ചെങ്ങന്നൂർ ഭഗവതി
ചെങ്ങന്നൂർ മഹാക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠകൾ പാർവ്വതീ പരമേശ്വരന്മാരാണ്. എന്നാൽ ആ മഹാദേവിയുടെ പേരിനു മാത്രമേ പ്രസിദ്ധിയുള്ളൂ. ദേവീസാന്നിദ്ധ്യം കൂടിയുള്ള സ്ഥലങ്ങളിലെല്ലാം ഇങ്ങിനെയിരിക്കുന്നതു സാധാരണമാണ്. തിരുമാന്ധാംകുന്ന്, കൊടുങ്ങല്ലൂർ, പനയന്നാർക്കാവ് ഈ ക്ഷേത്രങ്ങളിൽ പ്രധാനമായി പ്രതിഷ്ഠ ശിവനാണല്ലോ. എങ്കിലും ആ സ്ഥലങ്ങളിലെല്ലാം പരാശക്തിക്കാണു പ്രസിദ്ധി. അതുപോലെതന്നെ ചെങ്ങന്നൂരും ഭഗവതിയെ കുറിച്ചല്ലാതെ ശിവനെക്കുറിച്ചു ആരുമൊന്നും പറഞ്ഞു കേൾക്കുന്നില്ല. ആ മഹാമായയുടെ പ്രസിദ്ധിയും മാഹാത്മ്യവും ഒട്ടും ചില്ലറയല്ലതാനും. അവയെക്കുറിച്ചു പിന്നാലെ പ്രസ്താവിയ്ക്കാം. ഈ ദേവീ ദേവന്മാർ ഇവിടെ ആവിർഭവിച്ചതിന്റെ കാരണം തന്നെ ആദ്യമെ പറഞ്ഞു കൊള്ളുന്നു.
പണ്ടു പാർവ്വതീ സ്വയംവരത്തിനായിട്ടു ശ്രീ പരമേശ്വരനും തദ്ദർശാനാർഥം ബ്രഹ്മാവും, വിഷ്ണുവും, ഇന്ദ്രാദിദേവന്മാരും, സിദ്ധന്മാർ, സാദ്ധ്യന്മാർ, കിന്നരന്മാർ, കിമ്പുരുഷന്മാർ, യക്ഷന്മാർ, ഗന്ധർവന്മാർ മുതലായ ദേവയോനികളും, അപ്സരസ്സുകളും സകല മഹർഷികളും മറ്റും ഹിമവൽ പാർശ്വത്തിങ്കൽ ചെന്നു ചേർന്നപ്പോൾ അവരുടെ ഭാരം കൊണ്ടു ഭൂഗോളം വടക്കോട്ടു മറിഞ്ഞേക്കുമോ എന്നു സംശയിച്ചു ബ്രഹ്മാദികളായ ത്രിമൂർത്തികൾ അത്യന്തം തപശ്ശക്തിയുള്ള മഹാനായ അഗസ്ത്യമഹർഷിയെ വിളിച്ചു തെക്കു പമ്പാനദിയുടെ തെക്കെക്കരയിലുള്ള ശോണാദ്രിയിൽച്ചെന്നു, ഈ സ്വയംവരം കഴിഞ്ഞു ഹിമവൽ പാർശ്വത്തിങ്കൽനിന്നു എല്ലാവരും പിരിഞ്ഞുപോകുന്നതുവരെ ഇരിക്കാൻ നിയോഗിച്ചു. അതുകേട്ടു അഗസ്ത്യമഹർഷി "ശോണാദ്രിയിൽ ചെന്നു ഇരിക്കുന്നതിനു വിരോധമില്ല. എങ്കിലും ദേവിയുടെ സ്വയംവരമഹോത്സവം കാണാതെ പോകുന്ന കാര്യത്തിൽ അപാരമായ മനസ്താപമുണ്ട് എന്നു പറഞ്ഞു. അപ്പോൾ ബ്രഹ്മാവ് അതിനെക്കുറിച്ചു മനസ്താപം വേണ്ട, ഇവിടെയുണ്ടാകുന്ന ഘോഷങ്ങളെല്ലാം അവിടെ കാണിച്ചു തരാം" എന്നു പറഞ്ഞു. ഉടനെ മഹർഷി എന്നാൽ മതി എന്നു സമ്മതിച്ചു അവിടെനിന്നു പോയി ശോണാദ്രിയിലെത്തി തപോനിഷ്ഠയോടുകൂടിതന്നെ അവിടെയിരുന്നു. സ്വയംവരാനന്തരം ശ്രീപരമേശ്വരനും, ശ്രീപാർവ്വതിയും, ബ്രഹ്മാവും, വിഷ്ണുവും, ഇന്ദ്രാദിദേവന്മാരും മറ്റും ശോണാദ്രിയിൽ അഗസ്ത്യമഹർഷിയുടെ അടുക്കൽ സാഘോഷം ചെന്നുചേർന്നു. അപ്പോൾ ശ്രീപാർവതി തൃപ്പൂത്ത് (ഋതു) ആയി. പിന്നെ ഋതുശാന്തിക്കല്യാണം അവിടെ വെച്ചു കെങ്കേമമായിനടത്തി. അതിന്റെ ഘോഷങ്ങളെല്ലാം കണ്ടപ്പോൾ അഗസ്ത്യമഹർഷിക്കു സ്വയംവരോത്സവം കാണാഞ്ഞിട്ടുണ്ടായ മനസ്താപം തീർന്നു. അനന്തരം ബ്രഹ്മാദികൾ അവിടെ നിന്നു പിരിഞ്ഞു പോവുകയും ചെയ്തു. അവിടം അന്നു വലിയ വനപ്രദേശമായിരുന്നു. പിന്നെയും വളരെക്കാലം അങ്ങിനെ തന്നെ കിടന്നിരുന്നു.
അനന്തരം ശ്രീപരശുരാമൻ പരദേശങ്ങളിൽ നിന്നു ബ്രാഹ്മണരേയും മറ്റും കേരളത്തിൽ കൊണ്ടുവന്നതിന്റെ ശേഷം അവരിൽ ചിലർ ഈ സ്ഥലം വെട്ടി തെളിച്ചു ജനവാസയോഗ്യമാക്കിതീർത്തു. പിന്നെ കേരള രാജ്യത്തെ വടക്കു മുപ്പത്തിരണ്ട്, തെക്കു മുപ്പത്തിരണ്ട് ഇങ്ങനെ അറുപത്തി നാലു ഗ്രാമങ്ങളാക്കി വിഭജിച്ചപ്പോൾ ഈ സ്ഥലവും ഒരു ഗ്രാമവും മലയാളബ്രാഹ്മണസങ്കേതവും, അഞ്ഞിപ്പുഴ തമ്പുരാൻ ഈ ദേശത്തിന്റെ അധിപനുമായിത്തീർന്നു. "ശോണാദ്രി" എന്നുള്ള ഗീർവ്വാണപദം മലയാളത്തിലായപ്പോൾ "ചെങ്കുന്നു" എന്നായി. അതു ഒരു ഊരു (ഗ്രാമം) കൂടിയായപ്പോൾ ചെങ്കുനൂരെന്നായി. അതു കാലക്രമേണ ചെങ്ങനൂരായി പരിണമിച്ചു.
