ലഘുയോഗവാസിഷ്ഠം - 39
മിത്ഥ്യാപുരുഷോപാഖ്യാനം
ബുദ്ധിമാനായ രാമചന്ദ്രാ! വളരെ രസകരമായൊരു ഇതിഹാസമാണു് മിത്ഥ്യാപുരുഷന്റേതു്. അതിലെ നര്‍മ്മഭാവം കൊണ്ടു കേള്‍ക്കുന്നവരൊക്കെ ചിരിച്ചുപോവും. പണ്ടു മിത്ഥ്യാപുരുഷനെന്നൊരാളുണ്ടായിരുന്നു. വാസ്തവത്തില്‍ അവനില്ലാത്തവനാണു്. അതാണു് മിത്ഥ്യാപുരുഷനെന്ന പേരുണ്ടാവാന്‍തന്നെ കാരണം. യാന്ത്രിക പുരുഷനെപ്പോലെയോ ആണു് അയാളെന്നുപറയാം. അയാള്‍ക്കു വിശേഷിച്ചു കാര്യങ്ങളോ, വലിയ വലിയ ആഗ്രഹങ്ങളോ, പ്രവൃത്തികളോ ഒന്നുമുണ്ടായില്ല. എങ്കിലും കേവലം അവയൊന്നും ഉണ്ടായിരുന്നില്ലെന്നു പറഞ്ഞുകൂടാ. കാര്യമായിട്ടൊരാഗ്രം മാത്രമേ അദ്ദേഹത്തിനുണ്ടായിരുന്നുള്ളു. തനിക്കേറ്റവും പ്രിയപ്പെട്ട വസ്തുവായ ആകാശം നശിക്കരുതേ എന്നു്. ആകാശം നശിക്കാതിരിക്കാന്‍ എന്താണു് വേണ്ടതെന്നയാള്‍ വളരെ ഗാഢമായി ചിന്തിച്ചു. അതിന്റെ ഫലമായി സുരക്ഷിതമായ ഒരു ഗൃഹമുണ്ടാക്കി ആകാശത്തിനെ അതിനുള്ളിലടച്ചാല്‍ പിന്നെ നശിക്കില്ലെന്നു ബോധ്യപ്പെട്ടു. അതിനാല്‍ നല്ലൊരു വീടുണ്ടാക്കി. ആകാശത്തെ അതിനുള്ളില്‍ നിറച്ചിരിക്കുന്നുവെന്നും ഇനി ആകാശം നശിക്കില്ലെന്നും അദ്ദേഹം വിശ്വസിക്കുകയും ചെയ്തു. അങ്ങനെ കുറച്ചുകാലം കഴിഞ്ഞപ്പോള്‍ എന്തോ കാരണവശാല്‍ ആ വീടുപൊളിഞ്ഞു ഛിന്നഭിന്നമായി. മിത്ഥ്യാപുരുഷന്‍ തന്റെ പ്രിയപ്പെട്ട ആകാശം നശിച്ചുപോകുമല്ലോ എന്നു കരുതി വളരെ വ്യസനിച്ചു. എങ്കിലും നശിക്കാതിരിക്കാന്‍ വേണ്ടി ബുദ്ധിപൂര്‍വ്വം ആലോചിച്ചു വേഗത്തില്‍ നിവൃത്തിചെയ്തു. പൊളിഞ്ഞുപോയ വീടിനടുത്തുതന്നെ താമസ്സിയാതെ ഒരു കിണറുകുഴിച്ചു് ആകാശത്തെ അതില്‍നിറച്ചു സൂക്ഷിച്ചുവന്നു. എങ്ങനെയോ കിണര്‍തൂര്‍ന്നുപോയപ്പോള്‍ ഒരുകുഴികുഴിച്ചു് അതില്‍ സൂക്ഷിച്ചുവന്നു ആകാശത്തെ. ഇങ്ങനെ മിത്ഥ്യാപുരുഷന്‍ അയാളുടെ ആകാശത്തെ രക്ഷിക്കാന്‍ വേണ്ടി വളരെയൊക്കെ പാടുപെട്ടു. എന്നിങ്ങനെ വസിഷ്ഠമഹര്‍ഷി പറഞ്ഞപ്പോള്‍ എന്താണീ കഥയുടെ ആന്തരാര്‍ത്ഥമെന്നു ചോദിച്ചു രാമഭദ്രന്‍. അപ്പോള്‍ വസിഷ്ഠാചാര്യന്‍ പറയുകയാണു്.
