ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

13 February 2019

ചാമുണ്ഡി

ചാമുണ്ഡി

ആദിപരാശക്തിയുടെ ഒരു അവതാരം. ചണ്ഡൻ, മുണ്ഡൻ എന്നീ അസുരൻമാരെ നിഗ്രഹിക്കാൻ ദുർഗ്ഗയുടെ നെറ്റിയിൽ നിന്നും അവതരിച്ച കാളികയാണ് "ചാമുണ്ഡാദേവി അഥവാ ചാമുണ്ഡി". ഇതേ മഹാകാളി രക്തബീജനെ വധിക്കയാൽ "രക്തചാമുണ്ഡി" എന്നും അറിയപ്പെടുന്നു. മറ്റൊരു സാഹചര്യത്തിലും മഹാമായ ചാമുണ്ഡിയായി അവതരിച്ചിട്ടുണ്ട്. അത് രുരു എന്ന അസുരനെ നിഗ്രഹിക്കാൻ വേണ്ടി ആയിരുന്നു. ചർമ്മവും, മുണ്ഡവും(തല) ത്രിശൂലം കൊണ്ട് വേർപെടുത്തി പരാശക്തി രുരുവിനെ നിഗ്രഹിച്ചു. രുരുവിന്റെ ചർമ്മവും, മുണ്ഡവും എടുത്ത ഭദ്രകാളിയെ ചാമുണ്ഡി എന്നറിയപ്പെട്ടു. തിരുമന്ധാംകുന്നിലെയും കൊടുങ്ങല്ലൂരിലെയും ഭദ്രകാളീ പ്രതിഷ്ഠ "രുരുജിത്" വിധാനത്തിലുള്ളതാണ്. ഭഗവതിയുടെ ഏഴു ഭാവങ്ങളായ സപ്‌തമാതാക്കളിൽ പ്രധാനി ചാമുണ്ഡ തന്നെ. ചാമുണ്ഡാദേവി എല്ലായിടത്തും നിറഞ്ഞു നിൽക്കുന്നവളാണ് എന്ന് ദേവീഭാഗവതത്തിൽ കാണാം.

തിരുവനന്തപുരത്തെ പ്രസിദ്ധമായ കരിക്കകം ശ്രീ ചാമുണ്ഡി ക്ഷേത്രത്തിൽ രക്തചാമുണ്ഡി, ബാലചാമുണ്ഡി, ചാമുണ്ഡാദേവി എന്നീ മൂന്ന് ഭാവങ്ങളിൽ പരാശക്തി ആരാധിക്കപ്പെടുന്നു. ഇവിടെ നടക്കുന്ന "കരിക്കകം പൊങ്കാല" പ്രധാനമാണ്. കർണാടകയിലെ മൈസൂർ ചാമുണ്ഡേശ്വരീ ക്ഷേത്രവും ഭഗവതിക്ക് സമർപ്പിക്കപ്പെത്തതാണ്.

കണ്ണൂരിലെ "കൈതചാമുണ്ഡിതെയ്യം" ഭഗവതിക്ക് കെട്ടിയാടുന്നതാണ്. അസുരന്മാരെ കാളി നിഗ്രഹിക്കുന്നു എന്ന സങ്കൽപ്പത്തിലാണ് ക്ഷേത്രത്തിൽ നിന്നിറങ്ങിയ തെയ്യം കൈതക്കാടുകൾ വെട്ടിയെടുക്കുന്നത്. കൈതവെട്ടുന്നത് കൊണ്ടാണ് ഈ തെയ്യത്തെ കൈതച്ചാമുണ്ടിയെന്ന് വിളിക്കുന്നത്. ഇരിട്ടി തില്ലങ്കേരി പാടിക്കച്ചാൽ ഈയങ്കോട് വയൽത്തിറ മഹോത്സവത്തിന് കൈതച്ചാമുണ്ടി തെയ്യം കെട്ടിയാടുന്നുണ്ട്. ദൈവത്തിന്റെ പ്രതിപുരുഷനായ തെയ്യം ഉറഞ്ഞുതുള്ളിക്കൊണ്ട് കൈതവെട്ടാൻ പോകും. തുടർന്ന് വാളോങ്ങി അസുരനിഗ്രഹത്തിന് ശേഷം കലിയടങ്ങാതെ ഗ്രാമത്തിലൂടെ ഓടും. ഇങ്ങനെ ഓടുന്ന തെയ്യത്തെ വിളക്കുവെച്ച് ഗ്രാമവാസികൾ വണങ്ങും. ഓട്ടം ചെന്നുനിൽക്കുന്നത് കാവിലാണ്. അവിടെവച്ച് കൈതചാമുണ്ഡി അബോധാവസ്ഥയിൽ മറിഞ്ഞ് വീഴും.

കോഴിക്കോട് ജില്ലയിലെ അത്തോളിയിൽ കുടക്കല്ല് എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ശ്രീ രാമത്ത് രക്തചാമുണ്ഡേശ്വരി ക്ഷേത്രം സത്യം ചൊല്ലിക്കൽ കർമ്മത്തിനും ദുരിത പരിഹാര കർമ്മത്തിനും പ്രസിദ്ധമാണ്.

"ശൂലാസിനൃ ശിരോ രാജത് കപാല വിലസത് ഭുജാം മുണ്ഡ സ്രങ് മണ്ഡിതാം ചണ്ഡീം ചാമുണ്ഡാമപി ചിന്തയേത്"

No comments:

Post a Comment