ഇപ്പോൾ ചെങ്ങന്നൂർ ക്ഷേത്രമിരിക്കുന്ന സ്ഥലം വഞ്ഞിപ്പുഴ തമ്പുരാന്റെ അധീനതയിലുൾപ്പെട്ടതായിരുന്നതിനാൽ അവിടുന്നു ആ സ്ഥലം "നയനാരുപിള്ള" എന്നൊരാൾക്കു പാട്ടത്തിനു കൊടുത്തിരുന്നു. ആ നയനാരുപിള്ളയുടെ ജോലിക്കാരത്തിയായ ഒരു കുറത്തി ഒരു ദിവസം അവളുടെ അരിവാൾ മൂർച്ച കൂട്ടാനായി അവിടെ കണ്ട ഒരു കല്ലിന്മേൽ ഇട്ടു തേച്ചു. അപ്പോൾ ആ കല്ലിൽ നിന്നും രക്തം പ്രവഹിച്ചു തുടങ്ങി. അവൾ അതു കണ്ടു പേടിച്ചു പരിഭ്രമിച്ചു ഓടിച്ചെന്ന് ഈ വിവരം നായനാരുപിള്ളയോടു പറഞ്ഞു. നയനാരുപിള്ള അതു വഞ്ഞിപുഴ തമ്പുരാന്റെ അടുക്കലറിയിച്ചു. തമ്പുരാൻ ഉടനെ ബ്രാഹ്മണരോടുകൂടി ആ സ്ഥലത്തെത്തി. അപ്പോഴേയ്ക്കും പൗരപ്രധാനന്മാരായ പല യോഗ്യന്മാരും അവിടെ വന്നു കൂടി. തമ്പുരാന്റെ കൂടെ ചെന്ന ബ്രാഹ്മണരിൽ ഒരാൾ അവിടുത്തെ സ്വജനവും പ്രസിദ്ധ തന്ത്രിയുമായിരുന്ന താഴമൺ പോറ്റിയായിരുന്നു. അദ്ദേഹം മന്ത്രതന്ത്രങ്ങളിലെന്ന പോലെ സകലശാസ്ത്രങ്ങളിലും അതി നിപുണനായ ഒരു ദിവ്യനുമായിരുന്നു. അദ്ദേഹം ആ ശിലയും രക്തപ്രവാഹവും കണ്ടിട്ടു സ്വല്പനേരം ധ്യാനനിഷ്ഠനായി ഇരുന്നതിനു ശേഷം "ഇതു കേവലം കാട്ടുശിലയല്ലെന്ന് ഈ രക്തപ്രവാഹം കൊണ്ടു തന്നെ സ്പഷ്ടമാകുന്നുണ്ടല്ലോ. ഇതു സ്വയം ഭൂവായ ശിവലിംഗമാണ്. ഇങ്ങിനെ കാണപ്പെടുന്ന ഈശ്വരബിംബത്തിങ്കൽ ഉടനെ ഒരു നിവേദ്യമെങ്കിലും കഴിക്കാഞ്ഞാൽ പെട്ടന്നു അപ്രത്യക്ഷമായിപ്പോയെന്നും വരാം. ഈ രക്തപ്രവാഹം നില്ക്കുന്നതിനു തൽക്കാലം മുപ്പത്തിയാറു പറ നെയ്യു ഈ ബിംബത്തിനു ആടേണ്ടിയിരിക്കുന്നു. സമന്ത്രം ഘൃതധാര ചെയ്യാതെ ഈ രക്തസ്രാവം നില്ക്കുകയില്ല"എന്നു പറഞ്ഞു. ഉടനെ വഞ്ഞിപ്പുഴതമ്പുരാൻ നിവേദ്യത്തിനു വേണ്ടുന്ന സാധനങ്ങളും ആടുന്നതിനു മുപ്പത്തിയാറുപറ നെയ്യും അവിടെ വരുത്തിക്കൊടുത്തു. താഴമൺപോറ്റി അവയെടുത്തു നിവേദ്യവും നെയ്യാട്ടവും നടത്തുകയും ഉടനെ രക്തസ്രാവം നിലയ്ക്കുകയും ചെയ്തു.
അനന്തരം വഞ്ഞിപുഴതമ്പുരാൻ താഴമൺപോറ്റി മുതലായവർ യോഗം കൂടി അവിടെ ക്ഷേത്രം പണിയിക്കുന്നതിനുള്ള ആലോചന തുടങ്ങി. അപ്പോൾ താഴമൺ പോറ്റി "ഇവിടെ പരമശിവൻ മാത്രമല്ല ഇളകൊണ്ടിരിക്കുന്നത്, ശ്രീ പാർവ്വതിയുടെ സാന്നിദ്ധ്യവുമുണ്ട്. അതിനാൽ ക്ഷേത്രം പണിയുമ്പോൾ ശിവന്റെ ശ്രീകോവിലോടുകൂടി ദേവിയുടെ വിഗ്രഹം പ്രതിഷ്ഠിക്കുന്നതിനും ഒരു ഗർഭഗൃഹമുണ്ടായിരിക്കണം" എന്നു പറഞ്ഞു.
ഇങ്ങനെ യോഗക്കാർ ഓരോന്നു പറയുകയും ആലോചിക്കുകയും ചെയ്തുകൊണ്ടിരുന്ന അവസരത്തിൽ സാക്ഷാൽ ഉളിയന്നൂർ പെരുന്തച്ചൻ ദൈവഗത്യാ അവിടെ വന്നുചേർന്നു. മഹാനായ പെരുന്തച്ചനെ കണ്ടപ്പോൾ അവിടെയുണ്ടായിരുന്നവരെല്ലാവരും "അയേ! മൃഗ്യമാണാ ലതാ പാദയോഃ പ്രാതാ (തേടിയ വള്ളി കാലിൽ ചുറ്റി) എന്നു വിചാരിച്ചു ഏറ്റവും സന്തോഷത്തോടു കൂടി അദ്ദേഹത്തെ സാദരം സത്കരിച്ചു ഇരുത്തി, അവിടെയുണ്ടായ സംഗതികളും തങ്ങളുടെ ആലോചനയും അദ്ദേഹത്തെ ഗ്രഹിപ്പിക്കുകയും അമ്പലം പണിയുന്നതിനു ഒരു കണക്കു ചാർത്തിക്കൊടുക്കണമെന്ന് അപേക്ഷിക്കുകയും ചെയ്തു. പെരുന്തച്ചൻ രണ്ടുമൂന്നു ദിവസം അവിടെ താമസിച്ച് അമ്പലം, കൂത്തമ്പലം, ഗോപുരങ്ങൾ മുതലായവയുടെ കണക്കുകൾ ചാർത്തിക്കൊടുക്കുകയും "താമസിയാതെ ഇനിയും വന്നുകൊള്ളാം" എന്നു പറഞ്ഞിട്ടു അവിടെ നിന്നു പോവുകയും ചെയ്തു.
അനന്തരം ഏതാനും മാസങ്ങൾക്കു ശേഷം പെരുന്തച്ചൻ പിന്നെയും അവിടെ ചെന്നിരുന്നു. അപ്പോഴേയ്ക്കും അമ്പലം പണി മിക്കവാറും തീർന്നിരുന്നു. മഹാദേവന്റെ ശ്രീകോവിൽ കിഴക്കോട്ടു ദർശനമായി തുരവായിട്ടും ശ്രീപാർവ്വതിയുടെ ശ്രീകോവിൽ തുരവിനു പടിഞ്ഞാട്ടു ദർശനവുമായിട്ടായിരുന്നു പണിതിരുന്നത്. പെരുന്തച്ചൻ നിശ്ചയിച്ചിരുന്നതും അങ്ങിനെ തന്നെയായിരുന്നു. ചുറ്റമ്പലം, തിടപ്പള്ളി മുതലായവയും പണി തീർത്തിരുന്നു. എന്നാൽ കൂത്തമ്പലത്തിന്റെ പണി ആരംഭിക്കുകപോലും ചെയ്തിരുന്നില്ല. അതിന്റെ കണക്കു സാധാരണ രീതിയിലല്ല പെരുന്തച്ചൻ കണക്കു കൊടുത്തിരുന്നത്. കൂത്തമ്പലം കുക്കുടാണ്ഡാകൃതിയിൽ പണിതീർക്കത്തക്കവണ്ണമായിരുന്നു കണക്കുണ്ടാക്കിക്കൊടുത്തിരുന്നത്. അങ്ങനെ പണിതീർക്കുന്നതിന് ആ ദിക്കിലും അടുത്ത പ്രദേശങ്ങളിലുമുണ്ടായിരുന്ന ആശാരിമാർ വിചാരിച്ചിട്ടു സാധിച്ചില്ല. അതിനാൽ പെരുന്തച്ചൻ ഏതാനും മാസങ്ങൾ അവിടെ താമസിച്ചു സ്വയമേവ പണിതും പറഞ്ഞുകൊടുത്തു മറ്റുള്ള ആശാരിമാരെക്കൊണ്ടു പണിയിച്ചും കൂത്തമ്പലം തീർത്തു.
