കരുണ ചെയ്‌വാനെന്തു താമസം കൃഷ്‌ണാ..
കരുണ ചെയ്‌വാനെന്തു താമസം കൃഷ്‌ണാ..
കഴലിണ കൈതൊഴുന്നേൻ
ശരണാഗതന്മാർക്കിഷ്‌ട വരദാനം ചെയ്‌തു ചെമ്മേ
ഗുരുവായൂപുരംതന്നിൽ
മരുവുമഖില ദുരിതഹരണ ഭഗവൻ
താരിൽ തന്വി തലോടും ചാരുത്വം ചേർന്നപാദം
ദൂരത്തിങ്ങിരുന്നോരോ നേരത്തിൽ നിനച്ചാലും,
ചാരത്തങ്ങു വന്നുപചാരത്തിൽ സേവിച്ചാലും
പാരിൽ തിങ്ങിന തവ
പരമ പുരുഷനഖലു ഭേദമേതും
ഉരുതരഭവസിന്ധൗ ദുരിതസഞ്ചയമാകും
തിരതന്നിൽ മരുവുന്ന നരതതിക്കവലംബം
മരതകമണിവർണൻ ഹരിതന്നെയെന്നും തവ
ചരിതവർണനങ്ങളിൽ സകലമുനികൾ
പറവതറിവനധുനാ
പിഞ്ഛഭരമണിഞ്ഞ പൂഞ്ഛികര ഭംഗിയും
പുഞ്ചിരിചേർന്ന കൃപാപൂർണ്ണകടാക്ഷങ്ങളും
അഞ്ചിത വനമാലഹാരകൗസ്തുഭങ്ങളും
പൊൻചിലമ്പും പാദവും
ഭുവനമദന ഹൃദിമമ കരുതുന്നേൻ
ധാതാവാദിയാം ലോകത്രാതാവായുള്ള ഗുരു
ത്രാതാവായുള്ള ഗുരുവാതപുരനികേത
ശ്രീപത്മനാഭാ
പ്രീതികലർന്നിനി വൈകാതെ
കനിവോടെന്റെ വാതാദിരോഗം നീക്കി
വരദ വിതര സകലകുശലമധികം
അർത്ഥം :
കൃഷ്‌ണാ ... അവിടുത്തെ പാദങ്ങളിൽ നമസ്ക്കരിയ്ക്കുന്ന അടിയനിൽ പ്രസാദിയ്ക്കാൻ എന്താണ് താമസം?
ആശ്രയമപേക്ഷിച്ചു വരുന്നവര്‍ക്കെല്ലാം ആഗ്രഹങ്ങള്‍ സാധിപ്പിച്ചു കൊടുത്തുകൊണ്ട് , ഗുരുവായൂരില്‍ വാഴുന്ന ഭഗവാനേ, ഏവരുടെയും കഷ്‌ടപ്പാടുകള്‍ മാറ്റാന്‍ കഴിവുള്ള നിന്തിരുവടി എന്നില്‍ കരുണ ചൊരിയാനെന്താണിത്ര താമസം?
ലക്ഷ്മീദേവി പ്രിയമോടെ തലോടുന്ന ആ മനോഹരമായ പാങ്ങൾ ഗുരുവായൂർ ക്ഷേത്രത്തിൽ നിന്നകലെ ഇരുന്ന് സ്മരിച്ചാലും, അവിടെയെത്തി ഭജിച്ചാലും, പ്രപഞ്ചമാകെ നിറഞ്ഞ് നിൽക്കുന്ന ഭഗവാന് യാതൊരു വ്യാത്യാസവും അനുഭവപ്പെടുകയില്ല.
വഞ്ചിയില്ലാതെ, അഭയമില്ലാതെ ജീവിത ദുരിതമാകുന്ന സമുദ്രത്തിൽ കഷ്‌ടതകളാകുന്ന തിരമാലക്കൂട്ടങ്ങളില്‍ മുങ്ങിയും പൊങ്ങിയും കഴിഞ്ഞു കൂടുന്ന ജനങ്ങള്‍ക്ക് ഒരേയൊരാശ്രയം മരതകമണിയുടെ നിറമുള്ള ശ്രീകൃഷ്ണൻ മാത്രമാണ് എന്ന വസ്‌തുത, അവിടുത്തെ കഥകള്‍ വര്‍ണിക്കുന്ന സന്ദര്‍ഭങ്ങളില്‍ , മുനിമാരെല്ലാം പറഞ്ഞ് അടിയന് അറിവുള്ളതാണ്.
മയിൽപ്പീലി തിരുകിയ കേശഭംഗിയും, കരുണയോടെ പുഞ്ചിരിതൂകിയുള്ള നോട്ടവും, കൗസ്തുഭരത്നവും, വനമാലയും അണിഞ്ഞ മാറിടവും, സ്വർണ്ണച്ചിലമ്പണിഞ്ഞ പാദങ്ങളും ചേർന്ന് എന്റെ ഹൃദയത്തിൽ കാമദേവനെ വെല്ലുന്ന രൂപമായാണ് അവിടുന്ന് വിളങ്ങുന്നത്.
പ്രപഞ്ചം സൃഷ്ടിച്ചും, പരിപാലിച്ചും സകലതിനും ആധാരവും, ഗുരുവായൂരിൽ പ്രതിഷ്ഠിതവുമായ പദ്മനാഭാ... എന്നിൽ കരുണയുണ്ടായി രോഗശാന്തി വരുത്തി, എല്ലാവിധ ഐശ്വര്യങ്ങളും നൽകുവാനുള്ള കരുണ കാട്ടണമേ ...
No comments:
Post a Comment