ഹേ! രാമചന്ദ്രാ! വെറുതേ ആകാശത്തില്‍നിന്നു പൊന്തിയ മിത്ഥ്യാശബ്ദമായ അഹംങ്കാരം തന്നെ മിത്ഥ്യാപുരുഷന്‍. പരമാത്മാവാകുന്ന ചിദാകാശത്തെ നിലനിര്‍ത്താന്‍ വേണ്ടി അനേകമനേകം ശരീരങ്ങളെ അയാള്‍ സ്വീകരിച്ചുവെന്നു താല്പര്യം. ഓരോശരീരം നശിക്കുമ്പോഴും അതിലെ ചിദാത്മാവും നശിക്കുന്നുവെന്നു ധരിക്കുന്നു ബുദ്ധിശൂന്യമായ അഹങ്കാരം. നിലനിര്‍ത്താന്‍ വേണ്ടി വീണ്ടും വീണ്ടും ശരീരങ്ങളെ സ്വീകരിക്കുന്നു. അതായതു് വെറും ഭ്രമം മാത്രം വെച്ചുകൊണ്ടു ഭ്രാന്തിമാത്രമായ ജനനമരണങ്ങളെ ആവര്‍ത്തിച്ചനുഭവിക്കുന്നു. ഘടം പൊളിഞ്ഞുപോവുമ്പോള്‍ ഘടാന്തര്‍ഗ്ഗതമായ ആകാശത്തിനെ പ്രകാരം നാശമില്ലയോ; അതുപോലെ ശരീരം നശിക്കുമ്പോള്‍ ശരീരഗതമായ ആത്മാവും നശിക്കുന്നില്ലെന്നതു വ്യക്തമാണല്ലോ. എന്നാലും വ്യാമോഹംകൊണ്ടു് ആര്‍ത്തനാവുന്നു അങ്ങനെ എത്രയോ അധികം ജന്മപരമ്പരകളേയും മറ്റനേകം കാര്യങ്ങളെയും മിത്ഥ്യാഭ്രമത്തില്‍ക്കൂടെ അനുഭവിക്കുന്നു എന്നതുതന്നെ സംസാരഗതി. അങ്ങനെയുള്ള ഭ്രാന്തിമാത്രമായ സംസാരഗതിയെതന്നെയാണു് ഇവിടെ മിത്ഥ്യാപുരുഷന്റെ ഇതിഹാസമായി കീര്‍ത്തിച്ചതു്, എന്നു പറഞ്ഞ വസിഷ്ഠാചാര്യന്റെ ഇതിഹാസകഥനത്തെക്കേട്ട് ശ്രീരാമചന്ദ്രന്‍ വളരെ സന്തോഷിച്ചു. വീണ്ടും പറയാന്‍ തുടങ്ങി വസിഷ്ഠമഹര്‍ഷി.
സൂര്യവംശത്തിന് അലങ്കാരഭൂതനായ ഹേ രാമചന്ദ്രാ! ഇനിയും പറയാം. കേള്‍ക്കൂ. വേണ്ടപോലെ ആത്മതത്വത്തെ അറിയായ്കയും, ഉപാസിക്കായ്കയും മാത്രമാണു് ഇരുട്ടില്‍ വേതാളങ്ങളെന്നപോലെ ഇല്ലാത്ത ദൃശ്യങ്ങളുണ്ടാവാന്‍ കാരണം. ആദിത്യനെയും രശ്മികളെയും വേറെയായിക്കാണുന്നവനു ഭ്രമമുണ്ടാവുന്നു. അവരണ്ടും ഒന്നാണെന്നു ബോധ്യം വന്നവന്‍ നല്ലനിര്‍വ്വികല്പഭാവത്തില്‍ത്തന്നെ എപ്പോഴും സ്ഥിതിചെയ്യുന്നു. സ്വര്‍ണ്ണവും കടകവും വാസ്തവത്തില്‍ രണ്ടല്ല; എങ്കിലും കടകത്തെ മാത്രമേ ബോധിക്കുന്നുള്ളു, ഒരാളാണെങ്കില്‍ അയാളുടെ ദൃഷ്ടിയില്‍ കടകം മാത്രമേ ഉള്ളൂ; സ്വര്‍ണ്ണമില്ല. ഇതുപോലെ ബ്രഹ്മശക്തി സ്ഫുരണമാകുന്ന മനസ്സും മനസ്സിന്റെതന്നെ കല്പനകളാകുന്ന ദൃശ്യങ്ങളും വേറെവേറെയാണെന്നു ബോധിക്കുന്നവന്‍ കല്പനാമാത്രങ്ങളായ ദൃശ്യങ്ങളെ മാത്രമേ അറിയുന്നുള്ളു; അവന്‍ വസ്തുസ്വരൂപത്തെ അറിയാത്ത മൂഢനാണു്. എന്നാല്‍ കല്പിതങ്ങളായ ദൃശ്യങ്ങളും, കല്പനക്കു കാരണവും, ബ്രഹ്മശക്തിയായ മനസ്സും, ബ്രഹ്മവും വേറെയല്ലെന്നു ബോധിച്ചു സംവേദ്യങ്ങളെ അകറ്റി സംവേദനായിട്ടിരിക്കുന്നവന്‍ നിര്‍വ്വികല്പനാണു്. ഹേ, രാമാ! നീ അങ്ങനെയായിത്തീരൂ. മഹാകര്‍ത്താവും, മഹാഭോക്താവും, മഹാത്യാഗിയുമായി കഴിയുന്നപക്ഷം അല്ലയോ രാമചന്ദ്രാ! ഒരു ദുഃഖവും നിന്നെ ബാധിക്കാന്‍ പോവുന്നില്ല.
No comments:
Post a Comment