അമ്പലം പണിയെല്ലാം കുറ തീർന്നപ്പോൾ വഞ്ഞിപ്പുഴതമ്പുരാൻ മുതലായവർ ശ്രീപാർവതിയുടെ ഒരു ശിലാവിഗ്രഹം പെരുന്തച്ചൻ തന്നെ ഉണ്ടാക്കിക്കൊടുക്കണമെന്ന് ആവശ്യപ്പെട്ടു. ഉടനെ പെരുന്തച്ചൻ മതിൽക്കകത്തെല്ലാം ചുറ്റി നടന്നു, ആ സ്ഥലം ആകപ്പാടെ പരിശോധിച്ചതിന്റെ ശേഷം മതിൽക്കകത്തു വായു കോണിൽ ഒരു സ്ഥലം തൊട്ടു കാണിച്ചിട്ട് അവിടെ വെട്ടി കുഴിച്ചു മണ്ണുമാറ്റിക്കുവാൻ പറഞ്ഞു. തമ്പുരാന്റെ കല്പനപ്രകാരം അങ്ങനെ ചെയ്തപ്പോൾ മണ്ണീനടിയിൽ നിന്നും ആദിപരാശക്തിയുടെ ഒരു ശിലാവിഗ്രഹം യാതൊരു കേടുംകൂടാതെ കണ്ടുകിട്ടി. പെരുന്തച്ചൻ ആ വിഗ്രഹമെടുത്ത് അവിടെ കൊടുത്തിട്ടു പിന്നെയും അവിടെനിന്നു പോയി.
അടുത്തുണ്ടായിരുന്ന ശുഭമുഹൂർത്തത്തിൽ ദേവീപ്രതിഷ്ഠയും ദേവനും ദേവിയ്ക്കും യഥാവിധി കലശം ഉത്സവം മുതലായവയും നടത്തുകയും നിത്യദാനം, മാസവിശേഷം, ആട്ടവിശേഷം മുതലായവ നിശ്ചയിച്ചു അവയ്ക്കെല്ലാം പതിവുകളേർപ്പെടുത്തുകയും ചെയ്തു. ആണ്ടുതോറും ധനുമാസത്തിൽ കൊടി കയറി ഇരുപത്തെട്ടു ദിവസത്തെ ഉത്സവം വേണമെന്നാണ് നിശ്ചയിച്ചത്. അങ്ങനെ ഇപ്പൊഴും നടന്നു വരുന്നുണ്ട്. ആ മുറയ്ക്കു സാധാരണ ആറാട്ടു മകരമാസത്തിൽ തിരുവാതിര നാളാകും. എന്നാൽ ചില കൊല്ലം ധനുമാസത്തിൽ രണ്ടു തിരുവാതിര വന്നാൽ ആദ്യത്തെ തിരുവാതിര കൊടിയേറ്റും രണ്ടാമത്തെ തിരുവാതിര ആറാട്ടുമായിരിക്കും.
ഭഗവതിയെക്കുറിച്ചു ജനങ്ങൾക്കു ഭക്തിയും വിശ്വാസവും വർദ്ധിക്കുന്നതിന് ഒരു കാരണവും കൂടി ഉണ്ടായിത്തീർന്നു. ഒരു ദിവസം ശാന്തിക്കാരൻ കുളിച്ചു ചെന്നു ദേവിയുടെ നടതുറന്നു നിർമ്മാല്യം വാങ്ങിയ പ്പോൾ ഉടയാടയിൽ രജസ്സു കാണുകയാൽ സംശയിച്ചു നിർമ്മാല്യ ത്തോടു(പൂവ്, മാല മുതലായവയോടു)കൂടെ ഉടയാട പതിവുപോലെ പുറത്തിടുകയും സംശിയിക്കപ്പെട്ട സംഗതി സ്വകാര്യമായി കഴകക്കാരൻ വാര്യരോടു പറയുകയും ചെയ്തു. വാരിയർ ആ സംഗതി ദേവസ്വക്കാരെ അറിയിക്കുകയും അവരുടെ നിയോഗപ്രകാരം ആ ഉടയാട പൊതിഞ്ഞു കെട്ടി വഞ്ഞിപ്പുഴ മഠത്തിൽ കൊണ്ടുപോയി അകത്തു കൊടുപ്പിച്ചു വലിയതമ്പുരാട്ടിയെ കാണിക്കുകയും വലിയ തമ്പുരാട്ടി നോക്കി പരിശോധിച്ചു ദേവി ഋതുവായതു തന്നെയാണന്നു തീർച്ചപ്പെടുത്തുകയും എങ്കിലും താഴമൺ മഠത്തിൽ കൊണ്ടു പോയി അവിടുത്തെ വലിയ അന്തർജ്ജനത്തെക്കൂടെ കാണിച്ചേക്കണം എന്നു കല്പിച്ചു ഉടയാട മടക്കിക്കൊടുക്കുകയും ചെയ്തു. വാരിയർ ഉടയാട താഴമൺ മഠത്തിലും കൊണ്ടുപോയി ദാസികൾ മുഖാന്തിരം അകത്തു കൊടുത്തു കാണിച്ചു. അവിടുത്തെ വലിയ അന്തർജ്ജനവും നോക്കി വലിയ തമ്പുരാട്ടി കല്പിച്ചതു പോലെ തന്നെ തീർച്ചപ്പെടുത്തി പറഞ്ഞു. ഇങ്ങനെ സംഗതി തീർച്ചയായ തിന്റെ ശേഷം തന്ത്രിയായ താഴമൺ പോറ്റി അമ്പലത്തിൽ ചെന്നു പടിഞ്ഞാറെ ചുറ്റമ്പലത്തിന്റെ വടക്കെ മൂലയിൽ (വായു കോണിൽ) ഉള്ള ഒരു മുറി ദേവസ്വക്കാർ മുഖാന്തിരം കെട്ടി വിതാനിച്ചു അലങ്കരിപ്പിച്ചു ദേവിയെ ശ്രീ കോവിലനകത്തു നിന്നു എഴുന്നള്ളിച്ചു ആ മുറിയിലിരുത്തി ഉടനെ ശ്രീകോവിലടച്ചു പൂട്ടുകയും ചെയ്തു. പിന്നെ മൂന്നു ദിവസത്തേയ്ക്കു ദേവിയ്ക്കു പൂജ, ദീപാരാധന മുതലായവയെല്ലാം ദേവിയെ എഴുന്നുള്ളിച്ചിരുത്തിയ സ്ഥലത്തു വച്ചു തന്നെ നടത്തി. രാത്രിയിൽ ദേവിയ്ക്കു തുണയായി മൂന്നു ദിവസം പടിഞ്ഞാറെ ചുറ്റമ്പലത്തിൽ കിടക്കുന്നതിനു നാലു നായർ സ്ത്രീകളെ ഏർപ്പെടുത്തുകയും ചെയ്തു. ഇങ്ങനെ മൂന്നു ദിവസം കഴിഞ്ഞതിന്റെ ശേഷം നാലാം ദിവസം രാവിലെ ദേവിയെ തൃപ്പൂത്താറാട്ടിനായി(ഋതുസ്നാനതിനായിട്ട്) പിടിയാനപ്പുറത്തു കയറ്റി പമ്പാനദിയുടെ കൈവഴിയായ മിത്രപ്പുഴക്കടവ്' എന്ന സ്ഥലത്തേയ്ക്കു വാദ്യഘോഷങ്ങളോടുകൂടി എഴുന്നള്ളിച്ചു കൊണ്ടുപോയി. അന്തർജ്ജനങ്ങളുടെ ഋതുസ്നാനം പോലെ മണ്ണാത്തി മാറ്റു മുതലായ ഉപകരണങ്ങ ളോടും പരിചയപ്പെട്ട സ്ത്രീകളുടെ സാഹചര്യത്തോടും കൂടി ആറാടിച്ചു. തന്ത്രി, പരികർമ്മികൾ മുതലായവർ ചെന്നു സാധാരണമായി ആറാട്ടുകൾക്കുള്ള ചടങ്ങുകളോടു കൂടി പുണ്യാഹം, പൂജ മുതലായവയും കഴിച്ചു ദേവിയെ പിടിയാനപ്പുറത്തുതന്നെ വാദ്യഘോഷങ്ങളോടുകൂടി തിരികെ എഴുന്നള്ളിച്ചു മതിൽക്കകത്തെത്തിയപ്പോൾ പതിവുള്ള എതിരുത്ത (കാലത്തെയുള്ള) ശീവേലിയ്ക്ക് ദേവനെയും എഴുന്നള്ളിച്ചു. പിന്നെ രണ്ടു എഴുന്നള്ളത്തുകളും കൂടി മൂന്നു പ്രദിക്ഷണം കഴിഞ്ഞു ദേവനെ ദേവന്റെ ശ്രീകോവിലിലേയ്ക്കും ദേവിയെ ദേവിയുടെ ശ്രീകോവിലിലേയ്ക്കും എഴുന്നള്ളിച്ചു. അങ്ങിനെ ആ അടിയന്തിരം അവസാനിച്ചു.
