ഹൈന്ദവ, വൈഷ്ണവ വിശ്വാസപ്രകാരം പ്രപഞ്ചപാലകനായ മഹാവിഷ്ണുവിന്റെ ദശാവതാരങ്ങളിൽ ആദ്യത്തേതാണ് മത്സ്യാവതാരം. ബ്രഹ്മാവ് ഉറങ്ങുന്ന സമയത്ത് നിശ്വാസവായുവിൽ കൂടി പുറത്തുവന്ന വേദത്തെ ഹയഗ്രീവൻ എന്ന ഒരസുരൻ കൈക്കലാക്കി സമുദ്രത്തിൽ ഒളിച്ചു. ഹയഗ്രീവനെ വധിച്ച് വേദങ്ങളെ വിണ്ടെടുക്കാനായി മഹാവിഷ്ണു മത്സ്യാവതാരം കൈക്കൊണ്ടു.
വിഷ്ണുഭക്തനായ സത്യവ്രതന്‍ എന്നൊരു രാജാവുണ്ടായിരുന്നു. അദ്ദേഹം ജലപാനം മാത്രം നടത്തി മഹാതപസ്സനുഷ്ഠിച്ചു. അദ്ദേഹം ഒരു ദിവസം കൃതമാലാ നദിയില്‍ കുളിക്കാനിറങ്ങി. കുളി കഴിഞ്ഞ് തര്‍പ്പണ ജലം കയ്യിലെടുത്തപ്പോള്‍ അതില്‍ ഒരു മത്സ്യക്കുഞ്ഞിനെ കണ്ടു. സത്യവ്രതന്‍ മത്സ്യക്കുഞ്ഞിനെ നദീജലത്തിലേക്കു തന്നെ ഇടാന്‍ ശ്രമിച്ചപ്പോള്‍ മത്സ്യക്കുഞ്ഞ് മനുഷ്യഭാവത്തില്‍ സംസാരിച്ചു.
”ഞാനൊരു ചെറിയ മത്സ്യം. അങ്ങനെ ഈ നദിയിലിട്ടാല്‍ വലിയ മത്സ്യങ്ങള്‍ എന്നെ ഇരയാക്കും. അവരെന്നെ പിടിച്ചുതിന്നാതെ ഭവാനെന്നെ രക്ഷിക്കണം.”
രാജാവിനു ദയ തോന്നി മത്സ്യക്കുഞ്ഞിനെ കമണ്ഡലുവിലാക്കി വീട്ടിലെ ഒരു ജലപാത്രത്തിലിട്ടു. ഒരു രാത്രി കൊണ്ട് മത്സ്യക്കുഞ്ഞു വളര്‍ന്ന് പാത്രത്തോളം വലുതായി. മത്സ്യക്കുഞ്ഞ് പിറ്റേദിവസം രാജാവിനോടു പറഞ്ഞു. ”ഈ പാത്രത്തില്‍ എനിക്ക് അനങ്ങാനാവുന്നില്ല. കുറച്ചുകൂടി വലിയ ഒരു സ്ഥലം വേണം.” സത്യവ്രതന്‍ അതിനെ ഒരു വലിയ കുട്ടകത്തിലേക്കു മാറ്റി. പിറ്റേ ദിവസം നോക്കിയപ്പോള്‍ മത്സ്യം കുട്ടകത്തോളം വലുതായിരുന്നു. സത്യവ്രതന്‍ ആ മത്സ്യത്തെ ഒരു കുളത്തിലിട്ടു. മത്സ്യം ഒറ്റ ദിവസംകൊണ്ട് കുളത്തോളം വലുതായതു കണ്ട് സത്യവ്രതന്‍ അദ്ഭുതപ്പെട്ടു. ഇതു സാധാരണ മീനല്ലെന്നു തിരിച്ചറിഞ്ഞു. മത്സ്യത്തിന്റെ ആവശ്യപ്രകാരം തന്നെ അതിനെ സമുദ്രത്തിലിട്ടു.
മത്സ്യം പറഞ്ഞു: ഹേ രാജാവേ ഇന്നുതൊട്ടു ഏഴാം ദിവസം ഈ കല്‍പ്പം അവസാനിക്കും. കല്‍പ്പാവസാനത്തില്‍ ബ്രഹ്മാവ് ഉറങ്ങാന്‍ കിടക്കും. ബ്രഹ്മാവിന്റെ രാത്രികാലത്ത് പ്രളയം വരും. വെള്ളമല്ലാതെ മറ്റൊന്നും അവശേഷിക്കില്ല. അതിനാല്‍ ഭവാന്‍ ഞാന്‍ പറയുന്നതുപോലെ ചെയ്യണം.
സത്യവ്രതന്‍ ചോദിച്ചു. ”അങ്ങാരാണ്?
സാക്ഷാല്‍ ഭഗവാന്‍ തന്നെയോ?
