ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

31 May 2022

കനകധാരാ സ്തവം

കനകധാരാ സ്തവം   

ശ്ലോകം

അംഗം ഹരേഃ പുളകഭൂഷണമാശ്രയന്തീ
ഭൃംഗാംഗനേവ മുകുളാഭരണം തമാലം
അംഗീകൃതാഖില വിഭൂതിരപാംഗലീലാ
മംഗല്യദാസ്തു മമ മംഗള ദേവതായാഃ -1-
           
സാമാന്യ അർത്ഥം

മഹാവിഷ്ണുവിന്റെ രോമാഞ്ചമണിഞ്ഞ ശരീരത്തെ, പൂമൊട്ടണിഞ്ഞ പച്ചിലമരത്തെ പെൺവണ്ടെന്ന പോലെ ആശ്രയിക്കുന്നതും, സകലവിധമായ ഐശ്വര്യവും സ്വായത്തമാക്കിയതും ആയ ലക്ഷ്മീദേവിയുടെ കടക്കൺനോട്ടം എനിക്കു മംഗളം തരുന്നതാകട്ടെ....
  
ശ്ലോകം

മുഗ്ദ്ധാ മുഹുർ വിദധതീ വദനേ മുരാരേഃ
പ്രേമത്രപാ പ്രണിഹിതാനി ഗതാഗതാനി
മാലാ ദൃശോർ മധുകരീവ മഹോൽപലേ യാ
സാ മേ ശ്രിയം ദിശതു സാഗരസംഭവായാഃ -2-

സാമാന്യ അർത്ഥം

വലുതായ കരിങ്കൂവളപ്പൂവിൽ പെൺവണ്ടെന്ന പോലെ ശ്രീ മഹാവിഷ്ണുവിന്റെ മുഖത്തിൽ വീണ്ടും വീണ്ടും പ്രേമവും ലജ്ജയുമുൾക്കൊണ്ട് ഗതാഗതം (പോക്കുവരവ് ) ചെയ്തു കൊണ്ടിരിക്കുന്ന ലക്ഷ്മീദേവിയുടെ മനോഹരമായ ആ കടാക്ഷമാല എനിക്ക് സമ്പത്തേകട്ടെ....

ശ്ലോകം

ആമീലിതാർദ്ധമധിഗമ്യ മുദാ മുകുന്ദ -
മാനന്ദ മന്ദമനിമേഷമനംഗതന്ത്രം
ആകേകരസ്ഥിതകനീനിക പക്ഷ്മനേത്രം
ഭൂത്യൈ ഭവേന്മമ ഭുജംഗശയാംഗനായാഃ -3-

സാമാന്യ അർത്ഥം

വിഷ്ണുവിനെ പ്രാപിച്ച സന്തോഷം കൊണ്ട്, പകുതി കൂമ്പിയതും ആനന്ദഭാരത്താൽ അലസവും, ഇമവെട്ടാത്തതും, കാമകലാരൂപവും ആയ ലക്ഷ്മീദേവിയുടെ കോണിച്ചിരിക്കുന്ന കൃഷ്ണമണിയോടു കൂടിയ ഇമ തൂർന്ന മോഹനനേത്രങ്ങൾ എനിക്ക് ഐശ്വര്യത്തിനായി ഭവിക്കട്ടെ...


ശ്ലോകം

ബാഹ്വന്തരേ മധുജിതഃ ശ്രിത കൌസ്തുഭേ യാ
ഹാരാവലീവ ഹരിനീലമയീ വിഭാതി
കാമപ്രദാ ഭഗവതോfപി കടാക്ഷമാലാ
കല്ല്യാണമാവഹതു മേ കമലാലയായാഃ -4-

സാമാന്യ അർത്ഥം

മഹാവിഷ്ണുവിന്റെ കൌസ്തുഭരത്നമണിഞ്ഞ മാറിടത്തിൽ ഇന്ദ്രനീലക്കല്ലുകൊണ്ടുള്ള ഹാരജാലം പോലെ ശോഭിക്കുന്നതും, ഭഗവാനുപോലും സർവ്വാഭീഷ്ടവും സാധിച്ചു കൊടുക്കുന്നതും ആയ ലക്ഷമീദേവിയുടെ കടാക്ഷമാല എനിക്കു മംഗളം വരുത്തട്ടെ.

