ആറ്റുകാൽ പൊങ്കാല
പൊങ്കാലയിടുന്നവരെല്ലാം വ്രതം എടുക്കണം. കാപ്പുകെട്ടു മുതൽ വ്രതം അനുഷ്ഠിക്കുകയാണ് വേണ്ടത്. ഇങ്ങനെയുള്ള 9 ദിവസമാണ് വ്രതം അനുഷ്ഠിക്കേണ്ടത്. ആത്മാവ് ദേവിക്ക് സമർപ്പിക്കുന്നത് പൊങ്കാലയെ കൂടുതൽ ദീപ്തമാക്കുന്നു.
വ്രതം എങ്ങനെ വേണം?
വ്രതമെന്നാൽ ഭക്ഷണത്തിന്റെ നിയന്ത്രണം മാത്രമല്ല ശരീരത്തിന്റെയും മനസ്സിന്റെയും നിയന്ത്രണം കൂടിയാണ്. വ്രതമെടുക്കുന്ന ഒൻപത് ദിവസങ്ങളിലും എപ്പോഴും അമ്മയെ പ്രാർഥിച്ചുകൊണ്ടേയിരിക്കണം. സർവ്വ ദുരിതവും മാറ്റിതരണമെ, അനുഗ്രഹം ചൊരിയേണമെ, നവഗ്രഹദുരിതങ്ങളും മാറ്റിത്തരണമെ, ദൃഷ്ടിദോഷം, വിളിദോഷം, ശാപദോഷം എന്നിവ മാറ്റി തരണമേ എന്ന് ഭക്തിയോടെ പ്രാർഥിക്കണം.
ആഹാരത്തിനെന്തൊക്കെ നിയന്ത്രണം വേണം?
ഭക്തിയോടെ എപ്പോഴും അമ്മയെ പ്രാർഥിച്ചുകൊണ്ടിരുന്നാൽ ആഹാരം കഴിക്കണമെന്നുതന്നെ തോന്നില്ല. ക്ഷീണവും വരില്ല, ദൃഢമായ ഭക്തിയോടെ അമ്മ കൂടെയുണ്ടെന്ന് വിശ്വസിച്ച് ഒരുനേരം അരിയാഹാരം കഴിച്ച് ബാക്കി സമയം വിശന്നാൽ ഫലവർഗ്ഗങ്ങള്‍ കഴിച്ചു വ്രതമെടുക്കണം. മത്സ്യമാംസവും ലഹരി പദാർഥങ്ങളും പൂർണ്ണമായും ത്യജിക്കണം. ബ്രഹ്മചര്യം അനുഷ്ഠിക്കണം. ദേവി സ്തോത്രനാമാദികൾ ചൊല്ലുകയും ക്ഷേത്രദർശനം നടത്തുന്നതും നല്ലതാണ്.
പൊങ്കാലസമയത്ത് കോടിവസ്ത്രം തന്നെ ധരിക്കണോ?
പൊങ്കാലയിടാൻ കോട്ടൺ കോടി വസ്ത്രമാണ് ഏറ്റവും ഉത്തമം. ഇതിനു കഴിയാത്തവർ അലക്കി വൃത്തിയാക്കിയ കോട്ടൺ വസ്ത്രങ്ങൾ ധരിക്കണം. ശരീരശുദ്ധിയും മനസ്സിന്റെ ശുദ്ധിയുമാണ് പ്രധാനം. നല്ല വാക്ക്, നല്ല ചിന്ത, നല്ല പ്രവൃത്തി എന്നിവയോടെ വേണം പൊങ്കാലയിടുവാൻ. മാസമുറയായ സ്ത്രീകൾ പൊങ്കാലയിടാൻ പാടില്ല. 7 ദിവസം കഴിഞ്ഞ് ശുദ്ധമായെന്ന് സ്വയം ബോധ്യമുള്ളവർക്ക് പൊങ്കാല സമർപ്പിക്കാം. പുല, വാലായ്മയുള്ളവർ പൊങ്കാലയിടരുത്, പ്രസവിച്ചവർ 90 കഴിഞ്ഞേ പാടുള്ളു. അല്ലെങ്കിൽ ചോറൂണു കഴിഞ്ഞ് പൊങ്കാലയിടാം
പൊങ്കാലയിടാൻ എന്തൊക്കെ വേണം?
ഉണക്കലരി, നാളികേരം, ശർക്കര, ചെറുപഴം, തേൻ, നെയ്യ്, പഞ്ചസാര, കൽക്കണ്ടം, ഉണക്കമുന്തിരിങ്ങ, ചെറുപയർ, കശുവണ്ടിപ്പരിപ്പ്, എള്ള്.
പൊങ്കാലയ്ക്കു തീ പകരും മുമ്പേ, അടുപ്പിനു മുമ്പിൽ വിളക്കും നിറനാഴിയും വയ്ക്കണോ, അതെന്തിനുവേണ്ടിയാണ്?