മത്സ്യം പറഞ്ഞു. ”അതെ. ഇതു എന്റെ മത്സ്യാവതാരമാണ്. പ്രളയകാലത്ത് ജീവരാശികളെ രക്ഷിക്കലാണ് എന്റെ ധര്‍മം. ഇനി ഞാന്‍ പറയുന്നതു ശ്രദ്ധിക്കുക. പ്രളയാരംഭത്തില്‍ അങ്ങേയ്‌ക്കു ചുറ്റും ജലം ഉയര്‍ന്നുവരും. അതോടൊപ്പം ഒരു കപ്പലവും ഉണ്ടാകും. അതില്‍ സപ്തര്‍ഷികളും ഉണ്ടാകും. അങ്ങു എല്ലാ സസ്യലതാദികളുടേയും ബീജം ശേഖരിച്ചു അതില്‍ നിക്ഷേപിക്കണം. താങ്കളും കപ്പലില്‍ കയറുക.
മത്സ്യം പറഞ്ഞതുപോലെ ഏഴാം ദിവസം പ്രളയമാരംഭിച്ചു. സത്യവ്രതന്‍ ഭഗവാന്‍ പറഞ്ഞതെല്ലാം നിവര്‍ത്തിക്കുകയും ചെയ്തു. സത്യവ്രതന്‍ ഭഗവാന്റെ നിര്‍ദേശപ്രകാരം കപ്പലിനെ മത്സ്യത്തിന്റെ ഉയര്‍ന്നുനില്‍ക്കുന്ന കൊമ്പുമായി ബന്ധിച്ചു. മത്സ്യം കപ്പലുമായി സമുദ്രത്തില്‍ ചുറ്റിക്കറങ്ങി. ആ വേളയില്‍ മത്സ്യം സപ്തര്‍ഷികള്‍ക്കും സത്യവ്രതനും ജ്ഞാനോപദേശം നല്‍കി. ആ ജ്ഞാനോപദേശമാണത്രേ മത്സ്യപുരാണം. മത്സ്യം തോണിയുമായി ഹിമാലയത്തിന്റെ ശൃംഗത്തിലെത്തിച്ചേര്ന്നു. പിന്നെ തോണിയെ ആ ശൃംഗത്തില് ബന്ധിക്കുകയും ചെയ്തു. അതിനുശേഷം മത്സ്യമൂര്ത്തി സമുദ്രത്തിന്റെ അടിയിലേക്കു ചെന്ന് ഹയഗ്രീവനെ വധിച്ച് വേദങ്ങളെ വീണ്ടെടുത്ത് ബ്രഹ്മാവിന് നല്കി.
കേരളത്തില് മത്സ്യമൂര്ത്തിക്ക് പ്രതിഷ്ഠയുള്ള അപൂര്വക്ഷേത്രമാണ് വയനാട് ജില്ലയിലെ മീനങ്ങാടിയില് സ്ഥിതിചെയ്യുന്ന മത്സ്യാവതാര ക്ഷേത്രം.
ഈ ക്ഷേത്രത്തിന്റെ ചുറ്റുമായി 3 കുളങ്ങള് ഉണ്ടായിരുന്നുവത്രേ. അതിലൊന്നില് സ്വര്ണവര്ണത്തോടുകൂടിയ മത്സ്യത്തെ കണ്ടിരുന്നുവെന്ന് പഴമക്കാര് പറയുന്നു. തിരുവനന്തപുരം ജില്ലയിലെ കാട്ടാക്കടയില് സ്ഥിതിചെയ്യുന്ന ചന്ദ്രമംഗലം മഹാവിഷ്ണു ക്ഷേത്രത്തിലും മുഖ്യപ്രതിഷ്ഠ മത്സ്യരൂപിയായ വിഷ്ണുവാണ്.
എല്ലാ വർഷവും 8 ഏപ്രിൽ മത്സ്യ ജയന്തിയായി ആഘോഷിക്കപ്പെടുന്നു . മത്സ്യാവതാരം പിറവിയെടുത്തത് ഈ ദിനത്തിലാണ്.
മനു ക്ഷേത്രം
🎀❉━═══🪷═══━❉🎀
ഹിമാലയമേഖലകളിലാണ് നമ്മുടെ കഥയനുസരിച്ച് കര ആദ്യം കാണപ്പെട്ടത് . മണാലിയിൽ തോണിയുറച്ചതെന്ന് വിശ്വസിക്കപ്പെടുന്ന ഒരു മലയുണ്ട് . അവിടെ മനുവിന്റെ ക്ഷേത്രം സ്ഥിതി ചെയ്യുന്നു .
"അമ്പോടു മീനായി വേദങ്ങൾ വീണ്ടിടും അമ്പുജനാഭനെ കൈതൊഴുന്നേൻ."
No comments:
Post a Comment