ധര്‍മ്മം എന്നാല്‍ എന്ത്?
ധൃഞ് ധാരണപോഷണയോഃ എന്ന ധാതുവില്‍നിന്നും നിഷ്പന്നമാവുന്ന പദം. ലോകത്തിന്റെ നിലനില്‍പ്പിനും മനുഷ്യജീവിതത്തിന്റെ ലക്ഷിയപ്രാപ്തിക്കും വേണ്ടി നാമെല്ലാം ധരിക്കേണ്ടുന്ന മൂല്യങ്ങളുടെ ആകെത്തുകയ്ക്ക് ധര്‍മ്മമെന്ന് പറയാം (ധാരണാദ് ധര്‍മ്മ). അതുപോലെ വ്യത്യസ്ത ഗുണഘടനകളോടും സ്വഭാവവിശേഷങ്ങളോടും കൂടിയ നാമൊക്കെയും യാതൊന്നിലാണോ ഒന്നായി, ഒരു സമൂഹമായി നിലനിര്‍ത്തപ്പെടുന്നത് അതാകുന്നു ധര്‍മ്മം. (ധ്രിയതേ അനേന ഇതി ധര്‍മ്മ)
ധര്‍മ്മത്തിന്റെ അടിസ്ഥാനം വേദമാകുന്നു. വേദോഖിലോ ധര്‍മ്മമൂലം എന്നു മനുസ്മൃതി. വേദത്തിന്റെ അടിസ്ഥാനത്തിലുള്ള ധര്‍മ്മമാകുന്നു വൈദികധര്‍മ്മം. ഒരിക്കലും നശിക്കാത്തതിനാല്‍ ഇതിനെ സനാതനധര്‍മ്മം എന്നു പറയുന്നു. ഈ സനാതനധര്‍മ്മം തന്നെയാണ് ഹിന്ദുധര്‍മ്മം എന്നറിയപ്പെടുന്നത്. ഹിന്ദുക്കള്‍ എന്നുവിളിക്കപ്പെട്ടത് ഭാരതത്തിലെ ജനതയാണ്. വടക്ക് ഹിമാലയം മുതല്‍ തെക്ക് ഇന്ദു സമുദ്രം വരെയുള്ള ഭൂഭാഗത്തിന് ഹിന്ദുസ്ഥാനം എന്നു പറയുന്നു. ഹിന്ദുസ്ഥാനത്ത് വസിക്കുന്നവര്‍ ഹിന്ദുക്കളായും അറിയപ്പെടുന്നു. ഇപ്രകാരമാണ് ആ പേര് വന്നതെന്ന് ഒരു പക്ഷം. അതല്ല സിന്ധുനദിയോടനുബന്ധിച്ച് വസിച്ച ജനവിഭാഗങ്ങളാണ് ഹിന്ദുക്കളെന്നു വിളിക്കപ്പെട്ടതെന്ന് വേറൊരുപക്ഷം. ഏതായാലും വൈദികധര്‍മ്മത്തില്‍ വസിക്കുന്നവരെയാണ് ഹിന്ദുക്കള്‍ എന്നു പറയുമ്പോള്‍ നാം വിവക്ഷിക്കുന്നത്. അങ്ങനെ ഭാരതത്തില്‍ ഹിന്ദുസ്ഥാനത്തില്‍ പ്രചരിച്ചതും ഇവിടെ നിന്നും ലോകമാസകലം പ്രസരിച്ചതുമായ വൈദികധര്‍മ്മത്തെ നാം ഹിന്ദു ധര്‍മ്മം എന്നുപറയുന്നു.
No comments:
Post a Comment