ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

8 January 2021

ചോറ്റാനിക്കര അമ്മയും യക്ഷിയും

ചോറ്റാനിക്കര അമ്മയും യക്ഷിയും

ചോറ്റാനിക്കരയ്ക്കടുത്തുള്ള കണ്ടാരപ്പള്ളി ഇല്ലത്തെ കാരണവരായിരുന്നു ഗുപ്തൻ നമ്പൂതിരി. വേദപണ്ഡിതനും മഹാമാന്ത്രികനുമായിരുന്നുഅദ്ദേഹം. ഒരു കഥകളിഭ്രാന്തൻ കൂടിയായിരുന്ന ഗുപ്തൻ നമ്പൂതിരി ഒരു ദിവസം വൈകീട്ട് അടുത്തുള്ള തൃപ്പൂണിത്തുറയിൽ കഥകളി കാണാൻ പോകുകയായിരുന്നു. അന്ന് ഇന്നത്തേപ്പോലെ റോഡുകളൊന്നുമുണ്ടായിരുന്നില്ല. അത്യന്തം ദുർഘടം പിടിച്ച വഴികളിലൂടെയാണ് പോകേണ്ടിയിരുന്നത്. അതിനാൽ, ചൂട്ട് കത്തിച്ചാണ് അദ്ദേഹം പുറപ്പെട്ടത്. പോകുന്ന വഴിയിൽ ഗുരുനാഥനായ കോശാപ്പിള്ളി നമ്പൂതിരിപ്പാടിനെ കണ്ട് ദേവീമാഹാത്മ്യം കൊടുക്കാനുമുണ്ടായിരുന്നു. അതിനാൽ, അദ്ദേഹത്തിന് തിരക്കിട്ട് പുറപ്പെടേണ്ടിവന്നു. അന്ന് പൗർണ്ണമിയായിരുന്നു. നടന്ന് ക്ഷീണം തോന്നിയ അദ്ദേഹം ഒരു പാലമരം കണ്ടപ്പോൾ അതിന്റെ ചുവട്ടിൽ വിശ്രമിയ്ക്കാനും വെറ്റില മുറുക്കാനും തീരുമാനിച്ചു. പെട്ടെന്ന് എവിടെനിന്നോ പാലപ്പൂവിന്റെ മണം ഒഴുകിവരാൻ തുടങ്ങി. തൊട്ടുപിന്നാലെ, അതീവസുന്ദരിയായ ഒരു സ്ത്രീ തന്റെ മുന്നിൽ വന്നുനിൽക്കുന്നതായി ഗുപ്തൻ നമ്പൂതിരിയ്ക്ക് തോന്നുകയും ചെയ്തു. മുമ്പിൽ വന്ന സ്ത്രീ താൻ വൈന്തലക്കോട്ട് വാരിയത്തെ കാമാക്ഷി വാരസ്യാരാണെന്ന് സ്വയം പരിചയപ്പെടുത്തി. പിന്നീട് ഇരുവരുമൊന്നിച്ച് പല വർത്തമാനങ്ങളും പറഞ്ഞ് ഒരുപാട് ദൂരം നടന്നു. അങ്ങനെ ഗുപ്തൻ നമ്പൂതിരിയും കാമാക്ഷി വാരസ്യാരും നടന്നുനടന്ന് കോശാപ്പിള്ളി മനയുടെ മുന്നിലെത്തി. മഹാമാന്ത്രികനായ കോശാപ്പിള്ളി നമ്പൂതിരി ശിഷ്യന്റെ വരവും കാത്ത് പൂമുഖത്തുണ്ടായിരുന്നു. ഗുപ്തൻ നമ്പൂതിരി ഉടനെത്തന്നെ അകത്തുപോയി ഗുരുനാഥനെ വണങ്ങി കൈവശമുണ്ടായിരുന്ന ദേവീമാഹാത്മ്യം അദ്ദേഹത്തിന് സമ്മാനിച്ചു. ഗ്രന്ഥം കൊടുത്തതിന് പിന്നാലെ കോശാപ്പിള്ളി നമ്പൂതിരി ശിഷ്യനോട് ഒരു കാര്യം പറഞ്ഞു:
വാരസ്യാരുടെ വേഷത്തിൽ കൂടെ വന്നിരിയ്ക്കുന്നത് ഒരു യക്ഷിയാണ്! ദേവീമാഹാത്മ്യഗ്രന്ഥം കൈവശമുണ്ടായിരുന്നതു കൊണ്ടാണ് ഇത്രയും നേരം യക്ഷിയുടെ ഉപദ്രവമില്ലാതിരുന്നത്. തുടർന്ന് പുറത്തുവന്ന് നോക്കുമ്പോൾ ഭീകരരൂപത്തിൽ യക്ഷി മുന്നിൽ നിൽക്കുന്നത് ഗുപ്തൻ നമ്പൂതിരി കണ്ടു. ഏറെ ഭയപ്പെട്ട അദ്ദേഹം ഗുരുവിന്റെ കാലിൽ വീണ് കരഞ്ഞു. കോശാപ്പിള്ളി നമ്പൂതിരി തന്റെ കൈവശമുണ്ടായിരുന്ന 12 മാന്ത്രികക്കല്ലുകൾ ശിഷ്യന് സമ്മാനിച്ചശേഷം ഇങ്ങനെ പറഞ്ഞു: 'ഇനി സാക്ഷാൽ ചോറ്റാനിക്കരയമ്മയ്ക്ക് മാത്രമേ നിന്നെ രക്ഷിയ്ക്കാനാകൂ. നേരേ ചോറ്റാനിക്കര ക്ഷേത്രത്തിലേയ്ക്ക് പുറപ്പെടുക. കഥകളി കാണാൻ പോകണ്ട. യക്ഷി അടുത്തെത്തുമ്പോൾ ഈ കല്ലുകൾ എടുത്ത് പുറകിലേയ്ക്കെറിയുക. അപ്പോൾ യക്ഷി സ്ഥലം വിടും.' തുടർന്ന് ഗുപ്തൻ നമ്പൂതിരി ചോറ്റാനിക്കര ക്ഷേത്രത്തിലേയ്ക്ക് ഓടാൻ തുടങ്ങി. പിന്നാലെ യക്ഷിയുമുണ്ട്. കല്ലുകൾ പന്ത്രണ്ടും ചോറ്റാനിക്കരയെത്തും മുമ്പേ തീർന്നു. എന്നാൽ, അധികം കഴിയും മുമ്പുതന്നെ ഗുപ്തൻ നമ്പൂതിരി ചോറ്റാനിക്കര ക്ഷേത്രത്തിന്റെ തെക്കേ നടയിലെത്തി. അപ്പോൾ സമയം ഏഴരവെളുപ്പ് കഴിഞ്ഞിരുന്നതിനാൽ, ക്ഷേത്രനട തുറന്നിരുന്നു. നിർമ്മാല്യവും അഭിഷേകവും മലർ നിവേദ്യവും കഴിഞ്ഞ സമയമായിരുന്നു അത്. കൈവശമുണ്ടായിരുന്ന തോർത്ത് പുറത്തെറിഞ്ഞ് ക്ഷേത്രത്തിലേയ്ക്ക് കടക്കാൻ നോക്കിയ ഗുപ്തൻ നമ്പൂതിരിയെ യക്ഷി പിടിച്ചുവലിയ്ക്കാൻ ശ്രമിച്ചു. അപ്പോൾ, ശ്രീലകത്തുനിന്ന് ചോറ്റാനിക്കരയമ്മ ഇറങ്ങിവന്ന് തന്റെ കയ്യിലെ വാളെടുത്ത് യക്ഷിയുടെ തലവെട്ടി തല തെക്കേക്കുളത്തിലെറിഞ്ഞു. ആ കുളം ഇന്നും 'രക്തക്കുളം' എന്നറിയപ്പെടുന്നു. ദേവിയുടെ ഉടയാടയിൽ ചോരപ്പാടുകൾ കണ്ട അന്നത്തെ മേൽശാന്തി, അയനിക്കാട്ട് നരസിംഹൻ നമ്പൂതിരി, ഉടയാട മാറ്റി വീണ്ടും അഭിഷേകം നടത്തി. ഇതിന്റെ സ്മരണയ്ക്ക് ഇന്നും ചോറ്റാനിക്കരയിൽ രാവിലെ അഭിഷേകവും നിവേദ്യവും കഴിഞ്ഞ് വീണ്ടും അഭിഷേകം നടത്തുന്നു. ദേവിയുടെ കൈകൊണ്ട് മോക്ഷം കിട്ടിയ യക്ഷി ഒരു ഉപദേവതയായി ക്ഷേത്രത്തിൽ കുടികൊള്ളുന്നു.

No comments:

Post a Comment