ഉപനിഷത്ത് കഥകൾ
ഭാഗം 11
ബ്രഹ്മാനന്ദം
വരുണന്റെ പുത്രനാണ് ഭ്യഗു. ഒരു ദിവസം അദ്ദേഹം പിതാവിന്റെ അടുത്തുചെന്ന് ഇപ്രകാരം പറഞ്ഞു: “അല്ലയോ പിതാവേ, സാമാന്യമായ വിദ്യാഭ്യാസം നേടിക്കഴിഞ്ഞ ഞാൻ ഒരു ആശ്രമം സ്ഥാപിച്ച് സ്വതന്ത്രനായി ജീവിക്കാൻ ആഗ്രഹിക്കുന്നു. അതിനുമുമ്പായി എനിക്ക് ബ്രഹ്മജ്ഞാനം ഉപദേശിച്ചുതന്നാലും!'' പുത്രന്റെ ജ്ഞാനം നേടാനുള്ള ആഗ്രഹം കണ്ടപ്പോൾ പിതാവിന് വലിയ സന്തോഷം തോന്നി. അദ്ദേഹം അവനോട് പറഞ്ഞു: “മകനേ, അന്നം, പ്രാണൻ, ചക്ഷുസ്സ്, ശ്രോത്രം, മനസ്സ്, വാക്ക് എന്നീ മൂർത്തികളെ ആദ്യം വിചാരം ചെയ്ത് തള്ളേണ്ടത് തള്ളിയും എടുക്കേണ്ടത് എടുത്തും നീ തപസ്സുചെയ്ത് ബ്രഹ്മജ്ഞാനം സമ്പാദിക്കണം. ''അച്ഛൻ പറഞ്ഞപ്രകാരം ഭ്യഗു ശരിയായ കാഴ്ചപ്പാടിൽത്തന്നെ തപസ്സുചെയ്ത് ജ്ഞാനം നേടാൻ ശ്രമം ആരംഭിച്ചു. അവന് സംശയമായിരുന്നു “അന്നമാണോ ബ്രഹ്മം!!? അന്നത്തിൽ നിന്ന് ഭൂതങ്ങളെല്ലാം ഉണ്ടാകുന്നു. അതിനുശേഷം അന്നംകൊണ്ട് ജീവിക്കുന്നു. അവസാനം അന്നത്തിൽ ചെന്ന് ലയിക്കുന്നു.” ഭ്യഗു പിതാവിന്റെ അടുത്തുചെന്ന് അപേക്ഷിച്ചു: “പിതാവേ, ബ്രഹ്മത്തെപ്പറ്റി പറഞ്ഞുതന്നാലും!'' അപ്പോൾ വരുണൻ അവനോടു പറഞ്ഞു: “തപസ്സാണ് ബ്രഹ്മം. അതു ചെയ്ത് ബ്രഹ്മത്തെ അറിയാൻ ശ്രമിക്കുക..'' ഭ്യഗു തപസ്സുചെയ്ത് ജ്ഞാനം നേടാൻ വീണ്ടും ശ്രമം ആരംഭിച്ചു. പിതാവ് പറഞ്ഞെങ്കിലും അവന് സംശയം മാറിയില്ല. തപസ്സുചെയ്തു കൊണ്ടിരുന്നപ്പോൾ ഭ്യഗുവിന് പ്രാണൻ ആണ്, ബ്രഹ്മമെന്ന് തോന്നി. പ്രാണനിൽ നിന്നാണല്ലോ ജീവികൾ ഉണ്ടാകുന്നത്. അതിനുശേഷം പ്രാണനെക്കൊണ്ട് ജീവിക്കുന്നു. പിന്നീട് പ്രാണനിലേക്ക് മടങ്ങിപ്പോകുകയും ഒന്നായിത്തീരുകയും ചെയ്യുന്നു. അവൻവീണ്ടും പിതാവിനോട് ആരാഞ്ഞു: “പ്രാണൻ ബ്രഹ്മമാണോ??!!''
അപ്പോഴും വരുണൻ പറഞ്ഞു: “തപസ്സുചെയ്ത് ബ്രഹ്മത്തെ അറിയുവാൻ ശ്രമിക്കുക. തപസ്സാകുന്നു ബ്രഹ്മം.” ഭൃഗു വീണ്ടും തപസ്സനുഷ്ഠിച്ചു. ബ്രഹ്മം അറിയാനുള്ള അവന്റെ ജിജ്ഞാസ പിന്നെയും വർദ്ധിച്ചു. തുടർന്നുള്ള തപസ്സിൽ മനസ്സാകുമോ ബ്രഹ്മമെന്നുള്ള സംശയം അവനിൽ ഉയർന്നുവന്നു. മനസ്സിന്റെ ചൈതന്യം സ്വന്തമെന്നവന് തോന്നി. സംശയം മാറ്റാൻ അവൻ വീണ്ടും പിതാവിനെ സമീപിച്ചു. അദ്ദേഹം മുമ്പത്തെപ്പോലെ തന്നെ വീണ്ടും ഉപദേശിച്ചു. അവൻ വീണ്ടും തപസ്സനുഷ്ഠിക്കാൻ ഒരുങ്ങിയെങ്കിലും വീണ്ടും സംശയം ഉടലെടുത്തു.
