ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

Showing posts with label അയോധ്യ മുതല്‍ ലങ്ക വരെ.... Show all posts
Showing posts with label അയോധ്യ മുതല്‍ ലങ്ക വരെ.... Show all posts

27 July 2019

രാമേശ്വരം

അയോധ്യ മുതല്‍ ലങ്ക വരെ...

ഭാഗം - 07

രാമേശ്വരം

ലങ്കാദഹനത്തിനു ശേഷം തിരിച്ചെത്തിയ ഹനുമാന്‍ ലങ്കയിലെ കാര്യങ്ങള്‍ വിവരിച്ചു. ഹനുമാന്‍ പറഞ്ഞതു കേട്ട രാമന്‍  സുഗ്രീവനോടു പറഞ്ഞു.' സുഗ്രീവ, സൈന്യത്തോടു പുറപ്പെടാന്‍ പറയൂ. ഇത് വിജയ മുഹൂര്‍ത്തമാണ്. ഈ സമയത്ത് പുറപ്പെട്ട് രാവണനേയും ലങ്കാ നഗരിയേയും നിശേഷം നശിപ്പിച്ച് സീതയെ വീണ്ടുകൊണ്ടുവരും'. രാമ വാക്കുകള്‍ കേട്ട ഉടന്‍ വാനരസൈന്യം പുറപ്പെട്ടു. ഭൂമി മുഴുവന്‍ നിറഞ്ഞുകൊണ്ട് യാത്രചെയ്തു. വാലുകളെ ചലിപ്പിച്ചുകൊണ്ടും വൃക്ഷങ്ങളെ പിഴുതെറിഞ്ഞുകൊണ്ടും പര്‍വതങ്ങള്‍ കയറിക്കടന്നുകൊണ്ടും അവര്‍ വായുവേഗത്തില്‍ സഞ്ചരിച്ചു. വിശ്രമമില്ലാതെ യാത്രചെയ്ത്, പലപല വനങ്ങളും സഹ്യം, മലയം എന്നീ പര്‍വതങ്ങളും കടന്ന്, അവസാനം തെക്കേ സമുദ്രതീരത്തെത്തി.'
ഇന്നത്തെ രാമേശ്വരമായിരുന്നു ആ തീരം. വരുണ ദേവനെ പ്രീതിപ്പെടുത്തിയ രാമന്‍, സുഗ്രീവന്റെ സമ്മതത്തോടെ സേതു ബന്ധിക്കാന്‍ നളനോട്  നിര്‍ദ്ദേശിച്ചു. സേതു ബന്ധനത്തിനു മുന്‍പ് രാമന്‍ സമുദ്രക്കരയില്‍ ശിവനെ രാമേശ്വരനായി പ്രതിഷ്ഠിച്ച് പൂജിച്ചു. ''ഇവിടെ സേതുബന്ധന തീര്‍ത്ഥത്തില്‍ സ്നാനം ചെയ്ത് രാമേശ്വരനെ ദര്‍ശിക്കുകയും അതിനുശേഷം കാശിയില്‍ ചെന്ന് വിശ്വനാഥനെ ദര്‍ശിക്കുകയും ചെയ്യുക. അവിടെനിന്ന് ഗംഗാജലം കൊണ്ടുവന്ന് രാമേശ്വരന് അഭിഷേകം ചെയ്യുക. ശേഷം ഇവിടെ സമുദ്രസ്നാനം ചെയ്യുന്നവന്‍ സകലപാപങ്ങളും തീര്‍ന്ന് മുക്തനാകും. സംശയമില്ല'

രാമായണവുമായി ബന്ധപ്പെട്ട സ്ഥലങ്ങളില്‍ ആത്മീയത കൂടുതല്‍ തുളുമ്പുന്ന സ്ഥലം രാമേശ്വരമാണ്. രാമന്‍ ഈശ്വരനായി ഇരിക്കുന്ന ഇടം. ക്ഷേത്രങ്ങളും തീര്‍ത്ഥക്കുളങ്ങളും എണ്ണമറ്റ ശിവ- വിഷ്ണു ക്ഷേത്രങ്ങളും രാമേശ്വരത്തിന്റെ സവിശേഷതയാണ്. മോക്ഷം തേടി ലോകത്തിന്റെ നാനാഭാഗങ്ങളില്‍ നിന്നുള്ളവര്‍ രാമേശ്വരം സന്ദര്‍ശിക്കുന്നു. ജീവിതത്തില്‍ ഒരിക്കലെങ്കിലും രാമേശ്വരത്തെ ക്ഷേത്രങ്ങളില്‍ പ്രാര്‍ത്ഥന നടത്തുക എന്നത് ഒഴിച്ചുകൂടാനാവാത്തതാണ്. രാമേശ്വരത്ത് അറുപത്തിനാലോളം തീര്‍ത്ഥക്കുളങ്ങളുണ്ട്. ഇവയില്‍ 24 എണ്ണം വളരെയധികം പ്രാധാന്യം ഉള്ളവയും. ഈ കുളങ്ങളില്‍ മുങ്ങി കുളിക്കുന്നത് പാപങ്ങളില്‍ നിന്ന് മുക്തി നല്‍കുമെന്നാണ് വിശ്വാസം. പാപങ്ങളില്‍ നിന്ന് മോചനം നേടിയാല്‍ മാത്രമേ മോക്ഷം ലഭിക്കൂ. അതുകൊണ്ട് തന്നെ ഈ കുളങ്ങളില്‍ മുങ്ങാതെ തീര്‍ത്ഥാടനം പൂര്‍ത്തിയാകില്ല.

