കാശ്യപൻ തന്റെ പത്നിമാരായ കദ്രുവിനോടും വിനതയോടും എങ്ങനെയുള്ള സന്താനങ്ങളെയാണവശ്യമെന്ന് തിരക്കുന്നു. ശക്തൻമാരായ ആയിരം പുത്രന്മാരെ കാംക്ഷിച്ച കദ്രുവിന് ജനിക്കുന്ന സന്താനങ്ങളാണ് വാസുകി,അനന്തൻ തുടങ്ങിയ നാഗങ്ങൾ. വിനതയാവട്ടെ കദ്രുവിന്റെ ആയിരം പുത്രന്മാരെക്കാൾ ശക്തരായ രണ്ടു മക്കളെ ആവശ്യപ്പെടുന്നു. തുടർന്ന് വിനതയ്ക്കുണ്ടാവുന്ന രണ്ട് അണ്ഡങ്ങൾ കാലമേറെയായിട്ടും വിരിയാത്തതു കണ്ട് അക്ഷമ മൂത്ത് വിനത ഒരു മുട്ട പൊട്ടിക്കുന്നു. അതിൽ നിന്നും പകുതി മാത്രം വളർന്ന അരുണൻ ജന്മമെടുക്കുന്നു. അക്ഷമ കാണിച്ച അമ്മയെ കദ്രുവിന്റെ ദാസിയാവട്ടെ എന്നു ശപിച്ച് അരുണൻ പോകുന്നു. രണ്ടാമത്തെ മുട്ട വിരിഞ്ഞുണ്ടായ പുത്രനാണ് ഗരുഡൻ. അതിനിടെ കദ്രുവുമായി ഒരു പന്തയത്തിലേർപ്പെടുന്ന വിനത നാഗങ്ങളുടെ ചതിപ്രയോഗം കാരണം തോറ്റ് കദ്രുവിന്റെ ദാസിയായി മാറുന്നു. ദാസ്യം ഒഴിവാക്കാനായി നാഗങ്ങളുടെ ആവശ്യപ്രകാരം അമൃത് കൈക്കലാക്കാൻ ശ്രമിക്കുന്നതിനിടെ ഇന്ദ്രനെ തോൽപ്പിക്കുന്നു. അമ്മയെ ദാസ്യവൃത്തിയിൽ നിന്നും മോചിപ്പിക്കുന്നു. പിന്നീട് ഗരുഡൻ ഭഗവാൻ വിഷ്ണുവിന്റെ വാഹനമാകുന്നു.
നാഗങ്ങളുടെ ബദ്ധശത്രുവായാണ് ഗരുഡനെ കണക്കാക്കുന്നത്. പരുന്തുകളുടെ യഥാർത്ഥ സ്വഭാവം ഇങ്ങനെയൊരു വിശ്വാസത്തിനു കാരണമായിട്ടുണ്ടാകാം. ഹിന്ദു പുരാണങ്ങളിൽ ഗരുഡപുരാണം എന്ന പേരിലും ഒരു പുരാണമുണ്ട്.
No comments:
Post a Comment