ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

Showing posts with label കേനോപനിഷത്ത്. Show all posts
Showing posts with label കേനോപനിഷത്ത്. Show all posts

27 November 2021

കേനോപനിഷത്ത് പഠനം - 6

കേനോപനിഷത്ത് പഠനം - 6

നാലാം ഖണ്ഡം - ബ്രഹ്മവിദ്യാപ്രാപ്തിക്കുള്ള വഴി

”സാ ബ്രഹ്മേതി ഹോവാച,
ബ്രഹ്മണോ വാ ഏതദ് വിജയേ
മഹീയധ്വമിതി, തതോ
ഹൈവ വിദാംചകാര ബ്രഹ്മേതി.” (1)
യക്ഷം ബ്രഹ്മമായിരുന്നു എന്ന് ദേവി വ്യക്തമാക്കി: ബ്രഹ്മത്തിന്റെ സഹായത്തോടെയും കഴിവിനാലുമാണ് ദേവന്‍മാര്‍ വിജയിച്ചത് എന്നും വ്യക്തമാക്കി.
ലോകത്തില്‍ ഏതൊരു കാര്യവും സാധ്യമാവുന്നത് ഈശ്വരേച്ഛയാലാണ്. മനുഷ്യര്‍ മാത്രമല്ല, ദേവന്മാരും – എന്തിന്, ദേവേന്ദ്രന്‍ പോലും ‘ഞാന്‍’ ‘ഞാന്‍’ എന്ന് വിചാരിക്കുന്നു. പക്ഷെ ഈ പ്രപഞ്ചത്തില്‍ കര്‍മ്മവും കര്‍മ്മഫലവുമായി ബന്ധപ്പെട്ട് മാത്രം പ്രപഞ്ച ചൈതന്യത്തിന്റെ ഗതിവിഗതികള്‍ക്കനുസൃതമേ എന്തൊരു കാര്യവും സാധ്യമാവൂ. ജനിമൃതികളെ മാത്രമെടുക്കുക: നാമാരും വിചാരിച്ചാല്‍ ആരും ജനിക്കുന്നില്ല, ആരും മരിക്കുന്നുമില്ല. കര്‍മ്മബന്ധിയായി ചില നേരങ്ങളില്‍ എല്ലാം ‘നിയോഗ’മായി വരുന്നു. വിധിയെന്ന് ചിലര്‍ പറയാം, പക്ഷെ ‘നിയോഗ’മാണിവ.
”കര്‍മ്മപാശത്തെ ലംഘിക്കയെന്നതു ബ്രഹ്മാവിനുമെളുതല്ല, നിര്‍ണ്ണയം” – എന്ന് പൂന്താനം.

”തസ്മാദ്വാ ഏതേ ദേവാ അതിതരാമിവാ-
ന്യാന്‍ ദേവാന്‍ യദഗ്നിര്‍വായുരിന്ദ്ര-
സ്‌തേ ഹ്യേനന്നേദിഷ്ഠം
പസ്പര്‍ശുസ്‌തേ ഹ്യേനത് പ്രഥമോ
വിദാംചകാര ബ്രഹ്മേതി.” (2)

അഗ്നി, വായു, ഇന്ദ്രന്‍ എന്നിവര്‍ യാഥാര്‍ത്ഥ്യം മനസ്സിലാക്കാനായിട്ടാണെങ്കിലും ബ്രഹ്മത്തെ തൊട്ടറിഞ്ഞു. അതിനാല്‍ത്തന്നെ മറ്റ് ദേവന്മാരില്‍ നിന്നെല്ലാം ശ്രേഷ്ഠമായ സ്ഥാനം അവര്‍ക്ക് ലഭിക്കുകയും ചെയ്തു.

”തസ്മാദ് വാ ഇന്ദ്രോങ്കതിതരാമിവാന്യാന്‍
ദേവാന്‍, സ ഹ്യേനന്നേദിഷ്ഠം
പസ്പര്‍ശ, സ ഹ്യേനത്
പ്രഥമോ വിദാംചകാര ബ്രഹ്മേതി.” (3)

ഇന്ദ്രന്‍ മറ്റ് ദേവന്‍മാരെക്കാള്‍ ശ്രേഷ്ഠനായറിയുന്നത് ബ്രഹ്മത്തെ ദേവീരൂപത്തില്‍ ദര്‍ശിക്കാന്‍ സാധിച്ചതിനാലാണ്.

”തസൈ്യഷ ആദേശോ,
യദേതദ് വിദ്യുതോ
വ്യദ്യുതദാ ഇതീന്ന്യമീമിഷദാ
ഇത്യധിദൈവതം.” (4)

ഈ പ്രപഞ്ചത്തില്‍ പെട്ടെന്ന് ഇടിമിന്നല്‍ വന്ന് മറയുന്നതുപോലെയാണ് ബ്രഹ്മം പ്രത്യക്ഷപ്പെടുന്നതും മറയുന്നതും. അത് കണ്ണടച്ചു തുറക്കുന്ന സമയം പോലെ നിമേഷ മാത്രമാണ്. സൃഷ്ടി സ്ഥിതി സംഹാരകര്‍മ്മങ്ങള്‍ നിരന്തരവും നൈമിഷികവുമാണ്. ഒരു പുല്‍ക്കൊടി എപ്പോള്‍ ജനിക്കും അല്ലെങ്കില്‍ മുളക്കും എന്നോ അതിന്റെ ജീവ പരിണാമങ്ങള്‍ എത്ര വേഗത്തില്‍ നടക്കുന്നു എന്നോ അത് എപ്പോള്‍ നശിക്കുന്നു എന്നോ ‘നാശം’ എന്താണ് എന്നോ നമുക്കാര്‍ക്കും വ്യക്തമാക്കാന്‍ സാധിക്കില്ല. സാവധാനത്തിലാണ് ഇതെല്ലാം സംഭവിക്കുന്നത് എന്ന് നാം ധരിച്ചാലും അതിന്റെ വേഗത അമിതമാണ്. നിരന്തരമായ, അതിവേഗത്തിലുള്ള മാറ്റത്തിന്റെ ഒരു ഘട്ടം മാത്രമാണ് നാം കാണുന്നത്. ഏതൊരു വസ്തുവിന്റെയും വളര്‍ച്ചയും നിലനില്‍പ്പും തളര്‍ച്ചയും ഇങ്ങനെയാണ്. ഈ നൈമിഷികതയാണ് ബ്രഹ്മവേഗം.

”അഥാദ്ധ്യാത്മം, യദേതദ്
ഗച്ഛതീവ ച മനോങ്കനേന
ചൈതദുപസ്മരത്യ-
ഭീക്ഷ്ണം സങ്കല്‍പ്പഃ” (5)

അതിനുശേഷം ബ്രഹ്മത്തെ അടിസ്ഥാനമാക്കി പലതും തോന്നുന്നതും ഓര്‍മ്മിക്കുന്നതും സങ്കല്‍പ്പിക്കുന്നതും അദ്ധ്യാത്മമായ ഉപദേശമാകുന്നു.
ബാഹ്യമായ ബ്രഹ്മോപാസനയെപ്പറ്റിയാണ് മുന്‍പത്തെ മന്ത്രത്തില്‍പ്പറയുന്നതെങ്കില്‍ ഈ മന്ത്രത്തില്‍ അധ്യാത്മമായ ഉപദേശമാണ്. നമ്മുടെ മനോ വ്യത്തികളിലെല്ലാം ബ്രഹ്മത്തെ സദാ സങ്കല്‍പ്പിക്കണം; എങ്കിലേ സാക്ഷാത്ക്കാരം സാധ്യമാവുകയുമുള്ളൂ.

”തദ്ധ തദ്വനം നാമ
തദ്വനമിത്യുപാസിതവ്യം.
സ യ ഏതദേവം വേദാഭി
ഹൈനം സര്‍വ്വാണി ഭൂതാനി സംവാഞ്ചന്തി. (6)

ആ ബ്രഹ്മമാണ് വേദങ്ങളില്‍ ‘തദ്വനം’ എന്ന് അറിയപ്പെടുന്നത്. ഇതിനര്‍ത്ഥം എല്ലാ പ്രാണികളും ഭജിക്കേണ്ടുന്നത് എന്നാണ്, ആ പേരില്‍ വേണം ഉപാസിക്കാന്‍. ആ ഉപാസകനെ എല്ലാ ഭൂതങ്ങളും ഇഷ്ടപ്പെടുന്നു. ഉപാസനയുടെ ഫലം തന്നെ സര്‍വ്വജീവി സ്‌നേഹവും സര്‍വ്വജീവികളുടെയും സ്‌നേഹവുമാണെന്ന് ചുരുക്കം.

