എന്താണ് ശാപങ്ങൾ, വിവിധ തരം ശാപങ്ങളും, പരിഹാരങ്ങളും
ക്ഷിപ്രകോപിയായ ദുര്‍വാസാവ് മഹര്‍ഷിയുടെ ശാപമൊക്കെ പുരാണങ്ങളിലെ അധ്യയങ്ങളായത് അങ്ങിനെയാണ്. ഇന്ന് കാലം മാറി. പക്ഷേ ശാപത്തെ ഭയക്കുന്നവര്‍ ഇന്നും നിരവധിയാണ്. ഇതുമായി ബന്ധപ്പെട്ട വിശ്വാസങ്ങളും അവിശ്വാസങ്ങളും പലതും സമൂഹത്തില്‍ നിലനില്‍ക്കുന്നു.
ചില വിശ്വാസപ്രമാണങ്ങള്‍ ഇങ്ങിനെയാണ്. ഒരു വ്യക്തിയുടെ ഇഷ്ടങ്ങള്‍ക്ക് അല്ലെങ്കില്‍ താല്പര്യങ്ങള്‍ക്ക് മറ്റൊരാള്‍ തടസ്സമാകുമ്പോഴുണ്ടാകുന്ന ദേഷ്യം, ദുഃഖം, നിരാശ എന്നിവയില്‍ നിന്നും ഉണ്ടാകുന്ന അഗ്‌നി ഒരു ശിക്ഷയെന്നവണ്ണം മറ്റേയാള്‍ക്ക് ദോഷകരമായി ഭവിക്കുന്നു. ജീവിത പ്രതിസന്ധിയുണ്ടാക്കുന്നു. മനസ്സിനെയും ശരീരത്തെയും കര്‍മ്മമേഖലയെയും എല്ലാം സാരമായി ബാധിക്കുന്നു.
ഏതൊരു ശാപത്തിനും ശാപമോക്ഷം അല്ലെങ്കില്‍ ശാപമോക്ഷമാര്‍ഗമുണ്ട്. സാത്വികരെ അല്ലെങ്കില്‍ ഈശ്വരാനുഗ്രഹമുള്ളവരെ ശപിച്ചാല്‍ ചില അവസരങ്ങളില്‍ തിരിച്ചടികളുണ്ടാകും. അവര്‍ക്കത് ഗുണകരമാവുകയും ചെയ്യും. ശപിക്കുന്ന സമയത്ത് നമ്മളിലുള്ള പോസിറ്റീവ് എനര്‍ജി പ്രാര്‍ത്ഥന അല്ലെങ്കില്‍ ഉപാസനശക്തി മുഖേന രൂപമാറ്റം സംഭവിച്ച് നെഗറ്റീവ് എനര്‍ജിയായി ആരെയാണോ ശപിക്കുന്നത് അയാള്‍ക്ക് ഏല്‍ക്കുന്നു. ഈശ്വരാധീനമില്ലാത്തവര്‍ അനാവശ്യമായി ശപിച്ചാല്‍ തിരിച്ചടി കിട്ടുന്നതാണ്.
ശാപം താപമായി പലരേയും ബാധിച്ചുകൊണ്ടിരിക്കുന്നു. അതിനെ നിസ്സാരമായി കണക്കാക്കരുത്. ശാപങ്ങളെ പ്രധാനമായും 10 ആയി തരം തിരിക്കാം.
