മഹാരാഷ്ട്രയിലെ അഷ്ടവിനായക ദര്‍ശനം
അഷ്ടവിനായകദര്‍ശനം എന്നു കേള്‍ക്കുന്നതുതന്നെ പുണ്യമായിട്ടാണ് ഗണേശ ഭക്തര്‍ കരുതുന്നത്. അപ്പോള്‍ അഷ്ടവിനായക ദര്‍ശനം നടത്തുകയെന്നാലോ, ഇതില്‍പ്പരമൊരു ഭാഗ്യം മറ്റൊന്നില്ലെന്നേ അവര്‍ക്ക് പറയാനുണ്ടാകൂ. മഹാരാഷ്ട്രയിലെ എട്ട് ഗണപതിക്ഷേത്രങ്ങളെയാണ് അഷ്ടവിനായക ക്ഷേത്രങ്ങളെന്ന് വിശേഷിപ്പിക്കുന്നത്. മയൂരേശ്വര്‍ ക്ഷേത്രം, സിദ്ധിവിനായക ക്ഷേത്രം, ബല്ലാലേശ്വര്‍ ക്ഷേത്രം, ഗിരിജാത്മക് ക്ഷേത്രം, ചിന്താമണി ക്ഷേത്രം, വിഗ്നേശ്വര്‍ ക്ഷേത്രം, മഹാഗണപതി ക്ഷേത്രം, വരാട് വിനായക ക്ഷേത്രം എന്നിവയാണ് ഈ എട്ടുഗണപതിക്ഷേത്രങ്ങള്‍.
ഇവയെല്ലാം ഏറെക്കാലം പഴക്കമുള്ള ക്ഷേത്രങ്ങളാണ് എന്നതുതന്നെയാണ് ഇവയുടെ പ്രധാന പ്രത്യേകത. ഗണേശ, മുഗ്ദള പുരാണങ്ങളില്‍ പരാമര്‍ശിക്കപ്പെട്ടിട്ടുള്ള ക്ഷേത്രങ്ങളാണ് ഇവ. വാസ്തുവിദ്യാപരമായി ഏറെ വ്യത്യസ്തകളുള്ള ക്ഷേത്രങ്ങള്‍ എല്ലാം പലകാലങ്ങളിലായി പുനരുദ്ധരിക്കപ്പെട്ടവയാണ്. അടിയുറച്ച ഗണേശഭക്തരായിരുന്ന പേഷ്വ രാജാക്കന്മാരുടെ കാലത്താണ് ഇവയ്ക്ക് കൂടുതലായും നവീകരണപ്രവര്‍ത്തനങ്ങള്‍ നടത്തിയത്. ഹൈന്ദവമതവിശ്വാസികള്‍ ജീവിതകാലത്ത് ഒരിക്കലെങ്കിലും ഈ എട്ടു ക്ഷേത്രങ്ങളിലും ദര്‍ശനം നടത്തിയിരിക്കണമെന്നാണ് പറയുക. ദൂരദേശങ്ങളിലേയ്ക്ക് തീര്‍ത്ഥാടനം ചെയ്യാന്‍ ആഗ്രഹിയ്ക്കുന്നവര്‍ക്ക് പ്രത്യേകിച്ചും ഗണപതിയോട് ഭക്തികൂടുതലുള്ളവര്‍ക്ക് തിരഞ്ഞെടുക്കാവുന്നതാണ് അഷ്ടവിനായക ദര്‍ശനത്തിനുള്ള യാത്ര.
എട്ടുക്ഷേത്രങ്ങളും സ്വയംഭൂവാണെന്നാണ് വിശ്വാസം. ഇവിടുത്തെ ഗണപതിപ്രതിഷ്ഠകളൊന്നും തന്നെ മനുഷ്യനിര്‍മ്മിതമല്ലെന്നും ഗണപതി നേരിട്ട് ചൈതന്യം നല്‍കിയിരിക്കുന്നവയാണെന്നുമാണ് വിശ്വസിക്കപ്പെടുന്നത്.