എല്ലാ ജീവികളിലും ബ്രഹ്മത്തെക്കണ്ട് ജീവിക്കുന്നവരോട് സകല ജീവികള്‍ക്കും സ്‌നേഹമായിരിക്കും. പക്ഷികളേയോ മൃഗങ്ങളേയോ നാം ഉപദ്രവിക്കാതിരുന്ന് നോക്കുക: അവയില്‍ പലതും നമ്മോട് അടുപ്പം വയ്ക്കുന്നത് കാണാം. വന്യജീവികളില്‍പ്പോലും ഇത് ദര്‍ശിക്കാം. യഥാര്‍ത്ഥ ‘സ്‌നേഹം’ ഇതാണ്.

”ഉപനിഷദം ഭോ ബ്രൂഹിത്യുക്താ
ത ഉപനിഷദ്
ബ്രാഹ്മീം വാവ ത
ഉപനിഷദമബ്രൂമേതി.” (7)

ഈ വാക്കുകള്‍കേട്ട് ശിഷ്യന്‍ ഗുരുവിനോട് ചോദിച്ചു: ”അല്ലയോ ഭഗവന്‍, എനിക്ക് ഉപനിഷത്ത് ഉപദേശിച്ചു തന്നുകൂടേ” എന്ന്. ഇത്‌കേട്ട് ആചാര്യന്‍ പറഞ്ഞു ”ആത്മവിഷയകമായ ഉപനിഷത്ത് തന്നെയാണ് ഞാന്‍ നിനക്ക് ഉപദേശിച്ചിട്ടുള്ളത്” – എന്ന്.

”തസൈ്യ തപോ ദമഃ കര്‍മ്മേതി പ്രതിഷ്ഠാ,
വേദാ: സര്‍വ്വാംഗാനി, സത്യമായതനം.” (8)

ഇവിടെ ബ്രഹ്മവിദ്യാപ്രാപ്തിക്കുള്ള വഴിയാണ് ആചാര്യന്‍ ഉപദേശിക്കാന്‍ പോകുന്നത്. ബ്രഹ്മവിദ്യയുടെ പാദങ്ങളാണ് തപസ്സും ദമവും കര്‍മ്മവും. മനസ്സ്, വാക്ക്, ശരീരം എന്നിവ കൊണ്ടുള്ള തപസ്സും ഇന്ദ്രിയത്തിന്റേയും മനസ്സിന്റേയും നിയന്ത്രണവും ആഗ്രഹമില്ലാത്ത സ്വകര്‍മ്മാനുഷ്ഠാനവും അതുവഴിയുള്ള ചിത്തശുദ്ധിയും ഇല്ലാതെ ബ്രഹ്മവിദ്യാപ്രാപ്തി സാധ്യമല്ല. വേദങ്ങളിലും വേദാംഗങ്ങളിലും ഇതിനുള്ള വഴികള്‍ സമ്പൂര്‍ണ്ണമായി വിവരിച്ചിട്ടുണ്ട്. സത്യമാണ് ബ്രഹ്മത്തിന്റെ വാസ സ്ഥാനം. സത്യസ്വരൂപനായ ആത്മാവാണ് ബ്രഹ്മവിദ്യ ഉപദേശിക്കാന്‍ കഴിവുള്ളവര്‍.

”യോ വാ ഏതാമേവം വേദാപഹത്യ
പാപ്മാനമനന്തേ സ്വര്‍ഗ്ഗേ ലോകേ ജ്യേയേ
പ്രതിതിഷ്ഠതി പ്രതിതിഷ്ഠതി.” (9)

ഈ ഉപനിഷത്തിനെ ഇതേ വിധത്തില്‍ അറിയുന്നവര്‍ ഒരു പാപങ്ങളും ഏല്‍ക്കാതെ, പാപങ്ങളില്‍ നിന്ന് മോചിതരായി അനന്തവും ശ്രേഷ്ഠവുമായ ലോകത്തില്‍ സ്ഥിരപ്രതിഷ്ഠിതരാവും.
ഇവിടെ ദേവന്‍മാര്‍ ബ്രഹ്മത്തെ അറിയാന്‍ ശ്രമിക്കുന്നതും ഇന്ദ്രന്‍മാത്രം തിരിച്ചറിയുന്നതും ശ്രദ്ധേയമാണ്. ഇന്ദ്രന്‍ ഇന്ദ്രിയങ്ങളുടെ നാഥന്‍ ആണ്. വ്യക്തിയെ സംബന്ധിച്ച് മനസ്സാണത്. ബുദ്ധികൊണ്ടോ അഹങ്കാരം കൊണ്ടോ നമുക്ക് പ്രപഞ്ച സത്യത്തെ തിരിച്ചറിയാനാവില്ല. വായുദേവനും അഗ്നിയും ഇവയുടെ പ്രതീകമാണ്. പ്രാണന്‍ ഉണ്ടായാലും ബുദ്ധി ഉണ്ടായാലും കാര്യമില്ല. ചിത്തവൃത്തികളെ നിയന്ത്രിച്ച് ബോധതലത്തെയും ഉപബോധതലത്തേയും അബോധതലത്തേയും അതിജീവിച്ച് അതിബോധതലത്തെ നാം സാക്ഷാത്ക്കരിച്ചാല്‍ മാത്രം ജന്മാന്തരങ്ങളിലും വരുംജന്മങ്ങളിലുമുള്ള രഹസ്യം പോലും നമുക്ക് തിരിച്ചറിയാന്‍ സാധിക്കും.

സകല പ്രാണികളിലും പ്രണയവും സമബുദ്ധിയും ഉണ്ടാവണമെന്ന കാഴ്ചപ്പാട് നോക്കുക: പലപ്പോഴും സഹജീവികളെ കൊന്നും തിന്നും ‘സുഖം’ നേടുന്ന മനുഷ്യന്‍ ആ നിമിഷം മുതല്‍ ദുഃഖിതനായിരിക്കും. ഈ ദുഃഖമാണ് പാപത്തിന് കാരണം.

ഒരുതെറ്റും ചെയ്യാത്ത ഒരാള്‍ എവിടെ വേണമെങ്കിലും അന്തിയുറങ്ങും. എന്നാല്‍ ഒരു കൊലപാതകി ഒരിക്കലും ഉറങ്ങില്ല. അവന് പലരേയും ഭയമായിരിക്കും. ഉപനിഷത്തുക്കള്‍ പറയാറുണ്ട്. ”അഭയം വൈ ബ്രഹ്മ:” എന്ന്. എന്താണിതിനര്‍ത്ഥം? ബ്രഹ്മജ്ഞാനിയാവാന്‍ ആദ്യം വേണ്ടത് ഭയാശങ്കയില്ലാതെ ജീവിക്കാന്‍ സാധിക്കുക എന്നതാണ്. ഭയാശങ്ക ഇല്ലാതിരിക്കണമെങ്കില്‍ ശത്രുക്കള്‍ ഉണ്ടാവരുത്, മറ്റുള്ളവരെ ഉപദ്രവിക്കരുത്. മറ്റുള്ളവരുടെ യാതൊന്നും കൈവശം വെയ്ക്കരുത്. ഇതൊക്കെയാണ് ബുദ്ധന്‍ മുതല്‍ പിന്നീട് വന്ന മത-തത്ത്വ ചിന്തകരെല്ലാം പറഞ്ഞത്.

ശാന്തമായ മനസ്സുണ്ടായാല്‍ ഏകാഗ്രതയും ശ്രദ്ധയും ഉണ്ടാവും. ഏകാഗ്രതവരാന്‍ ”മറ്റാരും തന്നെ ശല്യപ്പെടുത്തില്ല” എന്ന ബോധ്യം വേണം. ഈ ബോധ്യം സത്യസന്ധന്‍മാര്‍ക്കേ ഉണ്ടാവൂ. അവര്‍ ഓടി ഒളിക്കില്ല.
ആഗ്രഹമില്ലാതെ കര്‍മ്മാനുഷ്ഠാനം സാധിക്കും. എളുപ്പമല്ല. ഏതൊരുകാര്യം നാം ചെയ്യുമ്പോഴും അതില്‍ നിന്ന് എന്തെങ്കിലും നാം പ്രതീക്ഷിക്കും. ഈ മനഃസ്ഥിതി മാറാന്‍ കാമ-ക്രോധ-ലോഭ-മോഹ-മദ-മാത്സര്യങ്ങളെ അകറ്റണം. തമോഗുണമോ, രജോഗുണമോ നമ്മില്‍ നിലനില്‍ക്കുന്നിടത്തോളം കാലം ഷഡ്‌വൈരികള്‍ പ്രവര്‍ത്തിക്കും. ഇത് അറിവിലൂടെ ദുരീകരിക്കണം.

അപ്പോള്‍ വീണ്ടും നാം എത്തും അറിവാണ് ബ്രഹ്മം എന്നിടത്ത്. വേദങ്ങളും ഉപനിഷത്തുകളും അറിവാണ്, ഈ അറിവ് ഏകമാത്രമായ ചൈതന്യത്തെ വ്യക്തമാക്കുന്നു. ഭാരതത്തിന്റെ ദര്‍ശനം ഇതാണ്.
”ഏകമേവാദ്വിതീയം പരം” – എന്ന്. ഈ തിരിച്ചറിവാണ് കേനോപനിഷത്ത് നല്‍കുന്നത്.