👉 ബ്രാഹ്മണശാപം/ബ്രഹ്മഹത്യ ശാപം
👉 സ്ത്രീ ശാപം
👉 ക്രയ-വിക്രയ ശാപം
👉 ബാലശാപം
👉 സര്‍പ്പശാപം
👉 ദേവതാശാപം
👉 ജന്മാന്തര ബാധാശാപം
👉 തൊഴില്‍- അന്നം വഴിമുടക്കിയ ശാപം
👉 ഗോ-മാര്‍ജ്ജാരരക്ഷോബാധ ശാപം
👉 മാതൃ-പിതൃ ശാപം
ബ്രഹ്മഹത്യ ശാപം
ബ്രാഹ്മണന്‍ എന്നാല്‍ ജന്മംകൊണ്ടും കര്‍മ്മംകൊണ്ടും ബ്രഹ്മത്തെ അടുത്തറിഞ്ഞവരാണ്. ബ്രഹ്മം എന്നാല്‍ ഈശ്വരന്‍. ഈശ്വരനെ പൂജിക്കുന്നവര്‍ ദൈവത്തിന്റെ പ്രതിപുരുഷന്മാരും. 84 ലക്ഷം ജന്മം ജീവനുള്ള ഒരു വസ്തുവിനുണ്ടെങ്കില്‍ അതിന്റെ അവസാന ജന്മമാണ് ബ്രഹ്മണജന്മം. ബ്രഹ്മണജന്മം കഴിഞ്ഞാല്‍ ഭഗവത് പാദത്തില്‍ ചേരുക എന്നതാണ് യഥാര്‍ത്ഥ ബ്രാഹ്മണന്റെ ദൗത്യം.
അങ്ങനെയുള്ള ബ്രഹ്മണരുടെ മനസ്സിനെ വേദനിപ്പിക്കുന്ന സന്ദര്‍ഭങ്ങളിലാണ് ബ്രഹ്മണശാപമേല്‍ക്കുന്നത്. ബ്രഹ്മണശാപം മൂന്ന് തലമുറവരെ പിന്‍തുടരുമെന്നാണ് പഴമക്കാര്‍ പറയുന്നത്. എന്നാല്‍ അതിലും കഠിനമാണ് ബ്രാഹ്മഹത്യാ ശാപം.സാത്വികനായ ബ്രഹ്മണനെ അകാരണമായി വധിക്കുന്നത്. അത് ദുര്‍മരണമാണ്. 41 ദിവസത്തിനകം നാരായണ ബലിയെന്ന ക്രിയ ചെയ്തില്ലെങ്കില്‍ ബ്രഹ്മണന്റെ പ്രേതം ബ്രഹ്മരക്ഷസായി മാറും.
ഇത് ശക്തമായി കൊന്ന ആളിനേയും കൊല്ലിച്ചയാളിനേയും കുടുംബത്തേയും തുടര്‍ന്നുള്ള ഏഴ് തലമുറയേയും വേട്ടയാടും. കുടുംബം തകര്‍ക്കും. സ്വസ്ഥത നശിപ്പിക്കും.
ദേവപ്രീതിയിലുള്ള ശാപമോക്ഷം ഒരു പരിധിവരെ വരുത്താവുന്നതാണ്. ഗോദാനം, ഗോമൂല്യദാനം, ഭൂദാനം, കാലുകഴികിച്ചൂട്ട് ഇവ ബ്രാഹ്മണ ശാപത്തിന് പരിഹാരമാണ്.
സുദര്‍ശനഹോമം നടത്തി സ്വര്‍ണ്ണപ്രതിമയില്‍ ബ്രഹ്മരക്ഷസ്സിനെ ആവാഹിച്ച് ക്ഷേത്രസമര്‍പ്പണം ചെയ്യുക അല്ലെങ്കില്‍ പ്രതിഷ്ഠിക്കുക. ഗായത്രിഹോമം, ദാനം എന്നീ കര്‍മ്മങ്ങള്‍ ബ്രാഹ്മഹത്യാ പരിഹാര കര്‍മ്മങ്ങളാണ്. പ്രശ്നം ചിന്തിച്ചശേഷം മാത്രമേ പരിഹാരകര്‍മ്മം നിശ്ചയിക്കാവൂ.
സ്ത്രീശാപം
സ്ത്രീവധം, വിവാഹവാഗ്ദാനം നല്‍കി സ്ത്രീയെ വഞ്ചിക്കുക, സ്ത്രീകളുടെ മനസ്സ് നൊമ്പരപ്പെടുത്തുക, സ്ത്രീധനം വാങ്ങുക, സ്ത്രീയുടെ ഇഷ്ടമില്ലാതെ സ്ത്രീയെ സ്വന്തമാക്കുക ഇവയെല്ലാം സ്ത്രീശാപത്തിന് ഇടയാക്കും. സ്ത്രീശാപം കുടുംബത്ത് മറ്റ് വിവാഹപ്രായമെത്തിയവരുടെ വിവാഹത്തെയും വിവാഹം നടന്നാല്‍ ജീവിതത്തെയും വലയ്ക്കും. ഇത് കലികാലമാണ്. കുറ്റം ചെയ്തവര്‍ സമ്മതിക്കുന്നത് ചുരുക്കമാണ്.
