ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

10 April 2019

സന്യാസം

സന്യാസം

വേഷങ്ങളിലൂടെയാണ് പലപ്പോഴും ആളുകളെയും പദവികളെയും തിരിച്ചറിയുന്നത്. പോലീസുകാർ, പട്ടാളക്കാർ, ഡോക്ട്ർമാർ, വക്കീലുമാർ.... ഇങ്ങനെ അനേകം വേഷങ്ങൾ... അനേകം പെരുമാറ്റങ്ങൾ... സന്ന്യാസികളെയും ഇത്തരത്തിൽ വേഷങ്ങളിലൂടെ മനസ്സിലാക്കപ്പെടുന്നു. ഒന്നുകിൽ ജടകെട്ടി, താടിയും മുടിയും നീട്ടിവളർത്തിയ രൂപത്തിൽ അതല്ലെങ്കിൽ മൊട്ടയടിച്ച് ക്ഷുരകം ചെയ്ത് മട്ടിൽ അതുമല്ലെങ്കിൽ കാഷായം ധരിച്ച്... ഇത്തരക്കാരെ സന്ന്യാസിമാരായും യോഗിമാരായും പരിഗണിക്കുന്നു. എന്നാൽ ഇത്തരം വേഷങ്ങൾ കെട്ടിയതുകൊണ്ടുമാത്രം ഒരാൾ സന്ന്യാസി ആകുമോ?

"സമ്യക് ന്യാസമത്രേ സന്യാസം"

എല്ലാം ഉപേക്ഷിച്ചവൻ, ദേഹത്തിൽ പോലും ശ്രദ്ധയില്ലാത്തവൻ, ഈശ്വരനും താനും ഒന്നാണെന്ന് തിരിച്ചറിഞ്ഞ അദ്വൈത ആനന്ദി. ഇവരത്രെ സന്ന്യസിമാർ. ഭഗവദ്ഗീത കർമ്മസന്ന്യാസം, കർമ്മത്യാഗം എന്നി രണ്ട് സങ്ക്ൽപങ്ങളെ വിവരിക്കുന്നുണ്ട്.

"കാമ്യാനാം കർമ്മണാം ന്യാസം
സംന്യാസം കവയോഃ വിദുഃ
സർവ്വ ഫലത്യാഗം
പ്രാഹുസ്ത്യാഗം വിചക്ഷണാഃ” ( ഭഗവദ് ഗീത )

കാമ്യകർമ്മങ്ങളെ ഉപേക്ഷിക്കലാണ് സന്ന്യസമെന്നും , സർവ്വകർമ്മഫലങ്ങളെയും ഉപേക്ഷിക്കലാണ് ത്യഗമെന്നും ഗീത വിവരിക്കുന്നു. അങ്ങനെയാകുമ്പോൾ യഥാർത്ഥ സന്യാസി , കർമ്മസന്യാസിയും കർമ്മത്യാഗിയുമായിരിക്കണം. എന്നാൽ പലരും വേഷം കെട്ടി സന്യാസിയായി നടിക്കുന്നു. ആളുകളുടെ ബഹുമാനം ഇരന്നുവാങ്ങുന്നു. ഉള്ളിൽ നിറയെ കാമവും ക്രോധവും മോഹവും പേറുന്നു.; പലവിധ ദുഃഖങ്ങളെ അനുഭവിക്കുകയും ചെയ്യുന്നു.  'ഉദരനിമിത്തം ബഹുകൃത വേഷഃ'

ഒരു നടൻ പലവിധ വേഷങ്ങൾ കെട്ടിയാടാറുണ്ട്. വേദിയിൽ തകർത്ത് അഭിനയിക്കുമ്പോൾ ആളുകൾ കൈയടിക്കുകയും നിറകണ്ണാലെ ആദരപൂർവ്വം അയാളെ നോക്കിനിൽക്കുകയും ചെയ്തേക്കാം എന്നാൽ വേഷമഴിച്ചുവെക്കുമ്പോൾ കഥാപാത്രമായിരുന്നില്ല അയാളെന്നു തിരിച്ചറിയുന്നു. ഇപ്രകാരം കപടയതികൾ കാഷായം ധരിച്ച് നിറഞ്ഞാടുന്നു. ആളുകൾ ആദരവു പ്രകടിപ്പിക്കുന്നു. എന്നൽ വേഷത്തിനുള്ളീലെ കപടതയെ ജനം തിരിച്ചറിയുകയും വെറും നടനായിരുന്നു. ഈ കപടയതിയെന്ന് വിളിച്ചുകൂവുകയും കല്ലെറിയുകയും ചെയ്തേക്കാം . ജ്ഞാനം 'കപടയതിക്കു കരസ്ഥമാകുവീല' എന്ന് അയാൾ തിരിച്ചറിയുകയും ചെയ്യുന്നു.