”ഓം സഹനാ വവതു, സഹ നൗ ഭുനക്തു
സഹവീര്യം കരവാവഹൈ,
തേജസ്വിനാവധീതമസ്തു,
മാവിദ്വിഷാവ ഹൈ,
ഓം ശാന്തിഃ ശാന്തിഃ ശാന്തിഃ
(കേനോപനിഷത്ത് അവസാനിച്ചു.)

കേനോപനിഷത്ത് പഠനം - 5

കേനോപനിഷത്ത് പഠനം - 5

മൂന്നാം ഖണ്ഡം - ബഹ്മമെന്ന ആത്യന്തിക സത്യം

”ബ്രഹ്മ ഹ ദേവേഭ്യോ വിജിഗ്യേ തസ്യ ഹ
ബ്രഹ്മണോ വിജയേ ദേവാ അമഹീയന്ത,
ത ഐക്ഷന്താസ്മാകമേവായം
വിജയോങ്കസ്മാകമേവായം മഹിമേതി.” (1)

പണ്ടൊരിക്കല്‍ ദേവന്‍മാരും അസുരന്‍മാരും തമ്മില്‍ യുദ്ധമുണ്ടായപ്പോള്‍ ബ്രഹ്മം അസുരന്മാരെ തോല്‍പ്പിച്ച് ദേവന്‍മാര്‍ക്ക് വിജയം നല്‍കി. എന്നാല്‍ ദേവന്‍മാര്‍ തങ്ങളുടെ കഴിവുകൊണ്ടാണ് വിജയം എന്ന് സ്വയം നടിച്ചു.

ആത്മതത്ത്വസ്വരൂപമാണ് ഒന്നാം ഖണ്ഡത്തിലെ ചിന്ത. ലൗകിക ജ്ഞാനത്തില്‍ നിന്ന് എങ്ങനെ ആത്മജ്ഞാനം നേടാമെന്നും അതിനുള്ള വഴിയെന്ത് എന്നുമാണ് രണ്ടാം ഖണ്ഡത്തിലെ പ്രതിപാദ്യം. മൂന്നാം ഭാഗത്ത് ബ്രഹ്മത്തെ അറിയാന്‍ വിഷമമാണ് എന്ന് തന്നെയാണ് ചിന്തിപ്പിക്കുന്നത്.

പ്രപഞ്ചത്തിന്റെ നന്മയെ നിലനിര്‍ത്തുക എന്നതിനെയാണ് ‘ധര്‍മ്മം’ എന്ന് വിവക്ഷിക്കാറുള്ളത്. ദേവന്‍മാരുടെ ചുമതല ധര്‍മ്മ സംരക്ഷണമാണ്. എന്നാല്‍ അസുരന്മാര്‍ നന്മയെ നശിപ്പിക്കുന്നവരാണ്. ഇവര്‍ തമ്മില്‍ സംഘര്‍ഷമുണ്ടായാല്‍ ധര്‍മ്മം നിലനിര്‍ത്താന്‍ ബ്രഹ്മമാണ് സഹായിക്കുന്നത്. ”ഈ ഇടപെടല്‍ തിരിച്ചറിയാന്‍ ഇന്ദ്രനോ അഗ്നിക്കോ വായുവിനോ പോലും സാധിക്കില്ല” എന്ന് പറഞ്ഞാല്‍ ഇവിടെ ശാശ്വതമായ ധര്‍മ്മം നിലനിര്‍ത്താന്‍ ആര് എങ്ങനെ നമ്മെയൊക്കെ സഹായിക്കുന്നു എന്ന് പോലും നമുക്ക് മനസ്സിലാവില്ല എന്ന് അര്‍ത്ഥം.

ഇവിടെ എന്താണ് ബ്രഹ്മം (ഈശ്വരന്‍) എന്നും അതെങ്ങനെ പ്രാവര്‍ത്തികമാവുന്നു എന്നും വ്യക്തമാവും. നമ്മിലെല്ലാം ഈശ്വരന്‍ നിലനില്‍ക്കുമ്പോഴും നാമത് അറിയുന്നില്ല. നമ്മുടെ സദ്കര്‍മ്മങ്ങളില്‍ ഈശ്വരന്‍ നേരിട്ട് പങ്കെടുക്കുന്നതും നാമറിയുന്നില്ല.

നമ്മുടെ ശരീരവുമായി ബന്ധപ്പെട്ട് നമ്മുടെ ബാഹ്യേന്ദ്രിയങ്ങളിലൂടെയാണ് പ്രധാനമായും നാം അറിവ് നേടുന്നത്. അതുകൊണ്ട് തന്നെ ബാഹ്യമായതിനെ മാത്രം ആശ്രയിച്ചുകൊണ്ട് നാം ശരിതെറ്റുകള്‍ വിലയിരുത്തുന്നു. അവനവന്റെ ഭൗതിക താല്‍പ്പര്യങ്ങള്‍ക്കനുസരിച്ചാവും ഓരോ വ്യക്തിയും ശരിതെറ്റുകളെക്കാണുക. ഇതില്‍ നിന്നുയര്‍ന്ന് ചിന്തിക്കുമ്പോഴാണ് അവതാര മഹത്വമുണ്ടാവുന്നത്. ഇത് കേവലം ശരീരത്തിന്റെയോ ഇന്ദ്രിയങ്ങളുടേയോ മനസ്സിന്റെയോ ബുദ്ധിയുടേയോ പ്രാണന്റെയോ തലത്തില്‍ നിന്ന് ഉണ്ടാവുന്നതല്ല. മനസ്സിനെ അവിടെ സ്വാധീനിക്കുന്നത് ആത്മനാണ്.

ഇത് വ്യക്തമാക്കുന്ന രണ്ട് കാര്യങ്ങള്‍ നാം ഓര്‍ക്കുക. കുറ്റകൃത്യം ചെയ്യുന്നവരും സ്വഹത്യചെയ്യുന്നവരും സ്വയരക്ഷക്കായി എന്തും ചെയ്യാം. പക്ഷെ മരണത്തിന്റെ തൊട്ടടുത്ത സന്ദര്‍ഭത്തില്‍ അവര്‍ സത്യം മാത്രമേ പറയൂ. മരണമൊഴി സത്യമാണെന്ന് ലോകം മുഴുവന്‍ തന്നെ ശാസ്ത്രീയമായി അംഗീകരിച്ചിരിക്കുന്നു. ഈ മൊഴി ആത്മബന്ധിയാണ്, കേവല ബുദ്ധി അവിടെ പ്രവര്‍ത്തിക്കുന്നില്ല. അതേപോലെ ന്യൂറോലിംഗ്വസ്റ്റിക്ക് പ്രോഗ്രാം (എന്‍എല്‍പി) വഴി ഒരാളുടെ ഭാവ ചേഷ്ടകള്‍ വിലയിരുത്തിയാല്‍ അയാള്‍ പറയുന്ന കളവായ കാര്യങ്ങള്‍ക്ക് വിരുദ്ധമായി ചില സൂചകങ്ങള്‍ ശരീരത്തില്‍ നിന്നും വാക്കുകള്‍ക്കുള്ളിലെ വാക്കുകളില്‍ നിന്നും ലഭിക്കും. ഇതിനര്‍ത്ഥം സ്വയം നിയന്ത്രിതമല്ലാത്ത ഒരു ചൈതന്യം നമ്മെ ആന്തരികമായി നിയന്ത്രിക്കുന്നുണ്ട് എന്നതാണ്. ഇത് ആത്മന്റെ ഭാഷയാണ്. ‘നെര്‍വസിന്റെ ഭാഷ’ എന്ന് ശാസ്ത്രം പറയുന്നു എന്ന് മാത്രം. ഈ നെര്‍വസിന്റെ ശക്തി പ്രാണനാണ്, പ്രാണനെ നിയന്ത്രിക്കുന്നത് ആത്മനാണ്, ഇത് സാമാന്യ രീതിയില്‍ നാമറിയുന്നില്ല. ഇതാണ് ധര്‍മ്മാധര്‍മ്മ രണങ്ങളില്‍ ദേവന്‍മാര്‍ പോലും ആത്മന്റെ ഇടപെടല്‍ മറക്കുന്നു എന്ന് പറയുന്നതിനര്‍ത്ഥം. അപ്പോള്‍ കേവല ഭൗതികമായ ചിന്തയില്‍ എങ്ങനെ ആത്മനെ അറിയാന്‍ സാധിക്കും? അതുതന്നെയാണ് ഇവിടത്തെ പ്രതിപാദ്യം. ഞാനാണ് എല്ലാം എന്നും ഞാനാണ് ഇതെല്ലാം ചെയ്യുന്നത് എന്നും ദേവഗണങ്ങള്‍ പോലും ചിന്തിക്കുന്നതില്‍ സാംഗത്യമില്ല എന്ന് ചുരുക്കം.