വിവാഹതടസ്സം ഉണ്ടാവുക, സന്താനതടസ്സം ഉണ്ടാവുക, വിവാഹം കഴിഞ്ഞവര്‍ തമ്മില്‍ സ്വരച്ചേര്‍ച്ച ഇല്ലാതിരിക്കുക ഒന്നിലധികം വിവാഹം കഴിഞ്ഞിട്ടും ബന്ധം നിലനില്‍ക്കാതെ വേര്‍പിരിയുക, ഭര്‍ത്താവ് ജീവിച്ചിരുന്നിട്ടും വിരഹത അനുഭവിക്കുക ഇവയെല്ലാം സ്ത്രീശാപം മൂലം സംഭവിക്കാവുന്നതാണ്. സ്ത്രീശാപം സ്ത്രീ പ്രതിമയിലോ, വെള്ളിത്താലിയിലോ ആവാഹിച്ച് ക്ഷേത്രസമര്‍പ്പണം ചെയ്യുക. നിര്‍ധനയായ സ്ത്രീക്ക് നാരീപൂജ നടത്തി ഭോജനം, വസ്ത്രം, ദക്ഷിണ നല്‍കി തൃപ്തി വരുത്തുകവഴി സ്ത്രീശാപമോക്ഷം ലഭിക്കുന്നതാണ്.
ക്രയ-വിക്രയ ശാപം
പുരാതന കാലം മുതലേ ക്രയവിക്രയം അഥവാ എന്തെങ്കിലുമൊക്കെ വാങ്ങുക അല്ലെങ്കില്‍ വില്‍ക്കുകയെന്ന പതിവ് അനുവര്‍ത്തിച്ച് വരുന്ന ഒന്നാണ്. എല്ലാവരുമൊന്നും സത്യസന്ധരായിക്കൊള്ളണമെന്നില്ല. മനസ്സില്ലാ മനസ്സോടെ വാങ്ങുക, ബലപ്രയോഗത്തിലൂടെ വാങ്ങുക, യഥാര്‍ത്ഥ വില നല്‍കാതെ കബളിപ്പിച്ച് വാങ്ങുക, വാങ്ങുന്ന വസ്തുവിലുള്ള എന്തെങ്കിലും സ്വരൂപങ്ങള്‍ക്ക് വേണ്ടകാര്യങ്ങള്‍ ചെയ്യാതെ വില്‍ക്കുക/വില്‍ക്കാന്‍ ശ്രമിക്കുക ഇവയെല്ലാം ക്രയ-വിക്രയ ശാപത്തില്‍പ്പെടും.
ശാപമുണ്ടായാല്‍ തടസ്സങ്ങള്‍ വര്‍ദ്ധിക്കും. ശാപഭൂമിയില്‍ മറ്റാരു താമസിച്ചാലും സ്വസ്ഥത ഉണ്ടാകില്ല. കാര്യകാരണ സഹിതം കവടി താംബൂലപ്രശ്നം ചിന്തിച്ച് വേണ്ട പരിഹാരം കൃത്യമായ രീതിയില്‍ ചെയ്താല്‍ ക്രയ-വിക്രയ ശാപം പൂര്‍ണ്ണമായും തീരുന്നതാണ്.
ബാലശാപം
ബാലന്മാര്‍ അഥവാ കുട്ടികള്‍ ഈശ്വരന്റെ വരദാനമാണ്. ഉള്ളില്‍ കള്ളവും കളങ്കവും ഇല്ലാത്തവര്‍. ഇന്ന് സമൂഹത്തില്‍ കുട്ടികളുടെ നേര്‍ക്ക് പലതരത്തിലുള്ള തിന്മകള്‍ നടക്കുന്നുണ്ട്. ഭ്രൂണഹത്യ, കുട്ടികളെ അനാഥാലയത്തില്‍ ഉപേക്ഷിക്കുക, ബാലവേല ചെയ്യിക്കുക, ബാലഹത്യ, വേണ്ടവിധം കുട്ടികളെ പരിചരിക്കാതിരിക്കുക, കഠിനമായി ഉപദ്രവിക്കുക ഇവയെല്ലാം ബാലശാപത്തിന് വഴിയൊരുക്കുന്ന പ്രധാന ഘടകങ്ങളാണ്.