 രാമേശ്വര എന്ന വാക്കിന്റെ അര്‍ത്ഥം രാമന്റെ ഈശ്വരന്‍ എന്നാണ്. രാമനാഥസ്വാമി ക്ഷേത്രം തന്നെ പ്രധാന ആകര്‍ഷകം. രാമേശ്വരത്ത്  രാമന്‍ തന്റെ പാപങ്ങള്‍ക്ക് പ്രായശ്ചിത്തം ചെയ്തതു. രാവണനെ വധിച്ചതില്‍ അദ്ദേഹത്തിന് അതിയായ ദുഖം ഉണ്ടായിരുന്നു. ഇതാണ് പ്രായശ്ചിത്തം ചെയ്യാന്‍ പ്രേരിപ്പിച്ചത്. തുടര്‍ന്ന്  വലിയ ശിവലിംഗം നിര്‍മ്മിക്കാന്‍ തീരുമാനിക്കുകയും ഹിമാലയത്തില്‍ നിന്ന് കൊണ്ടു വരാന്‍ ഹനുമാനെ ചുമതലപ്പെടുത്തുകയും ചെയ്തു. ഇതിന് കാലതാമസം നേരിട്ടു. ഇതിനിടെ സീത  ഒരു ശിവലിംഗം നിര്‍മ്മിച്ചു. രാമനാഥസ്വാമി ക്ഷേത്രത്തില്‍ ഇന്ന് കാണപ്പെടുന്ന ശിവലിംഗം സീതാദേവി നിര്‍മ്മിച്ചതാണ് . ഭാരതത്തില്‍ വടക്ക് ബദരീനാഥം, കിഴക്ക് പുരി ജഗന്നാഥം, പടിഞ്ഞാറ് ദ്വാരക, തെക്ക് രാമേശ്വരം എന്നിവയാണ് മഹാക്ഷേത്രങ്ങള്‍. ഇവയില്‍ രാമേശ്വരം മാത്രമാണ് ശിവപ്രതിഷ്ഠയുള്ളക്ഷേത്രം. പന്ത്രണ്ട് ജ്യോതിര്‍ലിംഗക്ഷേത്രങ്ങളില്‍ ഒന്നാണീ ക്ഷേത്രം. ക്ഷേത്രത്തിനുള്ളിലെ ദീര്‍ഘമായ പ്രദക്ഷിണ ഇടവഴികള്‍  ദൈര്‍ഘ്യത്താല്‍ കീര്‍ത്തികേട്ടതും.
രാമനാഥ സ്വാമി ക്ഷേത്രത്തിനു സമീപം സ്ഥിതി ചെയ്യുന്ന മറ്റൊരു പ്രസിദ്ധ തീര്‍ഥമാണ് ലക്ഷ്മണ തീര്‍ഥ. തന്റെ തെറ്റുകള്‍ ക്ഷമിക്കപ്പെടുവാനായി ലക്ഷ്മണന്‍ ശിവലിംഗം സ്ഥാപിച്ച് പ്രാര്‍ത്ഥിച്ച സ്ഥലത്താണ് ഈ തീര്‍ഥം. അഗ്നി തീര്‍ഥത്തില്‍ നിന്നും ഒന്നര കിലോമീറ്ററും രാമേശ്വരം ബസ് സ്റ്റാന്‍ഡില്‍ നിന്നും ഒരു കിലോമീറ്ററുമാണ് ഇവിടേക്കുള്ള ദൂരം. ഇതിനടുത്തുതന്നെ രാമ തീര്‍ത്ഥവും സീതാ തീര്‍ത്ഥവും ഉണ്ട്. രാമേശ്വരത്തു നിന്നും ധനുഷ്‌കോടിയിലേക്കുള്ള പാതയില്‍ 13 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന മറ്റൊരു തീര്‍ഥാടന കേന്ദ്രമാണ് ജഡാ തീര്‍ഥം. രാവണനെ വധിച്ചതിനു ശേഷം രാമനും ലക്ഷണമനും ഇവിടെ എത്തി തങ്ങളുടെ ജട ഇവിടെ കഴുകി എന്നതാണ് ഈ തീര്‍ഥത്തിന്റെ ഐതിഹ്യം.  രാമേശ്വരത്തെ പ്രധാനപ്പെട്ട തീര്‍ഥാടന കേന്ദ്രങ്ങളിലൊന്നാണ് വില്ലൂണ്ടി തീര്‍ഥം. സീതാ ദേവിക്ക് ദാഹിച്ചപ്പോള്‍ രാമന്‍ വില്ലു കുലച്ചെന്നും അത് ചെന്നു തറച്ച സ്ഥലത്തു നിന്നും വെള്ളം ഉറവയായി ഒഴുകുവാന്‍ തുടങ്ങിയെന്നുമാണ് ഐതിഹ്യം.
രാമനാഥസ്വാമി ക്ഷേത്രത്തിന്റെ എതിര്‍ഭാഗത്താണ് അഗ്നി തീര്‍ഥം. രാവണനെ കൊന്നതിനു ശേഷം രാമന്‍ ഇവിടെ എത്തി കുളിച്ചു എന്നാണ് വിശ്വാസം. എത്ര വലിയ പാപം ചെയ്താലും ഇവിടെ എത്തി സ്നാനം ചെയ്താല്‍ എല്ലാ കറകളില്‍ നിന്നും മോചിതരാകുമെന്നും  ചിതാഭസ്മം ഇവിടുത്തെ തീര്‍ഥത്തില്‍ ഒഴുക്കിയാല്‍ ആത്മാവിന് ശാന്തി ലഭിക്കും എന്നും ഒരു വിശ്വാസമുണ്ട്.
 മറ്റൊരു പുണ്യ തീര്‍ഥമാണ് ധനുഷ്‌കോടി തീര്‍ഥ. രാമേശ്വരം ക്ഷേത്രത്തില്‍ നിന്നും 18 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന ഇവിടെയാണ് ലങ്കയിലേക്ക് പോകുന്നതിനായി വാനരപ്പട പാലം നിര്‍മ്മിച്ചത്

രാമേശ്വരം ക്ഷേത്രത്തില്‍ നിന്ന്  രണ്ടുകിലോമീറ്റര്‍ ദൂരത്തില്‍ ഗന്ധമാദനപര്‍വതം സ്ഥിതിചെയ്യുന്നു. രാമായണത്തില്‍ പരാമര്‍ശിക്കപ്പെട്ടിട്ടുള്ള ഈ സ്ഥലത്തു നിന്നാണ് ഹനുമാന്‍ ലങ്കയിലേക്ക് ചാടാന്‍ തയ്യാറെടുത്തത്.  ഇവിടെ മണ്‍തിട്ടയുടെ മുകളില്‍ തളത്തോടുകൂടിയ മണ്ഡപം നിര്‍മിച്ചിരിക്കുന്നു. മണ്ഡപത്തില്‍ ശ്രീരാമന്റെ പാദങ്ങള്‍ കാണാം. ഇവിടെനിന്ന് വീക്ഷിച്ചാല്‍ രാമേശ്വരം നഗരത്തിന്റെ നയനാനന്ദകരമായ ദൃശ്യവും ദ്വീപിന്റെ പലഭാഗങ്ങളും കാണാം. ഗോദണ്ഡരാമക്ഷേത്രം എന്ന ശ്രീരാമക്ഷേത്രം രാമേശ്വരം പട്ടണത്തില്‍നിന്ന് ഏഴുകിലോമീറ്റര്‍ അകലെ ധനുഷ്‌കോടിയിലേക്കുള്ള മാര്‍ഗ്ഗമധ്യേയാണ്.  ഇവിടെയാണ് വിഭീഷണന്‍ ശ്രീരാമനെ ആശ്രയം പാപിച്ചതും ലക്ഷ്മണന്‍ വിഭീഷണനെ ലങ്കാധിപതിയായി കിരീടധാരണം നടത്തിയതും. വിഭീഷണപട്ടാഭിഷേകം ഇവിടെ ഉത്സവമായി ആഘോഷിക്കുന്നു. ഗോദണ്ഡരാമക്ഷേത്രത്തിലെ ഉത്സവത്തിന്റെ തൊട്ടടുത്ത ദിവസം രാമനാഥസ്വാമിക്ഷേത്രത്തില്‍ രാമലിംഗപ്രതിഷ്ഠോത്സവം.
രാമേശ്വരം ക്ഷേത്രത്തില്‍ നിന്നും രണ്ടു കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന പഞ്ചമുഖം ഹനുമാന്‍ ക്ഷേത്രം  പ്രസിദ്ധമായ തീര്‍ഥാടന കേന്ദ്രങ്ങളിലൊന്നാണ്. തന്റെ അഞ്ചു മുഖങ്ങളും ഹനുമാന്‍ ഇവിടെ വെച്ചാണ് വെളിപ്പെടുത്തിയത്. നരസിംഹ, ആദിവരാഹ, ഗരുഡ, ഹയാഗ്രിവ, ഹനുമാന്‍ എന്നീ അഞ്ച് മുഖങ്ങളാണ് ഹനുമാന്റെ ഇവിടുത്തെ രൂപത്തില്‍ കാണുവാന്‍ സാധിക്കുക. 1964 ല്‍ രാമേശ്വരത്തെ കൊടുങ്കാറ്റിനു ശേഷം ക്ഷേത്രത്തില്‍ രാമന്റെയും സീതയുടെയും പ്രതിഷ്ഠകളും സ്ഥാപിച്ചിട്ടുണ്ട്.
വെള്ളത്തില്‍ പൊങ്ങിക്കിടക്കുന്ന കല്ലുകള്‍ ഇവിടെ കാണാം. രാമസേതുനിര്‍മ്മാണത്തിന് ഉപയോഗിച്ചിരുന്നത് ഇത്തരം കല്ലുകളാണ്.

