ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

7 July 2020

ലഘുയോഗവാസിഷ്ഠം - 34

ലഘുയോഗവാസിഷ്ഠം - 34

ശതരുദ്രോപാഖ്യാനം

ഹേ രാമചന്ദ്രാ, ഇനി ഞാന്‍ ഒരു സന്യാസിയുടെ രസകരമായൊരു കഥ പറയ‍ാം. ശ്രദ്ധവെച്ചു കേള്‍ക്കൂ എന്നുപറഞ്ഞുകൊണ്ടു വസിഷ്ഠമഹര്‍ഷി പിന്നെയും പറയാന്‍ തുടങ്ങി:

ഒരിക്കല്‍ കാട്ടില്‍ ഒരു ഏകാന്തസ്ഥലത്തിരുന്നു സമാധിപരിശീലനം ചെയ്തുവന്ന ഒരു സന്യാസിയുണ്ടായിരുന്നു. അങ്ങനെ വളരെക്കാലം സമാധിപരിശീലനം ചെയ്തതുകൊണ്ട് ആ ഭിക്ഷുവിന്റെ ചിത്തം വളരെ നിര്‍മ്മലവും വീര്യവത്തുമായിത്തീര്‍ന്നു. അതിന്റെ ഫലമായി അദ്ദേഹം എന്തിനെ ഭാവിക്കുന്നുവോ, ഉടനെ അതായിത്തീരും. വെള്ളം തിരയായി മാറാന്‍ പ്രയത്നം ആവശ്യമില്ലത്തതുപോലെ അദ്ദേഹത്തിനു എന്തായിത്തീരാനും ഒരുസ്മരണമൊഴിച്ചു് മറ്റൊന്നും ആവശ്യമില്ല. അങ്ങനെയിരിക്കെ ഒരുദിവസം സമാധിവിട്ടുണര്‍ന്നു് സ്വസ്ഥചിത്തനായി വിശ്രമിക്കുമ്പോള്‍ പൂര്‍വ്വവാസനാവിശേഷം കൊണ്ടോ എന്തോ നേരമ്പോക്കായി കുറച്ചുസമയം

സാധാരണജനങ്ങളുടെ ചിത്തമെന്നപോലെ മനസ്സുകൊണ്ട് ലോകവ്യവഹാരത്തെ നടത്താമെന്ന് തീര്‍ച്ചപ്പെടുത്തി. അതൊരു ആപത്തായി തീരുമെന്നോ അതുകൊണ്ടു ദുഖാനുഭവങ്ങള്‍ ഉണ്ടാവുമെന്നോ വിചാരിച്ചില്ല. അതിനുമുമ്പേതന്നെ എപ്പോള്‍ കുറച്ചുസമയം മനസ്സുകൊണ്ടു ലോകവ്യവഹാരത്തില്‍ രസിക്കാമെന്നു വിചാരിച്ചുവോ, അപ്പോള്‍ പെട്ടെന്നൊരു സങ്കല്‍പ്പം പൊന്തിവന്നു. ഞാന്‍ ‘ജീവട’ നെന്ന ഒരു ബ്രാഹ്മണനാണു് എന്നാണ് ആദ്യം പൊന്തിയ സങ്കല്പം. ആ ജീവടബ്രാഹ്മണന്റെ സ്വരൂപവും സ്വഭാവവും എല്ല‍ാം പ്രകാശിച്ചു. സന്യാസി തികച്ചും ജീവടബ്രാഹ്മണനായിത്തീര്‍ന്നു.സ്വപ്നപുരുഷനായ ആ ജീവടബ്രാഹ്മണന്‍ സ്വപ്നമയങ്ങളായ ഗ്രാമങ്ങളിലും പട്ടണങ്ങളിലും ചുറ്റിനടക്കുകയും പലവ്യവഹാരങ്ങളെയും ആചരിക്കുകയും ചെയ്തുവന്നു.