അടുത്തമാസത്തിലും ദേവി ഋതുവായി. അപ്പോഴും ശാന്തിക്കാരൻ മുന്മാസത്തിലേതുപോലെ ഉടയാട നിർമ്മാല്യത്തോടെയെടുത്തു പുറത്തിടു കയും സംഗതി വാരിയരോടു സ്വകാര്യമായി പറയുകയും ചെയ്തു. വാരിയർ ഉടയാട വഞ്ഞിപ്പുഴമഠത്തിലെ വലിയ തമ്പുരാട്ടിയേയും താഴമൺ മഠത്തിലെ അന്തർ ́നത്തിനെയും കാണിച്ചു സംഗതി തീർച്ചപ്പെടുത്തു കയും വിവരം ദേവസ്വക്കാരെ അറിയിക്കുകയും തന്ത്രി മുതലായവർ കൂടി തൃപ്പൂത്താറാട്ടുവരെയുള്ള സകല കാര്യങ്ങളും യഥാപൂർവം ഭംഗിയായി നടത്തുകയും ചെയ്തു. അനന്തരം വഞ്ഞിപ്പുഴത്തമ്പുരാൻ മുതലായവർ യോഗം കൂടി ദേവി പിന്നെയും മാസം തോറും ഋതുവാകുമെന്നു തന്നെ തീർച്ചപ്പെടുത്തി. അതു സംബന്ധിച്ചു വേണ്ടുന്ന ചെലവിലേയ്ക്കായി മുതൽ വകവെച്ചു ദേവസ്വം വക പതിവു കണക്കിൽ ചേർത്തെഴുതിക്കുകയും ദേവിയുടെ പരിചയപ്പെട്ടവരായി ചില വീട്ടുകാരെ നിശ്ചയിക്കുകയും അവർക്കും ചില അനുഭവങ്ങൾ നിശ്ചയിക്കുകയും ചെയ്തു. ആ അടിയന്തിരം പിന്നെ മുറയ്ക്കു നടന്നു കൊണ്ടിരുന്നു.
അങ്ങിനെയിരുന്ന കാലത്തു പെരുന്തച്ചൻ പിന്നെയുമൊരുദിവസം ചെങ്ങന്നൂർ ചെന്നിരുന്നു. അപ്പോൾ പഞ്ചലോഹങ്ങൾ ചേർത്തു ഒരു ദേവീ വിഗ്രഹം വാർത്തുണ്ടാക്കി കൊണ്ടാണ് അദ്ദേഹം ചെന്നത്. ആ ബിംബം തന്ത്രിയായ താഴ്മൺ പോറ്റിയെ ഏല്പിച്ചു കൊടുത്തിട്ട് "ഇനിയും ഏതാനും ശതാബ്ദങ്ങൾ കഴിയുമ്പോൾ ഈ അമ്പലത്തിനു അഗ്നിബാധയുണ്ടാകും. അപ്പോൾ അമ്പലത്തോടുകൂടി ഇപ്പോഴത്തെ ഭഗവതീ പ്രതിഷ്ഠയും നഷ്ടപ്പെട്ടു പോകും. പിന്നീടു അമ്പലം പണി കഴിഞ്ഞു പ്രതിഷ്ഠിക്കുമ്പോൾ ഈ വിഗ്രഹം ഉപയോഗിക്കണം. അക്കാലം വരെ ഈ വിഗ്രഹം വടക്കു വശത്തോടുകൂടി ഒഴുകുന്ന നദിയുടെ കരയോടു ചേർന്നു കാണുന്ന പാറയുടെ സമീപത്തുള്ള കയത്തിലിട്ടേക്കണം. അക്കാലത്തുണ്ടായിരിന്നവർക്കു ഇതൊന്നുമറിഞ്ഞു കൂടായിരിക്കുമല്ലോ. അതിനാൽ അവരുടെ അറിവിനായി ഈ വിവരങ്ങളെല്ലാം ഒരു ഗ്രന്ഥത്തിലെഴുതി സൂക്ഷിച്ചു വയ്ക്കുകയും വേണം" എന്നു പറഞ്ഞിട്ടു പെരുന്തച്ചൻ പോവുകയും ആ താഴമൺ പോറ്റി അപ്രകാരമെല്ലാം ചെയ്യുകയും ചെയ്തു.
അനന്തരം ഏതാനും ശതാബ്ദങ്ങൾ കഴിഞ്ഞപ്പോൾ പെരുന്തച്ചൻ പറഞ്ഞതുപോലെ അമ്പലത്തിനു അഗ്നിബാധയുണ്ടായി. അപ്പോൾ ബിംബഹാനി വരരുതെന്നു കരുതി ജനങ്ങൾ കൂടി ആദ്യം ശിവന്റെ ശ്രീകോവിലിനകത്തു ചെളി കോരികൊണ്ടുവന്നിട്ടു നിറച്ചു. പിന്നെ ദേവിയുടെ ശ്രീകോവിലിനകത്തു കൂടെ അപ്രകാരം ചെയ്യുന്നതിനു ചെന്നപ്പോഴേയ്ക്കും തീജ്വാലകൊണ്ട് ആർക്കും അങ്ങോട്ട് അടുക്കാൻ വയ്യാതെയായിപ്പോയതിനാൽ അമ്പലം വെന്തു വെണ്ണീറായതിനോടു കൂടി ദേവിയുടെ വിഗ്രഹം പൊട്ടിത്തകർന്നുപോയി. അഗ്നിബാധയിൽപ്പെട്ട് അമ്പലവും, കൂത്തമ്പലവും ഗോപുരങ്ങളുമെല്ലാം നിശ്ശേഷം അഗ്നിക്കിര യായിതീർന്നു.
പിന്നെ വഞ്ഞിപ്പുഴതമ്പുരാൻ മുതലായയോഗക്കാരും മറ്റും കൂടിയാലോചിച്ചു അധികം താമസിയാതെ അമ്പലവും മറ്റും യഥാപൂർവ്വം പുത്തനായി പണികഴിപ്പിചു. കൂത്തമ്പലം പണിയുന്നതിനു അറിയാവുന്ന ആശാരിമാരില്ലാതെയിരുന്നതിനാൽ അതുമാത്രം പണിയിച്ചില്ല. കുക്കുടാണ്ഡാകൃതിയിലുള്ള അതിന്റെ തറ ഇപ്പൊഴും അവിടെ കാണ്മാനുണ്ട്. അമ്പലം പണികഴിഞ്ഞതിന്റെ ശേഷം ദേവീ വിഗ്രഹം ഉണ്ടാക്കാനുള്ള ആലോചനയായി ലക്ഷണപ്പിഴ കൂടാതെ ശാസ്ത്രപ്രകാരം ബിംബം പണിയാൻ പഠിപ്പും പരിചയവുമുള്ള ശില്പാചാരി എവിടെയുണ്ടന്നു അന്വേഷിച്ചുകൊണ്ടിരിക്കുന്ന കാലത്തു അന്നു താഴമൺ മഠത്തിൽമൂപ്പായിരുന്ന നീലകണ്ഠൻ പോറ്റി ഒരു ദിവസം അത്താഴം കഴിഞ്ഞു കിടന്നുറങ്ങിയപ്പോൾ അദ്ദേഹത്തിനു ഒരു സ്വപ്നമുണ്ടായി. അദ്ദേഹത്തിന്റെ അടുക്കൽ ആരോ ചെന്നു "ഗ്രന്ഥം നോക്കണം എന്നു പറഞ്ഞതായിട്ടായിരുന്നു സ്വപ്നം. ഉടനെ അദ്ദേഹം ഉണർന്നു നോക്കീട്ട് അവിടെ ആരെയും കണ്ടില്ല. "എന്തോ സാരമില്ല" എന്നു വിചാരിച്ചു അദ്ദേഹം പിന്നെയും കണ്ണടച്ചുറങ്ങിയപ്പോൾ വീണ്ടും മേൽപ്രകാരം സ്വപ്നമുണ്ടായി. അങ്ങിനെ അന്നു മുതൽ നാലഞ്ചു ദിവസം അടുപ്പിച്ചു രാത്രി തോറും നാലുമഞ്ചും പ്രാവശ്യം സ്വപ്നം കണ്ടു. അതിന്റെ സാരമെന്താണന്നു മനസ്സിലായില്ലങ്കിലും "ഗ്രന്ഥം നോക്കണം" എന്നു പറഞ്ഞതായിട്ടാണല്ലോ സ്വപ്നമുണ്ടായത്. ഏതെങ്കിലും ഗ്രന്ഥങ്ങളഴിച്ചു പരിശൊധിക്കുക തന്നെ എന്നു വിചാരിച്ചു അദ്ദേഹം അടുത്ത ദിവസം ഗ്രന്ഥപ്പെട്ടിതുറന്നു ഓരോ ഗ്രന്ഥങ്ങളഴിച്ചു പരിശോധിച്ചു തുടങ്ങി. അപ്പോൽ ഒരു ഗ്രന്ഥത്തിൽ "പെരുന്തച്ചൻ ഒരിക്കൽ ഇവിടെ വന്നിരുന്നു അദ്ദേഹം ഇനി ഏതാനും ശതബ്ദങ്ങൾ കഴിയുമ്പോൾ ഇവിടെ അമ്പലത്തിനു അഗ്നിബാധ ഉണ്ടാവുകയും അമ്പലത്തോടു കൂടി ദേവീവിഗ്രഹവും നഷ്ടപ്പെട്ടു പോവുകയും ചെയ്യും. അപ്പോൾ ആ വിഗ്രഹത്തിനു പകരം ഈ വിഗ്രഹം പ്രതിഷ്ഠിച്ചു കൊള്ളണം എന്നു പറഞ്ഞു പഞ്ചലോഹ നിർമിതമായ ഒരു ദേവീവിഗ്രഹം തന്നിട്ടാണു പോയത്. ആ വിഗ്രഹം ഇവിടെ വടക്കു വശത്തുള്ള പുഴവക്കത്തു കാണുന്ന പാറയുടെ സമീപ മുള്ള കയത്തിൽ നിക്ഷേപിച്ചിട്ടുണ്ട്. ആവശ്യപ്പെടുമ്പോൾ എടുത്തു കൊള്ളണം" എന്നു ഏഴുതിയിരിക്കുന്നതായി കണ്ടു. ആ വിവരം നീലകണ്ഠൻപോറ്റി വഞ്ഞിപ്പുഴ തമ്പുരാൻ മുതലായവരെ അറിയിച്ചു. ഉടനെ തമ്പുരാൻ അനേകമാളുകളെ അയച്ചു കയത്തിൽ മുങ്ങിതപ്പി നോക്കിച്ചു. ഒരു ഫലവുമുണ്ടായില്ല.
