ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

4 June 2018

കേരളീയ ക്ഷേത്ര മാതൃകയും അവ ഉൾക്കൊള്ളുന്ന ചൈതന്യവും

കേരളീയ ക്ഷേത്ര മാതൃകയും അവ  ഉൾക്കൊള്ളുന്ന ചൈതന്യവും


നമ്മളിൽ പലരും പല അവസരങ്ങളിലും ഒരുപക്ഷേ ദിവസവും ക്ഷേത്രദർശനം നടത്തുന്നവരാണ്. ക്ഷേത്ര ദർശന വേളയിൽ ഒരു മഹാക്ഷേത്രത്തിൽ നാം കാണുന്ന പലകാര്യങ്ങളും നമ്മൾക്ക് ഇന്നും അജ്ഞാതമാണ്. ഇവയെക്കുറിച്ച് നമുക്ക് അറിയില്ല എന്നുമാത്രമല്ല അറിയാൻ ശ്രമിച്ചിട്ടുമില്ല എന്നതാണ് സത്യം... എന്നാൽ ഇന്ന് നമുക്ക് അവയെക്കുറിച്ച് കുറച്ചെങ്കിലും ഒന്ന് അറിയാൻ ശ്രമിക്കാം...

ആദ്യം നമുക്ക് ക്ഷേത്രത്തിൻറെ ബാഹ്യമായ രൂപം എന്താണെന്ന് നോക്കാം...

കേരളീയ മഹാക്ഷേത്രങ്ങള്‍ പഞ്ച പ്രാകാരങ്ങളോടു കൂടിയവയായിരിക്കും. ശ്രീകോവിലിനു പുറത്തായി അകത്തെ ബലിവട്ടം, അന്തഹാര അഥവാ ചുറ്റമ്പലം അഥവാ നാലമ്പലം. മധ്യഹാര അഥവാ വിളക്കുമാടം, പുറത്തെ ബലിവട്ടം, മര്യാദ അഥവാ പുറംമതില്‍ എന്നിവയാണ് പഞ്ചപ്രാകാരങ്ങള്‍.

മഹാക്ഷേത്രങ്ങള്‍ക്കാണ് ഇതുപോലെ പഞ്ചപ്രാകാരങ്ങള്‍ കാണപ്പെടുക. ശ്രീകോവില്‍, അതിനുചുറ്റുമായുള്ള പഞ്ചപ്രകാരങ്ങളുടെ ഘടകങ്ങളായ ക്ഷേത്രഭാഗങ്ങള്‍ എന്നിവയെക്കുറിച്ച് ഇനി പറയാം. 

ക്ഷേത്രത്തിലെ ഏറ്റവും പ്രധാനവും പവിത്രവുമായ ഭാഗം ശ്രീകോവിലും അതിനുള്ളിലുള്ള ഗര്‍ഭഗൃഹവും തന്നെ. സമചതുരം, ദീര്‍ഘചതുരം, വൃത്തം, അണ്ഡവൃത്തം, ഗജപൃഷ്ഠം തുടങ്ങിയ ആകൃതികളിലുള്ള ശ്രീകോവിലുകളാണ് കേരളത്തിലുള്ളത്. ഉയരമുള്ള ഒരു അധിഷ്ഠാനത്തിലായിരിക്കും ശ്രീകോവിലിന്റെ നിര്‍മ്മിതി. ചില ക്ഷേത്രങ്ങളില്‍ അധിഷ്ഠാനത്തിനു താഴെ ഉപപീഠം എന്ന ഭാഗവുമുണ്ടായിരിക്കും. അന്തര്‍മണ്ഡലത്തില്‍നിന്നും ശ്രീകോവിലിലേക്കു കയറാനുള്ള പടിക്കെട്ടാണ് സോപാനം. നേരിട്ട് ശ്രീകോവിലില്‍ കയറാവുന്ന വിധത്തിലും ശ്രീകോവിലിന്റെ മുമ്പില്‍ ഇരു പാര്‍ശ്വങ്ങളില്‍നിന്നും കയറാവുന്ന വിധത്തിലും സോപാനം കാണപ്പെടുന്നു. അഭിഷേകജലം ഒഴുകിപ്പോകാനുള്ള ഓവ് ശ്രീകോവിലിന്റെ മറ്റൊരു പ്രധാന ഭാഗമാണ്. ശ്രീകോവില്‍ ചുവര്‍ ദാരുശില്പങ്ങള്‍കൊണ്ടോ ചുവര്‍ചിത്രങ്ങളാലോ അലങ്കരിക്കുന്നതിന് കേരളീയക്ഷേത്രകല അതീവപ്രാധാന്യം കല്പിച്ചിരുന്നു.  വിടര്‍ന്ന താമര, കലശം, തണ്ട്, മൊട്ട് എന്നിവയുടെ സമന്വയമായ താഴികക്കുടങ്ങളാണ് ശ്രീകോവിലിന്റെ ഏറ്റവും ഉയര്‍ന്ന ഭാഗം. 

