ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

Showing posts with label ഭക്തി. Show all posts
Showing posts with label ഭക്തി. Show all posts

17 July 2023

ഉറച്ചവിശ്വാസം

ഉറച്ചവിശ്വാസം 

ഈശ്വരനുണ്ടെന്നും എല്ലാറ്റിന്റെയും നിയാമകനും രക്ഷിതാവുമാണ്‌ ഈശ്വരനെന്നു ഉള്ള ഉറപ്പായ വിശ്വാസമാണ്‌ ഈശ്വരവിശ്വാസം. തന്റെ ഓരോ പ്രവൃത്തിയിലും, ജീവിതത്തിലെ ഓരോ നിമിഷത്തിലും ഈശ്വരന്‍ രക്ഷിതാവായി കൂടെയുണ്ടാവും എന്ന പൂര്‍ണ്ണവിശ്വാസം ഒരു വ്യക്തിക്കുണ്ടായാല്‍ എല്ലാ ഭയങ്ങളില്‍ നിന്നും എല്ലാ ദുരിതങ്ങളില്‍ നിന്നുമുള്ള മോചനമായി, നാം ചെയ്യുന്ന ഏത്‌ പ്രവൃത്തിയുടേയും വിജയം അതില്‍ അര്‍പ്പിക്കപ്പെടുന്ന വിശ്വാസത്തെ അപേക്ഷിച്ചിരിക്കുന്നു. ദേവന്‍, ഗുരു, മന്ത്രം, ഔഷധം എന്നിവയുടെ ശക്തി അതിലുള്ള വിശ്വാസത്തിന്റെ തോതനുസരിച്ചിരിക്കും. അവയില്‍ വിശ്വാസം കൂടുന്തോറും അവയുടെ ശക്തിയും വര്‍ദ്ധിക്കുന്നു. ഒരു ഔഷധം ഒരു രോഗത്തിന്‌ എത്രമാത്രം ഫലപ്രദമാണെങ്കിലും വിശ്വാസമില്ലാതെ അതുപയോഗിക്കുന്നത്‌ പൂര്‍ണ്ണഫലം നല്‍കില്ല എന്നത്‌ പരക്കെ അനുഭവമുള്ള കാര്യമാണ്‌. 

ഗുരുവില്‍ പൂര്‍ണ്ണവിശ്വാസമില്ലെങ്കില്‍ ശിഷ്യന്‌ ഉയര്‍ച്ച ഉണ്ടാവുകയില്ല. അതുപോലെയാണ്‌ മന്ത്രത്തിന്റെയും കാര്യം. പൂര്‍ണവിശ്വാസത്തോടെയുള്ള മന്ത്രജപം മാത്രമേ ഫലപ്രദമാകൂ. സംശയത്തോടുകൂടിയുള്ള ഏത്‌ കര്‍മ്മവും പരാജയപ്പെടും. ഈശ്വരഭജനവും വിഭിന്നമല്ല. അനുഭവമൊന്നുമില്ലാതെ എങ്ങനെ വിശ്വസിക്കും എന്നാണ്‌ സംശയാലുക്കളും യുക്തിചിന്തകരും ചോദിക്കുന്നത്‌. അനുഭവമൊന്നുമില്ലാതെയുള്ള വിശ്വാസം അന്ധവിശ്വാസമാണെന്ന്‌ അവര്‍ പറയും. എന്നാല്‍ വിശ്വാസമുണ്ടാകുമ്പോഴാണ്‌ അനുഭവമുണ്ടാകുന്നത്‌. 

പൂര്‍ണ്ണ വിശ്വാസത്തോടെ ഈശ്വരഭജനം നടത്തുമ്പോള്‍ മാത്രമേ നമുക്ക്‌ ഫലപ്രാപ്തിയുണ്ടാകൂ. നമ്മിലേറെപ്പേരും ഈശ്വരന്‍ എന്ന ലക്ഷ്യത്തിലേക്ക്‌ ഏതെങ്കിലും വഴിയെ യാത്ര തുടങ്ങുന്നു. സാധാരണയായി ഈ ഈശ്വരനെ വിളിക്കുന്നത്‌ ലൗകികാവശ്യങ്ങള്‍ക്കുവേണ്ടിയായിരിക്കും. അതുതന്നെ ഉദാഹരണമായി എടുക്കുക. ഏതെങ്കിലും ഒരു പ്രത്യേക കാര്യസാദ്ധ്യത്തിന്‌ നാം ഈശ്വരനെ ഭജിക്കുന്നു. അനുബന്ധമായ അനുഷ്ഠാനങ്ങള്‍ നിര്‍വ്വഹിക്കുന്നു. അങ്ങനെ ആ വഴിയില്‍ കൂടി കുറച്ചുമുന്നോട്ടുപോകുന്നു. പ്രശ്നപരിഹാരത്തിന്റെ ഒരു ലക്ഷണവും കാണാതെ വരുമ്പോള്‍ നമുക്ക്‌, ചെയ്ത കര്‍മ്മത്തില്‍ സംശയം തോന്നിത്തുടങ്ങുന്നു. തുടര്‍ന്ന്‌ വേറൊരു കര്‍മ്മം, അല്ലെങ്കില്‍ വേറൊരു അനുഷ്ഠാനം, അല്ലെങ്കില്‍ വേറൊരു ക്ഷേത്രദര്‍ശനം – അങ്ങനെ പല വഴികളില്‍ക്കൂടി അല്‍പാല്‍പം സഞ്ചരിക്കുന്നു. ഒരുവഴിയിലും പൂര്‍ണ്ണവിശ്വാസമില്ലാത്തതിനാലാണിത്‌. അതേ സമയം വിശ്വാസപൂര്‍വ്വം തിരഞ്ഞെടുത്ത വഴിയെ മുന്നോട്ടുപോയാല്‍ തീര്‍ച്ചയായും ഫലമുണ്ടാവുകയും ചെയ്യും. 

ഏത്‌ പ്രതിസന്ധിയിലും തളരാതെ ഈശ്വരന്‍ തന്നെ കാത്തുരക്ഷിക്കുമെന്ന്‌ പൂര്‍ണ്ണമായി വിശ്വസിക്കുക. ഗുരുവും പിതാവും ബന്ധുവും സുഹൃത്തും രക്ഷിതാവുമൊക്കെയായി ഈശ്വരനെ കാണുക. എപ്പോഴും ഈശ്വരനെ സ്മരിക്കുക. ഇതുതന്നെ ഏറ്റവും പ്രാഥമികമായും പ്രധാനമായും വേണ്ടകാര്യം. അനുഷ്ഠാനങ്ങളും കര്‍മ്മങ്ങളുമൊക്കെ രണ്ടാം സ്ഥാനമേ വഹിക്കുന്നുള്ളൂ എന്നറിയുക. നാം എപ്പോഴും പ്രാര്‍ത്ഥന നടത്തുന്നത്‌ പല ആഗ്രഹങ്ങളും സാധിക്കുവാനാണ്‌. സാധാരണ ഒരു ഭക്തന്‍ ക്ഷേത്രദര്‍ശനം നടത്തുന്നതും വ്രതം അനുഷ്ഠിക്കുന്നതും മറ്റ്‌ കര്‍മ്മങ്ങള്‍ ചെയ്യുന്നതും ഓരോ കാര്യസാദ്ധ്യത്തിനുവേണ്ടിയായിരിക്കും. അതിനുവേണ്ടി പ്രാര്‍ത്ഥിക്കുമ്പോള്‍ ഭക്തിയേക്കാളുപരി ആ കാര്യസാദ്ധ്യത്തെക്കുറിച്ചുള്ള ചിന്തകളാവും മനസ്സില്‍ മുന്നിട്ട്‌ നില്‍ക്കുക. അവിടെ ആഗ്രഹചിന്ത ഒന്നാം സ്ഥാനത്തും ഭക്തി രണ്ടാം സ്ഥാനത്തും ആയിപ്പോകുന്നു. എന്നാല്‍ എല്ലാം അറിയുന്ന ഈശ്വരനോട്‌ തനിക്കിത്‌ സാധിച്ചുതരണം, അത്‌ സാധിച്ചുതരണം എന്നുപറഞ്ഞുകൊണ്ട്‌ പ്രാര്‍ത്ഥിക്കേണ്ടകാര്യമില്ല. ഭക്തി, ഉപാധികളില്ലാത്ത ഭക്തി, പൂര്‍ണ്ണവിശ്വാസത്തോടെയുള്ള ഭക്തി – അതാണ്‌ നമ്മില്‍ മുന്നിട്ടുനില്‍ക്കുന്നത്‌. അങ്ങനെയായാല്‍ ആഗ്രഹസാഫല്യം നിശ്ചയമായും പിന്നാലെ എത്തിക്കൊള്ളും.