അങ്ങിനെയിരിക്കെ കരുനാഗപ്പള്ളിക്കാരായ ചില അരയന്മാർ വഞ്ചികളിൽ കയറി വല വീശി മത്സ്യം പിടിചു നടന്ന കൂട്ടത്തിൽ മേല്പറഞ്ഞ കയത്തിനു സമീപം വഞ്ചികളടുപ്പിച്ചു കരയ്ക്കിറങ്ങി കയത്തിൽ കുളിച്ചു. അപ്പോൾ അതിൽ ഒരുത്തന് കയത്തിന് എത്രമാത്രം ആഴമുണ്ടന്നു നോക്കണമെന്നു തോന്നി. അവൻ ആ കയത്തിൽ മുങ്ങി അടിയിൽ ച്ചെന്നപ്പോൾ ഘനമുള്ള എന്തോ ഒരു വസ്തു അവന്റെ കാലിൽ തടഞ്ഞു. അവൻ അതെടുത്തു കരയ്ക്കു കൊണ്ടുവന്നു. അതു ഒരു ദേവീവിഗ്രഹം തന്നെയായിരുന്നു. ഉടനെ ഈ വിവരം വഞ്ഞിപുഴതമ്പുരാൻ മുതലായവരറിഞ്ഞു. ചിലരെപ്പറഞ്ഞയച്ചു ആ അരയന്മാരെകൊണ്ടു തന്നെ ആ വിഗ്രഹമെടുപ്പിച്ചു പടിഞ്ഞാറെ ഗോപുരത്തിങ്കൽ വരുത്തി. അപ്പോൾ ആ അരയന്മാർ വിശപ്പുകൊണ്ട് ഏറ്റവും വലഞ്ഞിരുന്നു. എങ്കിലും അന്നു ശിവരാത്രി ആയിരുന്നതിനാൽ അവർക്കു കരിയ്ക്ക്, പഴം മുതലായവ ധാരാളമായി കൊടുത്തു സന്തോഷിപ്പിച്ചു അവരെ പറഞ്ഞയച്ചു.
പിന്നെ നവീകരണക്രിയാദികളോടുകൂടി ശുഭമുഹൂർത്തത്തിങ്കൽ ഭഗവതി യുടെ ബിംബപ്രതിഷ്ഠയും, കലശവും, ഉത്സവവും മറ്റും യഥാവിധി നടത്തുകയും ക്ഷേത്രകാരങ്ങളെല്ലാം യഥാപൂർവ്വം മുറയ്ക്കു നടന്നു തുടങ്ങുകയും ചെയ്തു. എങ്കിലും ആ നവീനപ്രതിഷ്ഠ കഴിഞ്ഞതിൽപ്പിന്നെ അവിടെ പരാശക്തിയുടെ ചൈതന്യം ലേശം പോലും ഇല്ലാതായിതീർന്നു. അവിടെ ഭജനത്തിനായും ദർശനത്തിനായും ആരും വരാതെയും വഴിപാടുകളൊന്നും ഇല്ലാതെയുമായി. ഇങ്ങിനെയൊക്കെ ആയിതീർന്നതു പ്രതിഷ്ഠ മുതലായവ നടത്തിയ തന്ത്രിക്കു തപശക്തിയും, മനഃശുദ്ധിയും മന്ത്രതന്ത്രാദികളിൽ പാണ്ഡിത്യവും പരിചയവുമില്ലാഞ്ഞിട്ടാണെന്നു പറഞ്ഞു ജനങ്ങൾ അദ്ദേഹത്തെ പരിഹസിപ്പാനും തുടങ്ങി. ക്രമേണ നീലകണ്ഠൻ പോറ്റിയ്ക്കു പരപരിഹാസവും തന്നിമിത്തമുള്ള മനസ്താപവും ദുസ്സഹമായിത്തീർന്നു അതിനാലദ്ദേഹം ഭക്തിപൂർവ്വം ദേവിയെ ഭജിക്കുകയും ചില ദിവ്യമന്ത്രങ്ങൾ കൊണ്ട് പതിവായി പുഷ്പാജ്ഞലികളും ചില ദിവ്യ മന്ത്രങ്ങൾ ജപിച്ചു നിവേദ്യങ്ങളിൽ ഉപസ്തരിക്കുകയും മറ്റും ചെയ്തു തുടങ്ങി. അങ്ങിനെ രണ്ടു മൂന്നു മാസം കഴിഞ്ഞപ്പോഴെയ്ക്കും അവിടെ ദേവിയുടെ സാന്നിദ്ധ്യവും ചൈതന്യവുമുണ്ടായിത്തുടങ്ങിയതായി ജനങ്ങൾക്കു തോന്നിത്തുടങ്ങി. അപ്പോഴേയ്ക്കും അവിടെ ഭജനത്തിനായും ദർശനത്തിനായും ജനങ്ങൾ കുറേശ്ശെ വന്നു തുടങ്ങി. വഴിപാടുകളുണ്ടായിത്തുടങ്ങി. ദേവി ചിലപ്പോൾ ഋതുവായിത്തുടങ്ങുകയും ചെയ്തു.
