ഉപനിഷത്ത് കഥകൾ
ഭാഗം 02
വിശപ്പിന് അയിത്തമില്ല
ഒരിക്കൽ അതിവർഷവും വെള്ളപ്പൊക്കവും മൂലം കുരുദേശം ആകെ കഷ്ടപ്പാടിലായി. ഇടിമിന്നറ്റ് ധാരാളം ജീവജാലങ്ങൾക്ക് നാശം സംഭവിച്ചു. സസ്യങ്ങൾ ചീഞ്ഞഴുകി, വന്മരങ്ങൾ കടപുഴകി, പുഴകളും താടാകങ്ങളും എല്ലാം കരകവിഞ്ഞു. കുരുദേശ നിവാസികൾ പ്രകൃതിക്ഷോഭത്താൽ ആകെ വലഞ്ഞു. സർവത്ര ദാരിദ്ര്യം നടമാടി. ഒരുനേരത്തെ ഭക്ഷണം പോലും കിട്ടാതെ ജനം ആകെ വലഞ്ഞു. എങ്ങനെ ജീവിക്കും? ആർക്കും ഒരെത്തും പിടിയും കിട്ടുന്നുണ്ടായിരുന്നില്ല!ചക്രമുനിയുടെ പുത്രനായിരുന്നു ഉഷസ്തി. പട്ടിണിമൂലം അദ്ദേഹവും ഭാര്യയും വല്ലാതെ കഷ്ടപ്പെട്ടു അലഞ്ഞു തിരിഞ്ഞു. അവരുടെ യാത്രയ്ക്കിടയിൽ ഉഷസ്തി ഒരുതരം ഉഴുന്നു നിന്നുകയായിരുന്ന ഒരു ആനയെയും കൊണ്ടുനടക്കുന്ന ആളെ കണ്ടു. അയാൾ ആനക്കാരനാണോ? അതോ ആന മുതലാളി ആണോ? മനസ്സിലായില്ല! ഉഷസ്തി അദ്ദേഹത്തിന്റെ അടുത്ത് ചെന്നു. അദ്ദേഹത്തിന്റെ വായ് അനങ്ങി എന്തോ തിന്നുന്നു എന്ന് മനസ്സിലാക്കിയ ഉഷസ്തി അയാളോട് ഭിക്ഷ യാചിച്ചു. അതുകേട്ട ആൾ പറഞ്ഞു, "അയ്യോ ക്ഷമിക്കണം! ഇത് ഞാൻ ഭക്ഷിച്ചതിന്റെ ഉച്ചിഷ്ടമാണ്. എന്റെ ഉച്ചിഷ്ടം അങ്ങയെ പോലെ ഉള്ള ഒരാൾക്ക് നൽകുന്നത് ശരിയുമല്ല. അങ്ങയുടെ വിശപ്പടക്കാൻ ഇനി മറ്റെന്തെങ്കിലും നൽകാമെന്ന് വച്ചാൽ ഇനി ഇവിടെ ഒന്നും ഇരിപ്പില്ല. ദയവായി എന്നോട് ക്ഷമിക്കുക. എന്നോട് കോപിക്കരുത്. ഈ അവസരത്തിൽ ഞാൻ തികച്ചും നിസ്സഹായനാണ്." അദ്ദേഹത്തിന്റെ വാക്കുകൾ കേട്ടപ്പോൾ ചക്രപുത്രൻ വിശപ്പ് സഹിക്കാനാവാതെ അയാളോട് വീണ്ടും ഭിക്ഷ യാചിച്ചുകൊണ്ടേയിരുന്നു. "എനിക്ക് വിശന്നിട്ടു ഒന്ന് നിവർന്നു നിൽക്കുവാൻ പോലും ആവുന്നില്ല! അങ്ങയുടെ ഭക്ഷണത്തിൽ നിന്ന് കുറച്ചു ഭാഗം എനിക്ക് നൽകി സഹായിക്കൂ. ഞാൻ എന്റെ വിശപ്പ് ഒന്നടക്കട്ടെ!" ഉഷസ്തിയുടെ കണ്ണുകൾ നിറഞ്ഞു. അയാൾക്ക് നേർക്ക് വീണ്ടും ഉഷസ്തി കൈനീട്ടി. പാവം! എന്ന് പറഞ്ഞു അയാൾ കുറച്ചു ഭക്ഷണം ഉഷസ്തിയ്ക്കു നൽകിക്കൊണ്ട് പറഞ്ഞു. "ഇനി ഞാൻ വിചാരിച്ചാൽ ഒരു മാർഗ്ഗവും ഇല്ല. വിശപ്പ് അടങ്ങിയില്ല എങ്കിൽ കുറച്ചു വെള്ളം കുടിക്കാൻ തരാം!!"