13 January 2023

ഉത്തമ ഭക്തൻ

ഉത്തമ ഭക്തൻ

ഏതു അമ്പലത്തിൽ പോയാലും കാണാം താൻ ഉത്തമ ഭക്തനാണെന്നു കാണിക്കാനുള്ള ചിലരുടെ ശ്രമം .അവരിൽ ചിലർ പറയും "ദിവസവും വരും ,ഭഗവാനെ കാണാതെ ഒരു തുള്ളി വെള്ളം പോലും കുടിക്കില്ല." മാത്രമല്ല അവിടെ യാ ദൃശ്ചികമായി കണ്ടുമുട്ടുന്ന സുഹൃത്തുക്കളോടൊ ബന്ധുക്കളോടോ വീട്ടുകാര്യങ്ങൾ സംസാരിച്ചു നില്ക്കാനാണ് അവർ കൂടുതൻ സമയവും ചിലവഴിക്കുക . ഭഗവാനെ പറ്റി ചിന്തിക്കാൻ അവർക്ക് നേരം ഇല്ല. തന്നെ പറ്റി സ്വയം പുകഴ്ത്തി പറയാനാണ് അവർ എപ്പോഴും ശ്രമിക്കുക.

വലിയനാരായണ ഭക്തനായ നാരദമഹർഷി പോലും താൻ വലിയ ഭക്തനാണെന്ന് ചിന്തിച്ച ഒരു കഥ ഉണ്ട്.
  
ഒരിക്കൽ, താനാണ് ലോകത്തിലെ ഏറ്റവും വലിയഭക്തന്‍ എന്ന ഭാവത്തില്‍ നില്‍ക്കുന്ന നാരദരെ കണ്ട ഭഗവാൻ നാരദരോട് പറഞ്ഞു "നാരദരെ, ഭൂമിയില്‍ എന്റെ ഏറ്റവും വലിയ ഒരു ഭക്തന്‍ ഉണ്ട്. അദ്ദേഹത്തെ പരിചയപ്പെട്ടു വരൂ". നാരദര്‍ ഇത് കേട്ടു വല്ലാതെ അത്ഭുതപ്പെട്ടു. "തന്നെക്കാള്‍ വലിയ ഭക്തനോ ?" ഭഗവാനോട് ഒന്നും പറയാതെ നാരദര്‍ ഭൂമിയിലെത്തി.

ഭഗവാന്‍ പറഞ്ഞ ഭക്തനെകണ്ടെത്തി. ഒരു സാധാരണ കര്‍ഷകന്‍. കലപ്പയുമായി വീട്ടില്‍ നിന്ന് ഇറങ്ങിയപ്പോള്‍ അയാള്‍ 'ഹരി 'എന്നു പറഞ്ഞു . വയലില്‍ കന്നുപൂട്ടിയപ്പോള്‍ കര്‍ഷകന്‍ വീണ്ടും 'ഹരി 'എന്ന് പറഞ്ഞു . ജോലി എല്ലാം കഴിഞ്ഞുരാത്രി ഉറങ്ങാന്‍ കിടക്കുമ്പോള്‍ അയാള്‍ വീണ്ടും 'ഹരി' എന്ന് പറഞ്ഞു. ഇരുപത്തിനാല് മണിക്കൂറിനുള്ളില്‍ മൂന്ന് തവണ മാത്രം ഭഗവാനെവിളിക്കുന്ന ഇയാളാണോ ഇത്ര വലിയ ഭക്തന്‍. താനാനെങ്കില്‍ സാദാ സമയവും ഹരിനാമകീര്‍ത്തനം ചൊല്ലിനടക്കുന്നു...

നാരദര്‍ തിരിച്ചു ചെന്ന് മഹാവിഷ്ണുവിനോട്‌ ചോദിച്ചു.. "മൂന്നു പ്രാവശ്യം ഹരിനാമം സ്മരിക്കുന്നവനാണോ ഏറ്റവും വലിയഭക്തന്‍...?" ഭഗവാന്‍ മറുപടി പറഞ്ഞില്ല. പകരം ഒരു ചെറിയ ഭരണിയില്‍ നിറഞ്ഞു തുളുമ്പും വിധംഎണ്ണ നല്‍കിയിട്ട് വൈകുണ്ഠത്തിനു ചുറ്റും ഒരു പ്രദക്ഷിണം വയ്ക്കാന്‍ ആവശ്യപ്പെട്ടു. എണ്ണ ഒരു തുള്ളി പോലും തുളുമ്പി പോകരുതെന്നും നിർദ്ദേശിച്ചു. നാരദര്‍ അത് അനുസരിച്ചു .

ഒരു വട്ടം പ്രദക്ഷിണം ചെയ്തു വന്ന നാരദരോട് ഭഗവാന്‍ ചോദിച്ചു : " നാരദരെ , പ്രദക്ഷിണം ചെയ്യുമ്പോള്‍ അങ്ങ് എത്ര പ്രാവശ്യം നാമംജപിച്ചു ? "എങ്ങനെ ജപിക്കാനാ ഭഗവാനെ ? എന്റെ ശ്രദ്ധ മുഴുവന്‍ എണ്ണ ഭരണിയില്‍ ആയിരുന്നു . നാരദരെ, സാദാ നാമജപത്തില്‍ മുഴുകി ഇരിക്കുന്ന താങ്കളുടെ ശ്രദ്ധയെ അതില്‍ നിന്നും മാറ്റുവാന്‍ ഈ എണ്ണ ഭരണിക്ക് കഴിഞ്ഞു. ഒരു പ്രാവശ്യം പോലും അങ്ങ് എന്നെ സ്മരിച്ചില്ല .

അപ്പോള്‍ ജീവിതത്തിലെ കഷ്ട്ടപ്പാടുകള്‍ക്കിടയിലും ആ പാവം കര്‍ഷകന്‍ മൂന്ന് പ്രാവശ്യം എന്നെ എന്നും മുടങ്ങാതെ സ്മരിക്കാന്‍ മറക്കുന്നില്ല. അത്തരക്കാരാണ് ശരിയായ ഭക്തർ. നാം ഒന്ന് മനസ്സിലാകുക ഏതു സാഹചര്യത്തിലും ചിട്ടയോടെ ഈശ്വരസ്മരണ ചെയ്യാന്‍ കഴിയുന്ന ആളാണ് യഥാര്‍ത്ഥ ഭക്തന്‍. താൻ വലിയ ഭക്തനാണെന്ന് പറഞ്ഞു നടക്കുന്നതിലല്ല കാര്യം. മറ്റു ഭക്തർക്ക്‌ ഒരു തരത്തിലും ബുദ്ധിമുട്ടുകൾ സൃഷ്ടിക്കാതെ, ആരെയും താഴ്ത്തി കെട്ടാതെ. മനസ്സിൽ ഈശ്വര നാമങ്ങൾ ജപിച്ചു, മാത്രം ജീവിക്കുക .

ഈശ്വരഭക്തി തിരിച്ചറിയാന്‍ ഈ കഥ ഉപകരിക്കട്ടെ..

29 November 2022

മാനസപൂജ

മാനസപൂജ

പ്രതിദിനം മുടങ്ങാതെ ചെയ്യേണ്ട സാധനയാണ് അർച്ചന. ഇതോടൊപ്പം ചെയ്യേണ്ട ഒരു സാധനയാണ്, മാനസപൂജ. ആചാര്യന്മാർ മാനസപൂജയ്ക്ക് വലിയ മഹത്വമാണ് കല്പിച്ചിരിക്കുന്നത്.

 വിഭിന്ന ദേവതകൾക്കുള്ള മാനസപൂജകൾ സ്ത്രോത്ര രൂപത്തിൽ ധാരാളമായി രചിയ്ക്കപ്പെട്ടിട്ടുണ്ട്. മാനസപൂജ വിധിയാംവണ്ണമുള്ള ഏതെങ്കിലും 'ആസനത്തിലിരുന്നു കൊണ്ടു ചെയ്യുക എന്നതാണ് സാധാരണ രീതി (എപ്പോൾ എവിടെ വച്ചു വേണമെങ്കിലും മാനസപൂജ ചെയ്യാമെന്നത് ശ്രദ്ധേയമാണ്)

 അർച്ചനയ്ക്കായി ഒരുക്കിയ ആസനത്തിലിരുന്നു കണ്ണുകളടച്ച് ആദ്യം നമ്മുടെ ഉള്ളിൽ തന്നെ ഇഷ്ടമൂർത്തിയെ ദർശിക്കണം. സാധകൻ തന്റെ ഭാവനാ ശക്തിയെ വേണ്ട വിധം ഉപയോഗിയ്ക്കണം. കണ്ണടച്ച് തന്റെ മനക്കണ്ണുകൾ കൊണ്ട് ഹൃദയസ്ഥാനത്തോ അഥവാ മുൻപിലോ ഒരു സ്വർണ്ണ സിംഹാസനം. ഭാവന ചെയ്ത് ഇഷ്ടമൂർത്തി അതിൽ ഇരിയ്ക്കുന്നതായി ഭാവന ചെയ്യാം.

 തുടർന്ന് ശുദ്ധജലം, പാൽ, തൈര്, നെയ്യ്, തേൻ, പനിനീർ തുടങ്ങിയവകൊണ്ട് ഉപാസനാമൂർത്തിയെ അഭിഷേകം ചെയ്യുന്നതായി മനസ്സുകൊണ്ടു കാണണം.
 മനോഹരമായ പട്ടുവസ്ത്രങ്ങൾ, തങ്കക്കിരീടം, സ്വർണ്ണാഭരണങ്ങൾ, തുടങ്ങിയവ ദേവതയെ അണിയിയ്ക്കുന്നതായി ഭാവന ചെയ്യണം. 
അവിടുത്തെ തിരുനെറ്റിയിൽ തിലകം, കഴുത്തിൽ പുഷ്പമാല തുടങ്ങിയവ ചാർത്തുന്നതായി ഭാവന ചെയ്യണം.