ശ്ലോകം

കാളാംബുദാളി ലളിതോരസികൈടഭാരേർ
ധാരാധരേ സ്ഫുരതി യാ തടിദംഗനേവ
മാതുഃ സമസ്തജഗതാം മഹനീയമക്ഷി
ഭദ്രാണി മേ ദിശതു ഭാർഗ്ഗവനന്ദനായാഃ - 5-

സാമാന്യ അർത്ഥം

മഹാവിഷ്ണുവിന്റെ നീലക്കാർവർണ്ണമാർന്ന മനോജ്ഞമായ മാറിൽ, കാർമേഘത്തിൽ മിന്നൽപിണർ പോലെ, യാതൊരുവൾ ശോഭിക്കുന്നുവോ, സർവ്വലോകജനനിയായ ആ ലക്ഷ്മീദേവിയുടെ മഹനീയമായ ദൃഷ്ടി എനിക്ക് മംഗളങ്ങൾ തരട്ടെ.

ശ്ലോകം

പ്രാപ്തം പദം പ്രഥമതഃ ഖലു യത് പ്രഭാവാത്
മംഗല്യഭാജി മധുമാഥിനി മന്മഥേന
മയ്യ്യാപതേത്തദിഹ മന്ഥരമീക്ഷണാർദ്ധം
മന്ദാക്ഷസാക്ഷി മകരാകര കന്യകയാഃ -6-

സാമാന്യ അർത്ഥം

മംഗളസ്വരൂപനായ വിഷ്ണുവിൽ യാതൊന്നിന്റെ പ്രഭാവം കൊണ്ടാണോ ആദ്യമായി കാമദേവന് സ്ഥാനം ലഭിച്ചതു്, ആ ലക്ഷ്മീദേവിയുടെ ലജ്ജയാകുന്ന സാക്ഷിയോടു കൂടിയതും സുന്ദരവും ആയ ആ നോട്ടത്തിന്റെ പകുതി ഭാഗമെങ്കിലും ഇവിടെ എന്റെ മേൽ പതിയ്ക്കട്ടെ. 

ശ്ലോകം

വിശ്വാമരേന്ദ്രപദവിഭ്രമദാനദക്ഷ -
മാനന്ദഹേതുരധികം മധുവിദ്വിഷോfപി
ഈഷന്നിഷീദതു മയി ക്ഷണമീക്ഷണാർദ്ധം
ഇന്ദീവരോദര സഹോദരമിന്ദിരായാഃ -7-

സാമാന്യ അർത്ഥം

വിശ്വേശപദവിയോ, അമരേന്ദ്രപദവിയോ നൽകാൻ കഴിയുന്നതും, വിഷ്ണുവിനുപോലും അധികം ആനന്ദത്തിനു കാരണവുമായ ലക്ഷമീദേവിയുടെ നീലത്താമരയുടെ അന്തർദ്ദളത്തിനു തുല്യമായ അരക്കൺനോട്ടം (കടാക്ഷം) എന്നിൽ അല്പനേരത്തേയ്ക്ക് കുറഞ്ഞൊന്നു് ഇരിയ്ക്കുമാറാകട്ടെ.

ശ്ലോകം

ഇഷ്ടാ വിശിഷ്ടമതയോfപി നരാ യയാ ദ്രാഗ്-
ദൃഷ്ടാ ത്രിവിഷ്ടപ ദിഗീശപദം ലഭന്തേ
ദൃഷ്ടിഃ പ്രഹൃഷ്ട കമലോദരദീപ്തിരിഷ്ടാം
പുഷ്ടിം കൃഷീഷ്ട മമ പുഷ്കരവിഷ്ടകായാഃ -8-

സാമാന്യ അർത്ഥം

സ്വഹിതത്തെ അനുസരിക്കുന്നവരും, ശ്രേഷ്ഠബുദ്ധികളുമായ മനുഷ്യർ പോലും ഏതൊരു കടാക്ഷത്താൽ പെട്ടെന്നു സ്വർഗ്ഗത്തിന്റേയും ,സകല ദിക്കുകളുടേയും അധീശത്വം പ്രാപിക്കുന്നുവോ, പത്മാസനയായ ആ ലക്ഷ്മീദേവിയുടെ, വിരിഞ്ഞ താമരത്താരിന്റെ അന്തർഭാഗത്തിനൊപ്പം ചേലാർന്ന കണ്ണ് എനിക്ക് അഭീഷ്ടമായ അഭിവൃദ്ധി ഉളവാക്കട്ടെ.

