ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

Showing posts with label വിക്രമാദിത്യകഥകൾ. Show all posts
Showing posts with label വിക്രമാദിത്യകഥകൾ. Show all posts

24 May 2021

വിക്രമാദിത്യകഥകൾ - 58

വിക്രമാദിത്യകഥകൾ - 58

മുപ്പത്തിരണ്ടാം സാലഭഞ്ജിക പറഞ്ഞ കഥ

മുപ്പത്തിരണ്ടാം ദിവസം പ്രഭാതത്തിൽ ഭോജരാജാവ് പതിവുപോലെയുള്ള ചടങ്ങുകളെല്ലാം കഴിഞ്ഞ് സിംഹാസനാരോഹണത്തിന് മുതിർന്നു. ഉടനേ അവസാനത്തെ സാലഭഞ്ജിക അദ്ദേഹത്തെ തടഞ്ഞു നിർത്തിക്കൊണ്ട് പറഞ്ഞു: “ഹേ, ഭോജരാജാവേ! ഞങ്ങളുടെ സ്വാമിയായിരുന്ന വിക്രമാദിത്യനെക്കുറിച്ച് എനിക്കു മുമ്പുണ്ടായിരുന്ന മുപ്പത്തിയൊന്ന് സാലഭഞ്ജികകൾ പറഞ്ഞ കഥകളും കേൾക്കുകയുണ്ടായല്ലോ. ഇനി ഞാൻ അദ്ദേഹത്തിന്റെ അന്ത്യത്തെക്കുറിച്ചാണ് പറയാൻ പോകുന്നത്.'' അവൾ കുറച്ച് വിഷമത്തോടെ പറയാൻ തുടങ്ങി. സാത്വികനും പണ്ഡിതനുമായ ഒരു ബ്രാഹ്മണൻ ഒരു ബാലികയെ വിവാഹം കഴിച്ചു. അവൾക്ക് പന്ത്രണ്ടാം കൊല്ലം ആദ്യത്തെ ശുഭലഗ്നത്തിൽ മഹാവീരനായ ഒരു പുത്രൻ ജനിക്കുമെന്ന് ഗണിച്ചറിഞ്ഞ ബ്രാഹ്മണൻ ദേശ സഞ്ചാരത്തിന് പുറപ്പെട്ടു. പന്ത്രണ്ട് വർഷങ്ങൾക്കുശേഷം അയാൾ മടങ്ങിയെത്തി. സ്വപതി താമസിക്കുന്ന നഗരത്തിലെത്താൻ ഒരു നദി കടക്കേണ്ടതുണ്ടായിരുന്നു. നദിയിൽ വെള്ളം പൊങ്ങിയതിനാൽ കടത്തുകാരാരും തോണിയിറക്കിയില്ല. അന്ന് രാത്രിയാണ് ഉദ്ദിഷ്ടശുഭലഗ്നം. പന്ത്രണ്ടുകൊല്ലം കാത്തിരുന്ന് സമാഗതമായ ആ സുവർണസന്ദർഭം തെറ്റിപ്പോകുന്നതിൽ ബ്രാഹ്മണന് കണക്കിലേറെ കുണ്ഠിതമുണ്ടായിരുന്നു. പക്ഷേ, അക്കരയ്ക്കു കടക്കാൻയാതൊരു നിർവാഹവുമില്ല. അയാൾ അസ്വസ്ഥനായി നദീതീരത്തിലൂടെ അങ്ങുമിങ്ങും നടക്കാൻ തുടങ്ങി. അവിടെ താമസിച്ചിരുന്ന ഒരു കുശവൻ ബ്രാഹ്മണന്റെ വെപ്രാളം കണ്ട് അയാൾക്ക് എന്തെങ്കിലും രോഗം ബാധിച്ചിരിക്കാമെന്നു ശങ്കിച്ച് അടുത്തു ചെന്നു. ബ്രാഹ്മണനോട് പലവട്ടം ചോദിച്ചപ്പോൾ അയാൾ കാര്യം വളച്ചു കെട്ടാതെ തുറന്നു പറഞ്ഞു. അടുത്ത മുഹൂർത്തത്തിൽ ബ്രാഹ്മണനുണ്ടാകുന്ന ശിശുവിന് രാജയോഗമുണ്ടെന്നും അവൻ മറ്റു രാജാക്കന്മാരെയെല്ലാം അടക്കിവാഴുമെന്നും കേട്ടപ്പോൾ കുശവൻ കുറെനേരം ചിന്താധീനനായി നിലകൊണ്ടു. അവനും പ്രായപൂർത്തിയായ ഒരു പുത്രിയുണ്ട്. അവളുടെ വിവാഹം കഴിഞ്ഞിട്ടില്ല. ബ്രാഹ്മണൻ, തന്റെ മകളെ വിവാഹം ചെയ്കയാണെങ്കിൽ ആ മഹാഭാഗ്യത്തിന്റെ ഫലം തങ്ങൾക്കു കിട്ടുമല്ലോയെന്നോർത്ത് അവൻ പറഞ്ഞു: “മഹാത്മാവേ! അങ്ങയുടെ മനപ്രയാസം ഞാൻ മനസിലാക്കുന്നുണ്ട്. പക്ഷേ, ഈ പാതിരാത്രിയിൽ അലറിപ്പായുന്ന നദി കടക്കാൻ മനുഷ്യന് സാധ്യമല്ല. അതുകൊണ്ട് ഇന്നു രാത്രി അക്കരെയെത്താൻ നിവൃത്തിയില്ല. അങ്ങ് ദയവുചെയ്ത് എന്റെ പുത്രിയെ വേട്ടാലും.” കുശവന്റെ നിർദ്ദേശം ബ്രാഹ്മണന് സ്വീകാര്യമായിത്തോന്നി. എന്തായാലും ഇന്നു രാത്രി സ്വഗൃഹത്തിലെത്താൻ സാധ്യമല്ലെന്നു തീർച്ചയാണ്...