 ദേവതയ്ക്കു പുഷ്പാർച്ചന, നൈവേദ്യം, ആരതി, പ്രദക്ഷിണം, നമസ്കാരം തുടങ്ങിയവയെല്ലാം മാനസികമായി തന്നെ ചെയ്യണം ഇങ്ങനെ തന്റെ ഭാവന കൊണ്ട് ആരാധനകളർപ്പിച്ചു ചെയ്യുന്ന മാനസപൂജ സാധകന്റെ ഏകാഗ്രതയ്ക്കും ചിത്തശുദ്ധിയ്ക്കും തദ്വാര ആദ്ധ്യാത്മിക വളർച്ചയ്ക്കും അത്യന്തം ഉപകരിയ്ക്കുന്നു
 "പൂജാരിയെ കൊണ്ടും മന്ത്രവാദിയെ കൊണ്ടു മൊക്കെ അനേക വർഷം പൂജച്ചെയ്യിപ്പിച്ചാൽ പോലും കിട്ടാത്ത ശക്തിയാണ് ഏകാഗ്രമായ മാനസപൂജ കൊണ്ടു കിട്ടുന്നത്...

7 July 2022

പാർവതി ദേവിയുടെ രാധാകൃഷ്ണ ഭക്തി

പാർവതി ദേവിയുടെ രാധാകൃഷ്ണ ഭക്തി

പണ്ട് പരശുരാമന്‍ വളരെക്കാലം കഠിനമായ തപസ്സു ചെയ്തിട്ടും തപസ്സിദ്ധി വരാത്തതിനാല്‍ അഗസ്ത്യ മഹര്‍ഷിയെ ശരണം പ്രാപിച്ചു. ഏതു വിധത്തിലുള്ള ജന്മജന്മാന്തര കര്‍മ്മങ്ങളെയും നശിപ്പിച്ച് പരിശുദ്ധമാകുവാന്‍, ശ്രീ അഗസ്ത്യ മഹര്‍ഷിയാല്‍ ഉപദേശിക്കപ്പെട്ട ശ്രീ രാധാകൃഷ്ണ മന്ത്രത്താല്‍ രാധാകൃഷ്ണന്മാരേ പ്രത്യക്ഷപ്പെടുത്തി . പരശുരാമനില്‍ സംപ്രീതരായ രാധാകൃഷ്ണന്മാര്‍ ഇഷ്ടമുള്ള വരം ചോദിക്കുവാന്‍ ആവശ്യപ്പെട്ടു. എപ്പോഴും തനിക്ക് ഈ രാധാകൃഷ്ണ ഭക്തി ഉണ്ടാകാന്‍ അനുഗ്രഹിക്കണം എന്നു പ്രാര്‍ത്ഥിച്ചു നമസ്കരിച്ചു.ഇപ്പോള്‍ സ്മരിച്ചാലും ഉടന്‍തന്നെ വരാം എന്നനുഗ്രഹിച്ചു രാധാകൃഷ്ണന്മാര്‍ ഗോലോകതിലേക്ക് തിരിച്ചു പോയി.ഒരിക്കല്‍ ശ്രീ മഹാദേവനില്‍ നിന്നും ഗോലോകത്തെയും, ശ്രീ രാധാകൃഷ്ണന്മാരേയും കുറിച്ച് അറിഞ്ഞ ശ്രീ പാര്‍വതിക്ക് രാധാകൃഷ്ണന്മാരുടെ മനോഹര രൂപം കാണുവാന്‍ അതിയായ ആഗ്രഹം തോന്നി. അതറിഞ്ഞ മഹേശ്വരന്‍ ഒന്നും പറയാതെ പുഞ്ചിരിക്കുക മാത്രമാണ് ചെയ്തത്. ശ്രീ പാര്‍വ്വതിയാകട്ടെ രാധാകൃഷ്ണ സ്മരണയില്‍ മുഴുകി കഴിഞ്ഞു.

ഒരുദിവസം പരശുരാമന്‍ തന്‍റെ ഗുരുവായ ശ്രീ പരമേശ്വരനെ ദര്‍ശിക്കാന്‍ കൈലാസത്തില്‍ എത്തി .എന്നാല്‍ അച്ഛന്‍ വിശ്രമിക്കുകയാണെന്ന് പറഞ്ഞു വിനായകനും,മുരുകനും അദ്ദേഹത്തെ തടഞ്ഞു. അവര്‍ തമ്മില്‍ വക്കുതര്‍ക്കമായി. ഗണപതി തന്‍റെ തുമ്പിക്കരം കൊണ്ടു മഹര്‍ഷിയെ എടുത്തു വട്ടം ചുഴറ്റി. കോപിഷ്ടനായ പരശുരാമന്‍ ശിവനാല്‍ നല്‍കപ്പെട്ട പരശു എന്ന ആയുധം ഗണപതിയുടെ നേരെ പ്രയോഗിച്ചു. മഴുവിനാല്‍ ഗണപതിയുടെ ഇടതു കവിളും കൊമ്പിന്‍റെ പകുതിയും മുറിഞ്ഞുപോയി. ചോരപുരണ്ട കൊമ്പ് നിലത്തു വീണാല്‍ ബ്രഹ്മാണ്ഡം തന്നെ നശിക്കും എന്നറിയാവുന്ന പരശുരാമന്‍, ആ കൊമ്പിന്‍ കഷ്ണം നിലത്തു വിഴുന്നതിനു മുന്‍പ്തന്‍റെ കയ്യില്‍ പിടിച്ചു.ഈ ബഹളങ്ങളെല്ലാം കേട്ടു പര്‍വതിപരമേശ്വരന്മാര്‍ അവിടേക്ക് വന്നു.ശിവന്‍റെ ശിഷ്യ വാത്സല്യമറിയാവുന്ന ശിവ പാര്‍ഷദന്‍മാര്‍ പ്രതികരിച്ചില്ല. ദേവിയാകട്ടെ മകന്‍റെ ദുരവസ്ഥയില്‍ മനം നൊന്തു പറഞ്ഞു

“കിട്ടിലയോ ദക്ഷിണ വേണ്ടുവോളം
വിശിഷ്ടനാം ശിഷ്യനില്‍ നിന്നിദാനിം
ദിവ്യായുധം വല്ലതുമുണ്ടു ബാക്കി-
യെന്നാലതും നല്‍കിയനുഗ്രഹിക്കൂ
മകന്‍ പരിക്കേറ്റ് മരിക്കിലെന്ത്
മഹാരഥന്‍ ശിഷ്യനടുക്കലില്ലേ
രാമന്‍ ജഗല്‍ സത്തമാണ്പോലും
വിദ്യാര്‍പ്പണം പാത്രമറിഞ്ഞു വേണം”

എന്നിങ്ങനെ പലതും പറഞ്ഞു വെങ്കിലും ശ്രീ പരമേശ്വരന്‍ ഒന്നും മിണ്ടാതെ നിന്നതേയുള്ളൂ. പരശുരാമനാകട്ടെ മുറിഞ്ഞ കൊമ്പും കയ്യിലടക്കി നിലത്തു കിടക്കുകയാണ്. എന്തു നടക്കുമെന്ന് ആധിയോടെ എല്ലാവരും നില്‍ക്കുമ്പോള്‍ പരശുരാമന്‍ രാധാകൃഷ്ണന്മാരേ സ്മരിച്ചു. ആ നിമിഷം തന്നെ എല്ലാവരുടെയും ഹൃദയത്തെ പരമാനന്ദത്തിലാഴ്ത്തിക്കൊണ്ട് മനോഹരമായ വേണുഗാനം കൈലാസ ശൈലോപരിയില്‍ നിന്നും ഒഴുകി വന്നു. ചുരുക്കംചില ഋഷിശ്വരന്‍മാര്‍ക്ക് മാത്രം കേള്‍ക്കാന്‍ ഭാഗ്യമുണ്ടായ ആ നാദമാധുരിയില്‍ സര്‍വ്വ ചരാചരങ്ങളും അലിഞ്ഞു നിന്നു.പുത്ര ദു:ഖത്താല്‍ കലങ്ങിയ മനസ്സുമായി നിന്ന പാര്‍വതി ദേവി എല്ലാം മറന്നു പരമാനന്ദത്താല്‍ രോമാഞ്ചമണിഞ്ഞു. എല്ലാം മറന്നു ആനന്ദസമാധിയില്‍ ലയിച്ചു.കൈലാസ വാസികള്‍ക്ക് കര്‍ണ്ണാമൃതമായികേട്ട ആ മുരളിനാദത്തിനു പിന്നാലെ കണ്ണുകള്‍ക്ക് ഉത്സവമായി ആകാശമണ്ഡലത്തില്‍ കാണപ്പെട്ട ഒരു തേജസ്സ് അവരുടെ മുന്നിലേക്ക് മന്ദം മന്ദം ഒഴുകി വന്നു.കണ്ടാലും കണ്ടാലും മതിവരാത്ത ആ പ്രഭാപൂരത്തില്‍ പരസ്പരപ്രേമത്തിന്‍റെമികവുറ്റ രൂപമായ ഒരത്ഭുതാംഗനും, അത്ഭുതാംഗിയും ആയിരുന്നു. കാര്‍മേഘ കന്തിയുള്ള ശരിരമുള്ളവനും, ഒടക്കുഴലോട്കൂടി തിളങ്ങുന്ന പാണികള്‍ ഉള്ളവനും, മനോഹരായ നീല കുന്തളത്തില്‍ മയില്‍പ്പിലി ചൂടിയവനും, ആരെയും മയക്കുന്ന മന്ദഹാസം പോഴിക്കുന്നവനുമായ അത്ഭുതാത്മാവ്. കൂടെ ചമ്പക പൂ തോല്‍ക്കുന നിറത്തോട് കൂടിയവളും, ഇളം വെയിലില്‍ വിടര്‍ന്ന താമര പോലുള്ള പൂമുഖത്തോട് കൂടിയവളും, .പവിഴ കാന്തിയുള്ള ഉടയാട ധരിച്ചവളും ഒരുകയ്യില്‍ താമരപ്പൂവും, മറു കയ്യില്‍ വല്‍ക്കണ്ണാടിയും ധരിച്ച അത്ഭുതാംഗി. എല്ലാവരും വിസ്മയിച്ചു നില്‍ക്കെ സുസ്മേരവദനനായി മഹാദേവന്‍ പറഞ്ഞു.