അന്തര്‍ മണ്ഡപത്തില്‍ ശ്രീകോവിലിനു ചുറ്റുമായി അഷ്ടദിക്പാലകര്‍, ഊര്‍ദ്ധ്വദിക്കിന്റെ അധിപനായ ബ്രഹ്മാവ്, അധോദിക്കിന്റെ അധിപനായ അനന്തന്‍, സപ്തമാതൃക്കള്‍, ശാസ്താവ്, ദുര്‍ഗ്ഗ, സുബ്രഹ്മണ്യന്‍, കുബേരന്‍, നിര്‍മ്മാല്യധാരി എന്നിവര്‍ക്ക് ബലിപീഠങ്ങളുണ്ടാവും. ഗണപതിയുടെയും വീരഭദ്രന്റെയും ബലിപീഠങ്ങള്‍ സപ്തമാതൃക്കളോടൊപ്പമാണ് നിര്‍മ്മിച്ചു പ്രതിഷ്ഠിക്കുക. ശ്രീകോവിലിനു മുന്നില്‍ അതില്‍നിന്നും വേര്‍പ്പെട്ട് നമസ്‌കാര മണ്ഡപം സ്ഥിതിചെയ്യുന്നു. പുരോഹിതന്മാര്‍ക്കും ബ്രാഹ്മണര്‍ക്കും നമസ്‌കാരത്തിനും മന്ത്രജപത്തിനും ഉത്സവത്തോടനുബന്ധിച്ചുള്ള കലശങ്ങള്‍ക്കും മറ്റുമായാണ് ഈ മണ്ഡപം . ഇവയുടെ മച്ചില്‍ അഷ്ടദിക്പാലകരുടെയും നവഗ്രഹങ്ങളുടെയോ ശില്പങ്ങള്‍ ആലേഖനം ചെയ്യാറുണ്ട്. അന്തര്‍ മണ്ഡപത്തിലെ പ്രദക്ഷിണപഥത്തിനു പുറത്താണ് നാലമ്പലം അഥവാ ചുറ്റമ്പലം സ്ഥിതിചെയ്യുന്നത്. തിടപ്പള്ളി,  കലവറ എന്നിവ ഇതിന്റെ ഭാഗങ്ങാണ്. കൂത്ത്, പാഠകം തുടങ്ങിയ ക്ഷേത്രകലകള്‍ അവതരിപ്പിക്കുന്നതിനുള്ള മണ്ഡപങ്ങള്‍ ചുറ്റമ്പലത്തിന്റെ ഭാഗമായി പ്രവേശനദ്വാരത്തിന് ഇരുവശവും സജ്ജീകരിച്ചിരിക്കും. പുറത്തെ ബലിവട്ടത്തിന്റെ ഭാഗങ്ങളാണ് വലിയബലിക്കല്‍പ്പുര, ധ്വജസ്തംഭം, പുറത്തെ പ്രദക്ഷിണവീഥി, ക്ഷേത്രപാലകന്‍, കൂത്തമ്പലം, ഉപദേവതകള്‍ തുടങ്ങിയവ.  വലിയ ബലിക്കല്ലും പുറത്തെ ബലിവട്ടവും ദേവന്റെ അരക്കെട്ടായി കരുതിവരുന്നു. ബലിക്കല്‍പ്പുരയ്ക്കും ആനക്കൊട്ടിലിനുമിടയ്ക്കാണ് കൊടിമരം സ്ഥിതിചെയ്യുന്നത്. ഇത് ദേവന്റെ സൂക്ഷ്മശരീരത്തിലെ കുണ്ഡലിനീശക്തിയുടെ പ്രതീകമാണ്. ധ്വജത്തിന്റെ ആധാരശില മൂലാധാരത്തെയും അഗ്രം സഹസ്രാരപത്മത്തെയും പ്രതിനിധാനം ചെയ്യുന്നു. ചെമ്പ്, ഓട് തുടങ്ങിയ ലോഹങ്ങള്‍കൊണ്ടും സ്വര്‍ണം, വെള്ളി തുടങ്ങിയവ പൂശിയും ധ്വജം നിര്‍മ്മിക്കാറുണ്ട്. ശിവന് കാള, ഭഗവതിക്ക് സിംഹം, വിഷ്ണുവിന് ഗരുഡന്‍, ഗണപതിക്ക് മൂഷികന്‍, സുബ്രഹ്മണ്യന് മയില്‍, അയ്യപ്പന് കുതിര, ഭദ്രകാളിക്ക് വേതാളം എന്നിവയാണ് വാഹനങ്ങള്‍. ദേവദര്‍ശനത്തിനു സന്ദര്‍ഭം ലഭിക്കാത്തപ്പോള്‍ ധ്വജസ്തംഭത്തിലെ ദേവവാഹനത്തെ തൊഴുതുവന്ദിച്ചാലും ദേവദര്‍ശനഫലം സിദ്ധിക്കും എന്നാണ് വിശ്വാസം.





ക്ഷേത്രവും ബലിക്കല്ലുകളും

ക്ഷേത്രം എന്നുള്ളത് ദേവീദേവന്മാരുടെ വാസസ്ഥലമായി ആണ് കരുതി പോരുന്നത്. ക്ഷേത്രം ഒരു രാജകൊട്ടാരത്തിന്റെ മാതൃകയിലാണ് നിർമ്മിച്ചിരിക്കുന്നത്. അതിൽ പ്രധാന ദേവീദേവന്മാർ ക്ഷേത്രം ആകുന്നു രാജകൊട്ടാരത്തിലെ രാജാവിൻറെ സ്ഥാനം അലങ്കരിക്കുന്നു.

ഈ രാജാവിന് ഒരുപാട് ദൃശ്യവും അദൃശ്യവുമായ [പ്രതിഷ്ഠ രൂപത്തിൽ] 
ദേവഗണങ്ങളുടെയും ഭൂതഗണങ്ങളുടെ അകമ്പടിയും പരിചരണവും കാവലും ഉണ്ട്. ഇവയ്ക്ക് നിയോഗിക്കപ്പെട്ടിട്ടുള്ള വരാണ് ബലിക്കല്ലിന്റെ രൂപത്തിൽ നാം കാണുന്നു ദേവതാസങ്കല്പങ്ങൾ.

ദേവഗണങ്ങൾക്ക് ശ്രീകോവിലിന്റെ ചുറ്റുമുള്ള അകത്തെ ബലിവട്ടത്തിലും ഭൂതഗണങ്ങൾക്ക് പുറത്തെ ബലിവട്ടത്തിലും, വലിയ ബലികല്ലിലും ആ വലിയ ബലിക്കല്ലിന്റെ അഷ്ടദിക്കുകളിൽ പ്രതിഷ്ഠിച്ചിട്ടുള്ള  ബലിക്കല്ലിലുമാണ് സ്ഥാനം. ഇവർ ഓരോരുത്തർക്കും ചുറ്റിലുമായി മറ്റനേകം ദേവ /ഭൂതഗണങ്ങളും വസിക്കുന്നുണ്ട്. 

പല ക്ഷേത്രങ്ങളിലും ദൃശ്യമായ  ബലിക്കല്ലുകൾ കാണണമെന്നില്ല  അതിനർത്ഥം അവിടെ അത്തരം ചൈതന്യങ്ങൾ ഇല്ല എന്നല്ല മറിച്ച് അവരുടെ അദൃശ്യസാന്നിദ്ധ്യം എപ്പോഴും  ആ ക്ഷേത്രത്തിൽ ചുറ്റിലും ഉണ്ടാവും.

ഈ ഒരു കാരണങ്ങൾ കൊണ്ടുതന്നെയാണ് ക്ഷേത്രത്തിനകത്ത് തുപ്പുകയോ ഉപയോഗിച്ച ശേഷം പ്രസാദങ്ങളും മറ്റും അലക്ഷ്യമായി വലിച്ചെറിയുകയോ ക്ഷേത്രവും പരിസരവും മലിനമാക്കുന്ന പ്രവർത്തികൾ ചെയ്യുകയോ അരുത് എന്നും പറയുന്നത്. 

ക്ഷേത്രത്തിനു ചുറ്റിലും അനേകായിരം ഭൂത /ദേവസങ്കൽപങ്ങൾ ഉള്ളതിനാലാകണം ക്ഷേത്ര പ്രദക്ഷിണത്തിനും ഒരു നിയമം നിശ്ചയിച്ചിരിക്കുന്നത്. നമ്മളിൽ പലരുടെയും ക്ഷേത്രദർശന സമയത്തെ ചവിട്ടി തേച്ചുള്ള പ്രദക്ഷിണം കണ്ടാൽ തന്നെ മനസ്സിലാക്കാം ഇതൊരു കടമ നിർവ്വഹിക്കൽ മാത്രമാണെന്ന്. മേൽപ്പറഞ്ഞ അനേകായിരം ഭൂത ദേവസങ്കൽപങ്ങളുടെ സ്വൈര്യവിഹാരം  തടസ്സപ്പെടുത്താത്ത വിധത്തിൽ ആയിരിക്കണം ക്ഷേത്ര പ്രദക്ഷിണം. 