അയാൾ ആ കുശവനോടൊത്ത് അവന്റെ വീട്ടിലേയ്ക്ക് പോയി. കുശവൻ അയാളെ സൽക്കരിക്കുകയും യൗവനയുക്തയായ മകളെ വിവാഹം ചെയ്തു കൊടുക്കുകയും ചെയ്തു. ബ്രാഹ്മണൻ കുറെനാൾ അവിടെ സസുഖം ജീവിക്കുകയും പിന്നെ ദേശാടനത്തിനിറങ്ങുകയുമുണ്ടായി. അതിനിടയിൽ അവർക്ക് ഒരു പുത്രൻ ജനിച്ചു ശാലിവാഹനൻ. അവൻ രാജചിഹ്നങ്ങളോടെയാണ് ഭൂജാതനായത്. ചെറുപ്പം മുതലേ അവൻ വീരപരാക്രമിയായിരുന്നു. ആയുധവിദ്യയിൽ അതിപ്രവീണനായ ശാലിവാഹനൻ ക്രമേണ മൈസൂർ രാജാവിന്റെ പ്രഥമമന്ത്രിയായിത്തീർന്നു. മൈസൂർ രാജാവ് വിക്രമാദിത്യ ചക്രവർത്തിക്കു കപ്പം കൊടുത്തുവന്നിരുന്നു. ശാലിവാഹനന് വിക്രമാദിത്യനോട് നീരസം തോന്നുകയും കപ്പം കൊടുക്കുന്ന പതിവ് നിർത്തിവെക്കുകയും ചെയ്തു. തന്റെ ചക്രവർത്തി പദവിയെ വെല്ലുവിളിച്ച മൈസൂർ രാജാവിനേയും മന്ത്രിയേയും ഒരു പാഠം പഠിപ്പിക്കണമെന്നുദ്ദേശിച്ച് വിക്രമാദിത്യൻ സേനയുമൊത്ത് യുദ്ധത്തിന് പുറപ്പെട്ടു. ശാലിവാഹനന്റെ നേതൃത്വത്തിൽ മൈസൂർ സൈന്യവും, വിക്രമാദിത്യന്റെ കീഴിൽ ഉജ്ജയിനീസേനയും തമ്മിൽ ഏറ്റുമുട്ടി. ഭയങ്കരമായ ഒരു യുദ്ധം നടന്നു. വിക്രമാദിത്യന്റെ പക്ഷത്ത് ഒട്ടേറെ പേർ മരിച്ചു. അപ്പോഴാണ് വിക്രമാദിത്യൻ സ്വന്തം ആയുസ്സിനെപ്പറ്റി ഓർത്തത്. ദേവേന്ദ്രൻ ദാനം ചെയ്ത രണ്ടായിരം കൊല്ലങ്ങൾ തലേന്നാൾ അവസാനിച്ചിരിക്കുന്നു. തന്റെ മൃത്യു ആസന്നമായെന്ന് അദ്ദേഹം നിശ്ചയിച്ചു. ഈ യുദ്ധത്തിൽ പരാജയം സുനിശ്ചിതമാണെന്ന് കണ്ടറിഞ്ഞപ്പോൾ, ശത്രുവിന്റെ ആയുധമേറ്റ് മരിക്കുന്നതിനേക്കാൾ, സ്വയം മരിക്കുന്നതാണ് നല്ലതെന്നു കരുതി, അദ്ദേഹം വേതാളത്തിലേറി ഉജ്ജയിനിയിലെ ഭദ്രാദേവിവാണരുളുന്ന ദേവാലയത്തിൽ എത്തി. ദേവിയുടെ മുന്നിൽ കൂപ്പുകൈകളോടെ പ്രാർഥിച്ചു നിൽക്കെ, വീരനായ ശാലിവാഹനൻ തൊടുത്തുവിട്ട അസ്ത്രം അദ്ദേഹത്തിന്റെ ശിരസ്സറുത്തു. സഹോദരൻ മരിച്ചതു കണ്ട് ഭട്ടിയും വൈകാതെ പ്രാണത്യാഗം ചെയ്തു. അപ്പോൾ തന്നെ വേതാളവും അപ്രത്യക്ഷമായി. ഉപസംഹാരമായി സാലഭഞ്ജിക പറഞ്ഞു: “ഹേ, ഭോജരാജാവേ! അങ്ങനെയാണ് വിക്രമാദിത്യൻ മരണമടഞ്ഞത്. ഈ സിംഹാസനത്തിൽ കാവൽ നിൽക്കുന്ന ഞങ്ങൾ അപ്സരസ്സുകളാണ്. അദ്ദേഹത്തിന്റെ ഉപദേശപ്രകാരം, അഞ്ഞൂറ് കൊല്ലങ്ങൾക്കുശേഷം, നിങ്ങളോട് ഈ കഥകൾ പറയാനാണ് ഞങ്ങൾ ഇതിൽതന്നെ നിലകൊണ്ടത്. ദേവസ്ത്രീകളായ ഞങ്ങൾ ഒരിക്കൽ ശ്രീപാർവതിയെക്കണ്ട് പരിഹസിച്ച് ചിരിക്കുകയുണ്ടായി. ഞങ്ങൾ പ്രതിമകളായി പോകട്ടെയെന്ന് ദേവി ശപിച്ചു കളഞ്ഞു. ഇന്നോടെ ആ ശാപം തീരുന്നു. ഞങ്ങളുടെ കടമകളെല്ലാം നിറ വേറി. ഇനി ദേവലോകത്തേയ്ക്കുതന്നെ തിരിച്ചുപോകാൻ അനുവാദം തന്നാലും! അങ്ങ് ഈ സിംഹാസനത്തിൽ ആരോഹണം ചെയ് രാജ്യം ഭരിക്കുക. അങ്ങേയ്ക്ക് നന്മവരട്ടെ!'' ഇത്രയും പറഞ്ഞുകൊണ്ട് മുപ്പത്തിരണ്ട് സാലഭഞ്ജികകളും സ്വകവിൾത്തടങ്ങളിലെ കണ്ണീര് തുടച്ച് ദുഃഖാകുലരായി ദേവലോകത്തേയ്ക്ക് പറന്നുപോയി. ഭോജരാജാവ് അടുത്ത ശുഭമുഹൂർത്തത്തിൽ തന്നെ ആഡംബരപൂർവം സിംഹാസനാരോഹണം ചെയ്തു.