“മുരന്തക, ശ്രീധര,ദേവി രാധികേ, വരാം വരാം സ്വാഗതം!”

ഇതു കേട്ട എല്ലവര്‍ക്കും തങ്ങളുടെ മുന്‍പില്‍ സാക്ഷാല്‍ രാധാകൃഷ്ണന്മാരാണെന്നു മനസ്സിലായി വീണുവീണു നമിച്ചു.
രധാദേവി തന്‍റെ ഇടതു കയ്യാല്‍ ഗണപതിയുടെ കവിളില്‍ തലോടിയപ്പോള്‍ മുറിവെല്ലാം ഇല്ലാതായി. (ദേവിയുടെ ഇടതുകയ്യില്‍ അമൃതുണ്ട്.) പിന്നിട് പരശുരാമനെ എഴുന്നേല്‍പ്പിച്ചു ഗണപതിയുമായി പിണക്കം മതിയാക്കി പരസ്പരം കൈകൊടുക്കാന്‍ ആവശ്യപ്പെട്ടു.

കൈകൊടുക്കുന്നതിനിടയില്‍ തന്‍റെ കയ്യിലിരുന്ന കൊമ്പ് പരശുരാമന്‍ ഗണപതിയെ ഏല്‍പ്പിച്ചു. ലോകനന്മക്കായിട്ടാണ് ഇതെല്ലം സംഭവിച്ചത്. മാത്രമല്ല പാര്‍വതി ദേവിയുടെ ആഗ്രഹം സാധിക്കുവാന്‍ വേണ്ടി കൂടിയാണ് ഇതെല്ലാം സംഭവിച്ചത്, ഈ കൊമ്പ് പിന്നിട് പ്രയോജനമായിത്തീരും എന്നനുഗ്രഹിച്ചു രാധാകൃഷ്ണന്മാര്‍ ഗോലോകത്തെക്ക് യാത്രയായി. പിന്നിട് ഭാഗവതമെഴുതുന്ന വേളയില്‍ എഴുത്താണി ഒടിഞ്ഞപ്പോള്‍ ഈ കൊമ്പുകൊണ്ടാണത്രേ മുഴുവന്‍ എഴുതി തീര്‍ത്തത്.


ഭക്തി വളരെ ശ്രേഷ്ടമാണ്

ഭക്തി വളരെ ശ്രേഷ്ടമാണ്

ഭഗവാൻ തന്നെയാണ് ഗതി. ആത്മാവ് ഭഗവാന്റെ സ്വന്തമാണ്, നമ്മുടേതല്ല. എപ്പോൾ ആത്മാവ് തന്നെ ഭഗവാന്റെയാകുമ്പോൾ, ഈ ശരീരം, ഇന്ദ്രിയങ്ങൾ, മനസ്സ്, ആ ശരീരത്തെ ആധാരമാക്കിയുള്ള ജീവിതം എല്ലാം തന്നെ ഭഗവാന്റെ ചുമതലയാണ്. അത് കൊണ്ടു നിശ്ചിന്തയോടെ, നിർഭയത്തോടെ ജീവിതം നയിക്കണം. എന്നും ഉണരുമ്പോൾ ഹൃദയം പുഷ്പിക്കണം. അതിനു എന്നും ഭഗവത് ധ്യാനം ചെയ്യണം. യാതൊരു ബുദ്ധിമുട്ടും ഇല്ലാത്ത ഒരു വിഷയമാണ് ഭഗവത് ധ്യാനം. ഏറ്റവും സുഖകരമായ ഒന്നാണ് അത്. മനസ്സ് ഇപ്പോഴും ഭഗവാനെ തന്നെ ഓർക്കണം. എന്നാൽ ആനന്ദം അനുഭവിക്കാം. ഭക്തി വളരെ ശ്രേഷ്ടമാണ്.

ഭഗവത് ഭക്തിക്കു ജാതിയോ, കുലമോ, ഗോത്രമോ ഒന്നും ഭേദമില്ല. പ്രാരബ്ധം അനുസരിച്ച് ഒരു ശരീരം ലഭിക്കുന്നു. അത് നല്ലത് പോലെ ഉപയോഗിച്ചാൽ ഭാഗ്യം തന്നെയാണ്. എല്ലാർക്കും ഭകതിക്ക് അർഹത ഉണ്ട്. അതിന്റെ ഫലത്തെ കുറിച്ച് നാം ചിന്തിക്കേണ്ട കാര്യമില്ല.   

എല്ലാ പ്രായത്തിലും കാലത്തിലും ഭഗവാനെ അനുഭവിക്കാം. ഭഗവാൻ നമുക്ക് നല്ലത് തന്നെ ചെയ്യുന്നു എന്നു ദൃഡമായി വിശ്വസിക്കണം. ആ വിശ്വാസം ഒട്ടും മാറാൻ പാടില്ല. അങ്ങനെ മാറുമ്പോൾ ഭഗവാന്റെ അനുഗ്രഹത്തെ നാം അറിയുന്നില്ല. ഭഗവാൻ ഇപ്പോഴും നമുക്ക് അനുഗ്രഹം ചൊരിഞ്ഞു കൊണ്ടിരിക്കുന്നു. പക്ഷെ നാം വല്ലപ്പോഴും മാത്രം അതു കൈ നീട്ടി സ്വീകരിക്കുന്നു. ഓരോരുത്തരും അവരവരുടെ ഗൃഹത്തിൽ ഇരുന്നുകൊണ്ട് നാമജപം ചെയ്യേണ്ടതാണ്. നാമം ജപിക്കുന്ന സമയത്ത് നമ്മുടെ മറ്റു ചിന്തകൾ നമ്മിൽ നിന്നും അകന്നു നിൽക്കും.

ഭഗവാനെ മുറുകെ പിടിക്കണം. ഒരു ക്ഷണം പോലും ഭഗവാനെ മറക്കരുത്. മറക്കേണ്ട ആവശ്യവും ഇല്ല. സദാ സർവദാ കൃഷ്ണ സ്മരണം ചെയ്യണം. 'എന്നെ മാത്രം ചിന്തിച്ചു കൊണ്ടു, മറ്റു ചിന്തകളെ വെടിഞ്ഞു ആരാണോ എന്നെ ആരാധിക്കുന്നത്, അവരുടെ യോഗവും ക്ഷേമവും ഞാൻ വഹിക്കുന്നു' എന്നു ഭഗവാൻ ഗീതയിൽ പറയുന്നു. യോഗം എന്നാൽ കിട്ടാൻ പ്രയാസമായത് കിട്ടുന്നത്. ക്ഷേമം എന്നാൽ അതിനെ സംരക്ഷിക്കുന്നത് യാതൊരു ചിന്തയും ഇല്ലാതെ ഭഗവാനെ മാത്രം ചിന്തിച്ചിരുന്ന നമ്മെ ഭഗവാൻ ഒരിക്കലും കൈവെടിയുകയില്ല.