”തദ്ധൈഷാം വിജജ്ഞൗ,
തേഭ്യോഹ പ്രാദുര്‍ബഭൂവ,
തന്ന വ്യജാനത
കിമിദം യക്ഷമിതി.” (2)

ബ്രഹ്മം ദേവന്മാരുടെ തെറ്റായ ധാരണയറിഞ്ഞ് അവര്‍ക്ക് മുമ്പില്‍ പ്രത്യക്ഷപ്പെട്ടു. അപ്പോഴും ഈ രൂപമെന്താണെന്ന് ദേവന്‍മാര്‍ക്ക് തിരിച്ചറിയാന്‍ സാധിച്ചില്ല.
അഹങ്കാരമാണ് യഥാര്‍ത്ഥത്തില്‍ ദേവന്‍മാരെക്കൊണ്ട് ഇങ്ങനെ ചിന്തിപ്പിക്കാന്‍ കാരണം. അഹങ്കാരം വന്നുകഴിഞ്ഞാല്‍ മനുഷ്യരായാലും ദേവന്‍മാരായാലും അസുരസമാനരാവും.
മനുഷ്യരെ നോക്കുക: ജനിക്കുമ്പോള്‍ത്തന്നെ സമ്പന്നതയുടെ നടുവിലാണെങ്കില്‍ അയാള്‍ യുവാവാകുമ്പോഴേക്ക് അഹങ്കാരിയായിത്തീരും. അദ്ധ്യാത്മികമായ അറിവില്ലെങ്കില്‍ സുഖങ്ങള്‍ക്ക് വേണ്ടി എന്തും ചെയ്യുന്ന അവസ്ഥയുണ്ടാവും, ഇത് അജ്ഞാനമാണ്. ശരിയായ ജ്ഞാനം ”ബ്രഹ്മ ചൈതന്യമാണ് ആത്യന്തിക സത്യം” എന്നുള്ളതാണ്. ഈ അറിവില്ലെങ്കില്‍ എല്ലാ ജീവികളും കാമക്രോധ ലോഭമോഹമദമാത്സര്യാദികളില്‍പ്പെട്ട് സ്വയം നശിക്കും.

”അജ്ഞാനേനാവൃതേജ്ഞാനം
തേ ന മുഹ്യന്തി ജന്തവ:” – എന്ന് ഭഗവാന്‍. അറിവില്ലായ്മയാല്‍ മൂടപ്പെട്ടിരിക്കുന്നു യഥാര്‍ത്ഥ സത്യം. അതുകൊണ്ട് ജീവികള്‍ ‘മോഹ’ വലയത്തില്‍പ്പെട്ടുഴലുന്നു എന്ന് സാരം.
”തേങ്കഗ്നിമബ്രുവന്‍,
ജാതവേദ ഏതദ്‌വിജാനീഹി
കിമേതദ്‌യക്ഷമിതി,
തഥേതി.” (3)

ബ്രഹ്മത്തെക്കണ്ട് ഭയന്നുപോയ, ദേവന്‍മാര്‍ അഗ്നിദേവനോട് ഈ ‘സത്വം’ എന്താണെന്ന് അറിഞ്ഞ് വരാന്‍ പറഞ്ഞു. അഗ്നിഭഗവാന്‍ അത് സമ്മതിക്കുകയും ചെയ്തു: അഗ്നി സര്‍വ്വജ്ഞ (ജാതവേദസ്) നാണെന്ന് എല്ലാവര്‍ക്കുമറിയുകയും ചെയ്യാം.

പഞ്ചഭൂതങ്ങള്‍ എപ്പോഴും ശക്തരാണ്, കാറ്റും തീയും വെള്ളവും പ്രത്യേകിച്ച്. കാറ്റിനും തീക്കും വെള്ളത്തിനും സഹായികളായി ആകാശവും ഭൂമിയും വേണം അവരും ശക്തര്‍തന്നെ. പക്ഷെ കാറ്റാണ് ദൈവം, വെള്ളമാണ് ദൈവം, അഗ്നിയാണ് ദൈവം എന്നൊക്കെ ചിന്തിച്ച് അവയെ പ്രാര്‍ത്ഥിച്ചാലും അവയെ നിയന്ത്രിക്കുന്ന ശക്തിയാണ് ബ്രഹ്മം എന്നര്‍ത്ഥം. അഗ്നിക്കും ഇടിമിന്നലിനും കാരണമായ ഒരു പ്രപഞ്ച തത്ത്വം ഉണ്ടെന്ന് ചുരുക്കം.

”തദഭ്യദ്രവത്, തമഭ്യവദത്,
കോങ്കസീതി, അഗ്നിര്‍വ്വാ
അഹമസ്മീത്യബ്രവീജ്ജാതവേദാ
വാ അഹമസ്മീതി.” (4)

അഗ്നി നേരില്‍ ആ ഭൂതത്തിന്റെ അടുത്ത് ചെന്നു, അപ്പോള്‍ ആ ‘യക്ഷം’ ചോദിച്ചു നീ ആരാണെന്ന്. അഗ്നി താനാരാണെന്ന് വെളിപ്പെടുത്തിക്കൊണ്ട് പറഞ്ഞു എന്നെ ”സര്‍വ്വജ്ഞാനി” എന്ന അര്‍ത്ഥത്തില്‍ ജാതവേദസ്സ് എന്നും പറയുമെന്ന്.

”തസ്മിംസ്ത്വയി കിം
വീര്യമിത്യപീദം സര്‍വ്വം
ദഹേയം യദിദം
പൃഥിവ്യാമിതി.” (5)

സ്വയം പുകഴ്ത്തി അഹങ്കരിച്ചുപറഞ്ഞ അഗ്നിയോട് യക്ഷം ചോദിച്ചു, ”ലോക പ്രശസ്തന്‍ എന്ന് സ്വയം പറയുന്ന നിനക്ക് എന്ത് ശക്തിയാണ് ഉള്ളത്?” എന്ന്. അഗ്നി ഉടന്‍ പറഞ്ഞു: ”ഈ ലോകത്തിലുള്ള ഏതൊന്നിനേയും കത്തിച്ചുകളയാനുള്ള കഴിവ് എനിക്കുണ്ട്: അതെനിക്ക് മാത്രമേയുള്ളൂ താനും” എന്ന്.

”തസ്‌മൈ തൃണം നിദധാവേതദ്ദഹേതി, തദു-
പപ്രേയായ സര്‍വ്വജവേന തന്ന ശശാക ദഗ്ധും,
സ തത ഏവ നിവവൃതേ, നൈതദശകം
വിജ്ഞാതും യദേതദ് യക്ഷമിതി.” (6)

അഗ്നിയുടെ മുമ്പിലേക്ക് ഒരു പുല്‍ക്കൊടിയെ ഇട്ടുകൊടുത്തുകൊണ്ട് യക്ഷം പറഞ്ഞു: ”നീ നിന്റെ ശക്തി ഉപയോഗിച്ച് ഇതൊന്ന് നശിപ്പിക്കൂ” എന്ന്. പക്ഷെ അഗ്നി ആവുന്നത്ര ശ്രമിച്ചിട്ടും ആ പുല്‍ക്കൊടിയെ കത്തിച്ചുകളയാന്‍ കഴിഞ്ഞില്ല. യക്ഷം ആരെന്നറിയാതെ അഗ്നി അവിടെ നിന്നും തിരിച്ചുപോയി.

അഗ്‌നി എന്തിനേയും ദഹിപ്പിക്കുന്നതാണെന്ന് നമുക്കറിയാം, പക്ഷെ അഗ്നിക്ക് ആ ശക്തി മറ്റെവിടെയോ നിന്നാവും കിട്ടുന്നത്. നാം ഭൗതികമായിക്കാണുന്ന ഒന്നും തന്നെ സ്വയം നിലനില്‍ക്കാന്‍ കഴിയുന്നവയല്ല എന്ന് ചുരുക്കം.

”അഥ വായുമബ്രുവന്‍
വായവേതദ്
വിജാനീഹി കിമേതദ്
യക്ഷമിതി, തഥേതി.” (7)

അഗ്നി തോറ്റുമടങ്ങിയപ്പോള്‍ ദേവന്‍മാര്‍ വായുവിനോട് പറഞ്ഞു ”ഉടന്‍ പോയി യക്ഷം എന്താണെന്ന് കണ്ടെത്തണം” എന്ന്. അങ്ങനെ ചെയ്യാം എന്ന് പറഞ്ഞുകൊണ്ട് വായു ഉടന്‍ യാത്രയായി.

”തദഭ്യദ്രവത്, തമഭ്യവദത്
കോങ്കസീതി, വായുര്‍വ്വാ
അഹമസ്മീത്യബ്രവീന്‍ –
മാതരിശ്വാവാ അഹമസ്മീതി.” (8)

വായു നേരിട്ട് ചെന്ന് യക്ഷത്തിനോട് ചോദിച്ചു. ”നീ ആരാണ്?” എന്ന് ”ഞാന്‍ വായു എന്ന പ്രസിദ്ധനായ മാതരിശ്വാവാ”ണെന്നും വായു പറഞ്ഞു.
ഭൂമിയിലും ആകാശത്തിലും സഞ്ചരിച്ച് ശക്തി തെളിയിക്കുന്നവനാണ് വായു. അതാണ് ‘ആകാശചാരി’ എന്ന അര്‍ത്ഥത്തില്‍ ‘മാതരിശ്വാവ്’ എന്ന് സ്വയം പരിചയപ്പെടുത്തിയത്, അഹങ്കാരത്തോടെയായിരുന്നു ഈ വാക്കുകള്‍.

