ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.
25 June 2024
കണിക്കൊന്നയുടെ ഔഷധ ഗുണങ്ങൾ
4 November 2021
മോര് ഭൂമിയിലെ അമൃത്
മോര് ഭൂമിയിലെ അമൃത്
“യഥാ സുരാണാമമൃതം സുഖായ തഥാ നരാണാം ഭുവി തക്രമാഹുഃ”
ഭൂമിയിലെ മനുഷ്യരുടെ സൌഖ്യത്തിന് മോര് ദേവന്മാര്‍ക്ക് അമൃത് പോലെയത്രെയെന്ന് ഭാവപ്രകാശനിഘണ്ടു.
പാല്‍ ഉറയൊഴിച്ച് ഉണ്ടാക്കിയ തൈര് കടഞ്ഞ് വെണ്ണ മാറ്റിയാണ് മോര് ഉണ്ടാക്കുന്നത് എന്ന് നമുക്ക് അറിയാം. ആഹാരമായും ഔഷധമായും ആയുര്‍വേദം മോരിന് അതീവ പ്രാധാന്യമാണ് നല്‍കുന്നത്.
ശരീരത്തിനാവശ്യമായ ജീവകങ്ങള്‍, ധാതുക്കള്‍, മാംസ്യങ്ങള്‍ തുടങ്ങി പോഷകഘടകങ്ങള്‍ ധാരാളമായുള്ള മോര് ഒരു സമ്പൂര്‍ണ്ണാഹാരമാണ് എന്നു തന്നെ പറയാം.
ആയുര്‍വേദഗ്രന്ഥമായ ഭാവപ്രകാശം മോരിനെ നാലായി തിരിക്കുന്നു – ഘോലം, മഥിതം, തക്രം, ഉദശ്വിത് എന്നിങ്ങനെ. തൈര് വെള്ളം ചേര്‍ക്കാതെ കടഞ്ഞ് വെണ്ണ മാറ്റാതെയെടുക്കുന്നത് ഘോലം. തൈരിനെ വെള്ളം ചേര്‍ക്കാതെ കടഞ്ഞ് വെണ്ണ മാറ്റിയെടുക്കുന്നത് മഥിതം. തൈരില്‍ നാലിലൊന്ന് അളവ് വെള്ളം ചേര്‍ത്ത് കടഞ്ഞ് വെണ്ണ മാറ്റിയെടുക്കുന്നത് തക്രം. തൈരില്‍ രണ്ടിലൊന്ന് അളവ് വെള്ളം ചേര്‍ത്ത് കടഞ്ഞ് വെണ്ണ മാറ്റിയെടുക്കുന്നത് ഉദശ്വിത്. നാലും ആരോഗ്യത്തിന് നല്ലതാണ്. നാലിനും വ്യത്യസ്തഗുണങ്ങളും ആണ് ഉള്ളത്.
പൊതുവേ മോര് എന്നതു കൊണ്ട് ഉദ്ദേശിക്കുന്നത് തക്രം ആണ്. അനവധി രോഗങ്ങളില്‍ ഔഷധങ്ങള്‍ മോരില്‍ ചേര്‍ത്ത് കഴിക്കുന്നത് നമുക്ക് അറിവുള്ളതാണ്. തക്രപാനം, തക്രധാര, തക്രവസ്തി തുടങ്ങിയ ചികിത്സാരീതികളിലും മോര് ഉപയോഗിക്കപ്പെടുന്നു.
മോരിന്‍റെ ഗുണങ്ങളെ ഭാവപ്രകാശം വര്‍ണ്ണിക്കുന്നത് ഇങ്ങനെ...
തക്രം ഗ്രാഹി കഷായാമ്ലം സ്വാദുപാകരസം ലഘു വീര്യോഷ്ണം ദീപനം വൃഷ്യം പ്രീണനം വാതനാശനം ഗ്രഹണ്യാദിമതാം പഥ്യം ഭവേത്സംഗ്രാഹി ലാഘവാത് കിഞ്ചസ്വാദുവിപാകിത്വാന്നച പിത്തപ്രകോപണം അമ്ലോഷ്ണം ദീപനം വൃഷ്യം പ്രീണനം വാതനാശനം കഷായോഷ്ണാവികാശിത്വാ ദ്രൌക്ഷ്യാച്ചാപി കഫാപഹം ന തക്രസേവീ വ്യഥതേ കദാചിന്ന്‍ തക്രദഗ്ധാഃ പ്രഭവന്തി രോഗാഃ യഥാ സുരാണാമമൃതം സുഖായ തഥാ നരാണാം ഭുവി തക്രമാഹുഃ
മോര് അഗ്നിദീപകവും, ത്രിദോഷഹരവും ആകയാല്‍ നിത്യം മോര് കഴിക്കുന്നവന്‍ ആരോഗ്യവാനായി ഭവിക്കുന്നു. ലഘുവും സംഗ്രാഹിയും ആകയാല്‍ ഗ്രഹണി രോഗത്തില്‍ മോര് അത്യുത്തമമാണ്.
വികലമായ ആഹാരശീലങ്ങള്‍ കൊണ്ടും, ആന്റിബയോട്ടിക്കുകള്‍ പോലെയുള്ള ഔഷധങ്ങളുടെ ഉപയോഗം കൊണ്ടും താളം തെറ്റിയ ദഹനേന്ദ്രിയവ്യവസ്ഥയ്ക്ക് മോര് ഉത്തമൌഷധമാണ്. മോരിന് probiotics സ്വഭാവമുണ്ട്. ശരീരത്തില്‍ ആഹാരത്തെ വിഘടിപ്പിക്കാനും പോഷകഘടകങ്ങളെ ആഗിരണം ചെയ്യാനും സഹായിക്കുന്ന നല്ല ബാക്ടീരിയകളെ ആണ് probiotics എന്നതു കൊണ്ട് ഉദ്ദേശിക്കുന്നത്.
