ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

7 December 2016

അഗസ്ത്യന്‍

അഗസ്ത്യന്‍

പുരാവൃത്ത പ്രസിദ്ധനായ ഒരു ഋഷി. അഗസ്ത്യന്റെ ഉദ്ഭവത്തെപ്പറ്റി പല പൗരാണികകഥകളും പ്രചാരത്തിലിരിക്കുന്നു. ഉര്‍വശി എന്ന അപ്സരസിന്റെ സൗന്ദര്യം കണ്ടു മോഹിതരായിത്തീര്‍ന്ന മിത്രനും വരുണനും ധാതുസ്ഖലനം ഉണ്ടായി എന്നും ആ ധാതു ഒരു കുടത്തില്‍ നിക്ഷേപിച്ചുവെന്നും അതില്‍നിന്ന് പിന്നീട് അഗസ്ത്യന്‍ പിറന്നു എന്നുമാണ് കഥ. ഈ കഥയുടെ പരാമര്‍ശം ഋഗ്വേദത്തിലുണ്ട് (ഋഗ്വേദം 7/33/13). കുംഭത്തില്‍ നിന്നും ഉദ്ഭവിച്ചവനാകയാല്‍ കുംഭജന്‍, കുംഭസംഭവന്‍, ഘടോദ്ഭവന്‍ എന്നീ പേരുകളിലും അഗസ്ത്യന്‍ അറിയപ്പെടുന്നു. മാതാപിതാക്കളുടെ നാമങ്ങളുമായി ബന്ധപ്പെടുത്തി മൈത്രാ വരുണി, ഔര്‍വശീയന്‍ എന്നീ പേരുകളും അഗസ്ത്യന് ലഭിച്ചിട്ടുണ്ട്. പര്‍വതം, കുടം എന്നീ അര്‍ഥങ്ങളുള്ള 'അഗം' എന്ന പദത്തില്‍ അഗസ്ത്യന്‍ എന്ന പേര് കണ്ടെത്തുന്നവരും ദുര്‍ലഭമല്ല. അഗത്തെ സ്തംഭിപ്പിച്ചവന്‍, അഗ(കുട)ത്തില്‍നിന്ന് സ്ത്യായനം ചെയ്യ (കൂട്ടിച്ചേര്‍ക്ക)പ്പെട്ടവന്‍ എന്നെല്ലാമാണ് ഈ വ്യാഖ്യാനത്തിന്റെ നിദാനം.

അഗസ്ത്യമുനി (ശിലാശില്പം)

സുമേരുപര്‍വതത്തെ പ്രദക്ഷിണം ചെയ്യാന്‍ എല്ലാവര്‍ക്കും കഴിയുമെങ്കിലും തന്നെ മറികടക്കുവാന്‍ ലോകത്താര്‍ക്കും സാധ്യമല്ല എന്ന് അഹങ്കരിച്ച വിന്ധ്യപര്‍വതത്തിന്റെ ഗര്‍വു തകര്‍ത്തവന്‍ എന്ന നിലയിലാണ് 'പര്‍വതത്തെ സ്തംഭിപ്പിച്ചവന്‍' എന്ന അര്‍ഥത്തില്‍ അഗസ്ത്യന്‍ എന്ന പേര്‍ ഇദ്ദേഹത്തിന് ലഭിച്ചത്.

ദേവാസുരയുദ്ധവേളയില്‍ തന്റെ ഉള്‍ഭാഗത്ത് ഒളിച്ചിരിക്കുവാന്‍ അസുരന്‍മാര്‍ക്ക് സൗകര്യം നല്കിയ സമുദ്രത്തോട് കുപിതനായിത്തീര്‍ന്ന അഗസ്ത്യന്‍ സാഗരജലം മുഴുവന്‍ കൈക്കുള്ളിലൊതുക്കി കുടിച്ചുകളഞ്ഞു എന്ന് മറ്റൊരു ഐതിഹ്യവും പ്രചാരത്തിലുണ്ട്.