പല സന്യാസിമാരുടെയും അത്ഭുതസിദ്ധികളിൽ മനം മയങ്ങിപോയ ശിഷ്യൻ ഗുരുവിനോട് ചോദിച്ചു. ഗുരോ അങ്ങയ്ക്കെന്താണ് സിദ്ധികളൊന്നുമില്ലാത്തത്. തീ തുപ്പുന്നവർ. ജലത്തിനുമുകളിൽ ഇരിക്കുന്നവർ. അങ്ങനെ എത്രയെത്ര സിദ്ധന്മാരാണുള്ളത്. എനിക്കും അവരിൽ ഒരാളാവണം അതിനുള്ള വഴി പറഞ്ഞു തരാമോ?... ശിഷ്യന്റെ നിഷ്കളങ്കമായ വാക്കുകൾ കേട്ടപ്പോൾ ഗുരു പുഞ്ചിരിച്ചുകൊണ്ട് അവന്റെ കണ്ണിലേക്ക് നോക്കി ചോദിച്ചു. "തീ തുപ്പാനുള്ളതാണോ സന്യാസം" ഇരിക്കാൻ ഭൂമിയിൽ ഇഷ്ടം പോലെ സ്ഥലമുള്ളപ്പോൾ എന്തിനാണ് വെള്ളത്തിനുമുകളിൽ ഇരിക്കുന്നത് ? ശിഷ്യന്റെ മൗനം കണ്ടപ്പോൾ വീണ്ടും ഗുരു തുടർന്നു. നിന്റെ സിദ്ധന്മാരോട് ചോദിക്കൂ ആത്മജ്ഞാനം എന്താണെന്ന്. ? ഇതു കേട്ട ഉടനെ ശിഷ്യൻ സിദ്ധന്മാരുടെ അടുത്തേക്ക് ഓടി. സിദ്ധൻ തീ തുപ്പികൊണ്ട് ആളുകൾക്കും ആരാധകർക്കുമിടയിൽ വിലസുകയായിരുന്നു. ശിഷ്യന്റെ ചോദ്യങ്ങൾ ഒന്നുമയാൾ ശ്രദ്ധിച്ചതേയില്ല. പെട്ടന്ന് അയാൾ തുപ്പിയ തീക്കട്ട അബദ്ധത്തിൽ അയാളുടെ നെഞ്ചിൽ തന്നെ വീണു. വസ്ത്രങ്ങൾക്ക് തീ പിടിച്ചു , അയാൾ നിലവിളിച്ചു... രക്ഷിക്കൂ... എന്നെ രക്ഷിക്കൂ.. ആളുകളും ആരാധകരും അയാളെ തീയിൽ നിന്നു രക്ഷപ്പെടുത്താനുള്ള ശ്രമമായി.

ശിഷ്യൻ നിരാശനായി മടങ്ങവേ ജലത്തിൽ ഇരുന്ന സിദ്ധന്റെ നിലവിളി കേട്ടു. ഓടിയടുത്തപ്പോൾ വലിയോരു മുതലയെ പേടിച്ച് കരയിലേക്കു നിന്തുകയായിരുന്നു. അയാൾ. ശിഷ്യൻ ആകെ നിരാശനായി തിരിച്ചെത്തിയപ്പോൾ ബോധിബിനു പുഞ്ചിരിച്ചുകൊണ്ടു പറഞ്ഞു....' തീ തുപ്പുന്നവന് തീയെ പേടി ജലത്തിലിരിക്കുന്നവനെ ജലജീവിയെ പേടീ അല്ലേ?

ഗുരു ഉപദേശിച്ചു കുഞ്ഞേ തീ തുപ്പുന്നതോ, ജലത്തിൽ ഇരിക്കുന്നതോ അല്ല സന്യാസം. ഏതൊരു അഭ്യസിക്കും മാന്ത്രികനും നിരന്തര പ്രയത്നത്തിലൂടെ സാധ്യമാകുന്നതാണ് സിദ്ധികൾ.

എന്നാൾ ആത്മജ്ഞാനം.. അതു ചിലർക്ക് മാത്രം സാധ്യമാകുന്ന ആത്മസത്തയാണ്...

ഒരിക്കലും ഭയക്കാത്ത, ഭയം ജനിപ്പിക്കാത്ത ഉണ്മ. ശിഷ്യന്റെ മിഴിപൊഴിഞ്ഞു . അവൻ ഹൃദയമുരുകി ഗുരുവിന്റെ കാൽക്കൽ വീണു വന്ദിച്ചു.  ' നാടകമല്ല സന്യാസം , അഭിനയമല്ല, വേഷമല്ലാ സന്യാസം. അതു സമ്യക് ന്യസമാകുന്നു. സമ്യക് ജ്ഞാനമാകുന്നു…….

No comments:

Post a Comment