അനാരോഗ്യകരമായ ആഹാരസാധനങ്ങള്‍ നിത്യം ഉപയോഗികുന്നതു വഴിയും, ആന്‍റിബയോട്ടിക്കുകള്‍ ഉപയോഗിക്കുന്നതു വഴിയും ഈ നല്ല ബാക്ടീരിയകള്‍ നശിക്കുന്നു. ഈ ബാക്ടീരിയകളെ വീണ്ടും ശരീരത്തില്‍ എത്തിക്കുന്നതു വഴി, അവയുടെ നിലനില്‍പ്പ് സാധ്യമാക്കുന്നതു വഴി ദഹനേന്ദ്രിയവ്യവസ്ഥയെ സ്വസ്ഥമാക്കി നിലനിറുത്തുന്നതിനും അങ്ങനെ മനുഷ്യന്‍റെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനും മോര് സഹായിക്കുന്നു.
പോഷകാംശങ്ങളുടെ കണക്ക് ആധുനികരീതിയില്‍ എടുത്താലും മോര് ഉദാത്തമായ ആഹാരമാണ് എന്ന് മനസ്സിലാക്കാം. 100 ഗ്രാം മോരില്‍ 40 കിലോ കലോറി ഊര്‍ജ്ജവും, 4.8 ഗ്രാം അന്നജവും, 0.9 ഗ്രാം കൊഴുപ്പും, 3.3 ഗ്രാം മാംസ്യങ്ങളും, 116 മൈക്രോഗ്രാം കാത്സ്യവും ജീവകം എ, ജീവകം സി, ഇരുമ്പ് എന്നിവയും അടങ്ങിയിരിക്കുന്നു.
സ്വഭാവതഃ ത്രിദോഷഹരമാണ് തക്രം എന്നിരിക്കിലും മറ്റു ദ്രവ്യങ്ങള്‍ ചേരുന്ന യോഗങ്ങളില്‍ ദോഷനാശകശക്തി കൂടുന്നതിനാല്‍ മോര് ചേരുന്ന നിരവധി ഔഷധങ്ങള്‍ പ്രയോഗത്തിലുണ്ട്.
വാതജാവസ്ഥകളില്‍ സൈന്ധവലവണം ചേര്‍ത്തും, പിത്തജമായ പ്രശ്നങ്ങളില്‍ പഞ്ചസാര ചേര്‍ത്തും, കഫജാവസ്ഥകളില്‍ ക്ഷാരവും ത്രികടുവും ചേര്‍ത്തും സേവിക്കുന്നത് അത്യന്തം പ്രയോജനകരമാണ്.
മോരില്‍ കായം, ജീരകം, സൈന്ധവലവണം എന്നിവ ചേര്‍ത്തു നിത്യം സേവിക്കുന്നത് അര്‍ശോരോഗങ്ങളിലും ഗ്രഹണിയിലും അതിസാരത്തിലും ഗുണം ചെയ്യും. ഇതേ യോഗം രോചനമാണ്, പുഷ്ടിപ്രദമാണ്, ബല്യമാണ്, വസ്തിശൂലവിനാശനമാണ്.
മോര് ഉപയോഗിച്ച് അനവധി ഔഷധപ്രയോഗങ്ങള്‍ ഉണ്ട്.....
വയറ്റില്‍ ഉണ്ടാകുന്ന പല ദഹനപ്രശ്നങ്ങളിലും ശൂലകളിലും അഷ്ടചൂര്‍ണ്ണം ചേര്‍ത്ത മോര് മാത്രം മതിയാകും ശമനത്തിന്.
രൂക്ഷമായ വയറിളക്കത്തില്‍ പോലും പുളിയാറിലനീരോ, പുളിയാറില അരച്ചതോ മോരില്‍ ചേര്‍ത്ത് കഴിച്ചാല്‍ മതിയാകും.
കടുക്കാമോരിന്‍റെ പ്രയോജനം ഏവര്‍ക്കും അറിവുള്ളതു തന്നെ.
മോര് നിത്യം കഴിച്ചാല്‍ അര്‍ശസ് നിശേഷം ശമിക്കും. മലബന്ധം മാറും.
പഴകിയ അമീബിയാസിസില്‍ മഞ്ഞള്‍ അരച്ചു ചേര്‍ത്തു കാച്ചിയ മോര് അതീവഫലപ്രദമാണ്.
നീര്, മഹോദരം, കരള്‍രോഗങ്ങള്‍, മൂത്രതടസ്സം, ഗുല്‍മം, പ്ലീഹവീക്കം എന്നിവയിലും നിത്യേന സേവിച്ചാല്‍ ശമനം ഉണ്ടാകും.
ഇത്രയുമൊക്കെക്കൊണ്ടുതന്നെ കുപ്പിയിലാക്കിവരുന്ന ആധുനിക ശാസ്ത്രീയ പാനീയങ്ങളേക്കാള്‍ എത്രയോ ഉത്തമമാണ് നമ്മുടെ മോരും, സംഭാരവും എന്ന് വ്യക്തമല്ലേ...?
ആരോഗ്യം കാക്കുകയും, രോഗങ്ങളെ ശമിപ്പിക്കുകയും ചെയ്യുന്ന മോര് ഭൂമിയിലെ അമൃതാണ് എന്നു പറഞ്ഞാല്‍ അതില്‍ ഒട്ടും അതിശയോക്തിയില്ല. ആരോഗ്യം കാംക്ഷിക്കുന്നവര്‍ മോര് ഒരു ശീലമാക്കുക.
