്ദ്രന്റെയും ഇപ്പോഴത്തെ അവസ്ഥ, തത്വബോധമുണ്ടായിട്ടുണ്ടെങ്കിലും, തത്വാവസ്ഥിതിയോ വിശ്രാന്തിയോ കിട്ടീട്ടില്ല. അതാണ് അസ്വസ്ഥ്യത്തിന്റെ കാരണം. സജ്ജനമുഖത്തുനിന്നു തത്വത്തെ കേള്‍ക്കുമ്പോള്‍ ഉല്‍ബുദ്ധനാവും. അപ്പോള്‍ തത്വാവസ്ഥിതിയും വിശ്രാന്തിയും കിട്ടുകയും ചെയ്യും. അതിനാല്‍ സര്‍വ്വജ്ഞനും ബ്രഹ്മപുത്രനുമായ വസിഷ്ഠന്‍തന്നെ യുക്തികളെക്കൊണ്ട് രാമനു വന്നുചേര്‍ന്ന ജാഡ്യത്തെ അകറ്റി തത്വത്തെ ഉല്‍ബോധിപ്പിക്കട്ടെ. ഉപദേശിക്കാന്‍ അര്‍ഹതയുള്ള ഗുരുവും ഗ്രഹിക്കാന്‍ പ്രാപ്തനായ ശിഷ്യനും കൂടിച്ചേര്‍ന്നു നടക്കുന്ന ഉപദേശം ഉല്‍കൃഷ്ടമായ ഫലത്തെ ചെയ്യും. വസിഷ്ഠന്‍ അര്‍ഹതയുള്ള ഗുരുവും, രാമന്‍ അര്‍ഹതയുള്ള ശിഷ്യനുമാണ്. അതിനാല്‍ അവരന്യോന്യം കൂടിച്ചേര്‍ന്ന് ഈ സ‍ജ്ജനസഭയില്‍വെച്ചു നടക്കുന്ന ചോദ്യോത്തരസ്വരൂപമായ ജ്ഞാനോപദേശം തികച്ചും ഇഷ്ടഫലത്തെ ചെയ്യുമെന്നതിന് സംശയമില്ല.

ഇപ്രകാരമുള്ള വിശ്വാമിത്രന്റെ വാക്കിനെ സഭയിലുള്ള എല്ലാവരും ഒരു പോലെ അഭിനന്ദിക്കുകയും അംഗീകരിക്കുകയും ചെയ്ത. ഈ സമയത്താണ് വസിഷ്ഠമഹര്‍ഷി വിശ്വാമിത്രനേയും മറ്റുള്ളവരേയും അനുമോദിച്ചുകൊണ്ടു മുന്നിലേയ്ക്കു നീങ്ങി ശ്രീരാമന്നഭിമുഖമായിരുന്ന് ഉപദേശമാരംഭിക്കുന്നത്. ‘വൈരാഗ്യപ്രകരണ’മെന്ന ഒന്നാമത്തെ പ്രകരണം ഇവിടെ അവസാനിക്കുകയും ചെയ്യുന്നു.

ബ്രഹ്മജ്ഞാനജിജ്ഞാസുവായ ഒരാള്‍ക്കെത്രമാത്രം വൈരാഗ്യമുണ്ടാവണമെന്നാണീ പ്രകരണംകൊണ്ടു വ്യക്തമാക്കുന്നത്. ബോംബെയിലുള്ള ഒരാള്‍ക്കു കല്ക്കത്തയിലെത്താന്‍ ആഗ്രഹമുണ്ടെന്നരിക്കട്ടെ. എന്നാല്‍ അയാള്‍ തന്റെ ആഗ്രഹം സാധിക്കാന്‍ ആദ്യംതന്നെ ബോംബെവിടാതെ ഒരിക്കലും അയാള്‍ കല്ക്കത്തയില്‍ എത്താന്‍പോവുന്നില്ല. അതുപോലെ സംസാരത്തില്‍ നിന്നു വിടാതിരിക്കുംകാലത്തോളം ആരും പരാനുഭൂതിയെത്താന്‍ പോവുന്നില്ല. സംസാരത്തില്‍ നിന്നുവിടലാണ് ഒന്നാമത്തേതും മുഖ്യവുമായ കാര്യം. അതാണ് വൈരാഗ്യം. വൈരാഗ്യം കൊണ്ടു സംസാരത്തില്‍ നിന്നു വിടുമ്പോള്‍ മാത്രമേ ജ്ഞാനം കൊണ്ടു പരാനുഭൂതിയിലെത്താന്‍ പോവുന്നുള്ളു. വേദശാസ്ത്രങ്ങളെയൊക്കെ പഠിക്കുകയും തപസ്സും യോഗവും അഭ്യസിക്കുകയും ചെയ്താലും വൈരാഗ്യത്തിന്റെ കുറവുകൊണ്ടു മിക്കപ്പോഴും അനുഭൂതിയിലെത്താതിരിക്കാറുണ്ട്. അതിനാല്‍ ജ്ഞാനത്തിനു മുഖ്യമായ ഉപാധിവൈരാഗ്യമാണെന്നു പറഞ്ഞാല്‍ തെറ്റില്ല.

