നൃഗന്റെ കഥ
ശ്രീകൃഷ്ണന് പേരക്കുട്ടികളും അവരുടെ പേരക്കുട്ടികളുമായി ദ്വാരകയില്‍ വസിക്കുകയാണ്; ഒരു വൈകുന്നേരം കൃഷ്ണന് മട്ടുപ്പാവില്‍ കാറ്റും കൊണ്ടിരിക്കുന്നു; കുട്ടികള്‍ പുറത്തു കളികളില്‍ ഏര്‍പ്പെട്ടിരിക്കുന്നു. പെട്ടെന്ന് അവര്‍ ഓടിവന്നു വലിയ മുത്തച്ഛന്റെ കൈപിടിച്ചു വലിച്ചു; ഒപ്പം ചെല്ലാനാണ്; കൃഷ്ണന് കാര്യമന്വേഷിച്ചു; അവര്‍ ഒരു വലിയ ഓന്തിനെ പാഴ്കിണറ്റില് കണ്ടുവത്രെ. വലിയ മുത്തച്ഛന് വന്നു അതിനെ കാണണം.
ശ്രീ കൃഷ്ണന് അവരോടൊപ്പം കിണറ്റിനരികില്‍ എത്തി; അസാധാരണ വലുപ്പമുള്ള ഒരു ഓന്ത് കിണറ്റില്‍ കിടക്കുന്നു. ഭഗവാന് കിണറ്റില്‍ ഇറങ്ങി, ഓന്തിനെ സ്പര്‍ശിച്ചു. അടുത്ത നിമിഷം, ആ ഓന്ത് അതി തേജസ്വിയായ രാജാവായി മാറി; കുട്ടികള്‍ വിസ്മിതരായി. ഭഗവാന് ഇതിന്റെ രഹസ്യം അറിയാം; എന്നാല്‍ കുട്ടികളുടെ അറിവിലേക്കായി അദ്ദേഹം ചോദിച്ചു: “അങ്ങ് ആരാണ്? എങ്ങനെയാണ് ഓന്തിന്റെ രൂപത്തില്‍ ഈ കിണറ്റില്‍ വന്നു കൂടിയത്?”
അപ്പോള്‍ ആ രാജാവ് പറഞ്ഞു: “ഭഗവാനേ, ജഗന്നിയന്താവായ, സര്‍വ്വ ചരാചരങ്ങളിലും വസിക്കുന്ന അങ്ങേയ്ക്ക്, എല്ലാറ്റിനും ആധാരമായ ജ്ഞാന സ്വരൂപന് അറിയാത്തത് എന്താണ്? എങ്കിലും അങ്ങയുടെ ചോദ്യത്തിന് ഉത്തരം തരേണ്ട കടമ എനിക്കുണ്ട്; ഞാന്‍ നൃഗന് എന്ന രാജാവാണ്; അധികാരത്തില്‍ ഇരിക്കുമ്പോള്‍ ധാരാളം യജ്ഞങ്ങളും ദാനങ്ങളും നടത്തി; രാജാവിന്റെ സദ്പ്രവൃത്തികളുടെ ഫലം പ്രജകളാണല്ലോ അനുഭവിക്കുക; അങ്ങനെ എന്റെ പ്രജകള്‍ സന്തുഷ്ടരും സംതൃപ്തരുമായിരുന്നു. എന്റെ ദാനങ്ങളുടെ പ്രശസ്തി മൂന്നു ലോകങ്ങളിലും അറിയപ്പെട്ടു; എനിക്കു അതില്‍ അല്പം അഹങ്കാരവും വന്നു ഭവിച്ചു; അങ്ങനെയിരിക്കെ ഞാന്‍ ഗോദാനം നടത്തി; ഒരു ബ്രാഹ്മണന് ദാനം ചെയ്ത പശു കൂട്ടം തെറ്റി വീണ്ടും ദാനം കൊടുക്കാന്‍ ഒരുക്കി നിര്‍ത്തിയിരുന്ന പശുക്കളുടെ കൂട്ടത്തില്‍ കയറി; അങ്ങനെ അറിയാതെ ആ പശുവിനെ വീണ്ടും പിറ്റേന്നു മറ്റൊരു ബ്രാഹ്മണന് ദാനം ചെയ്യാനിടയായി.
നേരത്തെ ദാനം ലഭിച്ച ബ്രാഹ്മണന് ആ പശുവിനെ മറ്റൊരു ബ്രാഹ്മണന്റെ പശുക്കളുടെ കൂട്ടത്തില്‍ കണ്ടെത്തി, അതിനെ തനിക്കു അവകാശപ്പെട്ടതാണെന്ന് അറിയിച്ചു; എന്നാല്‍ അയാള്‍ പശുവിനെ വിട്ടുകൊടുക്കാന്‍ തയാറായില്ല; തര്‍ക്കം രാജാവിന്റെ അടുത്ത് എത്തി; രാജാവ് രണ്ടാമത്തെ ബ്രാഹ്മണനോട് ആ പശുവിനെ വിട്ടു കൊടുക്കാനും പകരം ആയിരം പശുക്കളെ തരാമെന്നും പറഞ്ഞു; പക്ഷേ അയാള്‍ വഴങ്ങിയില്ല. ആദ്യം ദാനം ലഭിച്ച ബ്രാഹ്മണനും പകരം പശുവിനെ സ്വീകരിക്കാന്‍ തയ്യാറായില്ല; തര്‍ക്കം മൂത്തു; അവര്‍ രണ്ടുപേരും നൃഗരാജാവ് ഓന്തിനെപ്പോലെ നിറം മാറുന്നയാളാണ്; അതിനാല്‍, അടുത്ത ജന്മത്തില് ഒരു ഓന്തായി ജനിച്ചു ആയിരം വര്‍ഷങ്ങള്‍ പൊട്ടക്കിണറ്റില്‍ കിടക്കാനിടയാകും എന്ന് ശപിച്ചു.
