ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

16 November 2024

ഷോഡശസംസ്കാരം - 13

ഷോഡശസംസ്കാരം

ഭാഗം - 13

11 - വേദാരംഭം
💗✥━═══🪷═══━✥💗
ഉപനയനത്തോടുകൂടി വേദാരംഭ സംസ്കാരം വീട്ടിൽവച്ചും വിദ്യാരം ഭസംസ്കാരം ഗുരുകുലത്തിൽ വച്ചും നടത്തുന്നു.

ഷോഡശസംസ്‌കാരങ്ങളിൽ ഒന്നായ ഉപനയനത്തിനുശേഷം ചെയ്യപ്പെടുന്ന വേദാരംഭം ഉപാകർമം എന്നു പറഞ്ഞു വരുന്നു. "സംസ്‌കാരപൂർവം ഗ്രഹണം സ്യാദുപാകരണം ശ്രുതേഃ'' എന്ന്‌ ഇതിനെ അമരകോശത്തിൽ നിർവചിച്ചിരിക്കുന്നു; വേദം ഇതുകൊണ്ട്‌ സ്വീകരിക്കപ്പെടുന്നു എന്നാണ്‌ ഇതിന്റെ അർഥം. ഉപനയനത്തിനു ശേഷമേ ദ്വിജനാകുന്നുള്ളൂ; അതിനാലാണ്‌ അതിനു മുമ്പ്‌ വേദം പഠിക്കാന്‍ അധികാരിയാകാത്തത്‌. ഉപാകർമത്തിന്‌ ചില പ്രത്യേകദിവസങ്ങള്‍ തന്നെ മുഹൂർത്തകാരന്മാർ നിർദേശിച്ചിട്ടുണ്ട്‌. കർക്കിടക മാസത്തിൽ അത്തം നക്ഷത്രവും പഞ്ചമിയും കൂടി വരുന്ന ദിവസം ഉപാകർമം ചെയ്യേണ്ടതാണ്‌. അല്ലെങ്കിൽ ചിങ്ങമാസത്തിൽ തിരുവോണ നാളിൽ പഞ്ചമി വന്നാൽ അന്നും ഇതിനു യോജിച്ച ദിവസമാകുന്നു; അതേ മാസത്തിൽ രണ്ടു തിരുവോണ നാളുകള്‍ വരുന്ന പക്ഷം രണ്ടാമത്തെ നാളിൽ ഇതു ചെയ്യാം. കന്നി മാസത്തിലാകട്ടെ രണ്ടു തിരുവോണനാളുകള്‍ ഉള്ളപക്ഷം രണ്ടു ദിവസവും ഉപാകർമത്തിനു കൊള്ളാം, ആഷാഢ മാസത്തിലെ വെളുത്തവാവിനും ഉപാകരണം ചെയ്യുന്നതിൽ വിരോധമില്ലെന്നു മുഹൂർത്ത സംഗ്രഹകാരന്‍ പറഞ്ഞിരിക്കുന്നു. വേദാധ്യയനം ശ്രദ്ധാപൂർവം അനുഷ്‌ഠിക്കേണ്ട ഒരു കർമമാകയാൽ ഉപനയനം കഴിഞ്ഞ്‌ വേദത്തിനധികാരിയായ ദ്വിജനെ ആചാര്യന്‍ ശുഭമുഹൂർത്തത്തിൽ വേദം അഭ്യസിപ്പിക്കാനാരംഭിക്കുന്നു. ഗൃഹ്യകർമങ്ങളെപ്പറ്റി പ്രതിപാദിക്കുന്ന പുസ്‌തകങ്ങളിൽ ഇതു ചെയ്യേണ്ട രീതികളെപ്പറ്റി സവിസ്‌തരം പ്രതിപാദിച്ചിട്ടുണ്ട്‌. ഋഗ്വേദികള്‍, യജുർവേദികള്‍, സാമവേദികള്‍ എന്നിങ്ങനെ വിഭിന്നവേദങ്ങള്‍ അഭ്യസിക്കുന്നതിന്‌ അധികാരികളായവർ അവർക്കു വിധിച്ചിട്ടുള്ള രീതിയിൽ വേണം മേല്‌പറഞ്ഞ ശുഭദിവസങ്ങളിൽ വേദാധ്യയനം ആരംഭിക്കാന്‍.