എട്ടു ക്ഷേത്രങ്ങളും വ്യത്യസ്തങ്ങളാണ്, വ്യത്യസ്തഭാവത്തിലുള്ള ഗണപതി പ്രതിഷ്ഠയാണ് ഓരോ ക്ഷേത്രത്തിലുമുള്ളത്. ഓരോയിടത്തെയും ദര്‍ശനം വിവിധ തരത്തിലുള്ള ഗുണങ്ങള്‍ ഭക്തര്‍ക്ക് നല്‍കുമെന്നാണ് കരുതപ്പെടുന്നത്. വ്യത്യസ്തങ്ങളാണെങ്കിലും ക്ഷേത്രങ്ങള്‍ക്കെല്ലാം പൊതുവായ പലകാര്യങ്ങളും നമുക്ക് കണ്ടെത്താന്‍ കഴിയും. ഓരോ ക്ഷേത്രത്തിലെയും ഗണപതി വിഗ്രഹങ്ങളുടെയും തുമ്പിക്കൈ ഓരോ രീതിയിലാണ്. ഏഴു ക്ഷേത്രങ്ങളിലും പലതരത്തിലാണ് തുമ്പിക്കയ്യിന്റെ രീതിയെങ്കിലും എല്ലാം ഇടതുവശത്തേയ്ക്ക് ചെരിഞ്ഞാണ് അരിയ്ക്കുന്നത്.
എന്നാല്‍ സിദ്ധിവിനായക ക്ഷേത്രത്തില്‍ തുമ്പിക്കൈ വലതുവശത്തേയ്ക്ക് നില്‍ക്കുന്ന രീതിയിലാണ്. വര്‍ഷാവര്‍ഷം ഒട്ടനേകം ഭക്തര്‍ അഷ്ടവിനായക ദര്‍ശനത്തിനായി എത്താറുണ്ട്. എട്ടുക്ഷേത്രങ്ങലെയും ബന്ധപ്പെടുത്തിക്കൊണ്ട് യാത്രാസൗകര്യമൊരുക്കുന്ന ഒട്ടേറെ ടൂറിസം സ്ഥാപനങ്ങളുണ്ട്. ബസുകളിലും മറ്റു വാഹനങ്ങളിലുമായിട്ടാണ് യാത്രാസൗകര്യങ്ങള്‍ ലഭ്യമാവുക. മൂന്നുദിവസമാണ് അഷ്ടവിനായക ദര്‍ശനത്തിന് വേണ്ട സമയം. മഹാരാഷ്ട്രയിലെ പുനെ ജില്ലയിലാണ് അഷ്ടവിനായക ക്ഷേത്രങ്ങളില്‍ ആറും സ്ഥിതിചെയ്യുന്നത്. മറ്റ് രണ്ടെണ്ണം റായ്ഗഡ് ജില്ലയിലാണ്.
ബല്ലാലേശ്വര്‍ ക്ഷേത്രം
റായ്ഗഡ് ജില്ലയിലെ പാലിയിലാണ് ബല്ലാല്ലേശ്വര്‍ ക്ഷേത്രം സ്ഥിതിചെയ്യുന്നത്. എട്ട് വിനായക ക്ഷേത്രങ്ങളില്‍ വിനായകന്റെ പേരിലല്ലാതെ അറിയപ്പെടുന്ന ഒരേയൊരു ക്ഷേത്രം ഇതാണ്. സാരസ്ഗഡ് കോട്ടയ്ക്കും അംബ നദിയ്ക്കും ഇടയിലാണ് ഈ ക്ഷേത്രം സ്ഥിതിചെയ്യുന്നത്.
ശിലയില്‍ തീര്‍ത്ത സിംഹാസനത്തില്‍ ഇരിയ്ക്കുന്ന രൂപത്തിലാണ് ഇവിടുത്തെ വിനായക പ്രതിഷ്ഠ. കിഴക്കിനഭിമുഖമായിരിക്കുന്ന വിഗ്രഹത്തിന്റെ തുമ്പിക്കൈ ഇടത്തേയ്ക്കു വളഞ്ഞാണിരിക്കുന്നത്. മോദകവും കയ്യിലേന്തി നില്‍ക്കുന്ന എലിയുടെ രൂപത്തിലുള്ള മറ്റൊരു പ്രതിഷ്ഠയും ഈ ക്ഷേത്രത്തില്‍ കാണാം.