ഇങ്ങിനെ നീലകണ്ഠൻപോറ്റിയുടെ അതിനിഷ്ഠയോടു കൂടിയ ഭജനം ഒരു സംവത്സരമായപ്പോഴേയ്ക്കും അവിടെ ദേവിയുടെ ചൈതന്യം പണ്ടത്തേതിൽ പതിന്മടങ്ങു വർദ്ധിച്ചു. പിന്നെ അതു അവിടെ ഒരിക്കലും കുറഞ്ഞിട്ടില്ല. ഇപ്പോഴും അതവിടെ പ്രതിദിനമെന്നപോലെ വർദ്ധിച്ചു കൊണ്ടു തന്നെയിരിക്കുന്നു. പത്തു പതിനഞ്ചു ഭജനക്കാരെങ്കിലും ഒരിക്കലും ഇല്ലാതെ വരാറില്ല, ചിലപ്പോൾ നൂറും നൂറ്റമ്പതും പേരുണ്ടായിയെന്നു വരും. പ്രതിദിനം ദർശനത്തിനായി അസംഖ്യമാളുകൾ വരുന്നുണ്ട്. കണക്കില്ലാത്ത വഴിപാടികളുമുണ്ടാകുന്നുണ്ട്. ഇഷ്ട മംഗല്യവരദായിനിയായ ആ ദേവി സകല ജനങ്ങൾക്കും സകലാഭീഷ്ടങ്ങളും സാധിപ്പിച്ചു കൊടുക്കുന്നുമുണ്ട്. പ്രത്യേകിച്ചും വിവാഹം തടസം നേരിടുന്നവർക്ക് ഉത്തമവിവാഹം നടക്കുമത്രേ. അവിടെ ചെന്നു കണ്ടാൽ ദേവിയെകുറിച്ചുള്ള ഭക്തിയും വിശ്വാസവും പുരുഷന്മാരേക്കാളധികം സ്ത്രീകൾക്കാണെന്നു തോന്നും. ദേവി ഋതുവായിരിക്കുന്ന കാലങ്ങളിൽ അവിടെ ചെന്നു ദർശനം കഴിക്കുന്നതു സന്തതിക്കും സമ്പത്തിനും സഭൗാഗ്യത്തിനും നെടുമാംഗല്യത്തിനും വളരെ നല്ലതാണെന്നുള്ള പ്രസിദ്ധി നിമിത്തം അക്കാലങ്ങളിൽ അവിടെ ദർശനത്തിനായി വരുന്ന സ്ത്രീകൾക്കു കണക്കില്ല. മലയാളമാസത്തിലെ ഉത്രം നാളിൽ "ഉത്രം തൊഴീൽ" ഇവിടെ വിശേഷമാണ്. അന്ന് ദേവിക്ക് നവകാഭിഷേകവും പതിവുണ്ട്. അപ്രകാരം തന്നെ തൃപ്പൂത്താറാട്ടു സംബന്ധിച്ചുള്ള എഴുന്നള്ളത്തിന്റെ മുൻപിൽ താലപ്പൊലി എടുക്കുന്നതിനും അസംഖ്യം ആളുകൾ അവിടെ വന്നു കൂടുന്നുണ്ട്. ദേവിയുടെ തൃപ്പൂത്താറാട്ട് സംബന്ധിച്ചുള്ള എഴുന്നള്ളത്തു കാണുന്നതിനു സ്വർഗ്ഗലോകത്തിലെ ദേവന്മാരോടുകൂടി ദേവസ്ത്രീകളും ആകാശത്തിങ്കൽ വന്നു നിൽക്കുമെന്നാണല്ലോ പ്രസിദ്ധി.
ദേവിയെക്കുറിച്ചുള്ള പ്രസിദ്ധി ലോകത്തിൽ സർവ്വത്ര വ്യാപിക്കുകയും തങ്ങൾ എടുത്തു കൊടുത്ത വിഗ്രഹമാണു അവിടെ പ്രതിഷഠിക്കപ്പെട്ടതെന്നു അറിയുകയും ചെയ്തപ്പോൾ കരുനാഗപ്പള്ളിക്കാരായ അരയന്മാർക്കും ഭഗവതിയെക്കുറിച്ചു ക്രമത്തിലധികമായ ഭക്തിയും പ്രതിപത്തിയുമുണ്ടായിത്തീരുകയും അവർ ശിവരാത്രി തോറും മഹാദേവിയെ വന്ദിക്കുന്നതിനായി ചെങ്ങനൂർ പടിഞ്ഞാറെ നടയ്കൽ പോയി തുടങ്ങുകയും, അവരവിടെ ചെന്നാൽ ദേവസ്വക്കാർ അവർക്ക് കരിക്കും, പഴവും കൊടുത്തു തുടങ്ങുകയും ചെയ്തു. കാലക്രമേണ അതൊരു പതിവായിത്തീർന്നു. ആ മുക്കുവന്മാരുടെ വംശക്കാർ ഇപ്പോഴും ശിവരാത്രി തോറുമവിടെ വരികയും ദേവസ്വത്തിൽ നിന്നുഅവർക്കു കരിക്കും പഴവും കൊടുക്കുകയും ചെയ്തു വരുന്നുണ്ട്.
സ്വയംവരാനന്തരം പാർവതീ പരമേശ്വരന്മാരും ബ്രഹ്മാദി ദേവന്മാരും മറ്റും കൂടി ശോണാദ്രിയിൽ ചെന്നുവെന്നും അപ്പോൾ ദേവി ഋതുവായിയെന്നും അവിടെ വച്ചു ഋതുശാന്തി കല്യാണം നടത്തിയെന്നും മുൻപു പറഞ്ഞിട്ടുണ്ട്. അന്നു ആ ഋതുശാന്തി സംബന്ധിച്ചു ഹോമം കഴിച്ച സ്ഥലം കാലക്രമേണ ഒരു തടാകമായിത്തീർന്നു. ആ തടാകമാണു ചെങ്ങന്നൂർ വടക്കെക്കുളമായിപ്പരിണമിച്ചത്. ആ കുളത്തിനു ഇപ്പോഴും പറഞ്ഞു വരുന്ന പേരു ശക്തികുണ്ഡതീർത്ഥം എന്നാണ്. ആ കുളം സ്വച്ഛമാക്കുന്നതിനായി അടുത്തകാലത്തു വെള്ളം തേകി വറ്റിച്ചു ചേറെടുത്തു മാറ്റിയപ്പോൾ അടിയ്ക്കു മദ്ധ്യഭാഗത്തായി ഒരു ഹോമകുണ്ഡം കാണുകയുണ്ടായി. ഇങ്ങനെ മേല്പറഞ്ഞ സംഗതികളുടെ യാഥാർത്ഥ്യത്തെ തെളിയിക്കുന്ന അനേകം ദൃഷ്ടാന്തങ്ങൾ ഉണ്ടായിട്ടുണ്ട്. ഇപ്പോഴും ഉണ്ടായിക്കൊണ്ടുമിരിക്കുന്നുണ്ട്. അവയെല്ലാം യഥാക്രമം വിവരിക്കുന്നതായാൽ ലേഖനം സാമാന്യത്തിലധികം ദീർഘിച്ചു പോകും.
പറവൂർവരെയുള്ള വടക്കൻ പ്രദേശങ്ങളും അവയിലുള്ള അനേകം ക്ഷേത്രങ്ങളും തിരുവതാംകൂറിൽ ചേർത്തതിന്റെ ശേഷം ദേവസ്വങ്ങളിലെ പതിവു കണക്കുകൾ പരിഷ്കരിച്ചു മാറിയെഴുതി ശരിപ്പെടുത്തിയതു ബ്രിട്ടിഷ് റസിഡണ്ടും തിരുവതാംകൂർ ദിവാനുമായിരുന്ന മൺട്രാ സായ്പായിരുന്നല്ലോ. ചെങ്ങന്നൂർ ദേവസ്വം വക പതിവുകണക്കു പരിഷ്കരിചപ്പോൾ ദേവി ഋതുവായാൽ തൃപ്പൂത്താറട്ടുവരെയുള്ള ചെലവുകളുടെ പതിവ് അദ്ദേഹം തള്ളിക്കളഞ്ഞു. ദേവി ഋതുവാകുമെന്നുള്ളതിൽ അദ്ദേഹത്തിനു ലേശവും വിശ്വാസമുണ്ടായില്ല. അതു ചില ജനങ്ങൾ വെറുതെ പറഞ്ഞുണ്ടാക്കിയതാണന്നായിരുന്നു അദ്ദേഹത്തിന്റെ വിചാരം. എങ്കിലും ആ പതിവു കണക്കു വെട്ടിക്കുറച്ചപ്പോൾ സായ്പിന്റെ ഭാര്യയായ മദാമ്മയ്ക്കു രക്തസ്രാവമാരംഭിച്ചു. അതിനു പല ചികിത്സകൾ ചെയ്തിട്ടും യാതൊരു ഫലവുമുണ്ടായില്ല. അതിനാൽ സായ്പിന്റെ ഇഷ്ടനും കണക്കെഴുത്തുകാരനുമായിരുന്ന ഒരു നായർ സായ്പിന്റെ അറിവും സമ്മതവും കൂടാതെ ഒരു നല്ല പ്രശ്നക്കാരനെ കൊണ്ടു മദാമ്മയുടെ രോഗത്തിനു കാരണമെന്താണന്നും അതിന്റെ പ്രതിവിധി എന്താണന്നും പ്രശ്നം വയ്പിചു നോക്കി. അപ്പോൾ പ്രശ്നക്കാരൻ രോഗകാരണം ചെങ്ങന്നൂർ ഭഗവതിയുടെ വിരോധമാണന്നും അവിടുത്തെ പതിവു കണക്കു പൂർവ്വസ്ഥിതിയിൽ ആക്കിയാൽ രോഗം ഭേദമാകുമെന്നും വിധിച്ചു. സായ്പിന്റെ ഇഷ്ടനായ നായർ, ആ സംഗതി ഗൂടന്മമായി സായ്പിനെ ഗ്രഹിപ്പിചു. ഇതു കേട്ടിട്ട് സായ്പ് "എന്നാൽ മദാമ്മയുടെ സുഖക്കേട് ഉടനെ ഭേദമാകട്ടെ. ആ ദേവസ്വത്തിലെ പതിവു കണക്കു പൂർവസ്ഥിതിയിൽ ആക്കിയേക്കാം. എന്നു മാത്രമല്ല ആണ്ടു തോറും ദേവി ആദ്യം ഋതുവാകുമ്പോളതു സംബന്ധിച്ചുള്ള ചെലവുകൾ പലിശകൊണ്ടു കഴിയാൻ തക്കവണ്ണമുള്ള സംഖ്യ ഞാൻ എന്റെ കൈയിൽ നിന്നു ആ ദേവസ്വത്തിൽ ഏല്പിക്കുകയും ചെയ്തേക്കാം എന്നു പറയുകയും ഉടനെ ഒരു സംഖ്യ എടുത്തു പ്രത്യേകം കെട്ടിവയ്ക്കുകയും ചെയ്തു. അനന്തരം നാലഞ്ചു ദിവസം കഴിഞ്ഞപ്പോൾ മദാമ്മയുടെ ദീനം നിശ്ശേഷം ഭേദമായി. അവർ പൂർവസ്ഥിതിയെ പ്രാപിചു. അപ്പോൾ സായ്പ് "ചെങ്ങന്നൂർ ഭഗവതിയുടെ മാഹാത്മ്യം അത്ഭുതാവഹം തന്നെ" എന്നു പറയുകയും ഉടനെ ചെങ്ങനൂർ ചെന്നു ദേവസ്വത്തിലെ പതിവു കണക്കു പൂർവ്വസ്ഥിതി യിലാക്കുകയും താൻ നിശ്ചയിച്ചു കെട്ടിവച്ച സംഖ്യ ദേവസ്വത്തിലേല്പിക്കുകയും ചെയ്തു.