വിക്രമാദിത്യകഥകൾ അവസാനിക്കുന്നു.
അക്ഷരതെറ്റിന് ക്ഷമാപണം
കടപ്പാട് : എം.കെ. രാജൻ.

വിക്രമാദിത്യകഥകൾ - 57

വിക്രമാദിത്യകഥകൾ - 57

മുപ്പത്തിയൊന്നാം സാലഭഞ്ജിക പറഞ്ഞ കഥ

അടുത്ത ദിവസം രാജൻ എത്തുകയും മുപ്പത്തിയൊന്നാം സാലഭഞ്ജിക കഥ തുടങ്ങുകയും ചെയ്തു. കാടാറുമാസസഞ്ചാരത്തിനിടയിൽ വിക്രമാദിത്യൻ ഒരു തവണ പാഞ്ചാലരാജധാനിയിലെത്തി. രാജകൊട്ടാരത്തിന്റെ മുറ്റത്ത് ഒരു വലിയ ചെമ്പിൽ നെയ്യ് തിളപ്പിച്ചു വെച്ചിരുന്നു. ഇതിന്റെ ആവശ്യമെന്താണെന്ന് അന്വേഷിച്ചപ്പോൾ അറിയാനിടയായത് ഒരത്ഭുതകാര്യമാണ്. അവിടത്തെ രാജകുമാരിക്ക് പ്രായപൂർത്തിയായിരിക്കുന്നു. അവളെ വിവാഹം കഴിക്കാൻ പല രാജകുമാരന്മാരും തയ്യാറായി വന്നിരിക്കുന്നുവെങ്കിലും എല്ലാം കൊണ്ടും അനുരൂപനായ ഒരാളെയും ഇതുവരെ കണ്ടെത്താനായിട്ടില്ല. അതുകൊണ്ട് ഒരു പരീക്ഷ നടത്തുകയാണ്. തിളച്ചുമറിയുന്ന നെയ്യിൽ ചാടിയിട്ട് മരിക്കാതെ പുറത്തുവരുന്നയാളെ അവൾ വിവാഹം കഴിക്കും! ഇതു കേട്ടപ്പോൾ വിക്രമാദിത്യനും ഒന്ന് നോക്കാൻ തീരുമാനിച്ചു. തൽക്ഷണം ഭദ്രാദേവിയെ മനസ്സിൽ ധ്യാനിച്ച് നെയ്യിൽ ചാടുകയും യാതൊരാപത്തും പറ്റാതെ പുറത്തുവരികയും ചെയ്തു. പാഞ്ചാലരാജാവ് താമസിയാതെ സ്വന്തം പുത്രിയെ അദ്ദേഹത്തിന് വിവാഹം ചെയ്തു കൊടുത്തു. സാലഭഞ്ജിക ഭോജരാജനോട് ചോദിച്ചു: “ശക്തനും സാഹസികനുമായിരുന്ന ഞങ്ങളുടെ ചക്രവർത്തിയുടെ സിംഹാസനം നിങ്ങൾ സ്വപ്നം കാണുന്നത് ന്യായമെന്ന് തോന്നുന്നുണ്ടോ?'' അപ്പോഴും ഭോജരാജാവ് ഒറ്റക്ഷരം ഉരിയാടിയില്ല മൂകത പാലിച്ചതേയുള്ളൂ..

വിക്രമാദിത്യകഥകൾ - 56

വിക്രമാദിത്യകഥകൾ - 56

മുപ്പതാം സാലഭഞ്ജിക പറഞ്ഞ കഥ

അടുത്ത ദിവസം ഭോജരാജനെ തടഞ്ഞ് മുപ്പതാം സാലഭഞ്ജിക വിക്രമാദിത്യൻ കാടാറുമാസസഞ്ചാരം നടത്തിക്കൊണ്ടിരിക്കയായിരുന്ന കാലത്തെ മറ്റൊരു കഥയാരംഭിച്ചു. അദ്ദേഹം വിശാലമായ ഒരു മൈതാനത്തിലെത്തി. അതിന്റെ മധ്യത്തിൽ ഒരു ചിത ആളിക്കത്തുന്നുണ്ടായിരുന്നു. ആ നാട്ടിലെ രാജാവായ ഉദയവർമൻ സർപ്പദംശനമേറ്റ് മൃതിയടഞ്ഞു വെന്നും അദ്ദേഹത്തിന്റെ ജഡമാണ് ദഹിച്ചുകൊണ്ടിരിക്കുന്നതെന്നും വികമാദിത്യൻ ചില വഴിപോക്കരിൽനിന്നു കേട്ടറിഞ്ഞു. കുറേ കഴിഞ്ഞപ്പോൾ ഉദയവർമരാജാവിന്റെ പത്നി വിരഹത്താൽ മനം നൊന്ത് കരഞ്ഞുകൊണ്ട് അവിടെ ഓടിയെത്തി. അവൾ ആ ചിതയിൽ ചാടി ഭർത്താവിനോടൊപ്പം മരിക്കാനൊരുങ്ങിയപ്പോൾ വിക്രമാദിത്യൻ അവളെ തടഞ്ഞുനിർത്തിക്കൊണ്ട് ആശ്വാസവചനങ്ങളുതിർത്തു: “ നീയെന്തിനാണ് സാഹസത്തിനൊരുങ്ങുന്നത്? ഭർത്താവ് ഏതായാലും മരിച്ചുപോയല്ലോ. അതിനെപ്പറ്റി ചിന്തിച്ചിട്ട് ഫലമില്ല. മരണം എല്ലാവർക്കും സംഭവിക്കുന്നതാണല്ലോ. ആത്മഹത്യചെയ്യുന്നതാകട്ടെ പാപവുമാണ്...''

ഈ അനുനയവചസ്സുകളൊന്നും രാജപത്നിയെ ശാന്തചിത്തയാക്കിയില്ല. അവളുടെ മനസ്സിൽ തീരാദുഃഖങ്ങളുടെ അലകടൽ ഇരമ്പുകയാണ്. അവൾ മരിക്കാനുറച്ച് തീയുടെ അരികിലേയ്ക്കു പാഞ്ഞു. അവളുടെ ഭർത്തഭക്തിയും അപാരമായ സ്നേഹവായ്പ്പും കണ്ട് വികമാദിത്യൻ പ്രസാദഭരിതനാകുകയും ഭദ്രാദേവിയെ സ്മരിച്ച് ഉദയവർമനെ ജീവിപ്പിക്കുകയും ചെയ്തു. രാജദമ്പതികൾ വിക്രമാദിത്യനോട് നന്ദി പറഞ്ഞ് സ്വഗൃഹത്തിലേയ്ക്കു തിരിച്ച് സുഖകരമായി ജീവിതം തുടർന്നു. കഥ തീർന്ന് സാലഭഞ്ജിക ചോദിച്ചു: “ഭോജരാജാവേ, ഇത്രയും മഹാനായ ഒരു ചക്രവർത്തിയുടെ സിംഹാസനമാണോ നിങ്ങൾ കാംക്ഷിക്കുന്നത്?'' ഭോജരാജാവ് മിണ്ടിയില്ല. ഇപ്പോഴും അദ്ദേഹത്തിന് ഉത്തരമില്ലായിരുന്നു. അന്നും സമയം സന്ധ്യയോട് അടുത്തതിനാൽ പതിവുപോലെ എല്ലാവരും പിരിഞ്ഞു പോയി.

വിക്രമാദിത്യകഥകൾ - 55

വിക്രമാദിത്യകഥകൾ - 55

ഇരുപത്തിയൊമ്പതാം സാലഭഞ്ജിക പറഞ്ഞ കഥ

അടുത്തദിവസം ഇരുപത്തിയൊമ്പതാം സാലഭഞ്ജികയുടെ ദിവസമായിരുന്നു. അവൾ കഥ തുടങ്ങി. വിക്രമാദിത്യന് ഗോവിന്ദവല്ലഭൻ എന്നു പേരായ ഒരു മന്ത്രിയുണ്ടായിരുന്നു. ഒട്ടേറെ സല്ക്കാരങ്ങളും ഈശ്വരപൂജയും കഴിച്ചതിന്റെ ഫലമായി അയാൾക്ക് ഒരു പുത്രനുണ്ടായി. അവൻ ശൈശവം മുതൽ വിഡ്ഢിയായാണ് വളർന്നുവന്നത്. ശാസ്ത്രങ്ങളും വിദ്യകളും മനസ്സിലാക്കാൻ കഴിയാതെ അവൻ നിരാശനായി ദേശാടനം ചെയ്യാൻ പുറപ്പെട്ടു. നാടുകളും നഗരങ്ങളും ചുറ്റിസഞ്ചരിച്ച് അവൻ ബ്രഹ്മപുത്ര നദീതീരത്തെത്തി. അവിടെ ഒരു ചെറിയ ക്ഷേത്രവും ക്ഷേത്രത്തിനരികിൽ ചൂടുള്ള വെള്ളം പ്രവഹിക്കുന്ന ഒരു സ്രോതസ്സുമുണ്ടായിരുന്നു. മന്ത്രികുമാരൻ കുറച്ചു നാൾ അവിടെ താമസിക്കുവാൻ തീരുമാനിച്ചു. ആ നദിയിൽ ദിവസേന ദേവകന്യകകൾ സ്നാനത്തിനുവരിക പതിവായിരുന്നു. അവർ ഒരു ദിവസം മന്ത്രികുമാരനെ കാണുവനിടയാകുകയും വിജനപ്രദേശത്ത് ഏകനായി കഴിയാനുള്ള കാരണവും അന്വേഷിച്ചു..

