ഭാരതീയ തന്ത്ര ശാസ്ത്രം
പരാശക്തിയായ ജഗദംബികയെ ആരാധിക്കുന്ന വിവിധ സമ്പ്രദായങ്ങള്‍ ആ സേതുഹിമാചലം ഭാരതത്തില്‍ വ്യാപകമാണ്. ബങ്കിചംന്ദ്ര ചാറ്റര്‍ജിയുടെ വന്ദേമാതരം എന്ന ഗാനം ഭാരതത്തെ ദുര്‍ഗ്ഗാദേവിയായി സങ്കല്‍പ്പിക്കുന്നു.' ത്വം ഹി ദുര്‍ഗ്ഗാ ദശപ്രഹരണ ധാരിണി' എന്ന് അദ്ദേഹം ഭാരതത്തെ കുറിച്ച് പാടുന്നു.
ഭാരതത്തിലെ പ്രാചീന ശക്തിപീഠങ്ങള്‍ 51 സ്ഥങ്ങളിലായി കാമരരൂപപീഠം മുതല്‍ ഛായാഛത്രപീഠം വരെ വിന്യസിക്കപ്പെട്ടതായി കാണുന്നു. ദക്ഷന്െ യജ്ഞത്തില്‍ ദഹിച്ച സതിയുടെ ദേഹഭാഗങ്ങള്‍ പതിച്ച സ്ഥലങ്ങളാണ് ഇവ എന്നാണ് ഐതീഹ്യം. കത്തിക്കരിഞ്ഞ സതിയുടെ ശരീരവുമായി പരമേശ്വരന് അലഞ്ഞുതിരിഞ്ഞുവെന്നും, മഹാവിഷ്ണു തന്െ സുദര്‍ശന ചക്രത്താല്‍ ശരീരഭാഗങ്ങള്‍ ഓരോന്നായി അറുത്തു മാറ്റിയെന്നുമാണ് കഥ.
ഭാരതത്തിന്‍െ ശിരസ്സായ കൈലാസാചലത്തില്‍ (സഹസ്രാര പത്മത്തില്‍) പരമശിവനും മൂലാധാരമായ കന്യാകുമാരി പീഠത്തില്‍ ശ്രീ പാര്‍വ്വതി ദേവിയും വിരാജിക്കുന്നു. തന്ത്ര ശാസ്ത്രത്തിന്‍െ ഭാഷയില്‍ ബ്രഹ്മാണ്ഡം മുഴുവനും പിണ്ഡാണ്ഡ (മനുഷ്യദേഹം)ത്തില്‍ നിലകൊള്ളുന്നു. ഈശ്വര സാക്ഷാത്ക്കാരം ഈ ദേഹത്തിലൂടെ മാത്രമേ സാധ്യമാകൂ.
ഭാരതത്തിലെ സന്യാസ ശാസ്ത്രങ്ങളാല്‍ തന്ത്ര ശാസ്ത്രത്തിന്‍െ പ്രസക്തിയ്ക്ക് ദൃഷ്ടാന്തം നമ്മുടെ മഹത്തായ ക്ഷേത്രങ്ങള്‍ തന്നെയാണ്. വിളിച്ചാല്‍ വിളിപ്പുറത്തെത്തുന്ന ആപല്‍ബാന്ധവരാണ് നമ്മുടെ ദേവീദേവന്മാര്. ഭാരതീയരായ സാധാരണക്കാരുടെ വിശ്വാസങ്ങള്‍ നിലനില്‍ക്കുന്നത് ക്ഷേത്രാധിഷ്ഠിതമായി ആണ്. ഇതിനെ താന്ത്രികമതം എന്നും പറയാം. എവിടെ മണികള്‍ ശബ്ദിക്കുന്നുവോ എവിടെ ദീപാരാധന കാണുന്നുവോ അവിടെയെല്ലാം തന്ത്രത്തിന്‍െ ഗാഢമായ സ്വാധീനം കാണാന്‍ കഴിയുന്നുവെന്ന് ജോണ്‍വുഡ്റോഫ് (താന്ത്രികപണ്ഡിതന്‍) പറയുന്നു. തന്ത്ര ശാസ്ത്രത്തെ ഭാരതീയ ജീവിതത്തില്‍ നിന്നും മാറ്റി നിര്‍ത്താന്‍ പ്രയാസമാണ്.