കൊല്ലം 1055-ആമാണ്ടു നാടു നീങ്ങിയ ആയില്യം തിരുനാൾ മഹാരാജാവ് തിരുമനസ്സിലേക്കാലത്തു സൂര്യനാരായണയ്യൻ എന്നു പേരായ ഒരു പരദേശബ്രാഹ്മണൻ സ്വല്പശമ്പളമായ ഒരു സർക്കാരുദ്യോഗത്തോടുകൂടി തിരുവനന്തപുരത്തു താമസിച്ചിരുന്നു. അദ്ദേഹത്തിന്റെ പേരിൽ തിരുമനസ്സിലേയ്ക്ക് എന്തോ തിരുവുള്ളക്കേട്(വിരോധം) ഉണ്ടായിത്തീരുകയാൽ അദ്ദേഹത്തെപ്പിടിച്ചു തോവാളകോട്ട (തിരുവതാംകൂറിന്റെ അതിർത്തി) കടത്തിവിടാൻ കല്പ്നയുണ്ടാവുകയും അപ്രകാരം ചെയ്യുകയും ചെയ്തു. അദ്ദേഹം ആരുമറിയാതെ ഉപായത്തിൽ മടങ്ങി വന്നു തിരുവല്ലായിലെത്തി 'വിദ്വാൻ ഭട്ടതിരി' എന്നു പ്രസിദ്ധനായിരുന്ന കുഴിക്കാട്ട് അച്ഛൻ ഭട്ടതിരിയുടെ അടുക്കൽ നിന്നു ചില ദിവ്യമന്ത്രാപദേശങ്ങളും വാങ്ങികൊണ്ടു ചെങ്ങനൂർ ചെന്നു ദേവീസന്നിധിയിൽ ഭജനം തുടങ്ങുകയും ഒരു പുഷ്പാജ്ഞലി തുടങ്ങിക്കുകയും ചെയ്തു. പുഷ്പാജ്ഞലിക്കുള്ള മന്ത്രം ആ ബ്രാഹ്മണൻ സോപനത്തിങ്കൽ നിന്നു ചൊല്ലിക്കൊടുക്കുകയും ശാന്തിക്കാരൻ അതുകേട്ടു ചൊല്ലി പുഷ്പാജ്ഞലി ചെയ്യുകയുമായിരുന്നു. അങ്ങിനെ നാല്പത്തൊന്നു ദിവസം കഴിഞ്ഞപ്പോൾ മഹാരാജാവിന്റെ തിരുമനസ്സിൽ സൂര്യനാരായണനെ വരുത്തി ഉദ്യോഗം കൊടുക്കണമെന്നു തോന്നിത്തുടങ്ങി. ഉടനെ അദ്ദേഹത്തെ എവിടെ നിന്നെങ്കിലും അന്വേഷിച്ചു കണ്ടുപിടിച്ചു കൊണ്ടു വരണമെന്നു കല്പ്നയാവുകയും, കല്പനപ്രകാരം പല സ്ഥലങ്ങളിലുമെഴുതിയയച്ചും ആളുകളെ അയച്ചും മുറയ്ക്കു അന്വേഷണം തുടങ്ങുകയും ചെയ്തു. ഭജനം തൊണ്ണൂറു ദിവസമായപ്പോഴെയ്ക്കും ചിലർ ചെങ്ങന്നൂർ എത്തി അദ്ദേഹത്തെ കണ്ടു പിടിക്കുകയും ഉടനെ തിരുവന്തപുരത്തു കൊണ്ടുപോയി ഹാജരാക്കുകയും ഉടനെ കല്പനപ്രകാരം അദ്ദേഹത്തെ കാർത്തികപ്പള്ളി താലൂക്കിൽ തഹശീൽ മജിസ്ത്രട്ടായി നിയമിക്കുകയും ചെയ്തു. പിന്നെ അദ്ദേഹം പല താലൂക്കുകളിൽ തഹശീൽ മജിസ്ത്രട്ടായും ഒടുക്കം കണ്ടെഴുത്തു പേഷ്ക്കാരായും വളരെക്കാലം ഇരുന്നതിന്റെ ശേഷമാണ് മരിച്ചത്. മരിക്കുന്നതുവരെ അദ്ദേഹത്തിനു ഉദ്യോഗമുണ്ടായിരുന്നു. അദ്ദേഹം ഉദ്യോഗത്തിലിരുന്ന കാലത്തും ആണ്ടു തോറും മൂന്നു പ്രാവശ്യത്തിൽ കുറയാതെ ചെങ്ങന്നൂർ ചെന്നു ദർശനം കഴിക്കുകയും പുഷ്പാജ്ഞലി നടത്തിക്കുകയും ചെയ്തിരുന്നു. അദ്ദേഹം ചിലപ്പോൾ നൂറും ഇരുനൂറും പറ പൂ കൊണ്ടു പുഷ്പാജ്ഞലി കഴിപ്പിച്ചിരുന്നു. ആ സൂര്യനാരായണയ്യന്റെ ഭജനകാലം മുതൽക്കാണു ചെങ്ങനൂർ ഭഗവതിയ്ക്കു പുഷ്പാജ്ഞലി ഒരു പ്രത്യേക വഴിപാടായി ത്തീർന്നത്. ഇപ്പോൾ ജനങ്ങൾ ഓരോ കാര്യങ്ങൾ സാധിക്കുന്നതിനായി അവിടെ യഥാശക്തി രണ്ടണ മുതൽ രണ്ടായിരം പണം വരെ ചെലവു ചെയ്തു പുഷ്പാജ്ഞലി നടത്തിക്കുന്നുണ്ട്. അവിടെ ഇപ്പോൾ ഒരു ദിവസം പത്തുപന്ത്രണ്ട് പേരുടെ പേർക്കെങ്കിലും പുഷ്പാജ്ഞലിയുണ്ടാകാതെയിരിക്കാറില്ല. ചിലപ്പോൾ നൂറും നൂറ്റമ്പതും അതിലധികവും പേരുടെ പേർക്കും ഉണ്ടാകാറുണ്ട്.