ശ്ലോകം

ദദ്യാദ്ദയാനുപവനോ ദ്രവിണാംബുധാരാ -
മസ്മിന്നകിഞ്ചന വിഹംഗ ശിശൌ നിഷണ്ണേ
ദുഷ്കർമ്മ ഘർമ്മമപനീയ ചിരായ ദൂരാ -
ന്നാരായണ പ്രണയിനീ നയനാംബുവാഹഃ -9-

സാമാന്യ അർത്ഥം

ദയയാകുന്ന അനുകൂലവാതത്തോടു കൂടിയ മഹാലക്ഷ്മിയുടെ കണ്ണാകുന്ന മേഘം, അടുത്തിരിക്കുന്ന ഈ ദരിദ്രനായ പക്ഷിക്കുത്തിൽ ദുഷ്കർമ്മ സന്താപത്തെ അതി ദൂരം അകറ്റി ദീർഘകാലം സമ്പത്താകുന്ന ജലധാരയെ വർഷിച്ചു തരുമാറാകട്ടെ.

ശ്ലോകം

ഗീർദേവതേതി ഗരുഡദ്ധ്വജഭാമിനീതി
ശാകംഭരീതി ശശിശേഖരവല്ലഭേതി
സൃഷ്ടിസ്ഥിതിപ്രളയസിദ്ധിഷു സംസ്ഥിതായൈ
തസ്യൈ നമസ്ത്രിഭുവനൈക ഗുരോസ്തരുണ്യൈ. -10-

സാമാന്യ അർത്ഥം

വാഗ്ദേവത എന്നും, വിഷ്ണുപത്നിയെന്നും, ശാകംഭരിയെന്നും, ശങ്കരപ്രിയയെന്നും (എന്നീ രൂപങ്ങളിൽ) സൃഷ്ടി, സ്ഥിതി, പ്രളയം, സിദ്ധി എന്നിവയ്ക്കായി വഴിപോലെ പ്രവർത്തിക്കുന്നവളായ ത്രൈലോക്യ ഗുരുവിന്റെ ആ തരുണിയ്ക്കായി നമസ്കാരം.

ശ്ലോകം

ശ്രുത്യൈ നമോfസ്തു 
ശുഭകർമ്മഫലപ്രസൂത്യൈ
രത്യൈ നമോfസ്തു 
രമണീയ ഗുണാശ്രയായൈ
ശക്ത്യൈ നമോfസ്തു ശതപത്രനികേതനായൈ
പുഷ്ട്യൈ നമോfസ്തു 
പുരുഷോത്തമവല്ലഭായൈ -11-

സാമാന്യ അർത്ഥം

സത്കർമ്മഫലങ്ങളെ പ്രസവിക്കുന്ന വേദസ്വരൂപിണിയ്ക്ക് നമസ്കാരം. രമണീയ ഗുണങ്ങൾക്ക് ആശ്രയമായ രതിസ്വരൂപിണിയ്ക്ക് നമസ്കാരം. താമരപ്പൂവിൽ വസിക്കുന്ന ശക്തിസ്വരൂപിണിയ്ക്ക് നമസ്കാരം.

ശ്ലോകം

നമോfസ്തു നാളീക നിഭാനനായൈ
നമോfസ്തു ദുഗ്ദ്ധോദധി ജന്മഭൂമ്യൈ
നമോfസ്തു സോമാമൃത സോദരായൈ
നമോfസ്തു നാരായണ വല്ലഭായൈ -12-

സാമാന്യ അർത്ഥം

താമരപ്പൂവിനു തുല്യമായ മുഖമുള്ളവൾക്ക് നമസ്കാരം.
പാലാഴിയിൽ പിറന്നവൾക്ക് നമസ്കാരം.
ചന്ദ്രന്റേയും അമൃതിന്റേയും സഹോദരിക്ക് നമസ്കാരം.
നാരായണപ്രിയക്കു നമസ്കാരം.