അയാൾ ഒരു പാത്രത്തിൽ കുറച്ച് വെള്ളവും എടുത്തുകൊണ്ടുവന്നു ഉഷസ്തിയുടെ നേർക്ക് നീട്ടി. "എന്താ ഇതും ഉച്ചിഷ്ടമല്ലേ?" -വെള്ളം സ്വീകരിക്കാതെ ഉഷസ്തി പറഞ്ഞു. "സാധാരണ ബ്രാഹ്മണർ മാഷം കഴിക്കില്ല എങ്കിലും, മാഷം ഭക്ഷിച്ചില്ലായിരുന്നു എങ്കിൽ എന്റെ ജീവിതം അപ്പോഴേ അവസാനിക്കുമായിരുന്നു. ഒരു നിവൃത്തിയും ഇല്ലങ്കിൽ ഉച്ചിഷ്ടവും ഭൂജിക്കാം എന്നാണ് വിധി." ഉഷസ്തി ആനക്കാരൻ നൽകിയ മാഷം കുറച്ചു ഭക്ഷിച്ചശേഷം ബാക്കിയുള്ളത് തന്റെ ഭാര്യയ്ക്കായി പൊതിഞ്ഞെടുത്തു. വെള്ളം ഉഷസ്തി കൈകൊണ്ടു തൊടുക പോലും ചെയ്തില്ല! അത് വേറെ കിട്ടാൻ ബുദ്ധിമുട്ടില്ല എന്നായിരുന്നു ഉഷസ്തിയുടെ കണക്കുകൂട്ടൽ. ഉഷസ്തി താൻ ഭാര്യക്കായി കൊണ്ടുവന്ന മാഷം ഭാര്യയ്ക്ക് നൽകി എങ്കിലും. ഉഷസ്തിയുടെ ഭാര്യ അവരുടെ നിലയ്ക്ക് ഭിക്ഷ എടുത്തു കിട്ടിയ വക കൊണ്ട് വയറു നിറച്ചിരുന്നു. അതുകൊണ്ട് തന്നെ ഉഷസ്തി കൊണ്ടുവന്ന മാഷം പൊതിഞ്ഞു പിന്നീട് ഭക്ഷിക്കാനായി അവരുടെ മാറപ്പിൽ സൂക്ഷിച്ചു. പിറ്റേന്ന് നേരം വെളുത്തു. ഉഷസ്തി എഴുന്നേറ്റു ചിന്തയിലാണ്ടു. "ഇന്ന് വല്ല ഭക്ഷണവും കിട്ടുമോ ആവോ? എന്തെങ്കിലും കഴിക്കാൻ കിട്ടിയിരുന്നെങ്കിൽ നാന്നായിരുന്നു. രാജാവ് ഒരു യാഗം ആരംഭിക്കുന്ന ദിവസം ആകയാൽ രാജസന്നിധിയിൽ പോകുവാൻ ഉഷസ്തി തീരുമാനിച്ചു. തനിക്ക് യാഗത്തിൽ പങ്കെടുക്കാൻ കഴിഞ്ഞാൽ ധാരാളം ദക്ഷിണ ലഭിക്കും. മാത്രവുമല്ല തന്റെ പിതാവിന്റെ സ്ഥിതി അനുസരിച്ചും, തന്റെ അറിവിന്റെ കണക്കുകൾ നോക്കിയും മിക്കവാറും തന്നെ യാഗത്തിന്റെ ഋതിക്ക് ആക്കി മാറ്റാനും മതി." ഉഷസ്തി മനക്കോട്ട കെട്ടി. അപ്പോഴാണ് അദ്ദേഹത്തിന്റെ ഭാര്യ അടുത്ത് വന്നത്. അവൾ അദ്ദേഹത്തെ ഓർമ്മപ്പെടുത്തി "ഇന്നലെ കൊണ്ടുവന്ന മാഷം കുറച്ച് ബാക്കി വച്ചിട്ടുണ്ട്." എങ്കിൽ അതിങ്ങോട്ട് എടുത്തോളൂ, അത് കഴിച്ചിട്ട് രാജസന്നിധിയിലേയ്ക്ക് പോകാം. മാഷം