ഭക്തിയെന്നാൽ ശക്തിയാണ്, ധൈര്യമാണ്, ജീവിക്കാനുള്ള പ്രചോദനമാണ് എന്തെല്ലാം തടസങ്ങളുണ്ടായാലും, അനേക ജന്മങ്ങൾക്കുശേഷം പണിപ്പെട്ട് ലഭിച്ച മർത്ത്യ ജന്മം ധന്യമാകാൻ ഓരോരുത്തരും സ്വന്തം മനസ്സിൽ അൽപമെങ്കിലും ഭക്തി വളർത്തിയെടുക്കാൻ ശ്രമിക്കേണ്ടതാണ്  

'നാസ്തി തേഷു ജാതി വിദ്യാ രൂപ കുലാദി ഭേദഃ'

തന്റെ ഭക്തന്മാരിൽ കുലമോ, ജാതിയോ, വിദ്യയോ ധനമോ തുടങ്ങിയ യാതൊരു ഭേദവും ഭഗവാൻ നോക്കുന്നില്ല. ഭക്തി മാത്രമാണ് ഭഗവാൻ ഗണിക്കുന്നത്. ആരു എന്തു ഭക്തിയോടെ കൊടുത്താലും ഭഗവാൻ സ്വീകരിക്കുന്നു. ഭഗവാൻ നല്കുന്ന ആളിന്റെ സ്ഥിതിയെയോ, അല്ലെങ്കിൽ വസ്തുവിന്റെ ഗുണത്തിനെയോ നോക്കുന്നില്ല. അതിലുള്ള ഭക്തിയെ മാത്രമാണ് കണക്കാക്കുന്നത്.തനിക്കുള്ളത് എല്ലാം തന്നെ ഭാഗവാനുകൊടുക്കണം എന്ന ഭാവം ഉണ്ടാകണം. ഭഗവാനോട് പ്രീതി ഉണ്ടാവണം. ഭഗവാൻ ഉത്തമനാണ്. മൂന്നു വിധം ആൾകാർ ഉണ്ട് അധമൻ, മധ്യമൻ ഉത്തമൻ ! അധമൻ - ആർക്കു എന്തു സംഭവിച്ചാലും കുഴപ്പമില്ല തന്റെ സുഖം തന്നെ പ്രാധാന്യം എന്നുചിന്തിക്കുന്നവൻ അധമൻ. മധ്യമൻ - താനും സുഖമായിരിക്കണം, മറ്റുള്ളവരും സുഖമായിരിക്കണം എന്നു ചിന്തിക്കുന്നവൻ മധ്യമൻ. ഉത്തമൻ - തനിക്കു എന്തു തന്നെ സംഭവിച്ചാലും വേണ്ടില്ല മറ്റുള്ളവർ സുഖമായിരിക്കണം എന്നു ചിന്തിക്കുന്നവൻ ഉത്തമൻ ! ഭഗവാൻ ഉത്തമാനാണ്. തനിക്കു എത്ര പ്രയാസങ്ങൾ ഉണ്ടായാലും തന്നെ ആശ്രയിക്കുന്നവർക്ക് സന്തോഷം കിട്ടണം എന്നു വിചാരിക്കുന്നു. ആ ഉത്തമന്റെ അടുക്കൽ ഉത്തമമായ ഭക്തി ഉണ്ടാകണം. ഭഗവാനു ഭക്തരിൽ യാതൊരു ഭേദവും ഇല്ല.  

കർമ്മങ്ങൾ ചെയ്യുന്നത് കൊണ്ടു നാം ഭക്തിയിൽ നിന്നും അകലുന്നില്ല. ചെയ്യുന്ന കർമ്മങ്ങൾ ഭഗവാന് വേണ്ടി ചെയ്തു കൊണ്ടിരുന്നാൽ മാത്രം മതി. താൻ ചെയ്യേണ്ട കർമ്മങ്ങൾ, പറയേണ്ട വാക്കുകൾ, എല്ലാം ഭഗവാന്റെ ഇഷ്ടം പോലെ ഭവിക്കട്ടെ എന്ന് പ്രാർത്ഥിക്കാം. ഭക്തന്മാർ ഒരിക്കലും തോൽക്കുന്നില്ല. അവരുടെ ദൃഢ വിശ്വാസം അവരെ സദാ രക്ഷിക്കുന്നു. എന്ത് നടന്നാലും അത് ഭഗവാന്റെ ഇഷ്ടം എന്ന് കരുതിയിരിക്കുക. അനന്യ ചിന്തകളൊക്കെ വിട്ടിട്ടു ഭഗവാനെ തന്നെ ചിന്തിക്കണം. അങ്ങനെയായാൽ നമ്മുടെ ജീവിതവും വിജയിക്കും.   

ഹേ മനസ്സേ! ഉണരൂ! ഉണരൂ! എത്രയോ ജന്മങ്ങള് നീ ഉറങ്ങിപ്പോയി. ഇനിയെങ്കിലും ഉണരൂ! നിനക്ക് ഇപ്പോള് ഭാഗ്യം ലഭിച്ചിരിക്കുകയാണ്. പൂര്വ ജന്മ പുണ്യമാണ് ഇപ്പോള് നിനക്ക് ഭഗവാനെ ധ്യാനിക്കാന് കിട്ടിയ അവസരം. അത് കളയരുത്. ധ്യാനിക്കുമ്പോള് അനുഭവങ്ങള് ലഭിക്കും. അനുഭവിക്കു! അനുഭവിക്കും തോറും കിട്ടിക്കോണ്ടേ ഇരിക്കും. ഇലയില് വിളമ്പിയ ഭക്ഷണം കഴിച്ചാല് ഉടനെ അടുത്തത് വിളമ്പില്ലേ അത് പോലെ! അനുഭവിച്ചു കൊണ്ടെ ഇരിക്കു! ഹൃദയം തൃപ്തിയാകുന്നത് വരെ അനുഭവിക്കണം. പൂര്ണ്ണ ബ്രഹ്മം കൃഷ്ണ രൂപത്തില് വന്നിരിക്കുമ്പോള് അത് അനുഭവിക്കാതെ കളയരുത്!

ഭക്തിക്കുവേണ്ടിയുള്ള ഭക്തി

ഭക്തിക്കുവേണ്ടിയുള്ള ഭക്തി

തത്ത്വത്തിലുള്ള ഭക്തിയിലൂടെയേ, ശരിയായ പുരോഗതി ഉണ്ടാവുകയുള്ളു. മിക്കവരുടെയും ഭക്തി ആഗ്രഹങ്ങള്‍ക്കുവേണ്ടി മാത്രമുള്ളതാണു്. തത്ത്വം മനസ്സിലാക്കിയല്ല അവര്‍ ഭജിക്കുന്നതു്. എന്തെങ്കിലും കാര്യം സാധിക്കുവാനുണ്ടെങ്കില്‍ ക്ഷേത്രങ്ങളില്‍ പോകും. നേര്‍ച്ച നേരും. അതു ഭക്തിയല്ല. അതിനെ ഭക്തിയുടെ കൂട്ടത്തില്‍പ്പെടുത്തുവാനും കഴിയില്ല. അതില്‍നിന്നും ആനന്ദം ലഭിക്കുമെന്നും കരുതേണ്ട. കാര്യം സാധിച്ചാല്‍ ഈശ്വരനോടു സ്നേഹം; സാധിച്ചില്ലെങ്കില്‍ വെറുപ്പു്. അവരുടെതു വിശ്വാസം തകര്‍ന്ന ജീവിതമായിരിക്കും.

ഒരു ഗ്രാമത്തില്‍ രണ്ടുപേരുണ്ടായിരുന്നു. രണ്ടുപേരുടെയും വിവാഹം കഴിഞ്ഞിട്ടു് എട്ടുപത്തു വര്‍ഷമായെങ്കിലും രണ്ടുകൂട്ടര്‍ക്കും കുട്ടികളില്ലായിരുന്നു. കുട്ടികളില്ലാത്ത ദുഃഖം മൂലം ആദ്യത്തെയാള്‍ ഈശ്വരനെ വിളിച്ചു പ്രാര്‍ത്ഥിക്കുവാന്‍ തുടങ്ങി. ഒരു കുട്ടി ജനിക്കുന്നതിനുവേണ്ടി ദിവസവും ഈശ്വരനോടു കരഞ്ഞു പ്രാര്‍ത്ഥിക്കും. അങ്ങനെയിരിക്കെ ഒരു ദിവസം സ്വപ്നത്തില്‍ ഒരു ദര്‍ശനമുണ്ടായി. ഒരു ദേവന്‍ വന്നു ചോദിച്ചു ”കുട്ടികളുണ്ടായാല്‍ നിനക്കു തൃപ്തിയാകുമോ?” അയാള്‍ പറഞ്ഞു, ”കുട്ടിയെ കിട്ടാതെ എനിക്കു ജീവിതത്തില്‍ സന്തോഷമുണ്ടാകില്ല. കുട്ടി ജനിച്ചാല്‍ അതോടെ ഞാന്‍ തൃപ്തനാകും.” ദേവന്‍ അനുഗ്രഹിച്ചിട്ടു മറഞ്ഞു. അധികനാള്‍ കാത്തിരിക്കേണ്ടിവന്നില്ല, ഭാര്യ ഗര്‍ഭിണിയായി. അതറിഞ്ഞപ്പോള്‍ മുതല്‍ സന്തോഷം. പക്ഷേ, അധികനാള്‍ നീണ്ടുനിന്നില്ല. കുട്ടിക്കു് അവയവങ്ങള്‍ എല്ലാം ഉണ്ടായിരിക്കുമോ, അസുഖം കാണുമോ, സുന്ദരനായിരിക്കുമോ, ഇതുതന്നെയായി ചിന്ത. കുട്ടിക്കുവേണ്ടി ആയിരുന്നുവെങ്കില്‍ക്കൂടി, ഈശ്വരനെ വിളിച്ചു കരഞ്ഞിരുന്ന ആ മനുഷ്യനു് ഇപ്പോള്‍ ഒരുനിമിഷംപോലും ഈശ്വരനെ ചിന്തിക്കുവാന്‍ സമയമില്ല. ജനിക്കാനിരിക്കുന്ന കുട്ടിയെപ്പറ്റി മാത്രമായിരുന്നു ചിന്ത. ഒരു നിമിഷം സ്വസ്ഥതയില്ല.