അങ്ങനെയിരിക്കെ ഒരുദിവസ്സം ആ ജീവടബ്രാഹ്മണന്‍ ഉറങ്ങിയപ്പോള്‍ താന്‍ സ്വാധ്യായശ്രുതസമ്പന്നനും ബ്രഹ്മനിഷ്ഠാനുഭൂതിയോടുകൂടിയവനുമായ ഒരു ബ്രാഹ്മണശ്രേഷ്ഠനായി മാറി സ്വപ്നത്തില്‍. പിന്നെ ആ ബ്രാഹ്മണശ്രേഷ്ഠന്‍ തന്റെ കൃത്യങ്ങളെ ചെയ്തു കഴിഞ്ഞുകൂടിക്കൊണ്ടിരിക്കേ ഒരിക്കല്‍ സ്വപ്നത്തില്‍ ഒരു സാമന്തനായിട്ടു മാറി. സാമന്ത സ്വപ്നത്തില്‍ ചക്രവര്‍ത്തിയായിത്തീര്‍ന്നു. എല്ലാപ്രഭാവങ്ങളോടും കൂടിയ ആ ചക്രവര്‍ത്തി ഒരിക്കല്‍ സ്വപ്നത്തില്‍ ഒരു ദേവസ്ത്രീയായിത്തീര്‍ന്നു. പലരോടുംകൂടി ദിവ്യലീലകളെ ചെയ്തു വിനോദിച്ചു തളര്‍ന്ന ആ ദേവസ്ത്രീ കിടന്നുറങ്ങുമ്പോള്‍ തന്നെ ഒരു മാന്‍പേടയായി കണ്ടു. കണ്ടതിനെയും കേട്ടതിനെയുമാണല്ലോ സ്വപ്നത്തില്‍ കാണുന്നത്. അങ്ങനെ ദൃഷ്ടശ്രുതങ്ങളായ വസ്തുക്കളെ സ്വപ്നത്തില്‍ ദര്‍ശിക്കുകയെന്നതു തിര്യക്കുകള്‍ക്കും സംഭവിച്ചുകൊണ്ടിരിക്കുന്ന ഒരു സാധാരണാനുഭവമാണു്. അതിനാല്‍ മാന്‍പേട ഒരു ദിവസം സ്വപ്നത്തില്‍ തന്നെ ഒരു കാട്ടുവള്ളിയായി കണ്ടു. ആ വള്ളി വളര്‍ന്നു പടര്‍ന്നു പന്തലിച്ചു പല വൃക്ഷങ്ങളിലും ചുറ്റി വനദേവതമാര്‍ക്കു രതിക്രീഡക്കുള്ള വള്ളിക്കുടിലായിത്തീര്‍ന്നു. മിക്കപ്പോഴും പുഷ്പിച്ചു പൂന്തൊത്തുകളോടുകൂടിയിരുന്ന ആ വള്ളിയില്‍ വണ്ടുകള്‍ ധാരാളമായി വന്നും പോയുമിരുന്നു. അവയുടെ നിരന്തരസമ്പര്‍ക്കംകൊണ്ടോ എന്തോ, ലതാന്തര്‍ഗ്ഗതമായ സംവിത്തു വണ്ടിനെ സ്മരിച്ചു വണ്ടായിത്തീര്‍ന്നു.

