ശിവനും ശക്തിയും
ദേവിയും ദേവനും ഭിന്നവ്യക്തികളായിട്ടാണ് സാധാരണ മനസ്സിലാക്കുന്നത്. ശിവനും ശക്തിയും അതേമമാതിരി രണ്ടാണെന്ന് പലരും ധരിച്ചിട്ടുണ്ട്. ഇത് തികച്ചും തെറ്റാണെന്നു തെളിയിച്ചുകൊണ്ടാണ് ശൈവസിദ്ധാന്തത്തില്‍ ശിവശക്തൈക്യം സ്ഥാപിച്ചിരിക്കുന്നത്. ത്രിഗുണസമാനത്വമുള്ള പ്രകൃതിയില്‍നിന്നു നാദമുണ്ടായതായിട്ടാണ് ശിവപുരാണകല്പന. അനന്തരം ബിന്ദു ആവിര്‍ഭവിച്ചു. സദാശിവന് ബിന്ദുവില്നിന്നു ജനിച്ചു. സദാശിവനില്‍നിന്ന് മഹേശ്വരനും, മഹേശ്വരനില്‍നിന്ന് ശുദ്ധവിദ്യയും മായയില്‍ നിന്ന് കാലം, നിയതി, കല, വിദ്യ, രാഗം, ത്രിഗുണം എന്നിവയുമുണ്ടായി. ശിവന്റെ സഹചാരിണിയായി ഉമയെ വര്ണിക്കുമ്പോള് രണ്ടു വ്യത്യസ്ത വ്യക്തികളുടെ ചിന്ത സാധാരണയായി രൂപം കൊള്ളും. എന്നാല്‍ യോഗസിദ്ധാന്തപ്രകാരം ജീവന് സഹസ്രാരപദ്മത്തിലെത്തി അനുഭൂതി നേടുന്ന അനുഭവസിദ്ധാന്തമാണ് ശിവശക്തൈ്യക്യംകൊണ്ട് ലഭിക്കുന്നത്. ഭൗതികമായ ജീവന്റെ ദൈ്വതഭാവങ്ങളെല്ലാം അദൈ്വതമായ ശിവസങ്കല്പത്തില് ലയിക്കുന്നതായണ് ശിവശക്തൈക്യം. ഇത് സമാധിസ്ഥനും ജ്ഞാനവാനുമായ യോഗിയുടെ അവസ്ഥയാണ്. ശിവനും ശക്തിയും വ്യക്തികളല്ല, തത്ത്വമാണെന്ന് ഗ്രഹിക്കുക. ശിവനില്ലാത്ത ശക്തിക്കോ ശക്തിയെ കൂടാതുള്ള ശിവനോ വ്യക്തിത്വമില്ല. മൂല പ്രകൃതിയെന്ന് വര്‍ണിച്ചിരിക്കുന്നതും ശിവനില്‍നിന്ന് ശക്തിയുണ്ടായിയെന്ന് പറഞ്ഞിരിക്കുന്നതും സൃഷ്ടിയുടെ ആദ്യഭാവത്തെ സൂചിപ്പിക്കുന്ന ശിവതത്ത്വത്തില്‍ പ്രകൃതിയും, പ്രകൃതിയില്‍ ശിവതത്ത്വവും അടങ്ങിയിരിക്കുന്നു എന്ന് വ്യക്തമാക്കുന്നതിനാണ്.
‘ഏതാവാനസ്യ മഹിമാf തോജ്യായാംശ്ച പുരുഷ:
പാദോസ്യ വിശ്വാഭൂതാനി ത്രിപാദസ്യാമൃതം ദിവി’
പുരുഷസൂക്തഭാഗത്തിലെ പ്രകൃതിപുരുഷഭാവനയും ശിവതത്ത്വത്തിലെ ശിവശക്തൈ്യക്യവും രണ്ടായി കാണാന്‍ സാധിക്കുന്നില്ല. ശിവനും ശക്തിയും തമ്മിലുള്ള അഭേദ്യം സ്ഥാപിച്ചുകൊണ്ടാണ് ശിവമഹിമ വര്‍ണിക്കപ്പെട്ടിരിക്കുന്നത്. സൂര്യചന്ദ്രന്മാരും രശ്മികളുമായിട്ടുള്ള ബന്ധം പോലെ അഭേദ്യമാണ് ശിവശക്തിസ്വരൂപം. അവ പരസ്പരം ആശ്രയിക്കപ്പെട്ടിരിക്കുന്നു.