ബാലശാപം നിമിത്തം പല അനര്‍ത്ഥങ്ങളും ജീവിതത്തില്‍ ഉണ്ടാകാം. കുട്ടികള്‍ ജനിക്കാതിരിക്കുക, ജനിച്ച കുട്ടികള്‍ക്ക് വൈകല്യം ഉണ്ടാവുക, രോഗങ്ങള്‍ തുടരെത്തുടരെ വേട്ടയാടുക, മൊത്തത്തിലുള്ള തടസ്സങ്ങളും ഉണ്ടാവുക, ഇവ തീര്‍ത്തും നിവാരണയോഗ്യമായതാണ്. കുട്ടികള്‍ മരണപ്പെട്ട വിഷയം മഹാസുദര്‍ശന ഹോമത്തിങ്കല്‍ ആവാഹിച്ച് മാറ്റാം.
കുട്ടികളോട് കാട്ടിയ അനീതിമൂലമുള്ള ദോഷങ്ങളാണെങ്കില്‍ ദ്വാദശ നാമ മഹാവിഷ്ണു പൂജ നടത്തി 12 ബാല ബ്രാഹ്മണരെയോ 12 കുട്ടികളെയോ അന്നദാനം നടത്തി വസ്ത്ര ദക്ഷിണ സഹിതം തൃപ്തിപ്പെടുത്തിയാല്‍ മാറുന്നതാണ്. കഴിവതും കുട്ടികളോട് സൗമ്യമായി പെരുമാറുക. ദോഷങ്ങള്‍ വരാന്‍ എളുപ്പമാണ് മാറ്റാനാണ് പ്രയാസം.
സര്‍പ്പശാപം
പ്രശ്നങ്ങള്‍ ജീവിതത്തെ തകിടം മറിക്കുന്നു. ശാപങ്ങള്‍ ജീവിതത്തില്‍ പ്രതികൂലമായി ബാധിക്കുന്ന ധാരാളം സന്ദര്‍ഭങ്ങള്‍ ഉണ്ട്. ജാതകം ഗണിച്ചും കവടി പ്രശ്നം ചിന്തിച്ചും അവയ്ക്ക് യുക്തമായ പരിഹാരങ്ങളും കാണാം. ദോഷങ്ങളില്‍വച്ച് ഏറ്റവും ഗൗരവമേറിയത് സര്‍പ്പദോഷം/സര്‍പ്പശാപമാണ്. സര്‍പ്പങ്ങള്‍ എങ്ങനെയാണ് ശപിക്കുന്നതെന്ന് പലരും ചിന്തിക്കും.
അവരോട് കാണിക്കുന്ന മനുഷ്യത്വരഹിതമായ പ്രവര്‍ത്തനങ്ങള്‍ക്ക് മനസ്സില്‍നിന്നും ഉണ്ടാകുന്ന ദേഷ്യം നെഗറ്റീവായി പരിണമിച്ച് ശാപമായി ചെയ്തവര്‍ക്കുമേല്‍ പതിക്കുന്നു. മനുഷ്യന് മനസ്സുള്ളപോലെ സര്‍പ്പങ്ങള്‍ക്കും മനസ്സുണ്ട്. മനസ്സിനെ വ്രണപ്പെടുത്താതിരിക്കാന്‍ ശ്രദ്ധിക്കുക.