താമരപുഷ്പത്തിലെ തേനിന്റെ മാധുര്യം നുകര്‍ന്ന വണ്ട് ഒരു ദിവസം കൂമ്പിയ താമരക്കുള്ളില്‍ പെട്ടുപോയി. രാത്രിയില്‍ ഒരു ആന ഇറങ്ങിവന്നു. പൊയ്കയൊക്കെ ഇളക്കിമറിച്ചു താമരത്തണ്ടുകള്‍ പറിച്ചു വലിച്ചു നിലത്തടിച്ച കൂട്ടത്തില്‍ ആ വണ്ടത്താനും ചാവാനിടയായി. ആനയെ ഭാവിച്ചുകൊണ്ടു് മരിച്ചതിനാല്‍ അധികം താമസിയാതെ വണ്ട് ആനയായിത്തീര്‍ന്നു. ആ ആന പിടിയാനകളോടുകൂടി കാട്ടില്‍ മദിച്ചുകൊണ്ടിരിക്കുന്ന സമയത്തൊരു വാരിക്കുഴിയില്‍ വീണു. അതിനെ മനുഷ്യര്‍ പിടിച്ചു കരയ്ക്കുകയറ്റി കൊണ്ടുപോയി മെരുക്കി യുദ്ധത്തിനുപയോഗപ്പെടുത്തിവന്നു. ഒരിക്കല്‍ ഒരുപോര്‍ക്കളത്തില്‍ വച്ചു ശത്രുസൈന്യങ്ങളുടെ ആയുധമേറ്റു മരിക്കാനും ഇടയായി. ജീവിച്ചിരിക്കുമ്പോള്‍ മിക്കപ്പോഴും വണ്ടിനെ കണ്ടു പരിചയിച്ച ആന മരണശേഷം വണ്ടായിത്തീര്‍ന്നു. അപ്പോഴും ഒരിക്കല്‍ താമരപുഷ്പത്തിലിരിക്കെ ആന കൊല്ലാനിടയായിത്തീര്‍ന്നു. എങ്കിലും പിന്നീടു ഹംസമായിട്ടാണ് ജനിച്ചതു്. ആ ഹംസം പിന്നെയും അനേകം ജീവിസ്വരൂപത്തില്‍ ജനിക്കുകയും മരിക്കുകയും ചെയ്തശേഷം ഒരിക്കല്‍ ബ്രഹ്മദേവന്റെ വാഹനമായ ഹംസമായിത്തീര്‍ന്നു. അക്കാലത്തു ബ്രഹ്മദേവനോടുകൂടി പലസ്ഥലത്തും പോകാനിടയായ കൂട്ടത്തില്‍ ഒരിക്കല്‍ രുദ്രലോകത്തും പോയി. രുദ്രദേവന്റെ മാഹാത്മ്യവും പ്രൗഡിയുമൊക്കെക്കണ്ട് ആ ഹംസം താന്‍ രുദ്രനാണെന്നു ഭാവിക്കാന്‍ തുടങ്ങി. അതിന്റെ ഫലമായി രുദ്രനായിത്തീര്‍ന്നു. ശൈവാചാരങ്ങളോടും ഭൂതഗണങ്ങളോടും കൂടി രുദ്രലോകത്തു കഴിയാന്‍ തുടങ്ങി. ആ രുദ്രദേവന്‍ തന്റെ സര്‍വ്വോത്തമമായ ജ്ഞാനം കൊണ്ടും വിസ്തൃതമായ ബുദ്ധികൊണ്ടും തന്റെ പൂര്‍വ്വജന്മങ്ങളെയും അവയിലെ അനുഭവങ്ങളെയുമൊക്കെ നോക്കികണ്ടു. നിവാരണസ്വരൂപമായ ജ്ഞാനം കൊണ്ടു പൂര്‍വ്വചരിത്രങ്ങളെ മുഴുവന്‍ കൈയ്യില്‍ വെച്ചു നെല്ലിക്കയെന്നപോലെ നോക്കികണ്ടു് അത്യന്തം വിസ്മയിച്ചു ഭഗവാനായ ഹരന്‍ പിന്നീടങ്ങനെ വിചാരിക്കാന്‍ തുടങ്ങി.

