ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

12 June 2018

ശ്രീകാളഹസ്തി

ശ്രീകാളഹസ്തി

ദക്ഷിണേന്ത്യയിലെ ഏറ്റവും പ്രശസ്തമായ തീര്‍ത്ഥാടന കേന്ദ്രങ്ങളില്‍ ഒന്നാണ് ശ്രീകാളഹസ്തി. ആന്ധ്രപ്രദേശിലെ തിരുപ്പതിക്ക് സമീപമാണ് കാളഹസ്തി സ്ഥിതി ചെയ്യുന്നത്. പെന്നാര്‍ നദിയുടെ പോഷകനദിയായ സ്വര്‍ണ്ണമുഖിയുടെ തീരത്താണ് ക്ഷേത്രം. നദീ തീരം മുതല്‍ ദക്ഷിണ കൈലാസം എന്നറിയപ്പെടുന്ന കുന്നിന്‍ ചരിവ് വരെ ക്ഷേത്ര സമുച്ചയം പരന്ന് കിടക്കുന്നു. ദക്ഷിണേന്ത്യയിലെ ഏറ്റവും പ്രശസ്തമായ ശിവക്ഷേത്രങ്ങളില്‍ ഒന്നാണിത്. ക്ഷേത്രത്തിലെ ഉന്നതമായ മൂന്ന് ഗോപുരങ്ങള്‍ ശില്പകലാ വൈദഗ്ദ്ധ്യം വിളിച്ചറിയിക്കുന്നു. വിജയനഗര സാമ്രാജ്യത്തിലെ കൃഷ്ണ ദേവരായരുടെ കാലത്താണ് ക്ഷേത്രം സ്ഥാപിക്കപ്പെട്ടത്. നൂറ് തൂണുകളുള്ള ക്ഷേത്രത്തിലെ മണ്ഡപം വിസ്മയകരമാണ്. ലോകത്തെ ഏറ്റവും പ്രശസ്തവും സമ്പന്നവുമായ തിരുപ്പതി ക്ഷേത്രത്തിന് സമീപമുള്ള കാളഹസ്തിയിലെ ഗോപുരങ്ങള്‍ക്കും അതിന്‍റേതായ ചാരുതയുണ്ട്.

പേരിന് പിന്നില്‍
ॐ➖➖➖➖ॐ➖➖➖➖ॐ
കാളഹസ്തി എന്ന പേര് വന്നതിന് പിന്നിലെ കഥ രസകരമാണ്. ശ്രീ (ചിലന്തി) കാള (സര്‍പ്പം) ഹസ്തി (ആന) എന്നീ ജീവികള്‍ ഇവിടെ ശിവഭഗവാനെ പൂജിക്കുകയും മോക്ഷം നേടുകയും ചെയ്തുവെന്നാണ് ഐതീഹ്യം. ചിലന്തി ശിവലിംഗത്തിനെ വല കൊണ്ട് മൂടുകയും സര്‍പ്പം ശിവലിംഗത്തിന് മുകളില്‍ രത്നം സ്ഥാപിക്കുകയും ആന ശിവലിംഗത്തെ ജലം കൊണ്ട് അഭിഷേകം നടത്തുകയും ചെയ്തുവത്രേ. പ്രധാന ക്ഷേത്രത്തില്‍ ചിലന്തിയുടെയും സര്‍പ്പത്തിന്‍റെയും ആനയുടെയും പ്രതിമയുണ്ട്. സ്കന്ദപുരാണത്തിലും ശിവപുരാണത്തിലും ലിംഗ പുരാണത്തിലും കാളഹസ്തിയെ കുറിച്ച് പരാമര്‍ശമുണ്ട്. അര്‍ജുനന്‍ ഇവിടെ എത്തി ശിവഭഗവാനെ പ്രാര്‍ത്ഥിച്ചുവെന്നും കുന്നിന്‍ മുകളില്‍ വച്ച് ഭരദ്വജ മഹര്‍ഷിയെ കണ്ടുവെന്നും സ്കന്ദപുരാണത്തില്‍ വിവരിക്കുന്നു. ഗോത്ര വിഭാഗത്തില്‍ നിന്നുള്ള ശിവ ഭക്തനായ ഭക്ത കണ്ണപ്പന്‍ കാളഹസ്തിയില്‍ ശിവഭഗവാനെ പ്രാര്‍ത്ഥിച്ചിരുന്നുവെന്ന് ഭക്തര്‍ വിശ്വസിക്കുന്നു. രാഹുകാല പൂജയ്ക്ക് പ്രശസ്തമാണ് കാളഹസ്തി.

No comments:

Post a Comment