ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

12 January 2021

തപസ്സ് എന്നാൽ എന്താണ്.?

തപസ്സ് എന്നാൽ എന്താണ്.?

സനാതന ധർമ്മ ഗ്രന്ഥങ്ങളൊക്കെയും തപസ്സിനെ കുറിച്ച് പറഞ്ഞിട്ടുണ്ട്.
ഇവിടെ ലളിതമായി അതിനെ നിർവ്വചിക്കുകയാണ്.
ഒരുവ്യക്തി സദാ.. വാക്കുകൊണ്ടും, മനസ്സുകൊണ്ടും, പ്രവൃത്തി കൊണ്ടും ഒരു ലക്ഷ്യത്തിനു വേണ്ടി പരിശ്രമിക്കുന്നതിനെ തപസ്സ് എന്നു പറയാം. ഏതു വ്യവഹാരങ്ങൾക്കിടയിലും തന്റെ ലക്ഷ്യത്തെ മനസ്സിൽ നിന്ന് വിടാതെ കൊണ്ടു നടക്കൽ തന്നെ തപസ്സ്. തന്റെ ലക്ഷ്യ പൂർത്തികരണത്തിനു വേണ്ടി അന്തരംഗത്തെ ഊർജ്ജ്വസ്വലമാക്കി നിർത്തൽ തന്നെ.അദ്ധ്യാത്മികമായി മാത്രമാണോ തപസ്സു ചെയ്യുന്നത് മനുഷ്യൻ എന്നു ചോദിച്ചാൽ അല്ല എന്നു പറയാം. ഈശ്വരീയമായ തപസ്സു തന്നെ ഒരേ ലക്ഷ്യത്തിനല്ല പലപ്പോഴും പലരും ചെയ്യുന്നത്. ഹ്രസ്വമായ, താത്കാലികമായ ലക്ഷ്യങ്ങൾക്കു വേണ്ടി തപസ്സു ചെയ്യുന്നവരും, പരമ ലക്ഷ്യമായ മുക്തിയെ സാധിക്കാൻ വേണ്ടി ദീർഘമായി തന്നെ, ആത്മവിചാരത്തോടെ തപസ്സിൽ ഏർപ്പെടുന്നവരുണ്ട്.

ഗൃഹസ്ഥൻമാർ, തങ്ങളുടെ ഓരോ സമയത്തും, പലവിധ ഐശ്വര്യങ്ങൾക്ക് വേണ്ടി ദേവതകളെ പല വിധത്തിൽ ഉപാസിക്കുന്നതും, പ്രാർത്ഥിക്കുന്നതും, വ്രതങ്ങൾ എടുക്കുന്നതും എല്ലാം താത്കാലിക ലക്ഷ്യ പൂർത്തികരണത്തിനു വേണ്ടിയുള്ള തപസ്സുകളാണ്. ഓരോ ലക്ഷ്യവും നേടുന്നതോടെ, അങ്ങനെയുള്ളവർ, അടുത്ത ലക്ഷ്യത്തെ സാധിക്കാൻ പരിശ്രമിച്ചുകൊണ്ടിരിക്കുന്നു. അങ്ങനെയുള്ള തപസ്സുകളുടെ ഫലവും താത്കാലിക ആനന്ദത്തെ പ്രദാനം ചെയ്യുന്നുണ്ട്. സ്ഥായിയായ ആനന്ദ പ്രാപ്തിക്ക്, ദുഃഖ നിവൃത്തിയ്ക്ക് ഇത്തരം തപസ്ചര്യങ്ങൾ പ്രയോജനപ്പെടുന്നില്ല എന്നു മാത്രം.

അതുപോലെ പല വിധ രോഗങ്ങളാൽ കഷ്ടപ്പെടുന്നവരും, രോഗമുക്തിയ്ക്കായി ഈശ്വര പ്രാർത്ഥനയിലൂടെ, ദേവതകളെ ആശ്രയിക്കുന്നതും തപസ്സു തന്നെയാണ്. ഇവിടെയെല്ലാം ആവശ്യം സാധിക്കുന്നതോടെ തത്കാല തൃപ്തി അനുഭവിക്കുകയും പിന്നീട് വ്രതചര്യകൾ വിടുകയും ചെയ്യുന്നത് കാണാം.

അതുപോലെ തന്നെ ആസുരിക ബുദ്ധിയുള്ളവർ, ഇന്ദ്രിയ സുഖങ്ങളിൽ രമിച്ചു കഴിയാൻ ആഗ്രഹിക്കുന്നവർ, സ്വാർത്ഥ താത്പര്യങ്ങൾക്ക് വേണ്ടി, എല്ലാം തങ്ങളുടെ അധീനതയിലാക്കാൻ ആഗ്രഹിക്കുന്നവർ, മറ്റുള്ളവരുടെ നാശത്തിലൂടെയായാലും തന്റെ അധീശത്വവും, അപ്രമാദിത്വവും വർദ്ധിപ്പിച്ച് സുഖലോലുപരായി കഴിയാം, എന്ന ധാരണയിൽ തപസ്സു ചെയ്യുന്നവരുമുണ്ട്.