ഭാര്യ പ്രസവിച്ചു. നല്ല ആരോഗ്യമുള്ള ഒരാണ്‍കുട്ടി. വലിയ സന്തോഷമായി. കുട്ടിയുടെ പഠിത്തക്കാര്യങ്ങള്‍ക്കും മറ്റുമായി പണം സൂക്ഷിച്ചുവയ്ക്കുവാന്‍ തുടങ്ങി. കഷ്ടപ്പെട്ടു ജോലിചെയ്തും കൈക്കൂലി വാങ്ങിയും പണം സമ്പാദിക്കുവാന്‍ തീരുമാനിച്ചു. കുട്ടിക്കു പ്രായമായപ്പോള്‍ അവനെ സ്‌കൂളില്‍ ചേര്‍ത്തു. വീട്ടില്‍നിന്നും മകന്‍ പോയിക്കഴിഞ്ഞാല്‍പ്പിന്നെ അവനെക്കറിച്ചു മാത്രമാണു ചിന്ത. മകന്‍ എവിടെയെങ്കിലും വീണു കാണുമോ, ആരെങ്കിലും ഉപദ്രവിക്കുമോ കുട്ടി തിരിച്ചെത്തുന്നതുവരെയും സ്വസ്ഥതയില്ല. കുട്ടി വലുതാകുന്തോറും അവൻ്റെ ദുശ്ശാഠ്യവും കുസൃതിയും വര്‍ദ്ധിച്ചുവന്നു. മാതാപിതാക്കളെ അനുസരിക്കാതെയായി. പഠിത്തത്തില്‍ തീരെ ശ്രദ്ധയില്ലാതെയായി. ഇപ്പോള്‍ അവൻ്റെ ഭാവിയെക്കുറിച്ചായി ചിന്ത മുഴുവന്‍. വളര്‍ച്ചയ്ക്കനുസരിച്ചു് അവൻ്റെ ദുഃസ്വഭാവങ്ങളും വളര്‍ന്നതേയുള്ളൂ. സ്‌കൂളില്‍നിന്നു ദിവസവും മകനെക്കുറിച്ചുള്ള അദ്ധ്യാപകരുടെയും കുട്ടികളുടെയും പരാതികേട്ടു് അച്ഛനുമമ്മയും മടുത്തു. കോളേജില്‍ എത്തിയതോടെ മദ്യപാനവും തുടങ്ങി. വീട്ടില്‍ ഒച്ചപ്പാടും ബഹളവും സൃഷ്ടിച്ചു പണം വാങ്ങുന്നതു നിത്യസംഭവമായി. മാതാപിതാക്കളെ ശകാരിക്കുന്നതു പോകട്ടെ, ഉപദ്രവിക്കുവാനും മടിയില്ലാതെയായി. മകന്‍ കോളേജില്‍നിന്നും വരുന്ന സമയത്തു്, അച്ഛനുമമ്മയ്ക്കും പേടിയാണു്. സമ്പത്തുകള്‍ ഓരോന്നായി മകന്‍ വിറ്റു നശിപ്പിച്ചു. ഒരു ദിവസം പണം നല്കുവാന്‍ വിസമ്മതിച്ചപ്പോള്‍ അച്ഛനെയും അമ്മയെയും അവന്‍ കത്തി കാട്ടി ഭീഷണിപ്പെടുത്തി. ജീവന്‍ നഷ്ടപ്പെടുമോ എന്നു ഭയന്നു്, സമ്പത്തു മുഴുവന്‍ നഷ്ടമായ അവര്‍ കടം വാങ്ങി മകന്‍ ആവശ്യപ്പെട്ടതെല്ലാം നല്കി. കടം വാങ്ങിയതു തിരിച്ചു നല്കുവാന്‍ കഴിയാതെ വന്നപ്പോള്‍ നാട്ടുകാരും അവരെ വെറുത്തു, കടം കൊടുക്കാതെയായി. മാതാപിതാക്കളെക്കൊണ്ടു യാതൊരു പ്രയോജനവുമില്ലെന്നു മനസ്സിലായപ്പോള്‍ പുത്രനൊടുവില്‍ അവരെ ഉപേക്ഷിച്ചു പോയി. മകനു വേണ്ടിയാണു് അവര്‍ ജീവിച്ചതു്; പക്ഷേ, മകനും നഷ്ടമായി, നാട്ടുകാരും വെറുത്തു. അവര്‍ക്കു കരയുവാന്‍ മാത്രമേ കഴിഞ്ഞുള്ളൂ. ജീവിതത്തില്‍ നിരാശ മാത്രമായി. ഭൗതിക സുഖം മാത്രം ആഗ്രഹിച്ചുപോയാല്‍ അതിലെ ദുഃഖംകൂടി അനുഭവിക്കുവാന്‍ തയ്യാറാകണം.

ഇദ്ദേഹത്തിൻ്റെ അയല്‍വാസിയും ഈശ്വരനെ വിളിച്ചു കരഞ്ഞിരുന്നു. പക്ഷേ, കുട്ടിക്കുവേണ്ടി ആയിരുന്നില്ല; ഈശ്വരനുവേണ്ടി ആയിരുന്നു. അദ്ദേഹത്തിൻ്റെതു ഭക്തിക്കുവേണ്ടിയുള്ള ഭക്തി ആയിരുന്നു. കുട്ടികളില്ലല്ലോ എന്ന ചിന്ത ഒരിക്കലും അദ്ദേഹത്തെ അലട്ടിയില്ല. ”എനിക്കു കുട്ടികളില്ല, അതിനാല്‍ എല്ലാവരെയും നിൻ്റെ കുട്ടികളായി കാണുവാനുള്ള കഴിവു തരണേ” എന്നാണയാള്‍ പ്രാര്‍ത്ഥിച്ചിരുന്നതു്. ഈശ്വരൻ്റെ ഇച്ഛയുണ്ടെങ്കില്‍ കുട്ടി ജനിക്കും. പിന്നെ എന്തിനു് അതിനെക്കുറിച്ചോര്‍ത്തു ദുഃഖിക്കണം. ഈശ്വരനില്‍ ഭക്തിയുണ്ടാകുവാനാണു പ്രാര്‍ത്ഥിക്കേണ്ടതു് ഇതായിരുന്നു അദ്ദേഹത്തിൻ്റെ ഭാവം. അദ്ദേഹം യഥാര്‍ത്ഥതത്ത്വം മനസ്സിലാക്കിയ ആളായിരുന്നു. എന്താണു ശാശ്വതമായിട്ടുള്ളതു്, എന്താണു ജീവിതം ഇതു് അദ്ദേഹത്തിനറിയാമായിരുന്നു. അദ്ദേഹം എപ്പോഴും ഈശ്വരനാമം ഉരുവിട്ടും ജോലി കഴിഞ്ഞു കിട്ടുന്ന സമയം തൻ്റെ അടുത്തുവരുന്നവരുമായി ഭഗവദ് കഥകള്‍ പറഞ്ഞും ഈശ്വരകീര്‍ത്തനങ്ങള്‍ പാടിയും ആനന്ദിച്ചു. അദ്ദേഹത്തിനും ആനന്ദം അടുത്തു വരുന്നവര്‍ക്കും ആനന്ദം. എല്ലാവരെയും സ്നേഹിക്കുവാനും സേവിക്കുവാനുമുള്ള ഒരു മനസ്സു ലഭിക്കുന്നതിനുവേണ്ടി അദ്ദേഹം ദിവസവും ഈശ്വരനോടു പ്രാര്‍ത്ഥിച്ചു. തൻ്റെ വരുമാനത്തിൻ്റെ ഒരുഭാഗം ധാര്‍മ്മിക കാര്യങ്ങള്‍ക്കു ചെലവഴിക്കുവാനും മറന്നില്ല. കുട്ടി ജനിക്കുന്നതിനുവേണ്ടി പ്രാര്‍ത്ഥിച്ചില്ലെങ്കിലും, അദ്ദേഹത്തിൻ്റെ നിഷ്‌കാമഭക്തിമൂലം ഈശ്വരന്‍ പ്രസാദിച്ചു. അദ്ദേഹത്തിനു് ഒരു കുട്ടി ജനിച്ചു. കുട്ടി ജനിച്ചിട്ടും അദ്ദേഹത്തിൻ്റെ ഭക്തി നിലനിന്നു. കുട്ടി ജനിച്ചതില്‍ അമിതമായി ആനന്ദിച്ചില്ല. പിന്നീടും ഭഗവാനില്‍ മനസ്സുറപ്പിച്ച ജീവിതമാണവര്‍ നയിച്ചതു്. ഭഗവദ് കഥകള്‍ കേള്‍പ്പിച്ചും ഭഗവന്നാമങ്ങള്‍ ജപിപ്പിച്ചുമാണു ചെറുപ്പം മുതലെ കുട്ടിയെ വളര്‍ത്തിയതു്. അതുമൂലം കുട്ടി സത്‌സ്വഭാവിയായി. സര്‍വ്വര്‍ക്കും പ്രിയങ്കരനായി. മാതാപിതാക്കള്‍ കുട്ടിയോടു് അമിതമായ മമത പുലര്‍ത്തിയില്ല. ഭഗവാനെത്തന്നെ മുറുകെപ്പിടിച്ചു. വാര്‍ദ്ധക്യമടുക്കുന്തോറും ആരുടെയും കൂട്ടു പ്രതീക്ഷിച്ചില്ല. ഭഗവാനെത്തന്നെ ചിന്തിച്ചുകഴിഞ്ഞു. അതിനനുസരിച്ചു് അടുത്തു വരുന്നവര്‍ കൂടുതല്‍ ആദരവോടും ബഹുമാനത്തോടും അദ്ദേഹത്തെ ശുശ്രൂഷിക്കുവാനും തുടങ്ങി. ഈശ്വരനിലുള്ള അദ്ദേഹത്തിൻ്റെ നിഷ്‌കളങ്കഭക്തിയും, എല്ലവരോടുമുള്ള ശുദ്ധമായ സ്നേഹവും മൂലം സര്‍വ്വരും അദ്ദേഹത്തില്‍ ആകൃഷ്ടരായി. സ്വാര്‍ത്ഥതയൊഴിഞ്ഞ ജീവിതമായതിനാല്‍ എപ്പോഴും ആനന്ദം മാത്രം. കുട്ടി ജനിക്കുന്നതിനു മുന്‍പും പിന്‍പും അദ്ദേഹം ആനന്ദവാനായി ജീവിച്ചു.