ആശ്ചര്യമാശ്ചര്യം! എന്തൊരു കഥയാണിതു്! വിശ്വത്തെ മുഴുവന്‍ മോഹിപ്പിച്ചുകൊണ്ടിരിക്കുന്ന മോഹനസ്വരൂപിയായ മായ, വാസ്തവത്തില്‍ ഒരു മരീചികയെന്നപോലെ ഇല്ലാത്തതാണെങ്കിലും ഒള്ളതായിത്തന്നെ വിളങ്ങുന്നു. കഷ്ടം! അതിന്റെ ഫലമായി ഏതെല്ല‍ാം സംസാരക്കാടുകളില്‍ എത്രയൊക്കെയാണ് ഞാന്‍ ഭ്രമിക്കാനും അലയാനും ഇടയായതു്! ഒരു ജന്മത്തില്‍ ജീവടബ്രാഹ്മണനെന്നും പിന്നൊരിക്കല്‍ ശ്രേഷ്ഠബ്രാഹ്മണനെന്നും മറ്റൊന്നില്‍ മഹാരാജാവും എന്നുവേണ്ട എന്തൊക്കെയായാണ് ഞാന്‍ ഭ്രമിച്ചതു്! അങ്ങനെ പലതിലും ഭ്രമിച്ച് ഇപ്പോള്‍ രുദ്രനായിത്തീര്‍ന്നശേഷവും ഒരുനൂറു ചതുര്‍യുഗങ്ങളും ഒരായിരം സംവത്സരങ്ങളും ഇപ്പോള്‍ കഴിഞ്ഞു. എന്നല്ല, ഇവിടെ ചെയ്തുതീര്‍ത്ത കാര്യങ്ങള്‍ക്ക് അവസാനവുമില്ല. അത്രയധികം കര്‍മ്മങ്ങളും ചെയ്തു. എന്തൊരാശ്ചര്യമാണിതു്! പോട്ടെ, ഇനിയെങ്കിലും എന്റെ ജന്മങ്ങളെയൊക്കെ നോക്കിക്കണ്ടു് എല്ല‍ാം എന്നോടുകൂടി യോജിപ്പിച്ച് ഏകീകരിക്കട്ടെ. എന്നിങ്ങനെ തീര്‍ച്ചപ്പെടുത്തി രുദ്രദേവന്‍ ആദ്യം തന്നെ സന്യാസിയിരിക്കുന്നിടത്തേക്കുവന്നു. അദ്ദേഹം ശവമെന്നപോലെ കേവലം അസ്തപ്രജ്ഞനായിട്ടിരിക്കയാണ്. അദ്ദേഹത്തെ ഉണര്‍ത്തി അതോടെ അദ്ദേഹത്തിന്റെ പ്രജ്ഞവികസിച്ചു. കഴിഞ്ഞ എല്ലാ സംഗതികളെയും ഓര്‍മ്മിച്ചു. ജ്ഞാനിയെങ്കിലും അദ്ദേഹവും ആശ്ചര്യപ്പെട്ടു. അനന്തരം അവര്‍ രണ്ടുപേരും കൂടി പോയി ചിദാകാശത്തിന്റെ മറ്റൊരു കോണില്‍ സ്തബ്ധനായിരിക്കുന്ന ജീവടബ്രാഹ്മണനെയും അതുപോലെ മറ്റെല്ലാപേരെയും ഉണര്‍ത്തി അവരിലൊക്കെ അദ്വൈതജ്ഞാനം പ്രകാശിപ്പിച്ചു. അനന്തരം അവരെല്ലാവരും വര്‍ത്തമാന പ്രാരബ്ധത്തെ യഥാവിധി അനുഭവിച്ചശേഷം അന്ത്യത്തില്‍ ഒരു രുദ്രദേവനോടു് ഐക്യത്തെ പ്രാപിക്കുകയും ചെയ്തു.