തിരുപുല്ലാണി വിഷ്ണുക്ഷേത്രമാണ് പ്രധാന ആകര്‍ഷണം. ഈ സ്ഥലത്ത് ശ്രീരാമന്‍ ദര്‍ഭപ്പുല്ലില്‍ ശയിച്ചതായും സമുദ്രരാജാവായ വരുണനെ സ്മരിച്ചതായും വരുണന്‍ എത്തിച്ചേരുന്നതിന് താമസമുണ്ടായതിനാല്‍ കോപിഷ്ടനായ ശ്രീരാമന്‍ വരുണന്റെ അഹങ്കാരശമനം നടത്തിയതായുമാണ് ഐതിഹ്യം. ദേവിപട്ടണം ദേവീക്ഷേത്രമാണ് മറ്റൊരു പുണ്യസ്ഥലം. നവഗ്രഹങ്ങളെ സങ്കല്പിച്ച് ഒന്‍പത് ശിലകള്‍ ശ്രീരാമന്‍ ഇവിടെ കടലോരത്ത് സ്ഥാപിച്ചു.
രാമേശ്വരം ദ്വീപിലുള്ള ധനുഷ്‌കോടി  മത്സ്യബന്ധനത്തുറമുഖമാണ് മുന്‍രാഷ്ട്രപതി ഡോ. എ.പി.ജെ. അബ്ദുള്‍ കലാമിന്റെ ജന്മസ്ഥലം. രാമേശ്വരം ഉള്‍പ്പെടുന്ന പാമ്പന്‍ ദ്വീപിന് ഇടയില്‍ സ്ഥിതിചെയ്യുന്ന പാക് കടലിടുക്കിന് കുറുകെ  നൂറ്റാണ്ടോളം പഴക്കമുള്ള പാമ്പന്‍ പാലം രാജ്യത്തെ എന്‍ജിനിയറിംഗ് വിസ്മയങ്ങളില്‍ ഒന്നാണ്.

 രാമേശ്വരം ഉള്‍പ്പെടുന്ന രാമനാഥപുരത്തിനു പുറമെ തമിഴ് നാട്ടില്‍ തൃച്ചിനാപ്പള്ളി, തഞ്ചാവൂര്‍, നാഗപട്ടണം, തിരുവയ്യൂര്‍, പുതുക്കോട്,  എന്നീ ജില്ലകളിലും ശ്രീരാമ വനയാത്രയുടെ ശേഷിപ്പുകളുണ്ട്.

തഞ്ചാവൂരിലെ 108  ശിവലിംഗ ക്ഷേത്രം ശ്രാരാമന്‍ നിര്‍മ്മിച്ചതാണ്. ഖരന്‍, ദുശ്ശാസനന്‍, തൃശ്ശിരസ് എന്നിവരെ വധിച്ച ശേഷം രാമന്‍ ഇവിടെ പാപ പരിഹാര്‍ത്ഥം ശിവ പൂജ നടത്തി എന്നു സങ്കലപം. ഇവിടുത്തെ കോദണ്ഡ രാമ ക്ഷേത്രവും രാമായണ ബന്ധിതമാണ്. ശ്രീരാമന്‍ ദശരഥന് ശ്രാദ്ധ ചടങ്ങുകള്‍ നടത്തി എന്നു കരുതുന്ന സ്ഥലമാണ് തിരുവയ്യൂരിലെ ഗയ കരയി. അവിടെ പുരാതന ശിവ ക്ഷേത്രാണുള്ളത്. സമീപത്തു തന്നെ രാമ സ്വാമി ക്ഷേത്രവും ഉണ്ട്.

ശിരാമന്‍ ശിവ പൂജയ്ക്കായി എത്തി എന്നു കരുതുന്ന ക്ഷേത്രമാണ് നാഗപട്ടണത്തെ വേദരായനേശ്വര്‍ ക്ഷേത്രം. ശിവന്‍ ഡംബുരി കൊട്ടി വേദങ്ങള്‍ ഉരുവിട്ടത് അവിടെ എന്നതാണ് സങ്കല്പം. ശ്രീരാമന്‍ അയോധ്യയിലേക്ക് ചിറ കെട്ടാന്‍ ആദ്യം തീരുമാനിച്ചു എന്നു കരുതുന്ന കോടികരയും നാഗപട്ടണത്താണ്. അവിടെ വനത്തില്‍ രാമപാദം എന്ന കരുതുന്ന കാല്‍ അടയാളം ഉണ്ട്.
കല്ല്യാണരാമ ക്ഷേത്രം പുതുക്കോട് ജില്ലയിലാണ്. സീതാ സ്വയംവരം നേരില്‍ കാണാന്‍ കഴിയാഞ്ഞതിന്റെ ദുഖം ഋഷിമാര്‍ പറഞ്ഞപ്പോള്‍ അവര്‍ക്കായി സ്വയംവരത്തിന്റെ രംഗങ്ങള്‍ കൊത്തി വെച്ചു. ഇതിനടുത്തു തന്നെ ശ്രീരാമന്‍ പൂജചെയ്ത ശിവക്ഷേത്രവും ഉണ്ട്....

കിഷ്‌കിന്ധ

അയോധ്യ മുതല്‍ ലങ്ക വരെ...

