ക്ഷേത്രങ്ങളിലെ പായസ വഴിപാടുകൾ/ നിവേദ്യങ്ങൾ
ആചാര അനുഷ്ടാന വിശ്വാസ പെരുമകൾ കൊണ്ട് വിഭിന്നമാണ് ഭാരതത്തിലെ ഓരോ ക്ഷേത്രവും. ക്ഷേത്രങ്ങളിൽ ദേവി അല്ലെങ്കിൽ ദേവന് നിവേദിക്കുന്ന നിവേദ്യപ്രസാദങ്ങളുടെ കാര്യവും അതുപോലെ തന്നെ. ശബരിമലയിലെ അരവണ പ്രസിദ്ധമാണല്ലോ.. പഴനിയിലെ പഞ്ചാമൃതം, കൊട്ടാരക്കരയിൽ ഉണ്ണിയപ്പം, അമ്പലപുഴയിലെ പാൽപായസ്സം, ഇവയെല്ലാം വളരെ പ്രസിദ്ധമാണല്ലോ..
ഇനി ദേവി ക്ഷേത്രങ്ങളിലേക്ക് നോക്കാം. കടുംപായസ്സമാണ് ദേവി ക്ഷേത്രങ്ങളിൽ പ്രധാനം. ഉണക്കലരിയും ശർക്കരയും നെയ്യും ആണ് കടുംപായസത്തിലെ പ്രധാന ചേരുവകൾ. കടുത്ത മധുരമുള്ളതുകൊണ്ടാണ് കടും പായസം/കഠിനപ്പായസം എന്നൊക്കെ വിളിക്കുന്നത്. ദീർഘകാലം കേടാവാതെ ഇരിക്കുമെന്നതാണ് ഈ പായസത്തിന്റെ ഗുണം..
മലയാലപ്പുഴയിലും കുമാരനല്ലൂരിലും അമ്മയ്ക്ക് പായസ നിവേദ്യം ചതു:ശതം എന്ന പേരിൽ അറിയപെടുന്നു. ചതുർ എന്നാൽ നാല് ശതം എന്നാൽ നൂറ് ചതുശതം എന്നാൽ 104 ഇവിടെ 104 ചേരുവ [കൂട്ടുകൾ] ആണ് ചതു:ശതപായസ നിവേദ്യത്തിൽ ഉള്ളത്. 104 തേങ്ങ, 104 കലം ശര്‍ക്കര, 104 നാഴി അരി, 104 തുടം നെയ്യ്, 104 കദളിപ്പഴം എന്നീ നിരക്കിലുള്ള കൂട്ടുകള്‍ കൊണ്ടാണ് ചതുശതം തയ്യാറാക്കുന്നത്.
മഹേശ്വരിയുടെ കാർത്ത്യായനി ഭാവത്തിൽ കുടികൊള്ളുന്ന ചേർത്തല ദേവി ക്ഷേത്രത്തിലെ നിവേദ്യപ്രസാധമാണ് ചേര്‍ത്തല തടി” പ്രസാദം. ക്ഷേത്രത്തിലെ പ്രധാന വഴിപാടാണ് തടിവഴിപാട്. അരിപ്പൊടി, തേന്‍, പഴം, മുന്തിരിങ്ങ, കല്‍ക്കണ്ടം, ചുക്കുപൊടി, ഏലക്കാപൊടി, ജീരകപ്പൊടി എന്നിവ ചേർത്താണ് ഇത് നിർമ്മിക്കുന്നത്. തുടർന്ന് കുഴൽരൂപത്തിൽ ചുരുട്ടിയെടുത്ത പാളയിൽ ഈ മിശ്രിതം നിറയ്ക്കുന്നു. തുടർന്ന് മണ്ണിൽ കുഴിച്ചിട്ട് മീതെ തീയിട്ട് ചുട്ടെടുക്കുകായാണ്. രോഗം മാറാൻ, ദുരിതങ്ങൾ ഒഴിയാൻ, നിരവധിപ്പേരാണ് ഈ വഴിപാട് നേരുന്നത്..
ക്ഷേത്രം ഏതുമായിക്കൊള്ളട്ടെ ക്ഷേത്രദർശനം കഴിഞ്ഞു ശാന്തമായ മനസ്സോടെ ഭക്തിനൈർമല്യത്തോടെ ആ പ്രസാദം കഴിക്കുമ്പോൾ ആണ് അത് നമുക്ക് കൂടുതൽ രുചികരമാകുന്നത്..പിന്നീടെപ്പോഴായാലും ആ ചെറിയ വാഴയിലക്കീറിൽ ലഭിക്കുന്ന ഒരല്പം പായസം പോലും നമുക്ക് അമൃതാണ്. ഒരു മാത്ര നേരം നമ്മൾ ആ ക്ഷേത്രത്തെ കുറിച്ച് ഓർത്തുപോകുന്നു. എത്ര കാലം കഴിഞ്ഞാലും ആ രുചി നമ്മുടെ മനസ്സിൽ നിന്ന് മായുകയുമില്ല..
No comments:
Post a Comment