പ്രദക്ഷിണ നിയമം:

"ആസന്ന പ്രസവാ നാരി തൈലപുര്‍ണം യഥാ ഘടം വാഹന്തിശന കൈര്യാതി തഥാ കാര്യാല്‍ പ്രദക്ഷിണം" 

പ്രസവിക്കാറായ ഒരു സ്ത്രീയുടെ തലയില്‍ ഒരു കുടം എണ്ണ കുടി വച്ചാല്‍ എത്ര പദുക്കെ നടക്കുമോ അങ്ങിനെ വേണം പ്രദക്ഷിണം വയ്ക്കാന്‍ എന്ന് തന്ത്ര സമുച്ചയം പറയുന്നു.

''പദാല്‍ പദാനുഗം ഗച്ചേല്‍ കരൌ ചലവിവര്‍ജ്ജിതെ സ്തുതിര്‍വ്വാഹി ഹൃദി ധ്യാനം ചതുരംഗം പ്രദക്ഷിണം"

പ്രദക്ഷിണത്തില്‍ നാലംഗങ്ങള്‍ ഉണ്ട്. അടിവച്ചടി വച്ച് പതുക്കെ നടക്കുകയെ പാടുള്ളൂ. കൈ വീശരുത്. തൊഴുതു നടക്കണം. ചുണ്ടുകളില്‍ ഈശ്വര സ്തുതിയും, മനസ്സില്‍ ഈശ്വര ധ്യാനവും ഉണ്ടായിരിക്കണം. ഇത്രയുമാണ് ക്ഷേത്ര പ്രദക്ഷിണത്തില്‍ ശ്രദ്ധിക്കേണ്ട പ്രാഥമിക കാര്യങ്ങള്‍.

ഇനി നമുക്ക് ക്ഷേത്രത്തിലെ ബലിക്കല്ലുകൾ ഓരോന്നായി പരിചയപ്പെടാം... 

അകത്തെ ബലിവട്ടത്തിലെ ബലിക്കല്ലുകള്‍

പ്രദിക്ഷണ വട്ടം അഥവാ ബലിവട്ടം ബലിക്കല്ലുകള്‍ അഥവാ ബലിപീഠങ്ങളാല്‍ സമ്പുഷ്ടമാണ്. ഈ ബലിക്കല്ലുകള്‍ സൂചിപ്പിക്കുന്നത്‌ അഷ്ടദിക്കുകളെയും അവയുടെ അധിപന്മാരായ അഷ്ടദിക്ക്പാലരേയുമാണ്‌. അതിനാല്‍ എട്ടുദിക്കുകളേയും അവയുടെ അധികാരികളേയും ക്ഷേത്രങ്ങളില്‍ പ്രതിഷ്ഠിക്കാറുണ്ട്‌. ശ്രീകോവിലിനു ചുറ്റും നാലമ്പലത്തിനകത്തായി അന്തര്‍മണ്ഡപത്തിലാണ്‌ ബലിക്കല്ലുകളുടെ സ്ഥാനം. ഓരോ ദിക്കിന്‍റെയും അധിപന്മാരെ ആ ദിക്കുകളില്‍ സ്ഥാപിക്കുന്നു. 



അഷ്ടദിക്പാലകർ

1. കിഴക്ക് - ഇന്ദ്രൻ
2. തെക്കുകിഴക്ക് - അഗ്നി
3. തെക്ക് - യമൻ
4. തെക്കുപടിഞ്ഞാറ് - നിരൃതി
5. പടിഞ്ഞാറ് - വരുണൻ
6. വടക്കുപടിഞ്ഞാറ് - വായു
7. വടക്ക് - സോമൻ
8. വടക്കുകിഴക്ക് - ഈശാനൻ
[വടക്കുദിശയുടെ അധിപന്‍ കുബേരനാണെങ്കിലും ക്ഷേത്രങ്ങളില്‍ വടക്കുഭാഗത്ത്‌ ബലിക്കല്ലിന്റെ അധിപന്‍ സോമനാണ്‌. അതിനാല്‍ വടക്കുദിക്കിലെ ബലിക്കല്ല് മാത്രം അഷ്ടദിക്പാലകരില്‍ നിന്നും വേറിട്ട് സോമനു കൊടുത്തിരിക്കുന്നു.]

ഇതുകൂടാതെ മുകളിലും താഴെയുമായി ഒരോ ദിക്കുകള്‍ കൂടിയുണ്ട്‌. മുകളിലെ ദിക്കിന്റെ അധിപന്‍ ബ്രഹ്മാവാണ്‌. അതിനാല്‍ ബ്രഹ്മാവിന്‌ വേണ്ടി ബലിക്കല്ല് കിഴക്കിനും വടക്ക്‌കിഴക്കിനും ഇടയില്‍ സ്ഥാപിച്ചിരിക്കുന്നു. 

കീഴ്ഭാഗത്തുള്ള ദിക്കിന്‍റെ അധിപന്‍ അനന്തനാണ്‌. നിരൃതിയുടേയും (തെക്ക്-പടിഞ്ഞാറ്) വരുണന്‍റെയും (പടിഞ്ഞാറ്) ബലിക്കല്ലുകള്‍ക്കിടയിലാണ്‌ അനന്തന്‍റെ ബലിക്കല്ലിന്‍റെ സ്ഥാനം. 

ഇവരെ കൂടാതെ 

9. ശാസ്താവ് :- തെക്കിനു തെക്കുപടിഞ്ഞാറിനും  ഇടയിൽ

10. ദുര്‍ഗ്ഗ :- വടക്ക്പടിഞ്ഞാറിനോട് ചേർന്ന്

11. സുബ്രഹ്മണ്യന്‍ :- വടക്കിനും വടക്കുപടിഞ്ഞാറിനും ഇടയിൽ

12. കുബേരന്‍ :- വടക്ക് ദിക്കിൽ

നിര്‍മ്മാല്യധാരി

13. നിര്‍മ്മാല്യധാരി :- വടക്കിനും വടക്കുകിഴക്കിനും ഇടയിൽ ആണ് സ്ഥാനം.
[അകത്തെ ബലിവട്ടത്തിലെ ബലിക്കല്ലിൽ നിര്‍മ്മാല്യധാരി പ്രധാന ദേവീ ദേവന് അനുസരിച്ച് മാറ്റമുണ്ടാവും]



ഓരോ ദേവനും / ദേവിക്കും അവരുടെ നിർമ്മാല്യധാരി വ്യത്യസ്തമായിരിക്കും.

