ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

12 December 2022

ഭജഗോവിന്ദം...

ഭജഗോവിന്ദം...

(പൂർണമായും മലയാളത്തിൽ ലളിതമായി മനസ്സിലാക്കാൻ വേണ്ടി തയ്യാറാക്കിയത്)

അല്ലയോ മൂഢാ, നിന്റെ മരണ കാലത്ത്, നീ പാലിച്ചു വന്ന ചിട്ടകളും മറ്റും നിന്നെ രക്ഷിക്കാൻ പോകുന്നില്ല... 
അതുകൊണ്ട്, നിന്റെ മൂഢതയെ ഇല്ലാതാക്കി ആ പരമമായ ചൈതന്യത്തെ അറിയുക... ആ ഗോവിന്ദനെ ഭജിക്കുക...

അല്ലയോ മൂഢാ, സമ്പത്തിനോടുള്ള അത്യാഗ്രഹം നീ ഉപേക്ഷിക്കുക...
എന്നിട്ട് ആ പരമചൈതന്യത്തിൽ നിന്റെ മനസ്സിനെ ഉറപ്പിക്കുക... മുമ്പ് നീ ചെയ്ത കർമ്മങ്ങളിൽ നിന്നും നേടുന്നതെന്താണോ, അതിൽ തൃപ്തിപ്പെടുക...

സ്ത്രീകളുടെ സ്തനങ്ങൾ (മുലകൾ), പൊക്കിൾ എന്നിവയൊക്കെ കണ്ട് കാമാവേശനാവരുത്... അവയും ശരീരത്തിലെ മറ്റു അവയവങ്ങൾ പോലെ മാംസത്തിന്റെയും കൊഴുപ്പിന്റെയും കൂടിചേരൽ മാത്രമാണ് എന്ന് എപ്പോഴും ചിന്തിച്ചുകൊണ്ടിരിക്കുക...

ഈ ജീവിതം എന്നത് താമരയിലയിൽ ജലം നിന്ന് വിറയ്ക്കുന്നതുപോലെ സ്ഥിരതയില്ലാത്തതാണ് (ഊഹിക്കാൻ പറ്റാത്തതാണ്)...

ലോകം മുഴുവനും രോഗത്താലും അഭിമാനത്താലും (അഹന്തയാലും) ദുഃഖിതരായി തന്നെ തുടരുന്നു... 

ഒരു മനുഷ്യൻ ആരോഗ്യവാനും ധനം സമ്പാദിക്കുന്നവനുമാണെങ്കിൽ അത്രത്തോളം അവന്റെ കൂടെ കുടുംബ ബന്ധങ്ങളും നിലനിൽക്കുന്നു...
എന്നാൽ, രോഗത്താലും പ്രായത്താലും ആരോഗ്യം തളരുമ്പോൾ സ്നേഹത്തോടെ ഒരു വാക്ക് പറയാൻ കൂടി സ്വന്തം വീട്ടിൽ പോലും ആളുണ്ടാവണമെന്നില്ല...

പ്രാണനുള്ളിടത്തോളം കാലമേ നിന്റെ വീട്ടുകാർ നിന്നെ സ്നേഹിക്കുകയുള്ളൂ....

പ്രാണൻ പോയി ജഢമായി കഴിഞ്ഞാൽ, സ്വന്തം ഭാര്യപോലും ആ ദേഹത്തെ ഭയപ്പെടുകയേയുള്ളൂ...

ഒരാൾ കുട്ടിയായിരിക്കുമ്പോൾ കളിച്ച് രസിച്ച് നടക്കുന്നു... യുവാവായി മാറുമ്പോൾ യുവതികളിൽ ആസക്തിയുണ്ടാവുന്നു (താത്പര്യം തോന്നുന്നു)... വയസ്സാകുമ്പോൾ പലതിനെ കുറിച്ചോർത്തും വ്യാകുലപ്പെടുന്നു...

ആരാണ് നിന്റെ ഭാര്യ???
ആരാണ് നിന്റെ മകൻ???
അത്രയേറെ വിചിത്രമാണ് ഈ സംസാരചക്രം...
നീ ആരുടേതാണ്??? എവിടെ നിന്ന് വന്നു???
പ്രിയ സുഹൃത്തേ, നീ അതിനെ കുറിച്ച് ചിന്തിക്കുക...

നല്ലവരുമായുള്ള കൂട്ടുക്കെട്ടിൽ നിന്ന് ബന്ധനങ്ങൾ ഇല്ലാതാവുന്നു...
ബന്ധനങ്ങൾ ഇല്ലാതാകുമ്പോൾ, മോഹവും ഇല്ലാതാവുന്നു...
മോഹം ഇല്ലാതാവുമ്പോൾ സ്ഥിരനിശ്ചയമെടുക്കാൻ സാധിക്കുന്നു... 
ആ സ്ഥിരനിശ്ചയം ജീവന് മുക്തിയും നൽകുന്നു...