ഭൂമിയുടെ ആധിപത്യം തന്നെ നാഗങ്ങള്‍ക്കാണെന്ന് വിവിധ ഗ്രന്ഥങ്ങളില്‍ പറഞ്ഞിരിക്കുന്നു. ഭൂമിയില്‍ എന്ത് കാര്യങ്ങള്‍ ചെയ്യുമ്പോഴും വളരെയധികം ശ്രദ്ധിച്ചും പ്രശ്ന ചിന്തനത്തിന് ശേഷവും മാത്രമേ ചെയ്യാവൂ. സര്‍പ്പങ്ങള്‍ സന്താനങ്ങളേയും രോഗങ്ങളേയും പ്രതികൂലമായി ബാധിക്കും. സന്താനദുഃഖവും, ചര്‍മ്മരോഗങ്ങളും മാറിയില്ലെങ്കില്‍ ദൈവജ്ഞനെക്കൊണ്ട് പ്രശ്നം കണ്ടെത്തി പ്രായശ്ചിത്തം ചെയ്തതിനുശേഷം ചികിത്സിച്ചാല്‍ ശുഭഫലമാണ്ടാകും.
പരിശുദ്ധിയുടെ പ്രതീകങ്ങളാണ് സര്‍പ്പങ്ങള്‍. സര്‍പ്പക്കാവില്‍ വിസര്‍ജ്ജിക്കുക, തുപ്പുക, മലിന വസ്ത്രം നിക്ഷേപിക്കുക, കാവ് തീയിട്ട് നശിപ്പിക്കുക, കാവിലെ വൃക്ഷങ്ങള്‍ മുറിക്കുക, ഹീന പ്രവൃത്തികള്‍ ചെയ്യുക ഇതൊക്കെ അതികഠിനമായ സര്‍പ്പശാപങ്ങള്‍ക്ക് വഴിയൊരുക്കും. അബദ്ധവശാലെങ്കിലും ചെയ്തു പോയവരുണ്ടെങ്കില്‍ പരിഹാരം എത്രയും പെട്ടെന്ന് തന്നെ ചെയ്യുക.
ഒരു പരിധിവരെയുള്ള സര്‍പ്പശാപ ദോഷങ്ങള്‍ക്ക് സര്‍പ്പബലി ഉത്തമമാണ്. പണ്ട് കാവുള്ളതും നശിപ്പിക്കപ്പെട്ടതും ആണെങ്കില്‍ പ്രശ്നചിന്തനശേഷം കാവ് ഒഴിപ്പിച്ച് മാറ്റാവുന്നതാണ്.
ദേവതാശാപം
ദേവതാശാപം പലവഴി വരാം. കുടുംബദേവതാ ശാപം, വഴിപാട് ശാപം, വെച്ചാശ്രയശാപം, ആചരിച്ചുവന്ന ആചാരങ്ങളില്‍ ഭംഗം വന്നതുമൂലമുള്ള ശാപം, ദേവതാ ധനം അപഹരിച്ചതുമൂലമുള്ള ശാപം, ഇവയെല്ലാം ദേവതാശാപങ്ങളില്‍പ്പെടും. പൊതുവേ എല്ലാവര്‍ക്കും കുടുംബക്ഷേത്രങ്ങള്‍ ഉള്ളവരാണ്. നമ്മള്‍ക്ക് എന്തെങ്കിലും വിഷമങ്ങള്‍ ഉണ്ടെങ്കില്‍ അവരാല്‍ കഴിയുന്നതാണെങ്കില്‍ മാറ്റാനും മാറ്റുന്ന സ്ഥലം നിര്‍ദ്ദേശിക്കാനും ദോഷദുരിതങ്ങളുടെ ശക്തി കുറയ്ക്കാനും മാതൃവഴിയുള്ള ധര്‍മ്മതാ ക്ഷേത്രങ്ങളാണ് ഉത്തമം.
കുടുംബക്ഷേത്രങ്ങളില്‍ വര്‍ഷത്തിലൊരിക്കലെങ്കിലും ദര്‍ശ്ശനം നടത്തണം.അവനവന്റെ ശക്തിക്കൊക്കുന്ന പോലെയുള്ള വഴിപാട് സമര്‍പ്പണവും അത്യാവശ്യമാണ്. കുടുംബദേവതകള്‍ കൈവിട്ടാല്‍ രക്ഷയില്ല. കുടുംബദേവതാശാപത്തിന് മൂന്ന് വെറ്റില ഒരു പാക്ക് 11 കാല്‍ രൂപ ക്ഷേത്ര നടയില്‍ സമര്‍പ്പിച്ച് സമസ്താപരാധം പറഞ്ഞ് നമസ്‌കരിച്ച് എന്തു വഴിപാടാണോ നടത്തുന്നത് അതുതന്നെ വരാതിരുന്ന കാലം അഥവാ വര്‍ഷം എത്രയാണോ അത്ര എണ്ണത്തില്‍ അത് നടത്തി അത്രയും പ്രദക്ഷിണം വച്ച് പ്രാര്‍ത്ഥിച്ചു കഴിഞ്ഞാല്‍ കുടുംബദേവതാ ശാപത്തിന് ശമനം ഉണ്ടാകും.