ഭാഗം - 06

കിഷ്‌കിന്ധ

ഉത്തര കര്‍ണ്ണാടകയിലെ കൊപ്പല്‍ ജില്ലയില്‍ തുംഗഭദ്രാനദി തീരത്തെ അനൈഗുന്ധി  എന്നു പറഞ്ഞാല്‍ അധികമാരും അറിയണമെന്നില്ല. നദിയുടെ മറുതീരത്തെ ബല്ലാരിയെകുറിച്ചും ഹംപിയെകുറിച്ചും കേള്‍ക്കാത്തവരും കാണില്ല. അനൈഗുന്ധി അറിയില്ലങ്കിലും കിഷ്‌കിന്ധ, ഋശ്യമൂകാചലം, ബാലികേറാമല എന്നൊക്കെ അറിയാത്തവരുമില്ല. ത്രേതായുഗത്തില്‍ ബാലിയും സുഗ്രീവനും ഒക്കെ ഭരിച്ച കിഷ്‌കിന്ധയാണ് അനൈഗുന്ധി. ഇവിടുത്തെ ഋശ്യമൂകാചലം എന്ന ബാലികേറാമലയും രാമലക്ഷ്മണന്മാര്‍ വിശ്രമിച്ചിരുന്ന ചിന്താമണി ഗുഹയുമൊക്കെ ഇതിഹാസവും ചരിത്രവുമുണര്‍ത്തുന്ന കാഴ്ചകളാണ്. ശ്രീരാമ-ഹനുമാന്‍ സംഗമവും, ബാലി സുഗ്രീവ യുദ്ധവും, ബാലി വധവും, സുഗ്രീവന്റെ കിരീടധാരണവും, ഹനുമാന്റെ ലങ്കാ യാത്രയും, സേതു ബന്ധനം തുടങ്ങാന്‍ മഴമാറി മാനം തെളിയും വരെയുള്ള രാമലക്ഷ്മണന്മാരുടെ കാത്തിരിപ്പും ഒക്കെ ചേര്‍ന്ന് സംഭവ ബഹുലമായ  ഐതിഹ്യത്തിനു പശ്ചാത്തലമൊരുക്കിയ പ്രദേശങ്ങള്‍.