ഹേ രാമചന്ദ്രാ, എല്ല‍ാം ഒരാളുടെ ചിത്തത്തിലുണ്ട്. ഏതിനെ ഏതുരൂപത്തില്‍ ചിത്തു സൂക്ഷിക്കുന്നുവോ, അതു് ആ രൂപമായിത്തീരുന്നു. ചിത്തിനു സര്‍വ്വാത്മകത്വമുണ്ടെന്നതിനാല്‍ ഒരു സങ്കല്പവും അല്ലെങ്കില്‍ ഒരു വീക്ഷണവും ഫലിക്കാതിരിക്കുന്നില്ല. സ്വപ്നത്തില്‍ കാണുന്നതും സങ്കല്പം കൊണ്ടുഭാവിക്കുന്നതും കൂടിയും അവിടെ അതേ രൂപത്തില്‍ത്തന്നെ വര്‍ത്തിക്കുന്നു. അതാണ് ചിത്തിന്റെ പ്രഭാവം. സങ്കല്പംകൊണ്ടും സ്വപ്നത്തിലും അപ്രാപ്യങ്ങളും കാലദേശങ്ങളാല്‍ മറക്കപ്പെട്ടവയുമായ പദാര്‍ത്ഥങ്ങളെപ്പോലും പ്രാപിക്കാറുണ്ടല്ലോ. അഭ്യാസവും യോഗസിദ്ധിയുമുള്ള ഒരാള്‍ക്ക് ഏതവസരത്തിലും അങ്ങനെയുള്ള ഏതൊരു പദാര്‍ത്ഥത്തെയും പ്രാപിക്കാന്‍ കഴിയും. യോഗവും ജ്ഞാനവും പൂര്‍ണ്ണമായുള്ള ശങ്കരാദിദേവശ്രേഷ്ഠന്മാര്‍ എപ്പോഴും എല്ലാറ്റിനെയും കാണുന്നു. ചിത്തത്തിന്റെ ഏകനിഷ്ഠ അല്ലെങ്കില്‍ ഏകാഗ്രതയാണ് വീര്യത്തെയും അനന്തരം യോഗത്തെയും അവസാനം ജ്ഞാനത്തെയും പ്രകാശിപ്പിക്കുന്നതു്. ഒന്നിനെ പ്രാപിക്കാനിച്ഛിക്കുന്ന ചിത്തം അതിനെ വിട്ടു മറ്റോരോന്നിനെ പ്രാപിച്ചു കൊണ്ടിരിക്കുംകാലത്തോളം ഉദ്ദിഷ്ട വസ്തുവിന്റെ പ്രാപ്തിയില്ലെന്നു പരയേണ്ടതില്ലല്ലോ.

ഏകാഗ്രമായ മനസ്സു് ദൃഢതയോടുകൂടുംവണ്ണം സങ്കല്പിക്കുന്ന സങ്കല്പങ്ങള്‍ എന്തായാലും പെട്ടെന്നുതന്നെ സഫലങ്ങളാവുന്നു. മനസ്സിന്നേകാഗ്രതയോ സങ്കല്പത്തിന് ദാര്‍ഢ്യമോ ഇല്ലാത്തതുകൊണ്ടാണ് സാധാരണ ജനങ്ങളുടെ സങ്കല്‍പ്പങ്ങള്‍ പെട്ടന്നു ഫലിച്ചു കാണാത്തതു്. അതിനാല്‍, ഹേ രാഘവാ, സങ്കല്പാര്‍ത്ഥൈകനിഷ്ഠത്വംകൊണ്ടാണു് സന്യാസി അനേകം രൂപങ്ങളായി അനേക സംസാരങ്ങളെ വളര്‍ത്താനിടയായതു്. അവസാനം രുദ്രനായിത്തീര്‍ന്നതിനാല്‍ എല്ലാ രൂപങ്ങള്‍ക്കും സത്യത സംഭവിക്കുകയും ചെയ്തു. അതിന്റെ ഫലമായി ഓരോരുത്തര്‍ക്കും പ്രത്യേകം പ്രത്യേകം സംസാരമുണ്ടാവുകയും അവസാനം രുദ്രസങ്കല്പംകൊണ്ട് എല്ലാവരും ഒന്നായിചേര്‍ന്ന് കൈവല്യത്തെ പ്രാപിക്കുകയും ചെയ്തു. ഇങ്ങനെയൊക്കെ സംഭവിക്കുമോ എന്നു സംശയിക്കേണ്ട. ഇങ്ങനെയും ഇതിലും വിചിത്രമായതുമൊക്കെ സംഭവിക്ക‍ാം. എന്തുകൊണ്ടെന്നാല്‍ മായയാണ് അതിനെല്ല‍ാം ഹേതു. ഒന്നു് അനേകമായും അനേകങ്ങള്‍ ഒന്നായുമൊക്കെ സംഭവിക്ക‍ാം. ശ്രീനാരായണന്‍ അംശാവതാരലീലകളെക്കൊണ്ട് ഈവിശ്വത്തെ രക്ഷിക്കുന്നുവെന്നുകേട്ടിട്ടില്ലേ? ആയതെങ്ങനെ സംഭവിക്കുന്നുവോ, അതുപോലെ എപ്പോഴും എവിടെയും എല്ലാവരിലും സംഭവിക്ക‍ാം. എന്നാല്‍ സാഹചര്യങ്ങള്‍ യോജിച്ചിരിക്കണമെന്നുമാത്രം.