[ധർമ്മത്തിലേക്ക് അടുപ്പിക്കുന്നതും ധർമ്മരക്ഷാപ്രതിജ്ഞ പുതുക്കുന്നതുമായ ഈ പുണ്യദിനത്തിൽ പൂണൂൽ ധരിക്കുന്നതും രാഖി ബന്ധിക്കുകയും ചെയ്യുന്നു. ഉപവാസവും മംഗളസൂചകമായ ചടങ്ങുകളും ഇതിനു വിധിച്ചിട്ടുണ്ട്. ബ്രാഹ്മണൻ, ക്ഷത്രിയൻ, വൈശ്യർ, ശൂദ്രർ എന്നീ നാലു വർണ്ണങ്ങളിൽപ്പെട്ട ഓരോരുത്തർക്കും പ്രധാനമായ ദേശീയോത്സവങ്ങളിൽ ബ്രാഹ്മണർക്ക് ശ്രാവണി ഉപാകർമ്മം പ്രധാനമാണ്. പക്ഷേ ഏതെങ്കിലും ഒരു വിധത്തിൽ എല്ലാ ഹിന്ദുക്കളുമായി ബന്ധപ്പെട്ടതാണ് അവ ഓരോന്നും. 'രക്ഷാബന്ധനം' എന്നപേരിൽ ദേശീയമായാചരിക്കുന്നതും ശ്രാവണി ഉപാകർമ്മത്തിന്റെ ജനകീയ രൂപമാണ്. പ്രധാനമായും യജുർവേദികൾ ആയ ബ്രാഹ്മണർ ആണ് ശ്രാവണി മാസത്തെ പൌർണമി നാളിൽ ഉപാകർമം അനുഷ്ടിക്കുന്നത്. ഈ ദിവസത്തെ ആവണി അവിട്ടം എന്നും വിളിച്ചു വരുന്നു.]

വിദ്യാരംഭസംസ്ക്കാരം
💗✥━═══🪷═══━✥💗
വേദത്തിൽ വിദ്യാരംഭത്തെ തന്നെ വേദാരംഭമെന്നു വിവക്ഷിക്കുന്നുണ്ട്. ഗൃഹത്തിലും ഗുരുകുലത്തിലുമായി ആചാര്യന്റെ സാന്നിദ്ധ്യത്തിൽ വസിച്ച് ആദ്ധ്യാത്മികവും ലൗകികവുമായ് വിദ്യകൾ അഭ്യസിക്കുന്നതിനും പരിശീലിക്കുന്നതിനും അവസരമുണ്ടാകുന്ന സംസ്ക്കാരമാണ് വേദാരംഭം. നാല് ആശ്രമങ്ങളായി വിഭജിച്ചിരിക്കുന്ന മനുഷ്യജീവിതത്തിന്റെ പ്രഥമഘട്ടം ഇവിടെ രൂപവൽകരിക്കപ്പെട്ടിരിക്കുന്നു.

വേദാരംഭ ദിവസം രാവിലെ സ്നാനാദികൾ കഴിച്ച് ശുഭവസ്ത്രധാരിയായ കുട്ടിയെ രക്ഷാകർത്താവ് യജ്ഞവേദിയിലേക്ക് ആനയിക്കുന്നു, ആചാര്യനും ആഗതരായിരിക്കുന്ന ബന്ധുമിത്രാദികളും ഈശ്വരോപാസനയും ഹോമകർമ്മങ്ങളും നിർവഹിച്ചുകൊണ്ടിരിക്കുന്ന സന്ദർഭമായിരിക്കുമത്, കുട്ടിയെ യജ്ഞവേദിക്ക് പ്രദക്ഷിണമായി കൊണ്ടുവന്ന് മന്ത്രോച്ചാരണ പൂർവ്വം ജലപ്രോക്ഷണാദി ചടങ്ങുകൾ ചെയ്തത്തിനുശേഷം യജ്ഞകുണ്ഡത്തിന്റെ വടക്കുഭാഗത്ത് പശ്ചിമാഭിമുഖമായിരിക്കുന്ന ആചാര്യന്റെ അഭിമുഖമായി കിഴക്കോട്ട് തിരിഞ്ഞ് - ഇടത്തെ കാൽമുട്ട് മടക്കി ഇരുത്തണം , ഇങ്ങനെയിരുന്ന് കൈക്കൂപ്പിക്കൊണ്ട് ബ്രഹ്മചാരി ആചാര്യനോട് അപേക്ഷിക്കുന്നു.