രണ്ടുപേരും ഭക്തരായിരുന്നു. ഒരാളുടെതു കാമ്യഭക്തിയായിരുന്നുവെങ്കില്‍ മറ്റെയാളുടെതു ഭക്തിക്കുവേണ്ടിയുള്ള ഭക്തിയായിരുന്നു. അദ്ദേഹം നിഷ്‌കാമഭക്തനായിരുന്നു. അതുമൂലം ജീവിതം മുഴുവന്‍ ആനന്ദം അനുഭവിക്കുവാന്‍ കഴിഞ്ഞു. ”സര്‍വ്വരെയും നിൻ്റെ കുട്ടികളായിക്കാണുവാനുള്ള ശക്തി തരൂ” എന്നു പ്രാര്‍ത്ഥിച്ചപ്പോള്‍ ആനന്ദം മാത്രമല്ല, തന്നെ സ്നേഹിക്കുവാനും ശുശ്രൂഷിക്കുവാനും ഒരു മകന്‍ മാത്രമല്ല അനേകം ആളുകളുമുണ്ടായി. ആദ്യത്തെയാള്‍ തൻ്റെ സര്‍വ്വസ്വവും മകനാണെന്നു കരുതി. മകന്‍ എന്നെന്നും കൂടെയുണ്ടായിരിക്കണമെന്നു ചിന്തിച്ചു. അദ്ദേഹത്തിനു് ഈശ്വരന്‍ ആഗ്രഹം സാധിക്കുവാനുള്ള ഒരുപാധി മാത്രമായിരുന്നു. കാര്യം നേടിക്കഴിഞ്ഞപ്പോള്‍ ഈശ്വരനെ പാടേ മറന്നു. അതുമൂലം മകന്‍ നഷ്ടമായപ്പോള്‍ തീരാദുഃഖത്തിലായി. രണ്ടാമത്തെയാളാകട്ടെ, സത്യവും നിത്യവുമായിട്ടുള്ളതു് ഈശ്വരന്‍ മാത്രമാണെന്നു മനസ്സിലാക്കി. മിഥ്യയായ ഈ ലോകത്തില്‍ ശാശ്വതമായതു് ഈശ്വരന്‍ മാത്രമാണെന്നറിഞ്ഞു. സ്വന്തം സുഖത്തില്‍ക്കവിഞ്ഞു് ആരും ആരെയും സ്നേഹിക്കുന്നില്ലെന്നു് അദ്ദേഹത്തിനറിയാമായിരുന്നു. തൻ്റെ പുത്രനും ബന്ധുക്കളും സമ്പത്തും ഒന്നും തന്നെ പിന്തുടരില്ലെന്നും അറിയാമായിരുന്നു. അതിനാല്‍ ശാശ്വതമായ ആത്മാവിനെ സാക്ഷാത്കരിക്കുക എന്ന ഒരു ലക്ഷ്യം മാത്രമേ അദ്ദേഹത്തിനു ജീവിതത്തില്‍ ഉണ്ടായിരുന്നുള്ളു. അതിനു യോജിച്ച ഒരു ജീവിതമായിരുന്നു അദ്ദേഹം നയിച്ചിരുന്നതു്. അവരുടെതു തത്ത്വമറിഞ്ഞുള്ള ഭക്തിയായിരുന്നു. തങ്ങളെ ആരു വെറുത്താലും അവര്‍ക്കു ദുഃഖമില്ലായിരുന്നു. വെറുത്തവരെപ്പോലും സ്നേഹിക്കുവാന്‍ കഴിഞ്ഞു. ഈശ്വരനില്‍ സമര്‍പ്പിച്ച ഒരു ജീവിതമായിരുന്നതിനാല്‍ ജീവിതം അവര്‍ക്കു് ആനന്ദമായിരുന്നു.

ഭക്തി ഈശ്വരനെ മാത്രം കാംക്ഷിച്ചുകൊണ്ടുള്ളതായിരിക്കണം. അപ്പോള്‍ എല്ലാം അവിടുന്നു തരും. വാര്‍ദ്ധക്യത്തില്‍ ആരു നോക്കുമെന്ന വേവലാതി വേണ്ട. ഒരു ഭക്തനും നോക്കാനാളില്ലാതെ കഷ്ടപ്പെട്ടിട്ടില്ല. പട്ടിണി കിടന്നു മരിച്ചിട്ടില്ല. മരിച്ചു കഴിഞ്ഞാലുള്ള കാര്യത്തെക്കുറിച്ചു് എന്തിനു ചിന്തിക്കണം? ചത്തു കുറച്ചു കഴിയുമ്പോള്‍ നാറും. ആരെങ്കിലും കുഴിച്ചിടും. ആ വക കാര്യങ്ങളെക്കുറിച്ചോര്‍ത്തു ജീവിതം തുലയേ്ക്കണ്ട കാര്യമില്ല. ഇന്നലത്തെക്കുറിച്ചോര്‍ത്തും നാളത്തെക്കുറിച്ചു ചിന്തിച്ചും എന്തിനു് ആധി കയറണം. ഒരു നിമിഷം മുന്‍പുവരെ കഴിഞ്ഞ കാര്യങ്ങള്‍ കാന്‍സലായ ഒരു ചെക്കുപോലെയാണു്. അതിനെക്കുറിച്ചോര്‍ത്തു തളര്‍ന്നിട്ടു കാര്യമില്ല. ‘ഇന്നു’ നിങ്ങള്‍ ശ്രദ്ധയോടെ ജീവിക്കുക; ‘നാളെ’ നിങ്ങള്‍ക്കു കൂട്ടുകാരനായി വരും. ഭക്തി വേണമെന്നു പറയുന്നു. പക്ഷേ, നാമം ജപിച്ചിട്ടു മറ്റുള്ളവരെ ദുഷിക്കുന്നതു ഭക്തിയല്ല. അസൂയയും വിദ്വേഷവും മനസ്സില്‍ വളര്‍ത്തുന്നതു ഭക്തിയല്ല. എല്ലാവരെയും ഈശ്വരനായിക്കാണുവാന്‍ കഴിയണം. അതാണു ഭക്തി. നല്ല കര്‍മ്മങ്ങള്‍ ശ്രദ്ധയോടെ ചെയ്യുന്നതും ഭക്തിയാണു്. 

നിത്യാനിത്യവിവേചനത്തെയാണു് ഭക്തിയെന്നു പറയുന്നതു്. അതാണു നമുക്കു വേണ്ടതു്.

ശരിയായ പാതയില്‍ ജീവിതം നയിക്കുവാന്‍ നാം അറിഞ്ഞിരിക്കണം. എങ്ങനെ ശരിയായ പാതയിലൂടെ ജീവിതം നയിക്കണം എന്നു പഠിപ്പിക്കുന്നതാണു ഭക്തി. ഒരു യഥാര്‍ത്ഥ ഭക്തൻ്റെ ജീവിതത്തില്‍ ആനന്ദം മാത്രമാണുള്ളതു്.

27 June 2022

ഭക്തി

ഭക്തി

ഇന്ന് ഏറ്റവും അധികം തെറ്റിദ്ധരിക്കുന്ന പദവും വ്യവസായവുമാണു ഭക്തി. ഭക്തി ഒരിക്കലും പ്രകടിപ്പിക്കാനുള്ളതല്ല. മറ്റൊരാളെ ബോധ്യപെടുത്താൻ ഉള്ളതുമല്ല. തന്നിൽ തന്നെ വറ്റാത്ത ഉറവയായി നിർഗമിക്കുന്ന സമർപ്പണ ഭാവമാണു ഭക്തി. (.ഭഗവത് ഗീത 9/21 മുതൽ 27വരെ ഉള്ള ശ്ലോകങ്ങൾ ഉത്തമ മദ്ധ്യമ പ്രാകൃത ഭക്തനമാരെ ക്കുറിച്ച വ്യക്തമായി വിവരിക്കുന്നുണ്ട്)...