തന്ത്രശാസ്ത്രത്തെ ശൈവം, ശാക്തം, വൈഷ്ണവം എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളായി പൊതുവേ വിഭജിക്കാം. ഇതില്‍ ശക്ത്യുപാസനയെ പ്രതിപാദിക്കുന്ന തന്ത്ര ശാസ്ത്രം മനുഷ്യരില്‍ നിര്‍ലീനമായ ഒരു ഈശ്വരീയമായ ശക്തിവിശേഷത്തെ പ്രത്യേകമായി വിശദമാക്കുന്നു. മസ്തിഷ്കത്തിലും സുഷുമ്നാ നാഡിയിലുമായി വ്യാപരിക്കുന്നു. ഈ ശക്തിവിശേഷത്തെ 'കുണ്ഡലീനി ശക്തി' എന്ന് തന്ത്രശാസ്ത്രം വിശേഷിപ്പിക്കുന്നു. നട്ടെല്ലിന്നടിയിലെ മൂലാധാരത്തിലെ (സുഷുമ്നാ നാഡിയില്‍ വര്‍ത്തിക്കുന്ന പ്രാണകേന്ദ്രം) വിശ്രമ കേന്ദ്രത്തില്‍ മൂന്നരച്ചുറ്റായി കിടക്കുന്ന സര്‍പ്പത്തെപ്പോലെ ഇത് കുടികൊള്ളുന്നു.
മൂലാധാരം, സ്വാധിഷ്ഠാനം, മണിപൂരം, അനാഹതം, വിശുദ്ധം, ആജ്ഞ, സഹ്രസാരം എന്നീ കേന്ദ്രങ്ങളില്ക്കുടിയും ഈ ശക്തി വ്യാപരിക്കുന്നു. ശിരസ്സിലെ സഹസ്രാര പത്മത്തില്‍ വസിക്കുന്ന ശിവനുമായി ചേരാന്‍ ഈ ശക്തിവിശേഷം സദാ ഉദ്യുക്തയാണ്. (ഈ സന്ധികേന്ദ്രങ്ങള്‍ സൂക്ഷ്മ-സ്ഥൂല ശരീരങ്ങളില്‍ പ്രവൃത്തമാനമായിരിക്കുന്നു.)
സൂക്ഷ്മമായ പ്രപഞ്ചത്തിനും അപ്പുറത്തുള്ള ശുദ്ധബോധമാണ് ശിവന്. ബ്രഹ്മാണ്ഡത്തിലും ഇപ്രകാരം സ്ഥിതിചെയ്യുന്ന ഒരു ശക്തിയുണ്ട്. അതിനെ ത്രിപുരസുന്ദരിയായി ഉപാസിക്കുന്നു. സകല ജഗത്തിന്െയും ഉത്ഭവ കാരണയായ ഈ ദേവി ബ്രഹ്മാണ്ഡത്തിലെ' ശ്രീമാതാ' എന്നറിയപ്പെടുന്നു.
അനേകകോടി ബ്രഹ്മാണ്ഡങ്ങളുടെ ജനനിയായ ഈ അമ്മയെ അ' മുതല്‍ ഹ വരെയുള്ള' മാതൃകാക്ഷര സ്പന്ദനങ്ങളുടെ ആകത്തുകയായി പ്രകീര്‍ത്തിക്കുന്നു. ദേവിയുടെ മാത്രമായ 'ശ്രീ വിദ്യ' ഈ കുണ്ഡലീനി ശക്തിയെ ദ്യോതിപ്പിക്കുന്നു. പതിനഞ്ചക്ഷരങ്ങള്‍ ഉള്ളതാണ് ഈ ശ്രീ വിദ്യാ മന്ത്രം.
ആദ്യത്തെ അഞ്ച് അക്ഷരങ്ങളെ വാക്വേകുടമെന്നും പിന്നത്തെ ആറക്ഷരങ്ങളെ കാമരാജ കൂടമെന്നും അവസാനത്തെ നാല് അക്ഷരങ്ങളെ ശക്തികൂടം എന്നു പറയുന്നു.
പ്രളയാഗ്നിധിഭം പ്രഥമം
മൂലാധാരാദ്യനാഹതം സ്പൃശക്തി
തസ്മാദാജ്ഞാ ചക്രം
ദ്വിതീയ കുടന്തു സൂര്യാഭം
തസ്മാല്ലലാട മധ്യം
താര്‍ത്തീയം കോടി ചന്ദ്രാഭം
(വരിവസ്യാ രഹസ്യം)
പ്രളയാഗ്നിയുടെ പ്രകാശമുള്ള പ്രഥമകൂടം മൂലാധാരം മുതല്‍ അനാഹതം വരെയും (ഹൃദയസ്ഥാനം) അവിടെ നിന്നും കോടി സൂര്യ പ്രകാശമുള്ള ദ്വിതീയ കൂടം ആജ്ഞാ ചക്രം വരെയും (ഭ്രൂമധ്യം)അവിടെ നിന്നും കോടി ചന്ദ്രപ്രഭയോടുകൂടിയ തൃതീയ കൂടം മുകളില്‍ സഹസ്രാരപത്മം വരെയും (ലലാടമധ്യം) സുഷുമ്നയില്‍ അനുഭവപ്പെടുന്നു.
No comments:
Post a Comment