ഗുരുത്വം ലഭിക്കാൻ രാമായണത്തിലൂടെ
ശ്രീരാമ! രാമ! രാമ! ശ്രീരാമചന്ദ്ര ജയ ശ്രീരാമ! രാമ! രാമ! ശ്രീരാമഭദ്ര! ജയ ലോകോത്പത്തിക്കു കാരണമായിട്ടുള്ളവനും, ശിവശക്തി സംഭവനുമായ ഗണനായകാ അവിടുന്ന് പൂർവ്വ ജന്മ കർമ്മങ്ങളുടെ ഫലമായി ഉണ്ടായേക്കാവുന്ന വിഘ്നങ്ങൾ ഇല്ലാതാക്കേണമേ...
ബ്രഹ്മദേവന്റെ അപേക്ഷപ്രകാരം ഭൂമീഭാരം തീർത്തവനും, സകലരേയും കാത്തു രക്ഷിക്കുന്നവനുമായ അല്ലയോ ശ്രീരാമചന്ദ്രാ; അവിടുന്ന് രാവണാന്തകനായാണല്ലോ ഭൂമിയിൽ അവതരിച്ചിരിക്കുന്നത്. അതിനു കാരണഭൂതനായി ജനകപുത്രിയായി പിറന്നിരിക്കുന്ന സീതാദേവിക്കും ശ്രീരാമചന്ദ്രനും നമസ്കാരം.
അദ്ധ്യാത്മ രാമായണം ബാലകാണ്ഡത്തിലെ ഇഷ്ടദേവതാസ്തുതിയിലേയും രാമായണമാഹാത്മ്യത്തിലേയും മന്ത്രാക്ഷരജപത്തിലൂടെ വിദ്യ അഭ്യസിക്കുന്നവർക്ക് നിശ്ചയമായും ഗുരുക്കന്മാരുടെ കൃപാകടാക്ഷം ഉണ്ടാകുന്നതായിരിക്കും. പഠിച്ചതുകൊണ്ടു മാത്രമായില്ല. ഒരു വിദ്യ ഫലവത്താകണമെങ്കിൽ ഗുരുവിന്റെ അനുഗ്രഹം കൂടിയുണ്ടാവണം.
അക്ഷരസ്വരൂപിണിയും സുന്ദരിയും ബ്രഹ്മാവിന്റെ മുഖകമലത്തിൽ വസിക്കുന്നവളുമായ ദേവീ, എന്റെ നാവിന്മേൽ വന്ന് വാണീടണമേ. സമുദ്രത്തിൽ തിരമാലകളെന്ന പോലെ താമസം കൂടാതെ പദാവലി എന്റെ ഉള്ളിൽ തോന്നേണമേ.
വൃഷ്ണിവംശത്തിൽ കൃഷ്ണനായ് പിറന്ന മഹാവിഷ്ണു എന്നെ വിശേഷിച്ചനുഗ്രഹിക്കണം. പുരാണകർത്താവായ വ്യാസനേയും ഞാൻ വണങ്ങുന്നു. നാലുവേദങ്ങൾക്കും തുല്യമായ രാമായണ രചനയാൽ ബ്രഹ്മാവിൽ ബഹുമാനം വളർത്തിയ കവിശ്രേഷ്ഠനായ വാല്മീകിയേയും ഞാൻ വന്ദിക്കുന്നു.
രാമനാമത്തെ എപ്പോഴും ജപിക്കുന്ന ശ്രീപരമേശ്വരൻ എന്റെ മനസ്സിൽ വസിച്ചീടുവാനായി വന്ദിക്കുന്നു. നാരദപമുഖന്മാരായ മുനികളും ശിവപത്നിയായ ശ്രീപാർവ്വതിയും എന്നെ തുണയ്ക്കണം.
