ഹൈന്ദവ പുരാണ പ്രകാരം ഭഗവാൻ മഹാവിഷ്ണുവിന്റെ ദശാവതാരങ്ങളിലെ നാലാമത്തെ ഉഗ്ര അവതാരമാണ് നരസിംഹ മൂർത്തി. ഭക്ത സംരക്ഷണത്തിന് വേണ്ടി സഭാസ്തംഭത്തിൽ നിന്ന് പ്രത്യക്ഷപ്പെട്ട മഹാവിഷ്ണുവാണ് നരസിംഹ മൂർത്തി. വൈശാഖ പുണ്യമാസത്തിലെ ശുക്ല പക്ഷ ചതുർദശി ദിവസമാണ് നരസിംഹ ജയന്തിയായി ആഘോഷിയ്ക്കുന്നത്. നരസിംഹ അവതാര ദിവസമാണ് ഇത്. നരസിംഹ ക്ഷേത്രങ്ങളിലും മഹാവിഷ്ണു, ശ്രീകൃഷ്ണ ക്ഷേത്രങ്ങളിലും നരസിംഹജയന്തി ഏറെ വിശേഷപ്പെട്ട ദിവസമാണ്. ഭക്തനായ പ്രഹ്ലാദനെ രക്ഷിയ്ക്കാനും ദുഷ്ടനായ ഹിരണ്യ കശിപ്പുവിനെ കൊല്ലാനുമായി അവതാരമെടുത്തതാണ് നരസിംഹ മൂർത്തി. ഉഗ്രമൂർത്തിയായ നരസിംഹമൂർത്തിയെ കണ്ട് സകല ദേവി ദേവന്മാരും ഭയന്ന് വിറച്ചു. വിഷ്ണുവിൻറെ പരമ ഭക്തനും അഞ്ച് വയസ്സുള്ള ബാലനുമായ പ്രഹ്ലാദൻ സ്തുതിച്ചതോടെ നരസിംഹമൂർത്തിയുടെ കോപത്തിൽ അൽപ്പം കുറവ് വന്നു, ലക്ഷ്മി സമേതനായി പ്രഹ്ലാദനെ അനുഗ്രഹിച്ചു. ഈ സങ്കൽപ്പമാണ് ലക്ഷ്മി നരസിംഹമൂർത്തി.
മഹാവിഷ്ണു കൃതയുഗത്തിൽ നാലവതാരങ്ങൾ എടുത്തു. അതിൽ അവസാനത്തെ അവതാരമാണ് നരസിംഹം. മഹാവിഷ്ണുവിനെ ശാന്ത സ്വരൂപനായിട്ടാണ് കണക്കാക്കുന്നതെങ്കിൽ നരസിംഹം ഉഗ്രമൂർത്തിയാണ്. ഭയം, ശത്രുപീഡ, രോഗം, ദാരിദ്ര്യം, പേടിസ്വപ്നം തുടങ്ങിയ കടുത്ത ദുരിതങ്ങളിൽ നിന്ന് മുക്തിക്കായി ഉഗ്ര നരസിംഹത്തെ വിശ്വാസികൾ ആരാധിക്കാറുണ്ട്. നരസിംഹമൂർത്തിയെ ആരാധിച്ചാൽ ശത്രുക്കളുടെ വീര്യവും, ഉപദ്രവവും ഇല്ലാതാകുമെന്ന വിശ്വാസം വൈഷ്ണവർക്കുണ്ട്. ലക്ഷ്മി ഭഗവതിയോടൊപ്പം ചേർത്ത് ലക്ഷ്മിനരസിംഹമൂർത്തി എന്ന ഭാവത്തിൽ ആരാധിക്കുന്നത് സമ്പത്തും ഐശ്വര്യവും പ്രദാനം ചെയ്യുകയും, ദാരിദ്ര്യനാശം വരുത്തുകയും ചെയ്യും എന്നാണ് വിശ്വാസം.