നോക്കെത്താ ദൂരത്തോളും പടര്‍ന്ന പൂന്തോട്ടങ്ങളും നെല്‍പാടങ്ങളും കടന്നു വേണം അനൈഗുന്ധിയിലെത്താന്‍. വിശാലതയില്‍ അങ്ങിങ്ങ് പാറക്കുന്നുകള്‍. ചെറുതും വലുതുമായ കുന്നുകളില്‍ മണ്ണിന്റെ അംശമേയില്ല പാറക്കല്ലുകള്‍ മാത്രം. സുഗ്രീവന്റെ വാനരപ്പട സേതുബന്ധനത്തിനുശേഷം ഉപേക്ഷിച്ചതാണിവ എന്ന വിശ്വാസം ഉറപ്പിക്കുന്ന കാഴ്ച. തലങ്ങും വിലങ്ങും ഓടിക്കളിക്കുന്ന കുരങ്ങന്മാര്‍ വാനരരാജ്യമെന്നതിന് അടിവരയിടും.
 മലകളാല്‍ മറഞ്ഞുകിടക്കുന്ന താഴ് വാരത്തിലാണ് പമ്പ സരോവര്‍ തടാകം. പൂക്കള്‍ പൂവിടുന്ന സമയത്ത് വളരെ സുന്ദരമാണ് ഇവിടം. തടാകം മുഴുവന്‍ താമര വിരിഞ്ഞു നില്‍ക്കും. തടാകക്കരയില്‍ ലക്ഷ്മിക്ഷേത്രവും ശിവക്ഷേത്രവുമുണ്ട്. സമീപത്തെ മാവിന്‍ ചുവട്ടില്‍  ചെറിയ ഗണേശ ക്ഷേത്രവും. ശബരിയുമായി ബന്ധപ്പെട്ട സ്ഥലമാണിത്. മാതംഗ മഹര്‍ഷിയുടെ ശിഷ്യയായിരുന്നു ശബരി. രാമഭക്തയായ ശബരി ശ്രീരാമനെ നേരില്‍ കാണണമെന്ന് ആഗ്രഹിച്ചു. കഴിയുമെന്ന് വിശ്വസിച്ചു.  മാതംഗ മഹര്‍ഷി മരിച്ച ശേഷവും രാമനെ കാണാന്‍ കഴിയുമെന്ന ആഗ്രഹവുമായി. ശബരി ആശ്രമത്തില്‍ തുടര്‍ന്നു. ഒട്ടേറെ വര്‍ഷങ്ങള്‍ കടന്നുപോയി. ശബരി ഒരു വൃദ്ധയായി മാറി. സീതയെ അന്വേഷിച്ച് അലഞ്ഞ രാമലക്ഷമണന്മാര്‍ ശബരി ആശ്രമത്തിലെത്തി. ഇരുവര്‍ക്കും ശബരി ഭഷണം വിളമ്പി. ശബരിയുടെ ഭക്തി ചൈതന്യത്തിനു മുന്നില്‍ കുമ്പിട്ട രാമലക്ഷമണന്മാര്‍ ശബരിയെ സാഷ്ഠാംഗം പ്രണമിച്ചു. സീതയുടെ തട്ടിക്കൊണ്ടുപോകല്‍ സംഭവം വിവരിച്ചു. പമ്പ തടാകത്തിന് തെക്ക് വസിക്കുന്ന ഹനുമാന്റേയും സുഗ്രീവയും സഹായം തേടാന്‍ ശബരി നിര്‍ദ്ദേശിച്ചു. തുടര്‍ന്ന് മാതംഗ തടാകത്തില്‍ ശ്രീരാമന്‍ കുളിക്കാനിറങ്ങി. തടാകത്തിലും തടാകക്കരയിലും ധാരാളം പാറക്കല്ലുകള്‍ കാണാം.
കിഷ്‌കിന്ധയുടെ സര്‍വസൈന്യാധിപനായ ഹനുമാന്റെ ജന്മസ്ഥലമായ ''ആഞ്ജനേയാ ഹില്‍'' തുംഗഭദ്രയ്ക്കുമപ്പുറം തലയുയര്‍ത്തി നില്‍ക്കുന്നു.  ഭീമാകാരമായ പാറക്കല്ലുകളാല്‍ രുപംകൊണ്ട ഈ മലമുകളിലാണ് ആഞ്ജനേയാ ക്ഷേത്രം. ഹനുമാന്റെ അമ്മയായ അഞ്ജനാ ദേവി താമസിച്ചിരുന്നത് ഇവിടെയെന്ന് ഐതിഹ്യം. 575 പടവുകള്‍ താണ്ടി വേണം ക്ഷേത്രത്തിലെത്താന്‍. അതിമനോഹരമാണ് ഇവിടെനിന്നുള്ള അസ്തമയക്കാഴ്ച. രാവണന്‍ അപഹരിച്ച സീതയെ തേടിയലഞ്ഞ രാമലക്ഷ്മണന്മാര്‍ ഇവിടെ വച്ചാണ് ഹനുമാനെ കണ്ടു മുട്ടുന്നത്. തുടര്‍ന്ന് ഹനുമാന്‍ രാമലക്ഷ്മണന്മാരെ കിഷ്‌കിന്ധയിലെ രാജാവായിരുന്ന സുഗ്രീവന്റെയടുത്തെത്തിക്കുന്നു. അപഹരിച്ചു കൊണ്ടുപോകുന്നതിനിടയില്‍ സീതാദേവി പുഷ്പക വിമാനത്തില്‍ നിന്നും താഴേക്കിട്ടുകൊടുത്ത ആഭരണങ്ങള്‍ സുഗ്രീവന്‍ സൂക്ഷിച്ചു വെച്ചു എന്നു വിശ്വസിക്കപ്പെടുന്ന ഗുഹയും ഇവിടെ കാണാന്‍ കഴിയും.
ധാരാളം വാതിലുകളുള്ള കോട്ട പഴമയുടെ വിസ്മൃതിയും പേറി നില്‍ക്കുന്നു. കോട്ടയുടെ പ്രവേശന കവാടത്തില്‍ ദുര്‍ഗാ ക്ഷേത്രം. ക്ഷേത്രാങ്കണത്തിലുള്ള മരത്തില്‍ പുടവ കെട്ടിത്തൂക്കി മനസ്സിരുത്തി പ്രാര്‍ത്ഥിച്ചാല്‍ ആഗ്രഹം സഫലീകരിക്കുമെന്നാണ് വിശ്വാസം. ഒരു ഗണേശ ഗുഹാക്ഷേത്രമുണ്ട്.  യുദ്ധങ്ങള്‍ക്കും മുന്‍പ് വിജയനഗര രാജാക്കന്മാര്‍ ദുര്‍ഗ ക്ഷേത്രത്തില്‍ പ്രാര്‍ത്ഥിക്കാറുണ്ടായിരുന്നു. പമ്പ സരോവറില്‍ കുളിച്ച്  ശ്രീ ലക്ഷ്മി ക്ഷേത്രവും ദര്‍ശിച്ചായിരുന്നു യുദ്ധത്തിനു പുറപ്പെടുക.
ഋശ്യമൂകാചലം മലയിലേക്കുള്ള യാത്ര വിഷമമേറിയതാണ്. പാറക്കല്ലുകള്‍ ചവിട്ടിക്കറുന്ന യാത്ര ബാലികേറാമല എന്ന പേരിനെ അര്‍ത്ഥവത്താക്കുന്നു. കുന്നിന്‍ മുകളില്‍ ആകാശം മുട്ടെ നില്‍ക്കുന്ന പാറകള്‍ക്കിടയില്‍ വലിയൊരു ഗുഹ. ഇതായിരുന്നുവത്രെ ബാലിയുടെ വാസസ്ഥലം. രാമലക്ഷ്മണന്മാരുടെ പാദസ്പര്‍ശമേറ്റ  ചിന്താമണി ഗുഹയാണ് മറ്റൊരു കാഴ്ച. രാമ ലക്ഷ്മണന്മാര്‍ വിശ്രമിച്ചിരുന്നതും സുഗ്രീവനുമായി ബാലിക്കെതിരെ യുദ്ധതന്ത്രങ്ങള്‍ മെനഞ്ഞിരുന്നതും ഇവിടെയായിരുന്നു. ആലോചനായോഗങ്ങള്‍ക്കായി കൂടിയിരുന്നതിനാലാണ് ചിന്താമണിയെന്ന പേര് വന്നത്. ചരിത്രം, ഗ്രാമഭംഗി, വയലുകള്‍, പുരാണങ്ങള്‍, മലകള്‍ തുടങ്ങിയവയെല്ലാം അപൂര്‍വ്വമായി  ഒത്തു കൂടുന്ന ഇടമാണ് അനൈഗുന്ധി. ശിലായുഗത്തിലെ ചിത്രങ്ങളും ഇന്നും ഇവിടെ വ്യക്തമായി കാണാം.
തുംഗഭദ്രാനദിയുടെ മറുകരയിലാണ്  യുനസ്‌കോയുടെ ലോക പൈതൃക പട്ടികയില്‍ ഇടം തേടിയ ഹമ്പി. ഭൂതകാലപ്രൗഢി ഓരോ തുണ്ടുസ്ഥലത്തും കരുതിവെച്ച് നമ്മെ വിസ്മയിപ്പിക്കുന്ന അത്ഭുതം. ചരിത്രവും യാഥാര്‍ഥ്യവും മിത്തും പുരാണങ്ങളും ഇഴചേര്‍ന്നുപിണഞ്ഞ് അവ്യക്തതയുടെ നിഴല്‍പ്പാടുകള്‍ സൃഷ്ടിക്കുന്ന അത്യത്ഭുങ്ങളുടെ താഴ്വര. അനേകായിരം പേരുടെ ചോരയും നീരും കൊണ്ട് കാലം ചരിത്രമെഴുതിയ നദീതടം, കൃഷ്ണ തുംഗഭദ്രാ നദിക്കരയില്‍ പടുത്തുയര്‍ത്തിയ വിജയനഗര സാമ്രാജ്യത്തിന്റെ പുകള്‍പെറ്റ തലസ്ഥാനം. ഫലിതവിദ്വാനായ തെനാലിരാമന്റെ വികടഭാഷ്യം കേട്ട് കോരിത്തരിച്ച മലമടക്കുകളുടെ സ്വന്തം നഗരി. മുസ്ലീം ഭരണാധികാരികളായ ഡെക്കാന്‍ സുല്‍ത്താനൈറ്റുകളുടെ ആക്രമണത്തില്‍ അടിതെറ്റി തുംഗഭദ്രനദിയുടെ മടിത്തട്ടിലേക്കു കല്ലിന്മേല്‍ കല്ലുശേഷിക്കാതെ തകര്‍ന്നടിഞ്ഞുപോയ മഹാസംസ്‌കാരത്തിന്റെ ചുടലപ്പറമ്പ്. അവശിഷ്ടങ്ങളുടെ മഹാനഗരം.
ദക്ഷപുത്രിയായ സതീ ദേവിയുടെ മരണം കോപാന്ധനാക്കിയ പരമശിവന്‍ അതി കഠിനമായ തപസ്സാരംഭിച്ചത് ഹമ്പിയില്‍ സ്ഥിതി ചെയ്യുന്ന ഹേമകുടാ കുന്നിലായിരുന്നു എന്ന് ഐതിഹ്യം. തപമിളക്കാന്‍ ചെന്ന കാമദേവനെ തൃക്കണ്ണാല്‍ ഭസ്മമാക്കിയതും, തുടര്‍ന്ന് പമ്പാ ദേവിയില്‍ അനുരക്തനായ പരമശിവന്‍ ദേവിയെ വിവാഹം ചെയ്ത് പമ്പാപതിയായതും ഇവിടെ വെച്ചായിരുന്നു.
ഇന്നും തീര്‍ഥാടകരായും കാഴ്ചക്കാരായും ഹമ്പിയിലെത്തുന്ന സഞ്ചാരികളുടെ പ്രധാന ലക്ഷ്യങ്ങളിലൊന്നാണ് ഹേമകുടയുടെ താഴ്വാരത്ത് സ്ഥിതി ചെയ്യുന്ന വിരൂപാക്ഷ ക്ഷേത്രം. വിരൂപാക്ഷന്‍ എന്ന പേരിനെ അന്വര്‍ഥമാക്കിക്കൊണ്ട് ഇവിടത്തെ ശിവ പ്രതിഷ്ഠ കാമനെ ഭസ്മീകരിക്കാന്‍ തൃക്കണ്ണ് തുറന്നു നില്‍ക്കുന്ന രീതിയിലാണ് രൂപകല്‍പന ചെയ്തിരിക്കുന്നത്. കല്ലില്‍ കൊത്തിയ അപൂര്‍വ ശില്‍പ്പങ്ങള്‍ ഇവിടെ കാണാം. 150 അടി ഉയരം വരുന്ന രണ്ട് വലിയ  ഗോപുരങ്ങള്‍ ഇതിന്റെ പ്രൗഢി കൂട്ടുന്നു. പതിനൊന്നു നിലകളുള്ള ഗോപുരങ്ങള്‍ 'ബിസ്തപയ്യ ഗോപുരങ്ങള്‍' എന്നാണ് അറിയപ്പെടുന്നത്. ക്ഷേത്രഗോപുരത്തിന്റെ പ്രതിബിംബം ഉള്‍ച്ചുവരില്‍ പതിക്കുന്ന പിന്‍ഹോള്‍ ക്യാമറ  വിരൂപാക്ഷ ക്ഷേത്രത്തിന്റെ  ആകര്‍ഷണമാണ്.