'അധീഹിഭൂഃ സാവിത്രീംഭോ അനുബ്രൂഹി' (ഗുരുദേവ! ആദ്യമായി ഓങ്കാരവും പിന്നീട് മഹാവ്യാഹൂതിയും, സാവിത്രിയും യഥാക്രമം മൂന്നും ചേർന്ന പരത്മാവാചകമായ മന്ത്രം എനിക്ക് ഉപദേശിച്ച് തന്നാലും")

അപ്പോൾ ആചാര്യൻ അഞ്ജലീബദ്ധരായിരിക്കുന്ന ബ്രഹ്മചാരിയുടെ ഇരുകരങ്ങളും ചേർത്തു പിടിച്ചണച്ചുകൊണ്ട് ഇരുവരുടെയും തോളിലൂടെ ഉത്തരീയം കൊണ്ട് മറയുണ്ടാക്കി ഗായത്രീമന്ത്രം ഉപദേശിക്കുന്നു. അനന്തരം ആചാര്യനും ശിഷ്യനും പരസ്പര പ്രതിജ്ഞകൾ ചെയ്തശേഷം കുട്ടിയുടെ ബ്രഹ്മചാര്യ ജീവിതത്തിന്റെ എല്ലാചുമതലകളും ആചാര്യൻ സ്വയം ഏറ്റെടുക്കുന്നു.

"മാതൃമാൻ പിതൃമാൻ ആചാര്യവാൻ പുരുഷോ വേദ"... മാതാവ് പിതാവ് ആചാര്യൻ എന്നീ ഉത്തമാദ്ധ്യാപകരെ ലഭിച്ചിട്ടുള്ള ഒരാൾക്കു മാത്രമേ ശരിയായ അറിവ് സമ്പാധിക്കുവാൻ കഴിയൂ എന്ന് ധർമ്മ ശാസ്ത്രം. ഏതൊരാളിന്റെ മാതാപിതാക്കൾ ധർമ്മശാസ്ത്രത്തിൽ ശ്രദ്ധയുള്ളവരും പഠിപ്പുള്ളവരും ആകുന്നുവോ അയാളാണ് ഭാഗ്യവാൻ. അങ്ങനെയുള്ള കുടുംബമാണ് ധന്യമായവ. മക്കൾക്ക് മാതാപിതാക്കളിൽ നിന്ന് എത്രത്തോളം സാരോപദേശവും സഹായവും ലഭിക്കുന്നുവോ അത്രത്തോളം മറ്റൊരാളിൽ നിന്നും ലഭിക്കുന്നതല്ല. അതുകൊണ്ടാണ് മാതൃമാൻ- ഭക്തിയും ധർമ്മതൽപ്പരരുമായ മാതാവുള്ളവൻ എന്ന് എടുത്ത് പറഞ്ഞിട്ടുള്ളത്. ഗർഭസ്ഥനാവുന്നതു മുതൽ വിദ്യഭ്യാസം കഴിയുന്നതു വരെ സ്വസന്താനങ്ങൾക്ക് സൗശീലം ഉപദേശിക്കുന്ന് പ്രസവിത്രിയാണ് പരമധന്യ...

വേദാരംഭത്തിൽ കുട്ടിയുടെ പിതാവ് നൽക്കുന്ന ഉപദേശം വളരെ ശ്രദ്ധേയമാണ്. ഗോപിലസൂത്രത്തിലെ "ആചാര്യാധീനോ ഭവാന്യത്രാധർമ്മാചരണാത്" എന്നു തുടങ്ങുന്ന ഉപദേശങ്ങളുടെ സാരം ഇപ്രകാരം ആണ്.