ശ്ലോകം

നമോfസ്തു ഹേമാംബുജ പീഠികായൈ
നമോfസ്തു ഭൂമണ്ഡല നായികായൈ
നമോfസ്തു ദേവാദി ദയാപരായൈ
നമോfസ്തു ശാർങ്ഗായുധ വല്ലഭായൈ -13-

സാമാന്യ അർത്ഥം

സ്വർണ്ണത്താമരയാകുന്ന പീഠത്തിൽ ഇരിക്കുന്നവൾക്ക് നമസ്കാരം.ഭൂമണ്ഡല നായികയ്ക്ക് നമസ്കാരം.ദേവാദികളിൽ ദയാലുവായവൾക്ക് നമസ്കാരം. ശാർങ്ഗമെന്ന വില്ല് ആയുധമാക്കിയ വിഷ്ണുവിന്റെ വല്ലഭയ്ക്ക് നമസ്കാരം,.

ശ്ലോകം

നമോfസ്തു ദേവ്യൈ ഭൃഗുനന്ദനായൈ
നമോfസ്തു വിഷ്ണോരുരസിസ്ഥിതായൈ
നമോfസ്തു ലക്ഷ്മ്യൈ കമലാലയായൈ
നമോfസ്തു ദാമോദര വല്ലഭായൈ -14-

സാമാന്യ അർത്ഥം

ഭൃഗുപുത്രിയായ ദേവിക്ക് നമസ്കാരം.വിഷ്ണവിന്റെ തിരുമാറിലിരുന്നവൾക്ക് നമസ്കാരം. താമരപ്പൂവിൽ കുടികൊള്ളുന്ന ലക്ഷ്മീദേവിക്കു നമസ്കാരം.ദാമോദരവല്ലഭയായ ദേവിയ്ക്ക് നമസ്കാരം.

ശ്ലോകം

നമോfസ്തു കാന്ത്യൈ കമലേക്ഷണായൈ
നമോfസ്തു ഭൂത്യൈ ഭുവന പ്രസൂത്യൈ
നമോfസ്തു ദേവാദിഭിരർച്ചിതായൈ
നമോfസ്തു നന്ദാത്മജ വല്ലഭായൈ -15-

സാമാന്യ അർത്ഥം

താമരപ്പൂവുപോലെയുള്ള കണ്ണുള്ള കാന്തി സ്വരൂപിണിക്ക് നമസ്കാരം. ജഗന്മാതാവായ ശ്രേയസ്വരൂപിണിക്ക് നമസ്കാരം.ദേവാദികളാൽ പൂജിയ്ക്കപ്പെട്ടവൾക്ക് നമസ്കാരം.നന്ദപുത്രന്റെ പത്നിയ്ക്കു നമസ്കാരം.

ശ്ലോകം

സമ്പത്കരാണി സകലേന്ദ്രിയനന്ദനാനി
സാമ്രാജ്യദാനവിഭവാനി സരോരുഹാക്ഷി
ത്വദ്വന്ദനാനി ദുരിതാഹരണോദ്യതാനി
മാമേവ മാതരനിശം കലയന്തു മാന്യേ -16-

സാമാന്യ അർത്ഥം

താമരക്കണ്ണുള്ള അമ്മേ, അവിടുത്തേയ്ക്കായി ചെയ്യുന്ന വന്ദനങ്ങൾ സമ്പത്തു വർദ്ധിപ്പിക്കുന്നവയും, ഇന്ദ്രിയങ്ങളെയെല്ലാം ആനന്ദിപ്പിക്കുന്നവയും, സാമ്രാജ്യവിഭവങ്ങൾ നൽകുന്നവയും, ദുരിതങ്ങളെ ഇല്ലാതാക്കുന്നവയും ആയി ഭവിക്കുന്നു. ബഹുമാന്യേ, നിരന്തരം എന്നെ അനുഗ്രഹിക്കണം.

ശ്ലോകം

സരസിജനിലയേ സരോജഹസ്തേ
ധവളതമാംശുകഗന്ധമാല്യശോഭേ
ഭഗവതി ഹരിവല്ലഭേ മനോജ്ഞേ
ത്രിഭുവനഭൂതികരി പ്രസീദ മഹ്യം -17-

സാമാന്യ അർത്ഥം

താമരപ്പൂവിൽ വസിക്കുന്നവളേ, താമരപ്പൂവ് ധരിക്കുന്നവളേ, വെള്ള വസ്ത്രം, ചന്ദനം, മാല എന്നിവയാൽ ശോഭിക്കുന്നവളേ, വിഷ്ണുപ്രിയേ, മനോഹരീ, മൂന്നു ലോകത്തിനും ഐശ്വര്യം പകരുന്നവളേ, ഭഗവതി എന്നിൽ പ്രസാദിച്ചാലും.