ഭാഗവത കഥ
🎀❉━═══🪷═══━❉🎀
പ്രഹ്ലാദനെ രക്ഷിക്കുവാനും ഹിരണ്യാകശിപുവിനെ നിഗ്രഹിക്കാനുമായി മഹാവിഷ്ണു നരസിംഹാവതാരം എടുത്തുവെന്നു ഭാഗവതത്തിൽ പറയുന്നുണ്ട്. സഹോദരനായ ഹിരണ്യാക്ഷന്റെ വധത്തെ തുടർന്ന് ഹിരണ്യകശിപു ക്രോധാവിഷ്ടനായി. ബ്രഹ്മാവിനെ തപസ്സ് ചെയ്ത് താഴെ പറയുന്ന മട്ടിലേ തന്റെ മരണം ആകാവൂ എന്ന വരം വാങ്ങി.
മനുഷ്യനോ മൃഗമോ തന്നെ കൊല്ലരുത്
ആയുധങ്ങൾ കൊണ്ട് തന്നെ കൊല്ലരുത്
രാവോ പകലോ തന്നെ കൊല്ലരുത്
ഭൂമിയിലോ ആകാശത്തോ പാതാളത്തോ വെച്ച് തന്നെ കൊല്ലരുത്
വരബലത്തിൽ അഹങ്കാരിയായ ഹിരണ്യകശിപു ജനദ്രോഹിയായി. സഹോദരനായ ഹിരണ്യാക്ഷനെ പോലെ അയാളും ദേവലോകം ആക്രമിച്ചുകീഴടക്കി ദേവന്മാരെ സ്ഥാനഭ്രഷ്ടരാക്കി. ഇതിൽ ദുഃഖിതരായ ദേവന്മാർ മഹാവിഷ്ണുവിനെ ശരണം പ്രാപിച്ചു. താൻ ഉടനെ പ്രശ്നപരിഹാരം നടത്തിക്കൊള്ളാമെന്ന് ഭഗവാൻ അവർക്ക് വാക്കുകൊടുത്തു.
ഇതിനിടയിൽ ഹിരണ്യകശിപുവിന്റെ ഭാര്യയായ കയാധു ഗർഭിണിയായി. സുന്ദരിയായ കയാധുവിനെ കണ്ടുമയങ്ങിയ ദേവേന്ദ്രൻ അവളെ ബന്ദിയാക്കി ഹിരണ്യകശിപുവിനോട് പക വീട്ടാൻ ശ്രമിച്ചെങ്കിലും നാരദമഹർഷിയുടെ ആവശ്യപ്രകാരം അവളെ വിട്ടയച്ചു. തുടർന്ന്, കയാധുവിനെ തന്റെ ആശ്രമത്തിലേയ്ക്ക് കൂട്ടിക്കൊണ്ടുപോയ മഹർഷി, അവൾക്ക് വിഷ്ണുകഥകൾ ധാരാളം പറഞ്ഞുകൊടുത്തു. ആശ്രമത്തിൽ വച്ചുതന്നെ കയാധു പ്രഹ്ലാദന് ജന്മം നൽകി. മാതൃഗർഭത്തിലായിരിയ്ക്കേത്തന്നെ വിഷ്ണുകീർത്തനങ്ങളും മറ്റും കേൾക്കാനിടയായ പ്രഹ്ലാദൻ തന്മൂലം ബാല്യം മുതലേ തികഞ്ഞ വിഷ്ണുഭക്തനായി മാറി. വളർന്നപ്പോൾ ഗുരുകുലത്തിൽ പഠിയ്ക്കാൻ പോയ പ്രഹ്ലാദൻ ഗുരുവടക്കം അവിടെയുള്ളവരെയും തികഞ്ഞ വിഷ്ണുഭക്തരാക്കി മാറ്റി.
