ഹൈന്ദവ ഇതിഹാസമായ രാമായണത്തിലെ കഥാപാത്രമായ ഒരു വാനരനാണ് സുഗ്രീവൻ. ബാലിയുടെ അനുജനായ സുഗ്രീവനാണ് ബാലിക്കു ശേഷം വാനര രാജ്യമായ കിഷ്കിന്ധ ഭരിച്ചത്. സൂര്യഭഗവാന്റെ പുത്രനായിരുന്ന സുഗ്രീവനാണ് സീതയെ വീണ്ടെടുക്കുന്നതിന് രാവണനെതിരെ യുദ്ധം ചെയ്യാൻ രാമനെ സഹായിച്ചത്.
രാമായണത്തിലെ വാനരകഥാപാത്രങ്ങളിൽ ഹനുമാനോടൊപ്പം പ്രാധാന്യമാണ് സുഗ്രീവനുമുള്ളത്. ധാരാളം പരീക്ഷണങ്ങളിലൂടെ കടന്നുപോയി, പരാജയങ്ങളേറ്റുവാങ്ങി, തിരിച്ചറിവുകൾ നേടി, വിജയംെെകവരിച്ച ജീവിതമായിരുന്നു സുഗ്രീവന്റേത്.
ബാലിയും സുഗ്രീവനും സഹോദരന്മാരാണ്. ഇന്ദ്രന്റെ പുത്രനാണ് ബാലി. സുഗ്രീവൻ സൂര്യന്റെ പുത്രനും. ഗൗതമന്റെ ആശ്രമത്തിൽ കഴിഞ്ഞിരുന്ന ഇവർ കിഷ്‌ക്കിന്ധാ രാജാവായ ഋക്ഷരജസ്സിന്റെ സന്നിധിയിൽ എത്തിച്ചേരുന്നു. രാജാവ് പെട്ടെന്ന് കാലംചെയ്തപ്പോൾ ബാലിയെ രാജാവായി അഭിഷേകം ചെയ്തു. സുഗ്രീവൻ ജ്യേഷ്ഠൻ ബാലിയുടെ സേവകനായി രാജകൊട്ടാരത്തിൽ കഴിയുകയാണ്. ഈ സമയത്താണ് ദുന്ദുഭി എന്ന അസുരനുമായി ബാലി യുദ്ധത്തിൽ ഏർപ്പെടുന്നത്.
അനുജൻ ചതിച്ചെന്ന് തെറ്റിദ്ധരിച്ച ബാലി സുഗ്രീവനെ വധിക്കാൻവേണ്ടി പുറകെയോടി. സുഗ്രീവൻ ലോകംമുഴുവൻ ഓടി. ഒടുവിൽ ബാലിക്ക് കയറാൻപറ്റാത്ത ഋശ്യമൂകാചലത്തിൽ അഭയംപ്രാപിച്ചു. ഈ മലയിൽ കയറിയാൽ ബാലിയുടെ തല പൊട്ടിത്തെറിക്കുമെന്ന ശാപമുണ്ടായിരുന്നു. ‘ബാലികേറാമല’ എന്നാണ് ഇത് പിന്നീട് അറിയപ്പെട്ടത്. കടന്നുചെല്ലാൻ നിരോധിക്കപ്പെട്ട ഇടങ്ങൾ പിന്നീട് ‘ബാലികേറാമല’യായി അറിയപ്പെട്ടു.
സീതയെ കണ്ടെത്താൻ രാമലക്ഷ്മണന്മാർ സുഗ്രീവനെ സമീപിച്ചപ്പോൾ സുഗ്രീവൻ സഹായം നൽകാമെന്ന് രാമനെ അറിയിച്ചു. ബാലിയെ വധിച്ച് പകരം തന്നെ രാജാവാക്കണമെന്ന ഉപാധിയുംവെച്ചു. രാമൻ ബാലിയെ വധിച്ചു. പിന്നീട് കിഷ്‌ക്കിന്ധാരാജ്യത്തിന്റെ അധിപതിയായി സുഗ്രീവൻ അധികാരമേറ്റു.
എന്നാൽ, രാമനുനൽകിയ വാഗ്‌ദാനം മറന്ന്, സീതയെ കണ്ടുപിടിക്കാൻ ഒരു ശ്രമവും നടത്താതെ സുഖഭോഗങ്ങളിൽ മുഴുകി ജീവിക്കുകയാണ് സുഗ്രീവൻ ചെയ്തത്. ഇതിൽ കുപിതനായ രാമൻ സുഗ്രീവന് ഒരന്ത്യശാസനം നൽകി. സീത എവിടെയാണെന്നു കൃത്യമായി കണ്ടെത്തിയില്ലെങ്കിൽ കൊടിയ ശിക്ഷ അനുഭവിക്കേണ്ടിവരുമെന്നായിരുന്നു അത്. ഇതിൽ ചകിതനായ സുഗ്രീവൻ, ഹനുമാൻ അടക്കമുള്ള എല്ലാ അനുചരന്മാർക്കും സീതയെ ഉടൻ കണ്ടെത്തണമെന്ന് അന്ത്യശാസനം നൽകുകയാണ് ചെയ്തത്; ലംഘിക്കാൻ പാടില്ലാത്ത ആജ്ഞ. ‘സുഗ്രീവാജ്ഞ’ എന്നപേരിൽ ഇത് അറിയപ്പെടുന്നു.
No comments:
Post a Comment