ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

9 September 2021

ഉപനിഷത്ത് കഥകൾ - ഭാഗം 05

ഉപനിഷത്ത് കഥകൾ

ഭാഗം 05

ജാനശ്രുതിയും രൈക്വനും

ജാനശ്രുതി എന്നൊരു രാജാവ് ഉണ്ടായിരുന്നു. അദ്ദേഹം തന്റെ രാജ്യത്ത് ധാരാളം അതിഥി മന്ദിരങ്ങളും സത്രങ്ങളും  നിർമ്മിച്ചു. തന്റെ ജനങ്ങൾ എല്ലാം സുഖമായി അന്നം ഭക്ഷിച്ചു ജീവിക്കണമെന്ന് ആഗ്രഹിച്ചു. അദ്ദേഹം വളരെ ശ്രദ്ധയോടെ ദാനധർമ്മങ്ങൾ ചെയ്യുന്നതിലും താല്പര്നായിരുന്നു. അർഹതപ്പെട്ടവനു സഹായം നൽകുന്നതിൽ അദ്ദേഹം ഒരു വിധ ലോഭവും പ്രകടിപ്പിച്ചില്ല. ജാനശ്രുതന്റെ വംശത്തിൽ പിറന്നത് കൊണ്ടാണ് അദ്ദേഹത്തിന് ജാനശ്രുതി എന്ന പേര് വന്നത്. ഒരു ദിവസം രാജാവ് മാളികയിൽ ഇരിക്കുമ്പോൾ അദ്ദേഹം കണ്ടറിയട്ടെ എന്ന് കരുതി ഒരുകൂട്ടം അരയന്നങ്ങൾ ആകാശത്തുകൂടി പറന്ന് പോയി. എന്നാൽ രാജാവ് അതൊന്നും ശ്രദ്ധിച്ചില്ല. ആ സമയം രാജാവിന്റെ ശ്രദ്ധ തങ്ങളിലേയ്ക്ക് എത്തിക്കുവാനായി ഹംസങ്ങൾ പലവിധ സംഭാഷണങ്ങളിൽ ഏർപ്പെട്ടു. "ഹേ ഭല്ലാക്ഷ, പൗത്രായണനായ ജാനശ്രുതിയുടെ തേജസ് പകൽപോലെ മണ്ണിലും വീണ്ണിലും ജ്വലിച്ചു വ്യാപിച്ചിരിക്കുന്നു. അതിന് തടസ്സം നിൽക്കാൻ നീ ശ്രമിച്ചാൽ നീ ദഹിച്ചു പോകും." ആരാണ് ആ അരയന്നങ്ങൾ? രാജാവ് നൽകിയ പുണ്യങ്ങൾ ഏറ്റുവാങ്ങിയ ഹംസ രൂപം പൂണ്ട ഋഷികളോ!! അതോ ദേവതകളോ!! "ഭല്ലാക്ഷ" എന്നുള്ള വിളി രാജാവിന്റെ ശ്രദ്ധ തിരിക്കുന്നതിനു ഹംസങ്ങൾ തെരെഞ്ഞെടുത്ത മാർഗ്ഗമായിരുന്നോ?  ജാനശ്രുതിയുടെ കീർത്തിയ്ക്കു കോട്ടം വരരുത് എന്നവർ ആത്മാർത്ഥമായി ആഗ്രഹിച്ചു. ഇത് കേട്ട ഭല്ലാക്ഷന് കാര്യം പിടികിട്ടി. അദ്ദേഹം ചിരിച്ചുകൊണ്ട് ചോദിച്ചു. "ഹേ നിങ്ങൾ ഇങ്ങനെ ഒക്കെ പുകഴ്ത്തി പറയാൻ ജാനശ്രുതിയ്ക്കു എന്തെങ്കിലും മഹത്വമുണ്ടോ. രൈക്വൻ ധർമ്മുഷ്ടനും മഹാ പണ്ഡിതനുമാണ്. അദ്ദേഹവുമായി ഇദ്ദേഹത്തെ തുലനം ചെയ്യുവാൻ ആകുമോ?" അരയന്നങ്ങളുടെ സംഭാഷണം കേട്ട രാജാവ് അതീവ ദുഃഖിതനായി! അദ്ദേഹം ചിന്തയിൽ ആണ്ടു. ആരാണീ രൈക്വൻ!?