ഇതിനിടയിൽ ഹിരണ്യകശിപു തന്റെ രാജ്യത്ത് വിഷ്ണുപൂജ നിരോധിച്ചു. ആരും വിഷ്ണുവിനെ പൂജിയ്ക്കരുതെന്നും, തന്നെ മാത്രമേ പൂജിയ്ക്കാൻ പാടൂ എന്നും അയാൾ ആജ്ഞാപിച്ചു. നിയമം ലംഘിച്ച നിരവധി പേർ വധശിക്ഷയ്ക്ക് വിധേയരായി. ഗുരുകുല വിദ്യാഭ്യാസം കഴിഞ്ഞ് തിരിച്ചെത്തിയ തന്റെ പുത്രൻ ശത്രുവിനെ ഭജിയ്ക്കുന്നത് അസഹനീയമായിത്തോന്നിയ ഹിരണ്യകശിപു അവനെ വധിയ്ക്കാൻ പല രീതിയിലും ശ്രമിച്ചു. കൊക്കയിലും കടലിലും വലിച്ചെറിഞ്ഞും പാമ്പിന് തിന്നാൻ കൊടുത്തുമൊക്കെ വധശ്രമം നടത്തി. എന്നാൽ, ഭഗവദ്കൃപ മൂലം തദവസരങ്ങളിലെല്ലാം അവൻ രക്ഷപ്പെട്ടു. ഇത് ഹിരണ്യകശിപുവിനെ പൂർവ്വാധികം കോപിഷ്ഠനാക്കി. അയാൾ തന്റെ സഹോദരിയായ ഹോളികയെ അതിനായി വിളിച്ചുകൊണ്ടുവന്നു. ശരീരം ഒരിയ്ക്കലും അഗ്നിയിൽ ദഹിച്ചുപോകില്ല എന്ന വരം ഹോളിക ബ്രഹ്മാവിൽ നിന്ന് കരസ്ഥമാക്കിയിരുന്നു. ഇതറിയാമായിരുന്ന ഹിരണ്യകശിപു തന്മൂലം പ്രഹ്ലാദനെ തീകൊടുത്തുകൊല്ലാനാണ് തീരുമാനിച്ചത്. വിറക് ശേഖരിച്ച് കൊളുത്താനായി തീയും കൊണ്ടുവന്നശേഷം പ്രഹ്ലാദനെയും ഹോളികയെയും വിറകിനുമുകളിൽ കിടത്തി. തുടർന്ന്, ഹിരണ്യകശിപു തീകൊളുത്തി. എന്നാൽ, പ്രഹ്ലാദൻ വീണ്ടും രക്ഷപ്പെടുകയാണ് ചെയ്തത്. ഹോളികയുടെ വരം നിഷ്ഫലമാകുകയും അവൾ തീയിൽ വെന്തുമരിയ്ക്കുകയും ചെയ്തു.
തുടർന്ന് പൂർവ്വാധികം കോപിഷ്ഠനായ ഹിരണ്യകശിപു ഒരു ദിവസം സന്ധ്യയ്ക്ക് 'എവിടെ നിന്റെ ഭഗവാൻ?' എന്ന ചോദ്യം പ്രഹ്ലാദനോട് ചോദിച്ചു. 'ഭഗവാൻ തൂണിലും തുരുമ്പിലും സർവ്വതിലുമുണ്ട്' എന്ന് പ്രഹ്ലാദൻ മറുപടി പറഞ്ഞു. ഇത് കേട്ടപാടേ കോപാക്രാന്തനായ ഹിരണ്യകശിപു അടുത്തുകണ്ട ഒരു തൂൺ കാണിച്ച് ഇതിലും നിന്റെ ഭഗവാൻ ഉണ്ടോയെന്ന് അഹന്തയോടെ മകനോട് ചോദിച്ചു. ഉടൻ തന്നെ ദേഷ്യത്തിൽ തന്റെ ഗദ കൊണ്ട് തൂണ് അടിച്ചുതകർത്തു. ആ നിമിഷം, ഉഗ്രരൂപനായ നരസിംഹമായി വിഷ്ണുഭഗവാൻ പുറത്തുചാടി. വരത്തിൽ പറഞ്ഞതുപോലെ പകലും രാത്രിയുമല്ലാത്ത സന്ധ്യാസമയത്തായിരുന്നു നരസിംഹാവതാരം. സിംഹത്തിന്റെ തലയും മനുഷ്യന്റെ ഉടലുമുണ്ടായിരുന്ന നരസിംഹം തന്മൂലം മനുഷ്യനോ ദേവനോ മൃഗമോ ഒന്നുമല്ലായിരുന്നു. ഹിരണ്യകശിപുവിനെ എടുത്തുകൊണ്ടുപോയ ഭഗവാൻ അയാളെ തന്റെ മടിയിൽ കിടത്തി കയ്യിലെ നഖങ്ങൾ ഉപയോഗിച്ച് മാറുകീറിപ്പിളർത്തിക്കൊന്നു. കൊട്ടാരത്തിന്റെ ഉമ്മറപ്പടിയിൽ വച്ചാണ് ഇത് സംഭവിച്ചത്. അങ്ങനെ, വരത്തിന്റെ മറ്റ് നിബന്ധനകളും പാലിയ്ക്കപ്പെട്ടു. ഹിരണ്യകശിപുവിനെ വധിച്ചിട്ടും കോപമടങ്ങാതെ നിന്ന ഭഗവാൻ, പ്രഹ്ലാദന്റെ സ്തുതിഗീതങ്ങൾ കേട്ട് ശാന്തരൂപനായി അവനെ അനുഗ്രഹിച്ചശേഷം അപ്രത്യക്ഷനായി.
നരസിംഹത്തിന്റെ രൂപത്തെ ഭാഗവതത്തിൽ ഇപ്രകാരമാണ് വർണ്ണിച്ചിരിയ്ക്കുന്നത്.
“
മീമാംസമാനസ്യ സമുത്ഥിതോഗ്രതോ
നൃസിംഹരൂപസ്തദലം ഭയാനകം
പ്രതപ്തചാമീകര ചണ്ഡലോചനം
സ്ഫുരത്സടാകേസരജൃംഭിതാനനം
കരാളദംഷ്ട്രം കരവാള ചഞ്ചല-
ക്ഷുരാന്തജിഹ്വം ഭ്രുകുടീ മുഖോൽബാണം
സ്തബ്ധോർദ്ധ്വകർണ്ണം ഗിരികന്ദരാത്ഭുത-
വ്യാത്താസ്യന്യാസം ഹനുഭേദ ഭീഷണം
ദിവിസ്പൃശൽ കായമദീർഘപീവര-
ഗ്രീവോരുവക്ഷ:സ്ഥലമല്പമദ്ധ്യമം
ചന്ദ്രാംശു ഗൗരൈശ്ഛുരിതം തനൂരുഹൈ-
ർവ്വിഷ്വഗ്ഭുജാനീക ശതം നഖായുധം
ദിക്കുകളെല്ലാം ഞെട്ടിവിറയ്ക്കുന്ന രീതിയിൽ അട്ടഹാസത്തോടു കൂടി നരസിംഹാവതാരം സംഭവിക്കുകയും സന്ധ്യക്ക് തന്റെ മടിയിൽ കിടത്തി നഖങ്ങൾ കൊണ്ട് മനുഷ്യനോ മൃഗമോ അല്ലാത്ത നരസിംഹം ഹിരണ്യകശിപുവിന്റെ വധം നടത്തുകയും ചെയ്തു എന്നാണ് പുരാണങ്ങൾ പറയുന്നത്. ഭക്തരെ ദുരിതക്കടലിൽ നിന്ന് മോചിപ്പിക്കാൻ ഏത് ഉപായത്തിലൂടെയും ഭഗവാൻ എത്തിച്ചേരും എന്ന സന്ദേശമാണ് ഇതിലുള്ളത്. ഭഗവാൻ വിഷ്ണു നരസിംഹാവതാരം എടുത്ത ദിവസം ഭാരതത്തിലെ ഹിന്ദുക്കൾ നരസിംഹ ജയന്തിയായി ആചരിച്ചു വരുന്നു.
No comments:
Post a Comment