കാലം കടന്നുപോയി; മരണശേഷം ഞാന്‍ യമലോകത്ത് എത്തി; ചിത്രഗുപ്തന് എന്റെ ജീവിതത്തിലെ പ്രവൃത്തികള്‍ അവലോകനം ചെയ്തു; എന്നിട്ടു പറഞ്ഞു: “അങ്ങ് ചെയ്ത ദാനങ്ങളുടെ മഹത്വം എല്ലാവരാലും പ്രശംസിക്കപ്പെടുന്നു. അങ്ങ് സ്വര്‍ല്ലോക വാസത്തിന് അര്‍ഹനാണ്; എന്നാല്‍ അങ്ങേയ്ക്കു ശ്രദ്ധക്കുറവുമൂലം ഉണ്ടായ ഒരു പിഴവിന്റെ ഫലമായി ഓന്തായി പുനര്‍ജ്ജനിച്ച് ആയിരം വര്‍ഷം പൊട്ടക്കിണറ്റില്‍ കഴിയണം. അതിനു ശേഷം ഭഗവത് സ്പര്‍ശത്താല്‍ ശാപമോക്ഷം സിദ്ധിച്ച് സ്വര്‍ഗ്ഗ ലോക പ്രാപ്തിയുണ്ടാകും. അങ്ങേയ്ക്ക് വേണമെങ്കില്‍ ആദ്യം സ്വര്‍ഗ്ഗത്തില്‍ കഴിഞ്ഞ ശേഷം പുനര്‍ജ്ജന്മം സ്വീകരിക്കാം; അല്ലെങ്കില്‍ ആദ്യം തന്നെ പുനര്‍ജ്ജന്മം സ്വീകരിക്കാം.
എനിക്ക് ഒട്ടും ആലോചിക്കേണ്ടിവന്നില്ല; ഓന്തായി പുനര്‍ജ്ജന്മം എടുത്താല്‍ ആയിരം വര്‍ഷം കഴിഞ്ഞെങ്കിലും ഭഗവത് സ്പര്‍ശം; ഏല്ക്കാന് കഴിയുമല്ലോ. അതോടെ ജന്മജന്മാന്തര പാപങ്ങള്‍ നശിക്കും; അപ്പോള്‍ ആദ്യം അതാകട്ടെ എന്ന് പറഞ്ഞു.
സര്‍വ്വ ചരാചരങ്ങള്‍ക്കും ആധാരമായ മഹാ പ്രഭോ, ഇപ്പോള്‍ എനിക്ക് അങ്ങയുടെ സ്പര്‍ശനം ലഭിച്ചു; എത്രയോ യോഗികള്‍ അനേക വര്‍ഷം തപസ്സുകള്‍ അനുഷ്ടിച്ചശേഷവും ലഭിക്കാത്ത അസുലഭമായ അനുഭൂതി; ഇതോടെ എന്റെ ജന്മ ജന്മാന്തര പാപങ്ങള്‍ നശിച്ചുകഴിഞ്ഞു. ഇനി ഞാന്‍ സ്വര്‍ഗ്ഗത്തിലേക്ക് പോവുകയായി; എന്നെ അനുഗ്രഹിച്ച് യാത്രയാക്കിയാലും.”
എത്രയോ ദാന ധര്‍മ്മങ്ങള്‍ നടത്തിയ നൃഗനു തന്റെ ദാനങ്ങളെപ്പറ്റി അഹങ്കാരം ഉണ്ടായി; അതാണ് ഒരു പിഴവ് സംഭവിച്ച് പാപഗ്രസ്തനായത്. കര്‍മ്മങ്ങളില്‍ ഏറ്റവും ശ്രദ്ധയുണ്ടാവണം; ഒരു പിഴവും ക്ഷന്തവ്യമല്ല. അതിനാലാണ് നൃഗനു ആയിരം വര്‍ഷങ്ങള്‍ ഓന്തായി കഴിയേണ്ടിവന്നത്. എന്നാല്‍ അദ്ദേഹം ചെയ്ത പുണ്യ കര്‍മ്മങ്ങളുടെ ഫലമായി പാപങ്ങള്‍ നശിച്ചു മോക്ഷപ്രാപ്തിനേടാനുള്ള അവസരം ലഭിച്ചു.
No comments:
Post a Comment