സഗുണ നിർഗുണ ഉപാസനകൾ
സഗുണോപാസന.
ക്ഷേത്രദര്‍ശനം, വിഗ്രഹാരാധന, തീര്‍ത്ഥയാത്ര, സത്സംഗം, ശ്രവണം, കീര്‍ത്തനം മുലായ ഭക്തിമാര്‍ഗ്ഗത്തിലൂടെ സഞ്ചരിക്കുന്നത് സഗുണോപാസന.
നിര്‍ഗുണോപാസന
ശമം, ദമം, ധ്യാനം, തപസ്സ് മുതലായവയിലൂടെ ബുദ്ധിപരവും മാനസികവുമായി വികാസം പ്രാപിച്ച് ജ്ഞാനമാര്‍ഗ്ഗത്തിലൂടെ സഞ്ചരിക്കുന്നവന് നിര്ഗുണോപാസകന്.
ഈശ്വരാരാധനയുടെ രണ്ട് സുപ്രധാന ഘടകങ്ങളാണ് സഗുണോപാസനയും നിര്‍ഗുണോപാസനയും. സഗുണോപാസകന് തന്റെ കഴിവുകളെ ഈശ്വരോന്മുഖമാക്കി ഭക്തിമാര്‍ഗ്ഗത്തിലൂടെ സഞ്ചരിക്കുന്നു. സഗുണഭക്തി വളര്‍ന്നുവരുമ്പോള്‍ സ്വന്തം ശരീരത്തെ മറന്ന് ആത്മസ്വരൂപനായ ഈശ്വരനെ സ്നേഹിക്കലാണ് നിര്‍ഗുണഭക്തി.
''ജ്ഞാനേന തു തദജ്ഞാനം
യേഷാം നാശിതമാത്മനഃ
തേഷാ മാദിത്യവജ്ഞാനം
പ്രകാശയതി തത്പരം''
(ഭഗവത്ഗീത 5.16)
(ആദ്ധ്യാത്മികജ്ഞാനത്താല് അജ്ഞാനത്തെ നശിപ്പിച്ചവരുടെ ജ്ഞാനം, സൂര്യന് വസ്തുക്കളെ പ്രകാശിപ്പിക്കുന്നതുപോലെ പരമാത്മാവിനെ പ്രകാശിപ്പിക്കുന്നു.)
തന്റെ കഴിവുകളെ വികസിപ്പിച്ച് ജ്ഞാനമാര്‍ഗ്ഗത്തിലൂടെ സഞ്ചരിച്ച് സര്‍വ്വേശ്വരനെ വിഗ്രഹരൂപേണ ആരാധിച്ചും പ്രസാദിപ്പിച്ചും മോക്ഷപദത്തിലെത്തിച്ചേരുക സഗുണോപാസനയുടെയും സ്വന്തം അന്തരാത്മാവില്‍ അദൃശ്യവും സൂക്ഷ്മവുമായ പരമാത്മചൈതന്യത്തിന്റെ ബോധമുണര്‍ത്തി അതുമായി താദാത്മ്യം പ്രാപിച്ച് ജീവേശ്വരൈക്യം പ്രാപിക്കുക നിര്ഗുണോപാസനയുടെയും ലക്ഷ്യങ്ങളാണ്.
ചൂടുവെള്ളം കുടിക്കാന്‍ കഴിയണമെങ്കില്‍ പലതിന്റെയും സഹായത്താല്‍ മാത്രമേ അതിനു കഴിയുകയുളളൂ. തീയ്, അടുപ്പ്, പാത്രം ഇവയ്ക്കൊന്നും ദാഹം ശമിപ്പിക്കുവാന്‍ സാധിക്കുകയില്ല.
എന്നാല്‍ അവ വേണ്ടവിധം ഉപയോഗിച്ചാല്‍ ദാഹം ശമിപ്പിക്കാവുന്നതാണ്. വിഗ്രഹങ്ങള്‍ സര്‍വ്വേശ്വരനിലേക്ക് എത്തുവാനുള്ള മാര്‍ഗ്ഗം മാത്രമാണ്. അജ്ഞാതവും അപ്രമേയവുമായ സത്യത്തെ വിജ്ഞാതവും പ്രത്യക്ഷവുമാക്കി മനസ്സിലാക്കാന്‍ സഹായിക്കുന്ന ഒരുപകരണമാണ് വിഗ്രഹം എങ്കില്‍ ഈശ്വരന്റെ പ്രതീകമായ വിഗ്രഹത്തെ ആരാധിക്കുവാനും അതിലൂടെ ഈശ്വരാന്വേഷണം ചെയ്യുവാനുള്ള ഇടമാണ് ക്ഷേത്രം.