നഹുഷനെ തന്റെ ശാപംമൂലം വിഷസര്‍പ്പമാക്കിയതും വാതാപി എന്നു പേരുളള രാക്ഷസനെ ഭക്ഷിച്ചതും വാതാപിയുടെ സഹോദരനായ ഇല്വലനെ നേത്രാഗ്നിയില്‍ ഭസ്മീകരിച്ചതും, ക്രൗഞ്ചനെ പര്‍വതമാക്കി മാറ്റിയതും ഇന്ദ്രദ്യുമ്നനെ ശപിച്ച് ആനയാക്കിയതും അഗസ്ത്യന്റെ അദ്ഭുതസിദ്ധികള്‍ക്ക് ഉദാഹരണങ്ങളാണ്.

രാവണനുമായുള്ള യുദ്ധത്തില്‍ പരവശനായിത്തീര്‍ന്ന ശ്രീരാമന് ആദിത്യഹൃദയമന്ത്രം ഉപദേശിച്ചുകൊടുത്ത് അദ്ദേഹത്തിന്റെ ആത്മവീര്യവും സമരോത്സാഹവും അഗസ്ത്യന്‍ വര്‍ധിപ്പിച്ചുവെന്ന് രാമായണത്തില്‍ പറയുന്നു.

ബ്രഹ്മപുരാണം അനുസരിച്ച് അഗസ്ത്യന്‍ പുലസ്ത്യ മഹര്‍ഷിയുടെ പുത്രനാണ്. അഗസ്ത്യന്‍ വളരെക്കാലം നിത്യബ്രഹ്മചാരിയായി കഴിഞ്ഞുവെന്നും ഒടുവില്‍ പിതൃക്കളുടെ പുണ്യകര്‍മാനുഷ്ഠാനങ്ങള്‍ക്ക് പിന്‍ഗാമികളില്ലാതെവന്നതുനിമിത്തം വിവാഹിതനായി എന്നും പുരാണ പരാമര്‍ശങ്ങള്‍ കാണുന്നു. അഗസ്ത്യന്‍ തന്റെ തപശ്ശക്തികൊണ്ട് ഒരു ബാലികയെ സൃഷ്ടിച്ച്, സന്താനലാഭം കൊതിച്ചുകഴിഞ്ഞിരുന്ന വിദര്‍ഭരാജാവിന് സമര്‍പ്പിച്ചു. ഈ ബാലിക ലോപാമുദ്രയെന്ന പേരില്‍ സുന്ദരിയായ ഒരു യുവതിയായി വളര്‍ന്നപ്പോള്‍ അഗസ്ത്യന്‍ അവളെ വിവാഹം ചെയ്തു. ഈ ദമ്പതികള്‍ക്ക് ദൃഢസ്യു എന്നു പേരുളള ഒരു പുത്രനുണ്ടായി.

വിന്ധ്യപര്‍വതത്തിന്റെ തെ. ഭാഗത്തുള്ള കുഞ്ജര പര്‍വതത്തിലെ ഒരു കുടീരത്തിലാണ് അഗസ്ത്യമുനി പാര്‍ത്തിരുന്നത്. ഈ കുടീരം സഹ്യപര്‍വതത്തിലെ അഗസ്ത്യകൂടമാണെന്ന് ഒരു വിശ്വാസമുണ്ട്.