ദേവന്റെ അല്ലെങ്കില്‍ ദേവിയുടെ ധനം എന്നാല്‍ ക്ഷേത്രകാര്യങ്ങള്‍ക്ക് ദേവീ ഭക്തജനങ്ങള്‍ നല്‍കുന്നതാണ്. അത് അപഹരിക്കുകയെന്നാല്‍ ഏഴ് ജന്മം കഴിഞ്ഞാലും പിന്‍തുടരുന്ന ശാപമാണ്. എടുത്ത ധനം തിരികെ നല്‍കുക പ്രായശ്ചിത്ത പരിഹാരക്രിയകള്‍ ചെയ്യുക. ദേവതമാരുടെ ശാപം വലിയ ശാപം തന്നെയാണ്. അവരുടെ സാന്നിധ്യ വൃക്ഷങ്ങള്‍ വെട്ടിയാലും അതുണ്ടാകും. ശാപനിവൃത്തി വരുത്തിയാല്‍ ശാന്തിയും സമാധാനവും കിട്ടുന്നതാണ്.
ജന്മാന്തര ബാധാശാപം
ജന്മം, പുനര്‍ജന്മം എന്നത് സത്യമാണ്. അത് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടുള്ളതാണ്. അമേരിക്കയില്‍ ഒരാളെ ഹിപ്നോട്ടൈസ് ചെയ്തപ്പോള്‍ അയാളുടെ ഏഴു ജന്മം പുറകോട്ടുള്ള കാര്യങ്ങള്‍ വെളിപ്പെട്ടിട്ടുണ്ട്. അപ്പോള്‍ ഒരാത്മാവിന് പലജന്മങ്ങള്‍ ഉണ്ടെന്ന് ഉറപ്പിക്കാം. പൂര്‍വ്വ ജന്മങ്ങളില്‍ അരുംകൊലകള്‍ നടത്തുക, ദുര്‍സ്വരൂപങ്ങളെ ഉപദ്രവിക്കുക, പൂര്‍വ്വ ജന്മത്തില്‍ ശത്രുകൃതങ്ങളായിരിക്കുന്ന ബാധകള്‍ കൂടെക്കൂടുക ഇവയെല്ലാം ശാപംപോലെ മൂന്ന് ജന്മങ്ങള്‍ വരെ പിന്‍തുടരാം.
കൂടാതെ ചില മഹാപാല കൃത്യങ്ങള്‍ ഏഴ് തലമുറയും ഏഴ് ജന്മവും ശാപമായി പിന്‍തുടരാറുണ്ട്. ഇതുമൂലം തടസ്സ വിഷയങ്ങളും മന്ദജീവിത പുരോഗതിയും ഉണ്ടാകാം. സൂക്ഷ്മവും വിശദവുമായ പ്രശ്ന ചിന്തയിലൂടെ മാത്രമേ ഇത് കണ്ടെത്തി ഏത് തരത്തിലാണോ ശാപമെന്ന് മനസ്സിലാക്കി യഥോചിതമായ ശാശ്വത പരിഹാരം ചെയ്യാനാവൂ. ബാധാശാപത്തിന് ശമനമുണ്ടായാല്‍ ക്ഷിപ്രമാത്രയില്‍തന്നെ ഗുണ അനുഭവങ്ങള്‍ കണ്ടുതുടങ്ങുന്നതാണ്.
