ബ്രഹ്മവൃക്ഷത്തെ അറിയാം
സംസാര വൃക്ഷത്തിന്റെ ചിത്രീകരണത്തിലൂടെ ബ്രഹ്മസ്വരൂപത്തെ വിവരിക്കുന്നു.
ഊര്ദ്ധ്വമൂലോളവാക്ശാഖ ഏഷോശ്വത്ഥഃ സനാതന
തദേവ ശുക്രം തദ്ബ്രഹ്മ തദേവാമൃതമുച്യതേ
തസ്മിന് ലോകാഃ ശ്രിതാഃ സര്‍വ്വേ തദുനാത്യേതി കശ്ചന ഏതത് വൈതത്
മുകളില്‍ വേരുകളോടുകൂടിയതും താഴെ ശാഖകളോടു കൂടിയതുമായ സനാതനമായ അരയാല്‍ മരമാണ് ഈ സംസാരം. സംസാരവൃക്ഷത്തിന്റെ മൂലമായ ചൈതന്യമാണ് ബ്രഹ്മം. അതിനെ അമൃതം എന്നുപറയുന്നു. അതില്‍ എല്ലാ ലോകങ്ങളും ആശ്രയിക്കുന്നു. ഒന്നിനും അതിനെ അതിക്രമിക്കാനാവില്ല. ഇതുതന്നെയാണ് ആ ആത്മതത്വം.
ഈ ലോകത്തെ ഒരു വൃക്ഷമായി പറയുന്നു. അരയാലിന്റെ രൂപത്തിലാണ് സംസാരവൃക്ഷത്തെ സൂചിപ്പിക്കുന്നത്. അശ്വത്ഥമെന്നാല് നാളേയ്ക്ക് നിലനില്ക്കാത്തത്, നശിക്കുന്നത് എന്നര്‍ത്ഥം. മുകളില്‍ മൂലം അഥവാ ചുവട് ഉള്ളതാണ് ഇത്. അവ്യക്തം മുതല്‍ സ്ഥാവരങ്ങള്‍ വരെയുള്ള ഈ സംസാരവൃക്ഷത്തിന്റെ അടിഭാഗം മുകളിലാണ്. ആ ചുവടിനെയാണ് തദ്വിഷ്ണോഃ പരമംപദം എന്ന് വിശേഷിപ്പിക്കുന്നത്. മുറിച്ചുമാറ്റാന്‍ കഴിയും എന്ന അര്‍ത്ഥത്തിലാണ് വൃക്ഷം എന്ന് പറയുന്നത്.
ബ്രഹ്മവൃക്ഷത്തെയാണ് സംസാരമായി കല്പ്പിച്ചിരിക്കുന്നത്. ഈ വൃക്ഷത്തിന്റെ മൂലം ബ്രഹ്മമാണ്. താഴേക്ക് പടര്‍ന്നിട്ടുള്ള ശാഖകള്‍ വിവിധലോകങ്ങളെ കാണിക്കുന്നു. അവയെല്ലാം നാശമില്ലാത്തതും ചൈതന്യവുമായ ബ്രഹ്മത്തെ ആശ്രയിച്ചിരിക്കുന്നു. പ്രപഞ്ചമാകുന്ന കാര്യത്തില്‍നിന്നും ബ്രഹ്മമാകുന്ന കാരണത്തെ അറിയാനാണ് ഇത്തരത്തിലൊരു വൃക്ഷ കല്‍പ്പന. മാമ്പഴം കണ്ടാല്‍ മാവിനെ അറിയാന്‍ സാധിക്കുന്നതുപോലെയാണിത്. പ്രപഞ്ചത്തിന്റെ മൂലം ബ്രഹ്മമാണ്. അനാദിയായ അവിദ്യയില്നിന്നാണ് സംസാരം ഉണ്ടായത് എന്നതിനാല്‍ ഇതും അനാദിയും സനാതനവുമാണ്. ഈ പ്രപഞ്ചം സഗുണ ബ്രഹ്മത്തിന്റെ വകഭേദമായതിനാല്‍ ബ്രഹ്മമെന്നും അമൃതമെന്നും വിളിക്കാം. നമുക്ക് അങ്ങനെ തിരിച്ചറിയാനാവുന്നില്ല എന്നേയുള്ളൂ.
