ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

11 January 2021

ഋഭു

ഋഭു

തപസ്സു ചെയ്ത് ദേവത്വം സിദ്ധിച്ച ഗണദേവതകളെയാണ് ഋഭുക്കൾ എന്നു വിളിക്കുന്നത്.

ദേവന്മാർ ഇവരെ ആരാധിക്കുന്നു. ബ്രഹ്മ പുത്രനായ അംഗിരസ്സിൻറെ പുത്രൻ സുധന്വാവിന് ഋഭു, വിദ്വാവ്, വാജൻ എന്നിങ്ങനെ സന്തതികൾ പിറന്നു.  ഇവരത്രെ ഋഭുക്കൾ. ഋഭുക്കൾ നിരവധി അത്ഭുത കർമ്മങ്ങൾ നിർവ്വഹിച്ചതായി കഥകളുണ്ട്.

എന്നാൽ ഋഭു എന്ന പ്രാചീനമഹർഷിയുടെ വിശദമായ കഥ, അദ്ദേഹത്തിന്റെ ശിഷ്യനും പുലസ്ത്യ പുത്രനും ബ്രാഹ്മണശ്രേഷ്ഠനുമായ നിദാഘനുമായി ബന്ധപ്പെട്ടതാണ്. നിദാഘൻ, ഗുരുവായ ഋഭുവിൽ നിന്നും എല്ലാ അറിവും നേടിക്കഴിഞ്ഞുവെന്നു കരതുമ്പോഴും ജീവാത്മാവും പരാമാത്മാവും ഒന്നു തന്നെ എന്ന അദ്വൈതസിദ്ധാന്തത്തിനോട് വിമുഖത കാണിച്ചു. "ഏകത്തെ നോക്കീടുമാനന്ദമദ്വൈതാനന്ദ" മെന്ന തത്ത്വത്തെ ഗുരു മുറുകെപ്പിടിച്ചപ്പോൾ നിദാഘനാകട്ടെ ഗുരുവിൽ നിന്നകന്നുമാറി.
ആയിരം ദിവ്യ വർഷങ്ങൾക്ക് ശേഷം ഒരു ദിവസം ശിഷ്യനരികിലെത്തിയ ഗുരുവിനെ ശിഷ്യൻ വിധിയാംവണ്ണം പൂജിച്ച് ഭക്ഷണവും നല്കിയ ശേഷം തൻറെ പരിചരണത്തിൽ തൃപ്തിയായോ എന്ന് ചോദിച്ച ശിഷ്യനോട്  ഗുരു ഇപ്രകാരം പറഞ്ഞു. "വിശക്കാത്തവനു നല്കുന്ന ഭക്ഷണത്താൽ അവനെ തൃപ്തനാക്കുക സാധ്യമല്ല.  വിശക്കുന്നവന് ഏതു ഭക്ഷണവും  മധുരം  നല്കും. മനുഷ്യൻ ഒരിടത്തും പാർക്കുന്നുമില്ല പുറപ്പെടുന്നുമില്ല. പഞ്ചഭൂതനിർമ്മിതമായ ശരീരം വേർപിരിഞ്ഞാൽ പിന്നെ അവൻ എന്നതില്ല.

ഏകം ഈശ്വരൻ.  ജീവാത്മാവും പരമാത്മാവും ഒന്നു തന്നെ. " ഇത്രയും പറഞ്ഞു ഋഭു യാത്രയായി.
വീണ്ടും ആയിരം സംവത്സരങ്ങൾക്ക് ശേഷം ഋഭു രാജാധാനിക്ക് പുറത്ത് വെച്ച് ശിഷ്യനെ കണ്ടുമുട്ടുകയും അപ്പോൾ ദൃശ്യമായ ഒരു സന്ദർഭത്തെ അടിസ്ഥാനമാക്കി അദ്വൈത സിദ്ധാന്തത്തിൻറെ അടിവേര് ശിഷ്യനെ ബോധവല്ക്കരിക്കുകയും ചെയ്തു.
ശരീരേന്ദ്രിയങ്ങളോടു പിരിഞ്ഞിരിക്കുന്ന ആത്മാവിന്റെ ഏകഭാവം ഗ്രഹിച്ച് മൽപ്രാണനും പരനുമൊന്നെന്ന വിശ്വാസമുറച്ച് നിദാഘൻ മോക്ഷം പ്രാപിച്ചു.

*

No comments:

Post a Comment