വീണ്ടും വസിഷ്ഠമഹര്‍ഷി പറയാന്‍തുടങ്ങി: ഹേ രാമചന്ദ്രാ, ചിത്തത്തിന്റെ രാജസമായ ഉല്ലാസത്തെ അടക്കി സത്വനിഷ്ഠകൊണ്ടു ശാന്തവും ശുദ്ധവുമാക്കി എപ്പോഴും ബ്രഹ്മഭാവനയോടും സൌഷുപ്തമനത്തോടും കൂടിയിരിക്കൂ. അങ്ങനെ കഴിയുന്നവരെ സംസാരത്തിന്റെ ക്ലേശങ്ങളൊന്നും ബാധിക്കില്ല. എന്നിങ്ങനെ പറഞ്ഞപ്പോള്‍ ഭഗവാന്‍ ചോദിക്കയാണ്. ഹേ മഹര്‍ഷേ, വാങ്മൌനം, അക്ഷമൌനം, കാഷ്ഠമൌനം ഇങ്ങനെയുള്ള മൂന്നുതരത്തിലുള്ള മൌനങ്ങളെ പറ്റിഞാന്‍ കേട്ടിട്ടുണ്ട്. എന്നാല്‍ സൌഷുപ്ത മൌമത്തെപ്പറ്റി കേട്ടിട്ടില്ല. അതെങ്ങിനെയുള്ളതാണെന്നു പറഞ്ഞുതന്നാല്‍ കൊള്ളാമെന്നു്. അതിനും മറുപടി പറയാന്‍ തുടങ്ങിവസിഷ്ഠമഹര്‍‍ഷി:

ഹേ രാമാ, മുനിമാര്‍ രണ്ടുതരത്തിലാണെന്നു പറയാറുണ്ട് അറിവുള്ളവര്‍. അതില്‍ ഒരു വര്‍ഗ്ഗത്തെ കാഷ്ഠതാപസനെന്നും മറ്റേ വര്‍ഗ്ഗത്തെ ജീവന്മുക്തനെന്നും പറഞ്ഞുവരുന്നു. വസ്തുബോധം വരുത്താതെയും തത്ത്വവിചാരം ചെയ്യാതെയും ബ്രഹ്മഭാവനയെ അനുഷ്ടിക്കാതെ കേവലം ശുഷ്കങ്ങളായ ക്രിയകളെ ചെയ്തും ഹഠയോഗത്തെ അഭ്യസിച്ചും കഴിയുന്നതാപസ്സന്‍മാരെയാണ് കാഷ്ഠതാപസ്സനെന്നു പറയുന്നതു്. അറിയപ്പെട്ടതെല്ല‍ാം ബ്രഹ്മമാണെന്നബോധത്തോടു കൂടി ഭേദബുദ്ധിയില്ലാതെ എപ്പോഴും ബ്രഹ്മഭാവത്തില്‍ത്തന്നെ മുഴുകികഴിയുന്നവര്‍ ജീവന്മുക്തരെന്നും പറയപ്പെടുന്നു. പ്രസ്തുതരണ്ടുവര്‍ഗ്ഗത്തില്‍പ്പെട്ട മുനിമാരുടെയും മനോവൃത്തി പ്രശാന്തവും വിഷയനിവൃത്തിയുമാണ്. എന്നാല്‍ രണ്ടു രൂപത്തിലാണെന്നേയുള്ളു. എങ്കിലും രണ്ടുകൂട്ടരും മൌനികള്‍ തന്നെ.

