ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

22 August 2019

സ്ത്രീധനം

സ്ത്രീധനം

സ്ത്രീയെ തന്നെ ധനമായി കരുതിയിരുന്ന സംസ്കൃതിയിൽ നിന്നും സ്ത്രീയെ ഒരു കച്ചവടച്ചരക്കായ് കണ്ടു തുടങ്ങിയ സംസ്കൃതിയുടെ പിറവിയുടെ വേരുകൾ നീളുന്നതും കോളോണിയൽ ഭരണ കാലങ്ങളിലെക്കാണ്. സ്ത്രീക്ക് നല്കുന്ന ധനം ഡോരി (Dowry) ആയി മാറിയതെങ്ങനെ എന്ന് നോക്കാം.

സ്ത്രീധനത്തിന് സമാന്തരമായി ‘കന്യാശുൽക്കം’ എന്നോരു സമ്പ്രദായം ഭാരതത്തിൽ നിലവിലിരുന്നു. പുരുഷനോ വീട്ടുകാരോ സന്തോഷപൂർവ്വം സ്ത്രീക്ക് നല്കുന്ന സ്വത്തായിരുന്നു കന്യാശുല്ക്കം. കാലക്രമേണ ഈ ആചാരം മറഞ്ഞു പോകുകയും സ്ത്രീധന സമ്പ്രദായം മാത്രം ശക്തി പ്രാപിക്കുകയും ചെയ്തു. സ്ത്രീധന സമ്പ്രദായത്തെക്കുറിച്ച് സനാതന ധർമം എന്ത് പറയുന്നു എന്ന് നോക്കാം..

ഉത്തമം സ്വാര്‍ജിതം വിത്തം,
മധ്യമം പിതുരാര്‍ജിതം
അധമം മാ തുലാര്‍ജിതം വിത്തം
സ്ത്രീ വിത്തം അധമാധാമം

സ്വന്തമായി സമ്പാദിക്കുന്ന പണം ഏറ്റവും ഉത്തമം, പാരമ്പര്യമായി കിട്ടുന്നത് (പിതാവില്‍ നിന്ന്) മദ്ധ്യമം, മാതുലന്മാരില്‍ (അമ്മാവന്മാരില്‍) നിന്ന് ലഭിക്കുന്നത് അധമവും, അധമാധമം (ഏറ്റവും മോശമായിട്ടുള്ളത്) ആയിട്ടുള്ളത് സ്ത്രീധനവും ആണ്.

ഈ ശ്ലോകത്തിൽ നിന്ന് മാത്രം സ്ത്രീധനം കൊണ്ട് ജീവിതം കെട്ടിപ്പടുക്കുന്ന പുരുഷനെ വിലകുറച്ച് കാണുന്ന രീതി വ്യക്തമാണ്. സ്ത്രീയുടെ കുടുബാംഗങ്ങൾ സസന്തോഷം സ്ത്രീക്ക് നല്കിയിരുന്ന സമ്മാനമായിരുന്നു സ്ത്രീ ധനം. ഇതിന്റെ കൈകർത്താക്കൾ സ്ത്രീകള് മാത്രമായിരുന്നു. സ്ത്രീധന വിഷയത്തിൽ ബലപ്രയോഗം നിഷിദ്ധമായിരുന്നു. ബ്രിട്ടീഷ്‌ നിയമങ്ങൾ സ്വത്തവകാശങ്ങൾ സ്ത്രീകളിൽ നിന്നെടുത്തു മാറ്റിയതോടെയാണ് സ്ത്രീധന മരണങ്ങൾ തുടങ്ങിയതെന്ന് വീണ ഓൾഡെൻ ബർഗ് തന്റെ Dowry murder എന്നാ പുസ്തകത്തിൽ സ്ഥാപിക്കുന്നുണ്ട്. കൂടാതെ രാജീവ് മല്ഹോത്ര , അരവിന്ദൻ നീലകണ്ഠൻ തുടങ്ങിയവർ സ്ത്രീധന മരണം ബ്രിട്ടിഷുകാർക്ക് ശേഷം എന്ന് Breaking India എന്ന പുസ്തകത്തിലൂടെയും വ്യക്തമാക്കുന്നുണ്ട്. യൂറോപിയൻ ചരിത്രത്തിലുടനീളം സ്ത്രീധനസമ്പ്രദായം ആചരിച്ചു പോന്നിരുന്നു. തങ്ങളുടെ സാംസ്കാരികമായ പോരായ്മകളെ മറച്ചു വെക്കുവാൻ ബ്രിട്ടിഷുകാർ ഭാരതത്തിലെ ജാതി വ്യവസ്ഥയെ ആണ് കൂട്ട് പിടിച്ചത്. പെണ്‍ശിശുഹത്യയും സ്ത്രീധനവും തമ്മിൽ ആദ്യമായി ബന്ധപെടുത്തിയത് അവരാണ്. പെണ്‍കുഞ്ഞുങ്ങൾ ശാപമെന്ന നിലയിലേക്ക് ഭാരതത്തെ എത്തിക്കുന്നതിൽ ഇസ്ലാമികാധിനിവേശം വഹിച്ച പങ്കു ചെറുതല്ല.  സ്ത്രീകളിൽ നിന്നും സ്വത്തവകാശം ഇല്ലാതായതോടെ അവർ ചൂഷണങ്ങൾക്ക് ഇരയാകുകയും ദ്രോഹിക്കപ്പെടുകയും ചെയ്തു. ഇന്ന് കാണുന്ന ഓരോ സ്ത്രീധന മരണവും കൊളോണിയൽ ഭരണത്തിന്റെ ബാക്കി പത്രങ്ങളാണ്.