എം.സി നാരായണപിള്ള എന്നൊരാൾ ചെങ്ങന്നൂർ തഹശീൽദാരായിരുന്ന കാലത്തു അക്കൊല്ലത്തെ ഉത്സവം പതിവിലധികം കേമമാക്കണമെന്നു വിചാരിച്ചു അതിനു തക്കവണ്ണം വേണ്ടുന്ന ഏർപ്പടുകളെല്ലാം ചെയ്തു ഉത്സവം കെങ്കേമമായി നടത്തിത്തുടങ്ങി. 26-ാമുത്സവമായപ്പോൾ ദേവി ഋതുവായിരിക്കുന്നു എന്നുള്ള അടയാളം ഉടയാടയിൽ കാണുകയും ആ വിവരം വാരിയർ ദേവസ്വക്കാരെ അറിയിക്കുകയും ചെയ്തു. ദേവി ഋതുവായാൽ പിന്നെ അവിടെ ആഘോഷങ്ങളൊന്നും പതിവില്ലാത്തതിനാൽ ഇതറിഞ്ഞപ്പോൾ തഹശീൽദാർക്കു വളരെ കുണ്ഠിതമുണ്ടായി. അദ്ദേഹം വാരിയരെ വിളിച്ചു ദേഷ്യപ്പെടുകയും ശകാരിക്കുകയും ഒന്നുമില്ലാതെയാക്കി തീർക്കുന്നതിനു സ്വകാര്യമായി തന്ത്രിയെ ചട്ടം കെട്ടുകയും ചെയ്തു. വാരിയർ ഉടയാട താഴമൺ മഠത്തിൽ കൊണ്ടു ചെന്നപ്പോൾ അകത്തു കാണിക്കാതെ തന്ത്രി വാങ്ങി നോക്കി ഒന്നുമില്ല എന്നു പറഞ്ഞു മടക്കിക്കൊടുത്തയച്ചു. ദേവി ഋതുവായാൽ പതിവുള്ളതു പോലെയൊന്നും ചെയ്യാതെ ഉത്സവം തഹശീൽദാർ വിചാരിച്ചതുപോലെ കേമമായി നടത്തി. എങ്കിലും ഉത്സവം മുഴുവനാകുന്നതിനു മുൻപു തന്നെ തന്ത്രിയുടെ അന്തർജ്ജനത്തിനും തഹശീൽദാരുടെ ഭാര്യയ്ക്കും രക്തസ്രാവം ആരംഭിച്ചു. ഉത്സവം കഴിഞ്ഞപ്പോഴേയ്ക്കും അതു രണ്ടു പേർക്കും കലശലായി. പിന്നെ പ്രശ്നവിധിപ്രകാരം തന്ത്രിയും തഹശീൽദാരും ദേവിയുടെ നടയിൽ പ്രായച്ഛിത്തം ചെയ്യുകയും പുഷ്പാജ്ഞലി മുതലായി അനേകം വഴിപാടുകളും ദേവി ഋതുവായപ്പോൾ ചെയ്യേണ്ടതൊന്നും ചെയ്യതെയിരുന്നതിനു ചില പ്രതിവിധികളും നടത്തുകയും ചെയ്തപ്പോൾ രണ്ടു പേർക്കും സുഖമാവുകയും ചെയ്തു.
കുംഭകോണത്തുകാരനും വലിയ ധനവാനുമായ ഒരു രായരുടെ ഭാര്യയ്ക്കു ഒരിക്കൽ ഒരു ബാധോപദ്രവമുണ്ടായി. ആ ദേവതാഗോഷ്ഠി കണ്ടാൽ വലിയ മുഴുഭ്രാന്താണന്നു തന്നെ തോന്നുമായിരുന്നു. അതിനു പല വിധത്തിലുള്ള ചികിത്സകളും മന്ത്രവാദങ്ങളുമൊക്കെ ചെയ്തിട്ടും യാതൊരു ഭേദവും കണ്ടില്ല. അപ്പോൾ സേതുസ്നാനം ചെയ്യിച്ചാൽ ഇതു ഭേദമാകുമെന്ന് ആരോ പറയുകയാൽ രായർ ഭാര്യയേയും കൊണ്ട് രാമേശ്വരത്തേക്കു പുറപ്പെട്ടു. മധുരയിൽ വച്ചു യജ്ഞവേദശാസ്ത്രികൾ എന്നൊരു വിദ്വാനെ കാണുകയും അദ്ദേഹം ഇതിന് സേതുസ്നാനമല്ല വേണ്ടത്, ചെങ്ങന്നൂർ ഭഗവതിയുടെ സന്നിധിയിൽ ഒരു മണ്ഡലം ഭജിക്കുകയും പുഷ്പാജ്ഞലി ചെയ്യുകയുമാണു യുക്തമായിട്ടുള്ളത്. അതു രണ്ടും ചെയ്താൽ ഈ ഉപദ്രവം മാറും പിന്നെ വേണമെങ്കിൽ സേതുസ്നാനവും കഴിയ്ക്കാം" എന്നു പറയുകയാൽ രായർ ഭാര്യയോടുകൂടി ചെങ്ങന്നൂർ എത്തി ഭജനവും പുഷ്പാജ്ഞലിയും തുടങ്ങിച്ചു. നാല്പതാംദിവസം ആ രായർസ്ത്രീയിലാവേശിച്ചിരുന്ന ബാധ തുള്ളി അവർ അണിഞ്ഞിരുന്ന അമൂല്യങ്ങളായ ആഭരണമെല്ലാം അഴിച്ചു ദേവിയുടെ നടയിൽ വച്ചിട്ട് സത്യം ചെയ്തു ബാധ ഒഴിഞ്ഞുപോയി. രായർ സന്തോഷിച്ചു പിന്നെയും പല വഴിപാടുകളും കഴിയ്ക്കുകയും വിലയേറിയാരു പട്ടും ഏതാനും പണവും കൂടി ഭഗവതിയുടെ നടയിൽ വെച്ചു വന്ദിക്കുകയും ചെയ്തിട്ട് അടുത്ത ദിവസം തന്നെ ഭാര്യയോടുകൂടി മടങ്ങിപ്പോയി. ഇതു ഏകദേശം പതിനൊന്നു കൊല്ലം മുൻപുണ്ടായ സംഗതിയാണ്.
ഇങ്ങിനെ അവിടെ ഭജനമിരുന്നിട്ട് അടുത്ത കാലത്തു തന്നെ അനേകം പേരുടെ ബാധകൾ സത്യം ചെയ്തു ഒഴിഞ്ഞുപോയിട്ടുണ്ട്. അവയെല്ലാം പ്രത്യേകം വിവരിക്കുവാൻ ഇപ്പോൾ നിവൃത്തിയില്ല. ആ പടിഞ്ഞാറെ നടയിലെ സത്യത്തിന്റെ സ്വഭാവം കൂടി ചുരുക്കത്തിൽ പറഞ്ഞിട്ട് ഈ ഉപന്യാസം അവസാനിപ്പിക്കണമെന്നെ വിചാരിക്കുന്നുള്ളൂ.
കോർട്ടു വിധിപ്രകാരവും മറ്റും സത്യം ചെയ്യുന്നതിനായി അവിടെ ചെന്നാൽ പടിഞ്ഞറേ ഗോപുരത്തിന്റെ അകത്തുവശത്തു വലതുഭാഗത്തുള്ള കട്ടിളക്കാലിലോട് ഒട്ടടുത്ത് തറയ്ക്ക് അല്പം താഴത്തുമായിട്ടുള്ള ദ്വാരത്തിൽ കൈവിരലിട്ടുകൊണ്ട് ഗോപുരപ്പടിയിന്മേൽ നിന്നു കൊണ്ടാണു സത്യം ചെയുക പതിവ്. കള്ളസത്യമാണങ്കിൽ ദ്വാരത്തിലിടുന്ന കൈവിരലിന്മേൽ ഒരു സർപ്പം ദംശിക്കുകയും സത്യം ചെയ്യുന്ന ആൾ ഗോപുരത്തിനു പുറത്തേയ്ക്കു മലർന്നു വീഴുകയും മരിയ്ക്കുകയും ഉടനെ കഴിയും. ഈ ഏർപ്പാടിന്റെ ഭയങ്കരത്വം നിമിത്തം വളരെക്കാലമായിട്ട് ഇവിടെ സത്യം ചെയ്യാൻ ആരും സന്നദ്ധരാകാറില്ല. ചെങ്ങന്നൂർ പടിഞ്ഞാറെ നടയിലെ സത്യം എന്നു കേൾക്കുന്നതു തന്നെ ജനങ്ങൾക്കു ഭയമാണ്. പിന്നെ അതിനു ആരെങ്കിലും പുറപ്പെടുമോ? ഇങ്ങനെ ഈ ദേവിയുടെ മാഹാത്മ്യത്തെക്കുറിച്ചു ഇനിയും വളരെ പറയാനുണ്ട്. എങ്കിലും ഇപ്പോൾ ഇങ്ങനെ നിറുത്തുന്നു...
No comments:
Post a Comment