മുക്കുറ്റിച്ചാന്ത് നെറ്റിയില്‍ തൊടുമ്പോള്‍
മുക്കുറ്റിച്ചാന്ത് നെറ്റിയില്‍ തൊടുമ്പോള്‍
കര്‍ക്കിടകത്തിലെ മുക്കുറ്റിച്ചാന്തിനു പുറകേയും വരുന്നുണ്ട്, ആരോഗ്യപരമായ ചിലത്. കര്‍ക്കിടകമെന്നത് മലയാളിയെ സംബന്ധിച്ചിടത്തോളം ഏറെ പ്രധാന്യമുള്ള ഒന്നാണ്. ആത്മീയമായും ആരോഗ്യപരമായുമെല്ലാം. പൊതുവേ രാമായണ മാസം എന്നറിയപ്പെടുന്ന ഒന്നു കൂടിയാണിത്. ഹൈന്ദവ ഭവനങ്ങളില്‍ രാമായണ ശീലുകള്‍ ഉയര്‍ന്നു കേള്‍ക്കുന്ന കാലയളവ്. കര്‍ക്കിടകത്തില്‍ പണ്ടു കാലം തൊട്ടേ പല ചിട്ടകളും ചെയ്തു വന്നിരുന്നു. ഇതിനു പലപ്പോഴും നാം ആത്മീയമായ, വിശ്വാസപരമായ അടിസ്ഥാനങ്ങളാണു കണ്ടെത്തിയിരുന്നതെങ്കിലും പലതിനും ശാസ്ത്രം നല്‍കുന്ന പല വിശദീകരണങ്ങളുമുണ്ട്. ആരോഗ്യത്തിനു സഹായിക്കുന്നവയാണ് പലപ്പോഴും ഇത്തരം ചിട്ടകളെന്നത് പ്രധാനമാണ്. നാം പോലുമറിയാതെ ആരോഗ്യപരമായ പല ഗുണങ്ങളും നല്‍കുന്ന ഒന്നും കൂടിയാണിത്.
നെറ്റിയില്‍ സ്ത്രീകള്‍ തൊടുന്ന ശീലം
ഇത്തരത്തിലെ ചിട്ടകളില്‍ ഒന്നാണ് മുക്കുറ്റിച്ചാന്ത്. മുക്കുറ്റി നമ്മുടെ തൊടിയില്‍ നിലത്തോടു ചേര്‍ന്നു വളരുന്ന ചെടിയാണ്. ചെറിയ മഞ്ഞപ്പൂക്കളുള്ള ഈ ചെടിയുടെ ഇലകള്‍ കൈകളില്‍ വച്ച് അരച്ചു പിഴിഞ്ഞ് ഈ പച്ചനിറത്തിലെ കട്ടിയുള്ള നീര് നെറ്റിയില്‍ സ്ത്രീകള്‍ തൊടുന്ന ശീലം പണ്ടു കാലത്തുണ്ടായിരുന്നു. ഇപ്പോഴും ചിലയിടത്തുമുണ്ട്. കര്‍ക്കിടക മാസത്തിലെ ആദ്യ ഏഴു ദിവസമാണ് മുക്കുറ്റിച്ചാന്ത്, മുക്കുറ്റിപ്പൊട്ട് സ്ത്രീകള്‍ തൊടുക. മുക്കുറ്റി പല പൂജാകര്‍മങ്ങളിലും ഉപയോഗിയ്ക്കുന്ന ഒന്നു കൂടിയാണ്. മുക്കുറ്റിയ്ക്ക് എന്നാല്‍ ഇതിേനക്കാളേറെ ആരോഗ്യപരമായ ഗുണങ്ങളുള്ള ഒന്നാണിത്. മുക്കുറ്റിച്ചാന്ത് തിരുനെറ്റിയില്‍ തൊടുന്നതിനു പുറകിലും ഇത്തരം ആരോഗ്യപരമായ വാസ്തവ ങ്ങളുണ്ട്.മുക്കുറ്റിയ്ക്കു പല ഗുണങ്ങളുമുണ്ട്. ആരോഗ്യവാസ്തവങ്ങള്‍. നെറ്റിയില്‍ പൊട്ടു തൊടുന്ന ഭാഗം നാഡികളുടെ കേന്ദ്ര ഭാഗം കൂടിയാണ്. ഇവിടെ ഈ പൊട്ടു തൊടുന്നതിലൂടെ ഈ പ്രത്യേക ഭാഗം ഉത്തേജിതമായി ആരോഗ്യപരമായ പല ഗുണങ്ങളും ശരീരത്തിന് ലഭിയ്ക്കുന്നു. രോഗ സാധ്യത ഏറെയുള്ള കര്‍ക്കിടക മാസത്തില്‍ മരുന്നു ഗുണമുള്ള മുക്കുറ്റി ചാലിച്ച് ഈ ഭാഗത്തു തൊടുന്നതിലൂടെ ആരോഗ്യപരമായ പല ഗുണങ്ങളും ശരീരത്തിനു ലഭിയ്ക്കുകയാണ് ചെയ്യുന്നത്.
ആയുര്‍വേദ പ്രകാരം
സിദ്ധ വൈദ്യത്തില്‍ ഉപയോഗിയ്ക്കുന്ന പ്രധാനപ്പെട്ടൊരു സസ്യമാണ് മുക്കുറ്റി. ആയുര്‍വേദ പ്രകാരം ശരീരത്തിലെ വാത, പിത്ത, കഫ ദോഷങ്ങള്‍ നീക്കാന്‍ സഹായിക്കുന്ന ഒന്നാണിത്. ഇവ ബാലന്‍സ് ചെയ്താല്‍ തന്നെ രോഗ വിമുക്തി നേടാം. ഇതിനു സഹായിക്കുന്ന, ശരീരത്തിന് തണുപ്പു നല്‍കുന്ന ഒന്നാണു മുക്കുറ്റി. ഇതിനു പുറമേ വിഷ ചികിത്സയ്ക്ക് ഉപയോഗിയ്ക്കുന്ന ഒന്നു കൂടിയാണിത്. വിഷ ജീവികളുടെ കടിയേറ്റാല്‍ ഈ ഭാഗത്ത് ഇത് അരച്ചു പുരട്ടിയാല്‍ മതിയാകും.