കേവലം വാക്കിനെ മാത്രം അടക്കുന്നതിനാണ് വാങ്മൌനമെന്നു പറയുന്നത്. ബലാല്‍ക്കാരേണ ഇന്ദ്രിയങ്ങളെ അടക്കി വിഷയസമ്പര്‍ക്കമില്ലാതിരികികുന്നതു് അക്ഷമൌനമെന്നും പറയപ്പെടുന്നു. കര്‍മ്മങ്ങളെ മുഴുവന്‍ വിട്ടു നിശ്ചേഷ്ഠനായിരിക്കുന്നതാണ് കാഷ്ഠമൌനം. പറയപ്പെട്ട മൂന്നു മൌനങ്ങളും നല്ലതുതന്നെ. പക്ഷേ ചിത്തവാസനകളടങ്ങിക്കഴിഞ്ഞാല്‍ സംഭവിക്കുന്നതാണു് സൌഷുപ്ത മൌനം. ഒന്നിലും ഒരു തരത്തിലുള്ള ഭേദബുദ്ധിയും അപ്പോഴുണ്ടാവില്ല. രാത്രിയെന്നോ പകലെന്നോ സമാധിയെന്നോ വിഷയഗ്രഹണമെന്നോ ജാഗ്രത്തെന്നോ സുഷുപ്തിയെന്നോ ഉള്ള യാതൊരു ഭേദവുമില്ലാതെ ആദ്യന്തരഹിതവും ഏകവും നിരുപാധികവുമായ ബ്രഹ്മഭാവമൊഴിച്ചു മറ്റൊന്നിന്റെയും പ്രതീതിയില്ലാതിരിക്കും. അതുതന്നെ സൌഷുപ്തമൌനം. നാനാതത്വസ്വരൂപമായ ഈ ജഗത്തെല്ല‍ാം തന്നെയും അദ്വൈതബ്രഹ്മമല്ലാതെ മറ്റൊന്നമില്ലെന്നറിഞ്ഞു നിര്‍വ്വികല്പമായ ബ്രഹ്മഭാവത്തില്‍ മുഴുകിയിരിക്കുന്നതുതന്നെ സൌഷുപ്തമൌനമെന്നു പറയപ്പെടുന്നു. ജഗല്‍സംബന്ധമില്ലാതെ ബ്രഹ്മൈക ഭാവനയായി ഭേദബുദ്ധിയില്ലാതെ സുഷുപ്തിക്കു തുല്ല്യമായുള്ള ഇരിപ്പിനെത്തന്നെയാണ് സൌഷുപ്തമൌനമെന്നുപറയുന്നതു്.

സ‍ാംഖ്യയോഗികളും യോഗയോഗികളും സൌഷുപ്തമൌനസ്ഥിതി ചെയ്യാറുണ്ട്. അല്ലെങ്കില്‍ ജ്ഞാനംകൊണ്ടും യോഗസിദ്ധിയെകൊണ്ടും യോഗസ്ഥതിയെക്കൊണ്ടും ഭേദബുദ്ധിയെ നശിപ്പിച്ചു് സുഷുപ്തസ്ഥിതിയിലിരിക്ക‍ാം സമ്യക്ജ്ഞാനത്തെത്തന്നെയാണ് സ‍ാംഖ്യമെന്നു പറയുന്നതു്. യുക്തിയോടുകൂടുംവണ്ണമുള്ള അഭ്യാസംകൊണ്ട് പ്രാണാദിവായുക്കളെ ജയിച്ചു ക്ലേശ‌രഹിതമായ കേവലസ്ഥിതിയിലിരിക്കുന്നവരെയാണ് യോഗയോഗികളെന്നും പറയുന്നതു്. സ‍ാംഖ്യവും യോഗവും രണ്ടു യോഗങ്ങളും രണ്ടുവിധ അനുഷ്ടാനസമ്പ്രദായങ്ങളുമാണെങ്കിലും ഇരുകൂട്ടരുടെയും പ്രാപ്യവസ്തു ഒന്നുതന്നെ.