യൗവനം ഇല്ലാതായാൽ കാമം കൊണ്ട് എന്തു ചെയ്യാനാവും???
ജലം വറ്റിയ തടാകംകൊണ്ട് എന്ത് പ്രയോജനം???
സമ്പത്തില്ലാതാകുമ്പോൾ കൂടെ ഉണ്ടായിരുന്നവരൊക്കെ എവിടെ പോയി???
യഥാർത്ഥ അറിവിലെത്തിയാൽ പിന്നെന്തിന് ഭയക്കണം???

സമ്പത്ത്, കൂടെയുള്ളവർ, യൗവനം എന്നിവയിൽ അഹങ്കരിക്കാൻ പാടില്ല...
അവയൊക്കെ നിമിഷങ്ങൾകൊണ്ട് ഇല്ലാതാവുന്നവയാണ്...
അതുകൊണ്ട്, തെറ്റിദ്ധാരണകളിൽ നിന്നും സ്വയം മോചിതനായി കാലത്തിനും അതീതമായ ആ സത്യത്തെ അറിയുക...

രാവും പകലും, സന്ധ്യയും പ്രഭാതവും, മഞ്ഞും വെയിലുമൊക്കെ ഇങ്ങനെ മാറിക്കൊണ്ടിരിക്കുന്നു...
അങ്ങനെ മനുഷ്യന്റെ ആയുസ്സും തീർന്നുകൊണ്ടിരിക്കുന്നു...
അപ്പോഴും അവന്റെ ജീവിതത്തിൽ ആഗ്രഹങ്ങൾ കൊടുങ്കാറ്റ് പോലെ വീശിക്കൊണ്ടേയിരിക്കുന്നു...

ഭ്രാന്തനായ മനുഷ്യാ, എന്തിനാണ് നീ സമ്പത്തിനോട് അത്യാർത്ഥിപ്പെടുന്നത്???
തെറ്റിലൂടെ സഞ്ചരിക്കുന്ന നിങ്ങളെ നയിക്കാൻ ആരും തന്നെയില്ലേ???
ഈ സംസാരസാഗരത്തിൽ നിന്നും നിങ്ങൾക്ക് രക്ഷപ്പെടാൻ ഒരു മാർഗ്ഗമേയുള്ളൂ... നല്ല കൂട്ടുകെട്ടുകളുമായി വരുന്ന തോണിയിൽ കയറിപറ്റുക...

പലരും തലമൊട്ടയടിച്ചും കാഷായ വസ്ത്രങ്ങൾ ധരിച്ചും വേഷം കെട്ടി ലോകത്തെ തെറ്റുദ്ധരിപ്പിക്കുന്നു...
ഉപജീവനത്തിനായി അവർ കണ്ടെത്തുന്ന മാർഗ്ഗങ്ങൾ മാത്രമാണവ...
ഒരുവൻ സന്ന്യാസിയാവുന്നത് പരമമായ സത്യം കണ്ടെത്തുന്നതിലൂടെയാണ്. അല്ലാതെ, വേഷം കെട്ടലുകളിലൂടെയല്ല...

ശരീരഭാഗങ്ങൾ തളർന്നും തലയിലെ മുടികളെല്ലാം കൊഴിഞ്ഞും മോണയിൽ പല്ലുകൾ ഇല്ലാതായും ഊന്നുവടിയിൽ ചാരി നടക്കുമ്പോളും ബന്ധനം കൈവിടുന്നില്ല...
അപ്പോഴും അവന്റെ ആഗ്രഹങ്ങളെ വെടിയാൻ അവൻ തയ്യാറാവുന്നില്ല...

മുന്നിൽ തീയും പിന്നിൽ സൂര്യനും...
രാത്രിയിലാണെങ്കിൽ വിറച്ച് ശരീരം ചുരുട്ടുന്നു...
ഭിക്ഷയെടുത്ത് തിന്നുന്നു...
മരചുവട്ടിൽ കിടക്കുന്നു...
അപ്പോഴും അവന്റെ മനസ്സിൽ ആശയെന്ന പാശം ഇല്ലാതാവുന്നില്ല...

ഗംഗയിൽ മുങ്ങിയതുകൊണ്ടോ, വൃതങ്ങൾ അനുഷ്ഠിച്ചതുകൊണ്ടോ ദാനങ്ങൾ ചെയ്തതുകൊണ്ടോ മുക്തി കൈവരുന്നില്ല... യഥാർത്ഥ അറിവ് നേടാതെ ആയിരം ജന്മങ്ങൾ കടന്നുപോയാലും മോക്ഷം ലഭിക്കില്ല...

ആശ്രമത്തിലും മരചുവട്ടിലും താമസിച്ച് ഭൂമിയെ കിടക്കയാക്കിയും മാൻ തോലും ഉടുത്ത് നടക്കുന്നവന് എങ്ങനെ അതൃപ്തിയുണ്ടാവാനാണ്???

യോഗത്തിലിരിക്കുന്നവനാകട്ടെ, ഭോഗത്തിലിരിക്കുന്നവനാകട്ടെ, അവന്റെ മനസ്സ് ബ്രഹ്മത്തിലാണെങ്കിൽ അവൻ എപ്പോഴും ആനന്ദത്തിലായിരിക്കും..

No comments:

Post a Comment