ഒരിക്കല്‍ തുംഗഭദ്രയുടെ തീരങ്ങളില്‍ നായാട്ടിനിറങ്ങിയ ഹക്കയും ബുക്കയും അവിശ്വസനീയമായ  കാഴ്ചകാണുന്നു. ശക്തിക്കും ശൗര്യത്തിനും പേരുകേട്ട വേട്ടപ്പട്ടികള്‍ ഓടിച്ച കാട്ടുമുയല്‍, പ്രത്യേക സ്ഥലത്തെത്തിയപ്പോള്‍ തിരിഞ്ഞ് വേട്ടനായ്ക്കളെ പേടിപ്പിച്ചോടിക്കുന്നു. അത്ഭുത പരതന്ത്രരായ സഹോദരന്മാര്‍ രാജഗുരുവായ വേദാരണ്യയെ ഇക്കാര്യമറിയിച്ചു. ഒട്ടു നേരത്തെ ധ്യാനത്തിനു ശേഷം വേദാരണ്യസവിശേഷമായ ഈ ഭൂപ്രദേശം രാജ്യത്തിന്റെ ആസ്ഥാനമാക്കാന്‍ നിര്‍ദ്ദേശിച്ചു. അങ്ങിനെ ഒരു ഭാഗം തുംഗഭദ്രാ നദിയും മറ്റു മൂന്നു ഭാഗങ്ങള്‍ വന്‍ മലനിരകളാലും ചുറ്റപ്പെട്ട ഹമ്പി കേന്ദ്രീകരിച്ച് ഹക്കയും ബുക്കയും തങ്ങളുടെ ജൈത്രയാത്രയുടെ ആരംഭം കുറിച്ചു.വിജയനഗര സാമ്രാജ്യത്തിന്റെ ചരിത്രം തുടങ്ങുയായിരുന്നു  അവിടെ.

എവിടെ തിരിഞ്ഞാലും പാറക്കൂട്ടങ്ങളാണ്. ഇപ്പോള്‍ ഉരുണ്ടു വീഴുമെന്ന് തോന്നിപ്പിക്കുന്ന ഭീമാകാരങ്ങളായ പാറക്കൂട്ടങ്ങള്‍. ഒപ്പം മനോഹരങ്ങളായ കൊത്തു പണികളാല്‍ കടഞ്ഞെടുത്ത കോട്ടകളും, ക്ഷേത്രങ്ങളും, ശില്പങ്ങളും, ജല സംഭരണികളും, കൊട്ടാരങ്ങളും. ഹമ്പിയെ ലോകാത്ഭുതങ്ങളില്‍ ഒന്നാക്കി മാറ്റുന്നു.
 കലാചാതുരില്‍ കൊത്തിവെച്ച മഹാകാവ്യമാണ് ഇവിടത്തെ ഹസാരെ രാമക്ഷേത്രം. രാമായണത്തിലെ  കഥാ സന്ദര്‍ഭങ്ങള്‍ തുടക്കം മുതല്‍ ഒടുക്കം വരെ കല്ലില്‍ കൊത്തിവച്ചിരിക്കുന്നു. ശ്രീരാമന്റെ  ജനനം മുതല്‍ സ്വര്‍ഗാരോഹണം വരെയുള്ള ശില്‍പ്പഭാഷ്യം ഇവിടത്തെ ചുവരുകളില്‍ വായിച്ചെടുക്കാം.  ചിലഭാഗങ്ങളില്‍ ഭാഗവത സന്ദര്‍ഭങ്ങളും കൊത്തിയിട്ടുണ്ട്. ഹസാരെ രാമക്ഷേത്രത്തിനു തൊട്ടു മുന്നിലാണ് പാന്‍സൂപ്പാരി ബസാര്‍. വിജയനഗര സാമ്രാജ്യത്തിലെ  ഒരു വ്യാപാര താവളമായിരുന്നു ഇത്. തകര്‍ന്നു കിടക്കുന്ന ചുവരുകളുടെയും തൂണുകളുടെയും അവശിഷ്ടങ്ങളും രണ്ടു മൂന്ന് അരയാലും മാത്രമേ ഇപ്പോള്‍ ഇവിടെയുള്ളൂ.

നന്ദിയുടെ കൂറ്റന്‍ ഒറ്റക്കല്‍ പ്രതിമ, വരാഹക്ഷേത്രം,  കൃഷ്ണക്ഷേത്രം, ഗജാലമണ്ഡപം, കൊട്ടാരക്കെട്ടുകളുടെ അവശിഷ്ടങ്ങള്‍, കാവല്‍മാടങ്ങള്‍, പൊതുകുളങ്ങള്‍, പട്ടാഭിരാമ ക്ഷേത്രം, സരസ്വതീ ക്ഷേത്രം, കല്‍ക്കെട്ടുകളുടേയും മണ്ഡപങ്ങളുടെയും അസ്തിവാരങ്ങള്‍... ആധുനിക കിഷ്‌കിന്ധയിലെ കാഴ്ച നീളുന്നതാണ്.

പഞ്ചവടി

അയോധ്യ മുതല്‍ ലങ്ക വരെ...