ഇന്ന് ഭാര്യയെ സുഹൃത്തായി കാണണം എന്ന് പറഞ്ഞു നടക്കുന്ന ആധുനികതയുടെ വക്താക്കൾ വേദ മന്ത്രങ്ങളിലോന്നായ പാണിഗ്രഹണ മന്ത്രം എന്ത് പറയുന്നു എന്ന് കൂടി അറിയേണ്ടതാണ് .

“എന്നോടൊപ്പം നീ ഏഴു പദം നടന്നു. ഇനി നീ എന്റെ സുഹൃത്തായിരിക്കുക. ഞാനും നിന്റെ സുഹൃത്തായി മാറിയിരിക്കുന്നു. ഈ സൗഹൃദം ഞാന്‍ ഒരിക്കലും നശിപ്പിക്കില്ല. നീയും നശിപ്പിക്കരുത്. നമുക്ക് എല്ലായ്പ്പോഴും ഒന്നിച്ചു ജീവിക്കാം. നമുക്ക് ഒരു പോലെ ചിന്തിക്കാം, ഒരു പോലെ പ്രവര്‍ത്തിക്കാം. നല്ല ചിന്തയോടും നല്ല ഹൃദയത്തോടും കൂടി, പരസ്പര സ്നേഹത്തോട് കൂടിയ ഒരു ജീവിതം നമുക്ക് അനുഷ്ടിക്കാം. നമുക്ക് ഒരേ പോലെ ഉള്ള ചിന്തയും ആഗ്രഹവും ഉണ്ടാകട്ടെ. ഞാന്‍ സാമവേദം ആകുമ്പോള്‍ നീ ഋഗ്വേദം ആകട്ടെ. ഞാന്‍ സ്വര്‍ഗം ആകുമ്പോള്‍ നീ ഭൂമി ആകട്ടെ. ഞാന്‍ ചന്ദ്രന്‍ ആകുമ്പോള്‍ നീ അതിന്റെ ആഭരണം ആകട്ടെ. ഞാന്‍ മനസാകുമ്പോള്‍ നീ വാക്കാകട്ടെ. ഈ വിധ ഗുണങ്ങളോട്കൂടി നീ എന്റെ സഹചാരിയാകുക. ഓ മധുരമുള്ള വാക്കുകളോട് കൂടിയ പ്രിയേ, എന്നിലേക്ക്‌ വരൂ, അങ്ങനെ നമുക്ക് നല്ല കുട്ടികളും സമ്പത്തും ഉണ്ടാകട്ടെ..”

ഇത്തരമൊരു സംസ്കാരത്തിലേക്ക് സ്ത്രീ പീഡനവും സ്ത്രീധന മരണങ്ങളും കടന്നു കൂടിയതിൽ പരം ദൌർഭാഗ്യം മറ്റെന്തുണ്ട്?