ചിന്താമണി ക്ഷേത്രം
പുനെയില്‍ നിന്നും 25 കിലോമീറ്റര്‍ അകലെ തെയൂറിലാണ് ചിന്താമണി ക്ഷേത്രം സ്ഥിതിചെയ്യുന്നത്. ദുരാഗ്രഹിയായ ഗണ രാജാവില്‍ നിന്നും എതാഗ്രഹവും സാധിച്ചുനല്‍കുന്ന അമൂല്യമായ ചിന്താമണി രത്‌നം തിരിച്ചെടുത്ത് സന്യാസിയും തന്റെ ഭക്തനുമായി കപിലയ്ക്ക് നല്‍കിയെന്ന കഥയുമായി ബന്ധപ്പെട്ടതാണ് ഈ ക്ഷേത്രത്തിന്റെ ഐതീഹ്യം. മാത്രമല്ല ആകുലനായ ബ്രഹ്മാവ് മനശാന്തിയ്ക്കായി ഇവിടെവച്ചാണ് ഗണപതിയെ പ്രാര്‍ത്തിച്ചതെന്നും വിശ്വസിക്കപ്പെടുന്നത്.
വരാട് വിനായക ക്ഷേത്രം
റായ്ഗഡ് ജില്ലയിലെ കോലാപൂര്‍ താലൂക്കിലെ മഹദ് ഗ്രാമത്തിലാണ് ഈ ക്ഷേത്രം സ്ഥിതിചെയ്യുന്നത്. ഒരു തടാകതീരത്തുനിന്നുമാണേ്രത ഇവിടുത്തെ ഗണേശ വിഗ്രഹം കണ്ടുകിട്ടിയത്. പിന്നീട് ക്ഷേത്രം പണിത് വിഗ്രഹം പ്രതിഷ്ഠിയ്ക്കുകയായിരുന്നു. പേഷ്വ രാജാക്കന്മാരുടെ കാലത്ത് പുനര്‍നിര്‍മ്മിച്ചക്ഷേത്രമാണ് ഇപ്പോഴുള്ളത്.
യാത്രാമാര്‍ഗ്ഗം
മയൂരേശ്വര്‍ ക്ഷേത്രത്തിന് തൊട്ടടുത്തുള്ള വലിയ നഗരം പുനെയാണ്. ക്ഷേത്രം സ്ഥിതിചെയ്യുന്നത് മോര്‍ഗാവിലാണ്. പുനെയില്‍ നിന്നും 80 കിലോമീറ്ററുണ്ട് മോര്‍ഗാവിലേയ്ക്ക്. പുനെ-സോളാപൂര്‍ ഹൈവേയിലാണ് യാത്രചെയ്യേണ്ടത്. ഒട്ടേറെ സര്‍ക്കാര്‍, സ്വകാര്യ ബസുകള്‍ പുനെയില്‍ നിന്നും മോര്‍ഗാവിലേയ്ക്ക് സര്‍വ്വീസ് നടത്തുന്നുണ്ട്. ജെജൂരിവഴിയും മോര്‍ഗാവിലെത്താം.
അഹമ്മദ്‌നഗര്‍ ജില്ലയിലെ സിദ്ദതെകിലാണ് ണ് സിദ്ധിവിനായക്ഷേത്രം സ്ഥിതിചെയ്യുന്നത്. പുനെ-സോളൂപൂര്‍ റെയില്‍വേ ലൈനിലുള്ള ഡൗണ്ട് ആണ് ഏറ്റവും അടുത്തുള്ള റെയില്‍വേ സ്റ്റേഷന്‍. അവിടെനിന്നും 18കിലോമീറ്റര്‍ അകലെയാണ് ക്ഷേത്രം. ഇവിടേയ്ക്ക് ടാക്‌സികളും ബസുകളുമെല്ലാം ലഭ്യമാണ്. സ്വകാര്യ ടൂര്‍ ഓപ്പറേറ്റര്‍മാര്‍ വഴിയാണ് യാത്ര പ്ലാന്‍ ചെയ്യുന്നതെങ്കില്‍ ഇടക്ക് റൂട്ട് മാറിയും ബസ് മാറിയും മറ്റുമുള്ള വിഷമതകള്‍ ഒഴിവാക്കാം.
പാലിയില്‍ സ്ഥിതിചെയ്യുന്ന ബല്ലാലേശ്വര്‍ ക്ഷേത്രം കര്‍ജാതില്‍ നിന്നും 30 കി.മി അകലെയാണ്. മുംബൈയില്‍ നിന്നാണെങ്കില്‍ ഇവിടേയ്ക്ക് 125 കിലോമീറ്റര്‍ ദൂരമുണ്ട്. മുംബൈയില്‍ നിന്നും ഖൊപോലി, പന്‍വേല്‍ എന്നീ വഴികളിലൂടെ ബല്ലാലേശ്വറിലെത്താം. മുംബൈ, പുനെ തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നും ബല്ലാലേശ്വറിലേയ്ക്ക് ഇഷ്ടംപോലെ വാഹനങ്ങള്‍ ലഭ്യമാണ്. ഇവിടെയും ടൂറിസം സ്ഥാപനങ്ങളുടെ സേവനങ്ങള്‍ ലഭ്യമാണ്.