”തസ്മിംസ്ത്വയി കിം
വീര്യമിത്യപീദം
സര്‍വ്വമാദദീയ
യദിദം പ്യഥിവ്യാമിതി.” (9)

ഇങ്ങനെ സ്വയം വിശേഷിപ്പിക്കുന്ന വായുവിനോട് യക്ഷം ചോദിച്ചു ”ഇപ്പറഞ്ഞ കരുത്തുള്ള നിന്നില്‍ എന്ത് വീര്യമാണ് ഉള്ളത്?” എന്ന്. അപ്പോള്‍ വായു പറഞ്ഞത് ”ലോകത്തിലുള്ള എന്തിനേയും ഇളക്കിമാറ്റാന്‍ എനിക്ക് സാധിക്കും” എന്നാണ്.

”തസ്‌മൈ തൃണം
നിദധാവേതദാദത്‌സ്വേതി,
തദുപപ്രേയായ സര്‍വ്വജവേന,
തന്ന ശശാകാദാതും,
സ തത ഏവ നിവവൃതേ, നൈതദശകം വിജ്ഞാതും യദേതദ് യക്ഷമിതി.” (10)

ഈ സംവാദങ്ങള്‍ക്കുശേഷം യക്ഷം വായുവിനെ പരീക്ഷിക്കാന്‍ ഒരു പുല്ലിനെ അതിന്റെ മുമ്പില്‍ വച്ചുകൊടുത്തു. എന്നിട്ട് പറഞ്ഞു ”ഇത് നീ എടുത്തു മാറ്റിക്കൊള്ളൂ” – എന്ന്. വായു തന്റെ സര്‍വ്വശക്തിയുമുപയോഗിച്ച് പുല്ലിനെ എടുത്തുമാറ്റാന്‍ നോക്കി. പക്ഷെ സാധിച്ചില്ല.

”അഥേന്ദ്രമബ്രുവന്‍, മഘവന്നേതദ്
വിജാനീഹി, കിമേതദ് യക്ഷമിതി,
തഥേതി തദഭ്യദ്രവത്,
തസ്മാത്തിരോദധേ.” (11)

ഒടുവില്‍ ദേവന്‍മാര്‍ ഈ യക്ഷം ആരാണ് എന്ന് അറിഞ്ഞുവരാന്‍ ഇന്ദ്രനോട് തന്നെ അപേക്ഷിച്ചു. അഹങ്കാരത്തോട് കൂടി ഇന്ദ്രന്‍ യക്ഷത്തെ തോല്‍പ്പിക്കുന്നതിനായി പുറപ്പെട്ടു. പക്ഷെ യക്ഷം അപ്പോഴേക്കും ഇന്ദ്രനെ കബളിപ്പിച്ച് അപ്രത്യക്ഷമായി.

”സ തസ്മിന്നേവാകാശേ
സ്ത്രിയമാജഗാമ
ബഹുശോഭമാനാമുമാം ഹൈമവതീം,
താം ഹോവാച, കിമേതദ്‌യക്ഷമിതി.”

ഈ സമയം യക്ഷത്തെക്കണ്ടുവെന്ന് ദേവന്‍മാര്‍ പറഞ്ഞ സ്ഥലത്ത് ഇന്ദ്രന്‍ മഹാദേവ പത്‌നിയായ പാര്‍വ്വതീ ദേവിയെക്കണ്ടു. ദേവിയോട് യക്ഷത്തെക്കുറിച്ച് ഇന്ദ്രന്‍ ചോദിച്ചു.
ഇത് സാധിച്ചത് ഇന്ദ്രന്റെ ധ്യാനത്താലായിരുന്നു. അഗ്നിയും വായുവും തിരിച്ചുപോയതുപോലെ പോകാതെ ഇന്ദ്രന്‍ യാഥാര്‍ത്ഥ്യമറിയാന്‍ മഹാദേവിയെ പ്രാര്‍ത്ഥിച്ചപ്പോഴാണ് ദേവി പ്രത്യക്ഷയായത്. ദേവിക്ക് മാത്രമേ സത്യം വ്യക്തമാക്കാന്‍ സാധിക്കൂ എന്ന് ഇന്ദ്രന് അറിയാമായിരുന്നു.
(തുടരും)

കേനോപനിഷത്ത് പഠനം - 4

കേനോപനിഷത്ത് പഠനം - 4

രണ്ടാം ഖണ്ഡം - അറിവും അറിയുന്നവനും

”യദി മന്യസേ സുവേദേതി, ഭദ്രമേവാപി
നൂനം ത്വം വേത്ഥ ബ്രഹ്മണോ രൂപം
യദസ്യ ത്വം യദസ്യ ദേവേഷ്വഥനു
മീമാംസ്യമേവ തേ മന്യേ വിദിതം.” (1)

”ഞാന്‍ ബ്രഹ്മത്തെ ശരിക്കും മനസ്സിലാക്കി” എന്ന് ഗുരുവിനോട് ശിഷ്യന്‍ വന്നു പറയുന്നു. ഗുരു പറയുന്നതാവട്ടെ ”നീ ബ്രഹ്മത്തെക്കുറിച്ച് അറിഞ്ഞതെല്ലാം വളരെ കുറച്ചുമാത്രമാണ്” എന്നാണ്. അതുകൊണ്ട് ഒന്നുകൂടി ശരിയായി ചിന്തിച്ച് പഠിച്ചുവരൂ എന്ന് പറയുന്നു. ശിഷ്യന്‍ തിരിച്ചുപോയി വീണ്ടുവിചാരം ചെയ്ത ശേഷം വീണ്ടും വന്ന് ഗുരുവിനോട് പറയുന്നു: ”ഇപ്പോള്‍ ബ്രഹ്മത്തെപ്പറ്റി ഞാന്‍ അറിഞ്ഞു എന്ന് വിചാരിക്കുന്നു” – എന്ന്.

ഒന്നാമധ്യായത്തില്‍ ചിന്തിച്ച മനസ്സ്, പഞ്ചേന്ദ്രിയങ്ങള്‍ എന്നിവയെ നിയന്ത്രിക്കുന്ന ശക്തിയാണ് ആത്മന്‍ എന്ന് മനസ്സിലായപ്പോള്‍ ആത്മന്‍ എന്താണെന്ന് പൂര്‍ണ്ണമായി മനസ്സിലായിക്കഴിഞ്ഞു എന്നാണ് ശിഷ്യന്റെ വിചാരം.

എന്നാല്‍ ഈ അറിവ് ശരിയല്ല എന്ന് ഗുരു വ്യക്തമാക്കുന്നു. കാരണം അറിവിന് വിഷയമായിട്ടുള്ള കാര്യത്തെയാണ് അറിയേണ്ടത്. അറിയുന്നവന്‍ ഒരിക്കലും അറിവിന് വിഷയമാവുന്നില്ല. അഗ്നി എന്തിനേയും ദഹിപ്പിക്കും, എന്നാല്‍ ആ സമയത്ത് അഗ്നി ദഹിച്ചുപോകുന്നില്ല എന്നതുപോലെയാണിത്. എന്റെ ശരീരത്തെ ഞാന്‍ കാണുന്നു, കാണുന്നത് കണ്ണുകൊണ്ടാണ്. കണ്ണിനെ എനിക്ക് കണ്ണാടിയില്‍ക്കാണാം, മറ്റുള്ളവര്‍ക്കും കാണാം. എന്നാല്‍ ഞാന്‍ കണ്ണാടിയില്‍ക്കാണുന്നതിന് കണ്ണിന് ശക്തിപകരുന്ന ചൈതന്യത്തെ കണ്ണുകൊണ്ട് കാണുന്നില്ല, അങ്ങനെ ഒരു ചൈതന്യം ഉണ്ട് എന്ന് ചിന്തിക്കാനേ സാധിക്കൂ. എന്റെ ശരീരത്തെക്കാണുന്നത് കണ്ണല്ല, കണ്ണിലൂടെ ഞാന്‍ കാണുകയാണ്, ആ എന്നെ എനിക്ക് കാണാന്‍ കഴിയുന്നില്ല.

ബ്രഹ്മം അറിയുന്ന ബാഹ്യമായ എല്ലാ വസ്തുക്കള്‍ക്കും ശബ്ദ, സ്പര്‍ശ, രസ, രൂപ, ഗന്ധങ്ങള്‍ ഉണ്ട്. എന്നാല്‍ ബ്രഹ്മത്തിന് ഇതൊന്നുമില്ല. പിന്നെ എങ്ങനെ അറിയും? ഒരു വസ്തുവിനെ തിരിച്ചറിയാന്‍ ഇത്തരം ഗുണങ്ങള്‍ ഇന്ദ്രിയവേദ്യമാവണം, എന്നാല്‍ ഇന്ദ്രിയവേദ്യമാവാന്‍ ഒരു ഉപാധിയുമില്ലാത്ത ബ്രഹ്മത്തെ എങ്ങനെ അറിയാനാണ്?