ശിവൻ - ചണ്ഡേശൻ
വിഷ്ണു - വിഷ്വക്സേനൻ
ഗണപതി - കുംഭോദരൻ
സുബ്രഹ്മണ്യൻ - ധൂർത്തസേനൻ
ശാസ്താവ് - ഘോഷാവതി
സൂര്യൻ - തേജശ്ചണ്ടൻ
വൈശ്രവണൻ - ശൂദ്രൻ
ദുർഗ്ഗ - മുണ്ഡിനി
ഭദ്രകാളി - പ്രോം ശേഷിക
പാർവ്വതി - സുഭഗ
ഭഗവതി - ധൃതി
സരസ്വതി - യതി
ജ്യേഷ്ഠാ ഭഗവതി - ചണ്ഡദാസി



സപ്തമാതൃക്കൾ

14. സപ്തമാതാക്കളുടെ ബലിക്കല്ലിന്റെ സ്ഥാനം തെക്കു ദിക്കിൽ ആണ് .  
സപ്തമാതൃക്കൾ:- 
1. ബ്രാഹ്മണി
2. മഹേശ്വരി
3. വൈഷ്ണവി
4. കൗമാരി
5. ഇന്ദ്രാണി
6. വരാഹി
7. ചാമുണ്ഡി

15. ഗണപതിയുടെയും 
16. വീരഭദ്രന്റെയും ബലിപീഠങ്ങള്‍ സപ്തമാതാക്കളോട് ഒപ്പംആണ് പ്രതിഷ്ഠിക്കുക. ഇവർ അഭിമുഖമായി ഇരിക്കുന്നതായിട്ടാണ് സങ്കല്പം.



ഉത്തര മാതൃക്കൾ

സപ്തമാതാക്കളുടെ ബലിക്കല്ല് പോലെതന്നെ വിഷ്ണു/ദുർഗ ക്ഷേത്രങ്ങളിൽ ഉള്ള മറ്റൊരു സങ്കല്പമാണ് ഉത്തര മാതൃക്കൾ ഇവർക്ക് സാധാരണയായി പ്രതിഷ്ഠ ഉണ്ടാവാറില്ല. വടക്കിനും വടക്ക് പടിഞ്ഞാറിനും ഇടയിൽ ആയിട്ടാണ് ഇവരുടെ സ്ഥാനം കൽപ്പിച്ചിട്ടുള്ളത്. 

1. ഭാഗീശ്വരി
2. ക്രിയ
3. കീർത്തി
4. ലക്ഷ്മി
5. സൃഷ്ടി
6. വിദ്യ
7. ശാന്തി

സപ്തമാതൃക്കളുടെ ബലിക്കല്ലിൽ
ഗണപതിയും വീരഭദ്രനും എങ്ങനെയോ അതേപോലെ ഉത്തര മാതൃക്കളുടെ ഒപ്പവും രണ്ട് സങ്കല്പം വേറെയുമുണ്ട്...

1. ശ്രീധരൻ
2. അശ്വമുഖൻ



വലിയബലിക്കല്ല്

ക്ഷേത്രങ്ങളിലെ വലിയ ബലിക്കല്ല് ആ ക്ഷേത്രത്തിലെ ശ്രീകോവിലിൽ ഉള്ള പ്രധാന ദേവന്റെ അല്ലെങ്കിൽ ദേവിയുടെ സർവ്വസൈന്യാധിപൻ അഥവാ  സർവ്വസൈന്യാധിപ  എന്ന സങ്കൽപ്പത്തിലാണ് പ്രതിഷ്ഠിച്ചിട്ടുള്ളത്. മണ്ഡപത്തിൽ പ്രതിഷ്ഠിച്ചിട്ടുള്ള ദേവന്റെ അഥവാ ദേവിയുടെ വാഹനം [ഉദാ :- ശിവക്ഷേത്രത്തിലെ നന്ദി ദേവന്റെ പ്രതിഷ്ഠ] സദാസമയവും ശ്രീകോവിലിലെ ദേവനെ നോക്കിയിരിക്കുന്നത് പോലെത്തന്നെ വലിയ ബലിക്കല്ലിലെ സർവ്വസൈന്യാധിപൻ അഥവാ  സർവ്വസൈന്യാധിപ സങ്കൽപ്പവും സദാസമയവും കണ്ണിമ വെട്ടാതെ ശ്രീകോവിലിലെ ദേവനെ / ദേവിയെ തന്നെ നോക്കി ഇരിക്കുന്നതായിട്ടണ് സങ്കൽപ്പം. [സംരക്ഷിച്ചു വരുന്നതായി സങ്കൽപ്പം]

ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠ പുരുഷനാണെങ്കിൽ [ദേവൻ] പുരുഷ സൈന്യാധിപനും, മറിച്ച് സ്ത്രീയാണെങ്കിൽ [ദേവി] സ്ത്രീ സൈന്യാധിപയും ആയിരിക്കും. ഓരോ ദേവനും / ദേവിക്കും പ്രത്യേകം സൈന്യാധിപൻ / സൈന്യാധിപയെ കല്പിച്ചിട്ടുണ്ട്. 

കേരളത്തിലെ ക്ഷേത്രങ്ങളിൽ  പ്രതിഷ്ഠിച്ചിട്ടുള്ള മുഖ്യധാര ദേവിദേവന്മാരുടെ സർവ്വസൈന്യാധിപർ ആരൊക്കെയെന്ന് നോക്കാം...

ശിവൻ - ഹരസേനൻ
വിഷ്ണു - ഹരിസേനൻ
ഗണപതി - വിഘ്നസേനൻ
ശാസ്താവ് - ശാസ്ത്രൂസേനൻ
സുബ്രഹ്മണ്യൻ - സ്കന്ദസേനൻ
ദുർഗ്ഗ - ബ്രാഹ്മി
ഭദ്രകാളി - സർവ്വേശ്വരീ
ശങ്കരനാരായണൻ - ഹരിഹരസേനൻ

വലിയബലിക്കല്ലിനു ചുറ്റുമുള്ള ചെറു ബലിപീഠങ്ങൾ

വലിയ ബലിക്കല്ലിന്റെ ചുറ്റിലും ' അഷ്ടദിക്കുകളിലുമായി കാണുന്ന ചോറു ബലിപീഠങ്ങൾ ക്ഷേത്രത്തിലെ  ദേവൻ / ദേവിയുടെ സർവ്വസൈന്യാധിപൻ അഥവാ  സർവ്വസൈന്യാധിപയുടെ കീഴിലുള്ള പ്രധാനം സൈന്യാധിപൻ/ സൈന്യാധിപ ആയിട്ടാണ് സങ്കല്പിച്ചിട്ടുള്ളത്... ഇവർ ഓരോ ദേവീ ദേവന്മാർക്കും വ്യത്യസ്തമായിരിക്കും. ഇവ കൂടാതെ തെക്കുകിഴക്കേ മൂലയിൽ മറ്റൊരു ദേവനെ / ദേവിയെ കൂടി പ്രതിഷ്ഠിച്ചതായുള്ള സങ്കല്പമുണ്ട്. [പ്രതിഷ്ഠയ്ക്കുള്ള ബലിക്കല്ല് ഉണ്ടാവില്ല]

ഇനി നമുക്ക് മേൽപ്പറഞ്ഞ പ്രമുഖ സൈന്യാധിപർ ആരൊക്കെയെന്ന് നോക്കാം...