''വിയദേ ഗുണം പ്രോക്തം
ദൗ ഗുണൗ മാതരീശ്വനഃ
ത്രയസ്തേജസി ചത്വാരഃ
സലിലെ പഞ്ചഭൂമി ഗാഃ''
അതായത് ആകാശത്തിന് ഒരു ഗുണം- ശബ്ദം.
വായുവിന് രണ്ടു ഗുണം- ശബ്ദം, സ്പര്‍ശം.
അഗ്നിക്ക് മൂന്നു ഗുണം- ശബ്ദം, സ്പര്‍ശം, രൂപം.
ജലത്തിന് നാലുഗുണം- ശബ്ദം, സ്പര്‍ശം, രൂപം, രസം.
ഭൂമിക്ക് അഞ്ചുഗുണം- ശബ്ദം, സ്പര്‍ശം, രൂപം, രസം, ഗന്ധം.
ഇപ്രകാരം പഞ്ചഭൂതങ്ങളെ പഞ്ചീകരണം നടത്തിയാണ് ഈ പ്രപഞ്ചസൃഷ്ടി നടന്നിട്ടുള്ളത്.
പുഷ്പാര്‍ച്ചന ചെയ്യുന്നത് പൂവിന്റെ സൗന്ദര്യം, സുഗന്ധം, മാര്‍ദ്ദവം എന്നീ മൂന്നു ഗുണങ്ങളും തന്റെ വികാരവിചാരങ്ങള്ക്കുണ്ടാകേണമേ എന്ന സങ്കല്പത്തോടുകൂടിയാണ്. ഓരോ ചെടിയിലെ പൂക്കള്‍ക്കും അതാതിന്റെ സൗന്ദര്യവും സുഗന്ധവും മാര്‍ദ്ദവവുമുണ്ട്. ഇവ ലഭിക്കുന്നത് അതാതു ചെടിയില്നിന്നുതന്നെയാണ്. സൗന്ദര്യം മറ്റുളളവരുടെ കണ്ണിനെയും സൗരഭ്യം മറ്റുള്ളവരുടെ മൂക്കിനെയും ആകര്‍ഷിക്കുന്നു. ഓരോ പുഷ്പത്തിന്റെയും ആഗ്രഹം ഭഗവാന്റെ പാദാരവിന്ദത്തിലോ, മാലയിലോ എത്തിച്ചേരണമെന്നാണ്. പരമ്പരാഗത സംസ്കാരവും സ്വഭാവവുമുള്ള പൂക്കള്‍ മറ്റുള്ളവര്‍ക്ക് ആനന്ദദായകമായിത്തീരണം. നമ്മുടെ നന്മ മറ്റു ളളവരെ ആകര്‍ഷിക്കണം. സംസ്കാരത്തിന്റെയും നന്മയുടെയും സൗന്ദര്യവും സൗരഭ്യവും ചുറ്റും പ്രസരിക്കുക എന്നതാണ് നമ്മുടെ ധര്‍മ്മം.
പുഷ്പാര്‍ച്ചന ചെയ്യുമ്പോള്‍ പൂജയില്‍ സമര്‍പ്പിക്കുന്ന ജലം, ഗന്ധം, പുഷ്പം, ധൂപം, ദീപം എന്നിവ യഥാക്രമം പഞ്ചഭൂതങ്ങളായ ജലം, പൃഥ്വി, ആകാശം, വായു, അഗ്നി എന്നീ തത്ത്വങ്ങളെ പ്രതിനിധാനം ചെയ്യുന്നു. പൂജയില്‍ ആത്മസംഭൂതങ്ങളായ പഞ്ചഭൂതങ്ങളെ സര്വ്വേശ്വരന് സമര്‍പ്പിക്കുകയാണ് ചെയ്യുന്നത്. ആത്മാവില്‍നിന്ന് ആകാശം, ആകാശത്തില്‍നിന്ന് വായു, വായുവില്‍നിന്ന് അഗ്നി, അഗ്നിയില്‍നിന്ന് ജലം, ജലത്തില്‍നിന്ന് പൃഥ്വി ഇങ്ങനെയാണ് സൃഷ്ടികര്‍മ്മം. പ്രളയകാലത്ത് ഓരോ ഭൂതവും അതതിന്റെ യോനിയില്‍ ലയിക്കുന്നു. അങ്ങനെ ആദ്യത്തെ ഭൂതമായ ആകാശത്തില്‍ മറ്റു നാലു ഭൂതങ്ങളും ലയം കൊളളുന്നു. പുഷ്പം ആകാശതത്ത്വത്തെ പ്രതിനിധീകരിക്കുന്നു. ഒരു മൊട്ടില്‍നിന്ന് നൈസര്‍ഗികമായി വിരിഞ്ഞുവികസിക്കുന്നതാണ് പുഷ്പം. പഞ്ചഭൂതങ്ങളില്‍ ആദ്യമുണ്ടായത് ആകാശമാണ്. ഈ ആകാശതത്ത്വത്തെ പൂജാവിധികളില്‍ നാം പുഷ്പമായി മാറ്റുകയോ, സങ്കല്പിക്കുകയോ ചെയ്യുന്നു.