മനസ്സും ബുദ്ധിയുമെല്ലാം വച്ച് ചിലത് അറിയുന്നത് അധ്യാത്മമായ അല്‍പ്പജ്ഞാനമാണ്. ഉപാസനാമൂര്‍ത്തികളെ ബ്രഹ്മമാണ് എന്ന് ധരിക്കുമ്പോള്‍ ആധിദൈവികമായ അല്‍പ്പജ്ഞാനം മാത്രമേ കിട്ടുന്നുള്ളൂ.

”സത്യം ജ്ഞാനമനന്തം ബ്രഹ്മഃ”
”വിജ്ഞാനമാനന്ദം ബ്രഹ്മഃ”
”വിജ്ഞാനം ബ്രഹ്മഃ” എന്നെല്ലാം വേദങ്ങള്‍ വ്യക്തമാക്കുന്ന ബ്രഹ്മത്തെ അറിയാന്‍ നീ ഇനിയും ചിന്തിക്കേണ്ടിയിരിക്കുന്നു എന്ന് പറയുന്ന ഗുരുവചനം കേട്ട് വീണ്ടും ഏകാന്ത ധ്യാനത്തിന് പോയി തിരിച്ചെത്തുന്ന ശിഷ്യന്‍ വീണ്ടും പറയുന്നത് ”ബ്രഹ്മത്തെ എനിക്ക് മനസ്സിലായി” എന്നാണ്.

ഇവിടെ നാം മനസ്സിലാക്കേണ്ടത് സഗുണോപാസനാവിധിയായി വിഗ്രഹാരാധനയും നിര്‍ഗ്ഗുണോപാസനയായി ധ്യാന തപസ്സാദികളും വഴി ഈശ്വരോപാസനയും നടത്തുന്നതിലൂടെ ശരിയായവിധം ‘ബ്രഹ്മജ്ഞാനം’ നേടാന്‍ സാധിക്കില്ല എന്നാണ്.

ഈ പ്രപഞ്ചത്തിന്റെ നിലനില്‍പ്പിന് ആധാരമായ ശക്തിചൈതന്യത്തെ പൂര്‍ണ്ണമായി മനസ്സിലാക്കാന്‍ മനുഷ്യന് സാധിക്കില്ല എന്നര്‍ത്ഥം. പക്ഷെ ആരാധനാലയങ്ങളിലും വിഗ്രഹങ്ങളിലും പൂജാദികര്‍മ്മങ്ങളിലും തപസ്സിലും അവനവന്റെ ഉള്ളിലെ ചൈതന്യസ്വരൂപത്തെ കാണാനാവാത്ത, അല്‍പ്പജ്ഞനായ മനുഷ്യന്‍ എന്റെ മതമാണ്, എന്റെ വിശ്വാസമാണ്, എന്റെ ആരാധനാ രീതിയാണ്, എന്റെ ഈശ്വരനാണ് ശരി എന്ന് പറയുന്നതിന്റെ ഭോഷത്തം ചിന്തിക്കുക.

ഇവിടെയാണ് ഭാരതീയ ദര്‍ശനങ്ങളുടെ മഹത്ത്വം. ഭാരതീയര്‍ക്ക് മുപ്പത്തിമുക്കോടി ദേവതകളുണ്ട് എന്നും വേദോപനിഷത്തുകള്‍ അന്ധവിശ്വാസമാണ് എന്നും പറയുന്നവര്‍ ഉപനിഷത്തുകളുടെ കാഴ്ചപ്പാട് മനസ്സിലാക്കിയാല്‍ വിശ്വാസങ്ങളുടെയും ആരാധനയുടേയും പേരില്‍ കലഹിക്കില്ല.

വയലാര്‍ രാമവര്‍മ്മയുടെ ഒരു ഗാനശകലം ഈയവസരത്തില്‍ ഓര്‍മ്മവരുന്നു.

”മനുഷ്യന്‍ മതങ്ങളെ സൃഷ്ടിച്ചു.
മതങ്ങള്‍ ദൈവങ്ങളെ സൃഷ്ടിച്ചു.
മനുഷ്യനും മതങ്ങളും ദൈവങ്ങളും കൂടി
മണ്ണ് പങ്ക് വച്ചൂ, മനസ്സു പങ്കുവച്ചൂ….
ഹിന്ദുവായി, മുസല്‍മാനായി ക്രിസ്ത്യാനിയായി, തമ്മില്‍ കണ്ടാലറിയാതായി…”

-എന്നാണാ വരികള്‍. ഇവിടെ ഭാരതീയ ദര്‍ശനത്തെക്കുറിച്ചുള്ള കവിയുടെ അജ്ഞതയാണ് വ്യക്തമാവുന്നത്.

മനുഷ്യന് മതങ്ങള്‍ ഉണ്ടാക്കാന്‍ സാധിക്കാം. എന്നാല്‍ മനുഷ്യര്‍ക്കോ മതങ്ങള്‍ക്കോ ദൈവത്തെ എങ്ങനെ സൃഷ്ടിക്കാനാവും? ഒരു ചെടിയില്‍ ഇലയും പൂവും കായും ഉണ്ടാവുന്നു. ഇലയ്‌ക്കോ പൂവിനോ കായ്‌ക്കോ അവരുണ്ടായ ചെടിയെ എങ്ങനെ ഉണ്ടാക്കാന്‍ പറ്റും? കവിക്ക് തെറ്റാന്‍ കാരണം പാശ്ചാത്യ മതങ്ങളെയും ദൈവചിന്തകളെയും മാത്രം മനസ്സിലാക്കി എന്നതാണ്. ഇത് ഭൗതികവാദികളായവര്‍ക്കെല്ലാം എന്നും സംഭവിച്ചുകൊണ്ടിരിക്കുന്നു. മാര്‍ക്‌സിനും ഇതില്‍ നിന്ന് മോചനമുണ്ടായില്ല. അവര്‍ കാണുന്നതിനെയും അറിയുന്നതിനേയും മാത്രം വിശ്വസിച്ചു. കാരണം അവരുടെ ശരീരത്തിനും ഇന്ദ്രിയങ്ങള്‍ക്കും മനസ്സിനും കാരണമാവുന്ന പ്രാണന്റെയും നിദാനമായ ‘ആത്മന്റെ’ ഒരു ചിഹ്നവും ലക്ഷണവും അവര്‍ക്ക് ചിന്തിക്കാന്‍ സാധിച്ചില്ല. പക്ഷെ അവര്‍ ‘മരിച്ചു’ എന്ന് ലോകം വിലയിരുത്തിയത് ശരീരമോ ഇന്ദ്രിയങ്ങളോ നഷ്ടമായതിനാലല്ല, അവയ്‌ക്കെല്ലാം ശക്തിപകരുന്ന ഒരു ചൈതന്യം അവിടെ നിന്ന് (ശരീര ഇന്ദ്രിയങ്ങളില്‍ നിന്ന്) വിട്ടകന്നു എന്നതിനാലാണ്.

ഈ ആധുനിക സന്ദര്‍ഭത്തില്‍ സാര്‍സ് കോറോണയുടെ കോവിഡ് 19 വൈറസ് മനുഷ്യരെ ബാധിക്കുമ്പോള്‍ എങ്ങനെ ജീവന്‍ നഷ്ടമാവുന്നു എന്നോ, എങ്ങനെ ജീവനെ പിടിച്ചുനിര്‍ത്താം എന്നോ നമുക്ക് അറിവില്ല. പല ഘട്ടങ്ങളിലും ഇങ്ങനെ വന്നപ്പോള്‍ ചില ആന്റി വൈറസുകളിലൂടെ നാം നേടി. പക്ഷെ, ആത്യന്തികമായി മരണം എന്ന പ്രഹേളികയെ നമുക്ക് മനസ്സിലാക്കാനോ അതിജീവിക്കാനോ പറ്റിയിട്ടില്ല. കാരണം ‘മരണം’ എന്നത് നമ്മുടെ ജീവചേതനയായ ‘ആത്മന്‍’ അഥവാ ബ്രഹ്മ ചൈതന്യം കേവല ഭൗതികമായ ശരീര ഇന്ദ്രിയാദികളില്‍ നിന്ന് സ്വയം മോചനം നേടുന്നതാണ്. പിന്നീട് ആ ചൈതന്യത്തെ അന്തരീക്ഷത്തിലോ പഞ്ചഭൂതങ്ങളിലോ ഭൗതികമായി നാം കാണുന്നില്ല.