തീവ്രവൈരാഗ്യമുള്ള ഒരാള്‍ക്ക് മറ്റൊന്നുമില്ലെങ്കിലും ജ്ഞാനമുണ്ടാവ‍ാം. നിറച്ചും വെള്ളമുള്ളൊരു പാത്രത്തില്‍ നിന്നു കുറെ വെള്ളമെടുത്താല്‍ ഒഴിഞ്ഞ സ്ഥലത്ത് പ്രയത്നംകൂടാതെ തന്നെ വായു നിറയുന്നതെപ്രകാരമാണോ അതുപോലെയാണ് സംസാരവസ്തുക്കളെക്കൊണ്ടു നിറഞ്ഞ ചിത്തത്തില്‍ നിന്ന് ചിലവയെ അകറ്റിയാല്‍ ഒഴിഞ്ഞ സ്ഥലത്ത് ഈശ്വരഭാവം അല്ലെങ്കില്‍ ആത്മജ്ഞാനം സ്വാഭാവികമായി പ്രകാശിക്കുന്നത്. വെള്ളം നിറച്ചുള്ളപ്പോള്‍ എപ്രകാരം വായുവിനു പാത്രത്തില്‍ നിറയാന്‍ കഴിയില്ലയോ, അതുപോലെ സംസാരവസ്തുക്കളെക്കൊണ്ടു ചിത്തം നിറഞ്ഞിരിക്കുമ്പോള്‍ മറ്റൊന്നിന്നും അവിടെ പ്രവേശിക്കാനും വയ്യ. ഇതാണ് തീവ്രവൈരാഗ്യം കൊണ്ടേ ജ്ഞാനമുണ്ടാവു എന്നു പറയുന്നതിന്റെ ചമല്ക്കാരം. ജ്ഞാനത്തിനും സംസാരത്തിനും ഉപാധി ചിത്തമാകുന്ന ഒന്നുതന്നെ. അതില്‍ ഒന്നു നിറഞ്ഞിരിക്കുമ്പോള്‍ മറ്റൊന്നിനു പ്രവേശിക്കാന്‍ വയ്യ. സംസാരത്തെ അകറ്റി ചിത്തത്തെ ഒഴിവാക്കലാണ് വൈരാഗ്യം കൊണ്ടു സാധിക്കേണ്ടിയിരിക്കുന്നത്. ചിത്തം കേവലം ചിദാകാശംപോലെ നിര്‍മ്മലമായിത്തീര്‍ന്നാല്‍ ആത്മജ്ഞാനത്തിനു പ്രയത്നംതന്നെ ആവശ്യമില്ല. അതിനാല്‍ ആത്മജ്ഞാനത്തെ സാധിപ്പിക്കുന്നു വൈരാഗ്യം എന്നുപറയണം. ആത്മജ്ഞാനപ്രതിപാദനം ആരംഭിക്കുന്നതിനുമുമ്പ് വൈരാഗ്യപ്രകരണത്തെ പ്രതിപാദിച്ചത്. ഈ കാരണത്താലാണുതാനും. ജ്ഞാനസമ്പാദനത്തിനുള്ള പ്രയത്നത്തിനു മുമ്പും വൈരാഗ്യമാണൊരാള്‍ക്കു് ഉണ്ടാവേണ്ടത്.



No comments:

Post a Comment