മകനെ നീ ഇന്നുമുതൽ ബ്രഹ്മചാര്യ വ്രതം സ്വീകരിച്ചിരിക്കുന്നു, നിത്യവും സന്ധ്യോപാസനകളും ഭക്ഷണത്തിനുമുമ്പ് ആചമനവും അനുഷ്ഠിക്കണം കൃത്യനിഷ്ഠയോടെ പഠിക്കുകയും പണിയെടുക്കയും വേണം. പകൽ കിടക്കരുത്, ആചാര്യന്റെ മുന്നിലിരുന്ന് വേദാദിവിദ്യകൾ വ്യക്തമായി പഠിക്കുക. വേദശാസ്ത്രങ്ങൾ അഭ്യസിച്ച് പൂർണ്ണമാകുന്നതുവരെ ബ്രഹ്മചാര്യവ്രതം പാലിക്കുക. ക്രോധവും കളിപറച്ചിലും വർജ്ജിക്കണം. കഥ ക്രിഡാ നോട്ടം ആലിംഗനം തുടങ്ങിയ കാമോദ്ദീപനങ്ങളായ എട്ടുവിധം മൈഥുനങ്ങൾ നിന്നെ തീണ്ടരുത്. തറയിൽ ശയിക്കുക , കട്ടിലും മെത്തയും ഉപയോഗിക്കാതിരിക്കുക. അമിതമായി ഭക്ഷിക്കരുത് , അധികം ഉറങ്ങരുത്, ഉറക്കമിളക്കരുത് . രാത്രി നാലാം യാമത്തിൽ - ബ്രഹ്മമുഹൂർത്തത്തിൽ - ഉണർന്നെഴുനേൽക്കുക. ശൗചം, ദന്തധാവനം സ്നാനം എന്നിവ നിർവഹിച്ചിട്ട് സന്ധ്യോപാസന ഈശ്വരപ്രാർത്ഥന യോഗഭ്യാസം സ്വാദ്ധ്യായം എന്നിവ നിത്യവും ആചരിക്കുക.

പിതാവിന്റെ ഉപദേശം ശിരസാവഹിച്ച് ബ്രഹ്മചാര്യം അനുഷ്ഠിക്കുമെന്ന് ഉറപ്പ് കൊടുത്തതിനുശേഷം ബ്രഹ്മചാരി യജ്ഞകുണ്ഡത്തിന് പ്രദക്ഷിണമായി വന്ന് പശ്ചിമഭാഗത്ത് നിൽക്കുന്ന മാതാപിതാക്കന്മാരെയും മറ്റു ബന്ധു-ഗുരുജനങ്ങളെയും നമസ്ക്കരിച്ച് അവരിൽ നിന്ന് ഭിക്ഷ വാങ്ങി ആചാര്യന്റെ മുന്നിൽ സമർപ്പിക്കണം. പിന്നിട് ആചാര്യന്റെ ആജ്ഞപ്രകാരം വിശേഷ ദ്രവ്യങ്ങൾ മന്ത്രോച്ചാരണ പൂർവ്വം ആഹൂതി നൽകിയിട്ട്... ഗോത്രോത്പന്നോഹം ഭോഭവന്ത മഭിവാദയേ" എന്നുച്ചരിച്ചുകൊണ്ട് ആചാര്യനെ നമസ്ക്കരിക്കുമ്പോൾ അദ്ദേഹം ' ആയുഷ്മാൻ വിദ്യാവാൻ ഭവസൗമ്യ" എന്നു പറഞ്ഞ് ആശിർവദിക്കും.

പിന്നിട് ഹവിഷ്യാന്നവും മറ്റു വിശേഷപദാർത്ഥങ്ങളും ചേർത്ത് ആചാര്യനെയും ശിഷ്യനെയും ഊട്ടണം. അതുപോലെ കൂടിയിരിക്കുന്നവരെയും സൽക്കരിച്ചയക്കുമ്പോൾ അവർ ബ്രഹ്മചാരിയെ നോക്കി

"ത്വം ബാലക! ത്വാമീശ്വരകൃപയാ വിദ്വാൻ
ശരീരാത്മനാബലായുക്തഃ കുശലീ
വീര്യവാനരോഗഃ സർവ്വം വിദ്യാ
അധീത്യാ ഽസ്മാൻ ദിദൃക്ഷുഃ സന്നാഗമ്യാഃ

എന്ന മന്തോച്ചാരണപൂർവ്വം ആശിർവദിക്കണം... തുടർന്ന് വിദ്യഭ്യാസം പൂർത്തിയാകുന്നതുവരെ ബ്രഹ്മചാരി ഗുരുകുലം കേന്ദ്രമാക്കി ജീവിക്കുന്നു. കുറഞ്ഞത് ഒമ്പതു കൊല്ലമെങ്കിലും ഗുരുകുലവിദ്യഭ്യാസം ചെയ്തിരിക്കണമെന്നുണ്ട്.


No comments:

Post a Comment