അവൻ തന്റെ ചരിത്രം മുഴുവൻ അവരെ പറഞ്ഞറിയിച്ചു. ദേവകന്യകകൾക്ക് അനുകമ്പ തോന്നി അവനെ ജ്ഞാനിയാകാൻ അനുഗ്രഹിക്കുകയുണ്ടായി. അവൻ മഹാപണ്ഡിതനായി ഉജ്ജയിനിയിലേയ്ക്കു തിരിക്കുകയും പിതാവിനോടും രാജാവിനോടും എല്ലാം വിശദമായി പറഞ്ഞറിയിക്കുകയും ചെയ്തു. രാജാവിനും മന്ത്രിയായ പിതാവിനും അത് വളരെയേറെ സന്തോഷം നൽകുന്ന വാർത്തയായിരുന്നു. കൂടാതെ ബ്രഹ്മപുത്രയ്ക്കു സമീപം ഉഷ്ണജലം പ്രവഹിക്കുന്ന ഒരു സ്രോതസ്സുണ്ടെന്നറിഞ്ഞ് വിക്രമാദിത്യൻ നേരെ അങ്ങോട്ടു തിരിക്കാൻ നിശ്ചയിച്ചു. അതിലെ വെള്ളത്തിന് ഭക്ഷണപദാർഥങ്ങൾ വേവിക്കാനുള്ള ചൂടുണ്ടായിരുന്നു. ഇതിന്റെ ഉത്ഭവകാരണമറിയണമെന്നു നിശ്ചയിച്ച് അദ്ദേഹം ശ്രീപരമേശ്വരനെ സമീപിച്ചു. ശിവൻ പ്രതിവചിച്ചു: “നിന്റെ അന്വേഷണം എന്നെ സന്തോഷിപ്പിച്ചിരിക്കുന്നു അതു കൊണ്ട് ജലപ്രവാഹത്തിന്റെ കാരണം ഞാൻ പറയാം. എന്റെ ശിരസ്സിൽ നിന്നുത്ഭവിക്കുന്ന ഗംഗയുടെ ഒരു ശാഖ എരിഞ്ഞുകൊണ്ടിരിക്കുന്ന എന്റെ മൂന്നാം നേത്രത്തിലൂടെയാണ് പ്രവഹിക്കുന്നത്. അതുകൊണ്ട് ഇതിലെ വെള്ളത്തിന് ചൂടുണ്ടാകുന്നു. ആ ഉറവയാണ് നീ അവിടെക്കണ്ടത്.'' ശിവന്റെ മറുപടി കേട്ട് സംതൃപ്തനായി വിക്രമാദിത്യ ചക്രവർത്തി ഉജ്ജയിനിയിലേയ്ക്കുതന്നെ തിരിച്ചുപോയി. സാലഭഞ്ജിക കഥ പറഞ്ഞ് അവസാനിപ്പിക്കുമ്പോൾ വളരെ വൈകിയതിനാൽ അന്നത്തെ സദസ്സ് പിരിഞ്ഞ് ഭോജരാജാവും മന്ത്രിയും അടുത്ത ദിവസത്തേക്കുള്ള ഒരുക്കങ്ങൾ തുടങ്ങി.

വിക്രമാദിത്യകഥകൾ - 54

വിക്രമാദിത്യകഥകൾ - 54

ഇരുപത്തെട്ടാം സാലഭഞ്ജിക പറഞ്ഞ കഥ

ഭോജരാജൻ അടുത്ത ദിവസവും സിംഹാസനാരോപണത്തിന് തയ്യാറായി വരുകയും ഇരുപത്തെട്ടാം സാലഭഞ്ജിക തടയുകയും ചെയ്തു. ശേഷം അവൾ മറ്റൊരു കഥ പറഞ്ഞുതുടങ്ങി. വിക്രമാദിത്യൻ ഉജ്ജയിനിയിൽ ക്ഷേമൈശ്വര്യങ്ങളോടെ നാടുവാണു കൊണ്ടിരുന്നപ്പോൾ ഒരു കൂറ്റൻ പന്നി എവിടെനിന്നോ പട്ടണത്തിൽ വന്നു ചേരുകയും വലിയ നാശനഷ്ടങ്ങൾ വരുത്തുകയും ചെയ്തു. നഗരത്തിൽ പന്നിയിറങ്ങി മനുഷ്യരെയും മൃഗങ്ങളേയും ഉപദ്രവിക്കുന്നുവെന്നു കേട്ട് വികമാദിത്യൻ കുതിരപ്പുറത്തു കയറി അതിനെ വേട്ടയാടാൻ പുറപ്പെട്ടു. ഒരു കുറ്റിക്കാട്ടിൽ മേയുന്ന പന്നിയെ രാജാവ് അകലെനിന്നുതന്നെ കണ്ട് അതിന്റെ നേരെ കുതിരയെ പായിച്ചു. അദ്ദേഹത്തെ കണ്ടയുടൻ പന്നി ഓടാൻ തുടങ്ങി. വിക്രമാദിത്യൻ ഒരു കയ്യിൽ വാളും മറുകയ്യിൽ കുന്തവുമേന്തി അതിന്റെ നേരെ പാഞ്ഞു..