"വിജ്ഞാനമാണോ ഇനി ബ്രഹ്മം" വിജ്ഞാനത്തിൽ നിന്ന് ഭൂതങ്ങൾ ഉണ്ടാകുന്നു. വിജ്ഞാനം കൊണ്ട് ജനിച്ച് ജീവിക്കുന്നു. പിന്നീട് വിജ്ഞാനത്തിലേക്ക് മടങ്ങിപ്പോകുകയും ഒന്നായിത്തീരുകയും ചെയ്യുന്നുയെന്ന് മനസ്സിലാക്കിയ അവൻ വീണ്ടും പിതാവിനോട് അപേക്ഷിച്ചു: “എനിക്ക് ബ്രഹ്മം ഉപദേശിച്ചുതന്നാലും!'' അപ്പോഴും വരുണൻ മുമ്പത്തെപ്പോലെ തന്നെ വീണ്ടും ഉപദേശിച്ചു.
അവന്റെ അടുത്ത സംശയം ആനന്ദം ബ്രഹ്മമാണോ എന്നായിരുന്നു. ആനന്ദമയനായ പരമാത്മാവാണ് അന്നം തുടങ്ങിയ എല്ലാത്തിന്റെയും അന്തരാത്മാവാകുന്നത്. ആ പരമാത്മാവുതന്നെയാണ് എല്ലാത്തിന്റെയും ജീവാധാരവും. അപ്പോൾ അവയിലെല്ലാം ബ്രഹ്മബുദ്ധിയും ബ്രഹ്മാനന്ദവും ഉണ്ടാകുമല്ലേ. ബ്രഹ്മവിദ്യാലക്ഷണമായ ആ ആനന്ദം ദർശിക്കാനും അനുഭവിക്കാനും കഴിയുന്നു. ജീവികൾക്ക് എല്ലാം സന്തോഷത്തോടെ കഴിയാനാണ് ഇഷ്ടം. ദുഃഖത്തോടെ കഴിയാൻ ആരും ആഗ്രഹിക്കുന്നില്ല. പ്രളയകാലത്ത് ബ്രഹ്മാണ്ഡം മുഴുവൻ ആ പരമാത്മാ വിൽത്തന്നെ ലീനമാകുന്നു. അദ്ദേഹം തന്നെയാണ് എല്ലാത്തിന്റെയും ആശ്രയമെന്നും അറിയുക. ഈ മഹത്തായ ചിന്ത ഭൃഗുവിന്റെ മനസ്സിൽ വികസിച്ചപ്പോൾ അവന് പരബ്രഹ്മജ്ഞാനം വർദ്ധിച്ചു. സംശയങ്ങൾ ഓരോന്നായി അവന്റെ മനസ്സിൽ നിന്ന് ഇല്ലാതായി. അങ്ങനെ വരുണന്റെ ഉപദേശാനുസരണം ഭൃഗു ബ്രഹ്മാനന്ദം അനുഭവിച്ചുകൊണ്ട് പ്രസിദ്ധനായി വളരെക്കാലം ജീവിച്ചു. ബ്രഹ്മത്തെ അറിയുന്നവൻ അന്നം, സന്താനങ്ങൾ, മൃഗങ്ങൾ മുതലായവയാൽ സമ്പന്നമായിത്തീരുമെന്ന കാര്യത്തിൽ തർക്കമില്ല. പുത്ര - പൗത്രാദികളോടുകൂടി ആ മഹാത്മാവ് സർവ്വവിധ സമ്പത്തോടെ ജീവിതം നയിക്കും. എല്ലാ ജീവികളിലും അന്തര്യാമിയായി ജീവിക്കുന്നത് ഒരേ പരമാത്മാവുതന്നെയാണ്. അവ പല പ്രകാരത്തിലും പല രൂപത്തിലുമാകയാൽ തിരിച്ചറിയാൻ സാധാരണക്കാരന് ബുദ്ധിമുട്ടുണ്ടെന്നുമാത്രം. എന്നാൽ ഒരു ബ്രഹ്മജ്ഞാനി എളുപ്പം അത് ഗ്രഹിക്കുകയും ബ്രഹ്മനാന്ദസ്വരൂപനായി പരബ്രഹ്മത്തെ പ്രാപിക്കുകയും ചെയ്യുന്നു. ബ്രഹ്മജ്ഞാനി സർവ്വശ്രേഷ്ഠനാണ്.
തുടരും...
No comments:
Post a Comment