പ്രമേഹ മരുന്നു കൂടി
നല്ലൊന്നാന്തരം പ്രമേഹ മരുന്നു കൂടിയാണിത്. ഇതിട്ടു വെള്ളം തിളപ്പിച്ചു കുടിയ്ക്കുന്നതു ഗുണം നല്‍കും. ഇത് കടയോടെ പറിച്ചെടുത്ത് കഴുകി വൃ്ത്തിയാക്കി വെള്ളത്തിലിട്ടു തിളപ്പിച്ചു കുടിയ്ക്കാം. ഇതിന്റെ ഇലകള്‍ വെറും വയറ്റില്‍ ചവച്ചരച്ചു കഴിയ്ക്കുന്നതും ഇത് അരച്ചു കഴിയ്ക്കുന്നതുമെല്ലാം നല്ലതാണ്. വയറിന്റെ ആരോഗ്യത്തിനും ഇതേറെ ഉത്തമമാണ്. ദഹന സംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് ഇതു നല്ലതാണ്.ഇത് അരച്ചു മോരില്‍ ചേര്‍ത്തു കഴിച്ചാല്‍ വയറിളക്കത്തില്‍ നിന്നും മോചനം നേടാം.
മുറിവുകളോ പൊള്ളലുകളോ ഉണ്ടായാല്‍
മൂത്രാശയ സംബന്ധമായ രോഗങ്ങള്‍ക്കും ശരീരത്തിലെ നീരു പോലുളള പ്രശ്‌നങ്ങള്‍ക്കും ഇതേറെ നല്ലതാണ്. ശരീരത്തിനു പ്രതിരോധ ശേഷി നല്‍കുന്ന ഒന്നു കൂടിയാണിത്. പ്രസവിച്ച സ്ത്രീകളുടെ ഗര്‍ഭപാത്ര ശുദ്ധിയ്ക്കുള്ള മരുന്നു കൂടിയാണിത്. മാസമുറ സംബന്ധമായ ക്രമക്കേടുകള്‍ക്കും ഇതേറെ നല്ലതാണ്. ഹോര്‍മോണ്‍ ബാലന്‍സിനുള്ള കഴിവ് ഈ ഔഷധ സസ്യത്തിനുണ്ട്. ശരീരത്തില്‍ മുറിവുകളോ പൊള്ളലുകളോ ഉണ്ടായാല്‍ ഇതരച്ചു പുരട്ടുന്നതു നല്ലതാണ്.
നെഞ്ചിലെ കഫക്കെട്ടിനും
നെഞ്ചിലെ കഫക്കെട്ടിനും ചുമ, കോള്‍ഡ് മുതലായ പ്രശ്‌നങ്ങള്‍ക്കും ഇതു നല്ലതാണ്. ഇതു വേരോടെ അരച്ചു ചേര്‍ത്ത് തേനും ചേര്‍ത്തു കഴിയ്ക്കാം. ഇതിന് അണുനാശിനി ഗുണമേറെയുണ്ട്. ഇതു പോലെ തന്നെ അലര്‍ജി, ആസ്തമ എന്നിവയ്ക്കുള്ള പരിഹാം കൂടിയാണിത്. ശ്വാസ കോശ സംബന്ധമായ പ്രശ്‌നങ്ങള്‍ക്കു നല്ലത്. ശരീരത്തില്‍ നിന്നും ടോക്‌സിനകള്‍ നീക്കാന്‍ കഴിയുന്ന ഗുണമുളളതിനാല്‍ ക്യാന്‍സര്‍ പോലുള്ള രോഗങ്ങള്‍ക്കും ഇതേറെ നല്ലതാണ്.
4 October 2021
രോഗത്തിന് ആക്രമിക്കാന്‍ കഴിയാത്ത മനുഷ്യന്‍...!!
രോഗത്തിന് ആക്രമിക്കാന്‍ കഴിയാത്ത മനുഷ്യന്‍...!!
ഒരാള്‍ ശരിയായ ആഹാരരീതിയും ദിനചര്യയും പാലിക്കുമ്പോള്‍ ,
ശരിയായി ചിന്തിച്ചതിനു ശേഷം കര്‍മ്മനിരതനാകുമ്പോള്‍
ഇന്ദ്രിയ സുഖാനുഭവങ്ങളില്‍ അമിതാവേശം കാണിയ്ക്കാതിരിക്കുമ്പോള്‍ ,
ഉദാരമതിയായിരിക്കുമ്പോള്‍,
എല്ലാ ജീവജാലങ്ങളോടും സഹാനുഭൂതിയോടെ പെരുമാറുമ്പോള്‍ ,
സത്യത്തെ മുറുകെ പിടിക്കുകയും ,
മറക്കാനും പൊറുക്കാനും സന്നദ്ധനാകുകയും ചെയ്യുമ്പോള്‍,
വിനയത്തോടെ മറ്റുള്ളവരെ സേവിക്കുമ്പോള്‍,
തനിക്കുള്ളത് കൊണ്ട് സംതൃപ്തനായിരിക്കുമ്പോള്‍ ,
ബുദ്ധിമാനായ അയാളെ ഒരു രോഗത്തിനും കീഴ്പ്പെടുത്താനാകില്ല...!!
ചരകന്‍...
2 August 2021
ഒരുവേരന്‍ / പെരിങ്ങലം
ഒരുവേരന്‍ / പെരിങ്ങലം
കേരളത്തിലെ നാട്ടിന്‍പുറങ്ങളില്‍ സുലഭമായ സസ്യം. ഒരുവേരന്‍, പെരിങ്ങലം, പെരു, പെരുക്, വട്ടപ്പെരുക് അങ്ങനെ പല പേരുകളില്‍ അറിയപ്പെടുന്നു. Clerodendrum Viscosum | Clerodendrum infortunatum എന്ന സസ്യശാസ്ത്രനാമത്തില്‍ അറിയപ്പെടുന്നു. മയൂരജഘ്ന എന്ന് സംസ്കൃതനാമം.
കേരളത്തിലെ ചില പ്രദേശങ്ങളില്‍ ഇതിന്റെ ഇല കുഞ്ഞുങ്ങളുടെ മലം കോരിക്കളയാന്‍ ഉപയോഗിച്ചിരുന്നു. തന്മൂലം തീട്ടപ്ലാവില എന്നൊരു പേര് തദ്ദേശങ്ങളില്‍ ഈ സസ്യത്തിന് ഉണ്ട്.