തമിഴ് സാഹിത്യത്തില്‍ പല അഗസ്ത്യന്‍മാരെപ്പറ്റി പരാമര്‍ശമുണ്ടെങ്കിലും വൈദ്യശാസ്ത്രത്തിന്റെയും ജ്യോതിഷത്തിന്റെയും ആചാര്യനായി ആരാധിച്ചുപോരുന്നത് കുംഭോദ്ഭവനെന്നു കരുതപ്പെടുന്ന അഗസ്ത്യനെ തന്നെയാണ്. തമിഴ് ഭാഷയുടെ അക്ഷരമാല നിര്‍മിച്ചതും ആദ്യത്തെ വ്യാകരണം രചിച്ചതും ഈ അഗസ്ത്യമഹര്‍ഷിയാണെന്ന് വിശ്വസിച്ചുപോരുന്നു. പ്രസിദ്ധ തമിഴ് വ്യാകരണമായ തൊല്‍ക്കാപ്പിയം രചിച്ച തൊല്‍ക്കാപ്യര്‍ അഗസ്ത്യമുനിയുടെ പ്രഥമശിഷ്യനായിരുന്നു എന്നാണ് ഐതിഹ്യം. 12,000 സൂത്രങ്ങളുള്ള അകത്തിയം എന്ന വിശ്രുത ഗ്രന്ഥം രചിച്ചത് ഈ അഗസ്ത്യമുനിയാണെന്നും അല്ലെന്നും ഭിന്നമതങ്ങള്‍ നിലവിലിരിക്കുന്നു.

വൈദികകാലത്തും രാമായണകാലത്തും മഹാഭാരതകാലത്തും പല അഗസ്ത്യന്‍മാര്‍ ജീവിച്ചിരുന്നതായി പരാമര്‍ശങ്ങളുണ്ട്. ഇവരില്‍ ആരാണ് അകത്തിയം രചിച്ചതെന്നോ തമിഴ് ഭാഷയെ സമുദ്ധരിച്ചതെന്നോ വ്യക്തമായി കാണിക്കുന്ന ചരിത്രരേഖകളൊന്നും തന്നെ ലഭിച്ചിട്ടില്ല. എങ്കിലും രാമായണത്തിലും രാമായണത്തെ ഉപജീവിച്ചു രചിക്കപ്പെട്ടിട്ടുള്ള ഇതരകാവ്യങ്ങളിലും അഗസ്ത്യന്‍ പരാമൃഷ്ടനായിട്ടുണ്ട് എന്ന കാര്യം വിസ്മരിക്കാവുന്നതല്ല.

വരാഹപുരാണത്തിലെ അഗസ്ത്യഗീത, പഞ്ചരാത്രത്തിലെയും സ്കന്ദപുരാണത്തിലെയും അഗസ്ത്യസംഹിതകള്‍ തുടങ്ങി പല പുരാണഭാഗങ്ങളുടെയും കര്‍തൃത്വം അഗസ്ത്യമുനിയില്‍ നിക്ഷിപ്തമായിട്ടുണ്ട്. അഗസ്ത്യകൂടത്തിനു പുറമേ, അഗസ്ത്യതീര്‍ഥം, അഗസ്ത്യഗിരി, അഗസ്ത്യവടം, അഗസ്ത്യസരസ്സ്, അഗസ്ത്യാശ്രമം, അഗസ്തീശ്വരം തുടങ്ങി ഈ മുനിയുടെ പേര് ഉപസര്‍ഗമായിട്ടുള്ള പല സ്ഥലനാമങ്ങളും ഇന്ത്യയില്‍ പലയിടത്തും കാണപ്പെടുന്നു; ദക്ഷിണേന്ത്യയിലാണ് ഇവയില്‍ ഭൂരിഭാഗവും. അഗസ്ത്യരസായനം എന്ന ആയുര്‍വേദ ഔഷധം വിധിച്ചിട്ടുള്ളത് ഈ മഹര്‍ഷിയാണെന്ന് വിശ്വസിക്കപ്പെടുന്നു.

ആകാശത്തിന്റെ ഈശാനകോണില്‍ ഉദിക്കുന്ന കാനോപസ് (Canopus) പൗരസ്ത്യജ്യോതിശ്ശാസ്ത്രത്തില്‍ അഗസ്ത്യനക്ഷത്രമായി അറിയപ്പെടുന്നു. നോ: അകത്തിയര്‍

No comments:

Post a Comment