ഭാഗം - 05

പഞ്ചവടി 

'അഗസ്ത്യാശ്രമത്തിലെത്തി അനുഗ്രഹം വാങ്ങി തിരിച്ചു പോകുന്ന ശ്രീരാമനോട് അഗസ്ത്യന്‍ പറഞ്ഞു.' ഇവിടെ നിന്ന് രണ്ടു യോജന അപ്പുറത്തായി പഞ്ചവടി എന്നൊരു സ്ഥലമുണ്ട്. അവിടെ കായ്്കനികളും കിഴങ്ങുകളും സുലഭമായി ലഭിക്കും. അടുത്തു തന്നെ ജലാശയവും. സീതയെ സന്തോഷിപ്പിക്കാന്‍  മാന്‍കൂട്ടവും ധാരാളമുണ്ടാകും. പഞ്ചവടിയിലെ താമസം ആനന്ദകരമായിരിക്കും. അവിടെ ആശ്രമം പണിയാം'. മുനിയെ രാമന്‍ നമസ്‌കരിച്ച് അനുഗ്രഹം വാങ്ങി പഞ്ചവടിയിലേക്ക് പുറപ്പെട്ടു. യാത്രക്കിടയില്‍ ജടായുവിനെ കണ്ടുമുട്ടി. രാക്ഷസനായിരിക്കുമെന്നു കരുതി നീയാരാണെന്ന ചോദ്യവുമായാണ് രാമന്‍ ജടായുവിനെ സമീപിച്ചത്. നിന്റെ പിതാവിന്റെ മിത്രമാണെന്നും വേണമെങ്കില്‍ വനവാസത്തില്‍  സഹായിക്കാമെന്നും ജടായു മറുപടി പറഞ്ഞു.ജയായുവിന്റെ മധുരവചസ്സുകളില്‍ സന്തുഷ്ടനായ രാമന്‍  ഉചിതമായ ആദരസത്കാരങ്ങള്‍ നല്‍കിയശേഷം യാത്രതുടര്‍ന്ന് ഗോദാവരീ തീരത്ത് എത്തി. പുണ്യനദിയെന്ന് ദേവന്മാര്‍പോലും വാഴ്ത്തുന്ന ഗോദാവരീതീരത്ത് മന്ദം മന്ദം വീശുന്ന കുളിര്‍തെന്നലില്‍ ഉന്മേഷഭരിതരായി വിശ്രമിച്ചു. ഗോദാവരിയുടെ തെക്കേതീരത്താണ് പഞ്ചവടി.
അഞ്ചുവടം (പേരാല്‍) ഒരേവലുപ്പത്തില്‍ ഒരേരൂപത്തില്‍ വൃത്താകൃതിയോടുകൂടി ഇവിടെ സ്ഥിതിചെയ്യുന്നു. അതുകൊണ്ടാണ് പഞ്ചവടി എന്ന പേരുണ്ടായത്. ഒരിക്കല്‍ യുവാക്കളായ അഞ്ച് ഗന്ധര്‍വന്മാര്‍ അഗസ്ത്യ മഹര്‍ഷിയെ  എങ്ങോട്ടും പോകാന്‍ കഴിയാത്ത വിധത്തില്‍  തടഞ്ഞ് നിര്‍ത്തി. കോപിഷ്ഠനായ മഹര്‍ഷി അവരെ അഞ്ച് വടങ്ങളായിത്തീരട്ടെയെന്ന് ശപിച്ചു. രാമന്റെ നിര്‍ദ്ദേശപ്രകാരം പഞ്ചവടിയില്‍ വാഴ, പ്ലാവ്, മാവ് മുതലായ ഫലവൃക്ഷങ്ങളാല്‍ ചുറ്റപ്പെട്ടതും ജനവാസം കുറഞ്ഞതുമായ സ്ഥലത്ത് പര്‍ണ്ണശാലകള്‍ തീര്‍ത്തു.  ഗോദാവരിയില്‍പോയി സ്‌നാനം ചെയ്തു പൂക്കളും, പഴങ്ങളും, കൊണ്ട് വന്ന് പുഷ്പ ബലിയും ശാന്തിക്രിയയും നടത്തിയശേഷം അവിടെ താമസം തുടങ്ങി. ദിവസവും പ്രഭാതത്തില്‍  ഗോദാവരിയില്‍ പോയി കുളിച്ച് പ്രഭാതവന്ദനാദികള്‍ നടത്തും. തിരിച്ചു പോരുന്ന സമയത്ത്  അന്നേക്കുള്ള വെള്ളവും നദിയില്‍ നിന്ന് സംഭരിച്ച് കൊണ്ടുപോരും. ഇങ്ങനെ ഗോദാവരിയില്‍ സ്‌നാനം ചെയ്തും കാനന ഭംഗികള്‍ ആസ്വദിച്ചും. ആനന്ദപൂര്‍ണ്ണമായിത്തന്നെ ദിവസങ്ങള്‍ നീങ്ങി.'
കാനനവാസത്തില്‍ സീതാരാമലക്ഷമണന്മാര്‍ താമസിച്ച പഞ്ചവടിയാണ് ഇന്നത്തെ നാസിക്. രാവണന്‍ സീതയെ അപഹരിക്കുന്നത് ഇവിടെ നിന്നാണ്. ഇവിടെവച്ചാണ് ലക്ഷ്മണന്‍ രാവണ സഹോദരിയായ ശൂര്‍പ്പണഖയുടെ മൂക്കും മുലയും ഛേദിച്ചത്. മൂക്ക് എന്നര്‍ത്ഥം വരുന്ന നാസിക എന്ന സംസ്‌കൃത പദത്തില്‍ നിന്നാണ് നാസിക് എന്ന സ്ഥലപ്പേരിന്റെ ഉല്‍പ്പത്തി.  മഹാരാഷ്ട്രയിലെ അതിവേഗം വികസിച്ചുകൊണ്ടിരിക്കുന്ന നഗരങ്ങളിലൊന്നാണ് നാസിക്. വ്യാവസായം, വിദ്യാഭ്യാസം, നഗരവികസനം തുടങ്ങിയ രംഗങ്ങളിലെല്ലാം നാസികിന്റെ കുതിപ്പ് സ്തുത്യര്‍ഹമാണ്.
 രാമന്റേയും സീതയുടേയും ലക്ഷ്മണന്റേയും പ്രതിഷ്ഠയുള്ള, കരിങ്കല്ലില്‍ കെട്ടിയുണ്ടാക്കിയ കാലാരാം ക്ഷേത്രം നിരവധി തീര്‍ത്ഥാടകരെ ആകര്‍ഷിക്കുന്ന  തീര്‍ത്ഥാടന കേന്ദ്രമാണ്. ഇതിനടുത്താണ് സീതാഗുഫ. രാവണന്‍ തട്ടി്കൊണ്ടുപോകുന്ന സമയത്ത സീത ഈ ഗൂഹയിലായിരുന്നു താമസിച്ചിരുന്നത്. സീതയ്ക്ക് സംരക്ഷണം ഒരുക്കാന്‍ വരച്ച ലക്ഷ്മണരേഖ അടുത്തായി കാണാം.