ധനുമാസത്തിലെ തിരുവാതിര നാളില്‍ ഒരുവേരന്റെ വേര് അരച്ച് അരിയോടോപ്പം ചേര്‍ത്ത് അട പുഴുങ്ങി സ്ത്രീകള്‍ കഴിച്ചിരുന്ന ഒരു രീതി ആചാരം പോലെ കേരളത്തിലെ ചില പ്രദേശങ്ങളില്‍ നില നിന്നിരുന്നു. ഈ ആചാരം കേരളത്തിലെ സ്ത്രീകളുടെ ആരോഗ്യസംരക്ഷണത്തില്‍ വഹിച്ചിരുന്ന പങ്കിനെക്കുറിച്ച് ഇന്ന് അധികമാരും അറിയുമെന്ന് തോന്നുന്നില്ല.
സ്വാമി നിര്‍മ്മലാനന്ദഗിരി മഹാരാജ് ഈ സസ്യത്തിന്റെ അര്‍ബുദാന്തകഗുണങ്ങളെക്കുറിച്ച് തികച്ചും ആധുനികമായ രീതിയില്‍ വളരെ വിശദമായ പഠനം നടത്തുകയും അര്‍ബുദചികിത്സയില്‍ ഈ സസ്യത്തെ ഉപയോഗപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. ഈ പഠനം സംബന്ധിച്ച വിശദവിവരങ്ങള്‍ ലഭ്യമാണ്. [https://www.scribd.com/document/330937949]
[ഔഷധപ്രയോഗങ്ങള്‍]
1] ചെടിയുടെ തളിരിലകള്‍ തൊട്ടുരിയാടാതെ പറിച്ച്, കൈവെള്ള കൊണ്ട് വെള്ളം തൊടാതെ ഞെക്കിപ്പിഴിഞ്ഞ് നീര് എടുത്ത് കാലിന്‍റെ പെരുവിരലിന്റെ നഖത്തില്‍ നിര്‍ത്തിയാല്‍ അല്‍പസമയത്തിനുള്ളില്‍ കൊടിഞ്ഞിക്കുത്ത് അഥവാ മൈഗ്രയിന്‍ [Migraine] തലവേദന മാറും. വലതുവശത്താണ് വേദന എങ്കില്‍ ഇടത്തേ കാലിലും, ഇടതുവശത്താണ് വേദനയെങ്കില്‍ വലത്തേ കാലിലും ആണ് പുരട്ടേണ്ടത്. ഇല ചതച്ച് നഖത്തില്‍ വെച്ചുകെട്ടിയാലും ഫലം കിട്ടും. മുടങ്ങാതെ കുറച്ചുകാലം ചെയ്‌താല്‍ മൈഗ്രയിന്‍ പൂര്‍ണ്ണമായി ശമിക്കും എന്ന് അനുഭവസാക്ഷ്യം.
2] മൂര്‍ഖന്‍ പാമ്പ് കടിച്ചാല്‍ ഉടനെ ഒരുവേരന്‍റെ തളിരില പറിച്ചെടുത്ത് പശുവിന്‍ പാലില്‍ അരച്ച് നെല്ലിക്കാവലുപ്പത്തില്‍ ഉരുട്ടി കഴിച്ചാല്‍ വിഷം മാറും. മൂര്‍ഖന്‍ പാമ്പിന്‍റെ വിഷത്തിന്‍റെ കാര്യത്തില്‍ ഇത് പൂര്‍ണ്ണമായും ഫലപ്രദം ആണ്. മറ്റുള്ള പാമ്പുകള്‍ കടിച്ചാലും കുറവ് കിട്ടും. പൂര്‍ണ്ണമായി മാറില്ല
3] ഒരുവേരന്‍റെ വേര് അരിയോടൊപ്പം അരച്ച് അപ്പം ഉണ്ടാക്കി കഴിച്ചാല്‍ സെര്‍വിക്കല്‍ കാന്‍സര്‍ മാറും. ഏതെങ്കിലും സ്ത്രീയ്ക്ക് സെര്‍വിക്സില്‍ കാന്‍സര്‍ കണ്ടാല്‍ ഒരുവേരന്‍റെ വേര് 11 ദിവസം അട ഉണ്ടാക്കികൊടുത്താല്‍ രോഗം മാറും. 12 വയസ്സില്‍ കൂടുതല്‍ പ്രായമുള്ള എല്ലാ സ്ത്രീകള്‍ക്കും കഴിക്കാം.
4] പ്രസവശേഷം സ്ത്രീയ്ക്ക് ഒരുവേരന്‍റെ വേര് ഒരംഗുലം നീളത്തില്‍ മുറിച്ചുകൊണ്ടുവന്ന് അരി ചേര്‍ത്തരച്ച് അപ്പം ചുട്ടു കൊടുത്താല്‍ കോഷ്ഠശുദ്ധി ഉണ്ടാകും. ഇത് ഒരു പാരമ്പര്യരീതിയാണ്. പണ്ട് അങ്ങിനെ കഴിച്ച സ്ത്രീകളില്‍ സെര്‍വിക്കല്‍ കാന്‍സര്‍ ഉണ്ടാകാറില്ലായിരുന്നു.
5] ഒരുവേരന്‍ അരച്ച് നെല്ലിക്കാവലുപ്പത്തില്‍ ഉരുട്ടി പാലില്‍ ചേര്‍ത്തു കഴിച്ചാല്‍ H1N1 അണുബാധ മാറും. ഇല മാത്രമോ സമൂലമോ ഉപയോഗിക്കാം. കഷായം വെച്ചു കഴിച്ചാലും അണുബാധ മാറും
6] ഡെങ്കിപ്പനി, ചിക്കന്‍ഗുനിയ തുടങ്ങി ഒട്ടുമിക്ക അപകടകരമെന്നു കരുതുന്ന വൈറല്‍ പനികളിലും ഒരുവേരന്‍ അരച്ച് നെല്ലിക്കാവലുപ്പത്തില്‍ ഉരുട്ടി പാലില്‍ ചേര്‍ത്തു കഴിക്കാം. കിരിയാത്ത്, ദേവതാരം, കൊത്തമല്ലി, ചുക്ക് എന്നിവയുടെ കഷായം കഴിച്ചാലും വൈറല്‍ പനികള്‍ മാറും
7] ഒരു വേരന്റെ തളിരില കാട്ടുജീരകം ചേര്‍ത്ത് അരച്ച് നിത്യം സേവിച്ചാല്‍ പ്രമേഹം ശമിക്കും.