ജന്മം, ജര, മരണം, ശോകം തുടങ്ങിയവയാണ് സംസാരത്തിന്റെ സ്വരൂപം, ഇന്ദ്രജാലം, മരുഭൂമിയിലെ മരീചിക, ആകാശത്തിലെ ഗന്ധര്‍വ്വനഗരം എന്നിവപോലെ ഉണ്ടെന്ന് തോന്നിച്ച് ഇല്ലാതാകുന്നവയാണ്. ഇവയുണ്ടെന്ന് തോന്നിച്ച് പ്രകാശിക്കുന്നത് ബ്രഹ്മമെന്ന അധിഷ്ഠാനത്തിലാണ്. എല്ലാറ്റിന്റെയും സാരമായ ഭാഗം മൂലമായിരിക്കുന്ന ബ്രഹ്മം തന്നെ. അവിദ്യ, കാമം, കര്‍മ്മം, അവ്യക്തം ഇവയാണ് ബീജം. ഹിരണ്യഗര്‍ഭനാണ് വൃക്ഷത്തിന്റെ അങ്കുരം. ജീവികളുടെ ലിംഗശരീരങ്ങള്‍ ശാഖാമൂലങ്ങള് തൃഷ്ണയാകുന്ന വെള്ളംകൊണ്ട് നനയ്ക്കുന്നു. ഇന്ദ്രിയ വിഷയങ്ങളായ ശബ്ദം മുതലായവയാണ് തളിരുകള്‍. ശ്രുതി, സ്മൃതി, ന്യായം, വിദ്യ, ഉപദേശം എന്നിവ ഇലകള്‍. യാഗം, ദാനം,തപസ്സ് തുടങ്ങിയ ക്രിയകള്‍ പൂക്കളാണ്. സുഖം, ദുഃഖം തുടങ്ങിയവ ഫലങ്ങള്‍. കര്‍മ്മവാസനകളാകുന്ന വേരുകള്‍ ചുവട്ടില്‍ ഉണ്ട്. ബ്രഹ്മാവ് ഉള്‍പ്പെടെയുള്ള എല്ലാ ജീവികളും വിവിധ ലോകങ്ങളായ കൂടുകെട്ടി ഈ വൃക്ഷത്തില്‍ വസിക്കുന്നു.
അനുഭവങ്ങളുടെ തീക്ഷ്ണത നിമിത്തം ‘അയ്യോ വിടൂ…വിടൂ…. എന്നിങ്ങനെയുള്ള രോദനങ്ങള്‍ കേള്‍ക്കാം. കാമകര്മ്മങ്ങളാകുന്ന കാറ്റേറ്റ് അരയാല്‍പോലെ എപ്പോഴും ഇളകിക്കൊണ്ടിരിക്കുന്നു. ബ്രഹ്മാത്മ ദര്‍ശനമാണ് ഈ വൃക്ഷത്തെ മുറിക്കാനുള്ള ആയുധമായി വേദാന്തം വിധിച്ചിട്ടുള്ളത്. ഈ ഉപനിഷദ് മന്ത്രത്തിന്റെ ആശയത്തെ ഭഗവദ്ഗീത 15-ാം അദ്ധ്യായത്തില്‍ വര്‍ണിച്ചിട്ടുണ്ട്. അവിടെ സംസാരവൃക്ഷത്തെ കൂടുതല്‍ വിവരിച്ചിരിക്കുന്നു. അസംഗമാകുന്ന വാളുകൊണ്ട് വൃക്ഷം മുറിച്ചുമാറ്റാനാണ് ഗീതയിലെ നിര്‍ദ്ദേശം.
ലോകം സത്യമാണെന്ന തെറ്റിദ്ധാരണ ഇല്ലാതാക്കി സംസാരത്തിന്റെ ശരിയായ സ്വരൂപമായ ബ്രഹ്മഭാവത്തെ സാക്ഷാത്കരിക്കണമെന്ന് ഈ മന്ത്രം ഉറപ്പിക്കുന്നു. മണ്ണ് കുടം മുതലായവയും സ്വര്‍ണ്ണം മാല,വള മുതലായവ ആകുന്നതുപോലെ ബ്രഹ്മം തന്നെയാണ് പ്രപഞ്ചമായിത്തീര്‍ന്നത്. എല്ലാ കാര്യങ്ങളുടേയും കാരണമാണ് ബ്രഹ്മം. നമുക്ക് ബ്രഹ്മത്തെ സാക്ഷാത്കരിക്കാം.
No comments:
Post a Comment