 ത്രയംബകേശ്വര ക്ഷേത്രമാണ് നാസിക്കിലെ ഏറ്റവും പ്രധാനപ്പെട്ട തീര്‍ത്ഥാടന കേന്ദ്രങ്ങളിലൊന്ന്. 12 ജജ്യോതിര്‍ലിംഗങ്ങളിലൊന്ന്  ത്രയംബകേശ്വര ക്ഷേത്രത്തിലാണ്.  ജ്യോതിര്‍ലിംഗം തൊഴുന്നത് മോക്ഷദായകമാണ്. ഭഗവത് ഗീതയിലെ അധ്യായങ്ങള്‍ ഈ ക്ഷേത്രച്ചുവരുകളില്‍ ആലേഖനം ചെയ്തിരിക്കുന്നു. പന്ത്രണ്ട് വര്‍ഷത്തില്‍ ഒരിക്കല്‍ നടക്കുന്ന കുംഭമേളയാണ് നാസ്സിക്കിന്റെ ദേശീയോത്സവം. നാസിക്കിന്റെ ഹൃദയഭാഗത്ത് നിന്നും എട്ട് കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ മുക്തിധാം ക്ഷേത്രത്തിലെത്താം. വെള്ളനിറത്തില്‍ മനോഹരമായി നിര്‍മിക്കപ്പെട്ട ക്ഷേത്രമാണിത്. വ്യത്യസ്തമായ രീതിയാണ് ശ്രീകോവില്‍ നിര്‍മാണത്തിനായി ഉപയോഗിച്ചിരിക്കുന്നത്. ശ്രീമദ് ഭഗവത് ഗീതയിലെ പതിനെട്ട് അധ്യായങ്ങള്‍ ക്ഷേത്രച്ചുമരുകളിലും തൂണുകളിലുമായി ആലേഖനം ചെയ്തിരിക്കുന്നു. പന്ത്രണ്ട് ജ്യോതിര്‍ലിംഗങ്ങളെയും ഇവിടെ വരച്ചുവച്ചിരിക്കുന്നും കാണാം.
നാസിക്കിലെ പ്രധാനപ്പെട്ട ആകര്‍ഷണങ്ങളിലൊന്നാണ് രാംകുണ്ഡ് ടാങ്ക്. മുന്നൂറ് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ചിത്തറാവു ഖണ്ഡാര്‍ക്കറാണ് രാംകുണ്ഡ് നിര്‍മിച്ചത്. ഭീമാകാരനായ ഈ ടാങ്ക് 27 + 10 മീറ്റര്‍ സ്ഥലത്ത് വ്യാപിച്ചുകിടക്കുന്നു.  വനവാസക്കാലത്ത് ശ്രീരാമനും ഭാര്യ സീതയും ഇവിടെ കുളിച്ചിരുന്നതായാണ് ഐതിഹ്യം.  ചിതാഭസ്മം ഇവിടയൊഴുക്കി മോക്ഷത്തിനായി ആളുകള്‍ ഇവിടെയെത്തുന്നു.  രാംകുണ്ഡില്‍ മുങ്ങിനിവരാനായി മാത്രമായി വരുന്നവരും നിരവധിയാണ്
രാമനും സീതയും കുളിച്ചിരുന്നത് എന്നു കരുതുന്ന രണ്ട് കുളങ്ങള്‍ നഗരത്തിന്റെ തെക്കു ഭാഗത്തായി ഇപ്പോഴും ഉണ്ട്. നഗരത്തില്‍ നിന്ന് എട്ട് കീലോമീറ്റര്‍ ദൂരത്താണ് ഗോദവരി -കപില നദികളുടെ സംഗമ സ്ഥാനമായ ജനസ്ഥാന്‍. ലക്ഷ്മണന്‍ ശൂര്‍പ്പണഖയുടെ അംഗങ്ങള്‍ ഛേദിച്ച യഥാര്‍ത്ഥ സ്ഥലമായി കരുതുന്നത് ഇവിടമാണ്. നാസിക്ക് നഗരത്തില്‍നിന്ന് 16 കിലോമീറ്റര്‍ അകലെയുള്ള മലയാണ് രാംജി പര്‍വതം. രാമന്‍ വിശ്രമകേന്ദ്രമായി ഉപയോഗിച്ചിരുന്ന കുന്നാണിത്. ഇവിടെ രണ്ട് കുളങ്ങളുമുണ്ട്. മുള്ളുകളുള്ള ചെടികള്‍ ഇവിടെ വളരില്ല. മാത്രമല്ല പച്ച പട്ടുവിരിച്ചതുപോലെ പുല്ലു വളര്‍ന്നു നില്‍ക്കുയും ചെയ്യുന്നു. ശ്രീരാമന്‍ ദശരഥന് ശ്രാദ്ധം നടത്തി എന്നു കരുതുന്ന കുശ്വന്ത് തീര്‍ത്ഥം, രാമന്‍ അഗസ്ത്യമുനിയെ കണ്ടു എന്നു കരുതുന്ന അഗസ്താശ്രമം എന്നിവയും നാസിക് ജില്ലയിലാണ്. രാമനെ ഭയന്ന് മാരീചന്‍ ഒളിച്ചിരുന്ന സ്ഥലം (സിദ്ദേശ്വര്‍), മാരീചനെതിരെ അമ്പുകുലയ്ക്കാന്‍ രാമന്‍ നിന്ന സ്ഥലം(സ്ഥാന്‍), അപ്പോള്‍ മാരീചന്‍ നിന്നിരുന്ന സ്ഥലം (ബനേസ്വര്‍), അമ്പുകൊണ്ട് മാരീചന്റെ തലചെന്നു വീണ സ്ഥലം(ടോക് വില്ലേജ്). ഛിന്നിചിതറിയ ശരീരം പതിച്ച സ്ഥലം(മൃഗവൈദേശ്വര്‍), മാരിചന്റെ വിളികേട്ട് ഓടിയെത്തിയ ലക്ഷ്മണനും രാമനും കണ്ടുമുട്ടിയ സ്ഥലം(മധ്യമേശ്വര്‍) ഇവയൊക്കെ നാസിക്ക് ജില്ലയിലെ അടുത്തടുത്ത ഗ്രാമങ്ങളാണ്. ഏകദേശം ഒരേ രീതിയിലുള്ള കല്‍ ക്ഷേത്രങ്ങള്‍ ഇവിടെയെല്ലാം ഉണ്ട്.
നാസിക്കിനു പുറമെ മഹാരാഷ്ടയില്‍ നാഗപ്പൂര്‍, യവത്മാള്‍ അമരാവതി, ബുല്‍ധാന, അഹമ്മദ് നഗര്‍, ജാല്‍ന, വാസിം, ബീഡ്, നന്ദീദ്, ഒസമാബാദ്, സോളാപൂര്‍ എന്നീ ജില്ലകളായിരുന്നു രാമന്റെ സഞ്ചാരപഥം അടയാളപ്പെടുത്തിയ സ്ഥലങ്ങള്‍. രാമന്‍ ശിവ പൂജനടത്തിയതോ ദശരഥന് ശ്രാദ്ധം ഊട്ടിയതോ ആയ സ്ഥലങ്ങളാണ് ഏറെയും
മാരീച വധത്തിനുശേഷം രാമന്‍ ശിവപൂജ നടത്തിയ ഘടേശ്വര്‍, മാരീചന്‍ മോക്ഷം നല്‍കിയ മുക്തേശ്വര്‍ ഖണ്ഡ് എന്നീ സ്ഥലങ്ങള്‍ അഹമ്മദ് നഗര്‍ ജില്ലയിലാണ്. രാക്ഷസന്മാരെ ഉന്മൂലനം ചെയ്യുമെന്ന് പ്രതിജ്ഞ എടുത്ത സ്ഥലമാണ് ഇന്നത്തെ നാഗപ്പൂര്‍. അഗസ്താശ്രമം ഇതിനടുത്തായിരുന്നു. മറ്റ് മുനിമാരുടെ ആശ്രമങ്ങളും സമീപത്തുണ്ടായിരുന്നു. രാക്ഷസന്മാരുടെ ശല്യം സഹിക്ക വയ്യാതായപ്പോള്‍ അവര്‍ രാമന്റെ സഹായം തേടി. അപ്പോളാണ് വില്ലുയര്‍ത്തിക്കൊണ്ട് രാമന്‍ ശപഥം ചെയ്തത്. റാംടക് എന്നാണീ സ്ഥലം അറിയപ്പെടുന്നത്. ഇപ്പോള്‍ ഇവിടൊരു വലിയ ശ്രീരാമക്ഷേത്രം ഉണ്ട്.