കുറെ ദൂരം ചെന്നപ്പോൾ പന്നി വലിയൊരു ഗുഹയിൽ പ്രവേശിച്ചു. അദ്ദേഹവും അതിനെ അനുഗമിച്ചുകൊണ്ട് ഗുഹയിലിറങ്ങി. ഗുഹയിലൂടെ കുറേ ദൂരം പോയപ്പോൾ വർണശബളമായ ഒരു വൻനഗരം അദ്ദേഹത്തിന്റെ ദൃഷ്ടിയിൽപ്പെട്ടു. അത് കമനീയമായി അലങ്കരിക്കപ്പെട്ടിരുന്നു. അവിടെ പാതാളരാജൻ പരിവാരസമേതനായി വാദ്യഘോഷങ്ങളോടെ വിക്രമാദിത്യനെ സ്വീകരിക്കാൻ ഒരുങ്ങി നിൽപ്പുണ്ടായിരുന്നു. അദ്ദേഹം പറഞ്ഞു: “അല്ലയോ വിക്രമാദിത്യമഹാരാജാവേ, അങ്ങയെ കുറേ കാലമായി ഞാൻ കാണാൻ ആശിക്കുന്നു. അങ്ങയെ ഇങ്ങോട്ട് കൊണ്ടുവരണമെന്ന ഉദ്ദേശത്തോടെയാണ് ഇവിടെ നിന്ന് ഒരാളെ പന്നിയുടെ രൂപത്തിൽ ഉജ്ജയിനിയിലേയ്ക്ക് അയച്ചത്. ഇനി കുറച്ചു ദിവസങ്ങൾ എന്റെ കൂടെ താമസിച്ച് സാവകാശം തിരിച്ചുപോയാൽ മതി.'' അപ്പോഴാണ് വിക്രമാദിത്യന് പന്നിയുടെ യഥാർഥ നിറം ഗ്രഹിക്കാൻ കഴിഞ്ഞത്. അദ്ദേഹം സന്തോഷത്തോടെ ആതിഥ്യം സ്വീകരിച്ചു. പാതാളലോകത്തിൽനിന്ന് മടങ്ങിപ്പോരുമ്പോൾ വിക്രമാദിത്യന് നിരവധി ദിവ്യരത്നങ്ങളും മറ്റു പലവിധ സമ്മാനങ്ങളും സ്നേഹ പുരസ്സരം നൽകുകയുണ്ടായി. ഇത്രയും പറഞ്ഞുകൊണ്ട് ഇരുപത്തെട്ടാം പടിയിൽ നിന്നിരുന്ന സാലഭജിക കഥയവസാനിപ്പിച്ചു. “ഹേ, ഭോജരാജാവേ, ഇതാണ് വിക്രമാദിത്യന്റെ മാഹാത്മ്യം. ഇതിന്റെ ഒരംശമെങ്കിലും അങ്ങേയ്ക്കു സ്വന്തമായുണ്ടെങ്കിൽ ഈ സിംഹാസനത്തിൽ കയറാം” എന്നുകൂടി സാലഭഞ്ജിക പറഞ്ഞു തീർത്തപ്പോഴേയ്ക്കും സന്ധ്യയായതിനാൽ സദസ്സ് പിരിയുകയും രാജാവും മന്ത്രിയും നിത്യാനുഷ്ഠാനങ്ങൾക്കായി തിരിക്കുകയും ചെയ്തു.