കഴിച്ചാൽ നല്ല ഉണർവാണ്!" അങ്ങനെ ഉച്ചിഷ്ടം തന്നെ വീണ്ടും അദ്ദേഹം കഴിച്ചു വിശപ്പടക്കി. രാജാസന്നിധിയിലെ യാഗശാലയിൽ പ്രവേശിച്ചു. അദ്ദേഹം അവിടെ സ്തുതി പാഠം ചൊല്ലുന്ന ഉദ്ഗാതാക്കളുടെ അടുത്ത് ചെന്നു. എന്നിട്ട് പ്രസ്തോതാവിനോട് ചോദിച്ചു, "പ്രസ്ഥാവാതിൽ അനുഗതമായിരിക്കുന്ന ദേവത ആരാണ്?" അവിടെ കൂടിയിരുന്ന ബ്രാഹ്മണ ശ്രേഷ്ഠന്മാർക്കു ഉഷസ്തിയുടെ ചോദ്യത്തിന് ഉത്തരം നൽകുവാനായില്ല. കർമ്മികൾ എല്ലാം കർമ്മങ്ങൾ നിർത്തിവച്ചു മൗനികൾ ആയി. ആരും ഒന്നും മറുപടി പറഞ്ഞില്ല! അവർ കർമ്മങ്ങളിൽ നിന്ന് വിരമിച്ചു. രാജാവ് ഇതെല്ലാം കാണുന്നുണ്ടായിരുന്നു. അദ്ദേഹം ഉഷസ്തിയെ വിളിച്ച് കാര്യങ്ങൾ തിരക്കി. "അങ്ങ് ആരാണ്?" "ഞാൻ ഉഷസ്തി!" ഇതുകേട്ട രാജാവ് ചക്രപുത്രനെ നമസ്കരിച്ചു യാഗത്തിന്റെ ചുമതല നൽകി. രാജാവ് ഉഷസ്തിയോട് പറഞ്ഞു. ഞാൻ അങ്ങയ്ക്കു ആളയച്ചിരുന്നു, പക്ഷെ എന്റെ പ്രതിനിധിയ്ക്കു അങ്ങയെ നേരിൽ കാണുവാൻ സാധിച്ചില്ല! അങ്ങനെ ആണ് മറ്റുള്ളവർ പറഞ്ഞ കാർമ്മികനെ നിശ്ചയിച്ചത്. അങ്ങനെ ഉഷസ്തിയുടെ നേതൃത്വത്തിൽ അവിടെ യാഗം നടത്തി. അവിടെ ക്ഷണിതാക്കൾ ആയി വന്ന കർമ്മികൾ ഉഷസ്തിയുടെ മേൽക്കോയ്മ അംഗീകരിച്ചു. അവിടുത്തെ പ്രഭാഷണത്തിൽ അദ്ദേഹം തന്റെ വിശപ്പിന്റെ അനുഭവം എല്ലാവരോടും പങ്കു വച്ച് അദ്ദേഹത്തിന്റെ വാദം പണ്ഡിതന്മാർ അംഗീകരിച്ചു. രാജാവിന്റെ ആവശ്യപ്രകാരം ഉഷസ്തി പ്രസ്താവാം, ഉദ്ഗീഥാ, പ്രതിഹാരം എന്നിവയുടെ ദേവതകൾ യഥാക്രമം പ്രാണൻ, സൂര്യൻ, അന്നം എന്നിവർ ആണെന്ന് ഉപദേശിച്ചു. വിശപ്പ് സഹിക്കാൻ സാധിക്കുന്നില്ല എങ്കിൽ ഉച്ചിഷ്ടം ഭൂജിക്കിൽ പാപമല്ല എന്ന് തെളിയിച്ച് യാഗം സമംഗളം പര്യവസാനിച്ചു. യാഗ പൂർത്തീകരണത്തോടെ പേമാരി മാറി രാജ്യം സാമ്പുഷ്ടമായി എന്ന് രേഖപ്പെടുത്തിയിരിക്കുന്നു...
തുടരും...
No comments:
Post a Comment