കാരണഭൂതന്മാരായ ബ്രാഹ്മണരുടെ പാദകമലങ്ങളിൽ പറ്റിപ്പിടിച്ചിരിക്കുന്ന പാംസു സഞ്ചയം എന്റെ മനസ്സിലെ മാലിന്യമെല്ലാം തീർത്ത് ശുദ്ധിചെയ്തീടുവാനായി ഞാൻ വന്ദിക്കുന്നു. നാനാജഗന്മയനായ ഭഗവാനും അടിസ്ഥാനം വേദമെന്നാണല്ലോ ഗുരുനാഥൻ പറഞ്ഞത്. ബ്രഹ്മാവിഷ്ണുമഹേശ്വരന്മാർക്കും സമ്മതമായിട്ടുള്ള വേദജ്ഞാേത്തമന്മാരായ ബ്രാഹ്മണ ശ്രേഷ്ഠരേയും അവരുടെ വരത്തിന്റെയും ശാപത്തിന്റേയും മാഹാത്മ്യത്തെയും ആർക്കും പറയാൻ സാധിക്കുകയില്ല. പാദസേവകനും ഭക്തനും അജ്ഞാനിയുമായ ഞാൻ ശ്രീ രാമായണത്തെ ബോധഹീനന്മാർക്ക് അറിയാവുന്ന രീതിയിൽ ചൊല്ലുന്നു. വേദവേദാംഗവേദാന്താദിയായ വിദ്യകൾ എന്റെ മനസ്സിൽ തെളിഞ്ഞ് എന്നെ തുണയ്ക്കണം.
ദേവേന്ദ്രൻ, അഗ്നിദേവൻ, യമധർമ്മൻ, വരുണൻ, വായുദേവൻ, കുബേരൻ, പശുപതി, ശ്രീപരമേശ്വര പുത്രന്മാർ, ഗ്രഹങ്ങളുടെ നാഥനായ സൂര്യൻ എന്നിവർ അഗതിയായ എന്നെ എപ്പോഴും അനുഗ്രഹിക്കണേ. എന്റെ മനസ്സിൽ രാമനും മുഖ്യന്മാരായ ഗുരുഭൂതന്മാരും എന്നുംവാഴണം.
പണ്ട് ബ്രഹ്മാവ് നൂറുകോടി ഗ്രന്ഥങ്ങളുള്ള ഒരു രാമായണം രചിച്ചു, അത് ഭൂമിയിൽ ഇല്ല. രാമനാമത്തെ ജപിച്ച് മഹാമുനിയായിത്തീർന്ന വാല്മീകിയെക്കണ്ട് ബ്രഹ്മാവ്, ഭൂമിയിലുള്ള മനുഷ്യർക്ക് മോക്ഷപ്രാപ്തിക്കുവേണ്ടി ശ്രീരാമായണം രചിക്കണമെന്ന് അരുൾ ചെയ്തു. നാരദമഹർഷി രാമായണകഥ ഉപദേശിച്ചുകൊടുക്കുകയും ശ്രീ സരസ്വതി വാല്മീകിയുടെ നാവിൽ വിളങ്ങുകയും ചെയ്തു. അതുപോലെ രാമായണകഥ പറയുന്നതിനായി എന്റെ നാവിലും ദേവി വന്നു വിളങ്ങീടണേ എന്ന് പ്രാർത്ഥിക്കാൻ എനിക്ക് ലജ്ജ തോന്നുന്നു. വേദശാസ്ത്രങ്ങൾക്ക് അധികാരിയല്ലെന്ന് കരുതി എന്നോട് കൃപതോന്നി ക്ഷമിക്കണേ.
ആത്മജ്ഞാനത്തെ തെളിച്ചുകാട്ടുന്ന അദ്ധ്യാത്മരാമായണം ശ്രീപരമേശ്വരനാൽ പറയപ്പെട്ടതാണ്. ഇത് അദ്ധ്യയനം ചെയ്താൽ മനുഷ്യർക്ക് ഈ ജന്മത്തിൽ തന്നെ മോക്ഷം ലഭിക്കുമെന്നതിൽ സംശയമില്ല. വളരെ ഭക്തിയോടുകൂടി ഈ കഥ കേൾക്കുകയാണെങ്കിൽ ലൗകികബന്ധങ്ങളിൽ കുടുങ്ങിയവരാണെങ്കിൽ പോലും അവർക്ക് മുക്തി ലഭിക്കും.
ഭൂമിയുടെ ഭാരം തീർക്കുന്നതിനായി ബ്രഹ്മാദിദേവകളുടെ പ്രാർത്ഥനമൂലം പാൽക്കടലിൽ പള്ളികൊള്ളുന്ന സാക്ഷാൽ ശ്രീനാരായണൻ, സൂര്യവംശരാജാവായ ദശരഥപുത്രനായ് പിറക്കുകയും രാക്ഷസരാജാവായ രാവണനേയും മററും യമപുരിയിലേയ്ക്കയച്ചശേഷം പരബ്രഹ്മത്തിൽ ലയിക്കുകയും ചെയ്തു. ആ വേദാന്തവാക്യവേദ്യനായ ശ്രീരാമന്റെ പാദകമലങ്ങൾ ഞാൻ വന്ദിക്കുന്നു.
No comments:
Post a Comment