വിക്രമാദിത്യകഥകൾ - 53

വിക്രമാദിത്യകഥകൾ - 53

ഇരുപത്തിയേഴാം സാലഭഞ്ജിക പറഞ്ഞ കഥ

അടുത്തദിവസം വീണ്ടും അടുത്ത സാലഭഞ്ജിക കഥപറയാൻ ആരംഭിച്ചു. വംഗനാട്ടിലെ രാജകുമാരിയെ കണ്ട് ദേവദത്തനെന്നുപേരായ ബ്രാഹ്മണൻ അവളിൽ അനുരക്തനായിത്തീർന്നു. സാധാരണക്കാരനായ തനിക്ക് രാജകുമാരിയെ ഭാര്യയായി കിട്ടുന്നതിനെപ്പറ്റി ചിന്തിക്കാൻ പോലും നിർവാഹമില്ലാതിരുന്നതുകൊണ്ട് അയാൾ തന്റെ അഭിലാഷം എങ്ങും പ്രകടമാക്കിയില്ല. എന്നാൽ, ഏറെനാൾ അയാൾക്ക് മനസ്സിലെ ആഗ്രഹം മൂടിവെച്ചിരിക്കാൻ പറ്റിയില്ല. ബ്രാഹ്മണന്റെ സുഹൃത്തായി ഒരു ശില്പിയുണ്ടായിരുന്നു. അയാൾ ഇക്കാര്യമറിഞ്ഞ് ഒരു യന്ത്രപ്പക്ഷിയെയുണ്ടാക്കി ബ്രാഹ്മണന് സമ്മാനിച്ചു. അതിന്റെ പുറത്തുകയറിയാൽ ഇഷ്ടംപോലെ പറക്കാൻ കഴിയുമായിരുന്നു. ബ്രാഹ്മണൻ സാക്ഷാൽ വിഷ്ണുഭഗവാന്റെ വേഷം ധരിച്ച് ഒരു രാത്രി പക്ഷിയുടെ പുറത്തുകയറി രാജകന്യക താമസിക്കുന്ന മണിഹർമ്യത്തിന്റെ മട്ടുപ്പാവിൽ ചെന്നിറങ്ങി. പക്ഷിയുടെ പുറത്തുകയറി തന്റെ മുമ്പിൽ ആഗതനായത് സാക്ഷാൽ വിഷ്ണു ആണെന്ന്കരുതി അവൾ അതീവസന്തുഷ്ടയായി. തന്റെ പുത്രിയുടെ സമീപത്ത് ദിവസേന രാത്രി ആകാശത്തുനിന്നും ആരോ വരുന്നുണ്ടന്നും അത് മഹാവിഷ്ണു ആണെന്നും കേട്ട് രാജകുമാരിയുടെ പിതാവ് സന്തോഷിച്ചു. ഒരു ദിവസം വംഗനാടിനെ ആക്രമിക്കാൻ ശത്രുസൈന്യം വന്നെത്തി. അവർ കോട്ടവളഞ്ഞ് യുദ്ധത്തിനൊരുങ്ങിനിന്നു. രാജാവ് ഉടനേ മകളോട് പറഞ്ഞു: “മകളേ, നമ്മുടെ രാജ്യം ശത്രുവിന്റെ കയ്യിൽ പതിക്കാറായിരിക്കുന്നു. ശ്രതുവിനെ തുരത്താനുള്ള സൈന്യബലം നമുക്കില്ല. നീ മഹാവിഷ്ണുവിനോട് വിവരം പറയണം. അദ്ദേഹം വിചാരിച്ചാൽ ശത്രുസൈന്യം തകർന്നുതരിപ്പണമായിപ്പോകും.'' രാജകുമാരി അന്നു രാത്രി തന്നെ വിവരം അറിയിച്ചു. പക്ഷെ ബ്രാഹ്മണൻ വല്ലാത്ത പരുങ്ങലിലായി. സ്വതവേ ഭീരുവായിരുന്ന അയാൾ അവളെ പറഞ്ഞു സമാധാനിപ്പിക്കുകയും അതൊക്കെ താൻ ശരിയാക്കാമെന്ന് ഉറപ്പുകൊടുക്കുകയും ചെയ്തു. ബ്രാഹ്മണൻ അതിന് ഒരു ഉപയവും കണ്ടിരുന്നു. അദ്ദേഹം അന്നു രാത്രിതന്നെ യന്ത്രപ്പക്ഷിയുടെ പുറത്തുകയറി ഉജ്ജയിനിയിൽ ചെല്ലുകയും വിക്രമാദിത്യനെക്കണ്ട് തന്റെ പരമാർഥങ്ങൾ മുഴുവൻ പറഞ്ഞറിയിച്ച് സഹായമഭ്യർഥിക്കുകയും ചെയ്തു. വിക്രമാദിത്യൻ എല്ലാം കേട്ടതിനു ശേഷം സഹായിക്കാമെന്ന് വാക്ക് കൊടുക്കുകയും സ്വന്തം സൈന്യങ്ങളുമായി വന്ന് ശത്രുക്കളെ തോൽപ്പിക്കുകയും വംഗനാട്ടിലെ രാജാവിനെ കാണാൻ നിൽക്കാതെ മടങ്ങിപ്പോവുകയും ചെയ്തു. ശ്രത്രുബാധയൊഴിഞ്ഞപ്പോൾ വംഗരാജാവ് ആശ്വശിക്കുകയും വിഷ്ണുഭഗവാനാണ് ഇതിന് കാരണക്കാരനെന്ന് വിശ്വസിക്കുകയും ചെയ്തു. “അന്യരെ സഹായിക്കാനുള്ള വിക്രമാദിത്യന്റെ ഉത്സാഹം അതിശയ കരമായിരുന്നു. പരോപകാരതല്പരനായിരുന്ന അദ്ദേഹത്തിന്റെ ഈ സിംഹാസനത്തിൽ കയറാൻ ഭോജരാജാവേ, അങ്ങേയ്ക്ക് അർഹതയില്ല. അതു കൊണ്ട് അങ്ങ് ഈ ഉദ്യമം ഉപേക്ഷിക്കുന്നതാണ് ഉത്തമം.” എന്ന് പറഞ്ഞ് സാലഭഞ്ജിക കഥ അവസാനിപ്പിച്ചു. നേരം വൈകിയതിനാൽ രാജാവും മന്ത്രിയും സന്ധ്യാവ ന്ദനങ്ങൾക്ക് തയ്യാറായി.

വിക്രമാദിത്യകഥകൾ - 52

വിക്രമാദിത്യകഥകൾ - 52

ഇരുപത്തിയാറാം സാലഭഞ്ജിക പറഞ്ഞ കഥ

ഭോജരാജന്റെ ഇരുപത്തിയാറാമത്തെ സിംഹാസനാരോഹണോദ്യമസുദിനവും സമാഗതമായി. നിറഞ്ഞ സദസ്സിൽ ഇരുപത്തിയാറാമത്തെ പടിയിലേയ്ക്കു പാദമുത്തിയപ്പോൾ അവിടത്തെ സാലഭഞ്ജിക അദ്ദേഹത്തെ തടുത്തുകൊണ്ട് വിക്രമാദിത്യചരിത്രമാരംഭിച്ചു.