പലപ്പോഴും പറമ്പിലും വഴിയോരത്തും നില്‍ക്കുന്ന ചെടികളെ ഉന്മൂലനം ചെയ്യുമ്പോള്‍ നാം അറിയാറില്ല, നമ്മുടെ ആയുസ്സിനെ സംരക്ഷിക്കാന്‍ പ്രകൃതി കനിഞ്ഞു നല്‍കിയ ഔഷധങ്ങളാണ് അവയെന്ന്. ഒരുവേരന്റെ കാര്യത്തില്‍ ഇത് വളരെ ശരിയാണ്. ഒട്ടുമിക്ക അര്‍ബുദങ്ങളിലും അതീവഫലപ്രദമാണ് ഒരുവേരന്‍. സംരക്ഷിക്കുക.
NB :- നമ്മുടെ നാട്ടിലെ പ്രത്യേക സാഹചര്യങ്ങള്‍ കണക്കിലെടുത്ത് പ്രയോഗിക്കുന്നതിനു മുമ്പ് ലൈസന്‍സ് ഉള്ള ഏതെങ്കിലും RMP-യോട് ഉപദേശം സ്വീകരിച്ചു മാത്രം പ്രയോഗിക്കുക.
21 July 2021
ചിരട്ടയിട്ടു തിളപ്പിച്ച വെള്ളം...
ചിരട്ടയിട്ടു തിളപ്പിച്ച വെള്ളം...
ആയുസു നീട്ടും, അമൃതാണ് ചിരട്ടയിട്ട വെള്ളം . വലിച്ചെറിയുകയോ അടുപ്പു കത്തിയ്ക്കുവാന്‍ ഉപയോഗിയ്ക്കുകയോ ചെയ്യുന്നവയാണ് ചിരട്ടയും ചകിരിയുമെല്ലാം.
എന്നാല്‍ പലപ്പോഴും ചിരട്ട ഇങ്ങനെ കളയേണ്ട ഒന്നല്ല. പല തരത്തിലെ ആരോഗ്യപരമായ ഗുണങ്ങള്‍ അടങ്ങിയ ഒന്നു കൂടിയാണ് ചിരട്ടയിട്ടു തിളപ്പിച്ച വെള്ളമെന്നു വേണം, പറയുവാന്‍.
ആയുര്‍വേദത്തില്‍ ചിരട്ട വെന്ത വെള്ളം നല്ലൊരു രോഗ ശമനിയും ദാഹ ശമനിയുമായി ഉപയോഗിച്ചു വരുന്നു. ഇതു കൊണ്ടുണ്ടാക്കുന്ന സൂപ്പും ചില ഭാഗങ്ങളില്‍ ഉപയോഗിച്ചു വരുന്നുണ്ട്. പണ്ടു കാലങ്ങളിലെ അടുക്കളകളില്‍ ചിരട്ടത്തവി ഉപയോഗിച്ചിരുന്നതിന്റെ ഒരു കാരണം ആരോഗ്യപരമായ വശങ്ങള്‍ കൂടി കണക്കാക്കിയാണ്. ഇവയിലെ പോഷകങ്ങള്‍ ലഭ്യമാക്കുന്നതിനുള്ള വഴി കൂടിയായിരുന്നു ഇത്. കഠിനാധ്വാനത്തോടൊപ്പം ഇത്തരം ആരോഗ്യ ശീലങ്ങളും കൂടിയുള്ളതു കൊണ്ടായിരുന്നു, പഴയ കാല തലമുറ ആരോഗ്യം കാത്തു സൂക്ഷിച്ചിരുന്നതും.
ചിരട്ടവെന്തവെള്ളം എങ്ങനെയൊക്കെയാണ് ആരോഗ്യപരമായ നേട്ടങ്ങള്‍ക്കു സഹായിക്കുന്നതെന്നറിയൂ.
പ്രമേഹ രോഗികള്‍ക്ക്;
പ്രമേഹ രോഗികള്‍ക്ക് ധൈര്യമായി കുടിയ്ക്കാവുന്ന ഒന്നാണ് ചിരട്ട വെന്ത വെള്ളം. ചിരട്ട വെന്ത വെള്ളം മാത്രമല്ല, ചകിരിയിട്ടു തിളപ്പിച്ച വെള്ളവും ഈ ഗുണം നല്‍കുമെന്നു വേണം, പറയുവാന്‍. ഇതിലെ നാരുകളാണ് പ്രധാനമായും ഈ പ്രയോജനം നല്‍കുന്നത്. ചിരട്ട വെന്ത വെള്ളം കുടിയ്ക്കുന്നത് പ്രമേഹം നല്ല രീതിയില്‍ കുറയ്ക്കാന്‍ സഹായിക്കുന്നു. പ്രമേഹത്തിന്റെ കൂടിയ അവസ്ഥയായ ടൈപ്പ് 2 പ്രമേഹത്തിനുളള നല്ലൊരു പ്രതിവിധി കൂടിയാണിത്.