ജാനശ്രുതി രാത്രി മുഴുവൻ അസ്വസ്ഥനായി കഴിച്ചുകൂട്ടി. രാജാവിന്റെ സ്തുതി പാഠനത്തിനായി നിയോഗിക്കപ്പെട്ട ക്ഷത്താവ് (സ്തുതിപാഠകൻ) പതിവുപോലെ അവിടേക്ക് എത്തി. രാജാവിന്റെ മുഖം കണ്ടമാത്രയിൽ തന്നെ എന്തോ പന്തികേടുണ്ട് എന്ന് അയാൾക്ക്‌ തോന്നി. എങ്കിലും അതൊന്നും പുറത്ത് കാണിക്കാതെ അയാൾ രാജാവിന്റെ മുഖം വാടിയിരിക്കുന്നതിന്റെ കാരണം ചോദിച്ചറിഞ്ഞു. രാജാവ് ക്ഷത്താവിനോട് പറഞ്ഞു, ഇന്നു മുതൽ നീ എന്റെ കഴിവുകൾ പറഞ്ഞു എന്നെ സ്തുതിക്കണ്ട. പകരം ഈ ലോകത്ത് എന്നേക്കാൾ കേമനായ രൈക്വനെ കണ്ടുപിടിച്ചു കൊണ്ട് വരൂ. രാജകല്പന പോലെ സ്തുതിപാഠകൻ രൈക്വനെ അന്വേഷിച്ചു ഉള്ള യാത്ര തുടങ്ങി. ഒടുവിൽ അങ്ങനെ ഒരാളെ തനിക്കു കണ്ടെത്താൻ ആയില്ല എന്ന് പറഞ്ഞു ക്ഷത്താവ് രാജാവിനെ വന്ന് മുഖം കാണിച്ചു.  അപ്പോൾ രാജാവ് പറഞ്ഞു നീ ഒരുപക്ഷെ നമ്മുടെ പട്ടണപ്രദേശത്തു മാത്രമേ അന്വേഷിച്ചിട്ടുള്ളു. നീ മറ്റു നഗരങ്ങളിലും ഗ്രാമങ്ങളിലും പോയി അന്വേക്ഷിച്ചു നടന്നാൽ പോലും ചിലപ്പോൾ അങ്ങനെ ഒരാളെ കാണണം എന്നില്ല. ഒരുപക്ഷെ ബ്രഹ്മജ്ഞനികൾ ഏകാന്തമായ ഇടങ്ങളിൽ നദീതീരത്തോ പർവത പ്രദേശങ്ങളിലോ പോയി അന്വേഷിച്ചു കണ്ടുപിടിക്കുക. ജാനശ്രുതി രാജാവിന്റെ നിർദ്ദേശപ്രകാരം ക്ഷത്താവ് വീണ്ടും രൈക്വനെ അന്വേഷിച്ചു യാത്ര തുടങ്ങി. അവസാനം അയാൾ രാജാവ് പറഞ്ഞ രൈക്വനെ കണ്ടെത്തി. ഒരു വിജന പ്രദേശത്തു ഒരു കാളവണ്ടിയുടെ കീഴിൽ ചൊറിഞ്ഞു കൊണ്ടിരിക്കുന്ന ഒരുവനെ ക്ഷത്താവ് കണ്ടു. ആരാണ് താങ്കൾ!? സ്തുതിപാഠകൻ അടുത്തുചെന്നു. പക്ഷെ അയാൾ ഒരേഒരിപ്പാണ്! തനിക്ക് ചുറ്റും നടക്കുന്ന കാര്യങ്ങളിൽ ഒന്നും ശ്രദ്ധിക്കാതെ ഇടയ്ക്കിടയ്ക്ക് ശരീരത്തിൽ ചൊറിഞ്ഞു കൊണ്ട് ഇരിക്കുന്നു. ക്ഷത്താവ് അയാളോട് പലതവണ ചോദിച്ചു ഹേയ്, താങ്കളുടെ പേരാണോ രൈക്വൻ. അപരിചിതൻ സ്തുതിപാഠകന് നേർക്ക് കണ്ണു തുറന്ന് നോക്കി കൊണ്ട് പറഞ്ഞു. അതേ ഞാൻ തന്നെ ആണ് രൈക്വൻ. അയാൾ സമ്മതിച്ചു. പിന്നെ ഒന്നും സംസാരിച്ചില്ല ശരീരത്തിൽ അവിടവിടെ ചൊറിയാൻ തുടങ്ങി. അവിടെ നിന്നും ക്ഷത്താവ് ഓടിപ്പോയി രാജാവിനോട് താൻ രൈക്വനെ കണ്ട കാര്യം പറഞ്ഞു...