വിക്രമാദിത്യൻ കാടാറുമാസ സഞ്ചാരം നടത്തിക്കൊണ്ടിരിക്കുമ്പോൾ, ഒരു ദിവസം ഒരു മലഞ്ചെരുവിലെത്തിച്ചേർന്നു. അവിടെ ഒരു ബ്രാഹ്മണൻ തപസ്സുചെയ്ത് താമസിക്കുന്നുണ്ടായിരുന്നു. വിശപ്പും ദാഹവും കൊണ്ട് തളർന്നിരുന്ന രാജാവിനെ ബ്രാഹ്മണൻ സ്വാദിഷ്ടങ്ങളായ ഫലമൂലങ്ങൾ നല്കി സൽക്കരിച്ചു. കൃതജ്ഞതാവിവശനായ രാജാവ് അടുത്തതവണ നാട്ടിലേയ്ക്ക് മടങ്ങിയപ്പോൾ ബ്രാഹ്മണനെ കൂട്ടിക്കൊണ്ടുപോകുകയും വളരെയേറെ ധനം കൊടുത്ത് അവിടെത്തന്നെ താമസിപ്പിക്കുകയും ചെയ്തു. യോഗീശ്വരനായ ബ്രാഹ്മണൻ വിക്രമാദിത്യന്റെ മഹത്വത്തെ പരീക്ഷിക്കാനായി, കൊട്ടാരത്തിലെ ഒരു കുട്ടിയെ മോഷ്ടിച്ചുകൊണ്ടുപോയി സ്വന്തം വീട്ടിലാക്കി. പരിചാരകൻ ഈ വിവരമറിഞ്ഞ് വിക്രമാദിത്യനോട് പറഞ്ഞു. ബ്രാഹ്മണൻ കുട്ടിയെ കൊണ്ടുപോയി കൊന്നുകളഞ്ഞു എന്നാണ് അവർ ധരിച്ചിരുന്നത്. വിക്രമാദിത്യൻ ബ്രാഹ്മണനെ അരികിൽ വിളിച്ചു. രാജാവ് കാര്യം അറിഞ്ഞു എന്ന് അപ്പോൾ തന്നെ ബ്രാഹ്മണന് മനസിലായി. രാജാവ് ചോദിച്ചു : “ഹേ, ബ്രാഹ്മണശ്രേഷ്ഠാ! കുട്ടിയെ നിങ്ങൾ മോഷ്ടിച്ചുകൊണ്ടുപോയി കൊന്നുകളഞ്ഞെന്നാണ് ഭൃത്യന്മാർ പറയുന്നത്. ഇതിൽ വല്ല വാസ്തവവുമുണ്ടോ?” ബ്രാഹ്മണൻ പറഞ്ഞു: “മഹാരാജാവേ! എനിക്ക് മാപ്പ് തരണം. കുട്ടിയെ കൊല്ലണമെന്ന് ഞാൻ ഉദ്ദേശിച്ചിട്ടില്ല. ഒരു കൈപ്പിഴ പറ്റിപ്പോയതാണ് എനിക്ക്.'' “നിങ്ങൾ അവനെ കൊട്ടാരത്തിൽനിന്ന് പുറത്തേയ്ക്കു കൊണ്ടുപോയതെന്തിനാണ്?'' “രാജാവേ! പെറുക്കണം. എനിക്ക് കുറച്ചു പണത്തിന് ആവശ്യമുണ്ടായിരുന്നു. കുട്ടിയുടെ ശരീരത്തിൽ ധാരാളം സ്വർണാഭരണങ്ങൾ കണ്ടപ്പോൾ അവ അഴിച്ചെടുക്കാമെന്നാണ് വിചാരിച്ചത്. അങ്ങനെ ചെയ്തുകൊണ്ടിരിക്കെ അബദ്ധത്തിൽ കുട്ടി മരിച്ചുപോയി..''

രാജാവ് പറഞ്ഞു : “രാജ്യനിയമമനുസരിച്ച് നിങ്ങളെ തൂക്കിക്കൊല്ലേണ്ടതാണ്. പക്ഷേ ഞാൻ നിങ്ങളോട് ക്ഷമിക്കുന്നു. പണ്ടൊരിക്കൽ നിങ്ങളെന്നെ സഹായിച്ചിട്ടുള്ളതാണ്. സഹായിച്ച വരെ ശിക്ഷിക്കാൻ ഞാൻ പഠിച്ചിട്ടില്ല. ധനത്തിലുള്ള ആഗ്രഹം മൂലമാണല്ലോ ഈ അത്യാഹിതം സംഭവിച്ചത്? നിങ്ങൾക്ക് ഞാൻ ധാരാളം ധനം തരുന്നുണ്ട്. അതു കൊണ്ടുപോയി സുഖമായി ജീവിച്ചുകൊൾക. ദുരാഗ്രഹത്താൽ ഇനി ആരേയും അപകടപ്പെടുത്തരുത്.'' പുളകിതഗാത്രനായി ബ്രാഹ്മണൻ പറഞ്ഞു: “മഹാപ്രഭോ! അങ്ങ് ധന്യനാണ്. അങ്ങയുടെ മനസ്സിന്റെ മാഹാത്മ്യവും വൈശിഷ്ട്യവും പരിശോധിക്കാൻ മാത്രമാണ് ഞാൻ ഇങ്ങനെ ചെയ്തത്. കുട്ടി എന്റെ ഗൃഹത്തിൽ ഉല്ലാസവാനായി ഇരിപ്പുണ്ട്. ഞാൻ അവനെ കൊല്ലുകയോ ആഭരണങ്ങൾ മോഷ്ടിക്കുകയോ ചെയ്തിട്ടില്ല.” ബ്രാഹ്മണന്റെ വാക്കുകൾ കേട്ട് വിക്രമാദിത്യൻ ആഹ്ലാദഭരിതനായി. അദ്ദേഹം ആ ബ്രാഹ്മണന്റെ ബുദ്ധിചാതുര്യത്തെ പ്രശംസിച്ചു. കഥ പറഞ്ഞു നിർത്തിക്കൊണ്ട് സാലഭഞ്ജിക ഭോജരാജാവിനോട് ചോദിച്ചു: “അല്ലയോ രാജാവേ, ഇങ്ങനെയുള്ള വിക്രമാദിത്യന്റെ സിംഹാസനം അങ്ങേയ്ക്ക് അപ്രാപ്യമാണ്. അങ്ങ് വീണ്ടും വീണ്ടും ഇതിൽ കയറാൻ ശ്രമിക്കുന്നതെന്തിന്?'' അന്നും നേരം വൈകിയതിനാൽ എല്ലാവരും പിരിഞ്ഞു പോയി.