കേരളത്തിലെ അതി പ്രസിദ്ധമായ സുബ്രഹ്മണ്യസ്വാമിക്ഷേത്രങ്ങളിലൊന്നാണ് ഉദയനാപുരം സുബ്രഹ്മണ്യസ്വാമിക്ഷേത്രം. കോട്ടയം ജില്ലയിൽ ക്ഷേത്രനഗരമായ വൈക്കത്തിനടുത്തുള്ള ഉദയനാപുരം എന്ന ഗ്രാമത്തിലാണ് ക്ഷേത്രം സ്ഥിതിചെയ്യുന്നത്. പ്രസിദ്ധമായ വൈക്കം ശിവക്ഷേത്രവുമായും കുമാരനല്ലൂർ ഭഗവതീക്ഷേത്രവുമായും അടുത്ത ബന്ധമുള്ള ക്ഷേത്രമാണിത്.
ഇവിടത്തെ പ്രധാനപ്രതിഷ്ഠയായ സുബ്രഹ്മണ്യസ്വാമി വൈക്കം ക്ഷേത്രത്തിലെ മഹാദേവന്റെ പുത്രനാണെന്നാണ് വിശ്വാസം. എല്ലാ വർഷവും വൃശ്ചികമാസത്തിൽ വൈക്കത്തഷ്ടമി ദിവസം ഇവിടത്തെ സുബ്രഹ്മണ്യൻ പിതാവിനെ കാണാൻ വൈക്കത്തെത്തുന്നു. ഇരുവരും ഒന്നിച്ചുള്ള എഴുന്നള്ളത്തുകൾ ഈ ദിവസത്തെ വിശേഷമാണ്. വൃശ്ചികമാസത്തിൽ തന്നെയാണ് ഇവിടത്തെ ക്ഷേത്രോത്സവവും. രോഹിണി ആറാട്ടായി പത്തുദിവസം വരുന്ന ഈ ഉത്സവത്തിന്റെ ഒമ്പതാം ദിവസമായ തൃക്കാർത്തിക ഇവിടെ വിശേഷമാണ്. കൂടാതെ തൈപ്പൂയം, സ്കന്ദഷഷ്ഠി തുടങ്ങിയവയും ഗംഭീരമായി ആചരിച്ചുവരുന്നു. തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ കീഴിലാണ് ക്ഷേത്രം.
ഒരു ചേരരാജാവ് കോട്ടയത്തിനടുത്ത് ഇന്ന് കുമാരനല്ലൂർ എന്നറിയപ്പെടുന്ന സ്ഥലത്ത് സുബ്രഹ്മണ്യസ്വാമിയ്ക്കും വൈക്കത്തിനടുത്ത് ഇന്ന് ഉദയനാപുരം എന്നറിയപ്പെടുന്ന സ്ഥലത്ത് ഭഗവതിയ്ക്കുമായി ഓരോ ക്ഷേത്രം പണിയാൻ തീരുമാനിച്ചു. അങ്ങനെ പണി നടത്തുന്നതിനിടയിൽ ഒരു ദിവസം അദ്ദേഹത്തിന് ഒരു സന്ദേശം കിട്ടി. പ്രസിദ്ധമായ മധുര മീനാക്ഷി ക്ഷേത്രത്തിലെ മൂക്കുത്തി മോഷണം പോയെന്നായിരുന്നു സന്ദേശം. കോപാന്ധനായ രാജാവ് ഉടനെ അവിടത്തെ പൂജാരിയെ വിളിച്ചുവരുത്തി മൂക്കുത്തി സമയത്തിന് മടങ്ങിയെത്തിയില്ലെങ്കിലത്തെ ഭവിഷ്യത്തുക്കളെപ്പറ്റി ഓർമ്മിപ്പിച്ചു. തീർത്തും ദുഃഖിതനായ പൂജാരി താൻ ചെയ്യാത്ത തെറ്റിന് തനിയ്ക്ക് വിധിച്ചിരിയ്ക്കുന്ന ശിക്ഷയിൽ നിന്ന് തന്നെ രക്ഷിയ്ക്കാൻ മധുര മീനാക്ഷിയെ ശരണം പ്രാപിച്ചു, തുടർന്നുള്ള നാല്പതുദിവസം വേദനയോടെ തള്ളിനീക്കി.
നാല്പതാം ദിവസം രാത്രി ഉറക്കത്തിനിടയിൽ പൂജാരിയ്ക്ക് ദേവിയുടെ സ്വപ്നദർശനമുണ്ടായി. എത്രയും പെട്ടെന്ന് അദ്ദേഹത്തോട് സ്ഥലം വിടാനായിരുന്നു സ്വപ്നദർശനത്തിലെ കല്പന. കണ്ണുതുറന്നുനോക്കിയ പൂജാരി ചുറ്റും നോക്കിയപ്പോൾ അഭൗമമായ ഒരു തേജസ്സ് ആകാശമാർഗ്ഗം കടന്നുപോകുന്നത് കണ്ടു. അതിനെ പിന്തുടർന്ന് ഏറെ ദൂരം യാത്ര ചെയ്ത അദ്ദേഹം ഒടുവിൽ എത്തിച്ചേർന്നത് അപ്പോൾ സുബ്രഹ്മണ്യസ്വാമിയ്ക്കായി പണി നടക്കുന്നുണ്ടായിരുന്ന ക്ഷേത്രത്തിലാണ്. തേജസ്സ് ശ്രീകോവിലിൽ പ്രവേശിച്ച ഉടനെ ആകാശത്തുനിന്ന് ഒരു അശരീരി മുഴങ്ങി: 'കുമാരനല്ല ഊരിൽ'. ഇതാണ് 'കുമാരനല്ലൂർ' ആയതെന്നാണ് വിശ്വാസം. പണിക്കാർ സ്തബ്ധരായി. അവർ വിവരം രാജാവിനെ അറിയിച്ചു. തുടർന്ന് അദ്ദേഹം ക്ഷേത്രത്തിലെത്തി അവിടെ പ്രതിഷ്ഠിയ്ക്കാൻ വിചാരിച്ച സുബ്രഹ്മണ്യവിഗ്രഹവുമെടുത്തുകൊണ്ട് ഉദയനാപുരം ലക്ഷ്യമാക്കി പുറപ്പെട്ടു. തുടർന്ന് ഒരു ശുഭമുഹൂർത്തത്തിൽ അദ്ദേഹം അവിടെ വിഗ്രഹം പ്രതിഷ്ഠിയ്ക്കുകയും ചെയ്തു. അങ്ങനെയാണ് ഭഗവതിയ്ക്കായി പണിത ക്ഷേത്രത്തിൽ സുബ്രഹ്മണ്യസ്വാമി കുടികൊണ്ടത്. ഈ സംഭവത്തെ അനുസ്മരിച്ച് ഇന്നും ശ്രീകോവിലിന്റെ തെക്കുവശത്ത് കുമാരനല്ലൂരമ്മയെ സങ്കല്പിച്ച് ഭഗവതിസേവ നടന്നുവരുന്നുണ്ട്
No comments:
Post a Comment