രാജാവിനു സന്തോഷമായി. അദ്ദേഹം രൈക്വനെ കൂട്ടികൊണ്ടുവരാൻ പരിവാര സമേതം പുറപ്പെട്ടു. കൂട്ടത്തിൽ അറുനൂറ് പശുക്കളെയും അദ്ധേഹത്തിന്റെ കഴുത്തിൽ അണിയിക്കുവാൻ ഒരു രത്നമാലയും അദ്ദേഹത്തിന് സഞ്ചരിക്കാൻ രഥവും കാഴ്ചയായി ധാരാളം ധനവുമായി രൈക്വന്റെ അടുത്തെത്തി. രൈക്വനാകട്ടെ ഇതൊന്നും കണ്ടിട്ടും കേട്ടിട്ടും രാജാവിന്റെ മുഖത്തേയ്ക്കു ഒന്ന് നോക്കാൻ പോലും കൂട്ടാക്കാതെ ഒരേ ഒരിരിപ്പാണ്. അദ്ദേഹം മറ്റെന്തോ ചിന്തിച്ചു കൊണ്ടേയിരുന്നു. രാജാവ് പറഞ്ഞു. ഹേ രൈക്വ, ഈ രഥവും പശുക്കളും ധനവും ഈ രത്നമാലയും എല്ലാം അങ്ങേയ്ക്കുള്ളതാണ്. ദയവായി സന്തോഷവാനായാലും. അങ്ങ് ഉപാസിക്കുന്ന ദേവതയാരെന്നും അതിനുള്ള ഉപാസനാ മന്ത്രവും എനിക്ക് ഉപദേശിച്ചു തന്നാലും. "രൈക്വൻ മറുപടി ഒന്നും പറഞ്ഞില്ല. അല്പസമയത്തിന് ശേഷം രൈക്വൻ അദ്ദേഹത്തിന്റെ മുന്നിൽ സമർപ്പിച്ച എല്ലാം തന്നെ രാജാവിന് തിരികെ കൊടുത്തു. പക്ഷെ രാജാവ് നിരാശനായില്ല അദ്ദേഹം ആയിരം പശുക്കളെയും ധനധാന്യവും എന്തിന് അദ്ദേഹം സ്വന്തം മകളെ കൂടി രൈക്വന് ഭാര്യയായി സമ്മാനിച്ചു. ഇവയെല്ലാം സ്വീകരിച്ചു രൈക്വൻ രാജാവിന് വിദ്യ ഉപദേശിച്ചു കൊടുത്തു. അതിന് ശേഷം രൈക്വൻ രാജാവിനോട് പറഞ്ഞു. "വായുവാണ് എല്ലാം തന്നിലേക്ക് ലയിപ്പിക്കുന്നവൻ. തീയും, സൂര്യനും ചന്ദ്രനും ജ്യോതിസ്സും എല്ലാം വായു തന്നിലേക്ക് ലയിപ്പിക്കുന്നു. അതുകൊണ്ട് തന്നെ വായുവാണ് ദേവന്മാരിൽ സമുന്നതൻ." രൈക്വനിൽ നിന്ന് ബ്രഹ്മവിദ്യ സ്വീകരിച്ച രാജാവ് രൈക്വന് രൈക്യപർണ്ണം എന്ന ഗ്രാമവും സമ്മാനിച്ചു. വായുവിനെയും പ്രാണനെയും തന്റെ ആത്മാവായി സാക്ഷത്കരിക്കുന്ന ഏതൊരുവനും ഈ ലോകത്തെ മുഴുവൻ കൃത്യമായി തിരിച്ചറിയാൻ സാധിക്കും എന്ന സത്യം രാജാവിന് രൈക്വനിൽ നിന്ന് ഇപ്രകാരം ലഭിച്ചു..

തുടരും...

No comments:

Post a Comment