ഒരു ലിറ്റര്‍ വെള്ളത്തില്‍ ഒരു മുഴുവന്‍ തേങ്ങയുടെ ചിരട്ട പൊട്ടിച്ച് ഇടത്തരം കഷ്ണങ്ങളാക്കി ഇടുക. ഇത് 10 മിനിറ്റു നേരം തിളപ്പിച്ച ശേഷം വാങ്ങി വച്ച് ഊറ്റിയെടുത്ത് കുടിയ്ക്കാം. അതായത് വെള്ളം ചുവപ്പു നിറമാകുന്നതു വരെ തിളപ്പിയ്ക്കാം. രാവിലെ വെറും വയറ്റിലും ദിവസം മുഴുവന്‍ പല സമയങ്ങളിലുമായും കുടിയ്ക്കാം. പ്രമേഹ നിയന്ത്രണത്തിന് ഇത് നല്ലൊരു പരിഹാരമാണ്
കൊളസ്‌ട്രോള്‍ പ്രമേഹം നിയന്ത്രിയ്ക്കാന്‍ മാത്രമല്ല, കൊളസ്‌ട്രോള്‍ കുറയ്ക്കാനും നല്ലൊന്നാന്തരം മരുന്നാണ് ചിരട്ടയിട്ടു തിളപ്പിച്ച വെള്ളമെന്നു വേണം, പറയുവാന്‍. കൊളസ്‌ട്രോള്‍ പ്രശ്‌നങ്ങള്‍ ഉള്ളവര്‍ ഇത് ദിവസവും കുടിയ്ക്കുന്നത് കൂടിയ കൊളസ്‌ട്രോള്‍ അതായത് എല്‍ഡിഎല്‍ കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ ഏറെ സഹായകമാണ്. ഇതു വഴി ചിരട്ടയിട്ടു തിളപ്പിച്ച വെള്ളം ഹൃദയാരോഗ്യത്തിനും ഏറെ ഗുണകരമാണെന്നു വേണം, പറയുവാന്‍.
തടി കുറയ്ക്കാന്‍ ശ്രമിയ്ക്കുന്നവര്‍ക്ക് ചേര്‍ന്ന ഒരു മാര്‍ഗം കൂടിയാണ് ഇത്. ഇതിലെ നാരുകളാണ് സഹായിക്കുന്നത്. കുടല്‍ ആരോഗ്യത്തിനും നല്ല ദഹനത്തിനും സഹായിക്കുന്ന ഇത് അപചയ പ്രക്രിയ ശക്തിപ്പെടുത്തുന്ന ഒന്നു കൂടിയാണ്. ദിവസവും വെറും വയറ്റില്‍ ചിരട്ടയിട്ടു തിളപ്പിച്ച വെള്ളം നല്‍കുന്ന പല പ്രയോജനങ്ങളില്‍ ഒന്നാണിത്. ഇത് ദിവസവും അടുപ്പിച്ച് ഒരു മാസം ഉപയോഗിച്ചാല്‍ വെയ്റ്റ് 8 പൗണ്ടോളം കുറയുന്നു. കൊഴുപ്പുരുക്കുന്നതും ദഹനം മെച്ചപ്പെടുത്തുന്നതുമെല്ലാം ഇതിന്റെ ഗുണങ്ങളാണ്.
ചിരട്ടയിട്ടു തിളപ്പിച്ച വെള്ളത്തിന്റെ മറ്റൊരു ഗുണമെന്നത് ഇതിലെ ഫൈബര്‍ കുടല്‍ പ്രവര്‍ത്തനങ്ങള്‍ നല്ല രീതിയില്‍ നടക്കാന്‍ സഹായിക്കും. നല്ല രീതിയില്‍ ദഹനവും കുടലിലൂടെ വേസ്റ്റ് ഉല്‍പന്നങ്ങള്‍ വേഗത്തില്‍ നീങ്ങുന്നതും ഇതിലൂടെ സാധ്യമാകും. ഇത് നല്ല രീതിയില്‍ ശോധന നടക്കുന്നതിന് സഹായിക്കുന്ന ഒരു പ്രധാനപ്പെട്ട ഘടകമാണ്. ദഹനത്തിനും ഗ്യാസിനും അസിഡിറ്റിയ്ക്കുമെല്ലാം ചിരട്ടയിട്ടു തിളപ്പിച്ച വെള്ളം നല്ലൊരു മരുന്നാണ്.
പ്രതിരോധ ശേഷി
ശരീരത്തിന് പ്രതിരോധ ശേഷി നല്‍കുന്ന, ചിരട്ടയിട്ടു തിളപ്പിച്ച വെള്ളം പ്രമേഹം, കൊളസ്‌ട്രോള്‍ എന്നിവ നിയന്ത്രിയ്ക്കുന്നതു കൊണ്ടു തന്നെ ഹൃദയത്തിന്റെ ആരോഗ്യത്തിനും ഏറെ സഹായകമാണ്. ഹൃദയാരോഗ്യത്തെ ബാധിയ്ക്കുന്ന കൊളസ്‌ട്രോള്‍ പോലുള്ള പ്രശ്‌നങ്ങള്‍ നീക്കുന്നതിനാല്‍ ഹൃദയത്തെ തികച്ചും പ്രകൃതി ദത്ത രീതിയില്‍ ആരോഗ്യത്തോടെ കാക്കുവാന്‍ ഈ വെള്ളം നല്ലതാണ്. ചിരട്ടയിട്ട വെള്ളം കുടിയ്ക്കുന്നത് ടോക്‌സിനുകള്‍ ഒഴിവാക്കാനുള്ള പ്രധാനപ്പെട്ട ഒരു വഴി കൂടിയാണ്. വെള്ളം ശുദ്ധീകരിയ്ക്കാനായി ചിരട്ട വെള്ളത്തിലിടാറുണ്ട്. ഇതേ പ്രക്രിയ തന്നെ ചിരട്ട വെള്ളം ശരീരത്തിനും നല്‍കുന്നുണ്ട്.
29 January 2021
മുക്കുറ്റി
മുക്കുറ്റി
കേരളപ്പിറവിയോടു കൂടിയാണ് ഓണം ദേശീൽയോത്സവമായി അംഗീകരിക്കപ്പെട്ടത്. എന്നാൽ അതിന് എത്രയോ മുമ്പേ തന്നെ മലയാള സാഹിത്യകൃതികളിലും പ്രാചീന രേഖകളിലും ഓണത്തെക്കുറിച്ചുള്ള പരാമർശങ്ങൾ ഉണ്ടായിരുന്നു....
ദശപുഷ്പത്തിലെ ഒരംഗമായ മുക്കുറ്റിക്കുമുണ്ടൊരു കഥ പറയാൻ...!