പുരുഷകേന്ദ്രീകൃതമായ സമൂഹത്തിന്റെ സന്തതികൾക്ക് ഉൾകൊള്ളാവുന്നതിനും അപ്പുറത്തുള്ള ഒരു സാംസ്കാരിക പാരമ്പര്യതിനെ അവർ തങ്ങളുടെ സങ്കുചിതമായ സാമൂഹ്യ മത പരിസ്ഥിതികളെ പിൻ പറ്റി വായിക്കുകയും , അതെ മനസ്ഥിതി ചരിത്ര പാഠമെന്ന വിഷത്തിലൂടെ ഇവിടെയുള്ളവരിൽ കുത്തി വെക്കുകയും ചെയ്തതോടെ ആ മഹദ് സംസ്കാരം ധാർമിക ബോധം ഉള്ളവരിലെല്ലാം അധമ ബോധമുണ്ടാക്കി. കാലമേറെ കഴിഞ്ഞും അതെ ചരിത്ര പാഠത്തിന്റെ വിഷം പേറുന്നവരെ തന്നെ ഉപയോഗിച്ച് സംസ്കാരത്തെ നിരന്തരം അപകീർത്തിപ്പെടുത്തുന്ന കൊളോണിയൽ വക്രബുദ്ധിയുടെ തെളിവാണ് നാം കണ്ട ഇന്ത്യാസ് ഡോട്ടർ എന്ന് പറയാതെ വയ്യ. ഭാരതീയ ചരിത്ര പഠനം പാശ്ചാത്യ സാമൂഹ്യ ബോധങ്ങളുടെയോ മൂല്യങ്ങളുടെയോ നിഴലിൽ പിടിച്ചു കൊണ്ടാകരുത്. പാശ്ചാത്യ സംസ്കൃതിയും ഭാരതീയ സംസ്കൃതിയും തമ്മിൽ ഒരു പാട് വ്യത്യാസങ്ങളുണ്ട്. വെട്ടിപിടിക്കലുകളുടെ ചരിത്രമെഴുതിയവർക്ക് ത്യാഗത്തിന്റെ ചരിത്രത്തെ കാണുവാനുള്ള മനസ്സൊരിക്കലും ഉണ്ടാകുകയില്ല. സ്വന്തം നാടിലെ സ്ത്രീകളോട് വെച്ചു പുലർത്തിയ അതെ മനോഭാവത്തോടെ ഭാരത സ്ത്രീകളെ വായിക്കാൻ ശ്രമിച്ച പാശ്ചാത്യ വ്യാഖ്യാനങ്ങൾ പരമസത്യമായി കാണുകയും, ഹൈന്ദവ സമൂഹത്തിനുള്ളിൽ നിന്നു തന്നെ കാലാനുസൃതമായ മാറ്റങ്ങൾ സംഭവിച്ചത് കണ്ടില്ലെന്നു നടിക്കുകയും ചെയുന്ന ചരിത്ര പ്രതിപാദനത്തിന്റെ രാഷ്ട്രീയം മനസിലാക്കാൻ ഭാരതീയ സംസ്കൃതിയുടെ വേരുകളെ തൊട്ടറിഞ്ഞുള്ള ചരിത്ര പഠനമാകട്ടെ നമ്മുടെ ലക്‌ഷ്യം. വിദേശി ഓതിയ പാഠത്തെ പിൻപറ്റി പൂർവ സംസ്കൃതിയെ നിന്ദിക്കുന്ന ഓരോ ഭാരതീയനും സത്യാവസ്ഥ അറിഞ്ഞിരിക്കേണ്ടതുണ്ട്. വൈദേശികാക്രമങ്ങൾക്ക് മുൻപ് വരെ ഭാരതത്തിൽ സ്ത്രീകൾക്കുണ്ടായിരുന്ന സ്ഥാനമാനങ്ങളെക്കുറിച്ച്‌ സ്വന്തമായി വിചാരം കൂടി ചെയ്യേണ്ടതുണ്ട് എന്ന് കൂടി ഓർമ്മിപ്പിക്കുന്നു.

No comments:

Post a Comment