ഭൂമീതത്ത്വത്തില്നിന്നും ആകാശതത്വത്തിലേക്ക് ഉയര്‍ത്തുക എന്ന അര്‍ത്ഥത്തിലാണ് നാം പുഷ്പാഞ്ജലി എന്നു പ്രയോഗിക്കുന്നത്. പുഷ്പം പഞ്ചഭൂതങ്ങളിലൊന്നായ ആകാശ അംശമായതിനാല്‍ പുഷ്പാര്‍ച്ചനയില്‍ പഞ്ചഭൂതങ്ങളെല്ലാം ഉള്‍പ്പെടുമെന്നതും ഇതിന്റെ പ്രാധാന്യമാണ്.
മാനസികവും ശാരീരികവുമായ ശുദ്ധി കൈവരുന്നതിനും ഐശ്വര്യത്തിനും ആയുരാരോഗ്യത്തിനുമാണ് പുഷ്പാര്‍ച്ചന ചെയ്യുന്നത്. ക്ഷേത്രവിളക്കില് എണ്ണ ഒഴിച്ചു പ്രകാശിപ്പിക്കുന്നത് തന്റെ മനോബുദ്ധികളും പ്രകാശിക്കേണമേ എന്ന പ്രാര്‍ത്ഥനയോടു കൂടിയാണ്. നിവേദ്യം വയ്ക്കുന്നതും കാണിക്കകള്‍ അര്‍പ്പിക്കുന്നതും തന്റെ സമ്പത്തും ഗുണവും കഴിവുമെല്ലാം ഭഗവല്പാദങ്ങളില് സമര്‍പ്പിക്കുന്നതും ഭക്തിയും വിനയവും വളര്‍ത്തിയെടുക്കുവാന്‍ വേണ്ടിയാണ്. മധുരപദാര്‍ത്ഥങ്ങള്‍ പ്രസാദമായി സ്വീകരിച്ച് കഴിക്കുന്നത് തന്റെ വിചാരവും വാക്കും പ്രവൃത്തിയുമെല്ലാം പ്രസാദപൂര്‍ണ്ണവും മധുരതരവുമായി ഭവിക്കേണമേ എന്ന പ്രാര്‍ത്ഥനയോടുകൂടിയാണ്. ചെരിപ്പും മേല്‍വസ്ത്രവും അഴിച്ച് ക്ഷേത്രത്തിനകത്തു പ്രവേശിക്കണമെന്നു പറയുന്നത് ബാഹ്യവിഷയങ്ങളും മലിനചിന്തകളും മാറ്റിവച്ച് ഈശ്വരസന്നിധിയില് ചെല്ലൂ എന്ന ക്ഷേത്രധര്‍മ്മം നമ്മെ അനുസ്മരിപ്പിക്കുവാന്‍ വേണ്ടിയാണ്. ഇപ്രകാരം ക്ഷേത്രസങ്കല്പവും വിഗ്രഹാരാധനയുമെല്ലാം നമുക്ക് ജന്തുക്കളില്‍നിന്ന് മനുഷ്യരിലേക്കും മനുഷ്യനില്‍നിന്ന് ഈശ്വരഭാവത്തിലേക്കും കയറിച്ചെല്ലുവാനുള്ള പടവുകളായിത്തീരുമെന്നതിന് സംശയമില്ല.
No comments:
Post a Comment