പ്രധാന ദേവൻ - വിഷ്ണു

സർവ്വസൈന്യാധിപൻ - ഹരിസേനൻ
പ്രമുഖ സൈന്യാധിപർ :-
1. കുമുതൻ
2. കുമുതക്ഷൻ
3. പൂണ്ഡരികൻ
4. വാമനൻ
5. ശങ്കുകർണ്ണൻ
6. സർവ്വനേത്രേൻ
7. സുമുഖൻ
8. സുപ്രതിഷ്ഠൻ

പ്രധാന ദേവൻ - ശിവൻ

സർവ്വസൈന്യാധിപൻ - ഹരസേനൻ
പ്രമുഖ സൈന്യാധിപർ :-
1. ഭൗതികൻ 
2. ദുർവരിക്ഷൻ
3. ബീമരൂപൻ
4. സുലോചനൻ
5. സുമുഖൻ
6. മഹാബാഹു
7. ത്രിശിരസ്സ്
8. ത്രിഭുജൻ
പിംഗളൻ [തെക്കു പടിഞ്ഞാറെ മൂല]



പ്രധാന ദേവൻ - സുബ്രഹ്മണ്യൻ

സർവ്വസൈന്യാധിപൻ - സ്കന്ദസേനൻ
പ്രമുഖ സൈന്യാധിപർ :-
1. ശൂരസേനൻ
2. ഉഗ്രസേനൻ
3. ശിഗിസേനൻ
4. ജഗൽസേനൻ
5. മഹാസേനൻ
6. ചണ്ഡസേനൻ'
7. കൃതസേനൻ
8. ക്രൂരസേനൻ
ജയൽ സേനൻ [തെക്കു പടിഞ്ഞാറെ മൂല] 



പ്രധാന ദേവത - ദുർഗ്ഗ

സർവ്വസൈന്യാധിപ - ബ്രാഹ്മി
പ്രമുഖ സൈന്യാധിപകൾ :-
1. ബ്രഹ്മഘോഷി
2. സുഘോഷി
3. യജ്ഞവേഷ്ടി
4. സുരഗിണി
5. സുമുഖി
6. സുഭുജ
7. പ്രമോദിനി
8. ആത്മനി



പ്രധാന ദേവൻ - ഗണപതി

സർവ്വസൈന്യാധിപൻ - വിഘ്നസേനൻ
പ്രമുഖ സൈന്യാധിപർ :-
1. ഗജവക്രൻ
2. ഗണേശൻ
3. വിനായകൻ
4. ചണ്ഡവിക്രമൻ
5. വിഘ്നഹരൻ
6. സർപ്പവിഹലാൻ
7. ശൂർപ്പകർണ്ണൻ
8. നാഗദന്തൻ
രുദ്രവത്രജൻ [തെക്കു പടിഞ്ഞാറെ മൂല]



പ്രധാന ദേവൻ - ശാസ്താവ്

സർവ്വസൈന്യാധിപൻ - ശാസ്ത്രൂസേനൻ
പ്രമുഖ സൈന്യാധിപർ :-
1. വീരബാഹു 
2. മഹാവീരൻ
3. വിദ്യുദന്തൻ
4. വിലാസനൻ
5. തീക്ഷണൻ
6. തീക്ഷണദന്തൻ
7. കാരാക്ഷൻ
8. ഭവോത്ഭവൻ
ഭൂദേശൻ [തെക്കു പടിഞ്ഞാറെ മൂല]


പ്രധാന ദേവത - ഭദ്രകാളി

സർവ്വസൈന്യാധിപൻ - സർവ്വേശ്വരീ
പ്രമുഖ സൈന്യാധിപർ :-
1. ജയ
2. വിജയ
3. അജിത
4. അപരാജിത
5. നിത്യ
6. വിലാസിനി
7. ദൂക്രി
8. അഗോര
മംഗള [തെക്കു പടിഞ്ഞാറെ മൂല]



പുറത്തെ ബലിവട്ടത്തിലെ ബലിക്കല്ലുകള്‍

പുറത്തെ ബലിവട്ടത്തിൽ സാധാരണയായി എട്ട് ബലിക്കല്ലുകൾ ആണ് ഉണ്ടാവുക ഇവ നാല് ദിക്കിലും നാല് കോണിലും ആയി  കാണപ്പെടുന്നു. ക്ഷേത്രത്തിലെ പ്രധാന ദേവീദേവന്മാരെ ആശ്രയിച്ച് ഈ ബലിക്കല്ലുകളുടെ  എണ്ണത്തിൽ വർദ്ധനവ് ഉണ്ടാവും. ഈ ബലിക്കല്ലുകൾ ധ്വജ ദേവതമാർ എന്നും അറിയപ്പെടുന്നു. ഉത്സവസമയത്ത് കൊടിയേറ്റിനുശേഷം മേൽപ്പറഞ്ഞ ബലിക്കല്ലുകളുടെ സമീപത്ത് ദിക് കൊടികൾ സ്ഥാപിക്കുന്ന ചടങ്ങ് പല ക്ഷേത്രങ്ങളിലും നടത്താറുണ്ട്  ഈ ഒരു കാരണം കൊണ്ടാണ് ഇവരെ ധ്വജ ദേവതമാർ എന്ന് വിളിക്കുന്നത്. ഇവർ ക്ഷേത്രത്തിലെ പ്രധാന ദേവന്റെ സേവകരാണ്. ക്ഷേത്ര സംരക്ഷണ ചുമതല ഇവരുടെ  ഉത്തരവാദിത്വത്തിൽ വരുന്നതാണ്. ഈ ഓരോ ബലിക്കല്ലിനു ചുറ്റും അനേകം ഭൂതഗണങ്ങൾ വേറെയും ഉണ്ട്. പ്രധാന ദേവനെ ആശ്രയിച്ച്  ഇവരുടെ എണ്ണത്തിലും മാറ്റം ഉണ്ടാവുന്നതാണ്. ഇനി പ്രധാന ക്ഷേത്രങ്ങളിലെ പുറത്തെ ബലിവട്ടത്തിലെ ബലിക്കല്ലുക്കളിൽ ആരെല്ലാം വസിക്കുന്നു എന്ന് നോക്കാം.

ദേവൻ - വിഷ്ണു

1. കുമുതൻ
2. കുമുതക്ഷൻ
3. പൂണ്ഡരികൻ
4. വാമനൻ
5. ശങ്കുകർണ്ണൻ
6. സർവ്വനേത്രേൻ
7. സുമുഖൻ
8. സുപ്രതിഷ്ഠൻ
ഇവർ ഓരോരുത്തർക്കും 500 വിധം ഭൂതഗണങ്ങൾ അവരുടെ സ്ഥാനത്തിന് ചുറ്റിലും ഉണ്ടായിരിക്കും എന്നാണ് സങ്കല്പം.