തൊഴില്‍-വഴി അന്നം മുടക്കിയ ശാപം
ഒരു വ്യക്തിയുടെ ജീവിതത്തിന് അത്യാവശ്യ ഘടകങ്ങളാണ് തൊഴില്‍, വഴി, അന്നം/ആഹാരം. ഇവ ഏതെങ്കിലും വിധത്തില്‍ മുടക്കുന്നത് മഹാപരാധമാണ്. ഏറിയ പാപവും. കാരണവന്മാരോ, അവനവനോ ഇതില്‍ പങ്ക് വഹിച്ചിട്ടുണ്ടെങ്കില്‍ പിന്നീട് അവനോന് ഈ അവസ്ഥകള്‍ ഉണ്ടാകുന്നതായിരിക്കും. ഏതൊരു ശാപത്തിനും ശാപമോക്ഷമുണ്ട് എന്നതുപോലെ ഇതിനും ശാപമോക്ഷമുണ്ട്.
ഏതിനാണ് മുടക്കം വരുത്തിയതെന്ന് മനസ്സിലാക്കി കുറ്റബോധത്തോടെ ദോഷപരിഹാരം ചെയ്തെങ്കിലേ പ്രതിസന്ധി മാറുകയുള്ളൂ.കഴിവതും മുടക്കാതിരിക്കുക. മുടക്കിയത് പുനരുദ്ധാരണം ചെയ്യുക. പ്രായശ്ചിത്ത കര്‍മ്മങ്ങള്‍ ചെയ്യുക. കളങ്കമില്ലാത്ത മനസ്സുകളില്‍ നിന്നും വീഴുന്ന ഓരോ നൊമ്പരവും ആയിരമായിരം ശാപങ്ങള്‍ക്ക് തുല്യമാണ്. പ്രശ്നം ഉണ്ടാക്കിയിട്ട് പരിഹാരം തേടുന്നതിലും നല്ലത് പ്രശ്നമുണ്ടാകാതെ നോക്കുന്നതാണ്. വിധിപ്രകാരം ക്രിയ ചെയ്തില്ലെങ്കില്‍ ധനവും സമയവും നഷ്ടപ്പെടും. യാതൊരു ഫലവും ഉണ്ടാകുകയില്ല.
ഗോ-മാര്‍ജ്ജാര രക്ഷോബാധാശാപം
രക്ഷസുകളുടെ ഗണത്തില്‍പ്പെടുന്നവയാണ് ഗോ- മാര്‍ജ്ജാത രക്ഷസ്സ്. ഇവ വിഷ്ണു സങ്കല്‍പ്പത്തില്‍പ്പെടുന്നവയുമാണ്. ഇവയില്‍ത്തന്നെ അധമം (മോശം) ഉത്തമം (ശുഭം) എന്നിങ്ങനെ ഉണ്ട്. ഗോ (പശു), മാര്‍ജ്ജാരന്‍ (പൂച്ച) ഇവയ്ക്ക് അസാധാരണമായ രീതിയില്‍ മരണം സംഭവിച്ച് കഴിഞ്ഞാല്‍ പരിഹാരം ചെയ്താല്‍ ഉത്തമമായും പരിഹാരം ചെയ്തില്ലാ എങ്കില്‍ അധമമായും മാറുന്നതാണ്. അധമമാണ് വിഷമങ്ങള്‍ ഉണ്ടാക്കുന്നത്. ഇത് പല ജീവിതഘട്ടങ്ങളിലും പിടിച്ചുലയ്ക്കും.
കലഹങ്ങളും കഷ്ടപ്പാടുകളും ഐശ്വര്യമില്ലായ്മയും ഉണ്ടാകാനിടയുണ്ട്. ഇതിനെ ഹത്യ ചെയ്യുക അല്ലെങ്കില്‍ കൊല്ലുക; കൈയ്യബന്ധമായാല്‍ കൂടി തെറ്റാണ്. ഓരോ ജീവിക്കും ജീവിക്കാനുള്ള അവകാശമാണ്; നാം അതിലൂടെ തടസ്സപ്പെടുത്തുന്നത്. അത് വിപരീതമായി കര്‍മ്മമേഖലയേയും മറ്റും ബാധിക്കുന്നതാണ്. ഇതിന് പരിഹാരമായി വിഷ്ണുപൂജ നടത്തി ഗോരക്ഷസ്സിനെ ഗോവത്സ പ്രതിമയിലും മാര്‍ജ്ജാര രക്ഷസ്സിനെ മാര്‍ജ്ജാര പ്രതിമയിലും ആവാഹിച്ച് മാറ്റി ദുരിതശാന്തി വരുത്താവുന്നതാണ്.
