പുതിയ വസ്ത്രം
ഒരിക്കൽ ശ്രീബുദ്ധനോട് ഒരു ശിഷ്യൻ തന്റെ വസ്ത്രങ്ങൾ പഴകയതിനാൽ ഒരു പുതിയ വസ്ത്രം നൽകണമെന്നപേക്ഷിച്ചു.
ശ്രീബുദ്ധൻ ഉടനെ അതിന് അനുവാദം നൽകി.
അടുത്ത ദിവസം ബുദ്ധൻ ആ ശിഷ്യനോട് ചോദിച്ചു:
പുതിയ വസ്ത്രം കിട്ടിയൊ?
നിനക്ക് വേറെ എന്തെങ്കിലും ആവശ്യമുണ്ടൊ?
ശിഷ്യൻ: ഗുരോ, അവിടുത്തേക്ക് നന്ദി പുതിയ വസ്ത്രം കിട്ടി. എനിക്ക് മറ്റൊന്നും ആവശ്യമില്ല.
ബുദ്ധൻ: പഴയ വസ്ത്രം നീ എന്തുചെയ്തു?
ശിഷ്യൻ: അതു ഞാൻ കിടക്ക വിരിപ്പായി ഉപയോഗിക്കുന്നു.
ബുദ്ധൻ: അപ്പോ നീ ആ പഴയ വിരിപ്പ് കളഞ്ഞുവോ?
ശിഷ്യൻ: ഇല്ല. അത് ജനാലമറയായി ഉപയോഗിക്കുന്നു.
ബുദ്ധൻ: പഴയ മറ എന്തുചെയ്തു?
ശിഷ്യൻ: അതിപ്പോൾ അടുക്കളയിൽ ചൂടുപാത്രങ്ങൾ പിടിക്കുവാനായി ഉപയോഗിക്കുന്നുണ്ട്.
ബുദ്ധൻ: അതിനു നേരത്തേ ഉപയോഗിച്ചിരുന്ന തുണി എന്തുചെയ്തു?
ശിഷ്യൻ: അത് നിലം തുടയ്ക്കുവാൻ ഉപയോഗിക്കുന്നു.
ബുദ്ധൻ: അപ്പോൾ, നേരത്തേ നിലം തുടച്ചിരുന്ന പഴന്തുണിയോ?
ശിഷ്യൻ: ഗുരോ! അത് തീരെ പഴകിയിരുന്നു. മറ്റൊന്നിനും ഉപയോഗിക്കാൻ സാധിക്കാത്തതുകൊണ്ട് മൺവിളക്കിലെ തിരിയായി ഉപയോഗിക്കുന്നു.
ഇത് കേട്ട് ബുദ്ധൻ മന്ദഹസിച്ചു. എന്നിട്ട് അടുത്തിരുന്ന ശിഷ്യരെ നോക്കിപറഞ്ഞു.
കണ്ടില്ലേ..തികച്ചും ഉപയോഗശൂന്യമെന്നു കരുതുന്ന ഏതൊരു വസ്തുവിനും എന്തെങ്കിലും ഉപയോഗം കണ്ടെത്താൻ കഴിയും.
ഈ കഥ ഈ ആധുനിക കാലത്ത് ഏറെ പ്രസക്തിയുണ്ട്. അതായത് പ്രകൃതി വിഭവങ്ങളെ ഏറ്റവും മിതമായി ഉപയോഗിക്കുക, പുനരുപയോഗിക്കാൻ കഴിയുന്നവയെ ആ രീതിയിൽ പരമാവധി പ്രയോജനപ്പെടുത്തുക. അതുവഴി മാലിന്യമുക്തമായ ഒരു ലോകത്തെ സൃഷ്ടിക്കുവാൻ നമുക്ക് സാധിക്കും. അതുകൂടിയാവണം നമ്മുടെ പരിസ്ഥിതി സംരക്ഷണങ്ങളിലൊരു പ്രവർത്തനം.
No comments:
Post a Comment