ദേവൻ - ശിവൻ

1. നന്ദി
2. മഹാകാളൻ
3. ഭൂതാനന്തൻ
4. മഹിധരൻ
5. പർവ്വദേശൻ
6. മഹേശൻ
7. കാലപാശൻ
8. കപാലി
ഇവർ ഓരോരുത്തർക്കും 25 വിധം ഭൂതഗണങ്ങൾ അവരുടെ സ്ഥാനത്തിന് ചുറ്റിലും ഉണ്ടായിരിക്കും എന്നാണ് സങ്കല്പം.



ദേവത - ദുർഗ്ഗ

1. കാളി
2. കരാളി
3. വിരജ
4. വന്ദര  
5. വിന്ധ്യവാസിനി
6. സുപ്രഭ
7. സിംഹവക്ത്ര
8. ദൈത്യമർദ്ദിനി
ഇവർ ഓരോരുത്തർക്കും 8 കോടി വിധം ഭൂതഗണങ്ങൾ അവരുടെ സ്ഥാനത്തിന് ചുറ്റിലും ഉണ്ടായിരിക്കും എന്നാണ് സങ്കല്പം.



ദേവൻ - സുബ്രഹ്മണ്യൻ

1. ദേവസേനാപതി
2. അഗ്നിലോചനൻ
3. ദണ്ഡഹസ്തൻ 
4. അസിധാരിണി
5. പാശപാലൻ
6. ധ്വജശേഖരൻ
7. ഗതി
8. ശൂലവാസി
ഇവർ ഓരോരുത്തർക്കും 6 കോടി വിധം ഭൂതഗണങ്ങൾ അവരുടെ സ്ഥാനത്തിന് ചുറ്റിലും ഉണ്ടായിരിക്കും എന്നാണ് സങ്കല്പം.



ദേവൻ - ഗണപതി

1. വജ്രദന്തൻ
2. ഗജാസ്യൻ
3.  ഭീമൻ
4. മഹിഷാസ്യൻ
5. മേഘനാഥൻ
6. വിരൂപാക്ഷൻ
7. വരദൻ
8. സർവ്വതാക്ഷൻ



ദേവൻ - ശാസ്താവ്

1. ഗോത്രൻ
2. പിംഗളക്ഷൻ
3.  വീരസേനൻ
4. ശാബവാൻ
5. ത്രിനേത്രൻ
6. ശൂലൻ
7. ദക്ഷൻ
8. ബീമരൂപൻ



ദേവൻ - ഭദ്രകാളി

ഭദ്രകാളി ക്ഷേത്രത്തിലെ പുറത്തെ ബലി വട്ടത്തിലെ  ബലിക്കല്ലുകളിൽ എട്ട് ഭൈരവൻമാരും, പത്ത് ക്ഷേത്രപാലകൻ മാർ സ്ഥിതിചെയ്യുന്നതും ആയിട്ടാണ് സങ്കല്പം. 

അഷ്ട ഭൈരവൻമാർ

1. അസിതാംഗ ഭൈരവൻ
2. രുരു ഭൈരവൻ
3. ചണ്ട ഭൈരവൻ
4. ക്രോധ ഭൈരവൻ
5. ഉൻമത്ത ഭൈരവൻ 
6. കപാല ഭൈരവൻ
7. തീഷ്ണ ഭൈരവൻ
8. സംഹാര ഭൈരവൻ

ക്ഷേത്രപാലകൻമാർ

1. ഹേതുക ക്ഷേത്രപാലൻ
2. ത്രിപുരാന്തക ക്ഷേത്രപാലൻ
3. അഗ്നിജിഹ്വ ക്ഷേത്രപാലൻ
4. വേതാളജിഹ്വ ക്ഷേത്രപാലൻ
5. കളാക്ഷ ക്ഷേത്രപാലൻ
6. കരാള ക്ഷേത്രപാലൻ
7. ഏകബാല ക്ഷേത്രപാലൻ
8. ബീമരൂപ ക്ഷേത്രപാലൻ
9. അലോഹ ക്ഷേത്രപാലൻ [വടക്കുകിഴക്ക്]
10. അഷ്ടകോശ ക്ഷേത്രപാലൻ [തെക്കുപടിഞ്ഞാറ്]



സഭ ദ്വാസ്തൻമാർ

സഭ ദ്വാസ്തൻമാർ ക്ഷേത്രത്തിലെ പ്രധാന ദേവി/ദേവന്റെ കാവൽക്കാർ എന്ന സ്ഥാനം അലങ്കരിക്കുന്നു. ഇവർക്ക്  നിർദ്ദേശിക്കപ്പെട്ടിട്ടുള്ള സ്ഥലം കൊടിമരവും വലിയ ബലിക്കല്ലും കഴിഞ്ഞു വരുന്ന വാതിൽമാടത്തിന്റെ ഉൾഭാഗത്ത് [വലിയമ്പലം] വലതു ഭാഗവും ഇടതു ഭാഗവും ആയി രണ്ടുപേർ നിലയുറപ്പിച്ചിരിക്കുന്ന ഇവർ സഭ ദ്വാസ്തൻമാർ എന്ന് അറിയപ്പെടുന്നു. 

പ്രധാന ദേവീദേവന്മാരുടെ മാറ്റത്തിനനുസരിച്ച് സഭ ദ്വാസ്തൻമാരും വ്യത്യസ്തമായിരിക്കും.

വിഷ്ണു :- ശ്രീ, പുഷ്ടി

ശിവൻ :- തീഷ്ണദന്തൻ, മൃഗാസ്യൻ

സുബ്രഹ്മണ്യൻ :- അഗ്നികേതു, സൂര്യകേതു

ഗണപതി :- ചണ്ഡവിക്രമൻ, വിഘ്നകനൻ

ശാസ്താവ് :- തീഷ്ണൻ, തീഷ്ണദന്തൻ

ഭദ്രകാളി :- ജയ, വിജയ

ദുർഗ :- ഹാദിനി, മോദിനി
ദുർഗ :- വിജയന്തി, കാർത്ത്യായനി [വലിയമ്പലത്തിനു പുറമേ]