മാതൃ, പിതൃ ശാപം
എന്ത് തെറ്റ് ചെയ്താലും അച്ഛനും അമ്മയും നമ്മോട് പൊറുക്കും എന്നൊരു വിചാരം മിക്കവര്‍ക്കുമുണ്ട്. അതിനുദാഹരണമാണ് നിത്യവും മാധ്യമങ്ങളില്‍ക്കൂടി മാതാവിനോടും പിതാവിനോടുമുള്ള മക്കളുടെയും കൊച്ചുമക്കളുടെയും ഹീനമായ പെരുമാറ്റങ്ങളുടെ വാര്‍ത്തകള്‍. ഒരു പരിധിവരെ അവര്‍ ക്ഷമിക്കുമെങ്കിലും പരിധി കഴിഞ്ഞാല്‍ അവരുടെ ഹൃദയത്തില്‍ നിന്ന് ഒഴുകിവരുന്ന കണ്ണുനീര്‍ മാത്രം മതി ശാപം ഉണ്ടാകുവാന്‍. അവനവന്‍ എത്രമാത്രം വളര്‍ന്നാലും അച്ഛനമ്മമാര്‍ക്ക് മക്കളല്ലാതാകുന്നില്ല.
ദൈവത്തിന്റെ അടുത്തു നില്‍ക്കുന്നവരായാണ് മഹത്ഗ്രന്ഥങ്ങളില്‍ പോലും ഉത്തമരായ മാതാപിതാക്കളെക്കുറിച്ച് പരാമര്‍ശിച്ചിട്ടുള്ളത്. അവരുടെ ഇഷ്ടങ്ങള്‍ സാധിച്ചുകൊടുക്കുക എന്നതാണ് മക്കളുടെ ധര്‍മ്മം. പ്രത്യാഘാതങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ ഇനിയെങ്കിലും മനസ്സ് വേദനിപ്പിക്കാതിരിക്കാന്‍ ശ്രദ്ധിക്കുക.
ചെയ്തുപോയെങ്കില്‍ പരിഹാരമായി അച്ഛനും അമ്മയും ജീവിച്ചിരിക്കുന്നവരാണെങ്കില്‍ 101 പ്രാവശ്യം ജലാശയത്തില്‍ മുങ്ങി ഈറനോടെ വന്ന് 101 പ്രാവശ്യം അവരുടെ കാലുകഴുകിച്ച് ഏത്തമിട്ട് നവധാന്യങ്ങളും മറ്റ് ദ്രവ്യവും വസ്ത്രവും ദക്ഷിണയും സമര്‍പ്പിക്കുക. ശേഷം മൂന്ന് അനാഥ വൃദ്ധര്‍ക്ക് അന്നദാനവും നടത്തുക. പറ്റുന്നില്ല മരിച്ചുപോയിട്ടുള്ളവരാണെങ്കില്‍ മഹാവിഷ്ണു സങ്കല്‍പ്പത്തിലുള്ള ഹോമമായ തിലഹവനം ശ്രേഷ്ഠമായ രീതിയില്‍ നടത്തി അവരെ സങ്കല്‍പ്പിച്ച് പ്രതിമയുണ്ടാക്കി ഉത്തമനായ കര്‍മ്മിയെക്കൊണ്ട് വേദമന്ത്രങ്ങള്‍ വിധിപ്രകാരം ഉരുക്കഴിഞ്ഞ് 10001-ല്‍ കുറയാതെ ശാന്തി കര്‍മ്മങ്ങള്‍ നടത്തണം. ഏഴ് ബ്രാഹ്മണര്‍ക്ക് ഭോജനവും ദക്ഷിണവും സമര്‍പ്പിക്കണം. ശേഷം ശാപമോക്ഷം സിദ്ധിക്കുന്നതാണ്.
No comments:
Post a Comment