ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

12 April 2019

ബ്രഹ്മചര്യാശ്രമം

ബ്രഹ്മചര്യാശ്രമം

ബ്രഹ്മത്തെ അറിയുവാൻ വേണ്ടി അറിവ് ആർജ്ജിക്കുന്നതിനെ  ബ്രഹ്മചര്യാശ്രമം എന്ന് പറയുന്നു. ഇത് ശൈശവദശയിലാരംഭിക്കുന്നു. അതിനാൽ വിദ്യാഭ്യാസകാലഘട്ടത്തെ ബ്രഹ്മചര്യാശ്രമം എന്ന്  പറയുകയും  ചെയ്യുന്നു. പണ്ട്  വിദ്യാഭ്യാസം  വേദാദ്ധ്യയനം  ആയിരുന്നു.  വേദം അദ്ധ്യയനം ചെയുന്നതിലൂടെ സത്യത്തിലേക്ക് കൂടുതൽ  അടുക്കുന്നൊരുരീതി. ചിന്താരീതിയെന്നതു പോലെ പരബ്രഹ്മത്തിലേക്ക്  അടുക്കുവാനുള്ള ഒരു മാർഗ്ഗമായിരുന്നു  വേദാദ്ധ്യയനം. വേദാദ്ധ്യയനവും ഗുരുശുശ്രൂഷയും ഗുരുകുലത്തിൽ താമസിച്ചു കൊണ്ട്  വിദ്യാർത്ഥികൾ ചെയ്തു വന്നിരുന്നു  അന്ന്.    ഇന്നു വിദ്യാഭ്യാസ രീതിമാറി, എന്നാലും ബ്രഹ്മചര്യം ആവശ്യമാണ്. ബ്രഹ്മചര്യം എന്നാൽ എന്താണ്? എല്ലാ ഇന്ദ്രിയങ്ങളുടേയും മുകളിലുള്ള സമ്പൂർണ്ണ നിയന്ത്രണത്തെ ബ്രഹ്മചര്യം  എന്ന്പറയുന്നു.  ബ്രഹ്മചര്യം പാലിച്ചു കൊണ്ട് ഷഡംഗങ്ങളോടു കൂടി അന്ന്  വിദ്യകൾ അഭ്യസിച്ചുവന്നു. വിദ്യാഭ്യാസം ഇന്ന്  മനുഷ്യന്നേടിയെടുക്കുവാനുള്ള കാര്യങ്ങൾക്ക്  വേണ്ടിരൂപപ്പെടുത്തിയിരിക്കുന്നു. ഇന്നത്തെ ലോകത്ത്  വിദ്യാർത്ഥികളെ പ്രലോഭിപ്പിക്കുന്ന, പ്രകോപിപ്പിക്കുന്ന ഒരുപാട് സാഹചര്യങ്ങൾ ഉണ്ട് .

അത്തരം  സാഹചര്യത്തിലേക്ക് പോയാൽ  വിദ്യാഭ്യാസം വിജയിക്കുകയോ ലക്ഷ്യം  നേടുകയോ  ചെയ്യുകയില്ല. അതിനുകാരണം  ബ്രഹ്മചര്യത്തിന്റെ  അഭാവവുമാകുന്നു. ലക്ഷ്യം സാധിക്കുവാൻ  ബ്രഹ്മചര്യം എല്ലാകാലത്തും അവശ്യമാവശ്യം തന്നേയാകുന്നു. ബ്രഹ്മചര്യം പാലിച്ചുകൊണ്ട്  തന്നെ  ഇന്നും  വിദ്യാഭ്യാസം     തുടരണം. ഇന്ന്  വ്യക്തിബോധത്തോടും  ശ്രദ്ധയോടും കൂടിയ പഠനത്തിൽ ഏർപ്പെടുന്നു; അത്രേയുള്ളു വ്യത്യാസം. നിങ്ങൾ  ജീവിച്ചിരിക്കുന്ന ദൈവങ്ങളായ അച്ഛനമ്മമാരുടെയും ഗുരുജനങ്ങളുടേയും  കാലുകൾ  തൊട്ടുവന്ദിച്ചുകൊണ്ട്  വളർന്നുവരുന്ന ഒരുശീലം വളർത്തിയെടുക്കണം. അച്ഛനമ്മമാരും മക്കൾ  പറയുന്നത് ശ്രദ്ധയോട് കൂടി  കേൾക്കുന്നവരാകണം. മക്കളുമായി  നല്ലൊരു  സ്നേഹബന്ധം പുലർത്തണം. വീട്ടുകാരെല്ലാം കൂടിയിരുന്നുകൊണ്ട് ഒരു കൃത്യസമയം ഭജന, പ്രാർത്ഥന, ഉപാസന ഇവയെല്ലാം  അനുഷ്ഠിക്കുകയും  ചെയ്യണം. പരസ്പരം മാതൃകാപരമായ ജീവിതം നയിക്കുകയും ചെയ്യണം. ആവശ്യമായ സ്നേഹവും അംഗീകാരവും വീടുകളിൽ നിന്നും കിട്ടിയാൽ അനർത്ഥങ്ങൾ ഉണ്ടാവുന്നത് കുറയും...

സന്തോഷം  വീട്ടിൽ  നിന്നും  കിട്ടിയാൽ കുട്ടികൾ പ്രണയം തേടിപോയി അപകടത്തിൽപെടുകയുമില്ല. കുട്ടികളെ ശാസിക്കുവാൻ ഉള്ളിടത്ത് ശാസിക്കണം. താലോലിക്കുവാൻ ഉള്ളിടത്ത്   താലോലിക്കുകയും ചെയ്യണം. കുട്ടികൾക്കാവശ്യമായ ശ്രദ്ധയും  പ്രോത്സാഹനവും കൊടുക്കണം. അവർ ചെറിയതെങ്കിലും നല്ലകാര്യങ്ങൾ  ചെയ്യുമ്പോൾ അവയെ പ്രോത്സാഹിപ്പിക്കണം.  ചെറിയതായാലും അധർമ്മം ചെയ്യുമ്പോൾ  നിരുത്സാഹപ്പെടുത്തുകയും ചെയ്യണം. അതോടൊപ്പം നിങ്ങളും മാതാവിനേയും പിതാവിനേയും ഗുരുവിനേയും ഈശ്വരന്മാരായി കാണുകയും അവരെ പൂജിക്കുകയും അനുസരിക്കുകയും വിശ്വസിക്കുകയും ചെയ്യണം. ഇങ്ങനയൊക്കെ ജീവിതധർമ്മം പിന്തുടരുമ്പോൾ ബ്രഹ്മചര്യത്തോടൊപ്പം വിദ്യാഭ്യാസം അർത്ഥപൂർണ്ണമാവുകയും ചെയ്യും....

No comments:

Post a Comment