ദ്വാരപാലകർ 




ഒരു ക്ഷേത്രത്തിൽ ദേവനോ ദേവിയോ എന്തുമായികൊള്ളട്ടെ പ്രതിഷ്ഠ. ആ ക്ഷേത്രത്തിലെ ശ്രീകോവിലിനു മുന്നിലെ കവാടത്തിൽ അല്ലെങ്കിൽ വാതിലിനിരുവശത്തും ആയുധധാരികളായി നില്‍ക്കുന്ന ആ ദേവന്റെയോ ദേവിയുടെയോ കാവല്‍ക്കാരാണ് ദ്വാരപാലകർ. ഓരോ തവണ ശ്രീകോവിലിനകത്തു പ്രവേശിക്കുമ്പോളും തന്ത്രി അല്ലെങ്കിൽ പൂജാരി ദ്വാരപാലകരുടെ അനുവാദത്തോടെ ശ്രീ കോവിലിനു മുമ്പിലായി സ്ഥാപിച്ചിരിക്കുന്ന മണി മുഴക്കുന്നു താൻ അകത്തേക്ക് പ്രവേശിക്കുവാൻ ദ്വാരപാലകർ അനുമതി തന്നു എന്ന് ദേവനെയോ ദേവിയെയോ അറിയിക്കുവാനുള്ള ശബ്ദ സൂചികയാണ് മണിനാദം അതിനുശേഷം മാത്രമേ ശ്രീ കോവിലിനകത്തുള്ള
മൂല വിഗ്രഹം സ്ഥിതി ചെയ്യുന്ന ഗര്ഭ ഗൃഹത്തേക്ക് പ്രവേശനം പാടുള്ളൂ. ദിവസവും നട തുറക്കുന്നതിനു മുമ്പ് പൂജാരി ശ്രീ കോവിലിനു മുമ്പിലുള്ള ദ്വാരപാലകരെ സ്വാഷ്ടാംഗം നമസ്കരിക്കുന്നു അതിനു ശേഷം മണിനാദം മുഴക്കി ശ്രീലകത്തിനുള്ളിലേക്ക് പ്രവേശിക്കുകയും പിന്നീടുള്ള പൂജാദി കർമ്മങ്ങളിലേക്ക് കടക്കുകയും ചെയ്യുന്നു.

ക്ഷേത്ര-താന്ത്രിക വിധി പ്രകാരം ദ്വാരപാലകരെയും അവർക്കുള്ള പ്രാധാന്യത്തെയും കുറിച്ച് ഇപ്രകാരമാണ് പറയുന്നത്.

ശ്രീകൃഷ്ണൻ

ഭഗവാൻ നാരായണന് (ശ്രീകൃഷ്ണൻ) ദ്വാരപാലകർ10 ആണ്.യഥാക്രമം ഇവർ ഇപ്രകാരമാണ്

ശ്രീ കോവിലിനു മുന്നിലിരുവശത്തും
1.വലതുവശത്ത് - ചൻണ്ടൻ
2. ഇടതുവശത്ത് - പ്രചൻണ്ടൻ എന്നീ പേരുള്ള ദ്വാരപാലന്മാരും

പിന്നീട് ശ്രീകോവിലിൽ നിന്ന് ആദ്യത്തെ കവാടത്തിൽ
3. വലതുവശത്ത് - ശംഖോടനും
4. ഇടതുവശത്ത് - ചക്രോടനും

അവിടെ നിന്നും രണ്ടാമത് കവാടത്തിൽ ഇരുവശത്തും
5. ജയൻ - ഇടതുവശത്തും
6. വിജയൻ - വലതു വശത്തും

അവിടെനിന്നും അടുത്ത കവാടത്തിൽ
7. ഭദ്രയൻ - ഇടതു വശത്തും
8. സുഭദ്രയൻ - വലതു വശത്തും

പിന്നീടുള്ള നാലാമത്തെ കവാടത്തിൽ അതായത് ചുറ്റമ്പല വാതിലിനിരുവശത്തു
9. ഇടതു - ദാത്രിയെന്നും
10. വലതു - വിദാത്രിയെന്നും പേരുള്ള ദ്വാരപലകരാണ്

മഹാദേവൻ

ശ്രീ മഹാദേവനു ദ്വാരപാലകർ 2 പേരാണുള്ളത് അവർ യഥാക്രമം 
1. വിമലൻ ഇടതു വശത്തും
2. സുബാഹു വലതുവശത്തും ദ്വാരപാലകന്മാറായി നില്കുന്നു.

ദേവി

ദേവിക്ക് ( ശ്രീപരമേശ്വരിയോ ശ്രീലളിതാംബികയോ) ദ്വാരപാലകരു 2പേരാണുള്ളത്

1. ശംഖനിധി - ഇടതു വശത്തും
2. പദ്മനിധി - വലതു വശത്തും നിലകൊള്ളുന്നു

വിഘ്നേശ്വരൻ

ശ്രീ ഗണേശൻ (വിഘ്നേശ്വരൻ)

1. വികടൻ - ഇടതു വശത്തും
2. ഭീമൻ - വലതു വശത്തും എന്നീ രണ്ടു ദ്വാരപാലകരുമാണ്.

സുബ്രമണ്യൻ

കാർത്തികേയൻ സുബ്രമണ്യസ്വാമിക്ക് 4 പേരാണ് ദ്വാരപാലകർ ശ്രീകോവിലിൽ ഇരുവശത്തും ജയ-വിജയന്മാർ ഇടത്-വലത് വശത്തു ദ്വാരപാലകർ ആയും പ്രവേശന കവാടത്തിൽ ഇടത്-വലത് വശത്തായി സുദേഹൻ സുമുഹൻ എന്നീ ദ്വാരാപാലകന്മാരുമാണ് നിലകൊള്ളുന്നത്.

അയ്യപ്പൻ

ശ്രീ ഭൂതനാഥൻ ശബരിഗിരീശൻ അയപ്പനും ദ്വാരപാലകർ 2 ആണ് കൊച്ചു കടുത്ത്വ സ്വാമി ഇടതും വലിയ കടുത്ത്വ സ്വാമി വലതു വശത്തുമായി പൊന്നമ്പല നട കാത്തുസൂക്ഷിച്ചു കൊണ്ടു നിലകൊള്ളുന്നു.

ക്ഷേത്രങ്ങളിലെ ബലിക്കല്ലുകളിൽ ചവിട്ടാനോ മറികടക്കാനോ പാടില്ല എന്നാണ് വിശ്വാസം. ബലിക്കല്ല് ചവിട്ടുകയോ, അറിയാതെ ചവിട്ടിയാല്‍, പരിഹാരമായി തൊട്ടു തലയില്‍ വെയ്ക്കുകയോ ചെയ്യരുത്. 

ബലിക്കല്ലുകളും, ശിവക്ഷേത്രത്തില്‍ മണ്ഡപത്തില്‍ സ്ഥാപിച്ചിരിക്കുന്ന നന്ദിയേയും തൊടാന്‍ പാടില്ല. അറിയാതെ  ബലിക്കല്ലില്‍ കാലുതട്ടുകയോ, ചവിട്ടുകയോ ചെയ്‌താല്‍, 

" കരചരണകൃതം വാക്കായജം കര്മ്മതജം വാ 
ശ്രവണ നയനജം വാ മാനസംവാപരാധം 
വിഹിതമിഹിതം വാ സര്വ്വസമേതല് ക്ഷമസ്വ 
ശിവശിവ കരുണാബ് ധോ ശ്രീമഹാ ദേവശംഭോ " 

എന്ന് മൂന്നു വട്ടം ജപിക്കുക; അറിയാതെ ബലിക്കല്ല് ചവുട്ടിയ അപരാധം നീങ്ങിക്കിട്ടും. 