പുരാണങ്ങളിൽ നോക്കിയാൽ അസുരൻമാർ മുഴുവൻ കൂടുതൽ ശക്തരാവാൻ വേണ്ടി തപസ്സു ചെയ്തവരാണ്. അതായത് ഒരോരുത്തരിലും ഉള്ള കർമ്മവാസനകൾക്കനുസരിച്ച്, ത്രിഗുണങ്ങളുടെ ആധിക്യമനുസരിച്ച് തപസ്സുകളും വ്യത്യാസപ്പെട്ടുകൊണ്ടിരിക്കുന്നു.
ഒരു വിദ്യാർത്ഥി, ഗവേഷകൻ, കലാകാരൻമാർ തുടങ്ങിയവരും തപസ്സു തന്നെയാണ് ചെയ്യുന്നത്. തങ്ങളുടെ ഇഷ്ട വിഷയങ്ങളിൽ പ്രാവീണ്യം നേടാൻ അവർ അതിൽ തന്നെ സദാശ്രദ്ധയെനിലനിർത്തുകയാണ്. വാക്കുകൊണ്ടും, മനസ്സുകൊണ്ടും, പ്രവത്തി കൊണ്ടും തപസ്സനുഷ്ഠിക്കുന്നവരുണ്ട്.
പല വിധ ദാരിദ്ര്യ ദു:ഖങ്ങളിൽ വലയുന്നവരെ, സഹജീവികളെ, എല്ലാം സദാ ശ്രദ്ധയോടെ പരിപാലിക്കുന്നവരുണ്ട്, അതും തപസ്സു തന്നെയാണ്. സഹജീവികളുടെ സുരക്ഷയും, രാജ്യത്തിന്റെ സുരക്ഷയും സദാ ചിന്തിച്ച് കർമ്മനിരതരായി രാവും പകലും ശ്രദ്ധയോടെ വർത്തിക്കുന്നവരും, ശാസ്ത്രജ്ഞരും തപസ്സു തന്നെയാണ് ചെയ്യുന്നത്. ഇവരിലൊക്കെ ഈശ്വരനെ ആശ്രയിക്കുന്നവരും, അല്ലാത്തവരും ഉണ്ടായേക്കാം, പക്ഷെ അതുകൊണ്ട് അതൊന്നും തപസ്സല്ലെന്ന് പറയാൻ കഴിയില്ല. നിരന്തരമായി ലോക വിഷയങ്ങൾക്ക് വേണ്ടിയുള്ള ശ്രദ്ധയോടെയുള്ള കർമ്മങ്ങളൊക്കെയും തപസ്സാണ്. എന്നാൽ ശാശ്വതമായ ശാന്തിയ്ക്ക് ഇത്തരം തപസ്സുകൾ പ്രയോജനപ്പെടണമെന്നില്ല. കാരണം ഇന്ദ്രിയ വ്യാപാരങ്ങൾ അടങ്ങാത്തതു കാരണം, മനസ്സും അടങ്ങുന്നില്ല, അതിനാൽ കാമ ക്രോധ ലോഭ മോഹമദ മത്സര്യങ്ങളും അടങ്ങുന്നില്ല. ശാശ്വതമായ ദുഃഖ നിവൃത്തിയും സാധിക്കുന്നില്ല. പുണ്യകർമ്മങ്ങൾക്ക് അതിന്റേതായ ഗുണങ്ങൾ സഞ്ചയിച്ചു വയ്ക്കാനും, പാപകർമ്മങ്ങൾക്ക് അതിന്റ ഗുണങ്ങൾ സഞ്ചയിച്ചു വയ്ക്കാനും സാധിക്കും. യാതൊന്നും ആഗ്രഹിക്കാതെ, ഈശ്വരസാക്ഷാത്കാരത്തെ മാത്രം ലക്ഷ്യമാക്കി ചെയ്യുന്ന തപസ്സാണ് ഏറ്റവും, കഠിനവും, ഉത്തമവും. അത് പ്രാരാബ്ധ കർമ്മഫലമായി ചിലപ്പോൾ ദീർഘമായി തന്നെ ഭവിക്കുകയും ചെയ്യാം. ആത്മവിചാരത്തിൽ സദാ ശ്രദ്ധയോടെ വർത്തിക്കുന്നതാണ് ജ്ഞാനതപസ്സ്. അത് നമ്മെ എപ്പോഴെങ്കിലും, ഈ ജന്മത്തിലല്ലെങ്കിൽ അടുത്ത ജന്മത്തിലെങ്കിലും സമ്പൂർണ്ണമായ, ശാശ്വതമായ ദുഃഖനിവൃത്തിയിലെത്തിക്കും. അതു തന്നെ മോക്ഷം, ജീവൻ മുക്തി, സംസാരനാശം. അതിന് പൂർവ്വജന്മസുകൃതം തന്നെ വേണം എന്നു ഗുരുപരമ്പരകൾ ഉറപ്പിച്ചു പറഞ്ഞിരിക്കുന്നു.

No comments:

Post a Comment