വയ്ക്കണം. ദേവതാ സാന്നിദ്ധ്യസങ്കൽപമുള്ളതുകൊണ്ടാണ്. അതിൽ കുടുംബ പരദേവതയേയും പരേതാത്മാക്കളെയും സങ്കൽപിക്കുകയും ദുരിതമോചനവും ഐശ്വര്യവർദ്ധനയും വാസ്തുദുരിതങ്ങളും തീർത്തുതരണെയെന്നു പ്രാർഥിച്ചാണ് നിറനാഴിയും പറയും നിലവിളക്കും വയ്ക്കുന്നത്. അടുപ്പ് തീർഥം തളിച്ച് ശുദ്ധി വരുത്തണം.
പൊങ്കാല തിളച്ചു തൂകുന്ന ദിശകളുടെ ഗുണദോഷങ്ങൾ എന്തൊക്കെയാണ്?
പൊങ്കാല തിളച്ചു തൂകുന്നതാണ് ഉത്തമം. ഇപ്രകാരമുള്ള തിളച്ചു മറിയൽ വരാനിരിക്കുന്ന അഭിവൃദ്ധികളെ സൂചിപ്പിക്കുന്നു. കിഴക്കോട്ടു തൂകിയാൽ ഇഷ്ടകാര്യങ്ങൾ ഉടൻ നടക്കും. വടക്കോട്ടായാൽ കാര്യങ്ങൾ നടക്കാൻ അൽപം കാലതാമസം വരും, പടിഞ്ഞാറും തെക്കുമായാൽ ദുരിതം മാറിയിട്ടില്ല, നവഗ്രഹഭജനം നന്നായി വേണമെന്ന് സാരം
നിവേദ്യങ്ങൾ.. ആറ്റുകാൽ അമ്മയ്ക്ക്
പൊങ്കലിന് പുറമെ, മണ്ടപുറ്റു , തിരളിയും അമ്മയുടെ ഇഷ്ട നേദ്യങ്ങൾ
തെരളി നിവേദ്യം
വേണ്ട വിഭവങ്ങള്‍ :-
. അരിപ്പൊടി
. ശര്‍ക്കര,
. പഴം,
. നെയ്യ്
. ഏലയ്ക്ക
. കല്‍ക്കണ്ടം
. മുന്തിരി
. തേങ്ങ
. വയണയില
ഉണ്ടാക്കുന്ന വിധം:-
അരി ഇടിച്ച് പുട്ടിന്റെ പരുവത്തിലാക്കുക. ശര്‍ക്കര, പഴം, ഏലയ്ക്ക, കല്‍ക്കണ്ടം, നെയ്യ് , മുന്തിരി, ചിരകിയ തേങ്ങ എന്നിവ കുഴച്ചെടുക്കുക. വയണയില കുമ്പിളാക്കി മിശ്രിതം അതില്‍ നിറയ്ക്കുക. എന്നിട്ട് ആവിയില്‍ വേകിക്കുക. ഇതിന് ഇഡ്ധലിപാത്രം ഉപയോഗിക്കാം. അല്ലെങ്കില്‍ വായ്‌വട്ടമുള്ള പാത്രത്തില്‍ മുകളില്‍ തോര്‍ത്ത് കെട്ടി വേവിക്കാം.
തിരളിയുടെ പ്രത്യേകത?
ദേവിദേവന്മാർക്കെല്ലാം ഇഷ്ടവഴിപാടാണിത്. കാര്യസിദ്ധിയുണ്ടാകും
മണ്ടപ്പുറ്റ് നിവേദ്യം
വേണ്ട വിഭവങ്ങൾ :-
. വറുത്ത് പൊടിച്ച ചെറുപയര്‍
. ശര്‍ക്കര
. ഏലയ്ക്ക
. നെയ്യ്
. കല്‍ക്കണ്ടം
. മുന്തിരി
. തേങ്ങ
. നെയ്യല്‍ വറുത്ത കൊട്ട തേങ്ങ
ഉണ്ടാക്കുന്ന വിധം:-
വറുത്ത ചെറുപയര്‍ തരുതരുപ്പായി പൊടിച്ചാണ് മണ്ടപ്പുറ്റ് ഉണ്ടാക്കുന്നത്. അതില്‍ ശര്‍ക്കര, ഏലയ്ക്ക, നെയ്യ്, മുന്തിരി , നെയ്യല്‍ വറുത്തെടുത്ത കൊട്ട തേങ്ങ , കല്‍ക്കണ്ടം, ചിരകിയ നാളികേരം എന്നിവ ചേര്‍ത്ത് കുഴച്ച് ഉരുളയാക്കണം. ഒരു വശം രണ്ട് കുത്തിടണം. ആവിയില്‍ വേകിച്ചെടുക്കുക.
മണ്ടപ്പുറ്റിന്റെ ഫലമെന്താണ്?
തലയ്ക്കുള്ള രോഗങ്ങള്‍ മാറുന്നതിനാണ് മണ്ടപ്പുറ്റ് നടത്തേണ്ടത്. ദേവിയുടെ ഇഷ്ട നിവേദ്യമാണിത്...
വെള്ള ചോറ് പൊങ്കാല ക്ക് ഉണ്ടാക്കുന്നത് ഒന്നു പറയാമോ
ReplyDelete