സർവ്വ ഭൂതേഷു യഃ പശ്യേത് ഭഗവദ് ഭാവമാത്മനഃ
ഭൂതാനി ഭഗവന്യാതമ ന്യേഷ ഭാഗവതോത്തമഃ (വിഷ്ണു ഭാഗവതം)

സ്ഥൂല സൂക്ഷമാത്മകമായ പ്രപഞ്ച പദാർത്ഥങ്ങളിലും പരമാത്മാവും പരമാത്മാവിൽ സകല പ്രപഞ്ച പദാർത്ഥങ്ങളും വർത്തിക്കുന്നവനായി കാണുന്നവനാണു ഉത്തമ ഭക്തൻ
അതേ പോലെ തന്നെ 

അർച്ചയാമേവ ഹരയേ- പൂജാം യഃ ശ്രദ്ധയേഹതേ,
ന തദ്ഭക്തേഷു ചാന്യേഷു- സഭക്തഃ പ്രാകൃത സ്മൃതഃ (വിഷ്ണു ഭാഗവതം)

എല്ലാറ്റിലും പരമാത്മാവു ഉണ്ടന്നറിയാതെ ഏതൊരുവൻ പ്രതിമാദികളിൽ മാത്രം ഈശ്വരനെ ശ്രദ്ധയോടെ പൂജിക്കുകയും ഭഗവത് ഭക്തന്മാരിലും മറ്റും സ്നേഹമില്ലാതെ അവരെ അന്യരായി കരുതുകയും ചെയ്യുന്നുവോ അവനാണ് പ്രാകൃത ഭക്തൻ. ഇന്നു കൂടുതലും ഇവരിൽ ഏത് ഗണത്തിൽ പെടുന്നവർ ആണ് ഉള്ളത്. ഭക്തത ജന ചിന്ത്യം.

 ശ്രദ്ധ, ഭക്തി, വിശ്വാസം എന്നീ ഭാവങ്ങളെ പുറത്തേക്ക് നയിക്കുമ്പോൾ ഭക്തി പ്രകടാത്മകമായി മാറും, പക്ഷെ ഈ മൂന്ന് ഭാവങ്ങളെ തന്നിലേക്ക് തന്നെ തിരിച്ചു വിടുമ്പോൾ അത് ആത്മ സമർപ്പണമായിത്തീരുന്നു. ശരീര മനോ ബുദ്ധി ഇന്ദ്രിയങ്ങളുടെ വിലയനവും സമർപ്പണവും ആണു. യഥാർത്ഥ ഭക്തി. തന്റെ ഉള്ളിലുള്ള ഈശ്വര സാന്നിദ്ധ്യത്തെ ഏറ്റവും അടുത്തറിയാനുള്ള മാർഗ്ഗമാണു ഉത്തമ ഭക്തി.

പക്ഷെ ഇന്ന് ഇതിൽ പ്രധാന തടസ്സം

"ലോക ഗോഷ്ഠീം ന കുർവ്വീത
ശാസ്ത്ര ഗോഷ്ഠീം ന കാരയേൻ"

അതായത് ശാസ്ത്രത്തെ ശാസ്ത്ര തത്ത്വങ്ങൾക്ക് വിപരീതമായി വളച്ചൊടിച്ച് അവതരിപ്പിക്കുന്നതിനെ ആണു ശാസ്ത്ര ഗോഷ്ഠി എന്നു പറയുന്നത്. മറ്റൊരാൾ കാട്ടിയത് അതുപോലെ കാട്ടുകയാണു ലോക ഗോഷ്ഠി. അതിന്റെ പൊരുൾ എന്താണന്നോ യുക്തി സഹമാണൊ എന്നൊന്നും ഗൌനിക്കാതെ അന്ധമായി അനുകരിക്കുന്നതിനെ ലോക ഗോഷ്ഠി എന്നുപറയുന്നത്.

തത്ത്വനിഷ്ഠയോടെയും ആത്മ നിഷ്ഠയോടെയും ആചാര്യന്മാരും ഭക്തരും പരിഹാരം കാണേണ്ടുന്ന വിഷയം തന്നെ
പ്രാരബ്ധം, സഞ്ചിതം, ആഗമികം എന്നീ മൂന്ന് ദുരിതങ്ങൾ മനുഷ്യജീവിതത്തിൽ വന്നുപെടുന്നു. ജീവിച്ചിരിക്കുമ്പോൾ ചെയ്യുന്ന കർമ്മങ്ങളിലൂടെ പ്രാരബ്ധവും. ചെയ്ത കർമ്മങ്ങളിലൂടെ ഭാവി ജന്മങ്ങളിലെക്ക് സഞ്ചരിക്കുന്ന ദുഃഖം ആഗമികവും പൂർവ്വജന്മങ്ങളിലൂടെ സൂക്ഷ്മ ശരീരത്തിൽ സൂക്ഷിച്ച് വെച്ചിരിക്കുന്ന ദുഃഖഭാരം സഞ്ചിതവും ആകുന്നു. ഇവയിൽ പരിഹരിക്കാൻ പറ്റുന്നതും പരിഹരിക്കാൻ പറ്റാത്തതുമായ കർമ്മഫലങ്ങൾ ഉണ്ട്. ഇവ ഏത് താപ ത്രയങ്ങളിൽ വരും എന്ന് വസ്തുനിഷ്ഠമായി വിലയിരുത്താൻ കഴിയുന്ന ജ്യോതിഷിയെ ആണു ദൈവജ്ഞന് എന്ന നാമത്തിൽ വിളിക്കുന്നത്. അതുക്കൊണ്ടാണു ഇങ്ങനെയുള്ള ജ്ഞാന ശാഖകളെ ശാസ്ത്രങ്ങൾ എന്നു വിളിക്കുന്നത്.

ശാസ്ത്രങ്ങൾ രണ്ട് തരം ഉണ്ട്. ജ്ഞാനവും വിജ്ഞാനവും. വിജ്ഞാനത്തിൽ അധിഷ്ടിത്തമായവ എല്ലാം ഭൌതികമ്മാണു. അതാണു ഇന്ന് സർവ്വ സാധാരണ ഉപയോഗിച്ചു കാണുന്നത്. പരീക്ഷണ നിരീക്ഷണങ്ങളിലൂടെ തെളിയിച്ച് പുസ്തകരുപത്തിൽ ധാരാളാം ഉണ്ട്. ഇന്ന് ഇന്നതെന്ന് തീർച്ചപെടുത്തിയത് നാളെ അതല്ലാതായി മാറാം. ജ്ഞാനം പരമാർത്ഥികമായ അറിവ് ആണു. അത് ജന്മനാൽ പൂർവ്വ ജന്മാർജ്ജിതമായി കൂടെ ലഭിക്കുന്നതാണു ഗുരുപദേശത്താലും ശാസ്ത്ര നിത്യ പരിചയത്തതാലും ആണു അത് പരിപോഷിക്കുന്നത്. മോക്ഷ വിഷയമായ അറിവു. 

ജ്ഞാനം തന്നെ രണ്ട് വിധം ഉണ്ട്

വൃത്തി ജ്ഞാനവും സ്വരൂപജ്ഞാനവും. ഭഗവത് ഗീത 16/23,24 ഭാഗങ്ങൾ ശാസ്ത്രത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് കൂടുതൽ വ്യക്തമാക്കുന്നുണ്ട്.

"ശാസനാദനിശം ദേവി വർണ്ണാശ്രമനിവാസിനാം
താരണാത് സർവ്വ പാപേഭ്യഃ ശാസ്ത്ര മിത്യഭിധീയ.. (കുലാർണ്ണവ തന്ത്രം)

വർണ്ണാശ്രമ ധർമ്മം അനുസരിച്ച് ജീവിക്കുന്നവർക്ക് സദാമാർഗ്ഗ ദർശനം നൽകികൊണ്ട്. അവരെ സർവ്വ പാപങ്ങളിൽ നിന്നും തരണം ചെയ്യാൻ സഹായിക്കുന്നതിനാൽ ശാസ്ത്രം എന്നു പറയുന്നു. ഇവിടെ വർണ്ണാശ്രമ ധർമ്മങ്ങൾ എന്ന് പറയുന്നതിന് വളരെ പ്രാധാന്യം ഉണ്ട്. അതിലെ ധർമ്മ ശബ്ദത്തിനാണു കൂടുതൽ പ്രാധാന്യം. ഇങ്ങനെ അല്ലാത്തവരെ സംബന്ധിച്ച് ഭക്തിയും പരിഹാരവും എല്ലാം താമരയിലയിൽ വീഴുന്ന വെള്ളം പോലെയണ്.
ഹൃദിജ്ഞാനേന മഖിലം
പവിത്രമിഹ വിദ്യതേ (ഗീത)
ഹൃദയത്തിൽ ജ്ഞാന സൂര്യൻ പ്രകാശിക്കുമ്പോൾ എല്ലാം പവിത്രമായിത്തീരുന്നു. ഇതു തന്നെ യാണു ഹൃദയശുദ്ധി. ഇങ്ങനെയുള്ള ശുദ്ധാത്മാക്കൾ ഈശ്വരനെ ദർശിക്കുന്നു...