നാസിക്- പുനെ റോഡിലാണ് ഗിരിജാത്മക് ക്ഷേത്രം. ലെന്യാദ്രിയ്ക്കടുത്തുള്ള പട്ടണം ജുന്നാറാണ്. തീവണ്ടിയിലാണ് യാത്രയെങ്കില്‍ തൊട്ടടുത്തുള്ള റെയില്‍വേ സ്റ്റേഷന്‍ പുനെയാണ്. പുനെയിലെ ശിവജിനഗറില്‍ നിന്നും മുംബൈയില്‍ നിന്നും ജുന്നറിലേയ്ക്ക് ബസ് സര്‍വ്വീസുണ്ട്.
ചിന്താമണി ക്ഷേത്രം സ്ഥിതിചെയ്യുന്ന തെയൂര്‍ ബോര്‍ ഘട്ടിന് അടുത്താണ്. മുംബൈ-ഖണ്ഡാല റോഡിലാണ് ബോര്‍ ഘട്ട് സ്ഥിതിചെയ്യുന്നത്. പനെയില്‍ നിന്നാണെങ്കില്‍ പുനെ-സോളാപൂര്‍ ഹൈവേയിലൂടെയാണ് തെയൂറിലേയ്ക്ക് യാത്രചെയ്യേണ്ടത്. പുനെയില്‍ നിന്നും മുംബൈയില്‍ നിന്നും ഇവിടേയ്ക്ക് ബസ് സര്‍വ്വീസുകളുണ്ട്.
ജുന്നാറില്‍ നിന്നും നാരായണ്‍ഗാവില്‍ നിന്നും 8 കിലോമീറ്റര്‍ അകലത്തിലാണ് വിഗ്നേശ്വര്‍ ക്ഷേത്രം സ്ഥിതിചെയ്യുന്ന ഒസ്ഹാര്‍. പുനെ-നാസിക് പാതയിലാണിത്. ഇവിടേയ്ക്ക് ഓട്ടോറിക്ഷകളും, ബസുകളുമെല്ലാം ലഭ്യമാണ്. പുനെയില്‍ നിന്നും മുംബൈയില്‍ നിന്നും ജുന്നാറിലേയ്ക്ക് ബസ് സര്‍വ്വീസുണ്ട്.
പുനെ നഗരത്തില്‍ നിന്നും 50 കിലോമീറ്റര്‍ അകല പൂനെ-നഗര്‍ ഹൈവേയിലാണ് മഹാഗണപതി ക്ഷേത്രം സ്ഥിതിചെയ്യുന്ന രന്‍ജന്‍ഗാവ്. ശിവാജി നഗര്‍ സ്റ്റാന്റില്‍ നിന്നും ഇവിടേയ്ക്ക് ഒട്ടേറെ ബസുകള്‍ ലഭിയ്ക്കും.
മുംബൈയില്‍ നിന്നും 83 കിലോമീറ്റര്‍ അകലെയാണ് വരാട് വിനായക ക്ഷേത്രമുള്ള മഹാട് എന്ന സ്ഥലം സ്ഥിതിചെയ്യുന്നത്. ഹാല്‍ഗാവ് ഗ്രാമത്തില്‍ നിന്നും വളരെ അടുത്താണ് ഈ സ്ഥലം. തീവണ്ടിമാര്‍ഗ്ഗമാണ് യാത്രയെങ്കില്‍ കാര്‍ജാത്, ഖൊപോലി എന്നിവയിലേതെങ്കിലും സ്‌റ്റേഷനില്‍ ഇറങ്ങണം. മുംബൈ-പുനെ പാതയിലാണ് ഈ രണ്ട് സ്ഥലങ്ങളും. തീവണ്ടിയിറങ്ങിയാല്‍ ക്ഷേത്രത്തിലേയ്ക്ക് ടാക്‌സികളും ബസുകളും ലഭിയ്ക്കും.
No comments:
Post a Comment