ശ്രീവേലി

ശീവേലിവിഗ്രഹം എന്ന വിഗ്രഹത്തെ വാദ്യമേളങ്ങളുടെഅകമ്പടിയോടെ ശ്രീകോവിലിനുപുറത്തേക്ക് എഴുന്നള്ളിക്കുന്ന ക്ഷേത്രാചാരമാണ് ശ്രീവേലി. തന്റെ ഭൂതഗണങ്ങൾക്ക് നിവേദ്യം നൽകുന്നത് ഭഗവാൻ നേരിൽ കാണുകയാണ് എന്നതാണ്‌ ശീവേലിയുടെ സങ്കല്പം. അവർക്ക് നൽകുന്ന ബലിയാണ് ശ്രീബലി അഥവാ ശ്രീവേലി. ദ്വാരപാലകരും, അഷ്ടദിക്പാലകരും, സപ്തമാതൃക്കളും, ഭൂതഗണങ്ങളും, ക്ഷേത്രപാലകനും ഈ സമയത്ത് തങ്ങൾക്കുള്ള നിവേദ്യം സ്വീകരിക്കുന്നു എന്നാണ് വിശ്വാസം. ഹവിസ്സും ജലഗന്ധ പുഷ്പാദികളുമായി മേൽശാന്തിയും തലയിൽ ഭഗവത് വിഗ്രഹവുമായി കീഴ്ശാന്തിയുമാണ് ശീവേലിക്ക് എഴുന്നള്ലിക്കുന്നത്. നാലമ്പലത്തിനുള്ളിൽ അഷ്ടദിക്പാലകർക്കും, സപ്തമാതൃക്കൾക്കും, പുറത്ത് ഭൂതഗണങ്ങളെ പ്രതിനീധീകരിക്കുന്ന ബലിക്കല്ലുകളിന്മേലും ബലി തൂവും. ക്ഷേത്രത്തിന്റെ നാലമ്പലത്തിനകത്തും പുറത്തും വാദ്യഘോഷങ്ങളുടെ അകമ്പടിയോടെ ശ്രീബലിയുടെ മേൽനോട്ടം വഹിച്ചുകൊണ്ട് ഈ സമയം ക്ഷേത്രേശനെ പ്രദക്ഷിണമായി നീക്കുന്നു. മൂന്ന് പ്രദക്ഷിണശേഷം ശീവേലി വിഗ്രഹവുമായി കീഴ്ശാന്തി ശ്രീലകത്തേക്ക് തിരിച്ചുപോകുന്നു.

ഉച്ചശീവേലി, അത്താഴശീവേലി എന്നിങ്ങനെ രണ്ടുതരമുണ്ട്.

ഉത്സവ ബലി:

ക്ഷേത്ര നാലമ്പലത്തിനകത്തും പുറത്തുമുള്ള ബലിക്കല്ലുകളിലും, ദേവന്‍റെ പരിവാരങ്ങൾക്കും മറ്റു ഭൂതഗണങ്ങൾക്കും നിവേദ്യം അർപ്പിക്കുന്നതാണ് ഉത്സവബലി. തന്ത്രിക്കും, കഴകം, വാദ്യക്കാർ, കൈസ്ഥാനീയർ എന്നിവർക്കും വസ്ത്രവും ദക്ഷിണയും നൽകുന്നതാണ് ഉത്സവബലിയുടെ ആദ്യ ചടങ്ങ്. ബലി തൂകുന്നതിലുള്ള ചോറ് (ഹവിസ്സ്) തൂശനിലയിൽ നിരത്തിവയ്ക്കും. തുടർന്ന് ഇത് മൂന്നായി പകുത്ത്, ഓരോന്നിലും ഉണക്കലരി, എള്ള്, മഞ്ഞൾ എന്നിവയുടെ പൊടിവിതറും. മൂന്നുനിറത്തിലുള്ള ഹവിസ്സ് സത്വ, രജോസ്തമോഗുണങ്ങളുടെ സൂചകങ്ങളാണ്. പിന്നീട് ഹവിസ്സ് പൂജ നടത്തുന്നു, അതിന് മരം എന്ന വാദ്യവും ശംഖ്, ചേങ്ങില എന്നിവയും ചേർത്തുള്ള മരപ്പാണികൊട്ടി ബലി ദേവതകളെ ഉണർത്തും. 

ക്ഷേത്രത്തിനുള്ളിലുള്ള ദ്വാസ്ഥന്മാർ, മണ്ഡപത്തിലെ ദേവവാഹനം, അഷ്ടദിക്പാലകർ, ബ്രഹ്മാവ്, അനന്തൻ, സപ്തമാതൃക്കൾ, ഗണപതി, വീരഭദ്രൻ എന്നീ ദേവതകൾക്കും അനുചരന്മാർക്കും ആദ്യഘട്ടത്തിൽ ബലി തൂകും. രണ്ടാമത്തെ പ്രദക്ഷിണത്തിൽ ശ്രീകോവിലിന്‍റെ തെക്കുള്ള സപ്ത മാതൃക്കൾക്ക് ബലി തൂകുന്നു. വളരെ സമയമെടുത്താണ് രണ്ടാമത്തെ ഈ ബലിതൂവൽ. ഈ സമയത്തുമാത്രമാണ് ഭക്തർക്ക് ദർശനം നൽകാറുള്ളത്. കാണിക്ക അർപ്പിച്ച് ഉത്സവബലിപൂജ തൊഴുതാൽ അഷ്ടൈശ്വര്യങ്ങൾ സിദ്ധിക്കുമെന്നാണ് വിശ്വാസം. ഇതിനുശേഷം മാത്രമാണ് നാലമ്പലത്തിന് പുറത്തുള്ള ബലിപീഠങ്ങളിൽ ബലിതൂകുന്നത്. ക്ഷേത്രേശനെ എഴുന്നള്ളിച്ച് പുറത്തെ ബലി സമർപ്പണം വടക്കു ഭാഗത്ത് എത്തുമ്പോൾ ക്ഷേത്രപാലന് പാത്രത്തോടെ ബലി സമർപ്പിക്കുന്നതും വിചിത്രമായ കാഴ്ചയാണ്. തുടർന്ന് ദേവനെ അകത്ത് എഴുന്നള്ളിച്ച് പൂജ നടത്തുന്നതോടെ  ഉത്സവബലി പൂർണമാകുന്നു. 

2 comments:

  1. ക്ഷേത്ര പ്രതിഷ്ഠയെക്കുറിച്ചും ആചാരാനുഷ്ഠാനങ്ങളെക്കുറിച്ചും ഒരു സാധാരണക്കാരന് പ്രാഥമിക അറിവു പകരുന്ന താങ്കളുടെ ഈ പോസ്റ്റ് നന്നായിട്ടുണ്ട്.

    ReplyDelete
  2. വളരെ ഉപകാരപ്രദം... ഇതിനുവേണ്ടി പ്രവർത്തിച്ച എല്ലാവർക്കും നന്ദി..

    ReplyDelete