ഓണപ്പൂക്കളിൽ ഏറ്റവും അവശ്യം വേണ്ട പൂവാണ് മുക്കുറ്റി. എന്നാൽ ഇന്ന് മുക്കുറ്റി എന്നത് നാട്ടിൻ പുറങ്ങളിൽ മാത്രം അപൂർവ്വമായി കണ്ടു വരുന്നതാണ്. പൂക്കളത്തിൽ പ്രത്യേക സ്ഥാനമുണ്ടായിരുന്നു ഈ സുന്ദരിക്ക്. എന്നാൽ ഇന്ന് ഈ സ്ഥാനമെല്ലാം മാർക്കറ്റ് പൂക്കൾ കയ്യടക്കി.
നമ്മുടെ മുറ്റത്തും തൊടിയിലുമെല്ലാം നിലത്തോടു ചേർന്നു പടർന്നു വളരുന്ന മുക്കുറ്റിച്ചെടിയെ അറിയാത്തവർ ആരുമുണ്ടാകില്ല. എന്നാൽ ഈ ചെടിയെ അറിയാമെങ്കിലും ഇതിന്റെ ഔഷധ ഗുണങ്ങളെക്കുറിച്ചു അറിയാൻ വഴിയില്ല. സാധാരണ സസ്യം എന്ന ഗണത്തിനാണ് ഇതിനെ പലരും കാണാറും.ചെറിയ മഞ്ഞപ്പൂക്കൾ ഉള്ള ഈ സസ്യം സ്ത്രീകൾക്കു പ്രധാനമാണെന്നു വേണം, പറയാന്‍. തിരുവാതിരയ്ക്കു ദശപുഷ്പം ചൂടുക എന്നൊരു ചടങ്ങുണ്ട്. ഇത്തരം ദശപുഷ്പങ്ങളിൽ പ്രധാനപ്പെട്ട ഒന്നാണ് മുക്കുറ്റി. ഇതുപോലെ കർക്കിടക മാസം ആദ്യത്തെ ഏഴു ദിവസം ഇതിന്റെ നീരു പിഴിഞ്ഞെഴുത്ത് പൊട്ടു തൊടുക എന്നൊരു ചടങ്ങുമുണ്ട്. പൂജകൾക്ക് ഉപയോഗിയ്ക്കുന്ന ഒന്നു കൂടിയാണ് ഇത്. മുക്കുറ്റി സ്ത്രീകൾ തലയിൽ ചൂടിയാൽ ഭര്‍ത്താവിന് നല്ലത്, പുത്ര ലബ്ധി തുടങ്ങിയ പല ഗുണങ്ങളുമുണ്ട്. ഇതെല്ലാം വെറും ചടങ്ങുകൾ മാത്രമല്ല, ആരോഗ്യപരമായ ശാസ്ത്ര വിശദീകരണങ്ങൾ ഏറെയുളളവയാണ്.
മുക്കൂറ്റി സ്ത്രീകൾ നെറ്റിയിൽ അരച്ചു തൊടുന്നതിനു പുറകിൽ പോലും ശാസ്ത്രീയ സത്യമുണ്ട്. പൊട്ടു തൊടുന്ന ആ ഭാഗം നാഡികൾ സമ്മേളിയ്ക്കുന്ന ഇടമാണ്. ഇവിടെ മുക്കുറ്റി തൊടുമ്പോൾ ഈ ഭാഗം ഉത്തേജിതമായി ആരോഗ്യപരമായ ഗുണങ്ങൾ ലഭിയ്ക്കുകയാണ് ചെയ്യുന്നത്. കർക്കിടക മാസത്തിൽ പ്രത്യേകിച്ചും ശരീരത്തിന് രോഗങ്ങൾ തടയാന്‍ ഇതു സഹായിക്കുന്നു.മുക്കുറ്റിയെ ഇത്തരം ചടങ്ങുകൾക്കു മാത്രമുള്ള സസ്യമായി കാണരുത്. ആരോഗ്യത്തിനു പല തരത്തിലും ഉപകാരപ്പെടുന്ന ഒരു സസ്യം കൂടിയാണ് ഇത്.
സിദ്ധ വൈദ്യത്തിൽ ഉപയോഗിയ്ക്കുന്ന പ്രധാനപ്പെട്ട ഒന്നു കൂടിയാണിത്. ഒന്നല്ല, പല രോഗങ്ങൾക്കുമുള്ള മരുന്നാണിത്. ആയുർവേദ പ്രകാരം ശരീരത്തിലെ വാത, പിത്ത, കഫ ദോഷങ്ങള്‍ അകറ്റാന്‍ ഏറെ ഗുണകരം.ആയുർവേദ പ്രകാരം ഈ മൂന്നു ദോഷങ്ങളാണ് ശരീത്തിൽ അസുഖങ്ങൾക്ക് ഇട വരുത്തുന്നത്. ഇത് ബാലന്‍സ് ചെയ്യാന്‍ ശരീരത്തിനു സാധിയ്ക്കുമ്പോൾ അസുഖങ്ങൾ ഒഴിയും. ഇതു വഴിയും മുക്കുറ്റി ഏറെ ഗുണം നൽകുന്നുമുണ്ട്. ശരീരം തണുപ്പിയ്ക്കാനും ഇതു സഹായിക്കുന്നു. ശരീരത്തിന് ചൂടു കൂടുമ്പോൾ വയറിന് അസ്വസ്ഥതയുൾപ്പെടെ പല പ്രശ്‌നങ്ങളും ഉണ്ടാകുകയും ചെയ്യുന്നു. മുക്കുറ്റി രോഗശമനിയാകുന്നത്, ഏതെല്ലാം രോഗങ്ങൾക്ക് ഏതെല്ലാം വിധത്തിൽ എന്നതിനെ കുറിച്ചെല്ലാം അറിയൂ. മുറ്റത്തെ ഈ കൊച്ചുചെടിയിലൂടെ ആരോഗ്യം സംരക്ഷിയ്ക്കാൻ സാധിയ്ക്കും.