സത്യേന്ദ്രനാഥബോസ് മുന്‍പ് പറഞ്ഞ അടിസ്ഥാനകണമാണത്. ഋഗ്വേദത്തിലെ ആദ്യസൂക്തവും സൃഷ്ടിസൂക്തവും ഇത് വ്യക്തമാക്കുന്നുണ്ട്. ഇന്ന് ദൈവകണസിദ്ധാന്ത പരീക്ഷണം ജനീവയില്‍ നടക്കുമ്പോള്‍ അങ്ങനെ ഒന്നുണ്ട് എന്ന് ശാസ്ത്രം അംഗീകരിക്കാന്‍ തുടങ്ങി എന്ന് ചുരുക്കം. ഭാരതത്തിന്റെ ശാസ്ത്രം അധ്യാത്മികതയാണെന്നും ഇത് കേവല മതമല്ല എന്നും ഇതാണ് ഉപനിഷത്തുക്കളിലെ ചര്‍ച്ച എന്നും നാമിവിടെ തിരിച്ചറിയുക.

‘നാഹം മന്യേ സുവേദേതി
നോ ന വേദേതി വേദ ച
യോ നസ്തദ് വേദ തദ്‌വേദ
നോ ന വേദേതി വേദ ച.’ (2)

ഞാന്‍ ബ്രഹ്മത്തെ അറിഞ്ഞു എന്ന് വിചാരിക്കുന്നില്ല, അറിഞ്ഞിട്ടില്ലെന്നും വിചാരിക്കുന്നില്ല. ഇങ്ങനെ ആരാണോ ചിന്തിക്കുന്നത് അയാള്‍ക്കാണ് ബ്രഹ്മജ്ഞാനമുള്ളത് എന്നര്‍ത്ഥം.
ഈ ചിന്ത നമ്മില്‍ സംശയമുണ്ടാക്കും. കാരണം, അറിയുന്നതിനെ ”അറിഞ്ഞിട്ടില്ല” എന്നും അറിയാത്തതിനെ ”അറിഞ്ഞു” എന്നും പറയുന്നതിലെ യുക്തി എന്താണ് എന്ന് നാം ചിന്തിക്കുന്നു. എന്നാല്‍ വ്യക്തമാണ് ഭൗതികപ്രപഞ്ചത്തില്‍ നിലനില്‍ക്കുന്ന, രൂപ-രസ-ഗന്ധാദികളുള്ള കാര്യങ്ങളെ നമുക്കറിയാം. പക്ഷെ അതിന് കാരണമായ തനിമയെ നമ്മുടെ ഇന്ദ്രിയങ്ങള്‍കൊണ്ടോ അന്തക്കരണത്താലോ തിരിച്ചറിയാന്‍ കഴിയില്ല എന്ന വസ്തുത നാം തിരിച്ചറിഞ്ഞു, എങ്കില്‍ നാം സത്യത്തെ മനസ്സിലാക്കിയിരിക്കുന്നു എന്നര്‍ത്ഥം. പക്ഷെ എന്താണ് ‘ബ്രഹ്മം’ എന്നു ചോദിച്ചാല്‍ നാമെങ്ങിനെ വിശദീകരിക്കും? അവിടെ ‘അജ്ഞത’ വീണ്ടും പിടികൂടുന്നു.

ഇവിടെ നാം തിരിച്ചറിയേണ്ടുന്ന കാര്യം ബ്രഹ്മ ചൈതന്യമായ നമുക്ക് ”ഞാനെന്താണ്” എന്നും ”ഞാന്‍ എന്തിനാണ്” എന്നും ”ഞാന്‍ എവിടെ നിന്നാണ്” എന്നും പൂര്‍ണ്ണമായി മനസ്സിലാക്കാന്‍ സാധിക്കില്ല.

”അജ്ഞാനേനാവൃതേ ജ്ഞാനം
തേ ന മുഹ്യന്തി ജന്തവ:” എന്ന് ഗീത പറയുന്നതോര്‍ക്കുക. ഈ കലികാലത്ത് അന്യ നിഗ്രഹത്തിന് കോടികള്‍ വാരിവിതറുകയും സ്വയം കണ്ടെത്തിയ (?) വൈറസുകളിലൂടെ കോടാനുകോടി മനുഷ്യരെ കൊന്നൊടുക്കുകയും ചെയ്യുന്ന മനുഷ്യന് ഇതേവരെ ‘മരണ’ത്തെ അതിജീവിക്കാന്‍ സാധിച്ചിട്ടില്ല. പൂര്‍ണ്ണമായും ഈ ജീവി (മനുഷ്യന്‍) യില്‍ പ്രപഞ്ചത്തിന്റെ ഗതിവിഗതികള്‍ എന്താവും? അപ്പോള്‍ ഉറപ്പാണ് അദൃശ്യമായൊരു ശക്തി ചേതന നമുക്ക് വേദ്യമല്ലാതെയുണ്ട്, ഇത് അറിവാണ്.

‘യസ്യാമതം തസ്യ മതം
മതം യസ്യ ന വേദ സഃ
അവിജ്ഞാതം വിജാനതാം
വിജ്ഞാതമവിജാനതാം.’ (3)

യാതൊരാള്‍ അറിവില്ലെന്ന് മനസ്സിലാക്കുന്നുവോ അവന് അക്കാര്യത്തെപ്പറ്റി അറിവുണ്ട്. ”എനിക്കറിയാം” എന്ന് ആര്‍ക്കാണോ വിചാരം ഉള്ളത്, അയാള്‍ യഥാര്‍ത്ഥത്തില്‍ ബ്രഹ്മത്തെക്കുറിച്ച് അജ്ഞനാണ്.
ഈ ചിന്ത ബ്രഹ്മത്തെപ്പറ്റി മാത്രമല്ല, ഏതൊരുകാര്യവും – ”എല്ലാം അറിയാം” എന്ന് വിചാരിക്കുന്നത് അറിവില്ലായ്മയുടെ ലക്ഷണമാണ്. അതേസമയം അവനവന്റെ ആത്മാവ് തന്നെയാണ് ബ്രഹ്മം എന്ന് വേദങ്ങള്‍ വ്യക്തമാക്കുന്നു. ജ്ഞാനം കൊണ്ട് അറിയാന്‍ സാധിക്കാത്തതാണ് ബ്രഹ്മം. ഏതെങ്കിലും ഉപാധിയെ (ഉദാ: വിഗ്രഹം, ജീവികള്‍, ചിത്രം….) ബ്രഹ്മത്തിന്റെ പ്രതീകമായി കല്‍പ്പിച്ചാല്‍ ബ്രഹ്മത്തെയല്ല അറിയുക, ആ പ്രതീകത്തിലൂടെ അതിനപ്പുറത്ത് എത്തണം. ”നമഃശിവായഃ” – എന്നത് ”നമഃ” എന്നാണ് തുടങ്ങുന്നത്. ഇവിടെയുള്ള ”നമഃ” എന്നത് തിരിച്ചിടുമ്പോള്‍ ”മനഃ” എന്ന് കിട്ടും. മനസ്സിന് പോലും അപ്പുറത്താണ് ”നമഃ” എന്ന് ഈശ്വരഭജന നടത്തുന്നിടത്തെ കല്‍പ്പന എന്നര്‍ത്ഥം. ”അപ്രാപ്യമനസ്സാ സഹ” – എന്ന് വേദാന്തം.

”പ്രതിബോധവിദിതം
മതമമൃതത്വം ഹി വിന്ദതേ
ആത്മനാ വിന്ദതേ വീര്യം
വിദ്യയാ വിന്ദതേങ്കമൃതം.” (4)

മനസ്സിന്റെ എല്ലാ പ്രവൃത്തികളിലും സാക്ഷിയായി, അന്തര്യാമിയായി നില്‍ക്കുന്ന ചൈതന്യമാണ് ആത്മന്‍. ഈ അറിവാണ് ശരിയായ അറിവ്. ഈ അറിവ് നേടിയാലേ മരണഭയം പോലും ഇല്ലാതാവൂ. ജനന മരണ രഹിതമായ അവസ്ഥ യഥാര്‍ത്ഥത്തില്‍ ആത്മനുള്ളതാണ്. ഉല്‍പ്പത്തിയും നിലനില്‍ക്കുന്ന അവസാനവും സാങ്കേതികം മാത്രമാണ്. സാധാരണ ചിന്തയില്‍ ജനനം മരണം ജീവിതം എന്നിങ്ങനെ കാലത്തെയും അവസ്ഥയേയും കുറിച്ചുള്ള അറിവ് ഭൗതികമായതു മാത്രമാണ്.