പുരുഷഭാവമാര്‍ന്നതെല്ലാം ശിവനെന്നും, സ്ത്രൈണങ്ങളായവ ശക്തിയെന്നും സാധാരണ സങ്കല്പിക്കുക പതിവാണ്. എന്നാല്‍ എല്ലാം പൗരുഷമാണെന്നാണ് ശിവപുരാണമതം. ശിവശക്തൈ്യക്യത്തിന്റെ അനന്യഭാവമാണ് ഇതുകൊണ്ട് സൂചിപ്പിക്കുന്നത്. സൃഷ്ടികളെല്ലാം ശിവസങ്കല്പത്തിലുദ്ഭവിക്കുകയും പ്രളയ സങ്കല്പത്തില് വിലയം പ്രാപിക്കുകയും ചെയ്യുന്ന അവസ്ഥാവിശേഷങ്ങളെ സൂചിപ്പിക്കുകയാണ് ശിവശക്തൈ്യക്യം കൊണ്ട് ഉദ്ദേശിക്കുന്നത്. ശക്തിസ്വരൂപിണിയായ പ്രകൃതി ശിവതത്ത്വത്തില്‍ വിലയം പ്രാപിക്കുന്നു. ആദിപുരുഷനായ ശിവനില്‍നിന്ന് വീണ്ടും ഉല്പത്തി സംഭവിക്കുകയും ചെയ്യുന്നു. ഇങ്ങനെ സൃഷ്ടി സ്ഥിതിലയഭാവങ്ങളില്‍ ശിവശക്തൈക്യം നിലനില്ക്കുന്നു.
‘ഇച്ഛാശക്തി ജ്ഞാനശക്തി ക്രിയാശക്തിസ്വരൂപിണി’ എന്നിങ്ങനെയുള്ള വര്‍ണനയുടെ രഹസ്യവും ഈ തത്ത്വം വെളിവാക്കുന്നു. മാര്‍ക്കണ്ഡേയപുരാണത്തില്‍ ശക്തിയുടെ അനന്തമായ വൈഭവങ്ങളെ വര്‍ണിക്കുന്ന ഒരേ കാരണത്തിന്റെ സഗുണനിര്‍ഗുണഭാവങ്ങള്‍ തന്നെയാണ് പുരുഷനെന്നും പ്രകൃതിയെന്നും ശിവനെന്നും ശക്തിയെന്നും വര്‍ണിക്കപ്പെട്ടിരിക്കുന്നത്.
‘രുദ്രോ ഗന്ധ: ഉമാ പുഷ്പം
രുദ്രോfര്‍ഥ: അക്ഷര: സോമാ
രുദ്രോ ലിംഗമുമാപീഠം
രുദ്രോ വഹ്നിരുമാ സ്വാഹാ
രുദ്രോ യജ്ഞ ഉമാ വേദി:
രുദ്രോ ദിവാ ഉമാ രാത്രി:
രുദ്ര: സോമ ഉമാ താര
രുദ്ര: സൂര്യ ഉമാച്ഛായാ
തസ്മൈ തസൈ്യ നമോ നമ:’ (രുദ്രഹൃദയോപനിഷത്ത്)
എന്നിങ്ങനെ ഉമാമഹേശ്വര മാഹാത്മ്യം വര്‍ണിക്കുന്നിടത്ത് അഭിന്നവും അനന്യവുമായ തത്ത്വമാണ് ശിവനും ശക്തിയുമെന്ന്വ്യക്തമാക്കപ്പെട്ടിരിക്കുന്നു.
H͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚I͚͚͚͚͚͚͚͚͚͚͚͚͚͚͚͚N͚͚͚͚͚͚͚͚͚͚͚͚͚͚͚D͚͚͚͚͚͚͚͚͚͚͚͚͚͚U͚͚͚͚͚͚͚͚͚͚͚͚͚ W͚͚͚͚͚͚͚͚͚͚͚A͚͚͚͚͚͚͚͚͚͚Y͚͚͚͚͚͚͚͚͚ O͚͚͚͚͚͚͚F͚͚͚͚͚͚ L͚͚͚͚I͚͚͚F͚͚E͚
No comments:
Post a Comment