ശ്ലോകം

ദിഗ്ഘസ്തിഭിഃ കനകകുംഭമുഖാവസൃഷ്ട-
സ്വർവാഹിനീ വിമല ചാരുജലാപ്ലുതാംഗീം
പ്രാതർ നമാമി ജഗതാം ജനനീമശേഷ-
ലോകാധിനാഥ ഗൃഹിണീമമൃതാബ്ധി പുത്രീം. -18-

സാമാന്യ അർത്ഥം

ദിഗ്ഗജങ്ങളാൽ സ്വർണ്ണകുംഭങ്ങളാകുന്ന മുഖത്തു നിന്നു പൊഴിക്കപ്പെടുന്ന ഗംഗയിലെ നിർമ്മലവും, ചേതോഹരവുമായ ജലം കൊണ്ട് അഭിഷേകം ചെയ്യപ്പെടുന്ന ശരീരത്തോടു കൂടിയവളും, സമസ്തലോകത്തിനും നാഥനായുള്ളവന്റെ ഗൃഹിണി (കുടുംബിനി ) യും, അമൃതക്കടലിന്റെ പുത്രിയുമായ ജഗന്മാതാവിനെ ഞാൻ പ്രഭാതത്തിൽ നമസ്കരിക്കുന്നു .

ശ്ലോകം

കമലേ കമലാക്ഷവല്ലഭേ തേ
കരുണാപുരതരംഗിതൈരപാംഗൈഃ
അവലോകയ മാമകിഞ്ചനാനാം
പ്രഥമം പാത്രമകൃത്രിമം ദയായാഃ -19-

സാമാന്യ അർത്ഥം

കമലാക്ഷവല്ലഭയായ ഹേ കമലാദേവീ, അവിടുത്തെ കരുണ നിറഞ്ഞ കടാക്ഷങ്ങളെക്കൊണ്ട് ദരിദ്രൻമാരിൽ വച്ച് ഒന്നാമനും, യഥാർത്ഥത്തിൽ ദയാപാത്രവുമായ എന്നെ നോക്കേണമേ.

ശ്ലോകം

ദേവി പ്രസീദ ജഗദീശ്വരി ലോക മാതഃ
കല്യാണഗാത്രി കമലേക്ഷണജീവനാഥേ
ദാരിദ്ര്യഭീതഹൃദയം ശരണാഗതം മാം
ആലോകയ പ്രതിദിനം സദയൈരപാംഗൈഃ -20-

സാമാന്യ അർത്ഥം

ജഗത്തിന്റെ ഈശ്വരിയും, ലോകമാതാവും, മംഗളസ്വരൂപിണിയും, മഹാവിഷ്ണുവിന്റെ ജീവനാഥയുമായ അല്ലയോ ദേവി, പ്രസാദിച്ചാലും. ദാരിദ്ര്യം കൊണ്ട് ഭീതിപൂണ്ട ഹൃദയത്തോടുകൂടി ശരണം തേടിവന്ന എന്നെ ദയാപൂർണ്ണങ്ങളായ കടക്കണ്ണുകൾ കൊണ്ട് ദിവസവും നോക്കിയാലും.

ശ്ലോകം

സ്തുവന്തി യേ സ്തുതിഭിരമൂഭിരന്വഹം
ത്രയീമയിം ത്രിഭുവനമാതരം രമാം
ഗുണാധികാ ഗുരുധനധാന്യഭാഗിനോ
ഭവന്തി തേ ഭവമനുഭാവിതാശയാഃ -21-

സാമാന്യ അർത്ഥം
ഫലശ്രുതി:-

ഈ സ്തുതിവചനങ്ങൾകൊണ്ട് ദേവസ്വരൂപിണിയും, ത്രിലോകമാതാവുമായ ലക്ഷ്മീദേവിയെ ആരാണോ ദിവസവും സ്തുതിക്കുന്നത്, അവർ ഗുണോൽകൃഷ്ടരും ,ഏറെ ധനധാന്യങ്ങൾക്ക് അവകാശികളും, ലോകം അനുഭവിച്ചറിഞ്ഞവരും ( സംസാരത്തിലെ സുഖദുഃഖങ്ങൾ അനുഭവിച്ചറിഞ്ഞ് പക്വത വന്നവരും) ആയി ഭവിക്കുന്നു.

ശ്രീമത് ശങ്കരാചാര്യ വിരചിതം

No comments:

Post a Comment