മനസ്സെന്ന തത്വംതന്നെ വാസ്തവത്തില്‍ ഇല്ലാത്തതാണു്. വിചാരങ്ങളെക്കൊണ്ടാണല്ലോ മനസ്സു് ഉള്ളതാണെന്നു തോന്നപ്പെടാന്‍ ഇടയാവുന്നതു്. എന്നാല്‍ വിചാരങ്ങളില്‍ ഒന്നുപോലും സത്യമല്ല; എല്ല‍ാം അസത്യമാണെന്നുവന്നാല്‍ അസത്യങ്ങളായ വിചാരങ്ങള്‍ക്കാസ്പദമായ മനസ്സെങ്ങനെ സത്യമാവും? ഒരാള്‍ സ്വപ്നത്തില്‍ തന്റെ മരണത്തെ അനുഭവിക്കുന്നുവെന്നിരിക്കട്ടേ; അസത്യമായ ആ മരണപ്രതീതിയെ പ്രദാനംചെയ്ത മനസ്സും അസത്യമല്ലാതെ സത്യമാകുന്നതെങ്ങനെ? വേണ്ടുംവണ്ണം വിചാരം ചെയ്യാനിടയാകുമ്പോള്‍ മനസ്സു് ഇല്ലാത്തതാണെന്നു ബോധ്യമാകും. ഹേ, രാമാ, ഇല്ലാത്ത മനസ്സിനെ ലയിപ്പിച്ചു് ഇല്ലാതാക്കിതീര്‍ക്കലും പ്രാണങ്ങളെ നിശ്ചലങ്ങളാക്കലും വസ്തുസ്വരൂപത്തെ വിടാതെ അനുസന്ധാനം ചെയ്യലുമാകുന്ന മൂന്നഭ്യാസങ്ങള്‍ തന്നെയാണു് മോക്ഷസാധനങ്ങള്‍. പറയപ്പെട്ട മൂന്നഭ്യാസങ്ങളില്‍ ഏതെങ്കിലും ഒന്നു് സ്വാധീനമായാല്‍ത്തന്നെ മറ്റുരണ്ടും ക്രമേണ വന്നു ചേരുകയും ലക്ഷ്യമാകുന്ന കൈവല്യത്തെ പ്രാപിക്കാനിടയാവുകയും ചെയ്യും. വാസ്തവത്തില്‍ പ്രാണനും മനസ്സും രണ്ടുതത്വങ്ങളാണെന്നുമാത്രമേയുള്ളു. അവയ്ക്ക് അന്യോന്യവൈരുധ്യമില്ല. അന്യോന്യൈക്യസ്ഥിതിയുണ്ടുതാനും. അവയില്‍ ഏതെങ്കിലും ഒന്നു നിന്നാല്‍ താമസമില്ല മറ്റേതും നിശ്ചലമായിത്തീരും. ഒരേതത്വത്തിന്റെ രണ്ടുരൂപങ്ങളാണു് മനസ്സും പ്രാണനുമെന്നോ, അല്ലെങ്കില്‍ അന്യോന്യം ആധാരാധേയങ്ങളാണെന്നോ ഒക്കെപ്പറയ‍ാം. അത്രമാത്രം അന്യോന്യസംബന്ധത്തോടുകൂടിയവയാണു് പ്രാണനും മനസ്സും.

ഏതൊരു വസ്തുവിന്റെ നിരന്താനുസന്ധാനംകൊണ്ട് ഹേ രാമാ, പ്രാണനും മനസ്സും അത്യന്തൈകാഗ്രമായി വസ്തുവോടു തന്മയതയെ പ്രാപിക്കനിടയാവുന്നുവോ, സംശയമില്ല ഉടനെ ആ വസ്തുവായിത്തീരുന്നു. ഈ വസ്തുതയെ വെളിവാക്കാന്‍വേണ്ടി പണ്ടൊരു വേതാളത്തിന്റെ ചേദ്യോത്തരസ്വരൂപമായ ഇതിഹാസത്തെപ്പറ്റിപ്പറയ‍ാം. ശ്രദ്ധവെച്ചുകേള്‍ക്കൂ എന്നു പറഞ്ഞുകൊണ്ടു് വസിഷ്ഠമഹര്‍ഷി വേതാളോപാഖ്യാനമാകുന്ന ഇതിഹാസത്തെപ്പറയാന്‍ തുടങ്ങി.

No comments:

Post a Comment