യഥാര്‍ത്ഥത്തില്‍ ഈ പ്രപഞ്ചം എന്നും നിലനില്‍ക്കുന്നതാണ്. വൃക്ഷ-ലതാദികളോ പക്ഷിമൃഗാദികളോ മനുഷ്യരോ ഇല്ലാത്ത ഒരുലോകം സങ്കല്‍പ്പിക്കുക: ഭൂമിയില്ല, നദികളോ വെളിച്ചമോ ഇല്ല എന്ന് വിചാരിക്കുക; ഇവയെല്ലാം എങ്ങോട്ട് ഇല്ലാതാവും? വായുവിലേക്കോ? എങ്കില്‍ വായുവിന് ഇടമായ ആകാശം വേണം. വായു ഇല്ലാതായാലും ആകാശം ഉണ്ടാവും. എല്ലാം ആകാശത്തില്‍ ലയിക്കും. പക്ഷെ ആകാശം എങ്ങനെ ഇല്ലാതാവും? എവിടെ ലയിക്കും? ആകാശമുണ്ടെങ്കിലല്ലേ അഗ്നിക്കും ജലത്തിനും വായുവിനും ഭൂമിക്കും ഇടമുള്ളൂ, ആകാശം എവിടെയാണ് നില്‍ക്കുന്നത്? അതുകൊണ്ട് ഭൗമമണ്ഡലത്തില്‍ മാത്രമല്ല, സൂര്യസ്ഥാനത്ത് മാത്രമല്ല, വായു മണ്ഡലത്തില്‍ മാത്രമല്ല, ഇരുട്ടിലും ശൂന്യതയിലും ആകാശം ഉണ്ട്. ഈ ആകാശം മനസ്സാണ്. ഇതാണ് സര്‍വ്വവ്യാപിയായ ബ്രഹ്മ ചൈതന്യം. ഇതിന്റെ ശക്തി എന്നുമുണ്ടാവും.
ഈ സത്യം തിരിച്ചറിഞ്ഞാല്‍ വ്യക്തമാവും നമ്മുടെ മനസ്സ് അനശ്വരമാണെന്ന്, പൂര്‍വ്വവും ആവര്‍ത്തിതവുമായി അത് രൂപം സ്വീകരിക്കും. ഈ തിരിച്ചറിവ് സമാധിയില്‍, മോക്ഷത്തില്‍ എത്തിക്കും.

”ഇഹ ചേദവേദീദഥ സത്യമസ്തി
ന ചേദിഹാവേദീന്മഹതീ വിനഷ്ടി:
ഭൂതേഷു ഭൂതേഷു വിചിത്യ ധീരാ:
പ്രേത്യാസ്മാല്ലോകാദമൃതാ ഭവന്തി.” (5)

ഈ ജന്മത്തില്‍ത്തന്നെ ബ്രഹ്മതത്ത്വം സ്വയം സാക്ഷാത്ക്കരിക്കാന്‍ സാധിച്ചാല്‍ ജന്മം സഫലമായി. ഇല്ലെങ്കില്‍ ഈ ജന്മം വൃഥാവിലാവും. അതിനാല്‍ വിവേകികളും വിജ്ഞാനികളുമായവര്‍ സര്‍വ്വ ചരാചരങ്ങളിലും ആത്മതത്ത്വത്തെ ദര്‍ശിച്ച് ഈ ജന്മത്തില്‍ത്തന്നെ മോക്ഷം നേടുന്നു.

”ബ്രഹ്മതത്ത്വത്തെ സ്വയം സാക്ഷാത്ക്കരിക്കുക” എന്ന് പറയുമ്പോള്‍ സാധാരണരായവര്‍ മനസ്സിലാവാതെ വലയും. കാര്യം ലളിതമാണ്; നമ്മുടെ ചുറ്റിലുമുള്ള സഹജീവികളിലും വൃക്ഷലതാദികളിലും നിലനില്‍ക്കുന്ന ജീവന്റെ തുടിപ്പുകള്‍ ഈ പ്രപഞ്ചത്തിലെ ഒരേയൊരു ചൈതന്യത്തില്‍ നിന്ന് തന്നെയുള്ളതാണെന്ന തിരിച്ചറിവാണത്. മനുഷ്യര്‍ ഇന്ന് സര്‍വ്വജീവികളേയും കൊന്ന് തിന്നുന്ന കാഴ്ച പലയിടങ്ങളിലും കാണാം. മനുഷ്യര്‍ അവരവരുടെ വ്യക്തിതാല്‍പ്പര്യങ്ങളും സുഖവും നിലനിര്‍ത്താന്‍ മറ്റുള്ളവരെ വേദനിപ്പിക്കുകയും കൊല്ലുകയും ചെയ്യുന്നത് ഇപ്പോള്‍ സര്‍വ്വസാധാരണമായിരിക്കുന്നു. എന്നാല്‍ ഭാരതീയര്‍ ദര്‍ശിച്ച പ്രപഞ്ച സംവിധാനത്തില്‍ ‘പാരസ്പര്യ’ തയാണ് പ്രധാനം. പ്രകൃതിയും മനുഷ്യനും തമ്മിലും മനുഷ്യരും മനുഷ്യരും തമ്മിലുമുള്ള പരസ്പരാശ്രയത്വമാണ് പാരസ്പര്യം. ഈ തിരിച്ചറിവുള്ള ജീവിതമാണ് ബ്രഹ്മജ്ഞാനിയുടേത്. ഈ ജീവിതമാണ് ശാശ്വതമായ ശാന്തിയെ നമ്മിലെത്തിക്കുന്നത്. മറിച്ച് പാശ്ചാത്യ ചിന്തയില്‍ പ്രകൃതിയും മനുഷ്യനും രണ്ടാണ്, പ്രകൃതിയെ ചൂഷണം ചെയ്യുന്നവനായി മനുഷ്യന്‍ മാറി. ചൂഷണമല്ല, ‘ദോഹന’മാണ് ഭാരതത്തിന്റെ ജീവിതരീതി. ‘യജ്ഞ’ സംസ്‌കാരം എന്നാണ് ശ്രീമദ് ഭഗവദ്ഗീത ഇതിനെ വിശേഷിപ്പിക്കുന്നത്. ‘അപരിഗ്രഹതത്ത്വശാസ്ത്ര’മായൂം ‘സര്‍വ്വസംഗ പരിത്യാഗ’മായും ഇത് സന്ന്യാസപാരമ്പര്യത്തിലൂടെ ലോകോത്തരമായി, ഇതാണ് ”ആര്‍ഷപാരമ്പര്യം.”

ഈ പ്രപഞ്ചത്തിലെ ഏകമാത്രമായ ശക്തിയെ തിരിച്ചറിയുകയാണ് യഥാര്‍ത്ഥ ജ്ഞാനം. ”പ്രജ്ഞാനം ബ്രഹ്മ:” എന്നും ”സര്‍വ്വം ഖല്വിദം ബ്രഹ്മ:” എന്നും പറയുമ്പോള്‍ത്തന്നെ ”അഹം ബ്രഹ്മാസ്മി” എന്നും ”അയമാത്മ ബ്രഹ്മഃ” എന്നും ”തത്ത്വമസി” എന്നും ഉപനിഷത്തുകള്‍ ഘോഷിക്കുന്നു.

ഇവിടെ ഞാന്‍ – നീ എന്നിങ്ങനെയുള്ള ഭേദബുദ്ധിക്കുപോലും സ്ഥാനമില്ല. പിന്നെ എങ്ങനെയാണ് ”എന്റെ മതം, അഥവാ എന്റെ ദൈവം മാത്രം ശരി” എന്ന് ചിന്തിക്കുക? അതാണ് പാശ്ചാത്യമതങ്ങളും ഭാരതീയ ദര്‍ശനവും തമ്മിലെ വ്യത്യാസം. എല്ലാ ജീവികളും ഒരേ ബ്രഹ്മചൈതന്യത്തിന്റെ ഭാഗമാണ്, ഈ തനിമയറിഞ്ഞ് വേണം ജീവിക്കാനെന്നര്‍ത്ഥം. ഈ പാരസ്പര്യ സംസ്‌കൃതിയാണ് ശ്രീമദ് ഭഗവദ്ഗീതയിലും മറ്റും നാം കാണുന്നത്. വളരെ ശ്രദ്ധേയമായ ഒരുസുഭാഷിതം നാമോര്‍ക്കുന്നുണ്ടാവും:

”ത്യജേദേകം കുലസ്യാര്‍ത്ഥേ
ഗ്രാമസ്യാര്‍ത്ഥേ ത്യജേ കുലം
ഗ്രാമം ജനപദസ്യാര്‍ത്ഥേ
ആത്മാര്‍ത്ഥേ പൃഥ്‌വിം ത്യജേ” –

ഈ ഭൂമിയിലെ സകല ചരാചരങ്ങളുടെ നിലനില്‍പ്പിനും വേണ്ടി സ്വയം ത്യജിക്കാന്‍ തയ്യാറാവണമെന്ന് ചുരുക്കം. അവനവന്റെ സ്വാര്‍ത്ഥതയില്‍ നിന്നല്ല, സ്വാര്‍ത്ഥ ചിന്തയുടെ ചിതയില്‍ നിന്നാണ് ലോകശാന്തി എന്നര്‍ത്ഥം.

”ലോകാ: സമസ്താ: സുഖിനോ ഭവന്തു:”
എന്ന് പറയാം. ‘യജ്ഞസംസ്‌കാരം’ എന്നാണ് ഇതിന് ഉപനിഷത് മതം.
(തുടരും)